news-details
കവർ സ്റ്റോറി

അസ്സീസിയില്‍ കഴുതൈ

കഴുത ഒരു വിശുദ്ധമൃഗമാണ്. അതിന്‍റെ നേര്‍ക്കുവരുന്ന അതിക്രമങ്ങളേയും തലോടലുകളേയും ഒരേപോലെ സ്വീകരിക്കുന്ന, എല്ലാവര്‍ക്കും നേരെ ആത്മീയ പ്രകാശനം ചൊരിയുന്ന മൃഗം. ബൈബിളില്‍ കഴുതയുടെ നിരവധി വിശുദ്ധ സാന്നിധ്യങ്ങള്‍ കാണാന്‍ സാധിക്കും. കഴുതപ്പുറത്ത് കയറി ജറുസലേമിലേക്ക് പ്രവേശിച്ച യേശുവിന്‍റെ ചിത്രം പുതിയ നിയമത്തിലുണ്ട്. കഴുതയുടെ വിശുദ്ധവും നിര്‍മ്മലവുമായ ജീവിതം കേന്ദ്രീകരിച്ച് ജോണ്‍ എബ്രാഹം സംവിധാനം ചെയ്ത അഗ്രഹാരത്തില്‍ കഴുതൈ എന്ന സിനിമയാണ് ഈ ലേഖനത്തിന് പ്രചോദനമായത്. 1977-ലാണ് ജോണ്‍ എബ്രാഹം അഗ്രഹാരത്തില്‍ കഴുതൈ സംവിധാനം ചെയ്യുന്നത്. ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച നാരായണസ്വാമിയുടെ താമസസ്ഥലത്ത് ആകസ്മികമായി ഒരു കഴുതക്കുട്ടിയെത്തുന്നു. അതിനെ പുറത്താക്കാന്‍ മനസ്സുവരാതെ നാരായണസ്വാമി അതിനെ സ്വന്തം വീട്ടില്‍ താമസിപ്പിച്ചു. കീഴ്ജാതിക്കാരുടെ മൃഗമെന്ന് പൊതുവേ വിശ്വസിക്കപ്പെടുന്ന കഴുതയെ തൊടാന്‍ വീട്ടില്‍ ജോലിക്കായി വരുന്ന സ്ത്രീയടക്കം ആരും തയ്യാറാകുന്നില്ല. നാരായണസ്വാമി ജോലി ചെയ്യുന്ന കോളേജില്‍ അയാളെ കളിയാക്കിക്കൊണ്ട് പോസ്റ്ററുകള്‍ പതിക്കുന്നു. കുട്ടികള്‍ വേറൊരു കഴുതയെ കോളേജ് ക്യാമ്പസില്‍ കൊണ്ടുവരുന്നതോടെ അച്ചടക്കത്തിന് ഭീഷണിയായി. പ്രൊഫസര്‍ നാരായണസ്വാമി കഴുതയെ സ്വന്തം നാട്ടിലെ അഗ്രഹാരത്തിലേക്ക് കൊണ്ടുപോകുന്നു.

കഴുത അഗ്രഹാരത്തില്‍ എത്തുന്നതോടെ അവിടെ പല അനിഷ്ടസംഭവങ്ങളും ഉണ്ടാകുന്നു. പൂജാകര്‍മ്മങ്ങള്‍, വിവാഹം എന്നിവ നടക്കുന്ന സ്ഥലങ്ങളിലേക്ക് ആളുകള്‍ കഴുതയെ കയറ്റിവിടുന്നു. അതോടെ അവ മുടങ്ങുന്നു. അവസാനം ആളുകള്‍ കഴുതയെ അടിച്ചുകൊല്ലുന്നു. എന്നാല്‍ മരണശേഷവും കഴുതയെ അഗ്രഹാരത്തിലും, ഗ്രാമത്തിലും കണ്ടതായി പൂജാരിയടക്കം പലരും വെളിപ്പെടുത്തുന്നു. തൊഴിലെടുക്കുന്നവരുടെ മൃഗമായി, ഭാരം ചുമക്കുകയെന്ന ദൗത്യം നിര്‍വ്വഹിക്കാന്‍ മാത്രം വിധിക്കപ്പെട്ട കഴുത നേരിടുന്ന പരിഹാസം അപമാനം ഇവ ചിത്രീകരിക്കപ്പെട്ട ചിത്രമാണ് അഗ്രഹാരത്തില്‍ കഴുതൈ. മരണശേഷം ആ കഴുത വിശുദ്ധ മൃഗമായി തിരിച്ചറിയപ്പെടുന്നു. ഗ്രാമത്തില്‍ നടക്കുന്ന ആകസ്മിക സംഭവങ്ങള്‍ കഴുതയുടെ അത്ഭുതസിദ്ധികളായി വിശദീകരിക്കപ്പെടുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് നാടുവിട്ടുപോയ ആള്‍ തിരിച്ചുവരുന്നു. മാറാരോഗങ്ങള്‍ ഭേദമാകുന്നു. അങ്ങനെ കഴുത മറ്റൊരു ദൈവമായി മാറുന്നു.

എന്നാല്‍ കൊലചെയ്യപ്പെട്ട കഴുത ജീവിതകാലത്ത് അനുഭവിച്ച പീഡനങ്ങളില്‍ പീഡനങ്ങളില്‍ നിന്നും കടഞ്ഞെടുത്ത അഗ്നിയാല്‍ അഗ്രഹാരവും അമ്പലവും കത്തിയമരുന്നു. ഒരു ശുദ്ധീകരണത്തിന് തുടക്കം കുറിക്കുന്നു. യാഥാസ്ഥിതികതയുടെ അന്ത്യം സൂചിപ്പിക്കുന്ന നവീകരണം അതോടെ ആരംഭിക്കുന്നു. ജീവിതത്തെ പുറകോട്ട് നയിക്കുന്ന വിശ്വാസങ്ങള്‍ക്കെതിരെ അഗ്നിക്ക് കാരണമാകുന്ന കഴുത. ആ അഗ്നിയില്‍ ശുദ്ധീകരിക്കപ്പെടുന്ന അഗ്രഹാരത്തിന്‍റെ കാഴ്ചയില്‍ ചിത്രം അവസാനിക്കുന്നു.

പ്രാണികുലവുമായി, പക്ഷികുലവുമായി, വൃക്ഷകുലവുമായി അസ്സീസിയിലെ വി. ഫ്രാന്‍സിസും വലിയ ചങ്ങാത്തത്തിലായിരുന്നു. ഇവയോടൊക്കെ അദ്ദേഹത്തിനുണ്ടായിരുന്ന സ്നേഹം അദ്ദേഹം ഇരിക്കുമ്പോഴും, നില്‍ക്കുമ്പോഴും, ഉറങ്ങുമ്പോഴുമൊക്കെ അദ്ദേഹത്തിനു ചുറ്റും സ്നേഹത്തിന്‍റെ അതിരറ്റ ഒരാകാശമായി നിലനിന്നു. സെന്‍റ് ഫ്രാന്‍സിസ് മരിക്കാറായപ്പോള്‍ പൊടുന്നനെ ഒരു മുഖം തെളിഞ്ഞുവന്നു. തന്നെ ഒടുവിലായി പുറത്തേറ്റി വളരെദൂരം വളരെ നേരം നടന്ന കഴുത. അവള്‍ ആ ചാപ്പലിന്‍റെ പുറത്ത് അസ്വസ്ഥമായി ശബ്ദിക്കുന്നുണ്ടായിരുന്നു. അദ്ദേഹം പതുക്കെ എണീറ്റ് തളര്‍ന്നവശമായ സ്വന്തം പാദങ്ങളെ കരുണയോടെ, നന്ദിയോടെ നോക്കി. അദ്ദേഹം എങ്ങനെയോ പുറത്ത് മുട്ടിലിഴഞ്ഞെത്തി. അപ്പോള്‍ ആ സാധുജന്തു തന്നെ ഒരു നോക്ക് കാണാനെന്നതുപോലെ പുറത്ത് കാത്തുനില്‍ക്കുകയായിരുന്നു. അദ്ദേഹം കഴുതയുടെ മുഖമാകെ തൊട്ടുതലോടി. ഹൃദയനിറവോടെ അതിന്‍റെ കണ്ണുകളിലേക്ക് നോക്കി ഇടര്‍ച്ചയോടെ പറഞ്ഞു: 'എന്‍റെ സഹോദരീ, ഞാന്‍ നിന്നോട് ക്ഷമചോദിക്കാന്‍ വന്നതാണ്. നിന്നെ ഞാന്‍ എത്രയോ വിഷമിപ്പിച്ചു. നിന്‍റെ പുറത്തുകയറി എത്രയോ ദൂരം സഞ്ചരിച്ചു. ക്ഷീണിതയായിരുന്ന നീ ഒരു പരാതിയുമില്ലാതെ എന്നെ പേറി നടന്നുപോയി. അങ്ങനെയൊക്കെ ഞാന്‍ നിന്നെ ദ്രോഹിച്ചതിന് നിന്നോട് ക്ഷമചോദിക്കാനും എന്‍റെ ഒടുങ്ങാത്ത നന്ദി അറിയിക്കാനും യാത്രപറയാനുമാണ് ഞാന്‍ നിന്‍റെയരികില്‍ വന്നത്'. ഇത് പറഞ്ഞ് അദ്ദേഹം ആ സോദരിയെ ആലിംഗനം ചെയ്യുകയും അവളുടെ മുഖത്ത് ചുംബിക്കുകയും ചെയ്തു.

ഇപ്രകാരം മനുഷ്യരാശിയിലുള്ള ഓരോ സോദരനും സോദരിയും മൃഗബോധത്തില്‍ നിന്ന് മാനവബോധത്തിലേക്കും ദിവ്യബോധത്തിലേക്കും എത്താനുള്ള യേശുവിന്‍റെ ദിവ്യപ്രബോധനത്തെ തന്‍റെ ശ്വാസനിശ്വാസത്തിലൂടെ കാണിച്ചുകൊടുക്കാന്‍ എളിയവനും സാധാരണക്കാരനുമായ ഒരാളെ, ഫ്രാന്‍സിസിനെ, പ്രപഞ്ചത്തിന്‍റെ അദൃശ്യമായ ദിവ്യബോധം നിയോഗിക്കുകയായിരുന്നു. നമ്മുടെ പള്ളിവീഴുന്നു എന്ന് കരഞ്ഞു വിളിക്കുന്ന മനുഷ്യനാണ് ഫ്രാന്‍സിസ്. അത് പള്ളിയെക്കുറിച്ച് മാത്രമല്ല, ജീര്‍ണ്ണത ബാധിക്കുന്ന എന്തിനെക്കുറിച്ചുമുള്ള ആശങ്കയാണ്. അത് കലയാകാം, സംസ്കാരമാകാം, മതമാകാം, ആരാധനാക്രമമാകാം.

അഗ്രഹാരത്തില്‍ കഴുതൈ ഒരു ശുദ്ധീകരണത്തിന് തുടക്കം കുറിച്ചു. ജീവിതത്തെ പുറകോട്ട് നയിക്കുന്ന വിശ്വാസങ്ങള്‍ക്കെതിരെ, യാഥാസ്ഥിതികതയ്ക്കെതിരെ അഗ്നിശുദ്ധി വരുത്തിക്കൊണ്ട് അമ്പലവും അഗ്രഹാരവും കത്തിയമരുകയാണ്. അസ്സീസിയിലെ കഴുത - ദൈവത്തിന്‍റെ നിസ്വന്‍ - തിരസ്കാരത്തിന്‍റേയും, സ്വയം ശൂന്യവത്ക്കരണത്തിന്‍റേയും, ദാരിദ്ര്യം സ്നേഹം സമാധാനം എന്നീ സുകൃതങ്ങളുടേയും അഗ്നിയില്‍ പുതിയ അഗ്രഹാരങ്ങളും, ശ്രീകോവിലുകളും പണിതു. തന്‍റെ ജീവിതംകൊണ്ട് മനുഷ്യരെ ഇത്രമാത്രം സ്വാധീനിച്ചിട്ടുള്ള മറ്റൊരു വിശുദ്ധന്‍ വേറെയുണ്ടാവുകയില്ല. ദൈവം ഒരനുഭവമായി ഉള്ളില്‍ നുരഞ്ഞുപൊന്തിയപ്പോള്‍, ഉടുതുണിപോലും അഴിച്ചുകളഞ്ഞ് ക്രിസ്തുവിനെ അനുഗമിക്കാന്‍ തന്‍റെ അഗ്രഹാരം വിട്ടിറങ്ങി. ഞാനും അഗ്രഹാരം വിട്ടിറങ്ങിയവനാണ്. എന്നാല്‍ ഇനിയും ഉപേക്ഷിക്കപ്പെടാത്ത എത്രയോ 'കുടിയിരിപ്പുകള്‍' ക്രിസ്തു അനുഭവങ്ങളുടെ സ്ഥാനത്ത് എന്‍റെയുള്ളില്‍ പ്രതിഷ്ഠാപനം നടത്തിയിരിക്കുന്നു. സ്നേഹയോഗിയായ ഫ്രാന്‍സിസ് പുണ്യവാളന്‍ തന്‍റെ ജീവിതത്തിലെ ഓരോ നിമിഷവും യേശുവിനെപ്പോലെത്തന്നെ വലിയ സ്നേഹത്തില്‍ ജീവിക്കുകയും മരിക്കുകയും ചെയ്തു.

You can share this post!

സമാധാനം

ജെര്‍ളി
Related Posts