കാലത്തിന് ഒത്തിരി മുമ്പേ പറന്ന പക്ഷിയായിരുന്നു ഫ്രാന്‍സിസ്. ഫ്രാന്‍സിസിന്‍റെ ജീവിതദര്‍ശനങ്ങളും മാര്‍ഗങ്ങളും ഒട്ടേറെ മേഖലകളില്‍ ഇന്ന് പരാവര്‍ത്തനം ചെയ്യപ്പെടുന്നുണ്ട്. അതില്‍ ഏറ്റവും പ്രമുഖമായത് സാഹോദര്യം എന്ന പരികല്പനയാണ്. അതാവട്ടെ സാമൂഹിക- സാംസ്കാരിക - സാമ്പത്തിക - പാരിസ്ഥിതിക മേഖലകളിലെല്ലാം സാധുവാണുതാനും. അതായത് സമൂഹത്തിന്‍റെ പുനര്‍നിര്‍മ്മിതിയുടെ കാര്യം വരുമ്പോഴും പരിസ്ഥിതി സംരക്ഷണത്തിന്‍റെ കാര്യം വരുമ്പോഴും സാംസ്കാരികമായ സഹകരണത്തിന്‍റെ കാര്യം വരുമ്പോഴും സാമ്പത്തികമായ വ്യവസ്ഥിതി മാറ്റത്തിന്‍റെ കാര്യം വരുമ്പോഴും സാഹോദര്യം എന്ന ആശയം തന്നെയാണ് ഇപ്പോള്‍ മുന്നിട്ടു വരുന്നത്. ചുരുക്കത്തില്‍, ലോകത്തിന്‍റെ മുന്നിലുള്ള, മുന്നോട്ടുള്ള പാത സഹോദര്യത്തിന്‍റേതാണ് എന്നര്‍ത്ഥം.
ഫ്രാന്‍സിസിന്‍റെയും അനുചരന്മാരുടെയും ജീവിതത്തിലുണ്ടായിരുന്നതും, സാമ്പത്തിക മേഖലയെ സംബന്ധിച്ചിടത്തോളം ഏറ്റവും ധ്വനി സാധ്യതകളുള്ളതുമായ ചില അടിസ്ഥാന സൂചനകള്‍ മാത്രം വെറുതേ ഒന്ന് സ്പര്‍ശിച്ചു പോകാം.
1. അക്കാലത്തെ സന്ന്യാസ ആശ്രമങ്ങളെല്ലാം പട്ടണങ്ങളിലും നഗരങ്ങളിലും നിന്ന് അതിവിദൂരമായ സ്ഥലങ്ങളില്‍ സ്ഥാപിതമായിരുന്നു. മല മുകളിലും വനപ്രാന്തങ്ങളിലും ഉള്‍നാടുകളിലും ആയിരുന്നു അവയെല്ലാം. എന്നാല്‍, ഫ്രാന്‍സിസും കൂട്ടരും തുടങ്ങിയതുതന്നെ അസ്സീസി പട്ടണത്തില്‍ നിന്ന് വെറും ഒരു മൈല്‍ അകലെയായിരുന്നു. അവര്‍ എല്ലായിടത്തും ആശ്രമങ്ങള്‍ സ്ഥാപിച്ചതും പട്ടണങ്ങളുടെ പ്രാന്ത പ്രദേശങ്ങളില്‍ ആയിരുന്നു. കച്ചവടം എന്നത് സന്ന്യാസത്തിന് തീരെ ചേരാത്ത കാര്യം എന്ന നിലയില്‍ കച്ചവടക്കാരില്‍നിന്ന് സന്ന്യാസികള്‍ ഒത്തിരി അകലം പാലിച്ചു. എന്നാല്‍, ഒരു കച്ചവടക്കാരന്‍റെ മകനായിരുന്നു ഫ്രാന്‍സിസ്. അവന്‍ കച്ചവടം ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ കച്ചവടക്കാരില്‍നിന്ന് അകലം പാലിക്കാന്‍ ഫ്രാന്‍സിസ് ശ്രമിച്ചില്ല. നഗരത്തിന്‍റെ ഓരത്തുകൂടി ദരിദ്രരോടും കച്ചവടക്കാരോടും ഒരുപോലെ ഫ്രാന്‍സിസ്കന്‍ സന്ന്യാസിമാര്‍ ചേര്‍ന്നുനടന്നു.
2. മറ്റുള്ള സന്ന്യാസ പരിശ്രമങ്ങളില്‍നിന്ന് വ്യത്യസ്തമായി ഫ്രാന്‍സിസ് തന്‍റെ കൂട്ടുകാരെ കൂലിവേലയ്ക്ക് അയച്ചു. ഗോതമ്പ് കൊയ്യാനും ഒലിവ് പറിക്കാനും മുന്തിരി വിളവെടുക്കാനും മരം വെട്ടാനും വിറക് കീറാനും വിറക് ചുമക്കാനും പോയിരുന്നു സന്ന്യാസിമാര്‍. എന്നാല്‍, പണം കൈകാര്യം ചെയ്യാന്‍ അവര്‍ വിസമ്മതിച്ചു. തൊഴിലിന് 'പണം' കൂലിയായി നല്‍കുമ്പോഴും വിളവിന് 'പണം' പ്രതിഫലമായി നല്‍കുമ്പോഴും അവിടെയെല്ലാം ചൂഷണമുണ്ട് എന്നുള്ള തിരിച്ചറിവ് ഫ്രാന്‍സിസിന് ഉണ്ടായിരുന്നിരിക്കണം. പണം കൈകാര്യം ചെയ്യാന്‍ വിസമ്മതിച്ചുകൊണ്ട് ചൂഷണപരമായ വ്യവസ്ഥിതിയില്‍ പങ്കുചേരാതെ, അതില്‍നിന്നവര്‍ അകന്നുനടന്നു.
3. അധ്വാനത്തിന് വസ്തുക്കളാണ് അവര്‍ കൂലിയായി ചോദിച്ചത്. മുന്തിരി പറിച്ചാല്‍ മുന്തിരി മതി. ഒലിവ് പറിച്ചാല്‍ ഒലിവ്, വിറകുവെട്ടിയാല്‍ വിറക്. തങ്ങള്‍ക്ക് കിട്ടുന്നതില്‍ ഒരു വിഹിതം അവര്‍ പാവപ്പെട്ട സഹോദരങ്ങള്‍ക്ക് നല്‍കി. മറ്റൊരു പങ്ക് ക്ലാരയുടെയും സഹോദരിമാരുടെയും അടുക്കളയ്ക്ക് പിന്നിലും. അധ്വാനത്തിന്‍റെ ഒരു ചെറിയ വിഹിതം മാത്രം അവര്‍ ആശ്രമത്തിലേക്ക് കൊണ്ടുപോന്നു. അത്തരം ശാരീരിക അധ്വാനം ചെയ്യാന്‍ കഴിവില്ലാ ത്തവരാകട്ടെ, ഭിക്ഷ യാചിക്കാനും പോയി.
4. വ്യക്തിയുടെ ഒറ്റതിരിവിനെയും (ഇന്‍ഡിവി ജ്വലിസം) വ്യക്തിയെ മറച്ചുകളയുന്ന സംഘാധിപത്യത്തെയും (കളക്റ്റിവിസം) അവര്‍ തുണച്ചില്ല. സന്ന്യാസങ്ങള്‍ അക്കാലത്ത് ശീലിച്ചിരുന്നത് ഏതാണ്ട് കളക്റ്റിവിസം ആയിരുന്നു. അവിടെ 'വ്യക്തി' അപ്രസക്തമായിരുന്നു - കമ്മ്യൂണിറ്റി മാത്രമായിരുന്നു മുഖ്യം. ഫ്രാന്‍സിസ്കന്‍ ശൈലി യില്‍ കമ്മ്യൂണിറ്റിയും ഉണ്ട്, വ്യക്തിയും ഉണ്ട്. അതുകൊണ്ടുതന്നെ വ്യക്തിക്ക് വ്യക്തിത്വവും അതിനടുത്ത സ്വാതന്ത്ര്യവും ഉണ്ടായിരുന്നു, ഫ്രാന്‍സിസ്കന്‍ സന്ന്യാസത്തില്‍.
5. സ്നേഹത്തിനും അധ്വാനത്തിനും പങ്കുവെപ്പിനും പ്രാര്‍ത്ഥനക്കുപോലും സാഹോദര്യമായിരുന്നു അടിസ്ഥാനം.
6. 'കീഴാളത്തം' (minority) പ്രധാനമായിരുന്നു. ഫ്രയേഴ്സ് മൈനര്‍ (Friars Minor) കീഴാള സഹോ ദരന്മാര്‍ - എന്നായിരുന്നു അവര്‍ അറിയപ്പെട്ടത്. അതുകൊണ്ടുതന്നെ തങ്ങളില്‍ ആരാണ് വലിയവന്‍ എന്ന ചോദ്യത്തിന് അവര്‍ക്കിടയില്‍ വലിയ പ്രസക്തിയുണ്ടായിരുന്നില്ല. അപ്പോള്‍ മാത്സര്യവുമില്ല.
7. സമൂഹത്തില്‍ ചേരുന്നവര്‍ തങ്ങളുടെ പേരില്‍ സമ്പത്ത് ഉണ്ടെങ്കില്‍ അത് ദരിദ്രര്‍ക്ക് വിതരണം ചെയ്യണം എന്നത് കര്‍ക്കശമായി നടപ്പാക്കിയിരുന്നു. അതുപോലെ, അവര്‍ ഭിക്ഷ യാചിക്കുമെങ്കിലും അവര്‍ നല്കുന്നത് ഭിക്ഷയായിരുന്നില്ല. സാഹോദര്യത്തിലുള്ള പങ്കുവെപ്പാണ് അവര്‍ ചെയ്തിരുന്നത്. പത്ത് രൂപ കൊടുക്കുകയല്ല, തങ്ങളുടെ അധ്വാന ഫലം പങ്കുവെക്കുകയാണ് അവര്‍ ചെയ്തിരുന്നത് എന്നര്‍ത്ഥം. ഈ രണ്ടു വിധത്തിലും അവര്‍ സമ്പത്തിന്‍റെ പുനര്‍ വിതരണത്തിന് (redistribution of wealth) നിമിത്തമായി.
8. ഫ്രാന്‍സിസിന്‍റെയും കൂട്ടുകാരുടെയും തീക്ഷ്ണമായ ദാരിദ്ര്യാരൂപിയും ലളിത ജീവിതവും അതില്‍ത്തന്നെ സാമ്പത്തികമായ ഒരു സൂചനയാണ്. ഉപഭോഗപരതയില്‍ നിന്ന് അവര്‍ മുഖം തിരിച്ചുകളഞ്ഞു.
9. പ്രകൃതിയോടും ജീവജാലങ്ങളോടും ഉള്ള സഹോദര്യ മനോഭാവമാണ് അടുത്തത്. എല്ലാറ്റിനെയും വ്യക്തിത്വമുള്ളവയായി കാണുമ്പോള്‍ അവിടെ ബന്ധം ഉടലെടുക്കുകയായി; ഉത്തരവാദിത്വം കടന്നുവരികയായി.
10. ഫ്രാന്‍സിസും സഹോദരന്മാരും മാത്രമല്ല ഫ്രാന്‍സിസ്കന്‍ സന്ന്യാസധാര, അതില്‍ ക്ലാരയും സഹോദരിമാരും കൂടിയുണ്ട്. അന്നത്തെ സംസ്കാരിക പശ്ചാത്തലത്തില്‍ ക്ലാരയും കൂട്ടരും തിരഞ്ഞെടുത്തത് ആവൃതിക്കകത്തെ ജീവിതമാണ് എന്നിരിക്കലും, സ്ത്രൈണഭാഗം കൂടിയുള്ളതാണ് ഫ്രാന്‍സിസ്കന്‍ ദര്‍ശനം എന്ന കാര്യം നാം മറന്നുകൂടാ.
സാമ്പത്തിക നിര്‍വ്വഹണം എന്നര്‍ത്ഥം വരുന്ന ഇക്കോണമി (economy) എന്ന പദത്തിന്‍റെ സ്രോതസ്സ് പരിശോധിച്ചാല്‍ രണ്ട് ഗ്രീക്ക് പദങ്ങള്‍ കൂടിച്ചേര്‍ന്ന് ഉണ്ടാവുന്ന ഓയ്കൊണോമിയ (oikonomia) എന്ന പദത്തില്‍ നിന്നാണെന്നു കാണാം. (പരിസ്ഥിതിശാസ്ത്രം എന്നര്‍ത്ഥം വരുന്ന ecology എന്ന പദവും അതേ വാക്കില്‍ നിന്നു തന്നെയാണ് ഉത്ഭവിക്കുന്നത് എന്നു കാണാം.) ഓയ്കോസ് (oikos) എന്നാല്‍, വീട് /ഭവനം എന്നാണര്‍ത്ഥം. നെമെയ്ന്‍ (nemein) എന്നാല്‍ പാലിക്കുക, കൈകാര്യംചെയ്യുക നിര്‍വഹിക്കുക എന്നെല്ലാമാണ് അര്‍ത്ഥം. അപ്പോള്‍, ഇക്കോണമി എന്നത് വീടു പാലനം, വീട് കൈകാര്യം ചെയ്യല്‍ എന്നെല്ലാം ആയിരിക്കുമല്ലോ അര്‍ത്ഥം പറയേണ്ടത്. ഭവനവാ സികള്‍ക്കെല്ലാം തക്കസമയത്ത് ഭക്ഷണവും മറ്റും നല്കാന്‍ നിയുക്തനായ കാര്യസ്ഥനെക്കുറിച്ച് യേശു പലപ്പോഴും പറയുന്നുണ്ട് എന്ന കാര്യം ശ്രദ്ധിക്കുക. അയാള്‍ ചെയ്യുന്ന പ്രവൃത്തിയാണ് ഇകോണമി.
ഓരോരോ കാലഘട്ടത്തില്‍ ഈ 'ഭവനനടത്തിപ്പ്' ഓരോരോ രൂപം കൈക്കൊണ്ടിട്ടുണ്ട്. നമ്മുടെ കാലഘട്ടത്തിലേക്ക് വരുമ്പോള്‍ അത് മുതലാളിത്ത രീതിയില്‍ ആവശ്യം-വിതരണം എന്നീ അടിസ്ഥാനങ്ങളിന്മേല്‍ ഊന്നി കച്ചവട ബലതന്ത്രങ്ങളിന്മേല്‍ ചലിക്കുന്ന രാക്ഷസീയമായ ഒരു ഘടനയായി മാറിയിട്ടുണ്ട്. ലാഭം മാത്രമാണ് അതിന്‍റെ ഏകലക്ഷ്യം എന്ന് വന്നിരിക്കുന്നു. എല്ലാം വിപണിക്ക് കീഴിലാവുകയും, ഓഹരി വിപണി അതി നെല്ലാം മുകളില്‍ സ്ഥാനം പിടിക്കുകയും, കുത്തിപ്പൊക്കുന്ന കാളക്കൂറ്റന്‍, സമൂഹത്തിന്‍റെ ആനന്ദ ചിഹ്നമാവുകയും ചെയ്യുന്നതാണ് നമ്മുടെ ലോകം! ഈ വ്യവസ്ഥ മനുഷ്യരെ കൂടുതല്‍ കൂടുതല്‍ ചൂഷണ വിധേയരാക്കുകയും കിരാതമായ ഒരു ന്യൂന പക്ഷത്തിന്‍റെ കൈകളിലേക്ക് ലോക സമ്പത്ത് മുഴുവനും തന്നെ എത്തിക്കുകയും ചെയ്തുകൊ ണ്ടിരിക്കുന്നു. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കുറയുന്നതായി തോന്നിപ്പിക്കുന്ന മായക്കാഴ്ചയ്ക്ക് പിന്നിലും അത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുക തന്നെയാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഈ അവസ്ഥയ്ക്ക് മാറ്റം വരണം എന്ന് ചിന്തിക്കുന്നവരാണ് സുമനസ്സുകളെല്ലാം. കാര്യങ്ങള്‍ക്ക് മാറ്റം വരിക വളരെ സാവധാനത്തില്‍ ആയിരിക്കും. എന്നിരുന്നാലും ലോകത്തില്‍ അങ്ങിങ്ങ് അതിനുള്ള സൂചനകളും അതിലേക്കുള്ള സൂചകങ്ങളും ഉയര്‍ന്നു വരുന്നുണ്ട്. അവിടെയാണ് ഫ്രാന്‍സി സ്കന്‍ ദര്‍ശനങ്ങള്‍ക്കുള്ള സമകാലിക പ്രസക്തി. അത്തരം ചില ദിശാ സൂചകങ്ങള്‍ മുമ്പ് കോറിയിട്ട ചില ഫ്രാന്‍സിസ്കന്‍ ഊന്നലുകളില്‍നിന്ന് കണ്ടെടുക്കാമെന്ന് തോന്നുന്നു.
1. ഇനിയുള്ള കാലത്ത് ആത്മീയത എന്നത് സാമ്പത്തിക ഘടനയും കച്ചവടവും ഒഴിവാക്കി യുള്ള ഒന്നായിരിക്കില്ല, മറിച്ച് അവയെയും പരിവര്‍ത്തിപ്പിക്കുന്നതും മുന്നോട്ടുകൊണ്ടുപോകുന്നതുമായ ഒന്നായിരിക്കും.
2. ഫ്രാന്‍സിസ്കന്‍ രീതിയില്‍ അധ്വാനം എന്നത് ദരിദ്രരും ഓരംതള്ളപ്പെട്ടവരുമായവരോടുള്ള സോളിഡാരിറ്റി കൂടി ഉള്‍ക്കൊള്ളുന്നതാണ്. എന്‍റെ അധ്വാനഫലം എന്‍റേത് - എന്ന രീതിയില്‍നിന്ന് വ്യത്യസ്തമായിത്തീരണം കാര്യങ്ങള്‍.
3. കൂലിയും കച്ചവടവും മാത്രമല്ല ലോക സാമ്പത്തിക വ്യവസ്ഥ തന്നെയും കൂടുതല്‍ ന്യായബോധം (fairness) ഉള്ളതായിത്തീരണം. ആ വഴിക്കാവണം മുന്നോട്ടുള്ള ചലനം.
4. വ്യക്തിവികാസം, വ്യക്തിസ്വാതന്ത്ര്യം എന്നിവയുടെയെല്ലാം ഇന്നത്തെ നിര്‍വചനങ്ങള്‍ വൈകല്യമുള്ളവയാണ്. കൂടുതല്‍ മൂല്യബദ്ധമായും, സമൂഹം എന്ന സംഘാതത്വത്തിന്‍റെ പശ്ചാത്തലത്തിലും അവ നിര്‍വചിക്കപ്പെടേണ്ടതുണ്ട്.
5. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം (Liberty, Equality, Fraternity) എന്നിവയായിരുന്നു ഫ്രഞ്ച് വിപ്ലവത്തിന്‍റെ ആപ്തവചനങ്ങള്‍. അതേ വഴി പിന്‍ചെന്നുകൊണ്ട് മറ്റു പല ലോക രാഷ്ട്രങ്ങളുടെയും മോട്ടോയില്‍ 'സാഹോദര്യം' എന്ന വാക്ക് കയറിവന്നു. എന്നാല്‍ അവിടങ്ങളിലൊന്നും സാഹോദര്യം മാത്രം കയറി വന്നില്ല. സാഹോദര്യം എന്ന ആശയത്തിന്മേല്‍ ലോകം പുനര്‍ നിര്‍മ്മിക്കപ്പെടേണ്ടതുണ്ട്. സ്വാഭാവികമായും, ലോക സാമ്പത്തികഘടനയും.
6. 'മത്സരം' ആണ് ഇന്നത്തെ മുതലാളിത്ത- കച്ചവട- സാമ്പത്തികമേഖലയുടെ ബലതന്ത്രം. സാമൂഹിക വികസനം മണ്ണില്‍ ഇഴയുമ്പോള്‍, ഇത്രയും ആയത്തില്‍ സാമ്പത്തിക വികസനം മുന്നോട്ടുപോകുന്നതിനെ ഏറെ ഭയത്തോടെ നാം നോക്കി കാണേണ്ടതുണ്ട്. അതിനാല്‍, സാമ്പത്തിക മേഖലയെ നയിക്കുന്ന ആശയങ്ങള്‍ക്കുതന്നെ ഈ ദിശയില്‍ മാറ്റം വരേണ്ടതുണ്ട് എന്ന് ധാരാളം പേര്‍ ഇന്ന് നിരീക്ഷിക്കുന്നുണ്ട്.
7. മുതലാളിത്ത വൃത്തങ്ങളില്‍ നിന്നുതന്നെ സമ്പത്തിന്‍റെ പുനര്‍വിതരണത്തെക്കുറിച്ചുള്ള ചിന്തകള്‍ വരുന്നുണ്ട് എന്നത് ശുഭോദര്‍ക്കമാണ്. ആശയപരമായും ശാസ്ത്ര-സാങ്കേതികമേഖലകളിലും സാമ്പത്തികമായും ഇത്രയും മുന്നോട്ടു പോയ ഒരു ലോകത്ത് സഹസ്ര കോടികള്‍ മനുഷ്യ ത്വഹീനമായ ദാരിദ്ര്യത്തില്‍ കഴിയേണ്ടിവരുന്ന സാഹചര്യം ലോകത്തെ ആകമാനം നോക്കി കൊഞ്ഞനംകുത്തുന്നുണ്ട്. ഒരു പൊളിച്ചെഴുത്ത് കൂടിയേ തീരൂ.
8. ഉപഭോഗപരത അതിന്‍റെ പരകോടിയിലെത്തിയിരിക്കുന്നു ഇന്ന്. കാര്‍ബണ്‍ വമനം ഈ ലോക ജീവിതംതന്നെ താറുമാറാക്കിയിരിക്കുന്നു. ഭൂമി ഒരു ചപ്പുചവറ് കൂമ്പാരമായി തീര്‍ന്നിരിക്കുന്നു. ജനസംഖ്യാ വര്‍ദ്ധനവിന് അനുസരിച്ച് നമ്മുടെ സാങ്കേതികവിദ്യയും ഉല്‍പാദനവും വിതരണവും മാറേണ്ടതായിട്ടുണ്ട്. പഴയ ഉല്‍പാദന- ഉപഭോഗ - വിതരണ രീതികളുമായി നമുക്ക് മുന്നോട്ട് പോകാനാവില്ല. ഉത്തരവാദിത്വപൂര്‍ണ്ണമായ ഉപഭോഗം (responsible consumption) മാനവകുലം ശീലിക്കേണ്ടതായി വരും.
9. പ്രകൃതിയെ വസ്തുക്കളായി കാണുന്ന രീതി തന്നെ മാറേണ്ടതുണ്ട്. ഒന്നും മറ്റൊന്നിനോട് ബന്ധപ്പെടാതെയല്ല. 'പരാനപേക്ഷം പ്രാണിക്കമരാന്‍' ആവില്ലെന്നു തന്നെയാണ് പരിസ്ഥിതി ബോധനം. ഭൂമിയുമായും പ്രകൃതിയുമായും സ്നേഹ-സാഹോദര്യ ബന്ധത്തിലേക്ക് മാനവകുലം വളരേണ്ടതായിട്ടുണ്ട്. കുറേ ലാഭക്കൊതിയന്മാരുടെ ഇച്ഛയ്ക്കും തീരുമാനത്തിനും ലോകത്തെയും ഭൂമിയെയും വിട്ടുകൊടുക്കുന്നത് ആത്മഹത്യാപരമാണ്.
10. ലോക സാമ്പത്തിക രംഗം ആണധികാര രീതിയിലാണ് ചലിക്കുന്നത്. വിനാശകരമാണ് നടപ്പു രീതികള്‍. പ്രസ്തുത മേഖലയില്‍ സ്ത്രൈണതയും മാതൃഭാവങ്ങളും കൂടി ഉള്‍ച്ചേര്‍ന്നു വരേണ്ടതായിട്ടുണ്ട്.
ലോകത്തിന്‍റെ മിക്ക ഭാഗങ്ങളിലും മിനിമലിസ്റ്റ് ചിന്ത കൂടുതല്‍ ജനകീയമാകുന്നുണ്ട്. കൂടുതല്‍ കൂടുതല്‍ പേര്‍ ഏറ്റവും കുറച്ചു മാത്രം ഉപഭോഗം ചെയ്തും സഹജീവികളെക്കൂടി സഹായിച്ചും സഹകരിച്ചും, കൂടുതല്‍ ലളിതമായി ജീവിക്കാനായി ശീലിച്ചും വരുന്നു. ഇക്കോണമി ഓഫ് ഫ്രാഞ്ചെ സ്കോ (EoF) എന്നൊരു യുവജന പ്രസ്ഥാനം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി യൂറോപ്പില്‍ അങ്ങിങ്ങ് വേരുപാകി വരുന്നു. പുതിയൊരു സാമ്പ ത്തിക ക്രമത്തിനുവേണ്ടി അവര്‍ ദാഹിക്കുന്നു. പരിസ്ഥിതി പ്രവര്‍ത്തകരും മനുഷ്യാവകാശ സംഘടനകളും പുതിയ മേഖലകളിലേക്കുകൂടി തങ്ങളുടെ ചിന്തയും പ്രവര്‍ത്തനവും വ്യാപിപ്പിക്കുന്നു. ഭൂമിയെ വീണ്ടും ഒരു ഹരിതഗ്രഹം ആക്കാനുള്ള പരിശ്രമങ്ങളും കൂടുതല്‍ സാമൂഹിക പ്രതിബദ്ധതയുള്ള ഒരു ലോകം തീര്‍ക്കാനുള്ള മുന്‍കൈകളും അവിടവിടെ കാണാനുണ്ട്.
ഇക്കോളജിയെയും ഇക്കോണമിയെയും ഒരുമിപ്പിച്ച് അവയുടെ ആദിമാര്‍ത്ഥങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ സഹോദരന്‍ ഫ്രാന്‍സിസിന്‍റെ ജീവ ചൈതന്യം പേറുന്ന ഭൂമിയുടെ സഹോദരരെ തെരയുകയാണ് ലോകമിന്ന്.