news-details
വേദ ധ്യാനം

കാര്യസ്ഥന്‍റെ ബുദ്ധി എന്നാണു നമുക്കുണ്ടാകുക?

അനേകം വ്യാഖ്യാനങ്ങള്‍ക്കു വഴിവച്ച ഉപമയാണ് അവിശ്വസ്തനായ  കാര്യസ്ഥന്‍റെ ഉപമ (ലൂക്കാ 16:1-13). ഉപമയുടെ ചില വ്യാഖ്യാനങ്ങള്‍ക്കിടയില്‍ വലിയ വ്യത്യാസങ്ങളും നമുക്കു കാണാനാകും. 16:1-7 - ലാണല്ലോ ഉപമ നാം വായിക്കുന്നത്. ഉപമയുടെ അവസാനം എന്തു സംഭവിച്ചുവെന്ന് യേശു പറഞ്ഞുതരികയാണ് 8-ാം വാക്യത്തിലെ ആദ്യ ഭാഗത്ത്. ("കൗശലപൂര്‍വം പ്രവര്‍ത്തിച്ചതിനാല്‍ നീതിരഹിതനായ കാര്യസ്ഥനെ യജമാനന്‍ പ്രശംസിച്ചു"ലൂക്കാ 16:8a). ഉപമയ്ക്കു പുറത്തു പറയപ്പെട്ട കാര്യമാണിത്. അതായത്, ഉപമയ്ക്കകത്ത് കാര്യസ്ഥന്‍റെ അനീതിക്കാണ് ഊന്നലെങ്കില്‍, ഉപമയ്ക്കു പുറത്ത് അയാളുടെ ബുദ്ധിവൈഭവത്തിനാണ് ഊന്നല്‍. അങ്ങനെ കാര്യസ്ഥന്‍റെ അവിശ്വസ്തതയില്‍ നിന്ന് അയാളുടെ വിവേകത്തിലേക്ക് ഉപമയുടെ ഫോക്കസ് തിരിച്ചു വിടുകയാണ് ലൂക്കാ 16:8b. തുടര്‍ന്ന്, വെളിച്ചത്തിന്‍റെ മക്കളോട് കാര്യസ്ഥന്‍റെ ബുദ്ധി കണ്ടുപഠിക്കാന്‍ പറയു മ്പോഴും കാര്യസ്ഥന്‍റെ അവിശ്വസ്തതയല്ല, അയാളുടെ ബുദ്ധിയാണ് ഉപമയുടെ കേന്ദ്ര പ്രമേയം എന്നതു വ്യക്തം ("ഈ യുഗത്തിന്‍റെ മക്കള്‍ തങ്ങളുടെ തലമുറയില്‍ വെളിച്ചത്തിന്‍റെ മക്കളെക്കാള്‍ ബുദ്ധിശാലികളാണ്" ലൂക്കാ 16 : 8b). അപ്പോള്‍ 'അവിശ്വസ്തനായ കാര്യസ്ഥന്‍' എന്നതിനേക്കാള്‍ 'ബുദ്ധിയുള്ള കാര്യസ്ഥന്‍' എന്നതാകും ഉപമയ്ക്ക് ഉചിതമായ തലക്കെട്ട്. (ആനുഷംഗികമായി സൂചിപ്പിക്കട്ടെ, വിവിധ അധ്യായങ്ങളായി ബൈബിളിനെ വിഭജിച്ചത് 13-ാം നൂറ്റാണ്ടില്‍ കാന്‍റര്‍ബറി ആര്‍ച്ച്ബിഷപ് സ്റ്റീഫന്‍ ലാങ്റ്റണ്‍ ആണ്. വാക്യങ്ങള്‍ക്കു സംഖ്യകള്‍ നല്‍കപ്പെട്ടത് 16-ാം നൂറ്റാ ണ്ടിലുമാണ്. ഓരോ പാസേജിനുമുള്ള തലക്കെട്ടുകള്‍ അതിനുംശേഷം ഓരോരോ പരിഭാഷകര്‍ പിന്നീടു നല്‍കിയതാണ്. അവയൊന്നും ബിബ്ലിക്കല്‍ ടെക്സ്റ്റിന്‍റെ അവിഭാജ്യ ഭാഗമല്ല).

ഉപമയിലെ കാര്യസ്ഥന്‍ അവിശ്വസ്തനാണെന്നതിനെക്കുറിച്ച് രണ്ടഭിപ്രായമില്ല. ഉപമയുടെ 1-ാം വാക്യത്തിലും 8-ാം വാക്യത്തിലും അങ്ങനെതന്നെയാണ് അയാളെക്കുറിച്ചു പറയുന്നത്. യജമാനനില്‍നിന്നു നൂറു ബത്ത എണ്ണ കടം വാങ്ങിയവനോടു കാര്യസ്ഥന്‍ പറയുന്നത് "ഇതാ, നിന്‍റെ പ്രമാണം, എടുത്ത് അമ്പതു ബത്ത എന്നു തിരുത്തിയെഴുതുക"(16:6) എന്നാണ്. ഇംഗ്ലീഷില്‍ നാം ഇങ്ങനെ വായിക്കുന്നു: "Take your bill, sit down quickly, and make it fifty'' (NRSV) പ്രമാണം വേഗം തിരുത്താന്‍ പറയുന്നത് കള്ളത്തരമാണു ചെയ്യുന്ന തെന്ന സൂചന വായനക്കാരനു നല്‍കാന്‍തന്നെയാണ്.

എങ്കിലും തുടര്‍ന്നു വരുന്ന ഭാഗത്തു (16:8-13) കാര്യസ്ഥന്‍റെ അധര്‍മത്തെക്കുറിച്ച് ഒരു ചെറിയ പരാമര്‍ശം പോലുമില്ല. ഈ വാക്യങ്ങളാകട്ടെ, ഉപമയോട് (16:1-7) അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നവയാണ്. ഉപമയിലെ 4-ാം വാക്യവും ഉപമയുടെ വെളിയിലുള്ള 9-ാം വാക്യവും എത്ര സമാനമാണെന്നു നോക്കുക: "എന്നാല്‍, യജമാനന്‍ കാര്യസ്ഥത എന്നില്‍നിന്ന് എടുത്തു കളയുമ്പോള്‍ ആളുകള്‍ തങ്ങളുടെ വീടുകളില്‍ എന്നെ സ്വീകരിക്കേണ്ടതിന് എന്തു ചെയ്യണമെന്ന് എനിക്കറിയാം" (16:4). "ഞാന്‍ നിങ്ങളോടു പറയുന്നു. അധാര്‍മിക സമ്പത്തുകൊണ്ട് നിങ്ങള്‍ക്കായി സ്നേഹിതരെ സമ്പാദി ച്ചുകൊള്ളുവിന്‍. അതു നിങ്ങളെ കൈവെടിയുമ്പോള്‍ അവര്‍ നിങ്ങളെ നിത്യകൂടാരങ്ങളില്‍ സ്വീകരിക്കും" (16:9). ആദ്യത്തെ വാക്യം വീട്ടില്‍ സ്വീകരി ക്കുന്നതിനെക്കുറിച്ചും രണ്ടാമത്തേതു കൂടാരത്തില്‍ സ്വീകരിക്കുന്നതിനെക്കുറിച്ചുമാണല്ലോ. 4-ാം വാക്യവും 9-ാം വാക്യവും ഉപമയെയും (16:1-7) ഉപമയ്ക്കു ശേഷമുള്ള ഭാഗത്തെയും (16:8 -13) ഒരു കൊളുത്തിട്ടു ബന്ധിപ്പിച്ചതുപോലെ ഒന്നാക്കി നിര്‍ത്തുന്നു. 9-ാം വാക്യത്തില്‍ കാണുന്ന 'അധാര്‍മിക സമ്പത്ത്' എന്ന പ്രയോഗം അതേപടി 11-ാം വാക്യത്തിലുമുണ്ട്. കാര്യസ്ഥന്‍, ഭൃത്യന്‍, ധനം എന്നീ പ്രധാനപ്പെട്ട വാക്കുകള്‍ പലയാവര്‍ത്തി 16:1-13 ല്‍ വരുന്നുണ്ട്. ഇവ കൊളുത്തുകള്‍ പോലെ വര്‍ത്തിക്കുന്നതായി മനസ്സിലാക്കിയാല്‍, 16:1-13 നെ ഒരൊറ്റ പാസേജായിട്ടാണ് നാം വായിക്കേണ്ടതെന്നു ലൂക്കാ ആഗ്രഹിക്കുന്നതായി നമുക്കു കാണാം. അതുകൊണ്ടുതന്നെ, ദുര്‍ഗ്രഹമായ ഈ ഉപമ കൊണ്ട് യേശു ഉദ്ദേശിച്ചതെന്തെന്നു ഗ്രഹിക്കാന്‍ നമുക്ക് ആശ്രയിക്കാവുന്നത് ഉപമയ്ക്കുശേഷമുള്ള ഭാഗം ഉപമയെ അധികരിച്ച് എന്തു പറയുന്നു എന്നതുതന്നെയാണ്.

കാര്യസ്ഥന്‍റെ അവിശ്വസ്തത നിമിത്തം അയാളെ യജമാനന്‍ ജോലിയില്‍നിന്നു പിരിച്ചുവിട്ടുകഴിയുമ്പോള്‍, കിളയ്ക്കാന്‍ കഴിവും പിച്ചയെടുക്കാന്‍ അഭിമാനവും അനുവദിക്കാത്ത (16:3) അയാള്‍ തനിക്ക് ആശ്രയിക്കാവുന്ന സുഹൃത്തുക്കളെ സൃഷ്ടിക്കാന്‍ നോക്കുകയാണ്. അതു ലാക്കാക്കി അയാള്‍ കടക്കാരുടെ കടം ഇളച്ചു കൊടുക്കുന്നു. നൂറു ബത്ത (3400 ലിറ്റര്‍ = 3 വര്‍ഷത്തെ പണിക്കൂലി) എണ്ണ കടമുള്ളവന്‍റേത് അന്‍പതു ബത്ത എന്നു പ്രമാണപത്രത്തില്‍ തിരുത്തുന്നു. നൂറു കോര്‍ (100 ഏക്കറില്‍ നിന്നു ശരാശരി പ്രതിവര്‍ഷം കിട്ടുന്ന ഗോതമ്പിന്‍റെ അളവ് = 7.5 വര്‍ഷത്തെ പണിക്കൂലി) ഗോതമ്പ് കടമുള്ളവന്‍റേത് എണ്‍പതു കോര്‍ എന്നും തിരുത്തുന്നു.

എന്നാല്‍ യേശു, ഉപമയിലെ യജമാനനെക്കൊണ്ട്  കാര്യസ്ഥനെ പ്രശംസിപ്പിക്കുകയാണ് (16:8; കഥ പറയുന്നയാളാണല്ലോ കഥാപാത്രം എന്തു ചെയ്യണമെന്നു തീരുമാനിക്കുന്നത്). തുടര്‍ന്ന് പ്രകാശത്തിന്‍റെ മക്കളായ തന്‍റെ ശിഷ്യരോട് (ഈ ഉപമയുടെ കേള്‍വിക്കാര്‍ ശിഷ്യരാണെന്ന് 16:1ലുണ്ട്) കാര്യസ്ഥന്‍റെ ബുദ്ധി കണ്ടു പഠിക്കാന്‍ ആവശ്യപ്പെടുകയാണ്. മക്കള്‍ക്കു നല്ലതു കൊടുക്കാന്‍ ദുഷ്ടരായ അപ്പന്മാര്‍ക്ക് അറിയാമെങ്കില്‍, തന്‍റെ മക്കള്‍ക്കു നല്ലതു ചെയ്തു കൊടുക്കണമെന്ന് നല്ലവനായ ദൈവത്തിന് എത്ര കൂടുതല്‍ അറിയാമായിരിക്കു മെന്ന് മത്തായി 7:11. വിധവയ്ക്കു നീതിരഹിതനായ ന്യായാധിപന്‍ ന്യായം നടത്തിക്കൊടുക്കുമെങ്കില്‍,  നീതിമാനായ ദൈവം അതിലും എത്രയോ കൂടു തല്‍ ന്യായം നടത്തിക്കൊടുക്കുമെന്ന് ലൂക്കാ 18:1-8. ഉറങ്ങിക്കിടക്കുന്ന സുഹൃത്ത് രാത്രിയില്‍ ശല്യപ്പെടു ത്തിയവനെ സഹായിക്കുമെങ്കില്‍, ഒരിക്കലും ഉറങ്ങാത്ത ദൈവം എത്രമാത്രം നമ്മെ സഹായിക്കുമെന്ന് ലൂക്കാ 11:5-8. ഇതേ രീതിയിലാണു നമ്മുടെ ഉപമയും വായിക്കപ്പെടേണ്ടത്. ഈ ലോകത്തിന്‍റെ അധര്‍മങ്ങളില്‍ മുഴുകുന്ന ഒരു കാര്യസ്ഥന്‍ നാളേ യ്ക്കു വേണ്ടി തയ്യാറെടുക്കുന്നത് എത്ര ബുദ്ധിപൂര്‍വമാണെന്നു നിങ്ങള്‍ മനസ്സിലാക്കുന്നില്ലേ? എങ്കില്‍ അതിലും എത്രയോ അവധാനതയോടെയാണു  നിങ്ങള്‍ നാളേയ്ക്കുവേണ്ടി (നിത്യജീവനുവേണ്ടി) തയ്യാറെടുക്കേണ്ടത്!

ഈ ഉപമയുടെ പാഠം പ്രയോഗത്തില്‍ എങ്ങനെ കൊണ്ടുവരണമെന്നാണ് 16:9-13 വരെയുള്ള വാക്യങ്ങള്‍ നമുക്കു പറഞ്ഞു തരുന്നത്. അധാര്‍മിക സമ്പത്തുകൊണ്ട് സുഹൃത്തുക്കളെ സമ്പാദിക്കണ മെന്നും, അധാര്‍മിക സമ്പത്തിന്‍റെ കാര്യത്തില്‍ നിങ്ങള്‍ വിശ്വസ്തതയോടെ പെരുമാറിയില്ലെങ്കില്‍ യഥാര്‍ഥ സമ്പത്ത് നിങ്ങളെ ആര് ഏല്‍പിക്കുമെന്നും ധനത്തെ ആരാധിക്കുന്നവര്‍ക്കു ദൈവത്തെ ആരാധിക്കാനാകില്ലെന്നും ഒക്കെ പ്രസ്തുത ഭാഗത്തു പറയുമ്പോള്‍ ധനത്തോടുള്ള ശിഷ്യരുടെ മനോഭാവമെന്തായിരിക്കണം എന്നതാണു ഉപമയുടെ വിവക്ഷയെന്നതു വ്യക്തം.

കാര്യസ്ഥന്‍ പണമുപയോഗിച്ച് സുഹൃത്തുക്കളെ നേടുകയാണു ചെയ്തത്. ശിഷ്യരും അതുതന്നെ ചെയ്യണമത്രേ! വ്യത്യാസം ഇതാണ്: കാര്യസ്ഥന്‍ ഇവിടുത്തെ സുഖത്തിനു വേണ്ടി അത് ചെയ്യു മ്പോള്‍, ശിഷ്യര്‍ അതു ചെയ്യുന്നതു നിത്യജീവനു വേണ്ടിയാണ്. ലൂക്കാ 12:33 ല്‍ ഇതേ കാര്യമാണു നാം വായിക്കുന്നത്: "നിങ്ങളുടെ സമ്പത്തു വിറ്റ് ദാനം ചെയ്യുവിന്‍. പഴകിപ്പോകാത്ത പണസഞ്ചികള്‍ കരുതിവയ്ക്കുവിന്‍. ഒടുങ്ങാത്ത നിക്ഷേപം സ്വര്‍ഗത്തില്‍ സംഭരിച്ചു വയ്ക്കുവിന്‍. അവിടെ കള്ളന്മാര്‍ കടന്നുവരുകയോ ചിതല്‍ നശിപ്പിക്കു കയോ ഇല്ല."

ഒരു പ്രധാന പ്രശ്നം 16:9 - ലും 16:11 - ലും കാണുന്ന 'അധാര്‍മിക സമ്പത്ത്' എന്ന പ്രയോഗ ത്തിന്‍റെ അര്‍ത്ഥം എന്തെന്നതാണ്. തിന്മയിലേക്കു നയിക്കുന്ന ഒന്നാണു സമ്പത്തെന്നു വേദഗ്രന്ഥത്തില്‍ പലയിടങ്ങളിലും പരാമര്‍ശമുണ്ട്. ദൈവത്തിനു നേര്‍വിപരീതമായി ധനത്തെയാണു ലൂക്കാ 16:13 കാണുന്നത്. ദ്രവ്യാസക്തി വിഗ്രഹാരാധന തന്നെയെന്നു കൊളോസൂസ് 3:5. പണത്തോടുള്ള മോഹമാണു സകല തിന്മകളുടെയും ഉറവിടമെന്നു 1 തിമോത്തി 6:10. "സമ്പത്തുള്ളവര്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നത് എത്ര ദുഷ്കരം! ധനികന്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നതിനെക്കാള്‍ എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടന്നുപോകുന്നതാണ്" എന്ന് ലൂക്കാ 18:24-25. "നിസ്സാരലാഭത്തിനു വേണ്ടി പാപം ചെയ്തിട്ടുള്ളവര്‍ ഏറെയുണ്ട്. ദ്രവ്യാഗ്രഹി പലതും കണ്ടില്ലെന്നു നടിക്കുന്നു" എന്ന് പ്രഭാഷകന്‍ 27:1. ചുരുക്കത്തില്‍, ഇന്നു നമ്മള്‍ കാമത്തെ പൊതുവേ പാപകരമെന്നു കരുതുന്നതു പോലെയാണ് അക്കാലത്ത് സമ്പത്തും അധര്‍മവും ഇരട്ടപെറ്റ കുഞ്ഞുങ്ങളെന്നു കരുതപ്പെട്ടത്. ഒരാള്‍ പാപം ചെയ്തുവെന്നു പറഞ്ഞാല്‍ നാം പൊതുവെ മനസ്സിലാക്കുന്നത് അയാള്‍ കാമപൂര്‍ത്തി വരുത്തി എന്നാണല്ലോ. സമാനമായ രീതിയില്‍, സമ്പത്ത് ഒരുവനെ അധര്‍മത്തിലേയ്ക്കു ചായ്ക്കുന്നുവെന്ന് യേശുവിന്‍റെ കാലത്തു പൊതുവെ കരുതപ്പെട്ടിരുന്നു. അതുകൊണ്ടാകണം, 'അധാര്‍മിക സമ്പത്ത്' എന്ന പ്രയോഗം ലൂക്കാ 16:9 ല്‍ ഉപയോഗിക്കപ്പെട്ടത്. മറ്റൊരു കാര്യം 16:11 ല്‍ 'അധാര്‍മിക സമ്പത്തി'നു നേര്‍വിപരീതമായി 'യഥാര്‍ഥധനം' എന്ന പ്രയോഗം നാം കാണുന്നു. ലൂക്കാ 12:33 ല്‍ സമ്പത്തു വിറ്റ് സ്വര്‍ഗത്തില്‍ ഒടുങ്ങാത്ത നിക്ഷേപം സംഭരിക്കാന്‍ ആവശ്യപ്പെട്ടതു നാം മുന്‍പു കണ്ടല്ലോ. 16:11 ഉം 12:33 ഉം താരതമ്യം ചെയ്താല്‍, 16:11 - ലെ യഥാര്‍ഥ ധനമെന്നത് 12:33 - ലെ സ്വര്‍ഗത്തിലെ നിക്ഷേപമാണ് (നിത്യ ജീവന്‍) എന്നു നമുക്കു മനസ്സിലാക്കാം. ഒപ്പം, 16:11 ലെ അധാര്‍മിക സമ്പത്ത്, 12:33 - ലെ പങ്കുവയ്ക്കപ്പെടേണ്ട ധനമാണെന്നതും വ്യക്തമാണല്ലോ. ഇത്തരം പരിഗണനകളില്‍നിന്നു നമുക്കു വ്യക്തമാകുന്നത്, 'അധാര്‍മ്മിക സമ്പത്ത്' എന്നുവെച്ചാല്‍ 'അധാര്‍മ്മിക മാര്‍ഗ്ഗങ്ങളിലൂടെ കൈക്കലാക്കിയ സമ്പത്ത്' എന്നല്ല, പിന്നെയോ 'പങ്കുവയ്ക്കപ്പെടാത്ത സമ്പ ത്ത്' എന്നാണ്. (ധനവാന്‍റെയും ലാസറിന്‍റെയും ഉപമയില്‍ പങ്കുവയ്ക്കപ്പെടാത്ത സമ്പത്താണല്ലോ ധനവാന് നരകം നല്‍കുന്നത്. അങ്ങനെയെങ്കില്‍, പങ്കുവയ്ക്കപ്പെടാത്ത ഏതു സമ്പത്തും അധാര്‍മ്മിക സമ്പത്താണ് എന്നുവരുന്നു.) അപ്പോള്‍, ഏതു മാര്‍ഗ്ഗത്തിലൂടെയും കൈക്കലാക്കിയ പണംകൊണ്ട് ദാനധര്‍മം ചെയ്താല്‍ പുണ്യം കിട്ടുമെന്നല്ല, പിന്നെയോ നിങ്ങളുടെ സമ്പത്ത് നിങ്ങളുടേതു മാത്രമല്ലെന്നും അത് മറ്റുള്ളവരുമായി പങ്കുവയ്ക്കപ്പെടേണ്ടതാണ് എന്നുമാണ് ഉപമയുടെ പാഠം.  "ഭൂമിയില്‍ നിക്ഷേപം കരുതിവയ്ക്കരുത്. തുരുമ്പും കീടങ്ങളും അവ നശിപ്പിക്കും; കള്ളന്മാര്‍ തുരന്നു മോഷ്ടിക്കും. എന്നാല്‍, സ്വര്‍ഗത്തില്‍ നിങ്ങള്‍ക്കായി നിക്ഷേപങ്ങള്‍ കരുതിവയ്ക്കുക. അവിടെ തുരുമ്പും കീടങ്ങളും അവ നശിപ്പിക്കുകയില്ല; കള്ളന്മാര്‍ മോഷ്ടിക്കുകയില്ല" എന്നു മത്തായി 6:19-20 ല്‍ കാണുന്നത് ലൂക്കായുടെ പാഠത്തോടു കൂട്ടിവയ്ക്കാ വുന്നതാണ്.
"ഞാന്‍ നിങ്ങളോടു പറയുന്നു. അധാര്‍മിക സമ്പത്തുകൊണ്ട് നിങ്ങള്‍ക്കായി സ്നേഹിതരെ സമ്പാദിച്ചുകൊള്ളുവിന്‍. അതു നിങ്ങളെ കൈവെടിയുമ്പോള്‍ അവര്‍ നിങ്ങളെ നിത്യകൂടാരങ്ങളില്‍ സ്വീകരിക്കും" (ലൂക്കാ 16 : 9) എന്ന വചന ഭാഗത്തിലെ മിക്ക വാക്കുകളുംതന്നെ വിശദീകരിക്കപ്പെടേണ്ടതുണ്ട്. എപ്പോഴാണു സമ്പത്തു നമ്മളെ കൈവി ടുക? മരണത്തിലാണെന്നതു പകല്‍പോലെ വ്യക്തം. ഭോഷനായ ധനികന്‍റെ ഉപമയിലും (ലൂക്കാ 12:20) ധനവാന്‍റെയും ലാസറിന്‍റെയും ഉപമയിലും (ലൂക്കാ 16:22) സമ്പത്ത് ഒരുവനു നഷ്ടപ്പെടുന്നത് മരണത്തോടെയാണല്ലോ.

മരണവേളയില്‍ നമ്മെ നിത്യകൂടാരങ്ങളില്‍ സ്വീകരിക്കുന്ന 'അവര്‍' ആരാണ്? നമ്മുടെ പൊതു ധാരണയും ബൈബിളില്‍ ഉടനീളം കാണുന്നതും ദൈവമായിരിക്കും മരണവേളയില്‍ നമ്മെ സ്വീകരിക്കുകയോ സ്വീകരിക്കാതിരിക്കുകയോ ചെയ്യുന്നത് എന്നാണല്ലോ. എന്നാല്‍, ഈ ദൈവം ദരിദ്രരായ മനുഷ്യരോടു തന്നെത്തന്നെ താദാത്മ്യപ്പെടുത്തുന്നത് മത്തായി 25-ല്‍ നാം കാണുന്നുണ്ട്. "എനിക്കു വിശന്നു; നിങ്ങള്‍ ഭക്ഷിക്കാന്‍ തന്നു. എനിക്കു ദാഹിച്ചു; നിങ്ങള്‍ കുടിക്കാന്‍ തന്നു. ഞാന്‍ പരദേശിയായിരുന്നു; നിങ്ങള്‍ എന്നെ സ്വീകരിച്ചു." ഇതിനോടു ചേര്‍ത്തു വയ്ക്കാവുന്ന സുഭാഷിത വാക്യവുമുണ്ട്: "ദരിദ്രരോടു ദയ കാണിക്കുന്നവന്‍ കര്‍ത്താവിനാണു കടം കൊടുക്കുന്നത്; അവിടുന്ന് ആ കടം വീട്ടും" (സുഭാ 19:17). അപ്പോള്‍, ലൂക്കാ 16:9 ല്‍ സൂചിപ്പിക്കുന്ന 'അവര്‍,' ദൈവമോ, അല്ലെങ്കില്‍ ദൈവം ചേര്‍ന്നു നില്‍ക്കുന്ന ദരിദ്രരായ മനുഷ്യരോ ആണെന്ന് ന്യായമായും അനുമാനിക്കാം.

'നിത്യ കൂടാരം' എന്നൊരു പ്രയോഗം സ്വര്‍ഗത്തെ കുറിക്കുന്നതാണെന്നതു വ്യക്തം. "ഞാന്‍ അങ്ങയുടെ കൂടാരത്തില്‍ എന്നേക്കും വസിക്കട്ടെ! അങ്ങയുടെ ചിറകിന്‍കീഴില്‍ ഞാന്‍ സുരക്ഷിതനായിരിക്കട്ടെ" എന്നു സങ്കീ. 61:4. "സിംഹാസനത്തില്‍ നിന്നു വലിയൊരു സ്വരം ഞാന്‍ കേട്ടു: ഇതാ, ദൈവത്തിന്‍റെ കൂടാരം മനുഷ്യരോടുകൂടെ. അവിടുന്ന് അവരോടൊത്തു വസിക്കും" എന്നു വെളിപാട് 21:3. സ്വര്‍ഗത്തെ കുറിക്കാന്‍ കൂടാരമെന്ന വാക്ക് ഹെബ്രായര്‍ 8:2-ഉം 9:11-ഉം ഉപയോഗിക്കുന്നുണ്ട്.

ലൂക്കാ 16:9 തുടങ്ങുന്നത് "ഞാന്‍ നിങ്ങളോടു പറയുന്നു" എന്ന വാക്കുകളോടെയാണല്ലോ. ഏറെ പ്രാധാന്യമുള്ള ഒരു കാര്യം പഠിപ്പിക്കുന്നതിനു തൊട്ടുമുമ്പ് ലൂക്കാ പലയിടങ്ങളിലും ഇതേ പ്രയോഗം ഉപയോഗിച്ചു കാണുന്നുണ്ട്. ലൂക്കാ 11:8; 12:44;14:24; 15:7,10; 18:8 മുതലയാവ ഉദാഹരണങ്ങളാണ്. പരലോക ചിന്ത ഇഹലോകത്തെ നിങ്ങളുടെ ചെയ്തികളെ, പ്രത്യേകിച്ചും സാമ്പത്തിക തീരുമാനങ്ങളെ, സ്വാധീനിക്കണമെന്നാണ് ലൂക്കാ 16:9 അസന്ദിഗ്ദ്ധമായി പഠിപ്പിക്കുന്നത്.  ഉപമയിലെ കാര്യസ്ഥനെപോലെ ബുദ്ധിയുള്ള ഏതൊരാളും നാളേയ്ക്കുവേണ്ടി തയ്യാറെടുക്കുകതന്നെ ചെയ്യും. അത്തരക്കാരെയാണു സുവിശേഷം വിവേകമതികള്‍ എന്നു വിളിക്കുന്നത്. മണവാളനുവേണ്ടി വിളക്കില്‍ ആവശ്യത്തിന് എണ്ണ കരുതിയ കന്യകകളും (മത്താ. 25:1-13) യജമാനന്‍ എപ്പോള്‍ വേണമെ ങ്കിലും വരാമെന്നതിനാല്‍ ജോലിക്കാര്‍ക്കു യഥാസമയത്തു ഭക്ഷണം കൊടുക്കുന്ന കാര്യസ്ഥനും (ലൂക്കാ 12:42-44) നമ്മുടെ ഉപമയിലെ കാര്യസ്ഥന്‍റേതു പോലെ ബുദ്ധിയോടെ പ്രവര്‍ത്തിക്കുന്നവരാണ്. ഇതേ ബുദ്ധി പ്രകാശത്തിന്‍റെ മക്കളായ ശിഷ്യര്‍ക്കും (ഒപ്പം നമുക്കും) വേണമെന്നതാണ് ഉപമയുടെ പാഠം.

"ആ കാര്യസ്ഥന്‍ ആത്മഗതം ചെയ്തു: യജമാനന്‍ കാര്യസ്ഥത എന്നില്‍ നിന്ന് എടുത്തുകളയു ന്നതിനാല്‍ ഞാന്‍ ഇനി എന്തുചെയ്യും? .... ആളുകള്‍ തങ്ങളുടെ വീടുകളില്‍ എന്നെ സ്വീക രിക്കേണ്ടതിന് എന്തു ചെയ്യണമെന്ന് എനിക്കറിയാം ... കൗശലപൂര്‍വം പ്രവര്‍ത്തിച്ചതിനാല്‍ നീതിരഹിതനായ കാര്യസ്ഥനെ യജമാനന്‍ പ്രശംസിച്ചു" (ലൂക്കാ 16:3,4,8).  ഇതേ രീതിയിലുള്ള ചോദ്യങ്ങളും ഉത്തരങ്ങളും ലൂക്കായില്‍ നമ്മള്‍ വേറെയും കാണുന്നുണ്ട്. "ജനക്കൂട്ടം അവനോടു ചോദിച്ചു: ഞങ്ങള്‍ എന്താണു ചെയ്യേണ്ടത്? അവന്‍ പറഞ്ഞു: രണ്ടുടുപ്പുള്ളവന്‍ ഒന്ന് ഇല്ലാത്തവനു കൊടുക്കട്ടെ.  ഭക്ഷണം ഉള്ളവനും അങ്ങനെ ചെയ്യട്ടെ. പടയാളികളും അവനോടു ചോദിച്ചു: ഞങ്ങള്‍ എന്തു ചെയ്യണം? അവന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ ആരെയും ഭീഷണിപ്പെടുത്തരുത്. വ്യാജമായ കുററാരോപ ണവും അരുത്. വേതനംകൊണ്ടു തൃപ്തിപ്പെടണം" (ലൂക്കാ 3:10,14). "അപ്പോള്‍ ഒരു നിയമജ്ഞന്‍ എഴുന്നേറ്റു നിന്ന് ... ചോദിച്ചു: ഗുരോ, നിത്യജീവന്‍ അവകാശമാക്കാന്‍ ഞാന്‍ എന്തു ചെയ്യണം? ... യേശു പറഞ്ഞു: നീയും പോയി അതുപോലെ ചെയ്യുക" (ലൂക്കാ 10:25,37). "ഒരു അധികാരി അവനോടു ചോദിച്ചു: നല്ലവനായ ഗുരോ, നിത്യജീവന്‍ അവകാ ശമാക്കാന്‍ ഞാന്‍ എന്തു ചെയ്യണം? ...യേശു പറഞ്ഞു:.... നിനക്കുള്ളതെല്ലാം വിറ്റു ദരിദ്രര്‍ക്കു കൊടുക്കുക, അപ്പോള്‍ സ്വര്‍ഗത്തില്‍ നിനക്കു നിക്ഷേപം ഉണ്ടാകും..." (ലൂക്കാ 18:18,22). നിത്യജീ വനെന്നത് താലത്തില്‍ വച്ചുതരുന്ന ഒന്നല്ലെന്നതു ഇവയില്‍ നിന്നൊക്കെ പകല്‍പോലെ വ്യക്തമാണല്ലോ. വിയര്‍ത്തും വിലകൊടുത്തും തന്നെയാണ് ശിഷ്യത്വത്തിന്‍റെ വഴിയേ ഏതൊരാളും നടക്കേണ്ടത്.

അപ്പോള്‍ ഒരു പ്രശ്നം നാം ചെയ്യുന്നതൊക്കെ പ്രതിഫലേച്ഛയോടെയല്ലേ എന്നതാണ്. ഉപമയിലെ കാര്യസ്ഥന്‍റെ ചെയ്തികള്‍ സ്വാര്‍ത്ഥ പ്രേരിതമെ ന്നതു പോലെതന്നെയല്ലേ പ്രകാശത്തിന്‍റെ മക്കളുടെ ചെയ്തികളും? ഈ രണ്ടു ചെയ്തികളുടേയും ഉറവിടം രണ്ടാണ്. ആദ്യത്തേതു തന്നോടുതന്നെയുള്ള സ്നേഹത്തില്‍നിന്നും രണ്ടാമത്തേത് ദൈവത്തോടുള്ള സ്നേഹത്തില്‍നിന്നും ഉറവ പൊട്ടുന്നു എന്നതാണ് ഇരു ചെയ്തികള്‍ക്കിടയിലെ കാതലായ വ്യത്യാസം. പ്രണയിക്കുന്നവന്‍ പ്രണയിനിക്കു വേണ്ടി എല്ലാം ചെയ്യുന്നതുപോലെ ഏതൊരു ശിഷ്യനും ചെയ്യുന്നതെല്ലാം തന്‍റെ നാഥന്‍റെ ചാരേയെത്താന്‍ തന്നെയാണ്. "അവന്‍ എല്ലാവരോടുമായി പറഞ്ഞു: ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ച് അനുദിനം തന്‍റെ കുരിശുമെടുത്തുകൊണ്ട് എന്നെ അനുഗമിക്കട്ടെ. സ്വന്തം ജീവന്‍ രക്ഷിക്കാന്‍ ആഗ്രഹിക്കുന്നവന്‍ അതു നഷ്ടപ്പെടുത്തും; എന്നെപ്രതി സ്വജീവന്‍ നഷ്ടപ്പെടുത്തുന്നവന്‍ അതിനെ രക്ഷിക്കും" എന്ന ലൂക്കാപാഠം (9:24-23) തന്നെയാണ് നമ്മുടെ ഉപമയും മുന്നോട്ടുവയ്ക്കുന്നത്.

You can share this post!

എല്ലാം കീഴ്മേലാക്കുന്ന ഉപമയും സംഭവവും

ഷാജി കരിംപ്ലാനില്‍
അടുത്ത രചന

പ്രാര്‍ത്ഥന പുതിയ നിയമത്തില്‍

ഡോ. ജെറി ജോസഫ് OFS
Related Posts