news-details
മറ്റുലേഖനങ്ങൾ

സ്വീകാര്യമായ ബലി - അബ്രാഹം

3. കാതോര്‍ക്കുക - കാത്തിരിക്കുക

"സൂര്യന്‍ അസ്തമിച്ചുകൊണ്ടിരുന്നപ്പോള്‍ അബ്രാഹം ഗാഢനിദ്രയിലാണ്ടു. ഭീകരമായ അന്ധകാരം അവനെ ആവരണം ചെയ്തു" (ഉല്‍പ 15, 12). വിളികേട്ടു പുറപ്പെട്ട അബ്രാഹം ദീര്‍ഘനാള്‍ ലക്ഷ്യമില്ലാതെ അലഞ്ഞു. പല അപകടങ്ങളിലും പെട്ടു. (ഉല്‍പ 12, 10-20, 20, 1-18). അവിടെയെല്ലാം ദൈവം സംരക്ഷിച്ചെങ്കിലും വാഗ്ദാനങ്ങള്‍ ഒന്നും പൂര്‍ത്തിയായില്ല. സ്വന്തമായി ഒരു ദേശം, അസംഖ്യം മക്കള്‍, സകല ജനതകള്‍ക്കും അനുഗ്രഹം. ഇതെല്ലാം വാഗ്ദാനങ്ങളായിത്തന്നെ തുടര്‍ന്നു; എന്നു പൂര്‍ത്തിയാകും എന്നറിയാതെ ദൈവം കാത്തിരുന്നു. എന്നാല്‍ ഒരു കാര്യം അബ്രാഹം ചെയ്തു; വിശ്വസിച്ചു; പ്രത്യാശയോടെ ദൈവസ്വരത്തിനു കാതോര്‍ത്തു. അതിന്‍റെ വ്യക്തമായൊരു ഉദാഹരണമാണ് 15-ാം അധ്യായത്തില്‍ വിവരിക്കുന്ന ഉടമ്പടിയും വാഗ്ദാനവും.

സംരക്ഷിക്കും, വലിയ സമ്മാനം നല്കും എന്ന വാഗ്ദാനം ആവര്‍ത്തിച്ച ദൈവത്തോട് അബ്രാഹം തന്‍റെ ദുഃഖം ഏറ്റുപറഞ്ഞു: "എനിക്കൊരു സന്താനത്തെ അവിടുന്ന് തന്നിട്ടില്ല" (ഉല്‍പ 15.3). ദൈവം പരാതി സ്വീകരിച്ചു. വാഗ്ദാനം ആവര്‍ത്തിച്ചു. അത് ഒരു ഉടമ്പടിയിലൂടെ ഉറപ്പിക്കുകയും ചെയ്തു (ഉല്‍പ15, 7-16). "ജ്വലിക്കുന്ന ഒരു തീനാളം പിളര്‍ന്നിട്ടിരുന്ന കഷണങ്ങളുടെ നടുവിലൂടെ കടന്നുപോയി. അന്നു കര്‍ത്താവ് അബ്രാഹത്തോട് ഒരു ഉടമ്പടി ചെയ്തു" (ഉല്‍പ 15, 18). ഉടമ്പടി ഉറപ്പിക്കുന്നതിന്‍റെ വ്യക്തമായൊരു അടയാളമായിരുന്നു അത്. പുരാതനകാലത്ത് രണ്ടുപേര്‍ ഉടമ്പടി ചെയ്യുമ്പോള്‍ ദൈവത്തിനു ബലിയര്‍പ്പിക്കുക പതിവായിരുന്നു. രണ്ടുപേരും കൊണ്ടുവരുന്ന ബലിമൃഗങ്ങളെ കഷണങ്ങളായി മുറിച്ച് രണ്ടു ഭാഗമായി മാറ്റിവയ്ക്കും. അതിനുശേഷം ഉടമ്പടി ചെയ്യുന്നവര്‍ കൈകോര്‍ത്തുപിടിച്ച് കഷണങ്ങള്‍ക്കിടയിലൂടെ നടന്നുപോകും. ഈ കഷണങ്ങള്‍ പോലെ മുറിക്കപ്പെടേണ്ടി വന്നാലും ഞാന്‍ ഉടമ്പടി ലംഘിക്കുകയില്ല; അഥവാ ഞാന്‍ ഉടമ്പടി ലംഘിച്ചാല്‍ ഇപ്രകാരം കഷണങ്ങളാക്കപ്പെടും എന്ന തീരുമാനത്തിന്‍റെ അടയാളമായിരുന്നു ഇത്. ഇവിടെ തീജ്വാല കടന്നുപോകുന്നത് ദൈവം ഉടമ്പടി ഉറപ്പിച്ചതിന്‍റെ പ്രതീകമാണ്. ദൈവമാണ് തീജ്വാലയുടെ പ്രതീകത്തിലൂടെ കടന്നുപോയത് എന്നതു ശ്രദ്ധേയം. ദൈവമാണ് ഉടമ്പടി ചെയ്തത്. അബ്രാഹം സ്വീകരിച്ചു.

അബ്രാഹം ദൈവത്തിന്‍റെ വചനങ്ങള്‍ക്കു കാതോര്‍ത്തു. ആ വചനത്തിനുവേണ്ടി, അതിന്‍റെ പൂര്‍ത്തീകരണത്തിനുവേണ്ടി കാത്തിരുന്നു. ഒന്നോ രണ്ടോ, അഞ്ചോ പത്തോ വര്‍ഷമല്ല, ഇരുപത്തിയഞ്ചു വര്‍ഷം. എഴുപത്തിയഞ്ചാം വയസ്സില്‍ വിളികേട്ടു പുറപ്പെട്ട (ഉല്‍പ 12, 4) അബ്രാഹത്തിന് വാഗ്ദാനത്തിന്‍റെ പുത്രന്‍ ജനിച്ചത് നൂറാം വയസ്സിലാണ്. അതുവരെ പ്രതീക്ഷയോടെ കാത്തിരുന്നു. എന്നിട്ടും എല്ലാ വരദാനങ്ങളും പൂര്‍ത്തിയായില്ല. വീണ്ടും വര്‍ഷങ്ങള്‍ക്കുശേഷം, സാറായുടെ മരണത്തോടനുബന്ധിച്ചാണ് വാഗ്ദത്തഭൂമിയില്‍ കാലുകുത്താന്‍ സ്വന്തമായി അല്പം സ്ഥലം ലഭിക്കുന്നത്; അതും ഭാര്യയെ സംസ്കരിക്കാന്‍ ഒരു ശവപ്പറമ്പ്(ഉല്‍പ 23, 1-20).  

സാഹചര്യങ്ങള്‍ എല്ലാം പ്രതികൂലമാകുമ്പോഴും പ്രതീക്ഷ കൈവിടാതെ കാത്തിരിക്കുക. ദൈവത്തിന്‍റെ സ്വരത്തിനു നിരന്തരം കാതോര്‍ക്കുക. ഹൃദയത്തില്‍ മുഴങ്ങുന്ന ദൈവത്തിന്‍റെ ശബ്ദം, അടയാളങ്ങളിലൂടെ ലഭിക്കുന്ന ദൈവത്തിന്‍റെ സന്ദേശം തിരിച്ചറിയുക, സ്വീകരിക്കുക. ഇതും പൗരോഹിത്യത്തിന്‍റെ ഒരു സുപ്രധാന ഘടകമാണ്. ദൈവഹിതം ആരായണം, അറിയണം, അറിഞ്ഞ തിരുഹിതം അനുസരിക്കണം, എന്നും പ്രസക്തമാണ് ഈ പൗരോഹിത്യദൗത്യം.

4. ആതിഥ്യം

"യജമാനനേ, അങ്ങ് എന്നില്‍ സംപ്രീതനെങ്കില്‍ അങ്ങയുടെ ദാസനെ കടന്നുപോകരുതേ. ഞാന്‍ കുറെ അപ്പം കൊണ്ടുവരാം വിശപ്പടക്കിയിട്ട് യാത്ര തുടരാം" (ഉല്‍പ 18, 3-5).

അബ്രാഹത്തില്‍ പ്രകടമാകുന്ന പൗരോഹിത്യത്തിന്‍റെ ശ്രദ്ധേയമായ മറ്റൊരു മാനമാണ് 'ആതിഥ്യമര്യാദ.' നട്ടുച്ചയ്ക്ക് കൂടാരത്തണലില്‍ ഇരുന്ന അബ്രാഹത്തിന്‍റെ മുമ്പില്‍ മൂന്നു യാത്രക്കാര്‍ പ്രത്യക്ഷപ്പെട്ടു. അവര്‍ ആരെന്നോ, എവിടെ നിന്നു വരുന്നെന്നോ, എങ്ങോട്ടു പോകുന്നെന്നോ അബ്രാഹത്തിനറിയില്ല. എന്നാല്‍ ഒരു കാര്യം അറിയാം. അവര്‍ യാത്രക്കാരാണ്, ക്ഷീണവും വിശപ്പും ഉണ്ടാകും, അവരെ സഹായിക്കണം.

അബ്രാഹം അവരെ ക്ഷണിച്ചു. അവര്‍ ക്ഷണം സ്വീകരിച്ചു. അതു കര്‍ത്താവായിരുന്നെന്ന് പിന്നീടാണ് അബ്രാഹം തിരിച്ചറിഞ്ഞത്. അപരനില്‍, പ്രത്യേകിച്ചും ആവശ്യം അനുഭവിക്കുന്നവരില്‍, ദൈവത്തെ കാണാന്‍, അവരിലൂടെ ദൈവത്തിനു ശുശ്രൂഷ ചെയ്യാന്‍ അബ്രാഹത്തിന്‍റെ ഈ മാതൃക പ്രചോദനമാകണം. സഹോദരസ്നേഹത്തിന്‍റെ ഒരു സവിശേഷഘടകമാണ് ആതിഥ്യമര്യാദ എന്നും അതുവഴി ദൈവത്തിനുതന്നെയാണ് ശുശ്രൂഷ ചെയ്യുന്നതെന്നും ഈ സംഭവം അനുസ്മരിപ്പിക്കുന്നു (ഹെബ്രാ 13, 1-2). "മാനവസേവ മാധവസേവ" എന്ന ഭാരതീയാചാര്യന്മാരുടെ പഴമൊഴി ഈ സത്യം വിളിച്ചറിയിക്കുന്നു. ദൈവത്തിനു ശുശ്രൂഷ ചെയ്യാന്‍ പ്രത്യേകം വിളിക്കപ്പെട്ടവനാണ് പുരോഹിതന്‍, ആ ശുശ്രൂഷ സഹോദരന്മാര്‍ക്കു നല്‍കുന്ന സേവനത്തിലൂടെ പ്രകടമാകണം, പൂര്‍ത്തിയാകണം എന്ന് അബ്രാഹത്തിന്‍റെ മാതൃകയും അനുഭവവും അനുസ്മരിപ്പിക്കുന്നു.

വഴിയാത്രക്കാരുടെ രൂപത്തില്‍ വന്ന കര്‍ത്താവിന് അബ്രാഹം കാല്‍കഴുകാന്‍ വെള്ളവും ഭക്ഷിക്കാന്‍ അപ്പവും നല്കി ശുശ്രൂഷിച്ചു (ഉല്‍പ 18, 1-8). പൗരോഹിത്യത്തില്‍ തന്‍റെ പിന്‍തുടര്‍ച്ചക്കാരായി യേശു ശിഷ്യന്മാരെ നിയോഗിച്ചതും ഒരു വിരുന്നിന്‍റെ പശ്ചാത്തലത്തിലായിരുന്നു എന്നത് ഇവിടെ പ്രത്യേകം ശ്രദ്ധേയമാകുന്നു. യേശു അവരുടെ പാദങ്ങള്‍ കഴുകി. പിന്നീട് അപ്പംമുറിച്ച് തന്‍റെ ശരീരമാക്കി അവര്‍ക്കു കൊടുത്തു, വീഞ്ഞ് തന്‍റെ രക്തമായും. തന്‍റെ ഓര്‍മ്മയ്ക്കായി ഇതു ചെയ്യാന്‍ അവരോട് അനുശാസിച്ചു. (യോഹ 13, 1-15, ലൂക്കാ 22, 19-21). അതിഥിയുടെ കാല്‍ കഴുകുന്ന, വിശക്കുന്നവന് സ്വയം ആഹാരമായി മാറുന്ന, സ്നേഹശുശ്രൂഷ പൗരോഹിത്യത്തിന്‍റെ സുപ്രധാന ഘടകമാണെന്ന് അബ്രാഹത്തിന്‍റെ മാതൃകയും യേശുവിന്‍റെ മാതൃകയില്‍ ഉറപ്പിച്ച കല്പനയും ഓര്‍മ്മിപ്പിക്കുന്നു.

5. മാര്‍ഗ്ഗദര്‍ശി

"ഞാന്‍ അവനെ തിരഞ്ഞെടുത്തിരിക്കുന്നത് നീതിയും ന്യായവും പ്രവര്‍ത്തിച്ച് കര്‍ത്താവിന്‍റെ വഴിയിലൂടെ നടക്കാന്‍ തന്‍റെ മക്കളോടും പിന്‍തലമുറക്കാരോടും അവന്‍ കല്പിക്കുന്നതിനും അങ്ങനെ കര്‍ത്താവ് അവനോടു ചെയ്ത വാഗ്ദാനം പൂര്‍ത്തിയാക്കുന്നതിനും വേണ്ടിയാണ് " (ഉല്‍പ 18, 19).

സോദോം, ഗൊമോറാ നഗരങ്ങള്‍ക്കെതിരേ ഉയരുന്ന നിലവിളിയുടെ നിജസ്ഥിതി പരിശോധിച്ചു തീരുമാനം എടുക്കാന്‍ പോകുന്ന സാഹചര്യത്തില്‍ ദൈവത്തിന്‍റെ സ്വഗതമായി അവതരിപ്പിച്ചിരിക്കുന്ന ഈ വിചിന്തനം പൗരോഹിത്യത്തെ സംബന്ധിച്ചു നിര്‍ണ്ണായകമായ ചില ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നുണ്ട്. ദൈവം അബ്രാഹത്തെ പ്രത്യേകമായി തിരഞ്ഞെടുക്കുന്നതിന്‍റെ ലക്ഷ്യം, ആ ലക്ഷ്യം നിറവേറാന്‍ അവശ്യം പിന്‍തുടരേണ്ട മാര്‍ഗ്ഗം എന്നിവയാണ് ദൈവത്തിന്‍റെ ആത്മഗതത്തിലുള്ളത്.

അബ്രാഹം വലിയൊരു ജനതയുടെ പിതാവാകും. അവനിലൂടെ ലോകജനതകള്‍ മുഴുവന്‍ അനുഗൃഹീതരാകും. ഇതാണ് ലക്ഷ്യം. അതു യാഥാര്‍ത്ഥ്യമാക്കാന്‍ അബ്രാഹം ചെയ്യേണ്ട രണ്ടു കാര്യങ്ങളുണ്ട്:  ഒന്ന്: നീതിയും ന്യായവും പ്രവര്‍ത്തിക്കണം. അങ്ങനെ കര്‍ത്താവിന്‍റെ വഴിയിലൂടെ നടക്കണം. രണ്ട്: തന്‍റെ പിന്‍തലമുറകളെ കര്‍ത്താവിന്‍റെ വഴികളിലൂടെ നടക്കാന്‍ മാതൃകയും വാക്കും വഴി പഠിപ്പിക്കണം. കര്‍ത്താവു നല്കിയിരിക്കുന്ന വാഗ്ദാനങ്ങള്‍ പൂര്‍ത്തിയാകണമെങ്കില്‍ ഇതു രണ്ടും ആവശ്യമാണ്. പൗരോഹിത്യത്തിന്‍റെ ഒരു പ്രധാന ദൗത്യം ഇവിടെ പ്രകടമാകുന്നു.

ദൈവമായ കര്‍ത്താവ് ആരെന്നും എന്താണ് അവിടുത്തെ തിരുഹിതമെന്നും ജനത്തെ പഠിപ്പിക്കുകയും അതനുസരിച്ച് ജീവിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നവനാണ് പുരോഹിതന്‍. ദൈവം ജനത്തില്‍നിന്ന് ആഗ്രഹിക്കുന്നത് ഒരേ ഒരു  കാര്യമാണ്, കര്‍ത്താവിന്‍റെ വഴിയിലൂടെ നടക്കുക. അതിനാവശ്യം നീതിയും ന്യായവും പ്രവര്‍ത്തിക്കണം. ദൈവജനത്തിന്‍റെ മുഖമുദ്രയായിരിക്കണം നീതിയും ന്യായവും.

 

'സ്ദാഖാ','മിഷ്പാത്ത്' എന്ന രണ്ടു ഹീബ്രുവാക്കുകളാണ് നീതിയും ന്യായവും എന്നു വിവര്‍ത്തനം ചെയ്തിരിക്കുന്നത്. ബന്ധങ്ങളില്‍ അവശ്യം നിലനില്‍ക്കേണ്ട സന്തുലിതാവസ്ഥയെ സൂചിപ്പിക്കുന്ന പദമാണ് 'സ്ദാഖാ.' അയല്ക്കാരനോടും പ്രപഞ്ചത്തോടും തന്നോടുതന്നെയും, സര്‍വ്വോപരി എല്ലാ ബന്ധങ്ങള്‍ക്കും അടിസ്ഥാനമായി നില്‍ക്കുന്ന ദൈവത്തോടുമുള്ള ബന്ധം ദൈവഹിതത്തിന് അനുയോജ്യമാകുമ്പോള്‍ സംജാതമാകുന്ന അവസ്ഥയാണിത്. ഈ ചതുര്‍വിധ ബന്ധങ്ങളില്‍ എവിടെയെങ്കിലും കോട്ടം സംഭവിച്ചാല്‍ അതു പരിഹരിച്ച്, നീതി നടപ്പിലാക്കുന്നതിനെയാണ് 'മിഷ്പാത്ത്' എന്ന  പദം സൂചിപ്പിക്കുന്നത്.

 

സമൂഹത്തില്‍ നീതി നിലനില്‍ക്കണം. എല്ലാവര്‍ക്കും നീതി ലഭിക്കണം. പുരോഹിതന്‍ തന്‍റെ ജീവിതത്തിലൂടെ ഇതു പ്രാവര്‍ത്തികമാക്കണം. ചുരുക്കത്തില്‍, ദൈവഹിതം അറിയുക, അതനുസരിച്ചു പ്രഘോഷിക്കുക, പഠിപ്പിക്കുക - ഇതാണ് അബ്രാഹത്തിന്‍റെ ദൗത്യത്തെക്കുറിച്ചുള്ള ദൈവത്തിന്‍റെ സ്വഗതത്തിലൂടെ പ്രകടമാകുന്ന പുരോഹിതദൗത്യം.

ദൈവഹിതം അറിയിച്ച്, ദൈവത്തിന്‍റെ വഴിയിലൂടെ ജനത്തെ നയിക്കുക എന്നതാണ് പുരോഹിതന്‍റെ മുഖ്യദൗത്യം എന്ന് ബൈബിളില്‍ അനേകം തവണ ആവര്‍ത്തിക്കുന്നുണ്ട്. പുരോഹിതന്മാര്‍ക്കു നല്‍കുന്ന ശക്തമായൊരു താക്കീതില്‍ മലാക്കി പ്രവാചകനിലൂടെ ദൈവം അനുസ്മരിപ്പിക്കുന്ന ഒരു കാര്യം ഉദാഹരണമാണ്: "പുരോഹിതന്‍ അധരത്തില്‍ ജ്ഞാനം സൂക്ഷിക്കണം. ജനം പ്രബോധനം തേടി അവനെ സമീപിക്കണം" (മലാ 2, 7).

നീതിനിഷ്ഠമായൊരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ പുരോഹിതനുള്ള മുഖ്യപങ്ക് ഇവിടെ വ്യക്തമാകുന്നു. ആചാരാനുഷ്ഠാനങ്ങളില്‍ മാത്രം ശ്രദ്ധ ചെലുത്തുമ്പോള്‍ മിക്കവാറും എല്ലാ മതങ്ങളിലും മറന്നുപോകാന്‍ സാധ്യതയുള്ളതാണ് ഈ മുഖ്യദൗത്യം. നീതിനിഷ്ഠമായ ജീവിതം നയിക്കാതെ ദൈവത്തിനു സ്വീകാര്യമായൊരു ജനമായിരിക്കാന്‍ സാധിക്കുകയില്ല. അബ്രാഹം തന്‍റെ പിന്‍തലമുറകളെ പഠിപ്പിക്കണം എന്നു ദൈവം ആഗ്രഹിച്ച ഈ സത്യം എന്നും പ്രസക്തമാണ്. എന്നാല്‍ അതിനു കടകവിരുദ്ധമായി പോകുന്നു പലപ്പോഴും പുരോഹിതരുടെ പ്രവൃത്തി. അപരനെ ശത്രുവായി കണ്ട് ഉന്മൂലനം ചെയ്യാന്‍ പുരോഹിതന്മാര്‍ത്തന്നെ നേതൃത്വം നല്‍കുമ്പോള്‍ അവര്‍ ശുശ്രൂഷിക്കുന്നത് സര്‍വ്വലോക സ്രഷ്ടാവും ജീവദാതാവുമായ ദൈവത്തെയല്ല, നുണയനും കൊലപാതകിയുമായ (യോഹ 8, 44) സാത്താനെയാണെന്ന് എന്നാണു നാം തിരിച്ചറിയുക!


(തുടരും)

You can share this post!

ജലശയ്യയില്‍

ഫാ. ഷാജി സി. എം. ഐ.
അടുത്ത രചന

വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗം

ഡോ. അരുണ്‍ ഉമ്മന്‍
Related Posts