"അവന്‍ ഒരിടത്തു പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. പ്രാര്‍ത്ഥന കഴിഞ്ഞപ്പോള്‍ ശിഷ്യരില്‍ ഒരുവന്‍ വന്നു പറഞ്ഞു: കര്‍ത്താവേ, യോഹന്നാന്‍ തന്‍റെ ശിഷ്യരെ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കുക." (ലൂക്കാ 11:1).
മനുഷ്യനായി അവതരിച്ച ദൈവപുത്രന്‍ സമയത്തിന്‍റെ പൂര്‍ണതയില്‍, കൂടെ ഉള്ളവരെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കുന്നു. പ്രാര്‍ത്ഥനയുടെ ജീവിതം വഴി യേശു 'പ്രാര്‍ത്ഥനയായി' മാറുന്നു. യഹൂദനായി ജനിച്ച യേശു, മാതാപിതാക്കളില്‍നിന്നുതന്നെ ആവണം പ്രാര്‍ത്ഥിക്കാന്‍ പഠിക്കുന്നത്. നസ്രത്തിലെയും ജറൂസലേമിലെയും സിനഗോഗുകളില്‍ തന്‍റെ ജനം ചൊല്ലിവന്ന പ്രാര്‍ത്ഥനയുടെ വാക്കുകളും താളങ്ങളും ഉപയോഗിച്ച് യേശു പ്രാര്‍ത്ഥിക്കാന്‍ അഭ്യസിച്ചു എന്ന് തീര്‍ച്ചയായും നമുക്ക് അനുമാനിക്കാം.
തന്‍റെ ദൗത്യനിര്‍വ്വഹണത്തിലെ നിര്‍ണായക നിമിഷങ്ങള്‍ക്കു മുന്‍പ് യേശു പ്രാര്‍ത്ഥിക്കുന്നുണ്ട്. ജ്ഞാനസ്നാനത്തിന്‍റെയും രൂപാന്തരീകരണത്തിന്‍റെയും അവസരങ്ങളില്‍, സ്വപിതാവ് അവിടുത്തേക്ക് നല്‍കിയ സാക്ഷ്യത്തിനു മുന്‍പും തന്‍റെ പീഡാനുഭവം വഴി പിതാവിന്‍റെ സ്നേഹപദ്ധതി, പൂര്‍ത്തിയാക്കുന്നതിനു മുന്‍പും അപ്പസ്തോലന്മാരുടെ ദൗത്യവുമായി ബന്ധപ്പെട്ട നിര്‍ണായക നിമിഷങ്ങളിലും അവയ്ക്കു മുന്‍പും അവിടുന്നു പ്രാര്‍ത്ഥിക്കുന്നു. പന്ത്രണ്ടുപേരെ തിരഞ്ഞെടുക്കുകയും വിളിക്കുകയും ചെയ്തപ്പോഴും, അവിടുന്ന് 'ദൈവത്തിന്‍റെ ക്രിസ്തു' ആണെന്ന് പത്രോസ് ഏറ്റുപറയുന്നതിനു മുന്‍പും, പത്രോസിന്‍റെ വിശ്വാസം പ്രലോഭനത്തില്‍പ്പെട്ടു പരാജയപ്പെടാതിരിക്കാന്‍ വേണ്ടിയും യേശു പ്രാര്‍ത്ഥിക്കുന്നു.
യേശു പ്രാര്‍ത്ഥനയില്‍ ആയിരിക്കുന്ന സമയം എല്ലാം ശ്രദ്ധിച്ച ശിഷ്യന്മാര്‍ അവനില്‍ നിന്നായിരിക്കുമല്ലോ പ്രാര്‍ത്ഥിക്കാന്‍ ആഗ്രഹിക്കുന്നതും പഠിക്കുന്നതും.
യേശുവിന്‍റെ പ്രാര്‍ത്ഥനകളില്‍ പല പ്രത്യേകതകളും നമുക്കു കാണുവാന്‍ സാധിക്കും:
ഏകാന്തതയില്‍ പ്രാര്‍ത്ഥിക്കുന്നു.
മറ്റ് എല്ലാറ്റില്‍ നിന്നും മാറിനിന്ന് ചെയ്യുന്ന പ്രവൃത്തിയില്‍ സൂക്ഷ്മ ശ്രദ്ധ പതിപ്പിക്കാന്‍ ഏകാന്തത ആവശ്യമാണ്. എന്നാല്‍ ഇത് എപ്പോഴും ആന്തരികമായ ഏകാന്തതയാണ്. "ആള്‍ക്കൂട്ടത്തില്‍ തനിയെ" ആകുന്ന ഏകാന്തതയാണ് അത്. അവിടെ ചുറ്റുപാടും നിശ്ശബ്ദതയില്‍ ആകുന്നില്ല. മറിച്ച് മനസ്സ് ഒന്നില്‍മാത്രം കേന്ദ്രീകരിക്കുന്നു. ചുറ്റുപാടും തനിയെ ശാന്തമായിക്കൊള്ളും.
അവിടുന്ന് രാത്രികാലങ്ങളില്‍ പ്രാര്‍ത്ഥിക്കുന്നു.
പ്രകൃതി ഏറെക്കുറെ ഉറങ്ങുന്ന കാലമാണ് രാത്രി. ഒരു നിശ്ചിത സമയത്തെ പ്രയത്നത്തിനും വ്യഗ്രതകള്‍ക്കും അര്‍ദ്ധവിരാമമാണ് രാത്രി. അവിടെ മനസ്സും ശരീരവും വിശ്രമിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ തന്‍റെ സൃഷ്ടികളെ സദാകാലം പരിപാലിക്കുന്ന സ്രഷ്ടാവ് എല്ലായ്പ്പോഴും ഉണര്‍ന്നിരിക്കുന്നു. ആ സ്രഷ്ടാവിനോട് തനിയെ സംസാരിക്കാന്‍ ലഭിക്കുന്ന ഏറ്റവും വലിയ അവസരമാണ് രാത്രി. മനസ്സും ശരീരവും വിശുദ്ധമായി സൂക്ഷിക്കാന്‍ പകലിനേക്കാള്‍ ഒരുപാട് ശ്രമകരമാണ് രാത്രിയില്‍.
മനുഷ്യാവതാരത്തില്‍ മാനവികതയെ സ്വാംശീകരിക്കുക വഴി അവിടുന്നു തന്‍റെ പ്രാര്‍ത്ഥനയില്‍ എല്ലാ മനുഷ്യരെയും ഉള്‍പ്പെടുത്തുകയും ചെയ്യുന്നു. തന്നെത്തന്നെ പിതാവിനു സമര്‍പ്പിക്കുമ്പോള്‍ അവരെയും പിതാവിനു സമര്‍പ്പിക്കുന്നു.
യേശു പിതാവിനോട് പ്രാര്‍ത്ഥിക്കുമ്പോള്‍ പ്രത്യേകമായ ഒരു സവിശേഷത കാണാം. അവ ആരംഭിക്കുന്നത് നന്ദിപ്രകടനത്തോടെയാണ്. വി. യോഹന്നാന്‍ രേഖപ്പെടുത്തിയിരിക്കുന്ന, ലാസറിനെ ഉയിര്‍പ്പിക്കുന്നതിന് മുന്‍പുള്ള പ്രാര്‍ത്ഥന എടുക്കാം. സംഭവം നടക്കുന്നതിന് മുന്‍പാണ് നന്ദിപ്രകടനം. "പിതാവേ, അങ്ങ് എന്നെ ശ്രവിച്ചതിന് അങ്ങേക്ക് ഞാന്‍ നന്ദി പറയുന്നു. അങ്ങ് എപ്പോഴും എന്നെ ശ്രവിക്കുന്നു എന്ന് എനിക്കറിയാം" (യോഹ. 11: 41-42).
ഇതില്‍നിന്ന് ചില കാര്യങ്ങള്‍ സ്പഷ്ടമാണ്. യേശു നിരന്തരം പ്രാര്‍ത്ഥിച്ചിരുന്നു. പിതാവ് എപ്പോഴും അവിടുത്തെ പ്രാര്‍ത്ഥന കേട്ടിരുന്നു. ദാനത്തോടൊപ്പം തന്നെത്തന്നെ നല്‍കുന്ന ദാതാവായ പിതാവിന് ദാനം ലഭിക്കുന്നതിനു മുന്‍പുതന്നെ യേശു തന്നെത്തന്നെ സമര്‍പ്പിക്കുന്നു. ദാതാവ് ദാനത്തെക്കാള്‍ വിലയേറിയവനാണ്. മാത്രമല്ല, "പിതാവേ, എന്‍റെ ഇഷ്ടമല്ല, അങ്ങയുടെ ഇഷ്ടം" (ലൂക്കാ 22:42).
നമ്മള്‍ പ്രാര്‍ത്ഥിക്കുന്നതെല്ലാം ദൈവം കേള്‍ക്കാറുണ്ടോ? ഈ ലേഖനം വായിക്കുന്ന എല്ലാവരും ഒരിക്കല്‍ ചോദിച്ചിട്ടുണ്ടാകും. വിശ്വാസത്തോടെ ഉള്ള എല്ലാ പ്രാര്‍ത്ഥനയും ദൈവം ശ്രവിക്കുന്നു... തീര്‍ച്ച. എന്നാല്‍ നമ്മള്‍ ചോദിക്കുന്നതെല്ലാം അപ്രകാരം തന്നെ ദൈവം നല്കും എന്ന് ശഠിക്കാന്‍ നമുക്ക് എന്തു യോഗ്യതയാണ് ഉള്ളത്. എല്ലാ അപേക്ഷകളും സ്വീകരിച്ച് അവയില്‍ പച്ചമഷികൊണ്ട് ഒപ്പിടുന്ന ഗസറ്റഡ് ആപ്പീസറല്ല ദൈവം. മറിച്ച് അപേക്ഷകന്‍റെ ആവശ്യം പരിഗണിച്ച് ഏറ്റവും ഉചിതമായ ഉത്തരം നല്കുന്ന പിതാവാണ് ദൈവം.
നമ്മുടെ പ്രാര്‍ത്ഥനയില്‍ നമുക്ക് നമ്മെത്തന്നെ സമര്‍പ്പിക്കാം. (തുടരും)