"ചെടികളെ ആസ്വദിക്കുകയാണോ?"
"അല്ല, ഞാനവരോട് വിശേഷം പറയുകയാണ്; ഹൃദയംകൊണ്ടും ശരീരംകൊണ്ടും ഒറ്റപ്പെട്ടുപോകുമ്പോള്‍ എന്നിലെ സൂര്യകാന്തി ശോഭിക്കുന്നത് ഇവരോടൊപ്പം കൂടുമ്പോഴാണ്." വരാന്തയിലൂടെ നടന്ന് തൊടിയിലെ പൂന്തോട്ടത്തിലേക്ക് നോക്കിക്കൊണ്ട് ഭവാനിയമ്മൂമ്മ പറഞ്ഞു.
അമ്മൂമ്മയുടെ മറുപടി പുഴയായ്, മഴയായ് മനസ്സിനെ കുളിര്‍പ്പിച്ചു. ഏറെ കൗതുകം തോന്നി. ഒറ്റപ്പെട്ടവനെ ചേര്‍ത്തുപിടിക്കുന്ന പ്രകൃതിയുടെ ചിത്രം ആ മൊഴികളിലൂടെ വരയ്ക്കപ്പെട്ടു. ഒറ്റപ്പെട്ടവന്‍റെ ഉള്ളിലെ സൂര്യകാന്തി പ്രശോഭിക്കുന്നതു കാണുവാനും അത് ആസ്വദിക്കാനും സാധിക്കുക...
നമ്മുടെ സുഹൃത്തുക്കള്‍ വളരെ മനോഹര ചിത്രങ്ങളിലൂടെ വര്‍ണ്ണഭാവനകളിലൂടെ സ്റ്റാറ്റസ് അപ്ടേറ്റ് ചെയ്യുമ്പോള്‍, ഉള്ളു പൊടിഞ്ഞ മറ്റുള്ളവരെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ പോലും അതിനപ്പുറം ആ ഒറ്റ സുഹൃത്തിന്‍റെ അടുത്ത് സുഖമാണോ എന്ന് ചോദിക്കാന്‍ ശ്രമിക്കുമ്പോള്‍ പോലും ഉള്‍വലിയുന്ന മനുഷ്യര്‍ ഈ ഭൂമിയില്‍ ചുറ്റിലും വസിക്കുന്നുണ്ട്.
നമ്മുടെയൊക്കെ സാമീപ്യം വാട്ട്സപ്പ് സ്റ്റാറ്റസില്‍ ഒതുക്കുമ്പോള്‍, ചുവരുള്ള ഒരു മുറിയില്‍ ജീവനുള്ള സാന്നിധ്യം ആഗ്രഹിക്കുന്ന എത്ര മനുഷ്യരുണ്ടീ ഭൂമിയില്‍. ഒന്നു ചേര്‍ത്തുപിടിക്കാന്‍ ഒരു കരം ഉണ്ടായിരുന്നെങ്കില്‍...
ചുറ്റും ജീവിക്കുന്ന ഇടത്തില്‍ ഒരു ഇതള്‍ ആകുവാന്‍... തണല്‍ വിരിക്കുന്ന ശാഖ ആകുവാന്‍... ഇല്ല, നഷ്ടപ്പെട്ടുപോയ നിങ്ങളുടെ സുഹൃത്തിനെ ചേര്‍ത്തുപിടിച്ച് ഒരു നല്ല അത്താഴം പങ്കിടുവാന്‍... കൂടുവിട്ട ദേശാടനക്കിളികളെപ്പോലെ പറന്നു നടക്കുന്ന നിങ്ങളുടെ മക്കള്‍ക്ക് ഇത്തിരി വാത്സല്യമൂട്ടുവാന്‍ .. ദിശതെറ്റിപ്പോയ നിങ്ങളുടെ പങ്കാളിയെ ഒന്നു ചേര്‍ത്തുപിടിച്ച് നേര്‍വഴി ആക്കാന്‍ ... ഒന്നു ശ്രമിച്ചിരുന്നുവെങ്കില്‍... ഭൂമിയുടെ ഋതുഭേദങ്ങള്‍ ആസ്വദിക്കാന്‍ പലര്‍ക്കും സാധിക്കുമായിരുന്നു.
ഋതുഭേദങ്ങള്‍ മാറുന്നു. കാറ്റായ് വീശുന്നു. മഴയായ് വസന്തം പെയ്യുമ്പോള്‍ വരാന്തയില്‍ കണ്ണും മനസ്സും തുറന്ന് ആരെയോ കാത്തിരിക്കും. പെയ്തു തോരുന്ന മഴയില്‍ അവസാനമായി ഒന്നു ചേര്‍ത്തു പിടിക്കാനെത്തുമെന്ന വെമ്പലോടെ... ചോര്‍ന്ന് ഒലിക്കാത്ത വീട് എന്ന പ്രതീക്ഷപോലെ...
ക്രമം തെറ്റിയ മഴയില്‍ കണ്ണുനീരിന്‍റെ ഒപ്പും അലിഞ്ഞൊഴുകി. നമ്മുടെ കോലായില്‍ നമ്മള്‍ക്കു വേണ്ടി തുറന്നിട്ടിരിക്കുന്ന ജാലകങ്ങള്‍ ഉണ്ട്. വരാന്തകള്‍ ഉണ്ട്. സൂര്യകാന്തി പൂക്കളുടെ സൗരഭ്യവും നിശാഗന്ധിക്കുള്ളിലെ സൗരഭ്യവും തങ്ങിനില്പുണ്ട്. സ്നേഹത്തിന്‍റെ ഋതുവില്‍ നിന്ന് ഉണര്‍ത്തുന്ന പ്രാര്‍ത്ഥനാ മിഴികള്‍ നോക്കെത്താദൂരത്തോളം നീണ്ടു.. നീണ്ടു... ചിമ്മിയടയുന്നുണ്ടാവാം. വാടിവീഴും മുമ്പേ...
ആ കണ്ണുകളെ ഒന്നു സ്പര്‍ശിക്കാന്‍, ചിരിച്ചുകൊണ്ട് നോക്കുമ്പോള്‍ ഉള്ളില്‍നിന്ന് വെന്തുനീറി കരയുന്നവന്‍റെ, സ്നേഹം നഷ്ടപ്പെട്ടവന്‍റെ ഇല്ലായ്മയുടെ നോവിന്‍റെ വേദന അറിഞ്ഞവന്‍റെ തടവറയ്ക്കുള്ളില്‍ ആരെയോ പ്രതീക്ഷയോടെ കാത്തിരിക്കുന്നുണ്ടാവും.
മഴയുടെ സൗന്ദര്യം നഷ്ടപ്പെട്ട, വേനല്‍ച്ചൂടില്‍ നീരിനായി ദാഹിക്കുമ്പോള്‍, നിങ്ങളെ പൊതിഞ്ഞു നില്ക്കുന്ന സ്നേഹത്തിന്‍റെ സൗന്ദര്യം കണ്ടെത്തനാകട്ടെ...
സ്നേഹത്തിന്‍റെ ഭവാനിപ്പുഴകള്‍ ഇനിയുമിനിയും ഈ മണ്ണിലൂടൊഴുകട്ടെ.