news-details
മറ്റുലേഖനങ്ങൾ

തിന്മയോടുള്ള സമരത്തില്‍ വൈയക്തികമായ വിശപ്പുകളും മഹിമാഭ്രമങ്ങളും ധനമോഹങ്ങളും മനുഷ്യപുത്രന്മാരെ സ്വാധീനിക്കാനിടവരരുത് എന്നാണ് ക്രിസ്തുവിന്‍റെ നോമ്പുകാലം പറയുക. വ്രതബദ്ധജീവിതത്തിന്‍റെ ദൈവിക മാതൃകയാണ് മശിഹാചരിത്രമത്രയും. അതൊരു നിലപാടിന്‍റെ ചരിത്രം കൂടെയാണ്. ഭരണമുറപ്പിക്കാന്‍ അനേകം കസര്‍ത്തുകള്‍ കാട്ടിയ ഹെറോദാവിനെ യേശു വിളിച്ചത് കുറുക്കനെന്നാണ്. നിഷ്പക്ഷമതിയെന്ന നാട്യത്തിലൂടെ കൈകഴുകലിന്‍റെ ഉപായകല പഠിപ്പിച്ച പീലാത്തോസിന്‍റെ അരമന ചര്‍ച്ചയില്‍ നിന്നും മൗനംകൊണ്ട് അവന്‍ ഇറങ്ങിപ്പോന്നു. അധാര്‍മ്മികതയുടെ തീന്‍മേശകളില്‍ വിളമ്പുകാരനായി നിന്ന് ഓശാന പാടാഞ്ഞതിനാല്‍ പുരോഹിതന്മാരുടെ നുണകള്‍ക്ക് അവനിരയായിത്തീര്‍ന്നു. പരസ്യവിചാരകള്‍ക്കൊടുവിലൊരു ഒത്തുതീര്‍പ്പ് ഫോര്‍മുല. നീ ഇപ്പോള്‍ കുരിശില്‍ നിന്നിറങ്ങിയാല്‍ ഞങ്ങള്‍ നിന്നില്‍ വിശ്വസിക്കാമെന്ന്! മരണനാഴികയിലും അവന്‍റെ നിലപാടില്‍ മാറ്റമുണ്ടായില്ല. അതുകൊണ്ട് തന്നെ അവന്‍ ഒറ്റപ്പെട്ടു കുരിശിലേറി. ശരിക്കും, ഒരു നിലപാടുള്ളവന് പറഞ്ഞിട്ടുള്ളതാണ് കുരിശ്. അവസരവാദികള്‍ക്ക്  പുറമെ അണിയാനുള്ള ഒരു ആഭരണം മാത്രവും!

നോക്കുക, ക്രിസ്തുവിന് മുമ്പും പിമ്പും! ദൈവം നല്കിയ അളവില്‍ കളവില്ലാതെ പെട്ടകം പണിത നോഹയ്ക്ക് ലഭിച്ചത് പരിഹാസം. ന്യായപ്രമാണമേകിയ മോശയ്ക്കെതിരെ പാളയത്തില്‍ പട. അനീതിക്കെതിര്‍ ശബ്ദമുയര്‍ത്തിയ ഏലിയാവിനു നാടുകടത്തല്‍. ദാനിയേല്‍ സിംഹക്കുഴിയില്‍. ശദ്രക്കും മേശക്കും അബേദ്നഗോവും തീച്ചൂളയില്‍. അമ്മ മറിയത്തിന്‍റെ ഹൃദയത്തില്‍ വാള്‍. സ്നാപകയോഹന്നാന്‍റെ കണ്ഠത്തില്‍ വാള്‍. സ്തേഫാനോസിന് കല്ലേറ്. പിന്നെ ശിഷ്യന്മാരുടെ രക്തസാക്ഷിത്വങ്ങള്‍. സത്യമായും ഒരു നിലപാടുള്ളവരെല്ലാം നടന്നുതീര്‍ക്കേണ്ട വലിയ സഹനദൂരങ്ങളുണ്ട് സഖാവേ! അവമതിപ്പുകളുടെയും കുരിശുകയറ്റത്തിന്‍റെയും അനുഭവങ്ങള്‍ അവര്‍ക്കുണ്ടായത്, അവര്‍ കരുണയറ്റവരായിരുന്നതു കൊണ്ടല്ല, പിന്നെയോ. അവര്‍ നിലകൊണ്ടത് സത്യത്തിന്‍റെ പക്ഷത്താണ്. എത്ര തമസ്ക്കരിച്ചാലും കല്ലറയില്‍ അടച്ച് മുദ്രവെച്ചാലും അത് ഉയര്‍ത്തെഴുന്നേല്ക്കും. അതിജീവനത്തിന്‍റെ ഈ സനാതനപാതയില്‍ നോമ്പുണ്ട്, നിലപാടുണ്ട്, നിന്ദകളും നിഷേധങ്ങളുമുണ്ട്. തീച്ചൂളകളും കുഴിയില്‍ വീഴ്ത്തലുകളുമുണ്ട്. ഒടുവില്‍ കുരിശുകയറ്റവും ഏകാന്തതയുമുണ്ട്. എന്നാല്‍ അവനോട് നേര് പുലര്‍ത്തുന്ന ഈ നേര്‍മ്മ തന്നെയാണ് സഖേ നേരേനില്ക്കാന്‍ നമ്മെ പ്രാപ്തരാക്കുന്നതും. ജീവിതത്തില്‍ മാത്രമല്ല; മരണത്തിനു മുമ്പിലും!

You can share this post!

ഏകാന്തതയും അത്ഭുതവിളക്കും

ഫാ. ഷാജി സിഎംഐ
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts