വിഷാദരോഗ(depression)-ത്തിനും അതിന്‍റെ അതിതീവ്രനിലയായ വിരുദ്ധധ്രുവ മാനസികവ്യതിയാന(bipolar disorder)ത്തിനും മരുന്നില്ലാ ചികിത്സയായി സ്വാനുഭവത്തില്‍ നിന്ന് ഡോ. ലിസ് മില്ലര്‍ രൂപപ്പെടുത്തിയ മനോനിലചിത്രണം(Mood mapping) തുടരുന്നു. പതിനാലുദിനം കൊണ്ട് വിഷാദത്തില്‍ നിന്ന് പ്രസാദത്തിലേക്ക് നയിക്കുന്ന മനോനില ചിത്രണത്തിന്‍റെ പത്താംദിനം നാം, നമ്മുടെ 'സ്വഭാവം' നമ്മുടെ മനോനിലയെ എപ്രകാരം സ്വാധീനിക്കുന്നുവെന്ന് പരിശോധിക്കുന്നു. നിങ്ങളുടെ സ്വഭാവം എന്തെന്ന് അറിയുന്നതിനുള്ള തന്ത്രങ്ങള്‍ ഈ ലക്കത്തില്‍ നാം ആവിഷ്കരിക്കുന്നു.
ടോം മാത്യു
ഏവരും ചില മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നുണ്ട്. ചില ഉദാഹരണങ്ങള്‍ നോക്കാം. നിങ്ങള്‍ 'വിലമതിക്കുന്ന' നിങ്ങളുടെ മൂല്യങ്ങള്‍ എന്തെന്ന് തിരിച്ചറിയാന്‍ അതു സഹായിച്ചേക്കും. ഇതില്‍ ഏതാണ് നിങ്ങള്‍ക്ക് ഉപകാരപ്പെടുക എന്നറിയാന്‍ തീര്‍ച്ചയായും മനോനിലചിത്രണത്തെ ആശ്രയിക്കുക.
1. പ്രത്യാശ കൈവിടാതിരിക്കുക
ദുരന്തങ്ങളും ദുരിതങ്ങളും നിറഞ്ഞതാണ് മനുഷ്യജീവിതം എന്ന പണ്ടോരയുടെ പെട്ടി(Pandora’s Box). പക്ഷേ ചികഞ്ഞു ചികഞ്ഞു ചെന്നാല്‍ പെട്ടിയുടെ അടിയില്‍ പ്രത്യാശയ്ക്കു വകയുണ്ടാകും, തീര്‍ച്ച. ഏതു സന്ദര്‍ഭത്തെയും മറികടക്കാന്‍ പ്രത്യാശ ഉപകരിക്കും. ഇരുള്‍ നിറഞ്ഞ ഗുഹയുടെ അങ്ങേയറ്റത്തെ കൈത്തിരിനാളമാണ് പ്രത്യാശ. യുക്തിക്ക് നിരക്കുന്ന സകല പ്രതീക്ഷകളും എല്ലാ പോംവഴികളും ഒടുങ്ങുമ്പോഴും പിടിച്ചുനില്‍ക്കാന്‍, മുന്നോട്ട് പോകാന്‍ നമ്മെ സഹായിക്കുന്നത് പ്രത്യാശയാണ്. കരുത്ത് കൈവിടാതെ കണ്ട സ്വപ്നങ്ങളിലേക്കുള്ള പാതയില്‍ ഉറച്ചുനില്‍ക്കാന്‍ പ്രത്യാശ മാത്രമാണ് കൂടെയുണ്ടാകുക. എല്ലാം നിരാശ മാത്രം സമ്മാനിക്കുമ്പോള്‍, അത് 'പ്രത്യാശയെ' ഓര്‍മ്മിക്കാന്‍ നമ്മെ സഹായിക്കുന്നു. പ്രത്യാശയോ സ്വപ്നങ്ങളെ ഉണര്‍ത്തുന്നു. മാനസികാരോഗ്യനിയമപ്രകാരം (Mental Health Act) ഡോക്ടര്‍ എന്ന നിലയിലുള്ള എന്‍റെ പ്രാക്ടീസിന് വിലക്ക് ഏര്‍പ്പെടുത്തപ്പെട്ട സന്ദര്‍ഭത്തില്‍പോലും പ്രത്യാശ എനിക്കൊപ്പമുണ്ടായിരുന്നു. മനോരോഗവിദഗ്ദ്ധന്‍ തന്ന അളവറ്റ മരുന്നുകള്‍ക്കപ്പുറം പ്രത്യാശ ഓരോ ദിനവും എന്നെ വിടാതെ കാത്തു. എന്തു സംഭവിക്കുന്നു എന്നു പൂര്‍ണമായും ഞാനറിഞ്ഞു. എന്തായാലും എനിക്കു ചുറ്റുമുള്ള മനുഷ്യര്‍ക്കായി എന്തെങ്കിലും എനിക്ക് ചെയ്യാന്‍ കഴിയും എന്ന് പ്രത്യാശ എന്നെ ഓര്‍മ്മിപ്പിച്ചു.
വരുംദിവസങ്ങളില്‍, ആഴ്ചകളില്‍ എന്തു നിങ്ങള്‍ പ്രത്യാശിക്കുന്നുവോ അതു നിങ്ങള്‍ കുറിച്ചുവെയ്ക്കുക. പ്രത്യാശ കൈവിടാതിരിക്കുക. പ്രത്യാശ മനോനിലയെ പ്രസന്നപൂരിതമാക്കും.
2. വിലമതിക്കുന്നവയെ വിസ്മരിക്കാതിരിക്കുക
പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനും അതിന്‍റെ അനന്തരഫലങ്ങള്‍ നിങ്ങളെ പ്രതികൂലമായി ബാധിക്കാതിരിക്കുന്നതിനും ഇതു നിങ്ങളെ സഹായിക്കും. അതിന് നിങ്ങള്‍ പ്രതിസന്ധിയുടെ അനന്തരഫലത്തില്‍ ശ്രദ്ധയൂന്നണം. എന്താണ് നിങ്ങള്‍ ആഗ്രഹിക്കുന്ന, നിങ്ങള്‍ക്ക് അഭികാമ്യമായ അനന്തരഫലം? എന്താണ് നിങ്ങള്‍ക്ക് പ്രധാനമായിരിക്കുന്നത്? ഓരോ സന്ദര്‍ഭത്തിലും ഈ ചോദ്യം മനസ്സില്‍ ഉയരുന്നതിന്, നിങ്ങള്‍ വിലമതിക്കുന്നവയെക്കുറിച്ചു നിങ്ങള്‍ക്കുള്ള നഷ്ടപ്പെടാത്ത ഓര്‍മ്മ, നിങ്ങളെ സഹായിക്കുന്നു. ജോലിയില്‍ പ്രതിസന്ധികള്‍ അനുഭവിക്കുന്ന. ചിലപ്പോള്‍ സസ്പെന്‍ഷന്‍ വരെ ഏറ്റുവാങ്ങുന്ന ഡോക്ടര്‍മാരുമായി ഞാന്‍ സംസാരിക്കാറുണ്ട്. സസ്പെന്‍ഷന്‍ വരെ എത്തിനില്‍ക്കുന്നവിധം മാനേജ്മെന്‍റും തൊഴിലാളിയും തമ്മിലുള്ള ബന്ധം തകര്‍ന്നു നില്‍ക്കേ, വീണ്ടുമത് മെച്ചപ്പെടുത്തുക അത്ര എളുപ്പമല്ല. ഈ സന്ദര്‍ഭം ഏതു രീതിയിലേക്ക് ഉരുത്തിരിയണമെന്ന് അവര്‍ ആഗ്രഹിക്കുന്നു എന്ന് ഞാനവരോട് ചോദിച്ചു. സംഭാവ്യമായ സാധ്യതകള്‍, അല്ലെങ്കില്‍ ഫലങ്ങള്‍ മനസ്സിലാക്കുമ്പോള്‍ നിങ്ങളാഗ്രഹിക്കുന്ന ഫലം ശ്രമിച്ചാല്‍ ലഭിക്കുമെന്ന് അവര്‍ക്ക് മനസ്സിലാകുന്നു. നിങ്ങള്‍ക്ക് എന്താണ് പ്രധാനമെന്ന് മനസ്സിലാക്കാന്‍ ഉതകുന്നതായി അങ്ങനെ ആ പ്രതിസന്ധി മാറുന്നു. ഇത് നിങ്ങള്‍ക്കും ബാധകമാണ്. ഓരോ അവസരങ്ങളിലും എന്താണ് നിങ്ങള്‍ക്ക് പ്രധാനമെന്ന് മറക്കാതിരിക്കുക. അതനുസരിച്ച് തീരുമാനങ്ങള്‍ എടുക്കുക. നിങ്ങള്‍ക്ക് പ്രധാനമായ കാര്യങ്ങള്‍ അവഗണിച്ച് നിങ്ങള്‍ക്ക് സന്തോഷം കണ്ടെത്താനാവില്ലെന്ന് മറക്കാതിരിക്കുക.
3. ഭാവന ഉപയോഗപ്പെടുത്തുക
നിങ്ങളുടെ ഭാവന നിങ്ങളുടെ നിയന്ത്രണത്തിലല്ലെങ്കില്‍ അതു മറ്റാരുടെയെങ്കിലും അധീനതയിലാകും. വൈറസിന്‍റെ അധീനതയിലായ കമ്പ്യൂട്ടര്‍ പോലെ ഓരോ അവസരത്തിലും നിങ്ങളുടെ ഭാവനയെ അന്യര്‍ ഉപയോഗപ്പെടുത്തും. മഞ്ഞുമൂടിയ മലഞ്ചെരുവുകളിലൂടെ അതിസാഹസികമായി കാറോടിക്കുന്നത് കാര്‍നിര്‍മ്മാതാക്കളുടെ പരസ്യത്തില്‍ കാണുന്നു. അത് അസാധ്യമെന്ന് നിങ്ങള്‍ക്കറിയാം. പക്ഷേ അത് നമ്മുടെ ഭാവനയെ ഉണര്‍ത്തുന്നു. നിങ്ങളെ നിങ്ങള്‍ ആ ഡ്രൈവറുടെ സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നു. നിങ്ങള്‍ എന്തെങ്കിലും ആലോചിക്കുംമുമ്പ് ഭാവന നിങ്ങളെ കീഴ്പ്പെടുത്തുന്നു. കാര്‍ നിങ്ങളുടേതായി മാറുന്നു. പരസ്യം വിജയിക്കുന്നു. എന്നാല്‍ ഭാവനയെ സര്‍ഗാത്മകമായി ഉപയോഗിച്ച് നിങ്ങള്‍ക്ക് പ്രതിസന്ധികള്‍ പരിഹരിക്കാന്‍ കഴിയും. വലിയ സദസ്സില്‍ സംസാരിക്കാന്‍ പ്രയാസമനുഭവപ്പെടുന്നുവെങ്കില്‍, അങ്ങനെ സംസാരിക്കുന്നത് ഭാവന ചെയ്ത്, അപ്പോള്‍ എന്തു സംഭവിക്കും എന്ന് നിരീക്ഷിക്കുക. സ്വയം ധൈര്യം നല്‍കുക. ഒരു അപകടസാധ്യതയും നേരിടാതെ ആത്മധൈര്യം കൈവരിക്കാമെന്നതാണ് അതിന്‍റെ ഏറ്റവും വലിയ നേട്ടം. ഭാവനയില്‍ 'റിഹേഴ്സല്‍' നടത്തുന്നത്, ഉല്‍ക്കണ്ഠ കുറയ്ക്കാന്‍ സഹായിക്കുന്നു. അതു നിങ്ങള്‍ക്ക് ആശ്വാസം പകരുന്നു. ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു.
4. ദിനവും പ്രസാദാത്മകത പരിശീലിക്കുക
വികാരത്തിന്‍റെ കുത്തൊഴുക്കില്‍ ഒഴുകിനടക്കുക എളുപ്പമാണ്. പ്രസാദാത്മകത ദിനവും പരിശീലിച്ചില്ലെങ്കില്‍ ബമ്പര്‍ ലോട്ടറി അടിച്ചാലും നിങ്ങള്‍ക്ക് സന്തോഷിക്കാനാവില്ല. ഇടയ്ക്കിടെ നമുക്കൊരു വൈകാരിക വ്യായാമം അത്യാവശ്യമാണ്. എങ്കിലേ കാര്യങ്ങള്‍ നേരെ ചൊവ്വെ നടക്കൂ. പ്രസാദാത്മകത അനുഭവിക്കാന്‍ അല്പനേരം എല്ലാ ദിവസവും നീക്കിവയ്ക്കുന്നതില്‍ എന്താണ് അപാകത. പ്രസാദാത്മകത നിങ്ങള്‍ക്ക് എത്രമാത്രം ഗുണം ചെയ്യുന്നുവെന്നറിയാന്‍ മനോനിലചിത്രണത്തെ ഒന്നുകൂടി ആശ്രയിക്കുക. നല്ല മനോനില പ്രസാദാത്മകതയെ പ്രചോദിപ്പിക്കുന്നതുപോലെ പ്രസാദാത്മകത നല്ല മനോനിലയെയും പ്രചോദിപ്പിക്കുന്നു.
പ്രസാദാത്മകത പ്രചോദിപ്പിക്കുന്നതിനുള്ള പ്രായോഗിക അഭ്യസനത്തോടെ അടുത്ത ലക്കത്തില്‍ മനോനിലചിത്രണത്തിന്‍റെ പത്താംദിനം അവസാനിക്കും. (തുടരും)