news-details
മറ്റുലേഖനങ്ങൾ

ശരികള്‍

ലോക്ഡൗണ്‍ കാലത്ത് കേട്ട വളരെ കൗതുകമുള്ള ഒരു ഉപദേശമുണ്ട്. വീട്ടിലിരിക്കുന്നവര്‍ തമ്മില്‍ ഒരു ദിവസം നാലുമണിക്കൂറിലേറെ മുഖാമുഖം സംസാരം വേണ്ടെന്നാണ് അയാള്‍ പറയുക. കാരണം, അതില്‍ കൂടുതലായാല്‍ "ഞാന്‍ ശരി" "നീ ശരിയല്ല" എന്ന ദിശയിലേക്ക് നമ്മുടെ വര്‍ത്തമാനം മാറിപ്പോകാന്‍ ഇടയുണ്ടത്രേ! ഒരു തരത്തില്‍ അത്തരം ഒരു മനോഭാവത്തിലേക്ക് നാം അറിയാതെ വീണുപോകുന്നുണ്ടോയെന്നാണ് സന്ദേഹം. ന്യായവിധിയെക്കുറിച്ചോര്‍ക്കാതെ പരനെ തമ്മില്‍ വിഴുങ്ങുന്ന മര്‍ത്യന്മാരായിത്തീരുന്ന നമ്മുടെ മത്സരഭാവം നമ്മുടെ സ്വയനീതീകരണ പ്രവണതയുടെ  തെളിവായി നിലനില്ക്കുന്നുണ്ട്. സ്വന്ത തെറ്റുകളോ കുറവുകളോ നമ്മുടെ കണ്ണില്‍പ്പെടാറേയില്ല ഇക്കാലത്ത്! ശരിക്കും സ്വന്ത പാപത്തെക്കുറിച്ച് ഒരു ബോധ്യവും നമ്മെ ഭരിക്കാറുമില്ല. വിശുദ്ധാത്മാവ് പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിനു ബോധ്യം വരുത്തും എന്നാണ് യേശു പറയുക. സത്യത്തില്‍ നമ്മിലാര്‍ക്കാണ് പാപബോധമുള്ളത്? സ്വയം കാണാനുള്ള ഒരു പരിശ്രമംപോലും നമ്മുടെ  ഭാഗത്ത് ഉണ്ടാവുന്നില്ല.

മറ്റുള്ളവരെ ചെറുതാക്കി സ്വയം വലുതാവാന്‍ വെമ്പുന്ന നമ്മുടെ വങ്കത്തരങ്ങള്‍ നന്നായി ശാസിക്കുന്ന ഒരു പുസ്തകമുണ്ട്. മുടിയനായ  പുത്രന്‍റെ ഉപമയെ പുരസ്ക്കരിച്ച് വിരചിതമായ ചെറുവ്യാഖ്യാനം. The return of the prodigal son, A story of Home coming എന്നാണ് പേര്. ഹെന്‍റി ജോസഫ് ന്യൂവെന്‍ എന്ന കാത്തലിക് പുരോഹിതനാണ് എഴുത്തുകാരന്‍. ഈ പുസ്തകമെഴുത്തിനൊരു സവിശേഷ പശ്ചാത്തലമുണ്ട്. റഷ്യയിലെ സെന്‍റ് പീറ്റേഴ്സ് ബര്‍ഗിലെ ദേവാലയ ചുമരില്‍ റം ബ്രാന്‍റിന്‍റെ ഒരു എണ്ണഛായാ ചിത്രമുണ്ട്. The return of the prodigal son  എന്നു പേരുള്ള ആ ചിത്രത്തിനു മുമ്പില്‍ മണിക്കൂറുകളോളമിരുന്ന് കടഞ്ഞെടുത്ത ധ്യാനാമൃതമാണ് ഈ പുസ്തകം മുഴുവനും. തിരുവെഴുത്തില്‍ ഒരു പിതാവിന്‍റെ അനന്തസ്നേഹത്തിന്‍റെ കഥ പറയുന്ന ഈ ഉപമയെ വിശേഷിപ്പിക്കുന്നത് The parable of lost son  എന്നാണ്. എന്നാല്‍ എഴുത്തുകാരന്‍ ഇവിടെ വിളിക്കുക, The parable of lost sons എന്നാണ്. നഷ്ടപ്പെട്ടുപോയ രണ്ടു മക്കളുടെ കഥയാണത്രേ!

ശരിക്കും ആത്മനിയന്ത്രണം നഷ്ടമായ രണ്ടു മക്കളുടെ കഥ തന്നെയാണിത്. രണ്ടുപേരും പിതാവില്‍ നിന്നകന്നുപോയിരിക്കുന്നു. ഒരു മകന്‍ അപ്പന്‍റെ സ്വത്ത് ചോദിച്ച് വാങ്ങി വീട്ടില്‍ നിന്നിറങ്ങിപ്പോയി. അപ്പനില്‍ നിന്നും ശാരീരികമായി തന്നെ അവന്‍ ദൂരദേശത്തേക്ക് മാറിപ്പോയി. എന്നാല്‍ മൂത്തമകനെ നോക്കുക. അപ്പന്‍റെ കൂടെ വീട്ടില്‍ തന്നെയുണ്ടെങ്കിലും നല്ലൊരു മാനസിക അകലം അവര്‍ തമ്മിലുണ്ടായിരുന്നപോലെ. പ്രത്യേകിച്ചും വീടുവിട്ടിറങ്ങിപ്പോയ മകന്‍ തിരികെ വരുമ്പോള്‍, അപ്പനെടുക്കുന്ന കരുണ നിറഞ്ഞ തീരുമാനത്തോട് ചേര്‍ന്നുനില്ക്കാന്‍ അവന് പറ്റുന്നില്ലെന്ന് കാണാം. പുറമെ നോക്കിയാല്‍, 'നല്ലപിള്ള' അവനാണ്. അപ്പന്‍റെ കൂടെയുണ്ട്. സ്വത്ത് ധൂര്‍ത്തടിച്ചിട്ടില്ല. നമ്മളെപ്പോലെതന്നെ പുറമെനോക്കിയാല്‍ നല്ല മനുഷ്യനാണ്. നമ്മെ സംബന്ധിച്ച് നമ്മള്‍ വളരെ മികച്ചവരാണ്. മറ്റുള്ളവരെക്കാള്‍ എന്തുകൊണ്ടും യോഗ്യന്മാരാണ്. ഇവിടെ എഴുത്തുകാരന്‍റെ ഒരു ആശ്ചര്യപ്പെടലുണ്ട്, I wonder, which does more damage, lust or resentment? There is so much just and righteous. There is so much judgement, condemnation, and prejudice among the "saint's". saint's എന്നത് ഇന്‍വേര്‍ട്ടഡ് കോമയിലാണ് നല്കിയിരിക്കുന്നത്.

അപ്പോള്‍ നമ്മുടെ ശരി ദൂരങ്ങളെ ഒരുവട്ടം കൂടി ധ്യാനിക്കേണ്ടതുണ്ട്. റൂമിയുടെ കവിതപോലെ Beyond the rightness and wrongness of things, there is a filed, I will meet you there ശരിതെറ്റുകളുടെ ആപേക്ഷികതയ്ക്ക് അതീതമായി നന്മയുടെ നല്ല നിലമുണ്ടെന്നും അവിടെ ഞാന്‍ നിന്നെ കണ്ടെത്തുമെന്നൊക്കെ പറയുമ്പോള്‍ അതെത്ര പ്രണയനിര്‍ഭരവും ദൈവികവുമായ ഇടപെടലാണ്. "പുണ്യവാന്മാരെന്ന്, വിളിക്കപ്പെടുന്നവര്‍ക്കിടയിലെ സ്പര്‍ദ്ധയും പരസ്പര നിന്ദകളും എത്രയധികമാണ്. 'പാപ'ത്തില്‍ നിന്നൊഴിഞ്ഞുനില്ക്കണമെന്ന് പ്രസംഗിക്കുന്നവര്‍ക്കിടയില്‍ ഉള്ളിലുറഞ്ഞ പക നന്നായിട്ടുണ്ട്" എന്നു പറഞ്ഞ് ന്യൂവെന്‍ താനുള്‍പ്പെടുന്ന വൈദികസംഘത്തെത്തന്നെ ധീരതയോടെ ആത്മവിമര്‍ശനവിധേയമാക്കുന്നുണ്ട്. ഒപ്പം, ദൈവിക സ്നേഹത്തിന്‍റെ അധിക ദൂരത്തിലേക്ക് നമ്മെ ആനയിക്കുന്നുമുണ്ട്. 

You can share this post!

ഒറ്റപ്പന

ഫാ. ഷാജി സിഎംഐ
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts