എല്ലാ ഭയങ്ങളും ഇല്ലായ്മ ചെയ്യുന്ന ദൈവത്തെ മാത്രമാണു ഭയപ്പെടേണ്ടതെന്നും (ലൂക്കാ 12:1-12) പക്ഷിയെയും പുല്ലിനെയുംവരെ കാത്തു പരിപാലിക്കുന്നത് അവിടുന്നാണെന്നും (ലൂക്കാ 12:22-34) പഠിപ്പിക്കുന്ന ഭാഗങ്ങള്‍ക്കിടയിലാണ് ഭോഷനായ ധനികന്‍റെ ഉപമ (ലൂക്കാ 12:16-21) സുവിശേഷത്തില്‍ നമ്മള്‍ വായിക്കുന്നത്. സത്യത്തില്‍, വളരെ എന്‍റര്‍ പ്രൈസിങ്ങായ ഒരു മനുഷ്യനാണ് ഈ ഉപമയിലെ പ്രധാന കഥാപാത്രം. കൃഷിസ്ഥലം സമൃദ്ധമായ വിളവു നല്‍കിയതിനെതുടര്‍ന്ന് കൃത്യമായ കണ ക്കുക്കൂട്ടലുകള്‍ നടത്തുന്നുണ്ട് അയാള്‍. ജീവിതം വൃഥാ കളയുന്നത് അയാള്‍ക്കൊന്നു ചിന്തിക്കാന്‍ കൂടി കഴിയുന്ന കാര്യമല്ല. "അവന്‍ പറഞ്ഞു: ഞാന്‍ ഇങ്ങനെ ചെയ്യും, എന്‍റെ അറപ്പുരകള്‍ പൊളിച്ച്, കൂടുതല്‍ വലിയവ പണിയും; അതില്‍ എന്‍റെ ധാന്യവും വിഭവങ്ങളും സംഭരിക്കും" (ലൂക്കാ 12:18).
പ്രശ്നത്തിനു കൃത്യമായ പരിഹാരംതന്നെയാണ് അയാള്‍ കണ്ടെത്തിയത്. പക്ഷേ, ഇവിടെ ശ്രദ്ധിക്കേണ്ടത്, അയാളല്ലാതെ അയാള്‍ക്കു ചര്‍ച്ച ചെയ്യാന്‍ കഥയില്‍ മറ്റൊരാളില്ലെന്നതാണ്. അയാള്‍ ആലോചിക്കുന്നത് തന്നോടുതന്നെ. അയാള്‍ സംസാരിക്കുന്നതും തന്നോടുതന്നെ. "അനന്തരം ഞാന്‍ എന്‍റെ ആത്മാവിനോടു പറയും: ആത്മാവേ, അനേകവര്‍ഷത്തേക്കു വേണ്ട വിഭവങ്ങള്‍ നിനക്കായി സംഭരിക്കപ്പെട്ടിരിക്കുന്നു. വിശ്രമിക്കുക, തിന്നുകുടിച്ച് ആനന്ദിക്കുക" (ലൂക്കാ 12 : 19). അറപ്പു രകള്‍ മാത്രമല്ല അയാള്‍ പണിതത്, തനിക്കു ചുറ്റും അതിബൃഹത്തായ ഒരു ശൂന്യതകൂടിയാണ്.
കഠിനാധ്വാനവും പ്ലാനിങ്ങും നിറഞ്ഞ ഈ മനുഷ്യനെ സുവിശേഷം വിലയിരുത്തുന്നത് ധനത ത്ത്വശാസ്ത്രത്തിന്‍റെ വെളിച്ചത്തിലല്ല, ദൈവശാസ്ത്രത്തിന്‍റെ വെളിച്ചത്തിലാണ്. അതുകൊണ്ടാണ് ഉപമ അയാള്‍ക്കു ഭോഷനെന്ന റ്റൈറ്റില്‍ സമ്മാനിക്കുന്നത്. അതിനു പിറകില്‍ ചില ബൈബിള്‍ പാഠങ്ങളുണ്ട്.
"സ്വര്‍ണമായിരുന്നു എന്‍റെ ആശ്രയമെങ്കില്‍, തങ്കത്തില്‍ എന്‍റെ പ്രത്യാശ അര്‍പ്പിച്ചിരുന്നെങ്കില്‍, എന്‍റെ സമ്പത്ത് വലുതായിരുന്നതുകൊണ്ടോ എന്‍റെ കൈകളില്‍ ഏറെ ധനം വന്നുചേര്‍ന്നതു കൊണ്ടോ ഞാന്‍ ആനന്ദിച്ചിരുന്നെങ്കില്‍, എന്‍റെ ഹൃദയം ഗൂഢമായി വശീകരിക്കപ്പെടുകയും ഞാന്‍ എന്‍റെ കരം ചുംബിക്കുകയും ചെയ്തിരുന്നെങ്കില്‍, ... അത് ഉന്നതനായ ദൈവത്തെ തിരസ്കരിക്ക ലാകുമായിരുന്നു" (ജോബ് 31 : 24-28). "ഞാന്‍ വലിയ കാര്യങ്ങള്‍ ചെയ്തു; ഞാന്‍ എനിക്കുവേണ്ടി മാളികകള്‍ പണിതു; മുന്തിരിത്തോട്ടങ്ങള്‍ നട്ടുപിടി പ്പിച്ചു. ഉദ്യാനങ്ങളും ഉപവനങ്ങളും ഉണ്ടാക്കി, അവയില്‍ എല്ലാത്തരം ഫലവൃക്ഷങ്ങളും നട്ടു. ... സ്വര്‍ണവും വെള്ളിയും ... സ്വന്തമാക്കി. അനേകം ഗായകന്മാരും ഗായികമാരും എനിക്കുണ്ടായിരുന്നു. മനുഷ്യന്‍ ആഗ്രഹിക്കുന്ന എല്ലാ സുഖഭോഗങ്ങളും ഞാന്‍ സമ്പാദിച്ചു. ... എന്‍റെ നയനങ്ങള്‍ അഭിലഷി ച്ചതൊന്നും ഞാന്‍ അവയ്ക്കു നിഷേധിച്ചില്ല; ... എന്‍റെ പ്രയത്നങ്ങളിലെല്ലാം എന്‍റെ ഹൃദയം സന്തോഷിച്ചു, ... പിന്നെ ഞാന്‍ ഉണ്ടാക്കിയവ യെയും അതിനുവേണ്ടിച്ചെയ്ത അധ്വാനത്തെയും ഞാന്‍ നിരൂപണം ചെയ്തു. എല്ലാം മിഥ്യയും പാഴ്വേലയുമായിരുന്നു! സൂര്യനു കീഴേ ഒരു നേട്ടവു മില്ലെന്ന് എനിക്കു ബോധ്യപ്പെട്ടു" (സഭാപ്രസംഗ കന്‍ 2 : 4-11). "ഈ ലോകത്തിലെ ധനവാന്മാരോട്, ഔദ്ധത്യം ഉപേക്ഷിക്കാനും തങ്ങളുടെ പ്രതീക്ഷകള്‍ അനിശ്ചിതമായ സമ്പത്തില്‍ വയ്ക്കാതെ, അവയെല്ലാം നമുക്കനുഭവിക്കുവാന്‍വേണ്ടി ധാരാളമായി നല്കിയിട്ടുള്ള ദൈവത്തില്‍ അര്‍പ്പിക്കാനും നീ ഉദ്ബോധിപ്പിക്കുക. അവര്‍ നന്മചെയ്യണം. സത്പ്രവൃത്തികളില്‍ സമ്പന്നരും വിശാലമനസ്കരും ഉദാരമതികളും ആയിരിക്കയും വേണം. അങ്ങനെ, യഥാര്‍ത്ഥ ജീവന്‍ അവകാശമാക്കുന്നതിന് അവര്‍ തങ്ങളുടെ ഭാവിക്കു ഭദ്രമായ അടിത്തറ പണിയട്ടെ" (1 തിമോത്തിയോസ് 6 : 17-19).
ഇത്തരത്തിലുള്ള പാഠങ്ങള്‍ പഴയ നിയമത്തിലും പുതിയ നിയമത്തിലും എത്രവേണമെങ്കിലുമുണ്ട്. വിശദീകരണമൊന്നും ഇല്ലാതെ തന്നെ വ്യക്തമാണല്ലോ ഇവയെല്ലാം. ഈ ബൈബിള്‍ വാക്യങ്ങളുടെ കൂട്ടത്തില്‍ പരിഗണിക്കേണ്ട വേറെ ചില വാക്യങ്ങള്‍ കൂടിയുണ്ട്. "അതുകൊണ്ട് നിങ്ങളില്‍ ഭൗമികമായിട്ടുള്ളതെല്ലാം - അസന്മാര്‍ഗി കത, അശുദ്ധി, മനഃക്ഷോഭം, ദുര്‍വിചാരങ്ങള്‍, വിഗ്ര ഹാരാധനതന്നെയായ ദ്രവ്യാസക്തി ഇവയെല്ലാം - നശിപ്പിക്കുവിന്‍" (കൊളോസോസ് 3 : 5). അപ്പോള്‍ പൗലോസിന്‍റെ ഈ ലേഖനം പഠിപ്പിക്കുന്നത് പണത്തോടുള്ള ആസക്തി വിഗ്രഹാരാധനയാണെന്നാണ്. എഫേസൂസ് ലേഖനം അത്യാഗ്രഹിയെയും വിഗ്രഹാരാധകനെയും ചേര്‍ത്തുനിര്‍ത്തുമ്പോള്‍ ഇതേ നിലപാട് ആവര്‍ത്തിക്കുകയാണ്: "വ്യഭിചാ രിക്കും അശുദ്ധനും അത്യാഗ്രഹിക്കും വിഗ്രഹാരാധ കനും ദൈവത്തിന്‍റെയും ക്രിസ്തുവിന്‍റെയും രാജ്യത്തില്‍ അവകാശമില്ലെന്നു നിങ്ങള്‍ അറിഞ്ഞു കൊള്ളുവിന്‍" (എഫേസോസ് 5 : 5). മാമോനെ ആരാധിക്കുന്നവന് ദൈവത്തെ ആരാധിക്കാനാകി ല്ലെന്നു സുവിശേഷം (ലൂക്കാ 16:13) അസന്ദിഗ്ദ്ധ മായി പ്രഖ്യാപിക്കുമ്പോള്‍, പുതിയ നിയമത്തിലെ ദൈവത്തിന്‍റെ വിപരീതം പണമാണെന്നതു വ്യക്തമാണല്ലോ. "പണത്തോടുള്ള ആസക്തി വിഗ്രഹാരാധനയിലേക്ക് ഒരുവനെ എത്തിക്കുന്നു; ദൈവമല്ലാത്തതിനെ ദൈവമായി അത് അവതരി പ്പിക്കുന്നു"വെന്ന് ബി.സി. രണ്ടാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട Testament of Judah പഠിപ്പിക്കുന്നത് സുവിശേഷ നിലപാടിനോടു ചേര്‍ന്നു നില്‍ക്കുന്നു.
പണം എന്ന വിഗ്രഹം ദൈവത്തെ നിഷ്കാസനം ചെയ്യുന്നുവെന്ന് ഈ വാക്യങ്ങളെല്ലാം പഠിപ്പിക്കുന്നു. ഇതാണു പ്രായോഗിക നിരീശ്വരവാദം. ഈ വാദം ദൈവമില്ലെന്നു പറയുന്നില്ല. ദൈവമുണ്ടോ എന്നതു ചിന്തിക്കേണ്ട ഒരു കാര്യംപോലുമായി ഈ വാദത്തിനു തോന്നുന്നില്ല. അത്തരം വാദക്കാരുടെ ചിന്തകളില്‍ ആകെ നിറയുന്നതു വലിയ കളപ്പുരകളും തീറ്റയും കുടിയുമാണ്. ദൈവത്തിനോ, ദൈവത്തിന്‍റെ കല്‍പനകള്‍ക്കോ അവരുടെ ജീവിതത്തില്‍ സ്ഥാനമൊന്നുമില്ല. ദൈവമില്ലെന്നു വാദിക്കുന്ന ഫിലോസഫിക്കല്‍ നിരീശ്വരവാദിയെ ബൈബിള്‍ വിളിക്കുന്നത് "മൂഢന്‍" എന്നാണല്ലോ (സങ്കീര്‍ത്തനം 14:1; 53:1). അങ്ങനെയെങ്കില്‍, എല്ലാ പ്രായോഗികാര്‍ത്ഥത്തിലും പണംകൊണ്ട് ദൈവത്തെ നിഷ്കാസനം ചെയ്ത ഉപമയിലെ ധനവാനു ചേര്‍ന്ന പേര് 'ഭോഷന്‍' എന്നതുതന്നെയാണ്. "നിരന്തരമായ പ്രയത്നംകൊണ്ടും ലോഭം കൊണ്ടും ധനികരാകുന്നവരുണ്ട്; ഇതാണ് അവരുടെ നേട്ടം. ഞാന്‍ വിശ്രമം കണ്ടെത്തി; എന്‍റെ സമ്പ ത്തില്‍ ഞാന്‍ ആനന്ദിക്കും എന്ന് അവന്‍ പറയുന്നു; എല്ലാം വെടിഞ്ഞ് ലോകം വിടാന്‍ എത്രനേരമുണ്ടെന്ന് അവന്‍ അറിയുന്നില്ല" എന്ന പ്രഭാഷക പാഠം (11 : 18-19) മനനം ചെയ്യാത്തവര്‍ ഭോഷരല്ലെങ്കില്‍ പിന്നെ മറ്റാരാണ്?
ഈ ഉപമയില്‍ ഞാന്‍, എന്‍റെ, എനിക്ക് എന്നീ പദങ്ങള്‍ നിറഞ്ഞുനില്‍ക്കുകയാണ്: "ഞാനെന്തു ചെയ്യും?," "എനിക്കു സ്ഥലമില്ലല്ലോ," "ഞാനിങ്ങനെ ചെയ്യും," "എന്‍റെ അറപ്പുരകള്‍," "എന്‍റെ ധാന്യവും വിഭവങ്ങളും," "എന്‍റെ ആത്മാവ,്" "എനിക്കായി" ധനിനക്കായിപ സംഭരിക്കപ്പെട്ടിരിക്കുന്നു." സ്വന്തം ജീവിതത്തിന്‍റെ കടിഞ്ഞാണ്‍ തന്‍റെ കൈകളിലാണെന്നു പണം സൃഷ്ടിക്കുന്ന മായക്കാഴ്ചയില്‍ അയാള്‍ക്കങ്ങു തോന്നുകയാണ്. അതുകൊണ്ടാണ് അനേകവര്‍ഷത്തേക്ക് താന്‍ ഇവിടെയൊക്കെ ഉണ്ടാകുമെന്ന് അയാള്‍ വിചാരി ച്ചുപോകുന്നത്.
അനേക വര്‍ഷത്തേക്കുള്ള വിഭവങ്ങള്‍ സംഭ രിച്ച് ആനന്ദിച്ചു തിമിര്‍ക്കാന്‍ തയ്യാറെടുത്തു നില്‍ ക്കുന്ന അയാള്‍ക്കാണ് കൊള്ളിയാന്‍ കണക്ക് ഒരു വെളിപാടുണ്ടാകുന്നത്: "ഇന്നു രാത്രി നിന്‍റെ ആത്മാ വിനെ നിന്നില്‍നിന്ന് ആവശ്യപ്പെടും; അപ്പോള്‍ നീ ഒരുക്കിവെച്ചിരിക്കുന്നവ ആരുടേതാകും? " (ലൂക്കാ 12 :20) ജീവിതവും അതിന്‍റെ നിയന്ത്രണവും എല്ലാമെല്ലാം ദൈവത്തിന്‍റെ കൈകളിലാണെന്ന് ആദ്യ ചുവടുവയ്പുമുതല്‍ ഏതൊരാളും അറിയേ ണ്ടതാണ്. എന്നാല്‍ ഭോഷനായ ധനികന്‍ അക്കാര്യം അറിഞ്ഞത് അവസാനം മാത്രമാണ്. "എന്‍റെ ആത്മാവേ" എന്നയാള്‍ വിളിച്ച ആത്മാവു പോലും അയാളുടേതല്ലെന്നതാണു നഗ്നസത്യം. ("എന്‍റെ ആത്മാവു വിഷാദം പൂണ്ടിരിക്കുന്നു; ... എന്‍റെ ആത്മാവേ, നീ എന്തിനു വിഷാദിക്കുന്നു, നീ എന്തിനു നെടുവീര്‍പ്പിടുന്നു? ദൈവത്തില്‍ പ്രത്യാശ വയ്ക്കുക; ..." എന്ന സങ്കീര്‍ത്തന (42:6,11) ഭാഗത്തു 'ആത്മാവ്' എന്നത് മുഴുവന്‍ വ്യക്തി യെയും കുറിക്കാനായിട്ടാണ് ഉപയോഗിച്ചിരിക്കു ന്നത്. ബൈബിളില്‍ ഉടനീളം 'ആത്മാവ്' മനുഷ്യ വ്യക്തിയെയാണു സൂചിപ്പിക്കുന്നത്.) നമ്മളും നമ്മുടെ സ്വന്തവും എല്ലാം കടമെടുത്തതാണെന്നതാണ് പച്ചപരമാര്‍ത്ഥം. പകല്‍പോലെ വ്യക്തമായ ഇത്തരം വസ്തുതകളെക്കുറിച്ചുള്ള അജ്ഞത ഭോഷത്തമല്ലെങ്കില്‍പ്പിന്നെ മറ്റെന്താണ്?
"ഇതുപോലെയാണ് ദൈവസന്നിധിയില്‍ സമ്പന്നനാകാതെ തനിക്കുവേണ്ടി സമ്പത്തു ശേഖരിച്ചു വയ്ക്കുന്നവനും" (ലൂക്കാ 12 : 21) എന്നൊരു കമന്‍റോടുകൂടി യേശു ഉപമ അവസാനിപ്പിക്കുന്നതായിട്ടാണ് ലൂക്കാ അവതരിപ്പിക്കുന്നത്. ഈ പാഠത്തെ കൂടുതല്‍ വ്യക്തമാക്കാന്‍ മറ്റു ചില വേദ വാക്യങ്ങള്‍ പരിഗണിച്ചാല്‍മാത്രം മതിയെന്നു വിചാരിക്കുന്നു: ".... നിന്‍റെ സമ്പാദ്യത്തില്‍നിന്നു ദാനം ചെയ്യുക. ദാനധര്‍മം ചെയ്യുന്നതില്‍ മടി കാണിക്കരുത്. പാവപ്പെട്ടവനില്‍ നിന്നു മുഖം തിരിക്കരുത്. സമ്പത്തേറുമ്പോള്‍ അതനുസരിച്ചു ദാനം ചെയ്യുക. കുറച്ചേ ഉള്ളുവെങ്കില്‍ അതനുസരിച്ചു ദാനം ചെയ്യാന്‍ മടിക്കരുത്. ദരിദ്രകാലത്തേക്ക് ഒരു നല്ല സമ്പാദ്യം നേടിവയ്ക്കുകയായിരിക്കും നീ അതുവഴിചെയ്യുന്നത്. എന്തെന്നാല്‍ ദാനധര്‍മം മൃത്യുവില്‍നിന്നു രക്ഷിക്കുകയും അന്ധകാരത്തില്‍ പ്പെടുന്നതില്‍ നിന്നു കാത്തുകൊള്ളുകയും ചെയ്യുന്നു. ദാനധര്‍മം അത്യുന്നതന്‍റെ സന്നിധിയില്‍ വിശിഷ്ടമായ കാഴ്ചയാണ്" (തോബിത് 4 : 7-11). "നിങ്ങളുടെ സമ്പത്തു വിറ്റ് ദാനം ചെയ്യുവിന്‍. പഴകിപ്പോകാത്ത പണസഞ്ചികള്‍ കരുതിവയ്ക്കുവിന്‍. ഒടുങ്ങാത്ത നിക്ഷേപം സ്വര്‍ഗത്തില്‍ സംഭരിച്ചു വയ്ക്കുവിന്‍. അവിടെ കള്ളന്മാര്‍ കടന്നുവരുകയോ ചിതല്‍ നശിപ്പിക്കുകയോ ഇല്ല" (ലൂക്കാ 12 : 33). "അതുകേട്ട് യേശു പറഞ്ഞു: ഇനിയും നിനക്ക് ഒരു കുറവുണ്ട്. നിനക്കുള്ളതെല്ലാം വിറ്റു ദരിദ്രര്‍ക്കു കൊടുക്കുക, അപ്പോള്‍ സ്വര്‍ഗത്തില്‍ നിനക്കു നിക്ഷേപം ഉണ്ടാകും. അനന്തരം വന്ന് എന്നെ അനു ഗമിക്കുക" (ലൂക്കാ 18 : 22). തനിക്കുള്ളതെല്ലാം ഇല്ലാത്തവരുമായി പങ്കുവച്ച ആ നിമിഷം സക്കേവൂ സിന്‍റെ വീട്ടിലേക്ക് രക്ഷ ഇറങ്ങി വന്നുവെ ന്നാണല്ലോ യേശുവിന്‍റെ സാക്ഷ്യം (ലൂക്കാ 19:1-9). ലാസറുമായി ഉള്ളതു പങ്കുവയ്ക്കാത്ത ധനവാന്‍ വല്ലാതെ ദരിദ്രനായി പോയ ചിത്രം കൂടി (ലൂക്കാ 16:19-31) ഈ പാഠങ്ങളോടു ചേര്‍ത്തുവയ്ക്കുമ്പോള്‍, ദൈവസന്നിധിയില്‍ ആരാണു സമ്പന്നനും ദരിദ്രനും ആകുന്നതെന്നതു വ്യക്തമാണല്ലോ.
ഭോഷനായ ധനികന്‍റെ ഉപമ പറയപ്പെട്ടത് ഒരു സ്വത്തുതര്‍ക്കത്തിന്‍റെ കാര്യം യേശുവിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണല്ലോ (ലൂക്കാ 12:13-14). ഈ ഉപമ ലൂക്കായുടെ സുവിശേ ഷത്തില്‍ മാത്രമേ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളൂ. ഇതിനോടു വളരെ സാമ്യമുള്ള ഒരുപമയുള്ളത് തോമസിന്‍റെ സുവിശേഷത്തിലാണ് (63). ലൂക്കാ യില്‍ കാണുന്ന അതേ സ്വത്തുതര്‍ക്കത്തെക്കുറിച്ച് തോമസിന്‍റെ സുവിശേഷം 72-ാം വാക്യത്തിലാണു പരാമര്‍ശിക്കുന്നത്. (അതായത്, ഉപമ പറഞ്ഞതിനു കുറേ ശേഷമാണ് സ്വത്തുതര്‍ക്കം വരുന്നത്.) അപ്പോള്‍, നമ്മുടെ ഉപമ, സ്വത്തുതര്‍ക്കത്തിന്‍റെ ഒരു പശ്ചാത്തലത്തില്‍തന്നെ പറയപ്പെട്ടതാണെന്നു കണിശമായി വാദിക്കുക വയ്യ. സ്വത്തുതര്‍ക്കത്തില്‍ പരാതിയുമായി വന്നവന്‍റെ ഭാഗത്താണു നീതിയെന്ന് ഒരു നിമിഷം സങ്കല്‍പിക്കുക. (പരാതിക്കാരന്‍റെ ഭാഗത്ത് അനീതിയുണ്ടെന്നു പറയാത്ത നിലയ്ക്ക് ഇങ്ങനെയൊന്നു സങ്കല്പിക്കുന്നതില്‍ പിശകില്ല.) ലൂക്കാ അവതരിപ്പിച്ചിരിക്കുന്ന രീതിയില്‍തന്നെയാണു സംഭവങ്ങളുടെ ക്രമമെ ങ്കില്‍, ഒരു ഉപമ പറഞ്ഞ് നീതിയുടെ പ്രശ്നത്തെ യേശു ഒഴിവാക്കിയെന്നു സമ്മതിക്കേണ്ടിവരും. തോമസിന്‍റെ സുവിശേഷത്തില്‍ കാണുന്നതു മറ്റൊരു ക്രമമായതുകൊണ്ട്, ലൂക്കായുടെ സുവിശേഷത്തിലെ ക്രമം ലൂക്കായുടെതന്നെ സൃഷ്ടിയാണെന്നതാണു വസ്തുത. ഭോഷനായ ധനികന്‍റെ ഉപമ പറയപ്പെട്ടത് ചിതലരിക്കുന്ന നിക്ഷേപത്തെക്കുറിച്ചും ചിതലരിക്കാത്ത നിക്ഷേപ ത്തെക്കുറിച്ചും പഠിപ്പിക്കാനാണ്; അല്ലാതെ നീതിയെക്കുറിച്ച് പഠിപ്പിക്കാനല്ല. നീതിയുടെ ചോദ്യ ങ്ങളെ അവഗണിക്കാന്‍ ഈ ഉപമ ഉപയോഗിച്ചു കൂടാത്തതാണ്. കാരണം, നീതിക്കുവേണ്ടി വ്യക്തവും കണിശവുമായ നിലപാടുകള്‍ ബൈബി ളില്‍ എത്ര വേണമെങ്കിലുമുണ്ട്. ഒരുദാഹരണം മാത്രം ഇവിടെ നല്‍കാം: "നിങ്ങളുടെ നിലങ്ങളില്‍ നിന്നു വിളവു ശേഖരിച്ച വേലക്കാര്‍ക്കു കൊടു ക്കാതെ പിടിച്ചുവച്ച കൂലി ഇതാ, നിലവിളിക്കുന്നു. കൊയ്ത്തുകാരുടെ നിലവിളി സൈന്യങ്ങളുടെ കര്‍ത്താവിന്‍റെ കര്‍ണപുടങ്ങളില്‍ എത്തിയിരിക്കുന്നു. നിങ്ങള്‍ ഭൂമിയില്‍ ആഡംബരപൂര്‍വ്വം സുഖലോലുപരായി ജീവിച്ചു. കൊലയുടെ ദിവസത്തേക്കു നിങ്ങളുടെ ഹൃദയങ്ങളെ നിങ്ങള്‍ കൊഴുപ്പിച്ചിരിക്കുന്നു" (യാക്കോബ് 5 : 4-5).
എല്ലാ ആഘോഷങ്ങളും ജീവിതത്തില്‍നിന്ന് ഇല്ലായ്മ ചെയ്യണമെന്നും ഈ ഉപമ പഠിപ്പിക്കുന്നില്ല. ധൂര്‍ത്തപുത്രന്‍റെ ഉപമയില്‍ (ലൂക്കാ 15:11-32), മടങ്ങി വന്നവന്‍റെ കൈയില്‍ മോതിരവും കാലില്‍ ചെരിപ്പും ഉടലില്‍ മേല്‍ത്തരം വസ്ത്രവും അണിഞ്ഞും എല്ലാവര്‍ക്കും മേല്‍ത്തരം ഭക്ഷണം വിളമ്പിയുമാണ് ആഹ്ലാദം കൊഴുപ്പിക്കുന്നത്. ആഹ്ലാദവും ആഘോഷവും അതില്‍തന്നെ തെറ്റാണെന്ന് അപ്പോള്‍ സുവിശേഷം പഠിപ്പിക്കുന്നില്ല.
സ്വത്തു സമ്പാദനത്തിന് എതിരുമല്ല ഈ ഉപമയുടെ പാഠം. ഉപമയുടെ കേന്ദ്രപ്രമേയം എന്തെ ന്നത് ഉപമയുടെ ആരംഭത്തില്‍തന്നെ പറയുന്നുണ്ട്: "അനന്തരം അവന്‍ അവരോടു പറഞ്ഞു: ജാഗരൂക രായിരിക്കുവിന്‍, എല്ലാ അത്യാഗ്രഹങ്ങളിലുംനിന്ന് അകന്നിരിക്കുകയും ചെയ്യുവിന്‍. മനുഷ്യജീവിതം സമ്പത്തുകൊണ്ടല്ല ധന്യമാകുന്നത്" (ലൂക്കാ 12 : 15). സമ്പത്തിനപ്പുറത്ത് ജീവിതമില്ലെന്നു കരുതി യതും അതിന്‍റെ പുറത്തുള്ള ജീവിതശൈലിയുമാണ് ധനികന്‍റെ ഭോഷത്തം. "ഭൂമിയില്‍ നിക്ഷേപം കരുതിവയ്ക്കരുത്. തുരുമ്പും കീടങ്ങളും അവ നശിപ്പിക്കും; കള്ളന്മാര്‍ തുരന്നു മോഷ്ടിക്കും. എന്നാല്‍ സ്വര്‍ഗത്തില്‍ നിങ്ങള്‍ക്കായി നിക്ഷേപ ങ്ങള്‍ കരുതിവയ്ക്കുക. അവിടെ തുരുമ്പും കീട ങ്ങളും അവ നശിപ്പിക്കുകയില്ല; കള്ളന്മാര്‍ മോഷ്ടി ക്കുകയില്ല. നിങ്ങളുടെ നിക്ഷേപം എവിടെയോ അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും" (മത്തായി 6 : 19-21) എന്ന പാഠംതന്നെയാണ് ഈ ഉപമയുടെ പാഠവും.