അച്ചനാകുന്നതിന് ഏതാനും വര്‍ഷം മുമ്പായിരുന്നു അത്. ഞാനുള്‍പ്പെടുന്ന വൈദിക വിദ്യാര്‍ത്ഥികളുടെ ബാച്ച് റീജന്‍സി നടത്തുന്ന കാലം. റീജന്‍സിയുടെ കുറെക്കാലം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും അതിനടുത്തുള്ള നവജീവന്‍ കേന്ദ്രത്തിലുമായി ഞങ്ങള്‍ സേവനം ചെയ്തിരുന്നു.
മെഡിക്കല്‍ കോളേജിന്‍റെ ജനത്തിരക്കുള്ള വാര്‍ഡുകളിലൊന്നില്‍ സ്വന്തം അമ്മ മാത്രം കൂട്ടിനും സഹായത്തിനുമുണ്ടായിരുന്ന ആ ചെറുപ്പക്കാരനെ ഞങ്ങള്‍ നേരത്തെ പരിചയപ്പെട്ടിരുന്നു. പിതാവ് മരിച്ചുപോയി. അവന് അമ്മ മാത്രമേയുള്ളൂ. മാനുഷികമായി പറഞ്ഞാല്‍ ഒരു ദരിദ്രകുടുംബത്തിന്‍റെ ഏകആശ്രയം. ഇരുപതിനോടടുത്ത പ്രായം. ഒന്നിലധികം കരിസ്മാറ്റിക് ധ്യാനങ്ങളില്‍ പങ്കെടുത്തിരുന്ന ആ ചെറുപ്പക്കാരന്‍ നവീകരണത്തിലേക്കു കടന്നുവന്നിരുന്നു. ജീവിതത്തില്‍ പ്രമുഖസ്ഥാനം ദൈവത്തിനു കൊടുക്കാന്‍ അവന്‍ പഠിച്ചിരുന്നു. പക്ഷേ, അവനു സ്വഭാവികമായി ഉണ്ടാകേണ്ട ആരോഗ്യം എന്നേ നഷ്ടപ്പെട്ടിരുന്നു. പ്രമേഹരോഗിയായിക്കഴിഞ്ഞിരുന്ന അവന്‍റെ വലതുകാലിലെ പെരുവിരല്‍ മുറിച്ചുമാറ്റിയ അവസ്ഥയിലാണ് ഞങ്ങള്‍ അവനെ ആദ്യം കണ്ടുമുട്ടുന്നത്. എങ്കിലും ആകുലതകളും പരാതികളും അവനില്ലായിരുന്നു.
നാളുകളേറെക്കഴിയുംമുമ്പേ വിരല്‍ മുറിച്ച മുറിവില്‍ നിന്ന് പഴുപ്പ് മുകളിലേക്കു വ്യാപിച്ചു. അങ്ങനെ അവന്‍റെ വലതുകാല്‍ മുട്ടിനുതാഴെവച്ച് മുറിച്ചുമാറ്റി. ഇത്തവണ അവനെ ഒന്നാശ്വസിപ്പിക്കാന്‍പോലും ഞങ്ങളുടെ പക്കല്‍ വാക്കുകളില്ലായിരുന്നു. പാവപ്പെട്ട ഈ കുടുംബത്തിനുമേല്‍, ഈ ജീവിതം ജീവിക്കാനാരംഭിച്ചിട്ടു മാത്രമുള്ള ഈ ചെറുപ്പക്കാരനുമേല്‍ ഇത്തരം ഒരു വേദന അനുവദിച്ച ദൈവത്തെ മനസ്സാ തള്ളിപ്പറഞ്ഞു. ദൈവത്തെ ഞാന്‍ മനസ്സാ ചോദ്യംചെയ്തു. ഏതാനും ആഴ്ചകളേ ബാക്കിയുണ്ടായിരുന്നുള്ളു. ആ അമ്മയെ തനിയെ ആക്കിയിട്ട് ആ മകന്‍ പൊയ്ക്കളഞ്ഞു. ഇത്തവണ ദൈവത്തിന്‍റെ ഈ നീതി ഞങ്ങള്‍ക്ക് ഒട്ടുമേ ബോധ്യപ്പെടാത്ത ഒന്നായിരുന്നു. വലിയ ആരവങ്ങളില്ല. മാറത്തടിച്ച് നിലവിളികളില്ല. ആ അമ്മ ഒരു നിമിഷം തളര്‍ന്നുപോയി. എങ്കിലും ഏറെക്കഴിയുംമുമ്പേ അവര്‍ മനസ്സാന്നിദ്ധ്യം വീണ്ടെടുത്തു.
ഞങ്ങള്‍ മെഡിക്കല്‍കോളേജ് സൂപ്രണ്ടിനെക്കണ്ട് ആംബുലന്‍സിന് അഭ്യര്‍ത്ഥിച്ചു. അദ്ദേഹം അത് അനുവദിക്കുകയും ചെയ്തു. അങ്ങനെ ആ രാത്രിയില്‍ ഏകമകന്‍ നഷ്ടപ്പെട്ട ആ അമ്മയോടൊപ്പം ആ ചെറുപ്പക്കാരന്‍റെ ജഡത്തിനരികെ ഒരക്ഷരം ഉരിയാടാതെ മൃതരെപ്പോലെ കുത്തിയിരുന്നു. വണ്ടി ഓടിക്കൊണ്ടിരുന്നു.
മെഡിക്കല്‍ കോളേജില്‍നിന്ന് ഏകദേശം നാല്പതു കിലോമീറ്റര്‍ അകലെയുള്ള ആ ചെറിയ മലയോരപട്ടണത്തില്‍ ഞങ്ങള്‍ എത്തി. ആംബുലന്‍സിന്‍റെ ഡ്രൈവര്‍ വണ്ടിക്കു കാവലിരുന്നു. ആ അമ്മ ഞങ്ങള്‍ക്കു മുന്നേ നടന്നു. ഞങ്ങള്‍ മൂന്നു ബ്രദേഴ്സ് ആംബുലന്‍സിലെ സ്ട്രെച്ചറില്‍ ആ ചെറുപ്പക്കാരന്‍റെ ജഡവും വഹിച്ചുകൊണ്ട് അമ്മയ്ക്കു പിന്നാലെ നിശ്ശബ്ദരായി നടന്നു. കയറ്റങ്ങളും ഇറക്കങ്ങളും. ചെമ്മണ്‍പാത വിട്ട് വഴിയെന്നു പറയാനൊന്നുമില്ലാത്ത വഴിയെ ഞങ്ങള്‍ നടന്നു. ഏറെയൊന്നും ശാരീരികാരോഗ്യം ഇല്ലാത്ത ഞങ്ങളെ മനസ്സിന്‍റെ അങ്കലാപ്പും ദുഃഖവും വേദനയും കൂടുതല്‍ ക്ഷീണിതരാക്കി. വഴി വീണ്ടും നീളുകയാണ്. ഈ മൂകത ഭ്രാന്തുപിടിപ്പിക്കുന്നതായിരുന്നു. ഈ അമ്മയ്ക്ക് ഈ വിധി നല്കിയ ദൈവത്തെ ഞാന്‍ മനസ്സാ പ്രാകിക്കൊണ്ടിരുന്നു. ഇടയ്ക്ക് കയറ്റത്തില്‍ സ്ട്രെച്ചറില്‍ നിന്ന് ഊര്‍ന്നുപോകുന്ന ജഡം. വീണ്ടും അത് ശരിയാക്കി നീങ്ങുമ്പോള്‍ നട്ടപ്പാതിരായ്ക്ക് നാലുപേരുടെ കാല്‍പ്പെരുമാറ്റം മാത്രം. ഒന്നരമണിക്കൂറോളം നടന്നാണ് ഞങ്ങള്‍ ആ വീട്ടിലെത്തിയത്. സ്ട്രെച്ചര്‍ താഴെയിറക്കി. തിണ്ണയില്‍ ഒരു പായ് വിരിച്ച് ജഡം അതില്‍ കിടത്തി. ആ അമ്മ വീട്ടിനകത്തേക്കു പോയി. തിരിച്ചുവന്ന് ഞങ്ങള്‍ക്ക് നന്ദി പറഞ്ഞു. "അച്ചന്മാരെ നിങ്ങള്‍ക്കു നന്ദി. ഞാനെന്താ ചെയ്ക, ഇവിടെ നിങ്ങള്‍ക്കു തരാന്‍ ഒന്നും ഇരിപ്പില്ല. അച്ചന്മാര് എനിക്കും എന്‍റെ മോനും വേണ്ടി ഒത്തിരി ബുദ്ധിമുട്ടി. ദൈവം അനുഗ്രഹിക്കും മക്കളെ."ആ അവസാന വാക്കുകള്‍ ചങ്കില്‍ തറയ്ക്കുന്നവയായിരുന്നു.
ഞങ്ങള്‍ക്ക് ഉടന്‍ മടങ്ങേണ്ടിയിരുന്നു. ഞങ്ങളെ ഇത്രനേരം കാത്ത ആംബുലന്‍സിന്‍റെ ഡ്രൈവര്‍ അസ്വസ്ഥനാകുന്നുണ്ടാവണം. ആ വഴിയത്രയും ഒഴിഞ്ഞ സ്ട്രെച്ചറുമായി തിരിച്ചു നടക്കുമ്പോഴും ഞങ്ങള്‍ ഒരക്ഷരം സംസാരിക്കുന്നുണ്ടായിരുന്നില്ല. കാല്‍വരിയിലെ അമ്മയ്ക്ക് താങ്ങായി യോഹന്നാന്‍റെ തോളെങ്കിലും കിട്ടിയല്ലോ. ഇവിടെ അതുപോലും നിഷേധിക്കപ്പെട്ട ഈ അമ്മ ഇപ്പോഴും ദൈവത്തില്‍ വിശ്വസിക്കുന്നല്ലോ. ഏകമകന്‍ മരിച്ച് തിണ്ണയില്‍ കിടക്കുമ്പോഴും ഞങ്ങളെ ശുശ്രൂഷിക്കാനാ അമ്മയ്ക്ക് ആകുന്നല്ലോ ദൈവമേ!