മനുഷ്യര്‍ക്ക് എന്നും വേണ്ടത് ശാന്തിയും, സമാധാനവുമാണ് എന്നാണ് വയ്പ്പ്. എന്നിട്ടും, മനു ഷ്യരാശിയുടെ ഇന്നേവരെയുള്ള ചരിത്രമെടുത്താല്‍, നമ്മുടെ നീക്കങ്ങളെല്ലാം തന്നെ, ഇതിനു കടക വിരുദ്ധമായിരുന്നു എന്ന് കാണാം. മഹാനായ അലക്സാണ്ടറോട് (ലോകം കീഴടക്കുവാന്‍, തുടരെ തുടരെ പടയോട്ടങ്ങള്‍ നടത്തിയ, ആ തേരോട്ടങ്ങള്‍ക്കിടയില്‍ ഒരു ദശലക്ഷത്തിലേറെ പേരെ കൊലപ്പെടുത്തിയ ഒരുവനെ മഹാന്‍ എന്ന് തന്നെയല്ലേ വിശേഷിപ്പിക്കേണ്ടത്?), അദ്ദേഹത്തിന്‍റെ ഗുരുവായ അരിസ്റ്റോട്ടല്‍ ചോദിച്ച ഒരു ചോദ്യമുണ്ട്. അടുത്ത പദ്ധതി എന്താണ്? ഇനി ഇന്ത്യയിലേക്ക് ഒരു പടയോട്ടം നടത്തണം. ഗുരുവിന്‍റെ മറുചോദ്യം ഇതായിരുന്നു: എന്നിട്ടോ? അതിനു ശേഷം ചൈന കീഴടക്കണം എന്നാണാഗ്രഹം. വീണ്ടും അരിസ്റ്റോട്ടില്‍ ചോദ്യം ആവര്‍ത്തിച്ചു കൊണ്ടിരുന്നു. അവസാനം ശിഷ്യന്‍റെ മറുപടി ഇതായിരുന്നു. എന്നിട്ടു വേണം ഒന്ന് വിശ്രമിക്കുവാന്‍. അതാണ്, ആത്യന്തിക ലക്ഷ്യമെങ്കില്‍ പിന്നെ അതെന്തുകൊണ്ട്, ഇപ്പോള്‍ തന്നെ ആയിക്കൂടാ? അലക്സാണ്ടറിന് മറുപടി ഇല്ലായിരുന്നു. എന്നിട്ടും, അലക്സാണ്ടര്‍ തന്‍റെ പട യോട്ടങ്ങള്‍ തുടര്‍ന്നു. ഒരു ചെറിയ രാജ്യമായിരുന്ന മാസിഡോണിയയില്‍ നിന്നുള്ള ആ യുവ ചക്രവര്‍ത്തി, രണ്ടു ദശലക്ഷത്തോളം ചതുരശ്ര മൈല്‍ പ്രദേശം തന്‍റെ കൊടിക്കീഴിലാക്കി. അവസാനം, തന്‍റെ ജൈത്രയാത്രയ്ക്കിടെ, പഴയ മെസോപ്പൊട്ടാ മിയയിലെ (ഇന്നത്തെ ഇറാക്ക്) നഗരമായ ബാബിലോണിയയില്‍ വച്ചു, തന്‍റെ മുപ്പത്തിരണ്ടാം വയസില്‍, വെസ്റ്റ് നൈല്‍ വൈറസ് രോഗബാധയെ തുടര്‍ന്ന് ഈ ഭൂമിയില്‍ നിന്നും എന്നന്നേക്കുമായി മടങ്ങി.
ഇത് മഹാനായ അലക്സാണ്ടറിന്‍റെ മാത്രം കഥയല്ല, ഈ ഭൂമി വെട്ടിപ്പിടിക്കാനിറങ്ങി തിരിച്ചവര്‍ എല്ലാം തന്നെ, തങ്ങളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തിയാക്കാതെയാണ് ഇവിടം വിട്ടിട്ടുള്ളത്. അവരുടെ ആഗ്രഹങ്ങള്‍ക്ക് പരിധികളില്ലായിരുന്നു എന്നത് തന്നെയാണ് കാരണം. കിട്ടുന്തോറും ഇനിയും ഇനിയും എന്ന അത്യാര്‍ത്ഥി അവരുടെ സമാധാനം കെടുത്തുന്നു. അതവരെ കൂടുതല്‍ പടയോട്ടങ്ങളിലേക്കു നയിക്കുന്നു. അവസാനം അസംതൃപ്തിയോടെ ഒരു നാള്‍ ഇവിടം വിടുന്നു. അതിനുള്ളില്‍ എത്രയോ പേരുടെ ജീവിതങ്ങള്‍ ഇല്ലാതാക്കുന്നു, സ്വാസ്ഥ്യം കെടുത്തുന്നു. ചെങ്കിസ് ഖാനും, തിമൂറും, കുബ്ലൈ ഖാനും, നെപ്പോളിയനും അങ്ങനെ അധികാരമോഹികളുടെ നിര അന്തമില്ലാതെ തുടരുന്നു. ഇവര്‍ നടത്തിയ പടയോട്ടങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം കുറച്ചൊന്നുമല്ല. പുതിയ കാലത്തും പടയോട്ടങ്ങള്‍ക്കു കുറവൊന്നുമില്ല. പുട്ടിനും, ബെഞ്ചമിന്‍ നെതന്യാഹുവുമൊക്കെ ഇക്കൂട്ടരുടെ പുതു മാതൃകകളാണ്. അവസാന ശ്വാസം വലിക്കുമ്പോഴെങ്കിലും ഇവരുടെ മനസ്സിലേക്ക്, എന്തിനായിരുന്നു ഇതെല്ലാം എന്ന ചോദ്യം ഉയര്‍ന്നാല്‍ മതിയായിരുന്നു.
മനുഷ്യരാശി ഇതിനോടകം തന്നെ രണ്ടു ലോകമഹായുദ്ധങ്ങള്‍ കണ്ട് കഴിഞ്ഞു. അവയില്‍, ഒന്നാം ലോക മഹായുദ്ധത്തില്‍ പൊലിഞ്ഞത്, പതിനഞ്ചിനും ഇരുപത്തിരണ്ടിനും ഇടയ്ക്ക് ദശലക്ഷം ജീവനുകളാണ്. സാങ്കേതികതയുടെ ഉയര്‍ച്ച, രണ്ടാം ലോകമഹായുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം മുപ്പത്തിയഞ്ചിനും എണ്‍പത്തിയഞ്ചും ദശലക്ഷത്തിലേക്ക് ഉയര്‍ത്തി. സാങ്കേതികത ഒട്ടും വികാസം പ്രാപിച്ചിട്ടില്ലാതിരുന്ന നാളുകളില്‍ നടന്ന കുരിശുയുദ്ധങ്ങള്‍ അപഹരിച്ചത് ഒരു ദശലക്ഷത്തിനും ഒന്‍പതു ദശലക്ഷത്തിനും ഇടയ്ക്ക് ജീവനുകളാണ്. ജീവിതാവസാനം വരെ സമാധാനത്തിനായി നിലകൊണ്ട ക്രിസ്തുവിന്‍റെ പേരിലായിരുന്നു ഈ മരണങ്ങള്‍ എന്നോര്‍ക്കുക. മാനവരാശി ഇന്നേവരെ നടത്തിയ യുദ്ധങ്ങളിലെല്ലാം കൂടി നഷ്ടപ്പെട്ട ജീവനുകള്‍ നൂറ്റിയമ്പത് ദശലക്ഷത്തിനും ഒരു ശതകോടിക്കുമിടയില്‍ വരും. നമ്മെപ്പോലെ ജീവിക്കുവാന്‍ ആഗ്രഹിച്ച, നല്ല ഭക്ഷണം കഴിക്കുവാന്‍, സുഖമായൊന്നുറങ്ങുവാന്‍ കൊതിച്ച മനുഷ്യരായിരുന്നു അവരെല്ലാം.
നമ്മെക്കാള്‍ ബുദ്ധി കുറഞ്ഞ, എന്നാല്‍ നമ്മെക്കാള്‍ ഏറെ ശക്തരായ മറ്റു ഹിംസ്രമൃഗങ്ങള്‍ പോലും കാണിക്കാത്ത, ഈ വിഡ്ഢിത്തം എന്തേ, ബുദ്ധി കൂര്‍മ്മതയില്‍ അഹങ്കരിക്കുന്ന നാം കാണിക്കുന്നു? ഇതുവരെ കൃത്യമായ ഒരുത്തരം ലഭിച്ചിട്ടില്ലാത്ത പ്രഹേളികയാണിത്. ഒരു പക്ഷെ, മനുഷ്യരുടെ എണ്ണം ഒരു പരിധി വിട്ടുയരാതിരിക്കാന്‍ പ്രകൃതി തന്നെ നമ്മില്‍ കുത്തിവച്ച ഒന്നായിരിക്കാം, അതിരു കവിഞ്ഞ ഈ യുദ്ധോത്സുകത. അത്, ആത്യന്തികമായ സര്‍വ്വനാശത്തിലേക്കു നയിക്കാതിരിക്കട്ടെ.
നമ്മുടെ ഈ അതിരു കവിഞ്ഞ ആക്രമണോ ത്സുകത, സഹജീവികള്‍ക്കെതിരെ മാത്രമല്ല, മറ്റു ജീവികളെ ഹനിക്കുന്നതിലേക്കും നയിക്കുന്നുണ്ട്. ഭക്ഷണത്തിനായി മറ്റു ജീവികളെ വേട്ടയാടുന്നതു മനസ്സിലാക്കാം. എന്നാല്‍ വിനോദത്തിനു മാത്രമായി സഹജീവികളുടെ ജീവനെടുക്കുന്നത്, എങ്ങനെ ന്യായീകരിക്കുവാനാവും? ശരിക്കും ക്രൂരതയല്ലേ അത്? മറ്റൊരു ജീവിയും, വിനോദത്തിനായി സഹജീവികളെ കൊല്ലാറില്ല. ഈ സത്യം തിരിച്ചറിയുവാന്‍ ആവുന്നില്ല എങ്കില്‍ പിന്നെ, നാമീ കൊട്ടിഘോഷിക്കുന്ന ബുദ്ധിവൈഭവം കൊണ്ടെന്തു പ്രയോജനം?
മനുഷ്യരുടെ ഏറ്റവും വലിയ അബദ്ധം ഈ ഗ്രഹം തങ്ങളുടേതാണ് എന്ന തോന്നലാണ്. ഈ ഭൂമിയില്‍ ജീവന്‍ ഉത്ഭവിച്ചിട്ട് ഏതാണ്ട്, നാന്നൂറു കോടി വര്‍ഷങ്ങളാകുന്നു. എന്നാല്‍, നമ്മളിവിടെയെത്തിയിട്ട് വെറും മൂന്നു ലക്ഷത്തില്‍ താഴെ മാത്രമേ ആയിട്ടുള്ളൂ. നമ്മള്‍ എന്നും തല്ലിക്കൊല്ലുന്ന പാറ്റകള്‍ ഇവിടെ എത്തിയിട്ട്, ഇരുനൂറു ലക്ഷം വര്‍ഷങ്ങളാകുന്നു. ജെല്ലി ഫിഷുകളാണെങ്കിലോ, എത്തിയിട്ട്, അഞ്ഞൂറ് ദശലക്ഷം വര്‍ഷങ്ങള്‍ കഴിഞ്ഞു. അങ്ങിനെയെങ്കില്‍, തീരെ കുറഞ്ഞ കാലം മാത്രമേ ആയിട്ടുള്ളൂ, നാം ഈ ഭൂമിയില്‍ പാര്‍പ്പുറപ്പിച്ചിട്ട്. പിന്നെ എങ്ങിനെയാണ് നാം ഈ ഗ്രഹത്തിന്‍റെ അധിപന്മാരാവുക? ഒരു പക്ഷെ, ഇതേ ബുദ്ധി സാമര്‍ത്ഥ്യം തന്നെ, നമ്മെ ഈ ഗ്രഹത്തില്‍ നിന്നും കുടിയൊഴിപ്പിക്കുകയും ചെയ്തേക്കും. കുറച്ചുകാലം കൂടി നമുക്കിവിടെ വസിക്കണം എന്നുണ്ടെങ്കില്‍, മറ്റു ജീവിവര്‍ഗ്ഗങ്ങളുമായി നാം സഹവര്‍ത്തിച്ചേ മതിയാവൂ. പരിസ്ഥിതിയുടെ സംതുലനാവസ്ഥയെ ഹനിക്കുന്ന ചെയ്തികളില്‍ നിന്നും പിന്മാറിയെ പറ്റൂ.
പൊതുവെ, എന്നും സമൂഹത്തിന്‍റെ കുറ്റപ്പെടുത്തലുകള്‍ക്ക് ഇരയാവുന്നവരാണ് പരിസ്ഥിതിവാദികള്‍. മനുഷ്യര്‍ക്ക് മെച്ചമുണ്ടാകുന്ന ഒന്നും ചെയ്യുവാന്‍ അനുവദിക്കാത്തവര്‍, വികസനത്തിന് തുരങ്കം വയ്ക്കുന്നവര്‍, മനുഷ്യരേക്കാള്‍ മൃഗങ്ങളെ സ്നേഹിക്കുന്നവര്‍, എന്നിങ്ങനെ നീളുന്നു ഇക്കൂട്ടര്‍ക്കെ തിരെയുള്ള കുറ്റങ്ങള്‍. എന്നാല്‍, പരിസ്ഥിവാദികളേക്കാള്‍ മനുഷ്യന്‍റെ നിലനില്‍പ്പിനായി യത്നിക്കുന്നവര്‍ വേറെയില്ല. വാസ്തവത്തില്‍ ഹോമോസാപ്പിയന്‍ എന്ന തങ്ങളുടെ സ്പീഷിസിനായി ഒരു ദീര്‍ഘകാലം ഈ ഭൂമി വാടകയ്ക്കു കിട്ടണം എന്ന സ്വാര്‍ത്ഥചിന്തയാണ് അവരെ ഇത്തരം നീക്കങ്ങള്‍ക്കു പ്രേരിപ്പിക്കുന്നത്. സുന്ദര്‍ ലാല്‍ ബഹുഗുണയും, മേധാ പട്കറും, മൈക്ക് പാണ്ഡേയും, കിങ്ക്രി ദേവിയുമൊക്കെ ഈ ഗണത്തില്‍ പെടുന്നു. ഇവരെ എതിരാളികളായി കാണുന്നവര്‍, ഒന്നുകില്‍ അപ്പോഴത്തെ ലാഭേച്ഛയ്ക്കായി മാത്രം പ്രവര്‍ത്തിക്കുന്നവരാണ്; അല്ലെങ്കില്‍ വരാനിരിക്കുന്ന തലമുറകള്‍ക്ക് ഈ ഭൂമി ജീവിക്കാന്‍ കൊള്ളാവുന്ന ഒരിടമല്ലാതാക്കി മാറ്റുകയാണ് എന്ന വാസ്തവം തിരിച്ചറിയാത്തവരാണ്.
ഈ വാസ്തവം തിരിച്ചറിഞ്ഞ ഒരു മഹാമ നീഷിയാണ് വിശുദ്ധ ഫ്രാന്‍സിസ് അസീസി. മാനു കളെയും, മുയലുകളെയും പോലുള്ള പാവംമൃഗങ്ങളെ വേട്ടയാടുന്ന, മനുഷ്യരെ പോലും കടിച്ചു കീറുവാന്‍ മടിക്കാത്ത ഒരു ചെന്നായയെ പോലും സഹോദരാ എന്ന് അഭിസംബോധന ചെയ്യുന്ന ഫ്രാന്‍സിസ്, പക്ഷികളോട് പോലും ആശയ വിനിമയം നടത്തുവാന്‍ മുതിര്‍ന്നിരുന്നു . ശാസ്ത്ര സമൂഹം, സഹവര്‍ത്തിത്വം എന്ന വാക്കുപയോഗി ക്കുവാന്‍ തുടങ്ങുന്നതിനു വളരെ മുന്നേ തന്നെ, അതിനു തയ്യാറായ ഒരസാധാരണ വ്യക്തിത്വം ആയിരുന്നു ഫ്രാന്‍സിസ് അസീസിയുടേത്. പതിമൂന്നാം നൂറ്റാണ്ടിന്‍റെ അവസാന പാദത്തില്‍ ഇറ്റലിയില്‍ ജനിച്ച്, അതുവരെ സഭ പിന്തുടര്‍ന്നിരുന്ന നടപ്പു രീതികളില്‍ നിന്ന് മാറി നടന്ന ഫ്രാന്‍സിസ്, തന്നെ പിന്തുടര്‍ന്നവരെയും പഠിപ്പിച്ചത്, അന്ന് വരെ പടിഞ്ഞാറന്‍ നാടുകള്‍ക്ക് പരിചിതമല്ലാത്ത, പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിത രീതിയായിരുന്നു. അദ്ദേഹത്തിന്‍റെ ഓര്‍മ്മ തിരുനാളായ ഒക്ടോബര്‍ മൂന്ന്, ഫ്രാന്‍സിസ് അസ്സീസി നട്ടുമുളപ്പിച്ച ഈ ജീവിതരീതിയിലേക്ക് തിരികെ പോകുവാനുള്ള ഒരോര്‍മ്മപ്പെടുത്തലാണ്. അത് വെറുതെ ഒരാഘോഷനാളായി മാത്രം മാറാതിരിക്കട്ടെ.