മുനിമുഖ ലക്ഷണങ്ങളിലൊന്നാണ് വൈരാഗ്യം. അതെങ്ങനെയാചേരുക അല്ലേ? നോമ്പൊക്കെ നമ്മെ ഏറെ വൈരാഗ്യമുള്ളവരാക്കണമെന്നാണ് പറയുക. വല്ലാത്തൊരു ചേരായ്മ തോന്നില്ലേ. സാധകന്‍റെ ഗുണവിശേഷങ്ങളിലൊന്നാണ് വൈരാഗ്യം. ഇഹ സ്വര്‍ഗ്ഗ ഭോഗേഷു ഇച്ഛാരാഹിത്യം എന്നാണ് വൈരാഗ്യത്തിനര്‍ത്ഥം നല്കുക. ഇഹപരലോകങ്ങളില്‍ ഭോഗതല്പരരായി കഴിയുക എന്ന ആശ ഇല്ലാതിരിക്കലാണ് വൈരാഗ്യം. ലഭിച്ചതിനെ സംരക്ഷിക്കാനുള്ള വ്യഗ്രതയും ലഭിക്കാത്തതിനെക്കുറിച്ചുള്ള തീവ്രമായ ആസക്തിയും ഉപേക്ഷിക്കലാണ് വൈരാഗ്യം.
അഭിലാഷങ്ങളുടെ തിരമാലകള്‍ തിങ്ങുന്ന ഇഹലോക ജീവിതത്തില്‍ അതങ്ങനെ സാധ്യമാവും. സംസാരസാഗരത്തെ വിചാര നൗകയാല്‍ മുറിച്ചു കടക്കണമത്രെ!
യേശു പറഞ്ഞതിങ്ങനെയാണ്, you are in the world, but not of the world. വള്ളത്തിന് പോകാന്‍ വെള്ളം വേണം. പക്ഷെ, വള്ളത്തില്‍ വെള്ളം കയറിയാല്‍ മുങ്ങിപ്പോകും. ലോകം ഉള്ളില്‍ തിങ്ങുന്ന നിമിഷങ്ങളിലാണ് പലപ്പോഴും വല്ലാത്തൊരു നിലയില്ലായ്മ തോന്നുക. വെറുതെയൊന്ന് ഉള്ളില്‍ പരതി നോക്കണം സഖേ, നമ്മേത്തന്നെ. ലോകം അറിയുന്ന എന്നെയാണോ ദൈവം അറിയുന്ന എന്നെയാണോ എനിക്ക് കൂടുതല്‍ പരിചയം! ലോകാഭിപ്രായമനുസരിച്ച് സ്വയം വിലയിരുത്താനാണ് നാമേറെ ശ്രമിക്കാനിടയുള്ളത്. മനുഷ്യരില്‍ നിന്നുള്ള ബഹുമാനം അന്വേഷിക്കുകയും ദൈവത്തില്‍ നിന്നുള്ള ബഹുമാനം തേടാതിരിക്കുകയും ചെയ്യുന്നവരെ യേശു ശാസിച്ചത് മറക്കരുത്. എന്ത് തിന്നും എന്തു കുടിക്കും എന്ത് ഉടുക്കും എന്നിങ്ങനെ മാത്രം വിചാരപ്പെടുന്നവരെ എത്രമേല്‍ അനുകമ്പയോടെയാണ് അവന്‍ ഒരു നവധാര്‍മ്മിക ബോധ്യത്തിലേക്കുണര്‍ത്തുക. പുതിയ രാജ്യവും അതിന്‍റെ ധാര്‍മ്മികതയും!
ശരിക്കും അവന്‍റെ സ്നേഹത്തിലേക്കുള്ള ഉണരല്‍ തന്നെയാവും സഖേ നമ്മെയും യഥാര്‍ത്ഥ വൈരാഗികളാക്കുക. നോമ്പ് എത്ര നന്നായിട്ടാണ് അത് നമ്മെ പരിശീലിപ്പിക്കുക. അമിത ഭക്ഷണം മുതല്‍ അമിതഭാഷണം വരെ എത്രയെത്ര ഇടങ്ങളില്‍ നിന്ന് മാറിനില്ക്കാന്‍ അതാവശ്യപ്പെടുന്നു. കെ.പി.അപ്പന്‍റെ പുസ്തക ശീര്‍ഷകംപോലെ, 'തനിച്ചിരിക്കുമ്പോള്‍ ഓര്‍മ്മിക്കുന്നത്' എന്തെല്ലാമാണ്. നമ്മുടെ വീണ്‍വാക്കും, ആത്മപ്രശംസകളും പരനിന്ദകളും ആസക്തികളും ആലസ്യങ്ങളുമെല്ലാം ഇത്തിരിപ്പോന്ന ഒരു ശ്വാസത്തിന്‍റെ ബലത്തിലാണല്ലോ എന്നൊക്കെ ധ്യാനിച്ചാല്‍ പോലും ഉള്ളില്‍ കുറെക്കൂടി വെളിച്ചം നിറയാനിടയുണ്ട്. അതുമാത്രമല്ലെടോ, നാം പോലുമറിയാതെ നമ്മിലലിഞ്ഞിരിക്കുന്ന നന്മകളുമൊന്ന് തിരഞ്ഞുപിടിക്കാനാവുമെടോ ആ ചെറുവെട്ടത്തില്‍! അത്രയ്ക്കങ്ങ് നിരാശപ്പെടേണ്ടതില്ല എന്നും പറഞ്ഞ് ഇത്തരം തനിച്ചിരുപ്പുകള്‍ നമ്മെ ആശ്വസിപ്പിക്കുന്നതും കാണാം. സരോവിലെ വി. സെറാഫിം എഴുതിയപോലെ, Silence is the cross on which we must crucify our ego. വൈരാഗിയായ ഒരു അപ്പോസ്തലന്‍ അതിങ്ങനെ നേരത്തെ പറഞ്ഞുവെച്ചിട്ടുണ്ട്. ക്രിസ്തുയേശുവിനുള്ളവര്‍ ജഡത്തെ അതിന്‍റെ രാഗമോഹങ്ങളോടെ ക്രൂശിക്കുന്നു. സ്വന്ത അകൃത്യങ്ങളും ഭോഷത്വങ്ങളും തന്നില്‍ത്തന്നെ ഉളവാക്കുന്ന നൊമ്പരച്ചൂടില്‍ ദാവീദ് മെല്ലെ മൗനത്തിലേക്കാണ് പാകപ്പെടുക. മനസ്സടുപ്പമുള്ളവര്‍ അകന്നും മനസ്സകലമുള്ളവര്‍ കാണികളുമായി അടുത്തും നില്ക്കുന്ന നിമിഷങ്ങളില്‍ ഞാന്‍ ചെകിടനെപ്പോലെ കേള്‍ക്കാതിരുന്നു; വായ് തുറക്കാതെ ഊമനായിരുന്നു; ഞാന്‍ കേള്‍ക്കാത്ത മനുഷ്യനെപ്പോലെയും വായില്‍ പ്രതിവാദമില്ലാത്തവനെപ്പോലെയും ആയിരുന്നു എന്നൊക്കെയാണ് അയാള്‍ പാടുക. അയാളുടെ ഉള്ളില്‍ അവശേഷിച്ചത് പ്രാര്‍ത്ഥന മാത്രമാണ്. സംസാരത്തെ മുറിച്ചു കടക്കുന്ന ഈശ്വര വിചാരം മാത്രം.