news-details
മറ്റുലേഖനങ്ങൾ

നമ്മള്‍ പുരുഷമേധാവിത്വക്കാരാകുന്നത്...

'മാച്ചോ' (Macho) എന്ന പാശ്ചാത്യപദം വിവക്ഷിക്കുന്നതു കോഴിപ്പൂവന്‍മാര്‍ ചെയ്യുന്നതുപോലെ, പുരുഷത്വത്തെ അതിപ്രകടനത്തിലൂടെ ഊതിവീര്‍പ്പിച്ചു ഞെളിഞ്ഞു നടക്കുന്ന പരിപാടിയെയാണ്.

'മാച്ചോ' എന്ന പദം ഇംഗ്ലീഷിലാണു നാം സാധാരണ കാണുന്നതെങ്കിലും അതു മറേറതോ പാശ്ചാത്യഭാഷയില്‍നിന്നു കടം വാങ്ങിയതാണ് എന്നാണെന്‍റെ ഓര്‍മ്മ. പുരുഷനു പ്രത്യേകമായി നല്കപ്പെട്ടിരിക്കുന്നു എന്നു പറയപ്പെടുന്ന സംഗതികള്‍ - ശരീരബലം, പേശിമുഴുപ്പ്, ധൈര്യം, സംഘട്ടനശേഷി, ഗാംഭീര്യം(!) ഇത്യാദികള്‍ - ചില പുരുഷന്മാര്‍ തങ്ങളുടെ പുരുഷമേധാവിത്വധാരണകളുടെ പരസ്യശക്തിപ്രകടനമായി പ്രദര്‍ശിപ്പിച്ചിരിക്കുന്നു. നമ്മുടെ പുരാണേതിഹാസങ്ങളില്‍ ഈ മാച്ചോ ധാരാളം കാണാം.
ഇതിഹാസനായകന്മാരെയെല്ലാം പുരുഷമഹാത്മ്യത്തിന്‍റെ കടുംചായങ്ങള്‍ തേച്ചാണ് വരച്ചിരിക്കുന്നത്. സ്ത്രീകളോട് അനുഭാവം പ്രകടിപ്പിക്കാതിരിക്കുന്നില്ലെങ്കിലും പുരുഷന്‍റെ ഉയര്‍ന്ന സിംഹാസനത്തിലിരുന്ന് താഴേക്കു നോക്കിയാണു പുരാണപുരുഷന്മാര്‍ പൊതുവില്‍ അതു ചെയ്യുന്നത്.

ഒരു പക്ഷേ ശ്രീകൃഷ്ണന്‍ മാത്രമാണ് മാച്ചോ പ്രതിച്ഛായയ്ക്ക് അധികം പ്രാധാന്യം കൊടുക്കാത്ത മുഖ്യധാരാ പുരാണനായകന്‍. അദ്ദേഹം ഗോപികമാരോടൊത്തു ലീലാവിലാസം നടത്തിയത് അവരെ ഒപ്പത്തിനൊപ്പം കണ്ടുകൊണ്ടായിരുന്നു എന്നാണ് എന്‍റെ പരിമിതമായ പുരാണജ്ഞാനം പറയുന്നത്.

ടെലിവിഷനിലൂടെ വീണ്ടും പല ഭാഷകളില്‍ പ്രവഹിക്കുന്ന മഹാഭാരതം പരമ്പര, വ്യാസന്‍ അയ്യായിരം വര്‍ഷംമുമ്പു പ്രകടിപ്പിച്ച പുരുഷസഹജമായ സങ്കുചിതത്വത്തെക്കാള്‍ ലജ്ജാകരമായ 'മെയ്ല്‍ ഷോവനിസം' പുരുഷപക്ഷപാതം, ആണു ഭക്തിനിര്‍ഭരമായ കാണികളുടെ മേല്‍ അടിച്ചേല്പിക്കുന്നത്.

ശ്രീരാമന്‍ സീതയെ 'നായ നക്കിയ ഹവിസ്' എന്നു തിരസ്കരണത്തിനു മുന്‍പായി വിവരിക്കുന്ന സന്ദര്‍ഭം മഹാഭാരതത്തിലെ രാമായണോപാഖ്യാനത്തിലുണ്ട്. അന്നത്തെ സാമൂഹിക സമവാക്യങ്ങളില്‍ പുരുഷന്‍ സര്‍വ്വോത്തമനും സര്‍വ്വശക്തനുമായി പ്രത്യക്ഷപ്പെടുന്നത് ആ കാലത്തിന്‍റെ സവിശേഷതയാണ്. കുറ്റപ്പെടുത്താനൊന്നുമില്ല. പക്ഷേ ഇന്നോ?

ബൈബിളിലെ പഴയനിയമം ഇതുപോലെ, പുരുഷനെ പനപോലെ, പെരുപ്പിച്ചു കാണിക്കുന്ന ഇതിഹാസമാണ്. ആദം മാത്രമാണ് ഒരു പക്ഷേ, പഴയ നിയമത്തിലെ ഏക സാധു പുരുഷന്‍. അദ്ദേഹത്തിനു ഹവ്വായുടെ വാക്കിനപ്പുറത്തൊന്നുമുണ്ടായിരുന്നില്ല. പിന്നീടു വന്ന ഗോത്രനായകന്മാരെല്ലാം കൊലകൊമ്പന്‍ പുരുഷത്വവാദികളായിരുന്നു. ഭാര്യമാരെ സമ്പാദിക്കുന്ന കാര്യത്തില്‍ പ്രത്യേകിച്ചും.

പഴയനിയമത്തില്‍ നിന്നു പുതിയ നിയമത്തിലേക്കു പ്രവേശിക്കുമ്പോള്‍ നാം യേശു എന്ന സൗമ്യനും സ്ത്രീസമത്വവാദിയുമായ മനുഷ്യനെ പരിചയപ്പെടുന്നു. യേശുവും തന്‍റെ വിശുദ്ധിയുടെ അതിപ്രസരം മൂലമാണോ എന്നറിഞ്ഞുകൂടാ, അമ്മയുടെ അടുത്തു ചിലപ്പോള്‍ ദുര്‍മുഖം കാണിച്ചു. പക്ഷേ അത് അടിച്ചമര്‍ത്തലായിരുന്നില്ല. ഒരു തരം അകലം സൃഷ്ടിക്കലായിരുന്നു.

അതേസമയം യേശു തന്‍റെ ആദ്യത്തെ അത്ഭുതം - വെള്ളം വീഞ്ഞാക്കിയത് -  നടത്തിയത് അമ്മയ്ക്കുവേണ്ടിയായിരുന്നു. "നീയുണ്ടായിരുന്നെങ്കില്‍ എന്‍റെ ആങ്ങള മരിക്കില്ലായിരുന്നു" എന്നു മറ്റൊരു മറിയം പരാതിപ്പെട്ടപ്പോഴാണ് യേശു കരഞ്ഞുകൊണ്ടു ലാസറിനെ ഉയര്‍പ്പിച്ചത്.

ഖുറാനില്‍, അതു ഭഗവത്ഗീതപോലെയൊരു വചനപരമ്പരയായതിനാല്‍ 'മാച്ചോ' കഥാപുരുഷന്മാരില്ല. പക്ഷേ, പ്രയോഗത്തില്‍ ഇസ്ലാം വളര്‍ത്തിയെടുത്ത സാമൂഹിക ക്രമത്തില്‍ പുരുഷനാണ് സര്‍വ്വമഹത്വം.

പര്‍ദ്ദ എന്തുകൊണ്ട് പുരുഷനണിഞ്ഞുകൂടാ എന്ന ചോദ്യം പലപ്പോഴും എന്നെ അലട്ടിയിട്ടുള്ള ഒന്നാണ്. കമലാ സുരയ്യയ്ക്കു പര്‍ദ്ദയണിയാമെങ്കില്‍ എനിക്കും അണിഞ്ഞുകൂടെ അത്? (പശ്ചിമാഫ്രിക്കയില്‍ പുരുഷന്‍ പര്‍ദ്ദയണിയുന്ന മുസ്ലീം സമൂഹങ്ങളുണ്ട്.)

ഒരു വശത്തു 'മാച്ചോ' പുരുഷന്‍ തന്‍റെ 'പുരുഷത്വം' അതിപ്രകടനത്തിലൂടെ പ്രദര്‍ശനവസ്തുവാക്കുന്നു. മറുവശത്തു സ്ത്രീയെ മുഖം പുറത്തുകാണിക്കാന്‍പോലും അനുവദിക്കുന്നില്ല. വളരെ ശ്രദ്ധയോടെ പഠിക്കേണ്ട പുരുഷ മനശ്ശാസ്ത്രപരമായ അപകര്‍ഷതാബോധവും അരക്ഷിതചിന്തകളും ശാരീരികവും മാനസികവുമായ ബലഹീനതകളാണുമാണു വാസ്തവത്തില്‍ പുരുഷമേധാവിത്വപ്രകടനം ഒളിച്ചുവയ്ക്കുന്നത്.

ലളിതമായി പറഞ്ഞാല്‍ നമ്മുടെ അടിസ്ഥാന പാരമ്പര്യങ്ങളില്‍ പുരുഷത്വവാദം ഒരു തുടര്‍ക്കഥപോലെ കിടപ്പുണ്ട്. പക്ഷേ, അതു സ്ത്രീവിമോചകരും വനിതാ കമ്മീഷനുമടക്കം ആരും  തിരിച്ചറിയാന്‍ മെനക്കെടുന്നില്ല.

തിരിച്ചറിഞ്ഞാലും വായ തുറക്കാന്‍ മടിയാണ്. കാരണം, പാരമ്പര്യം നമ്മുടെയെല്ലാം സുപ്രധാന സ്ഥാപിതതാല്‍പര്യമാണ്, പ്രത്യേകിച്ചും ബുദ്ധിജീവികളുടെ.

മലയാളികളടക്കമുള്ള ഇന്‍ഡ്യന്‍ പുരുഷന്മാര്‍ നൈസര്‍ഗികമായി 'എം.സി.പി.' (Male Chauvinsti Pig) - പുരുഷമേധാവിത്വപന്നികള്‍ - ആയിത്തീരുന്നുവെങ്കില്‍ അതിനുള്ള കാരണം നമ്മുടെ കുടുംബങ്ങളിലും ആരാധനാസ്ഥലങ്ങളിലും സുപ്രതിഷ്ഠിതമായ പാരമ്പര്യങ്ങളിലും തേടിയാല്‍ മതി.

മലയാള സിനിമപോലെയുള്ള മുഖ്യധാരാ കലകളാകട്ടെ, ബാലിശമായ ചിന്താരാഹിത്യത്തോടെയും അപകടകരമായ യാഥാസ്ഥിതികത്വത്തോടെയും ലജ്ജാവഹമായ ബുദ്ധിശൂന്യതയോടെയും ഇതേ ജീര്‍ണ്ണതകളെ ആവര്‍ത്തിച്ച് ഉരുവിടുകയും ചെയ്യുന്നു. ഇണചേരും കാലത്ത് നെഞ്ചത്തടിച്ച് അട്ടഹസിച്ചു വിരാജിക്കുന്ന ഗോറില്ലകളെപ്പോലെയാണ് മലയാളസിനിമാക്കഥകളിലെ നായകവേഷങ്ങള്‍.

*ചിന്താശീലമുള്ള ഒരു യുവപത്രപ്രവര്‍ത്തക സുഹൃത്ത് എന്നോടു പറഞ്ഞ അവിശ്വസനീയമായ വാക്കുകള്‍ ഞാനിവിടെ ഓര്‍മിക്കുന്നു. "നമ്മള്‍ രാവിലെ പുറപ്പെട്ട് വീട്ടില്‍ തിരിച്ചെത്തുംവരെ ഒരു ദിവസം എത്ര തവണയാണു തലകുനിക്കുന്നതും കീഴ്വഴങ്ങുന്നതും ഒത്തുതീര്‍പ്പുകളുണ്ടാക്കുന്നതും!"

അതിനെപ്പറ്റി ഒരു പുരുഷനും പുരുഷത്വപരമായ യാതൊരു നഷ്ടബോധവുമില്ല. പക്ഷേ, വീടിന്‍റെ സ്വകാര്യതയ്ക്കുള്ളില്‍ ഭാര്യയ്ക്കു വഴങ്ങുന്നതു വന്ധ്യംകരണത്തിനു തുല്യമായി നാം കരുതുന്നു. ഇതെന്തത്ഭുതം!"

പാരമ്പര്യം വിജയിപ്പൂതാക.

You can share this post!

ഒറ്റപ്പന

ഫാ. ഷാജി സിഎംഐ
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts