'തലച്ചോറില്‍നിന്ന് ഹൃദയത്തിലേക്കുള്ള വഴിയാണ് ഏറ്റവും ദൂരമുള്ളത്' എന്ന് വി. ജി. തമ്പിയുടെ 'ഇദം പരമിതം' എന്ന നോവലിലെ ഒരു കഥാപാത്രം പറയുന്നുണ്ട്. ഇന്നത്തെ മനുഷ്യവംശത്തിന്‍റെ ചര്യകളെ ആകമാനം നോക്കിക്കാണാന്‍ ഈ വാക്യത്തിനു ശക്തിയുണ്ട്. തലച്ചോറിന്‍റെ, ബുദ്ധിയുടെ, ആധിപത്യത്തിന്‍റെ കാലമാണിത്. ബൗദ്ധികമായ ആരായലുകള്‍ എമ്പാടുമുണ്ട്. ഇഴകീറി എന്തിനെയും പരിശോധിക്കുന്ന മാനവധിഷണ പരിമാണാത്മകദര്‍ശനത്തിന്‍റെ അധിത്യകതയിലെത്തിയിരിക്കുന്നു. അളവും തൂക്കവും ഏണും കോണും കൃത്യമായ ജീവിതത്തിന്‍റെ ചതുരവടിവ് മനുഷ്യജീവിതത്തെ ഏകമുഖമാക്കുന്നു. പ്രോക്രസ്റ്റസിന്‍റെ കട്ടിലെന്നതുപോലെ പുതിയ കാലം മനുഷ്യനിലെ അധികമാനങ്ങളെ മുറിച്ചുമാറ്റുന്നു. ധിഷണാപക്ഷത്തുള്ളവര്‍ എല്ലായിടത്തും വാദിച്ചുജയിച്ച് മുന്നേറുന്നു. ഹൃദയപക്ഷത്തുള്ളവര്‍ നിസ്സഹായരായി പിന്‍വാങ്ങുന്നു. മാനവികമായ വിതാനങ്ങള്‍ പ്രക്ഷീണമാകുന്ന കാലസന്ധിയില്‍ നാം എത്തിയിരിക്കുന്നു.
തലച്ചോറിന്‍റെ പക്ഷവും ഹൃദയപക്ഷവും ഇത്രമാത്രം സംഘര്‍ഷത്തിലായ സന്ദര്‍ഭങ്ങള്‍ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. ഒരാളില്‍ത്തന്നെ ഈ രണ്ടു പക്ഷങ്ങള്‍ നിരന്തരസംഘര്‍ത്തിലാകുന്നതും കാണാം. നിരന്തരം ഓടിക്കൊണ്ടിരിക്കാന്‍ ബാഹ്യലോകം പ്രലോഭിപ്പിക്കുമ്പോള്‍ ഹൃദയം മറ്റൊരു വഴിക്ക് ചിന്തിക്കുന്നതും ചിലരെ ആത്മസംഘര്‍ഷത്തിലേക്ക് തള്ളിവിടുന്നു. ജീവിതവിജയം എത്തിപ്പിടിക്കാന്‍ ഓടുന്നതിനിടയില്‍ ഹൃദയം നഷ്ടമാകുന്നത് ചിലര്‍ അറിയുന്നതേയില്ല. സമ്പാദ്യമെവിടെയോ അവിടെയാണ് ഹൃദയവും എന്ന വസ്തുത ഏറെ തെളിഞ്ഞുവരുന്നു.
തലച്ചോറിന്‍റെ വസ്തുനിഷ്ഠതയ്ക്ക് ബദലാണ് ഹൃദയത്തിന്‍റെ ആത്മനിഷ്ഠത. ആത്മനിഷ്ഠതയും വസ്തുനിഷ്ഠതയും സന്തുലിതമായി വികസിക്കുമ്പോഴാണ് ജീവിതം സുന്ദരമാകുന്നത്. തലച്ചോറിന്‍റെ ഭാഗമെന്നും ഹൃദയപക്ഷമെന്നും വേണമെങ്കില്‍ വിളിക്കാം. അപാരബുദ്ധിമാന്മാരുടെ പെരുക്കത്തില്‍ മനുഷ്യനില്‍നിന്ന് പലതും ചോര്‍ന്നുപോകുന്നു. യന്ത്രങ്ങളും സാങ്കേതികവിദ്യയും മുന്നേറുന്ന കാലത്ത് അതിനെ പ്രതിരോധിക്കാന്‍ ഹൃദയപക്ഷത്തിനേ കഴിയൂ. നിര്‍മ്മിതബുദ്ധിയുടെ കാലത്ത് മാനവികതയാണ് ക്ഷീണിതമാകുന്നത്. മനുഷ്യവിഭവശേഷിക്കുതന്നെ ഭീഷണിയുണ്ടാകുമ്പോള്‍ നാം ഹൃദയപക്ഷം വീണ്ടെടുക്കേണ്ടതാണ്. പുതിയ കാലത്തിന്, ലാഭം മാത്രം ലക്ഷ്യമാക്കുന്ന കണക്കുകൂട്ടലുകള്‍ക്ക് എല്ലാം വിധേയമാകുമ്പോള്‍ ചിലപ്പോള്‍ നമുക്ക് ആത്മവിശ്വാസം നഷ്ടമാകാം. 'ഏകമാനമനുഷ്യനും' യന്ത്രവും തമ്മില്‍ വലിയ ഭേദമില്ല. 'ചാറ്റ് ജി.പി.റ്റി. സര്‍ഗാത്മകമായ ഇടങ്ങളെയും നോട്ടമിടുന്നുണ്ട്. മനുഷ്യനെ യന്ത്രത്തില്‍നിന്ന് വ്യതിരിക്തനാക്കുന്ന സര്‍ഗാത്മകതയും നാളെ വെല്ലുവിളി നേരിട്ടേക്കാം.
മനുഷ്യജീവിതത്തെ സ്പര്‍ശിച്ചുകടന്നുപോകുന്ന എല്ലാറ്റിനെയും പുതിയ മുന്നേറ്റങ്ങള്‍ മാറ്റിമറിക്കുന്നു. ഒരേ വഴിയില്‍ പതിവായി നടന്ന്, അതിജീവനത്തിനുവേണ്ടി മാത്രം പോരാടുന്ന കോടിക്കണക്കിനു മനുഷ്യര്‍ നിസ്സഹായരായി ചലിച്ചുകൊണ്ടിരിക്കുന്നു. ജീവിതത്തിന്‍റെ അതിജീവനമുഖമാണ് അവര്‍ക്കു സുപ്രധാനം. മതം, രാഷ്ട്രീയം, സംസ്കാരം എല്ലാറ്റിനെയും തലച്ചോറിന്‍റെ പക്ഷം മാറ്റിമറിച്ചിരിക്കുന്നു. മനുഷ്യത്വത്തിന്‍റെ വഴികള്‍ അടച്ചതുപോലെ തോന്നുന്നു. മനുഷ്യയാതനകളെ യഥാര്‍ത്ഥത്തില്‍ ആരും അഭിസംബോധന ചെയ്യുന്നില്ല. വ്യാജമായ വിജയലഹരിയില്‍ മുഴുകി ചിലര്‍ ഉന്മത്തരാകുന്നു. ഭൗതികപരാജയങ്ങളില്‍ ചിലര്‍ ഹതാശരാകുന്നു. താളംതെറ്റിയ തലച്ചോറുകള്‍ സന്തുലിതാവസ്ഥ കൈവരിക്കാനാകാതെ ഉഴലുന്നു.
ഭരണകൂടങ്ങളെ നോക്കൂ... ആരും ഹൃദയപക്ഷത്തില്ല. നാം നിരന്തരം കേള്‍ക്കുന്ന വാദവിവാദങ്ങളില്‍ എവിടെയാണ് ഹൃദയം? കപടമായ വാക്കുകള്‍ക്ക് ആത്മാവ് നഷ്ടമായിരിക്കുന്നു. വിശ്വാസരാഹിത്യത്തിന്‍റെ വരള്‍ച്ച എല്ലായിടങ്ങളെയും തരിശാക്കിയിരിക്കുന്നു. യുദ്ധമായും കലാപമായും വര്‍ഗീയതയായും തരിശുനിലത്തിന്‍റെ വിത്തുകള്‍ മുളച്ചുവരുന്നു. നനവില്ലാത്ത ചിന്തകളുടെ കാലം ദര്‍ശനങ്ങളെ ഊഷരമാക്കുന്നു. ഭൗതികമായും ആത്മീയമായും സൗന്ദര്യം നഷ്ടപ്പെട്ടകാലം അങ്ങനെ പിറവികൊള്ളുന്നു. കാലാവസ്ഥ വ്യതിയാനമൊക്കെ ഇതിനെക്കാള്‍ ശക്തികുറഞ്ഞ വിപത്തുകളാണ്. ഏകമാനമനുഷ്യന്‍, തലച്ചോര്‍ മാത്രമുള്ള മനുഷ്യന്‍, ഹൃദയമില്ലാത്തവര്‍ സൃഷ്ടിക്കുന്ന ലോകം ഇതിലും ഭീകരമാകാനാണ് സാധ്യത. ഇവിടെയാണ് ഹൃദയപക്ഷങ്ങളുള്ളവരുടെ ഉത്തരവാദിത്വം വലുതാകുന്നത്. നിരാശയും മറ്റൊരു മരുഭൂമിയാണ്. നിരാശയില്‍ നിന്ന് ഒന്നും പുതുതായി കിളിര്‍ക്കില്ല. പ്രത്യാശയുടെ നനവ് പുതിയ വിത്തുകള്‍ മുളപ്പിക്കും. അവിടെ നനവുണ്ടാകും. തലച്ചോറിന്‍റെ പക്ഷത്തെ ഹൃദയംകൊണ്ടും പ്രത്യാശയുടെ നനവുകൊണ്ടും പകരംവയ്ക്കാന്‍ കഴിയുമ്പോള്‍ ഉര്‍വരതയുടെ പുലരി ഉയിര്‍ക്കും.
'നടമാടും പിണങ്ങള്‍, ചലിക്കുന്ന നേത്രങ്ങള്‍' എന്ന് വി ജി തമ്പി വിളിക്കുന്ന മനുഷ്യരുടെ കാലത്ത് യഥാര്‍ത്ഥ മനുഷ്യത്വത്തിന്‍റെ ചൈതന്യം വീണ്ടെടുക്കാനുള്ള ദൗത്യമാണ് ഹൃദയപക്ഷത്തുള്ളവര്‍ക്കുള്ളത്. പരാജയപ്പെടുന്ന സംരംഭങ്ങളിലും ആരെങ്കിലും ഏര്‍പ്പെടണമല്ലോ. തലച്ചോറില്‍നിന്ന് ഹൃദയത്തിലേക്കുള്ള ദൂരം കുറയ്ക്കുകയാണ് ഉത്തമം.