news-details
മറ്റുലേഖനങ്ങൾ

മുത്തുകളാല്‍ അലങ്കരിക്കപ്പെട്ട സഭ

ബെനഡിക്ട് പതിനാറാമന്‍ പാപ്പ, കര്‍ദ്ദിനാള്‍ റാറ്റ്സിംഗര്‍ ആയിരിക്കവേ ഒരു പത്രലേഖകന്‍ ചോദിച്ചു; ദൈവത്തിലേക്കെത്താന്‍ എത്ര വഴികളാണ് ഉള്ളതെന്ന്. കര്‍ദ്ദിനാള്‍ ഇങ്ങനെ മറുപടി പറഞ്ഞു:'എത്രയും ആളുകളുണ്ടോ അത്രയും വഴികള്‍!' അതായത് ദൈവം അവന്‍റെ മക്കളോട് ഇടപെടുന്ന രീതികള്‍... അവരെ വിളിക്കുന്ന രീതിയും അവരോടുള്ള ഇടപെടലും,  അവന്‍റെ ഉപകരണമായി ഈ ലോകത്ത് അവര്‍ക്ക് ചെയ്യാനുള്ള വേലയും... എല്ലാം ഒന്നിനൊന്ന് വ്യത്യസ്തം. പക്ഷേ പുണ്യവാന്മാരുടെ ഐക്യത്തില്‍ (Communion of Saints)  എല്ലാവരും കര്‍ത്താവില്‍ ഒന്നാകുന്നു.

പല നിറത്തിലുള്ള മനോഹരമായ മുത്തുകളാല്‍ അലങ്കരിക്കപ്പെട്ടിരിക്കുന്നപോലെ കത്തോലിക്കാ സഭ, സമൂഹത്തിന്‍റെ നാനാതുറകളില്‍ നിന്നുള്ള അനേകം വിശുദ്ധര്‍ക്ക് അമ്മയാണ്.  'സകല വിശുദ്ധരുടെയും ദിനം' നവംബര്‍ ഒന്നിന് സഭ കൊണ്ടാടുമ്പോള്‍ 'വിശുദ്ധിയിലേക്കുള്ള സാര്‍വ്വത്രിക വിളിയെപ്പറ്റി, ക്രിസ്തുവിലേക്കുള്ള നമ്മുടെ രൂപാന്തരീകരണത്തിന്‍റെ പുരോഗതിയെപ്പറ്റി ഓര്‍ക്കാം. വിശുദ്ധര്‍ പലരും നന്നായി തുടങ്ങിയ വരായിരുന്നില്ല, പക്ഷെ അവര്‍ നന്നായി അവസാനിപ്പിച്ചവരാണ്.

ഓരോ വിശുദ്ധരുടെയും  തിരുന്നാളുകള്‍ അതിന് നിശ്ചയിച്ചിരിക്കുന്ന ദിവസങ്ങളില്‍ ആഘോഷിക്കുന്നുണ്ടെന്നിരിക്കെ എന്തിനാണ് സകല വിശുദ്ധരുടെയും ദിനം ആഘോഷിക്കുന്നത് എന്ന്  തോന്നാം. നമുക്കറിയാത്ത, എണ്ണിയാലൊടുങ്ങാത്ത, വിശുദ്ധരായ സ്ത്രീകളും പുരുഷന്മാരും കുട്ടികളുമൊക്കെ  രക്തസാക്ഷികളായും അല്ലാ തെയും ജീവിച്ചു മരിച്ചു പോയിട്ടുണ്ട്. അവരെയും, വിശുദ്ധരാവാനുള്ള വിളി നമുക്കുമുണ്ടെന്ന സത്യത്തിന്‍റെ ഓര്‍മ്മപ്പെടുത്തലും.

വിശുദ്ധ ജോണ്‍ ക്രിസോസ്തോം പറയുന്നത് വിശുദ്ധരെയും അവരുടെ അനുഗൃഹീത ജീവിത ചരിത്രങ്ങളെയും ഓര്‍ക്കുന്ന നമ്മുടെ ആത്മാക്കളുടെ മുന്നില്‍ ഒരു കണ്ണാടി ഉണ്ടെന്നാണ്. ആത്മാക്കള്‍ക്ക് രൂപഭേദം വരുത്തുന്ന കളങ്കങ്ങള്‍ അതില്‍ കാണാന്‍ പറ്റും.

അമാനുഷിക ശക്തികളുള്ളവരോ ഒരു കുറവുമില്ലാതെ ജനിച്ചവരോ അല്ല വിശുദ്ധരെന്നും, അവര്‍ പൂര്‍ണ്ണഹൃദയത്തോടെ ദൈവത്തെ സ്നേഹിച്ച സാധാരണ മനുഷ്യരാണെന്നും 2013 ലെ സകല പുണ്യവാന്മാരുടെയും ദിനത്തില്‍ പോപ്പ് ഫ്രാന്‍സിസ് പറഞ്ഞു: 'അവര്‍ നമ്മെപ്പോലെയാണ്, നമ്മള്‍ ഓരോരുത്തരെയും പോലെയാണ്, സ്വര്‍ഗ്ഗീയ മഹത്വത്തിലെത്തും മുന്‍പ് സന്തോഷവും ദുഃഖവും കഷ്ടപ്പാടും പ്രതീക്ഷകളും നിറഞ്ഞ സാധാരണ ജീവിതം നയിച്ച സാധാരണ മനുഷ്യരാണവര്‍.'

വിശുദ്ധിയുടെ പൂര്‍ണ്ണതയിലേക്കുള്ള വിളി ക്രൈസ്തവനായിരിക്കുകയെന്നതിന്‍റെ അടിസ്ഥാന ഭാഗമാണെന്ന് വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പ ഊന്നി പറഞ്ഞു, 'ജ്ഞാനസ്നാനം സ്വീകരിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ?' എന്ന് സ്നാനാര്‍ത്ഥികളോട് ചോദിക്കുന്നത് വിശുദ്ധരാകാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ?' എന്ന് ചോദിക്കു ന്നതിന് തുല്യമാണ് എന്നാണ് പാപ്പ പറഞ്ഞത്.

വിശുദ്ധിയുടെ വിജയം ഘോഷിച്ചവരാണ്, ലോകത്തെയും ജഡത്തെയും വിജയിച്ചവരാണ് വിശുദ്ധര്‍. ഈശോയുടെ സ്വന്തമായിത്തീരാന്‍ ആഗ്രഹിച്ച അവര്‍, തങ്ങളുടെ ജീവിതം കുരിശിനോട് ചേര്‍ത്ത് ബലിയാക്കി. ക്രിസ്തുവിന്‍റെ സ്നേഹത്തിനപ്പുറം മറ്റൊന്നും ആഗ്രഹിക്കാതിരിക്കുക എന്നതായിരുന്നു അവരുടെ ജീവിതാ ദര്‍ശം. നമ്മുടെ യഥാര്‍ത്ഥ ഭവനം സ്വര്‍ഗ്ഗമാണെന്ന് അവര്‍  പറഞ്ഞുതരുന്നു.

'നമുക്ക് വെളിപ്പെടാനിരിക്കുന്ന മഹത്വത്തോട് തുലനം ചെയ്യുമ്പോള്‍ ഇന്നത്തെ കഷ്ടതകള്‍ നിസ്സാരമാണെന്നു ഞാന്‍ കരുതുന്നു" (റോമാ 8:18).

ഒരു യഥാര്‍ത്ഥ ക്രിസ്തുഅനുയായി (ക്രിസ്ത്യാനി ) എങ്ങനെ ആകണമെന്ന്, ശരിയായ വിശുദ്ധിയിലേക്കുള്ള പാത ഏതാണെന്ന്,  വിശുദ്ധര്‍ റോഡ് മാപ്പിലൂടെ കാണിച്ചുതരുന്നു. നിത്യരക്ഷ എന്ന ലക്ഷ്യം കണ്‍മുന്നിലുറപ്പിക്കാന്‍ നമ്മെ വിജയസഭയിലുള്ളവര്‍ ഉത്തേജിപ്പിക്കുന്നു. നമ്മുടെ ഓരോരു ത്തരുടെയും ജീവിതലക്ഷ്യം മഹത്വത്തില്‍ എത്തി ച്ചേരുക എന്നതാണല്ലോ.

വിശുദ്ധര്‍ മനുഷ്യരാണെങ്കിലും ദൈവവുമായി ആത്മസുഹൃത്തെന്ന പോലെ ഗാഢബന്ധത്തിലായിരിക്കും. അവരില്‍ ക്രിസ്തുവിന്‍റെ സ്നേഹം പ്രതിഫലിക്കുന്നു. ക്രിസ്തുവിന്‍റെ പരിമളത്തി നൊപ്പം അവരില്‍നിന്ന് നന്മ മറ്റുള്ളവരിലേക്ക് പ്രസ രിക്കുന്നു. ദൈവരാജ്യത്തിനുവേണ്ടി, സഭക്കുവേണ്ടി, ആത്മാക്കളുടെ രക്ഷക്കുവേണ്ടി  അവര്‍ വേല ക്കിറങ്ങുന്നു. കഠിനമായി അദ്ധ്വാനിക്കുന്നു. പക്ഷേ അവര്‍ പരാജയം അറിയാത്തവരല്ല. നിരന്തരം വീണിട്ടുള്ളവരും എഴുന്നേറ്റിട്ടുള്ളവരുമാണ്. പ്രലോഭനങ്ങളില്‍ പെട്ടിട്ടുള്ളവരാണ്. വീണിടത്തു തന്നെ കിടക്കാതെ, ദൈവകൃപയില്‍ ആശ്രയിച്ച് വീണ്ടും വീണ്ടും എഴുന്നേല്‍ക്കാന്‍ പരിശ്രമിച്ച, പരിശ്രമിക്കുന്ന പാപികളെയാണ് വിശുദ്ധര്‍ എന്നു പറയുന്നത്.

കുടുംബമാണ് പ്രഥമ വിശ്വാസപരിശീലനവേദി. മക്കള്‍ മിടുക്കരായാല്‍ മാത്രം മതിയോ അതോ വിശുദ്ധരാവണോ എന്ന് മാതാപിതാക്കള്‍ തീരുമാ നിക്കണം. ആഴ്ചയിലെ 168 മണിക്കൂറുകളില്‍ ഏറിയ പങ്കും കുട്ടികളോടൊത്ത് ചെലവഴിക്കുന്ന മാതാപിതാക്കള്‍ക്കാണ് വെറും ഒന്നോ രണ്ടോ മണി ക്കൂറുകള്‍ മാത്രം അവരോടൊത്ത് ചെലവഴിക്കുന്ന മതാധ്യാപകരേക്കാള്‍ വിശ്വാസവും മൂല്യവും പകര്‍ന്നുകൊടുക്കാന്‍ സമയവും ഉത്തരവാദിത്വവു മുള്ളത്.

സ്വന്തബന്ധങ്ങളെ  എപ്രകാരം പരിത്യജി ക്കണം, ദൈവഹിതം എല്ലാറ്റിനുമുപരിയായി എങ്ങനെ നിറവേറ്റാം, ശൂന്യവല്ക്കരണത്തിലൂടെ എങ്ങനെ കുരിശിനെ പുല്‍കാം, സഹനത്തെ എങ്ങനെ സൗഭാഗ്യമാക്കാം? ആത്മാക്കള്‍ക്കു വേണ്ടി എങ്ങനെ മാധ്യസ്ഥ്യം വഹിക്കാം,  പാപത്തെ എങ്ങനെ വെറുത്തുപേക്ഷിക്കാം, രക്തസാ ക്ഷിത്വത്തിന്‍റെ മനോഹാരിത, മരണത്തെ എങ്ങനെ ആഘോഷമാക്കാം, നിത്യാനന്ദത്തിന്‍റെ അവര്‍ണ്ണ നീയ മാധുര്യവും ഒക്കെ നമുക്ക് മുന്‍പേ നടന്ന വിശുദ്ധര്‍ കാണിച്ചു തന്നു.

ആരും ശ്രദ്ധിക്കാത്ത വിധത്തില്‍ അലിഞ്ഞു ഭൂമിയുടെ ഉപ്പാകാനും അതേസമയം എല്ലാവര്‍ക്കും കാണാന്‍ പറ്റുന്നപോലെ ലോകത്തിന്‍റെ പ്രകാശ മാവാനും ... ദൈവത്തിന്‍റെ അനന്തമായ നിശ്ശബ്ദതയുടെ സ്വരത്തിനും പുരമുകളില്‍ പ്രഘോഷിക്ക പ്പെടുന്ന സുവിശേഷത്തിന്‍റെ ശബ്ദത്തിനും ഇടയില്‍ ബാലന്‍സ്ഡ് ആവാന്‍ ...വൈരുധ്യങ്ങളുടെ സൗന്ദര്യം.

നിത്യതയോളം മനുഷ്യനെ സ്നേഹിച്ചതു കൊണ്ട് ദൈവം തീക്ഷ്ണമായി സകല മനുഷ്യരു ടെയും രക്ഷ ആഗ്രഹിക്കുന്നു. അവനും അവള്‍ക്കും സാധിച്ചെങ്കില്‍ എന്തുകൊണ്ട് തനിക്ക് വിശുദ്ധനാകാന്‍ പറ്റില്ല എന്ന് ചിന്തിച്ച ഇഗ്നേഷ്യസ് ലയോളയെപ്പോലെ, സദാ കണ്ണുകള്‍ കര്‍ത്താവിങ്കലേക്ക് ഉയര്‍ത്തിയ സങ്കീര്‍ത്തകനെപ്പോലെ... നമുക്ക് മുന്‍പേ ബല പ്രയോഗത്തിലൂടെ സ്വര്‍ഗ്ഗരാജ്യം പിടിച്ചടക്കിയ അനേക വിശുദ്ധരെ നമുക്ക് അനുകരിക്കാം. അവരുടെ മാധ്യസ്ഥ്യം അപേക്ഷിക്കാം.

'ഓ എത്ര സന്തോഷമാണ് വിശുദ്ധരെ കാണാനും, വിശുദ്ധരോടൊപ്പം ആയിരിക്കാനും, ഒരു വിശുദ്ധനാകാനും'(സെന്‍റ് അഗസ്റ്റിന്‍ ).

'ഞങ്ങളുടെ ക്ലേശങ്ങള്‍ നിസ്സാരവും ക്ഷണികവുമാണ്, അവയുടെ ഫലമോ അനുപമമായ മഹത്വവും'(2 കോറി.4:17).

You can share this post!

തീര്‍ത്ഥാടനം

സഖേര്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts