news-details
കത്തുകള്‍

'സംരക്ഷിക്കപ്പെടേണ്ടത് അന്തസ്സത്തയാണ്, പ്രതിച്ഛായയല്ല'

ഡോ.  മാത്യു പൈകട കപ്പൂച്ചിന്‍ അസ്സീസി ഒക്ടോബര്‍ ലക്കത്തില്‍ എഴുതിയ 'സംരക്ഷിക്കപ്പെടേണ്ടത് അന്തസ്സത്തയാണ്, പ്രതിച്ഛായയല്ല' എന്ന കവര്‍സ്റ്റോറി വായിക്കാന്‍ ഇടയായി. ഇന്നിന്‍റെ കാലഘട്ടത്തില്‍ ഈ ലേഖനം തികച്ചും അര്‍ത്ഥവത്താണ്. സഭയുടെ പ്രതിച്ഛായ നഷ്ടപ്പെടാതിരിക്കാന്‍ സഭയില്‍ നടക്കുന്ന പേക്കൂത്തുകളെ നാളിതുവരെ സഭാനേതൃത്വം ഒതുക്കിത്തീര്‍ത്തതുകൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നതെന്നും അത് സഭാനേതൃത്വം തിരുത്തേണ്ടത് ഈ കാലഘട്ടത്തിന്‍റെ ആവശ്യമെന്നും ലേഖകന്‍ ചൂണ്ടിക്കാണിക്കുന്നത് വളരെ ശരിയാണ്. സഭയില്‍ നുഴഞ്ഞുകയറുന്ന മാനുഷികദൗര്‍ബല്യങ്ങള്‍ ദൈവികവരങ്ങളായ സത്യത്തെയും വിശ്വസ്തതയെയും നീതിയെയും പ്രത്യാശയെയും സഹാനുഭൂതിയെയും പൊറുതിയെയും പുറന്തള്ളാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തേണ്ടത് ക്രിസ്തുശിഷ്യന്മാരുടെ കടമയാണ് എന്ന വാചകം സഭാനേതൃത്വം ഗൗരവപൂര്‍വ്വം എടുക്കേണ്ടതാണ്. വി. ബൈബിള്‍ കാലാകാലങ്ങളായി സഭാതലവന്മാര്‍ എഴുതിയ വിവിധ ചാക്രികലേഖനങ്ങള്‍ എന്നിവയെ ആസ്പദമാക്കി 'സംരക്ഷിക്കപ്പെടേണ്ടത് അന്തസ്സത്തയാണ്, പ്രതിച്ഛായയല്ല' എന്ന് ബഹു. പൈകട അച്ചന്‍ വളരെ വ്യക്തമായി പ്രതിപാദിക്കുന്നു. ജലന്തര്‍ രൂപത വിഷയം ഇത്രയും വഷളാക്കിയതില്‍ സഭാനേതൃത്വത്തിനുള്ള പങ്ക് ഒരിക്കലും തള്ളിക്കളയാനാകില്ല. സഭയില്‍ നടക്കുന്ന തെറ്റുകള്‍ തെറ്റുകളായി കാണാനുള്ള ഒരു മനസ്സ് / ഉള്‍ക്കാഴ്ച സഭാനേതൃത്വത്തിന് ഉണ്ടാകുവാന്‍ ഈ ലേഖനം പ്രയോജനപ്പെടും.             - ജോണ്‍സണ്‍ വി. പി., ഡെല്‍ഹി 
സാത്താനുമുണ്ട് ഒരു സമയം സഭാസ്ഥാപനവേളയില്‍ കര്‍ത്താവു പ്രവചിച്ചു നരകകവാടങ്ങള്‍ സഭയെ കീഴടക്കുകയില്ല എന്ന്, ഈ വാഗ്ദാനം വിശ്വാസികള്‍ക്കു പ്രത്യാശ നല്കുന്നു.
 
ഒരു അനുസ്മരണം, സീറോ മലബാര്‍ സഭയുടെ മുന്‍ മേജര്‍ ആര്‍ച്ച്ബിഷപ്പിനെ പരാതികളുമായി ഏതാനുംപേര്‍ സമീപിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: സീറോ മലബാര്‍ സഭയെ പിശാച് ആവേശിച്ചിരിക്കുന്നു. ഇന്നുണ്ടായിരിക്കുന്ന അവസ്ഥാവിശേഷങ്ങളും ഇപ്രകാരം പിശാചിന്‍റെ നിയന്ത്രണം അനുസ്മരിപ്പിക്കുന്നു. ഒരു ബിഷപ്പും ഒരു കന്യാസ്ത്രീയും പരസ്പരം ഉന്നയിക്കുന്ന ആരോപണങ്ങള്‍ സാത്താന്‍റെ കുടിലതന്ത്രങ്ങളാണെന്ന് പറയാം. സീറോ മലബാര്‍ സഭയുടെ ഭരണാധികാരിയെതന്നെ ചില ഭരണാധികാരികള്‍ക്കു വിശ്വാസമില്ലാത്ത സാഹചര്യമുണ്ടായിരിക്കുന്നു. 
 
അസ്സീസി മാസികയില്‍ ഫാ. ജോസ് വെട്ടിക്കാട്ട് എഴുതി: മുന്‍കാലങ്ങളെ അപേക്ഷിച്ച് സഭയ്ക്കുള്ളില്‍ മൂല്യശോഷണം ഏറിയിട്ടുണ്ട് എന്നു സമ്മതിച്ചേതീരൂ. അതിനുള്ള ഒന്നാമത്തെ കാരണം ഐക്യത്തിനുള്ള പ്രചോദനങ്ങളെക്കാള്‍ ഉപരി പാശ്ചാത്യത്തിന്‍റെയും പൗരസ്ത്യത്തിന്‍റെയും പേരിലും പാരമ്പര്യത്തിന്‍റെയും പൈതൃകത്തിന്‍റെയും ഡിനോമിനേഷന്‍റെയും പേരിലും വിശ്വാസികളെ വിഘടിച്ചു നിര്‍ത്താന്‍ സഭാനേതൃത്വം മത്സരിക്കുന്നു എന്നുള്ളതുതന്നെയാണ് - ഇടിയും മിന്നലും.
 
സാത്താന്‍ ആരെ വിഴുങ്ങേണ്ടു എന്ന ലക്ഷ്യത്തില്‍ പാഞ്ഞു നടക്കുന്നു. മെത്രാന്മാരും പുരോഹിതരും അല്മായരും കന്യാസ്ത്രീകളും സാത്താന് ഒരുപോലെ തന്നെ.
 
ജെയിംസ് ഐസക് കുടമാളൂര്‍ 
 
 
 ഫരിസേയരുടെ അവസ്ഥ ഉണ്ടാകാതിരിക്കട്ടെ
 
ഒക്ടോബര്‍ ലക്കം അസ്സീസി മാസിക വായിക്കാന്‍ ഇടയായി. ബൈബിളിന്‍റെയും സുവിശേഷത്തിന്‍റെയും അടിസ്ഥാനത്തില്‍ നിലവിലെ സഭാപ്രതിസന്ധികളോട് പ്രതികരിച്ച രീതി തികച്ചും അഭിനന്ദനാര്‍ഹം തന്നെ. നിങ്ങളുടെ ഈ വേറിട്ട ശൈലി നിരന്തരം തുടരട്ടെയെന്ന് ആശംസിക്കുന്നു. "അവന്‍റെ അടുത്തുണ്ടായിരുന്ന ഏതാനും ഫരിസേയര്‍ ഇതുകേട്ട് അവനോടു ചോദിച്ചു: അപ്പോള്‍ ഞങ്ങളും അന്ധരാണോ? യേശു അവരോടു പറഞ്ഞു: അന്ധരായിരുന്നെങ്കില്‍ നിങ്ങള്‍ക്ക് പാപം ഉണ്ടാകുമായിരുന്നില്ല. എന്നാല്‍ ഞങ്ങള്‍ കാണുന്നു എന്ന് നിങ്ങള്‍ പറയുന്നു, അതുകൊണ്ട് നിങ്ങളില്‍ പാപം നിലനില്‍ക്കുന്നു" (യോഹ. 9:4-10).     -
 
ജോഷി ഡോമിനിക്
 
അപചയങ്ങളുടെ കാരണം
 
ഭയപ്പെടുത്തല്‍, തെറ്റിദ്ധരിപ്പിക്കല്‍, കള്ളക്കഥകള്‍, അന്ധവിശ്വാസങ്ങള്‍ അടിച്ചേല്‍പ്പിക്കല്‍, മാനസികവിഭ്രാന്തി സൃഷ്ടിക്കല്‍, അടിമകളാക്കല്‍ ഈ വക പ്രക്രിയകളിലൂടെ ഈ കാലമത്രയും സഭാ നേതൃത്വവും സേവകരും ധ്യാനഗുരുക്കന്മാരും വൈദിക ഗണവും കുഞ്ഞാടുകളെ അടിച്ചമര്‍ത്തി വച്ചതിന്‍റെ പ്രത്യാഘാതമാണ് ഇപ്പോള്‍ കാണുന്ന കല അപചയങ്ങളുടെയും മുഖ്യകാരണം. ഇനിയെങ്കിലും മനസ്സിലാക്കിയാല്‍ നന്ന്. അല്ലായെങ്കില്‍ ഇതിന്‍റെ പോക്ക് വളരെ ഗൗരവം നിറഞ്ഞത് തന്നെയായിരിക്കും. നമുക്കാവശ്യം വിവേകമതികളും നിഷ്പക്ഷമതികളും നിര്‍ഭയരും അറിവുള്ളവരുമായ സഭാ നേതൃത്വങ്ങളും വൈദികരും വിശ്വാസികളുമാണ്. ഒരു നവീകരണം, ഒരു ആത്മീയവിപ്ലവം അനിവാര്യം. അത് എത്രയും വേഗമായാല്‍ അത്രയും നന്ന്. 
 
ഒരു തെറ്റ് ചെയ്യുന്നതിനേക്കാള്‍ വലിയ തെറ്റ് അത് മനസ്സിലാക്കിയവര്‍ അത് തിരുത്തുവാന്‍ തുനിയാത്തതും അത് മൂടിവയ്ക്കാന്‍ ശ്രമിക്കുന്നതും അതു മറ്റുള്ളവരുടെ തലയില്‍ കെട്ടിവയ്ക്കുന്നതുമാണ്. തെറ്റ് ചെയ്തവരെ പ്രത്യക്ഷമായി സഹായിച്ച് അവരെ വീണ്ടും തെറ്റുകളില്‍ തുടരാന്‍ പ്രോത്സാഹിപ്പിക്കുകയും മറ്റുള്ളവരെക്കൂടി കൂടുതല്‍ തെറ്റുകള്‍ ചെയ്യുവാന്‍ ഉതപ്പു കൊടുക്കുകയുമാണ് ചെയ്യുന്നത്. അഭിഷിക്തരെ തൊട്ടുപോകരുതെന്ന പഴയനിയമ പഴങ്കഥകള്‍ മാറ്റുവാന്‍ സമയം അതിക്രമിച്ചിരിക്കുന്നു.
 
- എഫ്രേം, ഹൈദരബാദ്
 
ഇരയാര്? വേട്ടക്കാരനാര്?
 
2018 ഒക്ടോബര്‍ ലക്കം അസ്സീസി മാസിക കൈകാര്യം ചെയ്യുന്നത് ഈയിടെ കോളിളക്കം സൃഷ്ടിച്ച ബിഷപ്പ് ഫ്രാങ്കോയുടെ മാധ്യമകുറ്റവിചാരണയെ ചുറ്റിപ്പറ്റിയായിരുന്നു. ബിഷപ്പ് ഫ്രാങ്കോയെ വലിയൊരു കുറ്റക്കാരനായി ചിത്രീകരിച്ചുകൊണ്ടുള്ള തിരക്കഥകളും ഉപകഥകളുംകൊണ്ട് നിറഞ്ഞതായിരുന്നു ദൃശ്യശ്രാവ്യമാധ്യമങ്ങളും പത്രമാസികകളും. അസ്സീസി മാസികയിലെ ലേഖനങ്ങള്‍ പ്രത്യക്ഷമായോ പരോക്ഷമായോ ബിഷപ്പ് ഫ്രാങ്കോയെ കുറ്റക്കാരനായി സങ്കല്പിച്ചുകൊണ്ടുള്ള ലേഖനങ്ങളായിരുന്നു. ഫാ. ജോസ് വെട്ടിക്കാട്ടിന്‍റെ ലേഖനത്തില്‍ മാത്രമാണ് ഒരു ഭിന്നസ്വരം കേള്‍ക്കുന്നത്. സഭാപാരമ്പര്യത്തിന്‍റെയും ബൈബിളിന്‍റെയും ഫ്രാന്‍സിസ് പാപ്പായുടെ പ്രസ്താവനകളുടെയും പശ്ചാത്തലത്തില്‍ ഔദ്യോഗിക സഭയുടെ നിലപാടിനെ നിശിതമായി വിമര്‍ശിച്ചും വഴിയോരസമരത്തിനിറങ്ങിയ കന്യാസ്ത്രീയെ നീതീകരിച്ചും എഴുതിയവയായിരുന്നു അവ. ഈ ലേഖകരിലാരുംതന്നെ തങ്ങളുടെ നിലപാടിനെ ന്യായീകരിക്കുന്ന തെളിവുകള്‍ ഹാജരാക്കുന്നില്ല എന്നതാണ് ഇവയുടെ സവിശേഷത. മാധ്യമങ്ങള്‍ കെട്ടിച്ചമച്ച തിരക്കഥകള്‍ക്കൊത്ത് പക്ഷം ചേരലാണോ ക്രിസ്തീയത? മാത്യു പൈകട എഴുതുകയാണ്. "സങ്കീര്‍ണ്ണമായ ഒരു പ്രശ്നത്തില്‍ നമ്മള്‍ നിലപാടെടുക്കുമ്പോള്‍ പോലീസിന്‍റെ ജോലിയോ ന്യായാധിപന്‍റെ ജോലിയോ ഏറ്റെടുക്കുകയല്ല പ്രത്യുത നാമേവരും ഒരുപോലെ അംഗീകരിക്കുന്ന ജനാധിപത്യസമ്പ്രദായത്തില്‍ ഇതിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെടുകയാണ് ചെയ്യുന്നത്" എങ്കില്‍ പോലീസിന്‍റെയും കോടതിയുടെയും അന്വേഷണവക തെളിവുശേഖരണങ്ങളും കോടതി വിചാരണയും കഴിഞ്ഞ് വിധിതീര്‍പ്പ് വരുന്നതുവരെ ഒരാളെ കുറ്റക്കാരനായി വിധിയെഴുത്ത് നടത്തി പക്ഷം ചേരുന്നതാണോ ക്രിസ്തീയത?
 
കഴിഞ്ഞ സെപ്തംബര്‍ 14 ന് ഭാരതത്തില്‍ സുപ്രീംകോടതി ഒരു സുപ്രധാന വിധിയെഴുത്ത് നടത്തി. ഇന്ത്യയുടെ ബഹിരാകാശഗവേഷണസ്ഥാപനമായ ISRO യില്‍ പ്രഗത്ഭനായ നമ്പിനാരായണനെയും അവിടുത്തെ പ്രഗത്ഭനായ ശാസ്ത്രജ്ഞന്‍ ശശികുമാറിനെയും സഹപ്രവര്‍ത്തകരെയും 1994 നവംബറില്‍ തിരുവനന്തപുരത്ത് തന്‍റെ വാസസ്ഥലത്ത് വന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. അന്ന് പോലീസ് ഇവരുടെമേല്‍ ആരോപിച്ച കുറ്റം മാലിദ്വീപിലെ മറിയം റഷീദയും, ഫൗസിയ ഹസിനും ഇവരെ പ്രലോഭിപ്പിച്ച് ഗവേഷണരഹസ്യങ്ങള്‍ ചോര്‍ത്തിയെടുത്ത് പാക്കിസ്ഥാന്‍റെ ചാരസംഘടനയ്ക്ക് കൈമാറി എന്നുള്ളതാണ്. അന്നാളുകളില്‍ ഇവരെ ചുറ്റിപ്പറ്റി എന്തെന്ത് തിരക്കഥകളും പൈങ്കിളികഥകളും ചമച്ച് കേരളത്തിലെ ദൃശ്യശ്രാവ്യമാധ്യമങ്ങളും പത്രങ്ങളും ആഘോഷിച്ചു. 24 വര്‍ഷത്തിനുശേഷമാണ് ഇപ്പോള്‍ സുപ്രീം കോടതിയുടെ വിധി പുറത്തുവരുന്നത്. വിധിപ്രസ്താവനയില്‍ നമ്പിനാരായണനെ വിശേഷിപ്പിക്കുന്നത് "കെട്ടിച്ചമച്ച ചാരക്കേസിന്‍റെ ഇര" എന്നാണ്. നഷ്ടപരിഹാരമായി സര്‍ക്കാര്‍ തമ്പിനാരായണന് 50 ലക്ഷം രൂപ നല്കണമെന്നും കോടതി വിധിച്ചു.  50 ലക്ഷം അല്ല 500 ലക്ഷം കിട്ടിയാലും നീണ്ട 24 വര്‍ഷം നമ്പിനാരായണനും ഇരയാക്കപ്പെട്ടവരും അനുഭവിച്ച മാനസിക സംഘര്‍ഷങ്ങള്‍ക്കും പീഡനങ്ങള്‍ക്കും സമൂഹത്തില്‍ സൃഷ്ടിക്കപ്പെട്ട മാനഹാനിക്കും ഗവേഷണകേന്ദ്രത്തിന് ഉണ്ടാവാമായിരുന്ന നേട്ടങ്ങള്‍ക്കും പരിഹാരമാവുമോ? മേലില്‍ ഇത്തരം കള്ളക്കേസുകളും മാധ്യമങ്ങളുടെ ഭാവനാസൃഷ്ടികളായ അപമാനകരമായ വ്യക്തിഹത്യ വിചാരണകള്‍ക്കും അന്ത്യം കുറിക്കത്തക്കവിധം നടപടിയെടുക്കേണ്ടതല്ലേ?
ബഹു. പോള്‍ തേലക്കാട്ടച്ചനോടൊരു ചോദ്യം. നിഷ്പക്ഷത  പക്ഷപാതമാകും, അതിനോടു ഞാന്‍ യോജിക്കുന്നു. വസ്തുതയും മനസ്സും തമ്മിലുള്ള യോജിപ്പിലാണ് സത്യമെന്ന് തോമസ് അക്വിനാസ് വ്യക്തമാക്കിയിട്ടുണ്ട്. തന്‍റെ നിലപാടിനെ നീതികരിക്കുന്നതും സിദ്ധാന്തീകരിക്കുന്നതും നല്ലതുതന്നെ. ഇനിയാണെന്‍റെ ചോദ്യം. തന്‍റെ ലേഖനത്തില്‍ അദ്ദേഹം പറയുന്നത് ഈ വിഷയം ജലന്ധര്‍ രൂപതയില്‍ പുകയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ 4 എങ്കിലുമായി. ഇത് വാസ്തവമാണെങ്കില്‍ തുടര്‍ന്ന് 4 വര്‍ഷമായി പലപ്രാവശ്യവും ഈ കന്യാസ്ത്രീ എന്തിന് ഒരു മുന്‍കരുതലുമെടുക്കാതെ ബിഷപ്പിന്‍റെ മുറിയില്‍ ഒറ്റയ്ക്കുപോയി? മദര്‍ സുപ്പീരിയറിനെ വിവരം ധരിപ്പിച്ച് അവരെയോ വേറൊരു കന്യാസ്ത്രീയെയോ കൂട്ടി പോകാമായിരുന്നില്ലേ? തന്നെ ദുരുപയോഗിക്കുമെന്നു കണ്ടാല്‍ ബഹളം വച്ച് മുറിക്ക് പുറത്ത് കടക്കാമായിരുന്നില്ലേ? തെരുവിലിറങ്ങി അട്ടഹാസം മുഴക്കി മാധ്യമങ്ങളെ ക്ഷണിച്ചുവരുത്തി ലജ്ജാകരമായ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ തന്‍റേടം കാണിച്ച കന്യാസ്ത്രീ അത്ര ബലഹീനയാണെന്ന് ധരിക്കാമോ? വികാരി മുതല്‍ ന്യൂണ്‍ഷിയോ വരെ പരാതി നല്‍കിയെന്നും ആരും പ്രശ്നം പഠിച്ചില്ലെന്നും ശ്രദ്ധിച്ചില്ലെന്നും പരിഹാരം ചെയ്തില്ലെന്നും അവകാശപ്പെടുന്നുണ്ടല്ലോ? എന്നുമുതലാണ് പരാതികള്‍ നല്കിയതെന്ന് എന്തുകൊണ്ട് പോളച്ചന്‍ വെളിപ്പെടുത്തുന്നില്ല? പരാതി നല്കിയതിനുശേഷം പീഡിപ്പിക്കപ്പെട്ടോ എന്നും വെളിപ്പെടുത്തുന്നില്ല. അതിന്‍റെ രഹസ്യമെന്താണ്? പോലീസ് ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലം കുറ്റകൃത്യം നടന്നു എന്നുതന്നെയല്ലേ. തല്‍ഫലമായി അറസ്റ്റ് നടന്നുവെന്നും. നമ്പിനാരായണന്‍റെ കെട്ടിചമച്ച ചാരക്കേസിലും പോലീസ് നല്‍കിയ സത്യവാങ്മൂലം കുറ്റകൃത്യം നടന്നു എന്നുതന്നെയായിരുന്നുവല്ലോ? അതുകൊണ്ടുതന്നെയാണല്ലോ അവരെയെല്ലാം അറസ്റ്റ് ചെയ്തത്. കുറ്റാരോപിതന്‍ കുറ്റം ചെയ്തു എന്ന് സത്യവാങ്മൂലത്തില്‍ അവകാശപ്പെട്ടതുകൊണ്ടുമാത്രം കുറ്റം ചെയ്തത് യാഥാര്‍ത്ഥ്യമാണെങ്കില്‍ പിന്നെ എന്തുകൊണ്ടാണ് നമ്പി നാരായണന്‍റെ കാര്യത്തില്‍ കെട്ടിചമച്ച ചാരക്കേസിന്‍റെ ഇരയായിരുന്നു നമ്പിനാരായണനെന്ന് സുപ്രീം കോടതി വിധി പ്രസ്താവന നടത്തുകയും 50 ലക്ഷം നഷ്ടപരിഹാരം കൊടുക്കുവാന്‍ കല്പിക്കുകയും ചെയ്തത്. കുറ്റകൃത്യം നടന്നുവെന്ന് പോലീസ് സത്യവാങ്മൂലത്തില്‍ അവകാശപ്പെട്ടാല്‍ പോരാ കോടതിയില്‍ തെളിയിക്കപ്പെടാത്തിടത്തോളം കാലം കുറ്റാരോപിതന്‍ നിരപരാധിയല്ലേ. അങ്ങനെയെങ്കില്‍ കുറ്റം ആരോപിച്ച ആളുടെ പക്ഷം ചേരാന്‍ കഴിയുമോ? കുറ്റാരോപിതന് അവന്‍റെ സത്പേരിന് അവകാശമില്ലേ? അത് നിഷേധിക്കലല്ലേ കുറ്റാരോപികയുടെ പക്ഷം ചേരല്‍?
 
തന്‍റെ നിലപാടിനെ ന്യായീകരിക്കാനായി കഴിഞ്ഞ ആഗസ്റ്റ് 20 ന് ഫ്രാന്‍സിസ് പാപ്പാ സഭയുടെ ലൈംഗിക പ്രതിസന്ധിയെ സംബന്ധിച്ച് പുറപ്പെടുവിച്ച "ദൈവത്തിനുള്ള എഴുത്ത്" എന്നതില്‍നിന്ന് ഉദ്ധരിക്കുന്നുണ്ട്. "നിശബ്ദമാക്കാനും കുറ്റത്തില്‍ പങ്കുകാരാക്കുന്ന ഗൗരവതരമായ തീരുമാനങ്ങള്‍ അന്വേഷിക്കാനുമുള്ള എല്ലാ ശ്രമങ്ങളെക്കാള്‍ അവരുടെ നിലവിളി ശക്തമായിരുന്നു. കര്‍ത്താവ് ആ വിളി കേട്ടു. വീണ്ടും കര്‍ത്താവ് ഏതു ഭാഗത്തു നില്‍ക്കുന്നു എന്നു കാണിച്ചിരിക്കുന്നു". ആ ഭാഗത്ത് ഞാനും നില്‍ക്കുന്നു. പോളച്ചന്‍ ഉദ്ധരിക്കുന്ന മാര്‍പാപ്പയുടെ കത്ത് അസ്സീസി വായനക്കാര്‍ക്കെല്ലാവര്‍ക്കും സംലഭ്യമല്ലല്ലോ! അതുകൊണ്ട് ഉദ്ധരിച്ച ഭാഗം മനസ്സിലാകണമെങ്കില്‍ അതിന്‍റെ സാഹചര്യവും പശ്ചാത്തലവും വെളിപ്പെടുത്തേണ്ടതായിരുന്നില്ലേ? അവരുടെ നിലവിളി എന്നത് ആരുടെ നിലവിളിയാണ്? ഇരകളാരായിരുന്നു? വിഷയമെന്തായിരുന്നു? ഇതൊന്നും വായനക്കാര്‍ക്ക് അറിയില്ലല്ലോ. സന്ദര്‍ഭത്തില്‍നിന്നും അടര്‍ത്തിയെടുക്കുന്ന (യഥാര്‍ത്ഥ ഉദ്ദേശ്യത്തെ മറച്ചുവയ്ക്കുന്നതിനുള്ള കൃത്രിമ വിശദീകരണം) ഉദ്ധരണിയെതുടര്‍ന്ന് പോളച്ചന്‍ പറയുന്നത് ഞാനും ആ ഭാഗത്തുനിന്നു തുടര്‍ന്ന് പറയുകയാണ് നില്ക്കുമ്പോഴും കാലുകള്‍ വഴുതുന്ന മണ്ണിലാണ് എന്നെനിക്കറിയാം. വഞ്ചിതനാകാം. തന്‍റെ നിലപാട് തറ ഉറപ്പില്ലാത്തതാണെന്ന് തോന്നലല്ലേ. വഴുതുന്ന മണ്ണിലാണ് താന്‍ നില്ക്കുന്നതെന്നും വഞ്ചിതനാണെന്നും പ്രസ്താവിക്കുന്നതിന്‍റെ അര്‍ത്ഥം. 
 
ഞാറയ്ക്കല്‍ സെന്‍റ് മേരീസ് പള്ളിയും തൊട്ടടുത്ത ലിറ്റില്‍ ഫ്ളവര്‍ കര്‍മ്മലീത്ത മഠവും തമ്മിലുണ്ടായ സ്കൂളിന്‍റെ ഉടമസ്ഥതയെയും മാനേജ്മെന്‍റിനെയും കുറിച്ചുണ്ടായ തര്‍ക്കത്തിലും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും നടക്കുമ്പോള്‍ സഭയുടെ നിലപാട് ആരുടെ പക്ഷത്തായിരുന്നു? സഭാമാധ്യമങ്ങളുടെ വക്താക്കളായിരുന്നവര്‍ക്ക് ഞാറയ്ക്കല്‍ ഇടവകയില്‍ നടന്ന ഈ സംഭവങ്ങളെക്കുറിച്ച് എന്തുകൊണ്ട് അല്പസ്ഥലം നീക്കിവയ്ക്കാന്‍ കഴിഞ്ഞില്ല? 1971 ല്‍ അന്നത്തെ പള്ളിവികാരിയും അസിസ്റ്റന്‍റുംകൂടി വ്യാജരേഖ ചമച്ച് സ്കൂള്‍ പള്ളിയുടെ ഉടമസ്ഥതയിലാക്കി. കന്യാസ്ത്രീകള്‍ വിവരം അറിഞ്ഞതുമില്ല. ഗേള്‍സ് ഹൈസ്കൂള്‍ തുടങ്ങിയപ്പോള്‍ മഠത്തിലെ മുറികള്‍ ഭേദഗതികള്‍ വരുത്തിയാണ് ക്ലാസുകള്‍ ആരംഭിച്ചത്. മഠവും സ്കൂളും വേര്‍പെടുത്താന്‍ പറ്റാത്തവിധം ഒന്നായിതീര്‍ന്നു. 2001 ല്‍ മഠം സെന്‍റ് ജോസഫ് ഇംഗ്ലീഷ് മീഡിയം (CBSE) ഹൈസ്കൂള്‍ കോമ്പൗണ്ടില്‍ ആരംഭിച്ചു. ധാരാളം കുട്ടികള്‍ അവിടെ പഠിക്കാന്‍ വന്നിരുന്നു. 2007 ല്‍ അന്നത്തെ വികാരി ഇംഗ്ലീഷ് മീഡിയം പള്ളിവക സ്കൂള്‍ കോമ്പൗണ്ടില്‍നിന്ന് മാറ്റണമെന്ന് മദറിനോടാവശ്യപ്പെട്ടു. എന്തോ അപകടമുണ്ടെന്നു മനസ്സിലാക്കിയ സിസ്റ്റേഴ്സ് നടത്തിയ അന്വേഷണത്തിലാണ് 1971 ല്‍ ഹൈസ്കൂള്‍ കൈവിട്ടുപോയ കാര്യം അറിയുന്നത്. തുടര്‍ന്ന് വിഭ്യാഭ്യാസ ഡിപ്പാര്‍ട്ട്മെന്‍റില്‍ മദര്‍ സുപ്പീരിയര്‍ നല്‍കിയ പരാതിയിന്‍മേല്‍ ഡിപ്പാര്‍ട്ട്മെന്‍റ് നടത്തിയ പരിശോധനയ്ക്കുശേഷം 2008 സെപ്തംബര്‍ 30 ന് ഇറക്കിയ വിധിയില്‍ ഹൈസ്കൂള്‍ മഠത്തിന്‍റേതാണെന്ന് വ്യക്തമാക്കി. ഇതില്‍ അരിശംപൂണ്ട വികാരിയച്ചനും അദ്ദേഹമൊരുക്കി നിര്‍ത്തിയ ഇടവകക്കാരും (ഗുണ്ടകള്‍) കുര്‍ബാനയ്ക്കും വന്ന സിസ്റ്റേഴ്സിനെ പള്ളിയില്‍ പ്രവേശിക്കുന്നതിനുമുമ്പേ അസഭ്യം വിളിച്ചും കുറുവടി വീശിയും ഭീഷണിപ്പെടുത്തി. ഭീതിപൂണ്ട സിസ്റ്റേഴ്സ് പ്രാണരക്ഷാര്‍ത്ഥം മഠത്തിലേക്ക് ഓടിപ്പോയി. കപ്ലോന്‍ എന്ന നിലയില്‍ വികാരി മഠം കപ്പേളയില്‍ നടത്തിയിരുന്ന കുര്‍ബാനയ്ക്കും മറ്റു ശുശ്രൂഷകള്‍ക്കും പോകാതെയായി. അതിനാല്‍ തുടര്‍ന്ന് സിസ്റ്റേഴ്സ് അടുത്തുള്ള ലത്തീന്‍ പള്ളിയിലേക്ക് കുര്‍ബാനയ്ക്ക് പോയിത്തുടങ്ങി. അധികാരികള്‍ ഇതിന്‍റെ പേരില്‍ സിസ്റ്റേഴ്സിനെ കഠിനമായി ശാസിച്ചു.
 
സൗഹൃദം നടിച്ച് മദര്‍ ജനറലിനെ അനുരഞ്ജനസംഭാഷണത്തിനായി പള്ളിമേടയിലേക്ക് വികാരിയച്ചന്‍ ക്ഷണിച്ചു. അതനുസരിച്ച് 2008 ഒക്ടോബര്‍ 4-ാം തീയതി ഉച്ചതിരിഞ്ഞ് 2 മണിയോടെ മദര്‍ ജനറാളും കൗണ്‍സിലറും പള്ളിമേടയിലെത്തി. എത്തിയ ഉടനെ അവിടെ കൂടിയിരുന്ന നൂറോളം ആളുകള്‍ ബന്ധികളാക്കി. മുന്‍കൂട്ടി തയ്യാറാക്കിയ ലിറ്റില്‍ഫ്ളവര്‍ സ്കൂളിന്‍റെ ഉടമസ്ഥതയും മാനേജ്മെന്‍റും സെന്‍റ് മേരീസ് പള്ളിക്ക് കൈമാറുന്നതായി മുദ്രകടലാസില്‍ ഒപ്പിടാന്‍ മദര്‍ ജനറാളിനോട് ആവശ്യപ്പെട്ടു. ലിറ്റില്‍ഫ്ളവര്‍ കോണ്‍വെന്‍റ് വിമല പ്രോവിന്‍സിന്‍റെ കീഴിലാണെന്നും അവിടുത്തെ പ്രൊവിന്‍ഷ്യാളിനും കൗണ്‍സിലര്‍ക്കും മാത്രമേ ഇത്തരം രേഖയില്‍ ഒപ്പിടാന്‍ അവകാശമുള്ളൂവെന്നും മദര്‍ ജനറാള്‍ അറിയിച്ചു. ഉടനെ പ്രൊവിന്‍ഷ്യാളിനെയും കൗണ്‍സിലറെയും പള്ളിമേടയിലേക്ക് വിളിച്ചുവരുത്തണമെന്നായി. മദര്‍ ജനറാള്‍ വിളിച്ചതനുസരിച്ച് മദര്‍ പ്രൊവിന്‍ഷ്യാളും, കൗണ്‍സിലറും പള്ളിമേടയിലെത്തി അവരെയും ബന്ധികളാക്കി. ഈ രേഖയില്‍ ഒപ്പിട്ടുകൊടുക്കാന്‍ നിര്‍ബന്ധിച്ചു. അവരുടെ ഭീഷണിക്കുവഴങ്ങി രക്ഷപ്പെടാന്‍ വേറെ മാര്‍ഗ്ഗമില്ലെന്ന് കണ്ട് രാത്രി 9.30 യോടുകൂടി ആ രേഖയില്‍ അവര്‍ ഒപ്പിട്ടുകൊടുത്തു. അവരെ പോവാന്‍ അനുവദിക്കുകയും ചെയ്തു. പിറ്റെദിവസം തന്ന ആ രേഖ തങ്ങള്‍ സ്വതന്ത്രമനസ്സോടെയല്ല ഭീഷണിയുടെയും മറ്റു സമ്മര്‍ദ്ദങ്ങളുടെയും പേരില്‍ ഗതി കെട്ടപ്പോള്‍ രാത്രി 9.30 ന് പള്ളിമേടയില്‍വച്ച് ഒപ്പിട്ടുകൊടുത്തതാണെന്ന് പരാതി വിദ്യാഭ്യാസവകുപ്പിന് അയച്ചുകൊടുത്തു.
 
2009 ജനുവരി 25-ാം തീയതി വികാരിയച്ചന്‍റെയും അസ്തേന്തിയച്ചന്‍റെയും നേതൃത്വത്തില്‍ മഠംപറമ്പില്‍കയറി മഠം നോട്ടം വച്ചിരിക്കുന്ന വൃദ്ധമന്ദിരത്തിലേക്കുള്ള ഗേറ്റ് ഇളക്കിമാറ്റി മതില്‍കെട്ടി  വൃദ്ധമന്ദിരത്തിലേക്കുള്ള പ്രവേശനം തടഞ്ഞു. വൃദ്ധമന്ദിരത്തിന്‍റെ ചാര്‍ജ്ജ് ഉണ്ടായിരുന്ന സിസ്റ്റര്‍ റോയ്സി റോസിനെ വിളിച്ച് വൃദ്ധമന്ദിരത്തിന്‍റെ താക്കോലുകളും രേഖകളും തന്നെ ഉടനെ ഏല്‍പ്പിക്കണമെന്ന് വികാരി ആവശ്യപ്പെട്ടു. ഈ രീതിയില്‍ താക്കോലുകളും രേഖകളും കൈമാറാന്‍ ഉത്തരവാദിത്വമുള്ള ഒരാള്‍ക്ക് സാധിക്കുകയില്ലല്ലോ. തുടര്‍ന്ന് സിസ്റ്ററിന്‍റെ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ശിരോവസ്ത്രം വലിച്ചെറിയുകയും സിസ്റ്ററിന്‍റെ തലയ്ക്കു പിന്നില്‍ ഒരാള്‍ ആഞ്ഞടിക്കുകയും സിസ്റ്റര്‍ റോയ്സി റോസ് പ്രജ്ഞയേറ്റ് വീഴുകയും ചെയ്തു. ഇതുകണ്ട് സിസ്റ്ററെ സഹായിക്കാന്‍ വൃദ്ധമന്ദിരത്തില്‍ നിന്നും ഓടിയെത്തിയ മറിയക്കുട്ടി ചേടത്തിയെ മര്‍ദ്ദിച്ചവശയാക്കി. ഇതുകണ്ട് ഭയപ്പെട്ട വേറൊരു സിസ്റ്റര്‍ കൂടുതല്‍ അനിഷ്ടസംഭവങ്ങളുണ്ടാകാതിരിക്കാന്‍ വൃദ്ധമന്ദിരത്തിന്‍റെ താക്കോലും രേഖകളും എടുത്തുകൊണ്ടുവന്ന് വികാരിയച്ചനെ ഏല്പിച്ചു. ഇതെല്ലാം കിട്ടിയ വികാരിയച്ചന്‍ സംതൃപ്തനായി പള്ളിമേടയിലേക്ക് തിരിച്ചുപോയി. ജനങ്ങളും പിരിഞ്ഞുപോയി. തുടര്‍ന്ന് പരിക്കേറ്റവരെ സിസ്റ്റേഴ്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 52 ദിവസം സിസ്റ്റര്‍ റോയ്സി റോസ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനെല്ലാം പുറമെ കന്യാസ്ത്രീകള്‍ക്കെതിരെ അപവാദപ്രചരണം, ഭീഷണി, ചുവരെഴുത്ത്, ഫ്ളക്സ് ബോര്‍ഡ് തുടങ്ങിയവ ടൗണിന്‍റെ നാനാഭാഗത്തും നിര്‍ലോഭമായി. മഠത്തിന്‍റെ മതിലിലും അസഭ്യവര്‍ഷങ്ങള്‍ക്ക് കുറവുണ്ടായില്ല. ഇതെല്ലാം ആരുമറിയാതെ ഒരു ഒഴിഞ്ഞമൂലയില്‍ നടന്ന സംഭവങ്ങളല്ല. അനിഷ്ടസംഭവങ്ങളും ക്രൂരതകളും തങ്ങള്‍ക്കെതിരെ അഴിച്ചുവിട്ടിട്ടും ഈ മര്‍ദ്ദനത്തിനിരയായ കന്യാസ്ത്രീകളാരുംതന്നെ വഴിയോരത്ത് പന്തലുകെട്ടി മാധ്യമപ്രവര്‍ത്തകരെ വിളിച്ചുവരുത്തി വികാരിയച്ചനോ രൂപതാധികാരികള്‍ക്കോ എതിരെ അട്ടഹാസം മുഴക്കിയില്ല എന്നത് ഒരു അബദ്ധമായിരുന്നോ? സിസ്റ്റേഴ്സ് മതില്‍കെട്ടിനകത്ത് കഴിഞ്ഞുകൂടി ചെയ്യാവുന്ന കാര്യങ്ങളെ അവര്‍ ചെയ്തുള്ളൂ. സ്വന്തം വെബ്സൈറ്റുണ്ടാക്കി അതിലൂടെ സത്യം പ്രചരിപ്പിക്കുക മാത്രമേ ചെയ്തുള്ളൂ. കൂടാതെ വിദ്യാഭ്യാസ വകുപ്പ് വഴിയായും കോടതി വഴിയായും പോലീസുവഴിയായും പരിഹാരം തേടുകയായിരുന്നു. ഈ സംഭവങ്ങളൊന്നും അറിയാത്ത ആള്‍ക്കാരാണോ ഇന്നത്തെ ഈ സമരത്തിന്‍റെ പിന്തുണക്കാര്‍. അവര്‍ എന്തുകൊണ്ട് ബന്ദികളാക്കപ്പെട്ട സിസ്റ്റേഴ്സിനെയും തലയ്ക്കടിയേറ്റ് ബോധം കെട്ട് വീണ് ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സിസ്റ്ററിനേയും ചുരുങ്ങിയ പക്ഷം സന്ദര്‍ശിച്ച് സഹതാപം പ്രകടിപ്പിച്ചില്ല.  ആസ്പത്രിയില്‍ കിടന്ന സിസ്റ്ററിനെ സന്ദര്‍ശിച്ച് വസ്തുതകള്‍ മനസ്സിലാക്കി ആസ്പത്രിഗേറ്റിങ്കല്‍ വന്ന് ഒരു നെടുങ്കന്‍ പ്രതിഷേധപ്രസംഗം നടത്താമായിരുന്നില്ലേ? പ്രസ്താവന ഇറക്കാമായിരുന്നില്ലേ? ചുരുങ്ങിയ പക്ഷം നിങ്ങള്‍ ഉള്‍പ്പെട്ടിരുന്ന ക്രൈസ്തവമാധ്യമങ്ങളുടെ  ഉള്‍പേജിലെങ്കിലും ഒരു കോളം റിപ്പോര്‍ട്ട് നല്കാമായിരുന്നില്ലേ?
 
ഇതേ വ്യക്തികള്‍ തന്നെയല്ലേ  ഒരു കന്യാസ്ത്രീ തന്നെ ഫ്രാങ്കോ ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് വഴിയോരത്ത് പന്തലുകെട്ടി സമരം ചെയ്തപ്പോള്‍ ഓടിയെത്തി അവരോട് ഐക്യദാര്‍ഢ്യം  പ്രഖ്യാപിച്ച് ഫ്രാങ്കോ മെത്രാനെ കുറ്റവാളിയായി ചിത്രീകരിച്ച് പ്രസംഗിക്കാന്‍ ആവേശം കാണിച്ചത്? നാബോത്തിന്‍റെ രക്തത്തിനുവേണ്ടി ദാഹിച്ച് ദല്ലാളുകളെ ഒരുക്കിനിര്‍ത്തി ദൈവദൂഷണമാരോപിച്ച് കല്ലെറിഞ്ഞു കൊന്ന് തോട്ടം തന്‍റെ ഭര്‍ത്താവായ ആഹാബ് രാജാവിന് കാഴ്ചവെച്ച ജസെബല്ല രാജ്ഞിയെപ്പോലെ തന്‍റെ ആഗ്രഹം സാധിച്ചു കിട്ടുന്നതില്‍ തടസ്സം നിന്ന ബിഷപ്പിനെതിരെ അദ്ദേഹത്തിന്‍റെ രക്തത്തിനായി രാക്ഷസീയ ഭാവത്തില്‍ വഴിയോരത്ത് അട്ടഹാസം മുഴക്കിയ കന്യാസ്ത്രീയോട് എന്തിനാണിത്ര മമത?  ഫ്രാങ്കോ മെത്രാന്‍ ഡല്‍ഹിയില്‍ സഹായമെത്രാനായിരുന്നപ്പോഴും അതിനുമുമ്പുള്ള അദ്ദേഹത്തിന്‍റെ വൈദിക ശുശ്രൂഷയിലും തുടര്‍ന്ന് ജലന്ധര്‍ രൂപതയുടെ അദ്ദേഹത്തിന്‍റെ മെത്രാന്‍ ശുശ്രൂഷയിലും ആരെങ്കിലും എപ്പോഴെങ്കിലും ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ടോ? ഈ കാലഘട്ടങ്ങളില്‍ അദ്ദേഹത്തിനെതിരെ ആരെങ്കിലും ആക്ഷേപങ്ങള്‍ ഉന്നയിച്ച് അദ്ദേഹത്തിന്‍റെ മേലധികാരികള്‍ക്ക് പരാതികള്‍ നല്‍കിയിട്ടുണ്ടോ? വൈദികശുശ്രൂഷയിലും മെത്രാന്‍ ശുശ്രൂഷയിലും ശുശ്രൂഷ, ലഭിക്കേണ്ടിവന്നാല്‍ അസംതൃപ്തിയാണോ മതിപ്പാണോ ഉളവാക്കിയിട്ടുള്ളത്? ഇതൊന്നും വിലയിരുത്താതെ ഒരു നിലപാടെടുത്തവരുടെ നിലപാട് തറ മണലില്‍ തന്നെയാണ്, വഴുതുന്ന മണ്ണില്‍ തന്നെയാണ്. 
 
ഇതേലക്കം അസ്സീസിയില്‍ തെരുവിലിറങ്ങി സമരത്തിന്‍റെ അട്ടഹാസം മുഴക്കിയ പക്ഷത്തു നില്ക്കണമെന്ന് ആഹ്വാനം നല്കുന്ന ഷാജി കരിംപ്ലാനിലിന്‍റെ "ദൈവം പക്ഷപാതിയാണ്; നിങ്ങളോ? " എന്ന ലേഖനത്തില്‍ അദ്ദേഹം അവകാശപ്പെടുന്നത് ദൈവം എല്ലാവരെയും ഒരുപോലെ സ്നേഹിക്കുന്നു എന്നാണ് ദൈവത്തെക്കുറിച്ച് പഠിച്ചവരെല്ലാം പറഞ്ഞുതന്നിട്ടുള്ളത്. അത്തരമൊരു ദൈവത്തെ വേദഗ്രന്ഥത്തിന്‍റെ താളുകളില്‍ നാളിതുവരെ കണ്ടുമുട്ടിയിട്ടില്ല. ലേഖനത്തിന്‍റെ ആരംഭത്തിലുള്ള അദ്ദേഹത്തിന്‍റെ പ്രസ്താവനയാണിത്. തുടര്‍ന്നാണ് ദൈവം പക്ഷപാതിയാണെന്ന് തെളിയിക്കുന്നതിന് ബൈബിളിനെ അദ്ദേഹം കൂട്ടുപിടിക്കുന്നത്. അദ്ദേഹം എടുത്തുകാണിക്കുന്ന ബൈബിള്‍ സംഭവങ്ങളിലേക്കും അതിന്‍റെ വ്യാഖ്യാനത്തിലേക്കും പ്രവേശിക്കുന്നതിനു മുമ്പേ ഒരു കാര്യം അടിവരയിട്ടു പ്രസ്താവിക്കുവാന്‍ ഞാനാഗ്രഹിക്കുന്നു. ബൈബിളില്‍ ഞാന്‍ കണ്ടുമുട്ടിയ ദൈവം ദുഷ്ടന്‍റെമേലും ശിഷ്ടന്‍റെ മേലും സൂര്യനുദിപ്പിക്കുകയും നീതിമാന്മാരുടെയും നീതിരഹിതരുടെയും മേല്‍ മഴ പെയ്യിക്കുന്ന ദൈവത്തെയാണ് (മത്താ. 5: 45). ആ ഭാഗം യേശു അവസാനിപ്പിക്കുന്നത്, അതുകൊണ്ട് നിങ്ങളുടെ സ്വര്‍ഗ്ഗസ്ഥനായ പിതാവ് പരിപൂര്‍ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂര്‍ണരായിരിക്കുവിന്‍ എന്നു പ്രസ്താവിച്ചുകൊണ്ടാണ്. ഇതേ  പ്രബോധനം ലൂക്കാ സുവിശേഷകന്‍ രേഖപ്പെടുത്തുമ്പോള്‍ ഇപ്രകാരമാണ് പ്രസ്താവിക്കുന്നത്, നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍. ദൈവത്തിന്‍റെ നാമം കരുണ എന്നാണെന്ന് ഇതിലൂടെ ലൂക്കാ സുവിശേഷകന്‍ യേശു പഠിപ്പിക്കുന്നതായി പ്രസ്താവിക്കുകയാണ്. ഞാന്‍ മനസ്സിലാക്കിയിടത്തോളം പഴയനിയമമാകട്ടെ, യേശുവാകട്ടെ അവതരിപ്പിക്കുന്ന ദൈവം പക്ഷപാതിയല്ല. സത്യത്തിന്‍റെയും നേരിന്‍റെയും നീതിയുടെയും ദൈവമാണ്. അല്ലാതെ ആരുടെയും പക്ഷം ചേരുന്നില്ല. വ്യക്തികളെ നോക്കിയല്ല സത്യവും നേരും നീതിയും എവിടെയുണ്ടോ അവിടെയാണ് പഴയനിയമദൈവവും യേശുവും നിലയുറപ്പിച്ചിട്ടുള്ളത്.
 
ദൈവം പക്ഷപാതിയാണെന്ന തന്‍റെ നിലപാട് സ്ഥാപിക്കാന്‍ ഷാജി കരിംപ്ലാനില്‍ ഉദ്ധരിക്കുന്ന ബൈബിള്‍ സംഭവങ്ങളിലേക്കും വ്യാഖ്യാനത്തിലേക്കും ഒന്നു കണ്ണോടിച്ചുനോക്കാം. തന്‍റെ ജനത്തിന്‍റെ രോദനം കേട്ട് മുള്‍പ്പടര്‍പ്പില്‍ മോശയ്ക്ക് പ്രത്യക്ഷപ്പെട്ട ദൈവം അവരെ മോചിപ്പിക്കാനായി മോശയെ നിയോഗിക്കുകയാണല്ലോ ചെയ്യുന്നത്.. ദൈവം കാണുന്നത് അനീതിക്കിരയായ ജനത്തെ മാത്രമല്ല. ജനത്തോട് അനീതി പ്രവര്‍ത്തിക്കുന്ന യജമാനന്മാരെയും കൂടിയാണ്. ജനത്തിന്‍റെ രോദനം മാത്രമല്ല കേട്ടത് അവരെ അടിച്ച ചാട്ടവാറിന്‍റെ സ്വരവും പ്രഹരിച്ചവരുടെ അട്ടഹാസവും കേട്ടു. അതുകൊണ്ടാണ് അനീതി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ അനീതിക്കിരയായവരുടെ ഭാഗത്ത് ദൈവം നിന്നു. നിലവിളിച്ചവന്‍ ബലഹീനനായതുകൊണ്ടല്ല  നീതിവിരുദ്ധമായി ചെറുത്തു നില്ക്കുവാന്‍ കെല്പില്ലാത്ത വിധം മര്‍ദ്ദകര്‍ അവരെ ബലഹീനരാക്കിയതുകൊണ്ടാണ് മര്‍ദ്ദകര്‍ക്കെതിരെ മര്‍ദ്ദിതരുടെ ഭാഗത്ത് ദൈവം നിന്നത്. മര്‍ദ്ദിതരുടെ ഭാഗത്ത് സത്യവും നേരും നീതിയും ഉണ്ടായിരുന്നതുകൊണ്ടാണ് ദൈവം അവരോട് ചേര്‍ന്നു നിന്നത്. 
 
പ്രവാചകര്‍ പക്ഷപാതികളായിരുന്നു എന്ന് സ്ഥാപിക്കുന്നതിന് ജറെമിയ പ്രവാചകനെയാണ് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്. ജറെമിയ ഏഴാം അധ്യായം 4 മുതല്‍ 7 വരെയുള്ള വാക്യങ്ങള്‍ ഉപോത്ബലകമായി അദ്ദേഹം ഉദ്ധരിക്കുന്നു. "കര്‍ത്താവിന്‍റെ ആലയം, കര്‍ത്താവിന്‍റെ ആലയം കര്‍ത്താവിന്‍റെ ആലയം എന്ന പൊള്ളവാക്കുകളില്‍ ആശ്രയിക്കരുത്. നിങ്ങളുടെ മാര്‍ഗങ്ങളും പ്രവൃത്തികളും തിരുത്തിയാല്‍, അയല്‍ക്കാരനോടു യഥാര്‍ഥമായ നീതി പുലര്‍ത്തിയാല്‍ പരദേശിയെയും അനാഥനെയും വിധവയെയും ചൂഷണം ചെയ്യാതിരുന്നാല്‍ ഈ ദേശത്ത് എന്നേക്കും വസിക്കാന്‍ ഞാന്‍ നിങ്ങളെ അനുവദിക്കും. ജറെമിയാ പക്ഷം ചേരുകയല്ല മാനസാന്തരത്തിനുള്ള ആഹ്വാനം നല്കുകയാണ്. ലേഖകന്‍ പറയുന്നു, "തെരുവിലിറങ്ങിയവനും കൊട്ടാരത്തിലിരിക്കുന്നവനും ഒരുപോലെ തന്‍റെ സഹോദരന്മാരാണെന്ന് കരുതുവാന്‍ ജറെമിയായ്ക്കോ ഏതെങ്കിലും പ്രവാചകനോ സാധിക്കുമായിരുന്നില്ല."  ഈ പ്രസ്താവന പ്രവാചകരോട് ചെയ്യുന്ന അനീതിയാണ്. മര്‍ദ്ദകനും മര്‍ദ്ദിതനും തന്‍റെ സഹോദരന്മാരാണെന്നും ഇരുവരെയും താന്‍ സ്നേഹിക്കുന്നുവെന്നും ഉള്ളതുകൊണ്ടാണ് മര്‍ദ്ദിതര്‍ക്കെതിരെ അവര്‍ ആക്രോശിക്കുന്നതും മര്‍ദ്ദനം നിര്‍ത്തി നീതി പ്രവര്‍ത്തിക്കുവാന്‍, മാനസാന്തരത്തിലേക്ക് വരുവാന്‍ ആഹ്വാനം ചെയ്യുന്നതും.
 
യേശു പക്ഷപാതിയാണെന്ന് കാണിക്കാന്‍ ലേഖകന്‍ എടുത്തുകാണിക്കുന്ന യേശുവിന്‍റെ ചില ഉപമാസംഭവങ്ങളുണ്ട്. ധനവാന്‍റെയും ലാസറിന്‍റെയും ഉപമയാണതിലൊന്ന്. ലാസര്‍ എന്തെങ്കിലും നന്മ ചെയ്തതുകൊണ്ടല്ല അവന്‍ ബലമില്ലാത്തവനായതുകൊണ്ടാണ് അവന്‍ അബ്രാഹത്തിന്‍റെ മടിയിലേക്ക് എടുക്കപ്പെട്ടതെന്നും ധനവാന്‍ ബലമുള്ളവനായതുകൊണ്ടാണ് അവനെ നരകത്തില്‍ അടക്കം ചെയ്തതെന്നും അദ്ദേഹം അവകാശപ്പെടുന്നു. എന്നാല്‍ ധനവാന്‍റെ അനീതിയാണ് അവനെ നരകത്തിലേക്ക് നയിച്ചത്. തന്‍റെ സുഖസൗകര്യങ്ങളിലും സമൃദ്ധിയിലും അതൊന്നുമില്ലാതെ പടിവാതിലില്‍  കിടന്നിരുന്ന ലാസറിനെ അതില്‍ പങ്കുപറ്റുവാന്‍ അഥവാ തന്‍റെ സമൃദ്ധിയും സുഖസൗകര്യങ്ങളും ലാസറുമായി പങ്കുവെയ്ക്കാന്‍ മനസ്സില്ലാതിരുന്ന ധനവാന്‍റെ അനീതിയാണ് അവനെ നരകത്തിലെത്തിച്ചത്. 
 
ലേഖകന്‍ എടുത്തുകാണിക്കുന്ന മറ്റൊരു സംഭവമാണ് യേശുവിന്‍റെ മുമ്പില്‍ ഹാജരാക്കപ്പെട്ട വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീയുടെ കഥ(യോഹ. 8:2-11). അദ്ദേഹം എഴുതുകയാണ് പാപം ചെയ്ത് പാപിനിയും പാപമില്ലാത്ത നിയമജ്ഞരും യേശുവിന്‍റെ ഇരുവശത്തും നിലയുറപ്പിച്ചപ്പോള്‍ യേശു സ്വയം ചോദിച്ച ചോദ്യം ആരാണ് ശരി എന്നല്ല, ആര്‍ക്കാണ് കൂടുതല്‍ ബലമില്ലാത്തത് എന്നാണ് ലേഖകന്‍റെ നിലപാട്. വളരെ വിചിത്രമായി തോന്നുന്നു. യേശു ശരിയുടെ ഭാഗത്തല്ല നില്‍ക്കുക എന്ന പ്രതീതിയാണ് ഉളവാക്കുന്നത് എങ്കില്‍ യേശുവിന്‍റെ നിലപാട് തെറ്റിന്‍റെ ഭാഗത്തായിരിക്കുമെന്ന് വിശ്വസിക്കണമോ? യേശു ശരിയുടെയും സത്യത്തിന്‍റെയും നീതിയുടെയും  ഭാഗത്തുതന്നെയാണുള്ളത്. പുരുഷമേധാവിത്വം ചമച്ചെടുത്ത തെറ്റായ നിയമസംഹിതക്കെതിരെയാണ് യേശു നിലയുറപ്പിച്ചത്. സ്ത്രീ ഒറ്റയ്ക്കല്ലല്ലോ വ്യഭിചാരം ചെയ്തത്? കൂട്ടിന് ഒരു പുരുഷനുമുണ്ടായിരുന്നില്ലേ എന്നതുകൊണ്ട് വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീയെ യേശുവിനു മുമ്പില്‍ ഹാജരാക്കിയപ്പോള്‍ സഹകുറ്റവാളിയായ പുരുഷനെ ഹാജരാക്കിയില്ല. അതായിരിക്കുമല്ലോ യേശു നിലത്തെഴുതിക്കൊണ്ടിരുന്നത്. യേശു അവള്‍ക്കുവേണ്ടി നിലപാട് എടുത്തിട്ടില്ല, അവള്‍ കുറ്റക്കാരിയല്ലെന്ന് വിധിച്ചിട്ടുമില്ല മറിച്ച് പാപം ചെയ്യാത്തവന്‍ ആദ്യം കല്ലെറിയട്ടെ എന്ന് പറയുക മാത്രമാണ് ചെയ്തത്. അതായത് തെറ്റ് ചെയ്തിട്ടുള്ളവന് മറ്റൊരുവനെ തെറ്റുകാരനായി വിധിക്കാനുള്ള അവകാശമില്ല. ഒരോരുത്തരായി സ്ഥലംവിട്ടുപോയപ്പോള്‍ അവളും യേശുവും മാത്രം ശേഷിച്ചപ്പോള്‍ അവള്‍ ചെയ്തത് പാപമല്ല എന്ന് പറയുകയല്ല യേശു ചെയ്തത് മറിച്ച് ഞാനും നിന്നെ വിധിക്കുന്നില്ല മേലില്‍ പാപം ചെയ്യരുത്, അവള്‍ പാപം ചെയ്തു എന്ന് അംഗീകരിച്ചു കൊണ്ടുതന്നെ അവള്‍ക്ക് പാപമോചനം നല്കി സമാധാനത്തില്‍ പറഞ്ഞയ്ക്കുകയായിരുന്നു. അടുത്ത ഖണ്ഡികയില്‍ ലേഖകന്‍ പറയുന്നത് ഗണികയെ സംരക്ഷിച്ചവന് ദേവാലയം തകര്‍ന്നാലും കുഴപ്പമില്ല എന്നതുകൂടി നാം ശ്രദ്ധിക്കണം(മര്‍ക്കോ 13:1-2). അവള്‍ ഗണികയായിരുന്നു എന്ന വെളിപാട് ലേഖകന് എവിടെ നിന്ന് കിട്ടി. യേശുവിന്‍റെ മുമ്പില്‍ ഹാജരാക്കപ്പെട്ട സ്ത്രീ ഒരു ഗണികയാണെന്ന് അവളെ ഹാജരാക്കിയവര്‍ അവകാശപ്പെടുന്നില്ലല്ലോ. ഗണിക വേശ്യാവൃത്തി ജീവിതമാര്‍ഗമായി സ്വീകരിച്ചിട്ടുള്ളവളാണല്ലോ. യേശുവിനു മുമ്പില്‍ ഹാജരാക്കപ്പെട്ട വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീയെ ഗണികയായി വ്യാഖ്യാനിച്ചത് കടും ക്രൂരതയായിപ്പോയി. ഇതാണോ ബലമില്ലാത്തവളോടു പക്ഷം ചേരല്‍?
 
തുടര്‍ന്ന് ഫ്രാന്‍സിസ് പാപ്പായുടെ പ്രിയപ്പെട്ട പല പ്രസ്താവനകളും അദ്ദേഹം ഉദ്ധരിക്കുന്നുണ്ട്. വിഷയവുമായി അതിനുള്ള ബന്ധം വിശദീകരിക്കുന്നുമില്ല. തന്‍റെ ലേഖനത്തിന്‍റെ അവസാനവാക്യത്തില്‍ പെണ്ണിന്‍റെ നിലവിളി കണ്ട് നിലപാടെടുത്തവനാണ് യേശു എന്നു പറയുന്നത് യേശുവിനെ അവഹേളിക്കുന്നതിന് തുല്യമാണ് എന്ന് പറയാതെ വയ്യ. ആ വാചകം പൂര്‍ണമായി ഉദ്ധരിക്കാം. തോറാ ഗ്രന്ഥം വായിച്ച് നിലപാടെടുത്ത നിയമജ്ഞന്‍ ഒരുവശത്ത്. പെണ്ണിന്‍റെ നിലവിളി കേട്ട് നിലപാടെടുത്ത യേശു മറ്റൊരുവശത്ത്. നിങ്ങളേതു വശത്താണ്? ഗാന്ധിജിയും അദ്ദേഹത്തിന്‍റെ ഘാതകനായ ഗോഡ്സെയും ഒരേ ഭഗവത്ഗീത തന്നെയാണ് വായിച്ചത്. ഇസ്ലാമിക സ്റ്റേറ്റ് തീവ്രവാദികളുടെ സ്ഥാപകന്‍ ബിന്‍ലാദനും മുസ്ലീം പണ്ഡിതന്മാരും ഒരേ ഖുറാന്‍ തന്നെയാണ് വായിച്ചത്. പക്ഷേ നിലപാടുകള്‍ പരസ്പരം വിരുദ്ധമായിരുന്നു. എന്തുകൊണ്ട് വായിച്ചവരുടെ ഇഷ്ടാനുസരണം തങ്ങളുടെ തെറ്റായ നിലപാടിനെ നീതികരിക്കുവാനുള്ള വാക്യങ്ങള്‍ തിരഞ്ഞെടുത്ത് തദനുസൃതം ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ട് തന്നെ. ഒരേ തോറഗ്രന്ഥം വായിച്ച ഹില്ലേല്‍ റബ്ബിയും യേശുവും പഴയനിയമത്തിന്‍റെ സര്‍വ്വസ്വവുമായി സഹോദരസ്നേഹമെന്നാണ് തുറന്നമനസ്സോടെ വായിച്ചതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത് ഈ പ്രതികരണം യേശുവിന്‍റെ തിരുവചനത്തിലൂടെ ഉപസംഹരിക്കുകയാണ്:  "്നിങ്ങള്‍ വിധിക്കരുത് നിങ്ങളും വിധിക്കപ്പെടുകയില്ല, കുറ്റാരോപണം നടത്തരുത് നിങ്ങളുടെ മേലും കുററം ആരോപിക്കപ്പെടുകയില്ല." (ലൂക്കാ 6:37). പ്രവര്‍ത്തിക്കനുസരിച്ച് നിഷ്പക്ഷമായി വിധിക്കുന്നവനാണ് പിതാവായ ദൈവം. (1 പത്രോ. 1:17) 
 
ഫാ. ജോസ് കാനംകുടം, 
സെന്‍റ് ജോസഫ് ഹോസ്പിറ്റല്‍, 
ചാലക്കുടി - 680 307
ഫോണ്‍: 9497063083   

You can share this post!

കത്തുകൾ

പ്രദീപ് കെ.
അടുത്ത രചന

പൈങ്കിളി ലേഖകരും ധ്യാനഗുരുക്കന്മാരും 'ഇടിയും മിന്നലും' വായിക്കണം.

പി. ജെ. തോമസ് കിഴതടിയൂര്‍
Related Posts