news-details
കവർ സ്റ്റോറി

"പാരതന്ത്ര്യം മാനികള്‍ക്കു..."

ലോകത്തിലെ ഏറ്റവും മികച്ച ജനാധിപത്യരാഷ്ട്രം എന്നു വാഴ്ത്തപ്പെടുന്ന ഇന്ത്യയുടെ 78-ാമതു സ്വാതന്ത്ര്യദിനം: 2024 ആഗസ്റ്റ് 15. പൂര്‍ണ്ണസ്വാതന്ത്ര്യത്തിലേക്കുള്ള നമ്മുടെ ചരിത്രയാത്ര സമാപിച്ച ദിനം. സ്വാതന്ത്ര്യലബ്ധിക്കു മുമ്പ് ജനിച്ചവരില്‍ ഏറെയാളുകളൊന്നും, ആ സ്വാതന്ത്ര്യപ്പുലരിയുടെ ഓര്‍മ്മ പങ്കുവയ്ക്കാന്‍ പാകത്തില്‍ ഇന്നു ജീവിച്ചിരിപ്പില്ല. കാര്യഗൗരവമൊന്നും അറിയാന്‍ പ്രായമായിരുന്നില്ലെങ്കിലും ആ ആഘോഷത്തിമിര്‍പ്പിനെപ്പറ്റിയുള്ള തീരെ നേര്‍ത്തൊരോര്‍മ്മ ഇതു കുറിക്കുന്നയാളുടെ മനസ്സില്‍ നിലനില്‍ക്കുന്നുണ്ട്.

സ്വാതന്ത്ര്യസമരകാലഘട്ടം പശ്ചാത്തലമാക്കിയുള്ള പഴയ ഒരു നോവല്‍ വായിച്ചതോര്‍ക്കുന്നു: കെ.എ. അബ്ബാസിന്‍റെ 'ഇങ്ക്വിലാബ്'. മഹാത്മജിയും ജവാഹര്‍ലാല്‍ നെഹൃവും സര്‍ദാര്‍ പട്ടേലും ഭഗത്സിങ്ങുമൊക്കെ ആ കൃതിയില്‍ കഥാപാത്രങ്ങളാണ്. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ച 1947-നൊക്കെ 25 വര്‍ഷം പിന്നിലേക്ക് എത്തിനോക്കുന്ന ആ നോവലിലെ, നായകന്‍ ഒരു അന്‍വര്‍ ആണ്; ജന്മംകൊണ്ട് ഹിന്ദുവെങ്കിലും സാഹചര്യംകൊണ്ട് മുസ്ലീമായി വളര്‍ത്തപ്പെടുന്ന കൗമാരക്കാരന്‍. ദേശമെങ്ങും സ്വാതന്ത്ര്യസമരച്ചൂടിലായിരുന്ന ആ ദിനങ്ങളിലൊന്നില്‍, ഒരു തീവണ്ടിമുറിയില്‍, യുവാവായ ജവാഹര്‍ലാന്‍ നെഹൃവുമായി ഒരു കൂടിക്കാഴ്ചയ്ക്ക് അവസരം കിട്ടുന്നുണ്ട് അന്‍വറിന്. ബോഗിനിറയെ, അനുയായികളോടൊത്ത്, എവിടേക്കോ യാത്ര ചെയ്യുകയായിരുന്നു നെഹൃ. ആരാധനയോടെ, കൗമാരക്കാരനായ അന്‍വര്‍ നീട്ടുന്ന ഓട്ടോഗ്രാഫ് ബുക്കില്‍ തിരക്കിട്ട് നെഹൃ എഴുതിക്കൊടുക്കുന്ന ഒരു ചെറുവാക്യമിതാണ്: "അപായകരമായി ജീവിക്കുക".

അന്‍വറിനെപ്പോലെ ആയിരക്കണക്കിനു യുവപ്രായക്കാര്‍ക്ക് മഹത്തായ ഒരു ജീവിതലക്ഷ്യമുണ്ടായിരുന്നു: മാതൃരാജ്യത്തെ വൈദേശിക ഭരണത്തില്‍ നിന്നു മോചിപ്പിക്കുക; ഇന്ത്യയെ ഇന്ത്യക്കാരുടേതാക്കി മാറ്റുക. പ്രാണനുള്‍പ്പെടെ, നഷ്ടപ്പെടാനല്ലാതെ ഒന്നും സ്വന്തമായി നേടാന്‍ വേണ്ടിയായിരുന്നില്ല ആ യുവജനങ്ങള്‍ സമരാഗ്നിയിലേക്ക് സ്വയം എറിഞ്ഞുകൊടുക്കാന്‍ തയ്യാറായത്. അവര്‍ക്ക് ജീവിതം അപായംനിറഞ്ഞതായിരുന്നു; "നഷ്ടപ്പെടുവാന്‍ വിലങ്ങുകള്‍; കിട്ടാനുള്ളതു പുതിയൊരു ലോകം" എന്നൊരു സ്വപ്നലക്ഷ്യം. അന്‍വറിന്‍റെ ഓട്ടോഗ്രാഫില്‍ ജവാഹര്‍ലാല്‍ കുറിച്ച ആ വാക്യം സൂചിപ്പിച്ചത് അതുതന്നെയായിരിക്കുമല്ലോ.

വര്‍ഷങ്ങളിലേക്കു നീണ്ട, പൂര്‍ണ്ണ സ്വരാജിനായുള്ള ആ സമരം ഒടുവില്‍ വിജയം കൈവരിച്ചു. മഹാത്മജി നേതൃത്വം നല്‍കിയ, ക്ലേശഭരിതമായ ആ സമരം വിജയിച്ച് ഇന്ത്യ ഇന്ത്യക്കാരുടേതായിത്തീര്‍ന്ന ആ ആഹ്ലാദനിമിഷങ്ങളില്‍ പക്ഷേ, സമരനായകന്‍ ആ മുന്‍നിരയില്‍ അപ്പോള്‍ ഉണ്ടായിരുന്നില്ല. ഹിന്ദു-മുസ്ലീം കലാപം കത്തിപ്പടര്‍ന്ന ഒരിടത്ത് അതു ശമിപ്പിക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു ഗാന്ധിജി. സ്വാതന്ത്ര്യലബ്ധിയെത്തുടര്‍ന്ന് സംഭവിച്ച ഇന്ത്യാവിഭജനം, വലിയ ഒരു മുറിപ്പാടായത് ഏറെ വൈകാതെയായിരുന്നല്ലോ.

ഇന്ത്യ ഒരു സ്വതന്ത്രപരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടു. ജവാഹര്‍ലാര്‍ നെഹൃ പ്രധാനമന്ത്രിയായി, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതൃത്വം കൊടുത്ത മന്ത്രിസഭ അധികാരത്തില്‍ വന്നു. മഹത്തായ ഒരു സ്വപ്നസാക്ഷാത്കാരം. ഇന്ത്യയുടെ ഭരണം ഇന്ത്യക്കാരുടെ കൈകളില്‍. നാനാത്വങ്ങളുടെ, വൈജാത്യങ്ങളുടെ സംഗമഭൂമിയായ നമ്മുടെ ഈ നാട്ടില്‍ ഇന്ത്യന്‍ ജനതയുടെയാകെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുതകുന്ന ശക്തമായ ഒരു ഭരണഘടന നമുക്കുണ്ടായി. മുക്കാല്‍ നൂറ്റാണ്ടിലേറെ പിന്നിട്ട കാലഘട്ടത്തിനിടയ്ക്ക് ഈ രാജ്യത്ത് പിന്നീട് ഭരണമാറ്റത്തിന്‍റെ സാഹചര്യങ്ങളുണ്ടായി. ശക്തമായ ഒരു പ്രതിപക്ഷം ഇല്ലാത്ത ഒരവസ്ഥയില്‍, മഹത്തായ ഈ രാജ്യം സ്വേച്ഛാഭരണത്തിന്‍റെ അടിമത്തത്തിലേക്കാണോ നീങ്ങുന്നതെന്ന സന്ദേഹം, സമാധാനകാംക്ഷികളായ ജനകോടികളുടെ ഉറക്കം കെടുത്തിയ നാളുകള്‍!

പൊതുതിരഞ്ഞെടുപ്പിലൂടെ, തങ്ങളെ ഭരിക്കേണ്ടതാരെന്നു നിര്‍ണ്ണയിക്കാന്‍, ഭൂരിപക്ഷം വരുന്ന ജനസാമാന്യത്തിനു കഴിയുന്നുവെന്നതാണ് നമ്മുടെ രാഷ്ട്രത്തിന്‍റെ ഭാഗധേയത്തെ നിര്‍ണ്ണയിക്കുന്ന ഘടകം. ഭരണത്തിലെ കതിരും പതിരും തിരിച്ചറിഞ്ഞ് പ്രതികരിക്കാനുള്ള കഴിവ് നിരക്ഷരര്‍ക്കും ഉണ്ടെന്നത് നാം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു. ഭരിക്കുന്നവരുടെ തോന്ന്യാസങ്ങള്‍ക്കു കടിഞ്ഞാണിടാന്‍ കരുത്തുള്ള പ്രതിപക്ഷം ഉണ്ടായിരിക്കണമെന്നതാണ് ജനാധിപത്യവ്യവസ്ഥിതിയുടെ വിജയത്തിന് അടിസ്ഥാനം. അധികാര ദുര്‍വിനിയോഗം നടന്നാല്‍ ചോദ്യം ചെയ്യുന്നതിനുള്ള സംഘബലം-അത് ഏറെ പ്രധാനമാണ്.

ലക്ഷ്യത്തിലെത്താന്‍വേണ്ടിയുള്ള തീവ്രശ്രമം വിജയിച്ച്, ആ ലക്ഷ്യംപ്രാപിച്ചു കഴിയുമ്പോള്‍ ഒരു മരവിപ്പു ബാധിക്കുന്ന അവസ്ഥ ഇന്ത്യന്‍ സമൂഹത്തിനുമുണ്ടായി എന്നതു പരമാര്‍ഥം. എം.മുകുന്ദന്‍റെ 'മയ്യഴിപ്പുഴയുടെ തീരങ്ങളി'ലെ ദാസനും മയ്യഴിവിമോചനസമര നേതാക്കള്‍ക്കും ഉണ്ടായതുപോലുള്ള, മരവിപ്പിന്‍റെ ഒരു നിഷ്ക്രിയാവസ്ഥ. അത് നമ്മുടെ ഇന്ത്യന്‍ യുവതയെയും പിടികൂടിയിട്ടില്ലേ എന്നൊരു ശങ്ക! നീണ്ട ഈ 77 വര്‍ഷങ്ങള്‍ തീര്‍ച്ചയായും നാം ഏറെയേറെ പുരോഗതിയിലെത്തിയെന്നത് അഭിമാനത്തോടെ ഓര്‍മ്മിക്കാവുന്നതു തന്നെ. എന്നാല്‍, പലവിധങ്ങളായ പാരതന്ത്ര്യം നമ്മെ പിന്തുടരുന്നുണ്ട് ഇപ്പോഴും. അജ്ഞതയില്‍ നിന്ന്, ദാരിദ്ര്യത്തില്‍ നിന്ന്, ചൂഷണങ്ങളില്‍ നിന്ന്, മതവിശ്വാസങ്ങളുടെ അന്ധമായ നീരാളിപ്പിടിത്തത്തില്‍ നിന്ന് ഒക്കെയുള്ള മോചനം നമുക്കിനിയും അകലെയാണ്. തൊഴിലില്ലായ്മ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ ഏറെയേറെ പരിഹൃതമാകേണ്ടതുണ്ട്. മണ്ണും വിണ്ണും മലീമസമായിക്കൊണ്ടിരിക്കുന്ന ദുരവസ്ഥ വര്‍ധിച്ചുകൊണ്ടിരിക്കുന്നുവെന്നത് ഏറെ ആശങ്ക സൃഷ്ടിക്കുന്നു. ജാതീയവും മതപരവുമായ മേഖലകളില്‍, മുമ്പെങ്ങുമുണ്ടായിട്ടില്ലാത്തവിധം അശാന്തി പുകയുന്നുവെന്നത് നമ്മുടെ നാടിന്‍റെ വര്‍ത്തമാനകാല ദുഃഖമാണ്. ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുമ്പോള്‍ ഏറെ സ്വയംപര്യാപ്തത നമുക്കുണ്ടാവുമെന്നതു പരമാര്‍ഥമാണ്. ആ സ്വയം പര്യാപ്തതയ്ക്ക് അകമ്പടിസേവിക്കാന്‍ സ്വാര്‍ഥതയും ഉണ്ടാവുമെന്നു നാമോര്‍ക്കണം.

നമുക്കു പരസ്പരം നല്ല അയല്‍ക്കാരാകാന്‍, നല്ല കാവല്‍ക്കാരാകാന്‍ കഴിഞ്ഞിരുന്നു, പണ്ട്. എല്ലാവര്‍ക്കും എല്ലാവരും കൂട്ടിനുണ്ട്, എന്ന സ്ഥിതി. ഇന്ന് ആ അവസ്ഥയ്ക്ക് ഏറെ മാറ്റം സംഭവിച്ചിരിക്കുന്നു. സ്വന്തം നിലപാടുള്ളവരും ആ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നവരുമായിരുന്നു നമുക്കു നേതൃത്വം നല്‍കാന്‍ ഉണ്ടായിരുന്നത്. ഇന്ന് ആ അവസ്ഥയാകെ മാറിക്കഴിഞ്ഞിരിക്കുന്നു. ഒരു പദവിക്കുവേണ്ടി എന്തു വിട്ടുവീഴ്ചയും ചെയ്യുന്ന, നിലപാടുകളില്ലാത്ത നേതാക്കളാണ് എല്ലാ മേഖലകളിലും ഇന്നുള്ളത്. നിലപാടുകളില്ലാത്തവരും അതു നഷ്ടപ്പെട്ടവരും അഭിമാനബോധം കൈമോശംവന്നവരാണ്.

ഈ ചെറുലേഖനത്തിന്‍റെ തലക്കെട്ട് "പാരതന്ത്ര്യം മാനികള്‍ക്ക്..." എന്നത് പ്രസിദ്ധമായ ആ ശ്ലോകത്തിന്‍റെ അവസാന പാദത്തിലേതാണ്. അഭിമാനബോധമുളളവര്‍ക്ക് പാരതന്ത്ര്യം എന്ന അടിമത്തം മരണത്തെക്കാള്‍ ഭയാനകമാണ്. ആ അഭിമാനബോധം നഷ്ടപ്പെട്ടാല്‍ പിന്നെ നാമൊക്കെ തനി അടിമകള്‍മാത്രം. നമ്മുടെ നാടിന്‍റെ 77-ാമത് സ്വാതന്ത്ര്യദിനംകൊണ്ടാടുമ്പോള്‍, "സ്വാതന്ത്ര്യംതന്നെയമൃതം, സ്വാതന്ത്ര്യംതന്നെ ജീവിതം" എന്നതിനൊപ്പം, ഇക്കാര്യവും നമ്മുടെ മനസ്സുകളിലുണ്ടാവട്ടെ.

You can share this post!

വഴിമാറി നടന്ന മാര്‍ത്തോമ്മ

ഫാ. ഷാജി സി എം ഐ
അടുത്ത രചന

സമാധാനം

ജെര്‍ളി
Related Posts