മനുഷ്യന്‍ ആര് എന്ന ചോദ്യത്തിന് നിരന്തരം ഉത്തരം തേടുന്നവനാണ് മനുഷ്യന്‍. ഓരോ കാലഘട്ടത്തിലും ഈ ചോദ്യത്തിന് പലരും ഉത്തരങ്ങള്‍ നല്‍കിയിട്ടുണ്ട്. പരിണാമസിദ്ധാന്തവും സാമൂഹികസിദ്ധാന്തവും സാമ്പത്തികസിദ്ധാന്തവുമെല്ലാം ഈ ചോദ്യത്തിന് ഉത്തരം നല്‍കുന്നുണ്ട്. നാലു പാതകള്‍ സന്ധിക്കുന്ന ഒന്നാണ് മനുഷ്യന്‍. പ്രഥമ മാര്‍ഗ്ഗം പദാര്‍ത്ഥത്തിന്‍റെതാണ്. മനുഷ്യന്‍ ഒരു ഭൗതികപദാര്‍ത്ഥം മാത്രമാണെന്ന് യുക്തിവാദികള്‍ പറഞ്ഞുവച്ചു. മറ്റു മൃഗങ്ങളെപ്പോലെ തിന്നുകൊഴുത്തു ജീവിക്കുന്ന മൃഗം മാത്രമായി മനുഷ്യനെ ഒതുക്കി നിരീശ്വരചിന്തകളും യുക്തിവാദി പ്രസ്ഥാനങ്ങളുമെല്ലാം ഈ ചിന്താധാര മുറുകെപിടിക്കുന്നവരാണ്. രണ്ടാമത്തെ ചിന്ത പ്രകാരം പദാര്‍ത്ഥത്തിനും മനസ്സിനുമിടയ്ക്കുള്ള ദ്വന്ദ്വഭാവമാണ് മനുഷ്യന്‍. അല്പം കൂടി ആഴമായ അര്‍ത്ഥത്തില്‍ മനുഷ്യനെ കാണുന്ന ഒരു സിദ്ധാന്തമാണിത്. മൂന്നാമത്തെ കാഴ്ചപ്പാടില്‍ പദാര്‍ത്ഥവും മനസ്സും ആത്മാവും കൂടി നിറഞ്ഞവനാണ് മനുഷ്യന്‍. ഇവിടെയാണ് മനുഷ്യനെ പൂര്‍ണ്ണമായി അവതരിപ്പിക്കുന്ന നിലപാട് നാം കാണുന്നത്. മനുഷ്യന്‍റെ ചിന്താധാരകളെയും വിലയിരുത്തലുകളെയും ഉള്‍ക്കൊള്ളുന്ന ഒരവസ്ഥയാണിത്? ഇതാണ് മനുഷ്യനെക്കുറിച്ചുള്ള കാഴ്ചപ്പാടിന്‍റെ മനോഹരഭാവം. മറ്റൊരു കൂട്ടര്‍ മനുഷ്യനെ വിശുദ്ധമായ ശൂന്യതയായി വിലയിരുത്തി. ഇവിടെ മനുഷ്യന്‍ ഒന്നുമല്ല. ഉള്ളി പൊളിക്കുന്നതുപോലെയാണ് മനുഷ്യന്‍. അവന്‍റേതായതൊന്നുമില്ല.
ആഴമായി നാം ധ്യാനിക്കുമ്പോള്‍ മനുഷ്യനെ യഥാര്‍ത്ഥ മനുഷ്യനാക്കിത്തീര്‍ക്കുന്ന നാലു ഘടകങ്ങളെ നാം കണ്ടെത്തും. ഒന്നാമതായി മനുഷ്യനെ രൂപാന്തരപ്പെടുത്തുന്ന ഘടകം ഗുരുഭൂതന്മാരാണ്. ഗുരുക്കന്മാരില്‍ നിന്നും പഠിക്കുന്ന പാഠങ്ങള്‍ വലുതാണ്. മറഞ്ഞിരിക്കുന്നതിനെ വെളിച്ചത്തുകൊണ്ടുവരുന്നവരാണ് ഗുരുക്കന്മാര്‍. അവരുടെ പഠനങ്ങളും ചിന്താധാരകളുമെല്ലാം നമ്മിലേക്ക് പകര്‍ന്നു നല്കുകയാണ് ചെയ്യുന്നത്. നല്ല ഗുരുക്കന്മാരെ ലഭിക്കുന്നവര്‍ വലിയവരായി വളരും. നല്ല സ്ഥാനങ്ങളിലെത്തിയ പലരും ഗുരുസാമീപ്യത്തെക്കുറിച്ചു പറയാറുണ്ട്. പിഞ്ചുമനസ്സുകളില്‍ നല്ല ചിന്തകള്‍ ചാലിച്ചു ചേര്‍ത്ത ഗുരുക്കന്മാര്‍ ദൈവതുല്യരാണ്. മോശമായ കാര്യങ്ങള്‍ പറഞ്ഞു വിദ്യാര്‍ത്ഥിലോകത്തെ വഞ്ചിക്കുന്ന ഗുരുക്കന്മാരെയും നാം കാണാറുണ്ട്. ഈശ്വരചൈതന്യം പേറുന്ന ഗുരുഭൂതര്‍ നമ്മുടെ കാഴ്ചപ്പാടുകളെ സ്വാധീനിക്കും.
രണ്ടാമതായി നമ്മെ സ്വാധീനിക്കുന്നത് നമ്മുടെ സുഹൃത്തുക്കളാണ്. ദുഷിച്ച സുഹൃത്തുക്കളെ ലഭിക്കുന്ന മനുഷ്യന്‍ ഹതഭാഗ്യനാണ്. നന്നായി വളര്‍ന്നുവന്നവര്‍ മോശമായ സൗഹൃദങ്ങളില്‍പ്പെട്ടു തകര്‍ന്നതായി കാണാറുണ്ട്. മോഷണത്തിനും പിടിച്ചുപറിക്കുമെല്ലാം കൂട്ടുകൂടി പോയി പെട്ടുപോകുന്നവരെ നമുക്കറിയാം. അഴുകിത്തുടങ്ങിയ നാലു തക്കാളിപ്പഴങ്ങള്‍ക്കിടയില്‍ ഒരു നല്ല തക്കാളി വെച്ചാല്‍ അതും അഴുകിപ്പോകും. ഒരു നല്ല തക്കാളിക്ക് അഴുകിയതിനെ നല്ലതാക്കാനാവില്ല. എന്നാല്‍ ചീഞ്ഞുതുടങ്ങിയ തക്കാളിപ്പഴത്തിന് നല്ലതിനെ നശിപ്പിക്കാനാവും. നമ്മുടെ സൗഹൃദങ്ങളുമിങ്ങനെയാണ്. സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നതില്‍ നിതാന്തജാഗ്രത പുലര്‍ത്തുക.
മനുഷ്യസ്വഭാവത്തെ സ്വാധീനിക്കുന്ന മൂന്നാമത്തെ ഘടകം സ്വയാര്‍ജ്ജിത കാര്യങ്ങളാണ്. എന്‍റെ വായനകള്‍, എന്‍റെ ചിന്തകള്‍, എന്‍റെ തിരഞ്ഞെടുപ്പുകള്‍ എന്നിവയെ ശ്രദ്ധിക്കണം. ഞാന്‍ സ്വയം തിരഞ്ഞെടുക്കുന്ന വഴികള്‍ തിന്മയിലേക്ക് നയിക്കുന്നതാവാം. മദ്യപാനം, പുകവലി, ജഡികാസക്തികള്‍, ദ്രവ്യാസക്തി, തഴക്കദോഷങ്ങള്‍ എന്നിവ സ്വയം ആര്‍ജ്ജിക്കുന്നവയാണ്. ചെറിയ തഴക്കദോഷങ്ങളില്‍ വീഴുമ്പോള്‍ തന്നെ അവയില്‍ നിന്നും ഒഴിഞ്ഞുമാറുവാന്‍ പരിശ്രമിക്കണം.
നാലാമതായി നമ്മെ സ്വാധീനിക്കുന്ന ഘടകം കാലമാണ്. ജീവിതയാത്രയിലെ വിവിധകാലങ്ങളില്‍ വ്യത്യസ്തങ്ങളായ അനുഭവങ്ങള്‍ നമുക്കുണ്ടാവാം. ബാല്യകാലത്തിലെ ഞാനല്ല യുവത്വത്തില്‍, യുവത്വത്തിലെ ഞാനല്ല വാര്‍ദ്ധക്യത്തില്‍. പ്രകൃതിയും മനുഷ്യനും ചേര്‍ന്ന് ഓരോ കാലഘട്ടത്തില്‍ പ്രത്യേകപാഠങ്ങള്‍ നമ്മെ പഠിപ്പിക്കും. ഇതില്‍ നിന്നെല്ലാം സന്ദേശങ്ങള്‍ ഉള്‍ക്കൊണ്ടു ജീവിക്കുന്നവരാണ് വിവേകമുള്ള മനുഷ്യന്‍. ദൈവത്തിന്‍റെ അനുഗ്രഹവും മനുഷ്യന്‍റെ പ്രയത്നവും ചേര്‍ത്തുവച്ച് യാത്രാകുമ്പോള്‍ നന്മ നിറഞ്ഞ വ്യക്തിത്വങ്ങള്‍ രൂപംകൊള്ളും. ആയിരിക്കുന്ന അവസ്ഥയില്‍നിന്നും ആയിത്തീരേണ്ട അവസ്ഥയിലേക്കുള്ള പ്രയാണത്തില്‍ ശ്രദ്ധയുള്ളവരായി ജീവിക്കാം.
ഇപ്രകാരം ശേഖരിക്കുന്നതെല്ലാം ഹൃദയത്തില്‍ സൂക്ഷിക്കുന്നവരാണ് നമ്മള്‍, ശാന്തശീലവും വിനീതഹൃദയവും നാം വളര്‍ത്തിയെടുക്കണം. ഹൃദയവിശുദ്ധിയോടെ നാം ജീവിക്കുമ്പോള്‍ നമ്മുടെ ചുറ്റുപാടുകളില്‍ ദൈവത്തെ കാണും. കുത്തുന്നവരിലേക്ക് രക്തവും വെള്ളവും ഒഴുക്കുന്ന സ്നേഹത്തിന്‍റെ ഹൃദയമുള്ളവരായി മാറുന്ന മനുഷ്യരെ നാം കാണാറുണ്ട്. ആ അവസ്ഥയിലെത്തുന്നത് തീവ്രമായ പരിശ്രമവും നിതാന്തജാഗ്രതയും വഴിയാണ്. ഹൃദയമുള്ള നല്ല മനുഷ്യരായി ജീവിക്കാന്‍ നമുക്കു കഴിയട്ടെ.