news-details
കവർ സ്റ്റോറി

ക്രിസ്തുവിന്‍റെ ഛായ പതിഞ്ഞ കണ്ണാടി

'ധന്യനായ ഫ്രാന്‍സിസ് തന്‍റെ മരണത്തിന് രണ്ടുവര്‍ഷം മുമ്പ് ദൈവമാതാവായ പരിശുദ്ധ കന്യകാ മറിയത്തിന്‍റെയും മുഖ്യദൂതനായ വിശുദ്ധ മിഖായേലിന്‍റെയും ആദരണാര്‍ത്ഥം ല-വേര്‍ണ മലയില്‍ പരിശുദ്ധ മറിയത്തിന്‍റെ സ്വര്‍ഗ്ഗാരോപണത്തിരുനാള്‍ മുതല്‍ സെപ്റ്റംബറിലെ വിശുദ്ധ മിഖായേലിന്‍റെ തിരുനാള്‍ വരെ നാല്പതുനാള്‍ നീണ്ട ഒരു നോമ്പ് ആചരിച്ചു. അപ്പോള്‍ തന്‍റെ കരം ദൈവം അവന്‍റെമേല്‍ വച്ചു. സെറാഫിക് മാലാഖയുടെ ദര്‍ശനം അവന് ഉണ്ടാവുകയും ക്രിസ്തുവിന്‍റെ മുദ്രകള്‍ അവനില്‍ പതിയുകയും ചെയ്തതിനു ശേഷം തന്‍റെമേല്‍ ദൈവം ചൊരിഞ്ഞ ദയയ്ക്ക് നന്ദിയായി അവന്‍ സ്വന്തം കൈപ്പടയില്‍ എഴുതിയ ദൈവനാമ സ്തുതികളാണ് ഈ തുകല്‍ക്കഷണത്തിന്‍റെ മറുപുറത്ത്' ഇന്നും സുരക്ഷിതമായി സൂക്ഷിക്കപ്പെട്ടിട്ടുള്ള ഒരു ചെറിയ തുകല്‍ച്ചുരുളിന്‍റെ (parchment) ഒരു വശത്ത് മുകളിലായി ചുവന്ന, ചെറിയ, സുന്ദരമായ കൈയക്ഷരങ്ങളില്‍ കാണുന്ന കുറിപ്പങ്ങനെയാണ്. സഹോദരന്‍ ലിയോ ആയിരുന്നു മിക്കപ്പോഴും ഫ്രാന്‍സിസിന്‍റെ കേട്ടെഴുത്തുകാരനും സന്തതസഹചാരിയും. സഹോദരന്‍ ലിയോയുടേതാണ് സുന്ദരമായ ഈ ചുവന്ന ചെറിയ കൈപ്പട. ഫ്രാന്‍സിസ് തന്‍റെ സ്വന്തം കൈപ്പടയില്‍ എഴുതിയ 'ദൈവ നാമ സ്തുതികള്‍' ആണ് മറുവശത്തുള്ളത്.  മേല്‍പ്പറഞ്ഞ വിശദീകരണ കുറിപ്പിന് ചുവട്ടില്‍ ഉള്ളതാകട്ടെ, മറുവശത്തെ അതേ കൈപ്പടയിലെ എഴുത്താണ്. സഹോദരന്‍ ലിയോയ്ക്ക് ഉള്ള ഒരു തിരുവചന ആശീര്‍വാദമാണ് അത്. ആശിര്‍വാദം മാത്രമല്ല, തലയോട്ടി വരച്ച് അതില്‍ വളരെ വലിപ്പത്തില്‍ എഴുന്നുനില്ക്കുന്ന 'താവു' (T) എന്ന ഗ്രീക്ക് അക്ഷരമെഴുതി ഫ്രാന്‍സിസ് തന്‍റെ ഒപ്പു ചാര്‍ത്തിയിട്ടുമുണ്ട് അവിടെ.

അതിനു ചുവട്ടിലായി വീണ്ടും സുന്ദരമായ ചുവന്ന ലിപികളില്‍ ലിയോയുടെ കുറിപ്പ്: 'ഈ ആശിര്‍വാദം എനിക്കായി സഹോദരന്‍ ഫ്രാന്‍സിസ് എഴുതിയതാണ്'

****

1219 സെപ്റ്റംബറില്‍ ആയിരുന്നു ഫ്രാന്‍സിസ് ഡാമിയേത്തായില്‍ സുല്‍ത്താന്‍ മാലിക് അല്‍ കമിലിനെ കാണുന്നതും അദ്ദേഹത്തിന്‍റെ ആതിഥ്യം സ്വീകരിച്ച് ഏതാനും ദിവസം അദ്ദേഹത്തോടൊപ്പം പാര്‍ക്കുന്നതും. രണ്ടു വര്‍ഷത്തിനുശേഷം 1221-ല്‍ തന്‍റെ സമൂഹത്തിനുവേണ്ടി ഒരു നിയമാവലി അദ്ദേഹം എഴുതി ഉണ്ടാക്കിയെങ്കിലും സഹോദര ഗണത്തിന്‍റെ താല്‍പര്യക്കുറവ് മൂലം തിരുസിംഹാസനത്തിന് അത് സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ല. അതിന് രണ്ടാം വര്‍ഷം 1223-ല്‍ ഫ്രാന്‍സിസ് മറ്റൊരു നിയമാവലി എഴുതി ഉണ്ടാക്കുന്നു. അദ്ദേഹംതന്നെയാണ് റോമില്‍ പോയി മാര്‍പാപ്പയെ കണ്ട് അതിന് അംഗീകാരം വാങ്ങിക്കുന്നത്. നിയമാവലി സമര്‍പ്പിക്കുന്നതിനായി മാര്‍പാപ്പയെ സന്ദര്‍ശിച്ച വേളയില്‍ ഗ്രെച്ചിയോ മലയില്‍ തിരുപ്പിറവിയുടെ ദൃശ്യാവിഷ്കാരത്തോടെ പരിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനും അദ്ദേഹം മാര്‍പാപ്പയില്‍ നിന്ന് അനുമതി നേടുന്നു. അങ്ങനെ 1223 ക്രിസ്തുമസ് സന്ധ്യയില്‍ ഗ്രെച്ചിയോ മലയില്‍ കാളയെയും കഴുതയെയും കൊണ്ടുവന്ന്, ചുറ്റുപാടുമുള്ള ജനങ്ങളും സന്ന്യാസ സഹോദരങ്ങളും കത്തിച്ച മെഴുകുതിരികളും പന്തങ്ങളുമായി വന്ന് പിറവിയുടെ ദൃശ്യാവിഷ്കാരത്തോടെ ദിവ്യബലി അര്‍പ്പിക്കുന്നു. പ്രസ്തുത ബലിമധ്യേ ഫ്രാന്‍സിസ് പ്രസംഗിക്കുന്നു. തന്‍റെ സമൂഹത്തിനുവേണ്ട നിയമാവലിക്ക് അംഗീകാരമായി; നവമായ രീതിയില്‍ തിരുപ്പിറവി യുടെ ദൃശ്യാവിഷ്കാരം നടത്തുക വഴി ജനത്തിനും സമൂഹാംഗങ്ങള്‍ക്കും ഒരു പുതിയ ഉണര്‍വിനും താന്‍ കാരണമായി. അങ്ങനെ പലവിധ കാരണങ്ങളാല്‍ ജീവിതത്തില്‍ അദ്ദേഹം സന്തുഷ്ടനായിരുന്നു.

***

കസന്തീനോ താഴ്വാരത്തിനഭിമുഖമായി 4209 അടി ഉയരമുള്ള ഒരു ഇടത്തരം മലയാണ് ല-വേര്‍ണ. മലമുകളിലെ ചെങ്കുത്തായ പാറകള്‍ വന്യമായ ഒരു ദൃശ്യസൗന്ദര്യം ല-വേര്‍ണയ്ക്ക് പ്രദാനം ചെയ്യുന്നുണ്ട്. ദീര്‍ഘനാളുകള്‍ ഗുഹകളിലും മലമുകളിലും പ്രാര്‍ത്ഥിക്കുക പതിവായിരുന്ന ഫ്രാന്‍സിസിന്‍റെ ഉപയോഗത്തിനായി ഓര്‍ലാണ്ടോ പ്രഭു ല-വേര്‍ണ എന്ന തന്‍റെ മല വിട്ടു നല്‍കിയിരുന്നു (ഫ്രാന്‍സിസും കൂട്ടരും സ്വന്തം പേരില്‍ യാതൊന്നും പതിച്ചു വാങ്ങുന്ന പതിവില്ലായിരുന്നു). ല-വേര്‍ണാ മലമുകളില്‍ ഫ്രാന്‍സിസിനായി ഒരു ചെറിയ പര്‍ണശാലയും അദ്ദേഹം പണിതു നല്‍കിയിരുന്നു. ആത്മീയമായി ഫ്രാന്‍സിസ് അതീവ സന്തുഷ്ടനായിരുന്നെങ്കിലും, സുദീര്‍ഘമായ യാത്ര കളും ദീര്‍ഘമായ ഉപവാസങ്ങളും തപസ്ചര്യകളും കഠിനമായ തണുപ്പില്‍ നിന്ന് ശരീരത്തിന് വേണ്ടത്ര സംരക്ഷണം  നല്‍കാത്തതും മൂലം പലവിധ ശാരീരിക ക്ലേശങ്ങളും അദ്ദേഹത്തെ അലട്ടിക്കൊണ്ടിരുന്നു. എന്നിട്ടും, ഹേമന്തകാലമായപ്പോള്‍ അദ്ദേഹം സഹചരനായ സഹോദരന്‍ ലിയോയോടൊപ്പം ല-വേര്‍ണ മലയിലേക്ക് യാത്രയായി. അസീസി പട്ടണത്തിന് നൂറ് കിലോമീറ്ററിലധികം വടക്ക് മാറിയാണ് ല-വേര്‍ണ.


ആഗസ്റ്റ് 15-നാണ് പരിശുദ്ധ അമ്മയുടെ സ്വര്‍ഗ്ഗാരോപണത്തിരുനാള്‍. സെപ്റ്റംബര്‍ 29-നാണ് വി. മിഖായേലിന്‍റെ (മുഖ്യദൂതന്മാരുടെ) തിരുനാള്‍. നാല്പത് ദിവസം നീളുന്നതാണ് നോമ്പാചരണം. അന്നും ഇന്നും പാശ്ചാത്യ സഭയില്‍ നോമ്പിനിടയില്‍ വരുന്ന ഞായറാഴ്ചകള്‍ കണക്കില്‍പ്പെടുത്താറില്ല. ഒരു നേരം ഒരല്പം ഉണക്ക റൊട്ടിയും കുറച്ച് വെള്ളവും മാത്രം കഴിച്ചാണ് അക്കാലത്തെ നോമ്പാചരണം. ചെലാനോയിലെ തോമസ്സാണ് ഫ്രാന്‍സിസിന്‍റെ ആദ്യ ജീവചരിത്രകാരന്‍. അദ്ദേഹമാകട്ടെ, പറ്റാവുന്നത്രയും ആളുകളെ ഇന്‍റര്‍വ്യൂ ചെയ്തും, കാര്യങ്ങള്‍ പഠിച്ചുമാണ് ഫ്രാന്‍സിസിന്‍റെ ജീവചരിത്രം പൂര്‍ത്തിയാക്കിയത്.

അദ്ദേഹത്തിന്‍റെ വിവരണപ്രകാരം, ല-വേര്‍ണ മലമുകളില്‍ ആയി രിക്കേ വിശുദ്ധ കുരിശിന്‍റെ പുകഴ്ചയുടെ തിരുനാളിനോട് (സെപ്റ്റംബര്‍ 14)  അടുത്ത്, ഫ്രാന്‍സിസിന് വളരെ സവിശേഷമായ ഒരു ദര്‍ശനം ഉണ്ടായി. പ്രാര്‍ത്ഥനയില്‍ ആയിരുന്ന അദ്ദേഹം നോക്കുമ്പോള്‍ തന്‍റെ മുന്നില്‍, തനിക്ക് മുകളിലായി ക്രൂശിത രൂപത്തിലുള്ള ഒരു ദൈവിക മനുഷ്യനെയാണ് കാണുന്നത്. രണ്ട് ചിറകുകള്‍ മുകളിലേക്കും, രണ്ട് ചിറകുകള്‍ വശങ്ങളിലേക്ക് വിരിച്ച നിലയിലും, രണ്ടു ചിറകുകള്‍ കൊണ്ട് ശരീരം മറച്ചും. അവന്‍റെ മുഖലാവണ്യം വര്‍ണ്ണനാതീതം. എന്നാല്‍, അവന്‍റെ മുഖത്ത് വേദന സ്ഫുരിച്ചിരുന്നു. എങ്കിലും, അതീവ ദയയോടെയാണ് അവന്‍ ഫ്രാന്‍സിസിനെ കടാക്ഷിച്ചത്. കൈത്തലങ്ങളും കാല്‍പ്പാദങ്ങളും ക്രൂശിതനെന്നപോലെ ആണികളാല്‍ ബന്ധിതമായി രുന്നു. ഈ ദര്‍ശനം തന്നോട് സംവേദിക്കുന്ന അര്‍ത്ഥം എന്തെന്ന് ഫ്രാന്‍സിസിന് ഒരു രൂപവും കിട്ടിയില്ല എന്ന് രണ്ടുതവണ ചെലാനോ പറയുന്നുണ്ട്. അവന്‍ വലിയ ദയയോടെയാണ് തന്നെ നോക്കിയത് എന്നതിനാല്‍ ഫ്രാന്‍സിസിന് ഏറെ ആനന്ദം തോന്നി. എന്നാല്‍, അവന്‍റെ മുഖത്ത് വേദന ഉണ്ടായിരുന്നു എന്നതും അവന്‍റെ കൈകാലുകള്‍ ആണികളാല്‍ ബന്ധിതമായിരുന്നു എന്നതും ഫ്രാന്‍സിസിനെ ദുഃഖിതനുമാക്കി.

തീര്‍ച്ചയായും ഈ ദര്‍ശനത്തെക്കുറിച്ച് ഫ്രാന്‍സിസ്, സഹോദരന്‍ ലീയോയുമായി പങ്കുവെച്ചിട്ടുണ്ട്. ദര്‍ശനത്തിന്‍റെ അര്‍ത്ഥം എന്തായിരിക്കാം എന്ന് അദ്ദേഹം ആരാഞ്ഞിട്ടും ഉണ്ടാകാം. ചെലാനോയുടെ വിവരണപ്രകാരം, 'കുറച്ചു കഴിഞ്ഞ്' ഫ്രാന്‍സിസിന്‍റെ കൈപ്പത്തികളിലും കാല്‍പ്പാദങ്ങളിലും പാര്‍ശ്വത്തിലും ക്രൂശിതനായ കര്‍ത്താവിന്‍റേതുപോലുള്ള മുദ്രകള്‍ പതുക്കെ തെളിഞ്ഞുവന്നു എന്നാണ്. ഏതാനും ദിവസത്തിന് ശേഷമാണ് പ്രസ്തുത മുദ്രകള്‍ കാണാവുന്നത് (സെപ്റ്റംബര്‍ 17-ാം തിയ്യതിയാണ് സഭ വി. ഫ്രാന്‍സിസിന്‍റെ പഞ്ചക്ഷത തിരുനാള്‍ ആചരിച്ചു വരുന്നത്).

ചെലാനോയുടെ വിവരണ പ്രകാരം കൈപ്പത്തികള്‍ക്ക് അകത്തും കാല്‍പ്പാദങ്ങള്‍ക്ക് മുക ളിലും വൃത്താകൃതിയില്‍ ആണി തറച്ച് വച്ചിരിക്കുന്നതുപോലുള്ള ചുവന്ന മുഴകളായിരുന്നു. കൈപ്പത്തികള്‍ക്ക് പുറത്തും കാല്‍പ്പാദങ്ങളുടെ അടിയിലും ദീര്‍ഘ വൃത്താകൃതിയില്‍ ചുവന്ന മുദ്രയും അതിനു നടുവിലായി കാരിരുമ്പാണി വളച്ച് മടക്കി വച്ചതു പോലെ പുറത്തേക്ക് തുറിച്ചു നില്‍ക്കുന്ന കറുപ്പ് നിറത്തിലുള്ള ദശയും ഉണ്ടായിരുന്നുവന്നൊണ്. ഒരു കുന്തം കുത്തിക്കയറ്റിയാല്‍ എന്നപോലെ ദീര്‍ഘ വൃത്താകൃതിയിലുള്ള മുറിവായിരുന്നു അദ്ദേഹത്തിന്‍റെ പാര്‍ശ്വത്തിലേത്. അതില്‍ നിന്ന് പലപ്പോഴും രക്തം വമിച്ച് ഫ്രാന്‍സിസിന്‍റെ ഉള്‍വസ്ത്രവും പുറത്തെകുപ്പായവും നനഞ്ഞിരുന്നു.

ഇത്തരം മുദ്രകള്‍ ദൃശ്യമായതോടെ ഫ്രാന്‍സിസ് മറ്റുള്ളവരില്‍ നിന്ന് പരമാവധി അകലം പാലിച്ചു. പിന്നീട് മിക്കവാറും അദ്ദേഹം ആശ്രമത്തില്‍ വരാതെയായി. കൂടുതല്‍ സമയവും അദ്ദേഹം പര്‍ണശാലകളില്‍ കഴിച്ചുകൂട്ടി. ഇത്ര കാലം നഗ്നപാദനായി നടന്നിരുന്ന ഫ്രാന്‍സിസ്, മുന്‍വശം മൂടുന്ന തരത്തിലുള്ള തുകലിന്‍റെ ചെരിപ്പുകള്‍ ധരിക്കാന്‍ തുടങ്ങി. നടന്നു മാത്രം യാത്ര ചെയ്തിരുന്ന ഫ്രാന്‍സിസിനെ അവസാനം കഴുതപ്പുറത്തിരുത്തിയാണ് അസ്സീസിയിലേക്ക് കൊണ്ടുവരുന്നത്. ക്രൂശിതനായ കര്‍ത്താവിന്‍റെ ക്രൂശിതനായ ദാസന്‍ ജീവിതാവസാനത്തില്‍ തന്‍റെ കൈകളുടെ നീളവുംകവിഞ്ഞ് നീണ്ടുകിടക്കുന്ന കൈകളുള്ള ഉടുപ്പാണ് ധരിച്ചിരുന്നത്. തന്‍റെ പഞ്ചക്ഷതങ്ങള്‍ മറ്റാരും കാണാതിരിക്കാന്‍ ഫ്രാന്‍സിസ് കൈക്കൊണ്ട മാര്‍ഗങ്ങളായിരുന്നു ഇതെല്ലാം എന്ന് പിന്നീടാണ് മറ്റുള്ളവര്‍ മനസ്സിലാക്കുന്നത്. ഫ്രാന്‍സിസ് ജീവിച്ചിരിക്കേ മൂന്നേമൂന്നു പേര്‍ മാത്രമേ ഫ്രാന്‍സിസിന്‍റെ ക്ഷതങ്ങള്‍ കണ്ടി ട്ടുള്ളൂ. ല-വേര്‍ണ മലയിലും പിന്നീടും തന്നോടൊപ്പം ഉണ്ടായിരുന്ന സഹോദരന്‍ ലിയോ, സഭയുടെ ജനറല്‍ മിനിസ്റ്റര്‍ ആയിരുന്ന സഹോദരന്‍ ഏലിയാസ്, ഫ്രാന്‍സിസിന്‍റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായിരുന്ന സഹോദരന്‍ റുഫീനോ. ഫ്രാന്‍സിസിനെ സഹായിക്കുന്നതിനോ മറ്റോ ശ്രമിക്കുമ്പോള്‍ ഫ്രാന്‍സിസിന്‍റെ പാര്‍ശ്വത്തില്‍ സഹോദരന്‍ റുഫീനോയുടെ വിരല്‍ പതിഞ്ഞു വെന്നും വേദനയാല്‍ പുളഞ്ഞുപോയ ഫ്രാന്‍സിസ് റുഫീനോയുടെ കൈ പെട്ടന്ന് എടുത്തുമാറ്റിയെന്നും ചെലാനോ എഴുതുന്നുണ്ട്.

പോര്‍സ്യുങ്കുളായിലെ പര്‍ണശാലയില്‍ ഫ്രാന്‍സിസ് മരണശയ്യയില്‍ ആയിരിക്കേ തന്‍റെ സുഹൃത്തായ റോമിലെ ജക്കോബ എന്ന സമ്പന്ന വനിതയ്ക്ക് ഒരു കത്ത് കൊടുത്തുവിടാന്‍ ആവശ്യപ്പെടുന്നുണ്ട്. തന്നെ കാണാന്‍ താല്പര്യം ഉണ്ടെങ്കില്‍ ഉടനെ വരണമെന്നും, വരുമ്പോള്‍ സാധ്യമെങ്കില്‍ ഇന്ന ഇന്ന വസ്തുക്കള്‍ കൂടെ കൊണ്ടുവരണം എന്നുമായിരുന്നു ഫ്രാന്‍സിസ് പറഞ്ഞുകൊടുത്ത കത്തിന്‍റെ ഉള്ളടക്കം. കത്തുമായി പിറ്റേന്ന് ദൂതന്‍ പുറപ്പെടും മുമ്പുതന്നെ ജക്കോബ തന്‍റെ എട്ടു വയസ്സുള്ള ഏറ്റവും ഇളയ മകനോടൊപ്പം പോര്‍ സ്യൂങ്കുളായില്‍ എത്തി എന്നാണ് ചരിത്രം. എന്നു മാത്രമല്ല, കത്തില്‍ എഴുതാന്‍ ഫ്രാന്‍സിസ് നിര്‍ദ്ദേശിച്ച വസ്തുക്കളെല്ലാം ജക്കോബാ കൂടെ കൊണ്ടു വരികയും ചെയ്തിരുന്നു. ഏതാനും ദിവസത്തിനകം ഫ്രാന്‍സിസ് തന്‍റെ നാഥന്‍റെ പക്കലേക്ക് യാത്ര യായി. സഹോദരന്മാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പട്ടണത്തില്‍ താമസിക്കുകയായിരുന്ന ജക്കോബാ ഉടന്‍ ഓടിയെത്തി. ഫ്രാന്‍സിസിന്‍റെ ശരീരം ഒരുക്കുന്നതിനായി 'സഹോദരന്‍' എന്നു തന്നെ ഫ്രാന്‍സിസ് വിളിച്ച ജക്കോബയും ജനറല്‍ മിനിസ്റ്റര്‍ ആയിരുന്ന സഹോദരന്‍ ഏലിയാസിനോടൊപ്പം ചേരുന്നുണ്ട്. ഫ്രാന്‍സിസിന്‍റെ ചേതനയറ്റ ശരീരം ഏലിയാസിനോടൊപ്പം കണ്ട ജക്കോബായാണ്, പിതാവിന്‍റെ ശരീരത്തിലെ ഈ മുദ്രകള്‍ മറ്റുള്ളവരും കാണുന്നത് ഉചിതമായിരിക്കും എന്ന് സഹോദരന്‍ ഏലിയാസിനോട് നിര്‍ദ്ദേശിക്കുന്നത്. ജക്കോബയുടെ നിര്‍ദ്ദേശത്തിന് ചെവി കൊടുത്തി ട്ടാണ് കൈകാലുകള്‍ മറയ്ക്കാതെതന്നെ ഫ്രാന്‍സിസിന്‍റെ ഭൗതിക ശരീരം സഹോദരന്‍ ഏലിയാസ് പൊതുദര്‍ശനത്തിന് വയ്ക്കുന്നത്. അങ്ങനെയാണ് ജനമെല്ലാം അത്ഭുതകരമായ ഈ മുദ്രകള്‍ കാണുന്നതും ആനന്ദത്തോടെ ദൈവത്തെ മഹത്ത്വപ്പെ ടുത്തുന്നതും.

ക്രിസ്തുവിന്‍റെ പീഡാനുഭവവേദനയില്‍ ആത്മനാ എന്നും പങ്കുചേര്‍ന്ന ഫ്രാന്‍സിസിന് ദൈവം തന്‍റെ പുത്രന്‍റെ മുദ്രകള്‍ ശരീരത്തില്‍ പതിച്ചുനല്കി അനുഗ്രഹിച്ചതായിരിക്കണം.

'ഇനിമേല്‍ ആരും എന്നെ ബുദ്ധിമുട്ടിക്കരുത്. എന്തെന്നാല്‍, ഞാന്‍ എന്‍റെ ശരീരത്തില്‍ യേശുവിന്‍റെ അടയാളങ്ങള്‍ ധരിക്കുന്നു' (എഫേ. 6:17) എന്ന വചനഭാഗമാണ് ഫ്രാന്‍സിസിന്‍റെ പഞ്ചക്ഷത സ്വീകരണത്തിരുനാളില്‍ ദിവ്യബലിയില്‍ വായിക്കുക. ഈ വരുന്ന സെപ്റ്റംബര്‍ 17-ാം തിയ്യതി ഫ്രാന്‍സിസിന്‍റെ പഞ്ചക്ഷത സ്വീകരണത്തിന്‍റെ 800-ാം വാര്‍ഷികമാണ്. തന്‍റെ ദൈവമായ കര്‍ത്താവിനെ 'പൂര്‍ണ ഹൃദയത്തോടും പൂര്‍ണമനസ്സോടും പൂര്‍ണാത്മാവോടും സര്‍വ്വശക്തിയോടും കൂടി' സ്നേഹിച്ച ഒരു നിസ്വന്‍റെ മനസ്സിലും ആത്മാവിലും മാത്രമല്ല, ശരീരത്തില്‍ക്കൂടി തന്‍റെ പുത്രന്‍റെ രൂപം പതിപ്പിച്ചുറപ്പിച്ചത് ദൈവത്തിന്‍റെ മഹാകാരുണ്യവും പ്രതിസ്നേഹവുമാകണം. വേദനയുടെ നാളുകള്‍ കഴിയേ സ്തുതിഗീതങ്ങളാലപിച്ച് അതീവ സന്തുഷ്ടയോടും ആനന്ദത്തോടും കൂടിയാണ് ആ വാനമ്പാടി ചിറകിലെ മണ്ണ് കുടഞ്ഞുകളഞ്ഞ് സ്വര്‍ഗ്ഗത്തിലേക്ക് പറന്നുയര്‍ന്നത് !

നാമിന്നും അതുകണ്ട് മോഹിച്ചും വിഭ്രമിച്ചും നില്ക്കുന്നു 

You can share this post!

"പാരതന്ത്ര്യം മാനികള്‍ക്കു..."

ചാക്കോ സി. പൊരിയത്ത്
അടുത്ത രചന

സ്റ്റിഗ്മാറ്റ (Stigmata)

ഡോ. ജെറി ജോസഫ് OFS
Related Posts