news-details
മറ്റുലേഖനങ്ങൾ

ശാന്തിദൂതുമായൊരു മാരത്തോണ്‍

നൈല്‍ നദീതടങ്ങളില്‍ നിന്ന് വടക്കന്‍ കെനിയയിലേക്കും കിഴക്കന്‍ ഉഗാണ്ടയിലേക്കും തെക്കന്‍ എത്യോപ്യയിലേക്കുമൊക്കെ കുടിയേറിപ്പാര്‍ത്ത ആദിവാസി വംശജരായിരുന്നു പോകോട്ടുകള്‍. കെനിയയില്‍ പടിഞ്ഞാറന്‍ പോകോട്ട് പ്രവിശ്യയിലെ കാപ്‌സെയിറ്റ് ഗ്രാമത്തില്‍, പൊകോട്ട് വംശജരായ മാതാപിതാക്കളുടെ മകളായി 1973 മെയ് 9 നാണ് റ്റെഗ്—ല ലൊറോപ് (Tegla Loroupe) പിറന്നത്. പൊകോട്ടുകള്‍ക്ക് ബഹുഭാര്യാത്വം നിഷിദ്ധമല്ലായി രുന്നു. അവളുടെ അച്ഛന് നാലു ഭാര്യമാരാണുണ്ടായിരുന്നത്. അങ്ങനെ, 24 സഹോദരങ്ങള്‍ക്കൊപ്പമായിരുന്നു അവളുടെ ബാല്യ കൗമാരങ്ങള്‍. സാമ്പത്തിക ഞെരുക്കം ആ കുടുംബത്തെ വല്ലാതെ അലട്ടിയിരുന്നു. പാടത്ത് പണിയെടുത്തും കന്നുകാലികളെ മേയ്ച്ചും ഇളയ സഹോദരങ്ങളെ പരിപാലിച്ചുമൊക്കെ ലൊറോപിന്റെ ബാല്യം കടന്നുപോയി.

ആറു വയസ്സായതോടെ ആ പ്രദേശത്തെ ഏക വിദ്യാലയമായ കാപ്‌സെയിറ്റ് എലിമെന്ററി സ്‌കൂളില്‍ അവളെ ചേര്‍ത്തു. വീട്ടില്‍ നിന്ന് പത്തു കിലോമീറ്റര്‍ അകലെയായിരുന്നു സ്‌കൂള്‍. ക്ലാസ്സില്‍ വൈകിയെത്തിയാല്‍ തല്ലുകിട്ടും. സമയത്തെത്തണ മെങ്കില്‍ ഓടുകയല്ലാതെ മറ്റെന്തു നിവൃത്തി? അങ്ങനെ, എന്നും പത്തും പത്തും ഇരുപതുകിലോ മീറ്റര്‍ ദൂരം അവള്‍ ഓടാന്‍ തുടങ്ങി. കുന്നും മലയും നിറഞ്ഞ കാപ്‌സെയിറ്റിന്റെ നാട്ടുവഴികളിലൂടെ ഭാരമേറിയ ബാഗും തൂക്കിയുള്ള ആ ഓട്ടം ഒട്ടും ലളിതമായിരുന്നില്ല. എങ്കിലും മറ്റൊരുതരത്തില്‍ അത് ഗുണം ചെയ്തു. തന്റെയുള്ളില്‍ ഒരു കായികപ്രതിഭയുണ്ടെന്ന് അവള്‍ക്ക് മനസ്സിലായി. വൈകാതെ സ്‌കൂളിലെ ദീര്‍ഘദൂര ഓട്ടമത്സരങ്ങളില്‍ അവള്‍ പങ്കെടുക്കാനാരംഭിച്ചു. ഉയര്‍ന്ന ക്ലാസ്സുകളിലെ കുട്ടികള്‍ പോലും ട്രാക്കില്‍ അവളെ പരാജയപ്പെടുത്താനാവാതെ വിയര്‍ത്തു. 800 മീറ്ററിലും 1500 മീറ്ററിലും അവള്‍ തന്നെയായിരുന്നു എന്നും ഒന്നാമത്. തന്റെ ഇടം ട്രാക്കാണെന്ന് അവള്‍ തിരിച്ചറിയുകയായിരുന്നു.

ഒരു വലിയ ഓട്ടക്കാരിയായി അറിയപ്പെടാന്‍ അവള്‍ ആഗ്രഹിച്ചെങ്കിലും അമ്മയൊഴികെ ആരും അവള്‍ക്ക് പിന്തുണ നല്‍കിയില്ല. പഠിക്കാന്‍ അത്ര മിടുക്കിയൊന്നുമായിരുന്നില്ല അവള്‍. ''പിള്ളേരെ വളര്‍ത്തി വീട്ടിലിരിക്കാനല്ലാതെ നിന്നെ എന്തിനു കൊള്ളാം'' എന്ന നിലപാടായിരുന്നു  അച്ഛന്. എങ്കിലും തന്റെ സ്വപ്നത്തെ പിന്തുടര്‍ന്നോടാന്‍ തന്നെയായിരുന്നു അവളുടെ തീരുമാനം. ''വളരെ കഠിനമായിരുന്നു ഞാന്‍ വളര്‍ന്ന സാഹചര്യം. കന്നുകാലിവളര്‍ത്തലായിരുന്നു ഞങ്ങളുടെ കുലത്തൊഴില്‍. ഗോത്രങ്ങള്‍ തമ്മിലുള്ള കലഹങ്ങളും കന്നുകാലി മോഷണത്തെത്തുടര്‍ ന്നുള്ള പ്രശ്‌നങ്ങളുമൊക്കെ നിത്യസംഭവമായിരുന്നു, അവിടെ. അതിനിടയില്‍ നിന്ന് പുറത്തുകടക്കല്‍ വലിയ ബുദ്ധിമുട്ടുതന്നെയായിരുന്നു, പ്രത്യേകിച്ച് എന്നെപ്പോലെ ഒരു നാടന്‍പെണ്ണിനെ സംബന്ധിച്ചിടത്തോളം.'' പിന്നീടൊരിക്കല്‍ അവള്‍ പറഞ്ഞു.

സ്‌കൂള്‍ തലത്തില്‍ നിരവധി വിജയങ്ങള്‍ കൊയ്‌തെങ്കിലും, നീണ്ടുകൊലുന്നനെ, ഒട്ടും ആരോഗ്യം തോന്നിക്കാത്ത ആദിവാസിപ്പെണ്ണിനെ ഒരു കായികതാരമായി അഗീകരിക്കാന്‍ കെനിയന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ - അത്‌ലെറ്റിക്‌സ് കെനിയ ആദ്യമൊന്നും തയ്യാറായതേയില്ല. എന്നാല്‍ 1988ലെ ക്രോസ് കണ്‍ട്രി ഓട്ടമത്സരത്തില്‍ നഗ്‌നപാദയായി ഓടി, ശ്രദ്ധേയമായ വിജയം നേടിയതോടെ കഥ മാറി. അന്താരാഷ്ട്ര മത്സരങ്ങള്‍ ലക്ഷ്യമിട്ട് ലൊറോപിന് പരിശീലനം നല്‍കാന്‍ അത്‌ലെറ്റിക്‌സ് കെനിയ തയ്യാറായി. 1989 വരെ റണ്ണിംഗ് ഷൂസ് ധരിക്കാതെയായിരുന്നു അവള്‍ ഓടിയിരുന്നത്. ഷൂ വാങ്ങാനുള്ള നിവൃത്തിയില്ലായിരുന്നതുതന്നെ കാരണം.

ആ വര്‍ഷം തന്നെ ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് അത്‌ലെറ്റിക്‌സ് ഫെഡറേഷന്റെ (IAAF) വേള്‍ഡ് ജൂനിയര്‍ ക്രോസ് കണ്‍ട്രി മത്സരത്തില്‍ മാറ്റുരച്ചെങ്കിലും 28-ാം സ്ഥാനത്തേ എത്താനായുള്ളു. എങ്കിലും, നിരാശയാവാതെ അവള്‍ തന്റെ പരിശീലനം തുടര്‍ന്നു. തൊട്ടടുത്തവര്‍ഷം നടന്ന മത്സരത്തില്‍ 16ആം സ്ഥാനത്തെത്താനായി. 1994ലും 98ലും നടന്ന ഗുഡ്—വില്‍ ഗെയിംസുകളില്‍ ചരിത്രം വഴിമാറി.  10,000 മീറ്റര്‍ ഇനത്തില്‍ നഗ്‌നപാദയായി ഓടി സ്വര്‍ണ്ണം നേടിക്കൊണ്ട് ലൊറോപ് ലോകശ്രദ്ധ നേടി. 95 ലും 99 ലും IAAF വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലമെഡല്‍ നേടാനും അവള്‍ക്കായി.

1994ല്‍ ന്യൂയോര്‍ക്കില്‍ നടന്ന ലോക മാരത്തോണ്‍ മത്സരം അവളുടെ ചരിത്രക്കുതി പ്പിനുതന്നെ വേദിയായി. ലോക ചാമ്പ്യന്മാരോട് മത്സരിച്ചാണ് അവള്‍ സ്വര്‍ണ്ണമെഡലില്‍ മുത്തമിട്ടത്. തൊട്ടടുത്തവര്‍ഷവും ചരിത്രം ആവര്‍ത്തിച്ചു. ആദ്യമായി ലോക മാരത്തോണ്‍ ചാമ്പ്യന്‍ഷിപ് നേടിയ ആ കറുത്തവര്‍ഗക്കാരി കെനിയയിലെ യുവാക്കളുടെ റോള്‍ മോഡലായി മാറുകയായിരുന്നു. തുടര്‍ന്ന് റോട്ടര്‍ഡാം, ലണ്ടന്‍, റോം, ഹോങ്‌കോങ്ങ്, ബോസ്റ്റണ്‍,  ബെര്‍ലിന്‍ മാരത്തോണുകളില്‍ ലൊറോപിന്റെ അസാമാന്യമായ വിജയക്കുതിപ്പുകള്‍ക്ക് കായികലോകം സാക്ഷിയായി. നിരവധി ഹാഫ് മാരത്തോണ്‍ കിരീടങ്ങളും അവള്‍ക്ക് സ്വന്തമായി. 20, 25, 30 കിലോമീറ്റര്‍ ഓട്ടമത്സരങ്ങളില്‍ ലോകറെക്കോര്‍ ഡോടെ ചാമ്പ്യന്‍ഷിപ് നേടാനും ലൊറോപിന് കഴിഞ്ഞു.

2006ല്‍ ഐക്യരാഷ്ട്ര സഭയുടെ കായിക സ്ഥാനപതിയായി അവളെ തെരഞ്ഞെടുത്തു. ഇതുകൂടാതെ IAAF ന്റെയും unicef ന്റെയും അന്തര്‍ദ്ദേശീയ കായിക സ്ഥാനപതിയായി,  റ്റെഗ്—ല ലൊറോപ്.

ബാലിയിലെ ബോംബാക്രമണത്തെത്തുടര്‍ന്ന് 2002ല്‍ ഇന്‍ഡോനേഷ്യയില്‍ നടന്ന ചാരിറ്റി റേസില്‍ പങ്കെടുക്കുമ്പോഴാണ് ലൊറോപിന്റെയുള്ളില്‍ ചില പുതുചിന്തകളുടെ മുളപൊട്ടിയത്. കായികവിനോദങ്ങള്‍ക്ക് നാനാതരത്തിലുമുള്ള മനുഷ്യരെ മതരാഷ്ട്രീയങ്ങള്‍ക്കതീതമായി ഒന്നിപ്പിക്കാനാവുമെന്ന് അവള്‍ക്ക് മനസ്സിലായി. തൊട്ടടുത്ത വര്‍ഷം മൊറോക്കോയിലും ഇതുപോലൊരു സമാധാന ദൗത്യത്തില്‍ പങ്കാളിയാവാന്‍ അവള്‍ക്ക് അവസരമുണ്ടായി. സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തിക്കൊണ്ട് 2003 മെയ് മാസത്തില്‍ മൊറോക്കൊയില്‍ നടന്ന കൂട്ടയോട്ട ത്തില്‍ പതിനായിരത്തിലേറെ പേരാണ് പങ്കെടുത്തത്. കാസ ബ്ലാന്‍കാ തെരുവീഥികള്‍ മുമ്പെങ്ങുമില്ലാത്ത വിധം നിറഞ്ഞുകവിഞ്ഞു. കൂട്ടയോട്ടത്തെ ത്തുടര്‍ന്ന് അക്രമികള്‍ ലൊറോപ് ഉള്‍പ്പെടെയുള്ളവര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ ബോംബാക്രമണം നടത്തി. തൊട്ടുമുമ്പ് ഹോട്ടല്‍ റൂം ഒഴിഞ്ഞ് പുറത്തിറങ്ങിയതുകൊണ്ടുമാത്രമാണ് രക്ഷപെടാ നായത്. ലോകം മുഴുവന്‍ ആ കൂട്ടയോട്ടവും അതിന്റെ ലക്ഷ്യവും തുടര്‍സംഭവങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു.

ഗോത്രങ്ങള്‍ ഗോത്രങ്ങളോട് കലഹിച്ച്, രക്തച്ചൊരിച്ചില്‍ നിരന്തരവാര്‍ത്തയായ തന്റെ നാട്ടില്‍ ഇതുപോലൊരു സമാധാന ശ്രമം നടത്തിയാലെന്ത് എന്ന് അവളാലോചിച്ചു. ട്രാക്കിലെ നേട്ടങ്ങളിലൂടെ താന്‍ നേടിയ പ്രശസ്തിയും ആദരവും സ്വീകാര്യതയും ഉന്നതബന്ധങ്ങളു മൊക്കെ സബ് സഹാറന്‍ മേഖലയിലെ സമാധാന സംസ്ഥാപനത്തിനായി വിനിയോഗിക്കാന്‍ തന്നെ അവള്‍ തീരുമാനിച്ചു. അങ്ങനെയാണ് 2003 ല്‍ Peace through Sports എന്ന മുദ്രാവാക്യവുമായി 'റ്റെഗ്—ല ലൊറോപ് പീസ് ഫൗണ്ടേഷന്‍' രൂപം കൊള്ളുന്നത്. വാഗതീതമായ സമാധാന ശ്രമങ്ങളും മാറ്റങ്ങളുമാണ് കെനിയന്‍, സബ്‌സഹാറന്‍ മേഖലകളില്‍ ഇതെത്തുടര്‍ന്നുണ്ടായത്.

ആ വര്‍ഷം തന്നെ  റ്റെഗ്—ല ലൊറോപ് പീസ് ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന വാര്‍ഷിക സമാധാന മാരത്തോണിന് തുടക്കമായി. പ്രസിഡന്റ്, പ്രധാനമന്ത്രി, സ്ഥാനപതികള്‍, മന്ത്രിമാര്‍, ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങി അതിസാധാരണക്കാരായ ജനങ്ങള്‍ വരെ ഒത്തൊരുമിച്ച സമാധാന മാരത്തോണില്‍ പരസ്പരം പോരടിക്കുന്ന ഗോത്രയോദ്ധാക്കളും നാടോടി ഗോത്രാംഗങ്ങളു മൊക്കെ ആവേശത്തോടെ പങ്കെടുത്തു. അതൊരു വലിയ മാറ്റമായിരുന്നു. കെനിയയില്‍ മാത്രമല്ല ഉഗാണ്ടയിലും സുഡാനിലുമൊക്കെ സമാധാന മാരത്തോണുകള്‍ നടന്നു.

2006 നവംബറില്‍, 6 ഗോത്രങ്ങളില്‍ നിന്നുള്ള 2000 യോദ്ധാക്കളാണ് കെനിയയിലെ കാപെങ്ഗുരിയയില്‍ നടന്ന സമാധാന മാരത്തോണില്‍ മാറ്റുരച്ചത്. 2010 ലെ മാരത്തോണില്‍ നൂറുകണക്കിന് പോരാളികള്‍ പരസ്യമായി ആയുധമുപേക്ഷിച്ചത് ചരിത്രസംഭവമായി മാറി. കെനിയന്‍ സര്‍ക്കാര്‍ ലൊറോപിന്റെ സമാധാന ശ്രമങ്ങളെ വാനോളം വാഴ്ത്തി.

2006ല്‍ത്തന്നെ റ്റെഗ്—ല ലൊറോപ് പീസ് ഫൗണ്ടേഷന്‍ മലയോര മേഖലയായ കാപെങ്ഗുരി യയില്‍ ഒരു വിദ്യാലയവും അനാഥാലയവും സ്ഥാപിച്ചിരുന്നു. പടിഞ്ഞാറന്‍ സുഡാനിലെ ഡാര്‍ഫറിലെ ആഭ്യന്തര കലാപങ്ങളെ അവസാനിപ്പിക്കാനുദ്ദേശിച്ചുള്ള സമാധാന ദൗത്യസംഘത്തിന്റെ നായികയെന്ന നിലയിലും അവര്‍ ശ്രദ്ധ നേടി കായികരംഗത്തും സമാധാന ശ്രമങ്ങളുടെ പേരിലും നിരവധി ദേശീയ അന്തര്‍ദ്ദേശീയ ബഹുമതികള്‍ റ്റെഗ്—ല ലൊറോപിനെ തേടിയെത്തിയിട്ടുണ്ട്. ആഫ്രിക്കയുടെ കായികചരിത്രത്തില്‍ നിരുപമമായ സുവര്‍ണ്ണരേഖ വിരചിച്ച കായികതാരം മാത്രമല്ല റ്റെഗ്—ല ലൊറോപ്. കെനിയയുടെയും ആഫ്രിക്കയുടെയും സംഘര്‍ഷഭരിതമായ ആഭ്യന്തര രംഗത്ത് സമാധാനത്തിന്റെ വെണ്‍കൊടി പാറിച്ച സ്‌നേഹദൂതിയാണവള്‍. ആ സമാധാന മാരത്തോണ്‍ തുടരുകയുമാണ്.

You can share this post!

ഏകാന്തതയും അത്ഭുതവിളക്കും

ഫാ. ഷാജി സിഎംഐ
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts