news-details
കത്തുകള്‍

പൈങ്കിളി ലേഖകരും ധ്യാനഗുരുക്കന്മാരും 'ഇടിയും മിന്നലും' വായിക്കണം.

അസ്സീസിയുടെ വായനക്കാര്‍ ഫാ. ജോസ് വെട്ടിക്കാട്ട് എഴുതുന്ന 'ഇടിയും മിന്നലും' വായിക്കണമെന്നു പറയേണ്ട കാര്യമില്ല. ഒരു പ്രാവശ്യമെങ്കിലും ആ കോളം വായിച്ചിട്ടുള്ളവര്‍ പിന്നീട് ആ കോളം വായിച്ചുകൊള്ളും. 

എന്നാല്‍ അസ്സീസിയിലും മറ്റ് ക്രൈസ്തവ മാസികകളിലും പൈങ്കിളിശൈലിയില്‍ ആത്മീയലേഖനങ്ങള്‍ എഴുതുന്നവരും ധ്യാനഗുരുക്കന്മാരും 'ഇടിയും മിന്നലും' സ്ഥിരമായി വായിക്കുന്നതു നല്ലതാണ്. ചര്‍വ്വിത ചര്‍വ്വണം പോലെയും 'കാളമൂത്രം' പോലെയും എന്നൊക്കെ പത്രക്കാര്‍ പറയുന്ന ശൈലിയില്‍ എഴുതുന്നവരുണ്ട്. അവര്‍ വായനക്കാരെ സുഖിപ്പിക്കാന്‍ വേണ്ടി ദൈവവചനത്തിനു തന്നെ ചിലപ്പോള്‍ സ്വന്തമായ ഒരു വൈകാരിക വ്യാഖ്യാനം കൊടുത്തു കാണുന്നുണ്ട്. സഭയോടു ചേര്‍ന്നേ വചനം വ്യാഖ്യാനിക്കാവൂ എന്ന തത്വം ക്രൈസ്തവ മാസികകള്‍ പാലിക്കേണ്ടതാണ്.

കൃത്രിമമായുണ്ടാക്കുന്ന ഒരു സ്ത്രീപക്ഷ വായനയും ചിലപ്പോള്‍ കാണുന്നുണ്ട്. യഥാര്‍ത്ഥ ജീവിതം മനസ്സിലാക്കാതെ ആത്മീയതയെ ഒരു ബൗദ്ധികവ്യായാമമാക്കുകയും സാഹിത്യവും ആത്മീയതയും അസ്ഥാനത്തു കൂട്ടിക്കലര്‍ത്തുകയും ചെയ്യുന്നവര്‍ക്കാണ് ഈ അബദ്ധം പറ്റുന്നതെന്നു തോന്നുന്നു. കുറച്ചുനാള്‍ മുന്‍പ് ഒരു ക്രൈസ്തവ മാസികയില്‍ താപസനായ ഒരു ധ്യാനഗുരുവിന്‍റെ സ്ത്രീപക്ഷലേഖനം കണ്ടു. സ്ത്രീമനസ്സ് കൂടുതല്‍ നല്ലതാണെന്നു വാദിക്കാനായി അദ്ദേഹം ബൈബിളിലെ മനുഷ്യസൃഷ്ടിക്ക് സ്വന്തം ഒരു വ്യാഖ്യാനം നല്കി - 'സൃഷ്ടി നടത്തിയ ദൈവം ആറാം ദിവസമായപ്പോഴേയ്ക്കും ക്ഷീണിച്ചിരുന്നവത്രേ. അതുകൊണ്ട് പുരുഷന്‍റെ സൃഷ്ടിയില്‍ കുറവുകളുണ്ടായി. പിന്നെ സാബത്തില്‍ വിശ്രമിച്ച ദൈവം ഫ്രഷ് ആയിക്കഴിഞ്ഞ് അടുത്തദിവസം സ്ത്രീയെ സൃഷ്ടിച്ചതുകൊണ്ടാണത്രെ സ്ത്രീ മെച്ചമായത്.' ഇത്തരം വ്യാഖ്യാനങ്ങള്‍ സ്ത്രീകളായ വായനക്കാര്‍ക്കു സുഖിക്കുമെങ്കിലും ദൈവത്തെക്കുറിച്ചുള്ള സങ്കല്പത്തെ ചോദ്യം ചെയ്യുന്നു. ദൈവത്തെ 'ക്ഷീണിതനും ക്ലേശിതനു'മായി ചിത്രീകരിക്കുന്നതു ശരിയല്ല. 


ഇത്തരം ലേഖകരും ഗുരുക്കന്മാരും വെട്ടിക്കാട്ടച്ചന്‍റെ കോളത്തിലെ 'മറുതാ' (ജൂണ്‍), 'ബോറടി' (ജൂലൈ) എന്നീ കുറിപ്പുകള്‍ വീണ്ടും വീണ്ടും വായിക്കുന്നത് ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ അവരെ സഹായിക്കും. എഴുത്ത്, പ്രത്യേകിച്ചും ആത്മീയ ഗുരുക്കന്മാരായി പ്രത്യക്ഷപ്പെടുന്നവര്‍ എഴുതുന്നത്, വായനക്കാര്‍ക്ക് വെറും വൈകാരിക തൃപ്തിയും അവര്‍ക്ക് ഇല്ലാത്ത ആത്മീയ ഔന്നത്യവും തോന്നിപ്പിക്കുന്നതും ചാരുകസേരയുടെ ആധ്യാത്മികത ജനിപ്പിക്കുന്നതും ആയിരിക്കരുത്. ചിന്തിപ്പിക്കാനും ജീവിതം സ്വയം നവീകരിക്കാനും അവരെ നിര്‍ബന്ധിപ്പിക്കുന്നത് ആയിരിക്കണം. 'അണലിസന്തതികളേ' എന്ന് ശ്രോതാക്കളെ വിളിച്ച സ്നാപകനെപ്പോലെ ആയില്ലെങ്കിലും 'മാനസാന്തരപ്പെടുവിന്‍' എന്നു പറഞ്ഞ് പ്രബോധനം ആരംഭിച്ച നസ്രായനെപ്പോലെയെങ്കിലും ആകണം, ആത്മീയ ലേഖകരും ഗുരുക്കന്മാരും.

സ്ത്രീയും പുരുഷനും നല്ലവരാണ്. മനുഷ്യാത്മക്കള്‍ തമ്മില്‍ സ്ത്രീപുരുഷ വ്യത്യാസമില്ലെന്നും അവര്‍ സ്വര്‍ഗത്തിലെ ദൂതന്മാരെപ്പോലെയാണെന്നും പറഞ്ഞത് ക്രിസ്തുവാണ്.

ഭൂമിയിലായിരിക്കുമ്പോള്‍ സ്ത്രീക്കും പുരുഷനും എത്ര മോശമാകാനും കഴിയും. പീലാത്തോസിന്‍റെ ഭാര്യയും ഹേറോദേസിന്‍റെ ഭാര്യയായ ഹേറോദിയായും വിപരീത ധ്രുവങ്ങളില്‍ നില്ക്കുന്ന സ്ത്രീകളാണ്. മഹാരഥന്മാരായ സാഹിത്യകാരന്മാരും സ്ത്രീപുരുഷമനശ്ശാസ്ത്രം നന്നായി അവതരിപ്പിച്ചുട്ടുണ്ട്. ഷേക്സ്പിയര്‍ മാക്ബെത്തിനെയും ലേഡി മാക്ബെത്തിനെയും എത്ര നന്നായി ചിത്രീകരിച്ചിരിക്കുന്നു. ടോള്‍സ്റ്റോയിയും സ്ത്രീപുരുഷമനസ്സുകളെ നന്നായി അപഗ്രഥിച്ചിട്ടുണ്ടല്ലോ.

ഏതായാലും യാഥാര്‍ത്ഥ്യത്തിലൂന്നി 'ഇടിയും മിന്നലും' എഴുതുന്ന ഫാ. ജോസ് വെട്ടിക്കാട്ടിനും 'സാമൂഹ്യനീതി ബൈബിളില്‍' എന്ന കോളത്തിലൂടെ ബൈബിളിനെ പൈങ്കിളിവത്ക്കരിക്കാതെ, അന്തര്‍ദേശീയ ബൈബിള്‍ പണ്ഡിതരുടെ അതേ ആധികാരികതയോടെ വ്യാഖ്യാനിക്കുന്ന ഫാ. മൈക്കിള്‍ കാരിമറ്റത്തിനും അഭിനന്ദനങ്ങള്‍. ബൈബിളിനെ സീരിയസായി സമീപിക്കുന്ന പഠിതാക്കള്‍ക്ക് കാരിമറ്റത്തിലച്ചന്‍റെ ലേഖനങ്ങള്‍ മുതല്‍ക്കൂട്ടായിരിക്കട്ടെ. 

രണ്ട് ലേഖകര്‍ക്കും ഇനിയും കൂടുതല്‍ എഴുതാനും മനുഷ്യമനസ്സുകളെ ചിന്തിപ്പിക്കാനും നവീകരിക്കാനും സാധിക്കട്ടെ. 

സെബാസ്റ്റ്യന്‍ ഡി. കുന്നേല്‍


ദേവസ്യായുടെ ഏദന്‍തോട്ടം

അസ്സീസി മാസികയുടെ കഴിഞ്ഞലക്കം (ജൂലൈ) അത്യാഹ്ളാദത്തോടെയാണ് വായിച്ചത്. അതിലെ മിക്ക വിഭവങ്ങളും ഒന്നാന്തരമായിട്ടുണ്ട്. അഭിനന്ദനങ്ങള്‍.

'ഒടുവില്‍ കണ്ണനും കാടായി' എന്ന അനുസ്മരണം മാസിക കണ്ണനു നല്കിയ ശ്രദ്ധാഞ്ജലിയാണ്. മറ്റൊരു മാസികയിലും കാണാത്ത ഒന്ന്. പ്രകൃതി സ്നേഹിയായ ഒരു പച്ചമനുഷ്യനെ ഇങ്ങനെ ആദരിക്കാന്‍ അസ്സീസിക്കേ കഴിയൂ.

'ദേവസ്യായുടെ ഏദന്‍തോട്ടത്തിലൂടെ നടന്നു നീങ്ങിയപ്പോള്‍ അഞ്ചുവര്‍ഷം മുന്‍പ് അവിടം സന്ദര്‍ശിച്ചതിന്‍റെ ഓര്‍മ്മകളാണ് എന്നില്‍ ഉണര്‍ന്നത്. പൂഞ്ഞാറിനടുത്തുള്ള മലയിഞ്ചിപ്പാറയിലെ ആ വനസ്ഥലിയില്‍ സെബാസ്റ്റ്യന്‍ സാറുമായി ഞങ്ങളുടെ സ്കൂളിലെ കുട്ടികള്‍ നടത്തിയ ദീര്‍ഘമായ അഭിമുഖസംഭാഷണം ഞങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഫിലിപ്പൈന്‍സുകാരിയായ ലിച്ചി മരം മുതല്‍ മരവുരി മരം വരെയുള്ള നൂറുകണക്കിന് വൃക്ഷങ്ങളെ നട്ടുവളര്‍ത്തിയ - വളര്‍ത്തുന്ന സാറിന്‍റെ ഭഗീരഥപ്രയത്നത്തെ എത്ര പുകഴ്ത്തിയാലും മതിയാവില്ല. വി. ഫ്രാന്‍സിസ് അസ്സീസിയുടെ സഹജീവിസ്നേഹത്തിന് ഉദാത്തമാതൃകയാണ് അദ്ദേഹം. പുല്ലിലും പുഴുവിലും പൂവിലും ഈശ്വരനെ കാണാന്‍ കഴിയുന്ന നല്ല മനസ്സിന്‍റെ വിശാലത.

മുഖലേഖനവും മറ്റു പല ലേഖനങ്ങളും പല ആവര്‍ത്തി വായിക്കേണ്ടവതന്നെ. 

കാണാപ്പുറത്തെ കാഴ്ചകള്‍ക്കും പ്രവാചകശബ്ദസൂചകമായ ലേഖനങ്ങള്‍ക്കും നന്ദി പറയുന്നു. വിജയാശംസകള്‍ നേരുന്നു. 

റ്റി. ഒ. ജോസഫ് കൂരോപ്പട   


സംഘടനയുടെ പ്രസക്തി

അസ്സീസി ജൂണ്‍ലക്കം മുഖക്കുറിപ്പും പാര്‍പ്പിടക്ഷാമത്തെക്കുറിച്ചുള്ള ലേഖനങ്ങളും വായിച്ചു. ഈ വിഷയത്തെപ്പറ്റി ഒരു ഇടത്തരം ഭൂവുടമയായ ഞാനും ചിന്തിച്ചിട്ടുണ്ട്. ഭവനരഹിതരായ കാര്‍ഷിക, കാര്‍ഷികേതര തൊഴിലാളികള്‍ മൂന്നോ, അഞ്ചോ, പത്തോ  സെന്‍റ് സ്ഥലത്തിനു പണം മുടക്കാന്‍ തയ്യാറുള്ളവരാണ്. പറമ്പിന്‍റെ മൂലയില്‍ ഇത്തരമാളുകള്‍ക്ക് ഇത്തിരി സ്ഥലം കൊടുത്താല്‍ കോളനി രൂപംകൊള്ളും; ക്രമേണ ഈ കോളനികള്‍ ശല്യമായിത്തീരും എന്ന അറിവാണ് സാധാരണക്കാരെ ഈ ഔദാര്യത്തില്‍നിന്ന് പിന്തിരിപ്പിക്കുന്നത്. അപ്പോള്‍ ചെയ്യാനാവുന്നത് എന്താണ്? പള്ളിയോ സാമൂഹിക സംഘടനകളോ മുന്‍കൈയെടുത്ത് പിന്നോക്കസാമ്പത്തിക വിഭാഗക്കാര്‍ക്ക് വീതിച്ചു നല്കാനായി പറമ്പുകള്‍ ഒന്നായി വാങ്ങുക. ഇത്തരം ഹൗസിങ്ങ് കോളനികള്‍ (ഫ്ളാററ് സമുച്ചയങ്ങളും ആയിക്കൂടേ?) തൊഴിലാളികളായ നിവാസികളുടെ യാത്രാസൗകര്യം, ജലവൈദ്യുതി ലഭ്യത തുടങ്ങിയവ കണക്കിലെടുത്താവണം ഒരുക്കേണ്ടത്. ഏതെങ്കിലും ഓണംകേറാ മൂലയിലോ, പുല്ലു കിളിര്‍ക്കാത്ത കുന്നിന്‍ മുകളിലോ ചതുപ്പിലോ ആവരുത.് ചെലവു കുറഞ്ഞ ഭവനനിര്‍മ്മാണത്തിലും തുടര്‍ന്നുള്ള സാമൂഹികാവസ്ഥ പരിപാലനത്തിലും സഹായവും നിര്‍ദേശങ്ങളും നല്‍കുകയും വേണം. ചേരിനിലവാരത്തിലേക്കു പതിക്കാനനുവദിക്കാത്ത മുന്‍കരുതലുകള്‍! 

ഈ സംരംഭം ചെറുകിട ഇടത്തരകര്‍ഷകര്‍ക്കാര്‍ക്കെങ്കിലും ഏറ്റെടുത്ത് നടത്താനാവില്ല. ഇവിടെയാണ് സംഘടനയുടെ പ്രസക്തി. താത്പര്യമുള്ള വ്യക്തികള്‍ സ്വന്തം പുരയിടത്തില്‍ നിന്ന് ഒന്നോരണ്ടോ ഹൗസ് ഫ്ളോട്ടുകള്‍ വിറ്റുകിട്ടുന്ന പണം നല്‍കുകയുമാകമല്ലോ. അവരീ പണം സ്വരൂപിച്ച് വേണ്ടത്ര സൗകര്യങ്ങളുള്ള സ്ഥലം വാങ്ങി കുറഞ്ഞവരുമാനക്കാര്‍ക്കായി കോളനികള്‍ സ്ഥാപിക്കട്ടെ. ഇത്തരം ഹൗസിങ്ങ് കോളനികളെ ചേരികളായി അധപ്പതിപ്പിക്കാതിരിക്കാന്‍ വേണ്ട നിയമങ്ങളും നിര്‍ദേശങ്ങളും മേല്‍നോട്ടവും സംഘടനയുടെ ഉത്തരവാദിത്വമാകണം. 

You can share this post!

'സംരക്ഷിക്കപ്പെടേണ്ടത് അന്തസ്സത്തയാണ്, പ്രതിച്ഛായയല്ല'

ഫാ. ജോസ് കാനംകുടം
Related Posts