news-details
മറ്റുലേഖനങ്ങൾ

നമ്മുടെ അറിവും പ്രസാദാത്മക മനോനിലയും

വിഷാദരോഗ(depression)ത്തിനും അതിന്‍റെ അതിതീവ്രനിലയായ വിരുദ്ധധ്രുവ മാനസികവ്യതിയാന(bipolar disorder)-ത്തിനും മരുന്നില്ലാ ചികിത്സയായി ഡോ. ലിസ് മില്ലര്‍ സ്വാനുഭവത്തില്‍ നിന്ന് രൂപപ്പെടുത്തിയ പതിനാലുദിവസം കൊണ്ട് പൂര്‍ത്തിയാവുന്ന മനോനിലചിത്രണം (Mood Mapping) പതിനൊന്നാം ദിവസം പ്രസാദാത്മകതയിലേക്ക് നമ്മെ നയിക്കുന്ന അഞ്ച് താക്കോലുകളെക്കുറിച്ച് ചര്‍ച്ചചെയ്യുന്നു. ചുറ്റുപാടുകള്‍, ശാരീരികാരോഗ്യം, ബന്ധങ്ങള്‍ എന്നീ താക്കോലുകള്‍ക്കുശേഷം നാലാമതായി നമ്മുടെ അറിവ് ഉപയോഗിച്ച് നമ്മുടെ മനോനില (Mood) എപ്രകാരം പ്രസാദാത്മകമാക്കാം എന്ന് നാം വിചിന്തനം ചെയ്യുന്നു.



നമ്മുടെ 'അറിവ്' അഥവാ നമ്മുടെ 'ചിന്ത' നമ്മെ കൂടുതല്‍ ഉത്കണ്ഠാകുലരാക്കിയേക്കാം. അതുപോലെതന്നെ അതു പരിഹരിക്കുന്നതിനും ഉതകിയേക്കാം. ചെറിയ അളവില്‍ സമ്മര്‍ദ്ദം നമ്മുടെ പ്രവൃത്തികള്‍ക്ക് മാറ്റ് കൂട്ടിയേക്കാം. ചെറിയ തോതില്‍ സമ്മര്‍ദ്ദം നമ്മെ കൂടുതല്‍ ഊര്‍ജ്ജസ്വലരാക്കുകയും നമ്മുടെ സര്‍ഗ്ഗാത്മകതക്ക് ഉണര്‍വേകുകയും അസാധ്യമായത് സാധ്യമാക്കാന്‍ പുതിയ വഴികള്‍ കണ്ടെത്താന്‍ നമ്മെ സഹായിക്കുകയും ചെയ്തുവെന്ന് വരാം. പക്ഷേ തുടര്‍ച്ചയായ സമ്മര്‍ദ്ദം (stress) നിങ്ങളുടെ ഊര്‍ജ്ജം ചോര്‍ത്തിക്കളയും. നിങ്ങള്‍ ക്ഷീണിക്കും. പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാതെയാകും. അതോടെ ഉത്കണ്ഠയും സംഭ്രമവും തുടങ്ങുകയായി. ആ ഒരൊറ്റ ചിന്ത നിങ്ങളുടെ മനസ്സിനെ സ്ഥിരം വേട്ടയാടും. സംസാരമൊക്കെയും അതേക്കുറിച്ച് തന്നെയാകും. പക്ഷേ ഒന്നും ഒട്ടും മാറുകയില്ല. പ്രശ്നം പരിഹരിക്കപ്പെടണമെങ്കില്‍ നിങ്ങളുടെ തലച്ചോറിന് ഒരല്‍പ്പം സമാധാനം വേണ്ടിവരും. ഒരല്പം സ്വസ്ഥത വേണ്ടിവരും.

 

വ്യത്യസ്തമായ എന്തിലെങ്കിലും ശ്രദ്ധ ചെലുത്തുക വഴി നാം നമ്മുടെ തലച്ചോറിന് ഒന്നു വിശ്രമിക്കാനും ബോധമനസ്സിന്‍റെ നിരന്തരമായ ഇടപെടലില്‍ നിന്ന് വിട്ടുനിന്ന് പ്രശ്നത്തിന് സ്വന്തമായ നിലയില്‍ പരിഹാരം കാണാനും അവസരം നല്‍കുന്നു. ഉല്‍ക്കണ്ഠയെ വരുതിയിലാക്കുക വഴി നാം നമ്മുടെ മനോനിലയെ വരുതിയിലാക്കുന്നു. മനോനില മെച്ചപ്പെട്ടാല്‍ വ്യക്തമായി ചിന്തിക്കാന്‍ നമുക്കു കഴിയും. ചിന്തകളെ  കൈകാര്യം ചെയ്ത് ഉല്‍ക്കണ്ഠയില്‍ നിന്ന് രക്ഷപെടാന്‍ ഇനി പറയുന്ന മാര്‍ഗ്ഗങ്ങള്‍ നമുക്ക് ഉപകാരപ്പെടും.

1. കടിഞ്ഞാണിടുക

പരിഭ്രമത്തിന് ഒന്ന് കടിഞ്ഞാണിടുക. ഒരു തവണ സാധിച്ചാല്‍ പിന്നെ എളുപ്പമാണ്. സംഭ്രമം നമ്മെ ഒരിടത്തും എത്തിക്കുന്നില്ല. എല്ലാ ശീലങ്ങളുമെന്നപോലെ എത്രകാലം നിങ്ങള്‍ അതിനെ പോകാനനുവദിക്കാതെ കെട്ടിപ്പിടിച്ചുകൊണ്ട് ഇരിക്കുന്നുവോ അത് നിങ്ങളെ വിട്ടുപോകാന്‍ അത്രത്തോളം ബുദ്ധിമുട്ടാവും. 'മതി' എന്ന് നിങ്ങളോടുതന്നെ കഴിയുന്നത്ര ഉച്ചത്തില്‍ പറയുക. പരിഭ്രമം നിര്‍ത്താന്‍ ഏറ്റവും ലളിതമായ വഴി അതാണ്. (ആളുകള്‍ ചുറ്റുമുണ്ടെങ്കില്‍ പരിഭ്രമത്തോട് 'നില്‍ക്കാന്‍' പറയാന്‍ ശക്തമായി ആഗ്രഹിക്കുകയെങ്കിലും ചെയ്യുക.) 'മതി' എന്ന ഉറച്ച ശബ്ദം നിങ്ങളുടെ അകത്തെ ശബ്ദകോലാഹലത്തെ നിശ്ശബ്ദമാക്കും. നിശ്ശബ്ദതയുടെ ആ നിമിഷം മറ്റെന്തിലെങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിങ്ങള്‍ക്ക് അവസരം നല്‍കും.

2. ചിന്തയെ പിടിച്ചുകെട്ടുക

പരിഭ്രമം അസുഖകരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. അത്തരം ചോദ്യങ്ങള്‍ക്ക് നമ്മുടെ തലച്ചോറ് അസുഖകരങ്ങളായ മറുപടിയും നല്‍കും. ഒരു പ്രതിസന്ധിയുണ്ടാവുമ്പോള്‍ നമ്മുടെ തലച്ചോറ് നമ്മുടെ സന്ദിഗ്ദ്ധാവസ്ഥയെ വച്ചു കളിക്കും. ഉത്തരം പറയാനാവാത്ത ചോദ്യങ്ങള്‍ ചോദിക്കും. ഉദാഹരണത്തിന് ഒരു കൂട്ടുകാരന് അസുഖമാണെന്നിരിക്കട്ടെ, നമ്മുടെ തലച്ചോറിലെ 'ശബ്ദം' അവനെന്തു പറ്റും? എന്ന് ആവര്‍ത്തിച്ചു ചോദിച്ചുകൊണ്ടേയിരിക്കും. അഥവാ പങ്കാളി അവിശ്വസ്തത കാണിക്കുന്നുവെന്ന് സംശയം ഉണ്ടായെന്നിരിക്കട്ടെ. അയാള്‍ (അവള്‍) ഈ രാത്രി എന്തുചെയ്യുകയാവും? എന്നാവും ചോദ്യം. ആര്‍ക്കും ഉത്തരം അറിയാത്ത ചോദ്യങ്ങള്‍. അതു നമ്മുടെ ഭാവനയ്ക്ക് കാടുകയറാന്‍ അവസരം ഒരുക്കുന്നു. അത് സാധ്യമാവുന്ന എല്ലാ നിഗമനങ്ങളിലേക്കും നമ്മെ കൊണ്ടെത്തിക്കുന്നു. നമ്മുടെ നിയന്ത്രണം നഷ്ടപ്പെടുക മാത്രമാവും ഫലം. ചിന്തയെ പിടിച്ചുകെട്ടുകയാണ് ഈ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്കുള്ള മറുപടി. ചോദ്യത്തിന് നേരെചൊവ്വെ ലളിതമായി ഒരു ഉത്തരം കണ്ടെത്തുക. ആദ്യത്തെ ഉദാഹരണത്തിന്, കൂട്ടുകാരനെ ഡോക്ടര്‍മാര്‍ രക്ഷപ്പെടുത്തും എന്ന ഉത്തരം. അല്ലെങ്കില്‍ പങ്കാളി വൈകാന്‍ അതിന്‍റേതായ കാരണം ഉണ്ടാകും എന്ന ഉത്തരം. തലയ്ക്കകത്തെ 'ശബ്ദം' ഓരോ തവണ  ചോദ്യം ചോദിക്കുമ്പോഴും ഉടനടി ഈ ഉത്തരം നല്‍കുക. അങ്ങനെ നിങ്ങള്‍ ആ ചിന്തയെ പിടിച്ചുകെട്ടുന്നു. തുടര്‍ച്ചയായി പിടിച്ചുകെട്ടല്‍ തുടര്‍ന്നാല്‍ തലയ്ക്കകത്തെ 'ശബ്ദം' മടുത്ത് പണി അവസാനിപ്പിക്കും. നമ്മുടെ തലയ്ക്കകത്തെ 'ശബ്ദ'ത്തിന് ഉടനടി മറുപടി ഉണ്ടെന്നതാണ് 'ചിന്തകളെ പിടിച്ചുകെട്ടല്‍' എന്നതിന് അര്‍ത്ഥം. ആ മറുപടിയില്‍ നാം എല്ലാം അവസാനിപ്പിക്കുന്നു. അവിടെ ഒരു ചര്‍ച്ചയ്ക്ക് നാം മുതിരുന്നില്ല.

3. പരിഭ്രമ മണിക്കൂര്‍

ചിലപ്പോള്‍ സംഭ്രമം ഒരു തരത്തിലും പ്രതിരോധിക്കാനാവാത്തവിധം ശക്തമായിരിക്കും. ചിന്തയെ പിടിച്ചുകെട്ടാനുള്ള ശ്രമങ്ങളൊക്കെ വിഫലമായെന്നു വരാം. തലയ്ക്കകത്തെ ശബ്ദം പുതിയ പുതിയ 'പരിഭ്രാന്തികള്‍' ഇട്ടുതന്നുകൊണ്ടേയിരിക്കുകയും ചെയ്യും. ഇതാണവസ്ഥയെങ്കില്‍ എല്ലാ ദിവസവും 'പരിഭ്രമിക്കാന്‍ കുറച്ചുസമയം' നീക്കിവയ്ക്കുക. എല്ലാ ദിവസവും പറ്റിയില്ലെങ്കില്‍ ഒന്നിരാടാന്‍ ദിവസമെങ്കിലും. കുറച്ച് കടുത്ത സംഭ്രമങ്ങളുണ്ടെങ്കില്‍ ഒരു മണിക്കൂര്‍ തന്നെ അതിന് മാറ്റിവയ്ക്കുക. ആ മണിക്കൂറില്‍ 'പരിഭ്രമിച്ച്' തീര്‍ക്കുമെന്നും ഉറപ്പാക്കുക. ആ സമയത്തല്ല പരിഭ്രമം ഉണ്ടാകുന്നതെങ്കില്‍ അത് സൂക്ഷിച്ച് 'പരിഭ്രമമണിക്കൂറിലേക്ക്' മാറ്റിവയ്ക്കുക. നിങ്ങളുടെ പ്രതിലോമചിന്തകള്‍ കൈവിട്ടുപോകാതെ കാക്കാന്‍ ഈ പരിഭ്രമമണിക്കൂറിന് കഴിയും.

4. സമയത്തെ പിന്‍തുടരുക

നിങ്ങള്‍ പരിഭ്രാന്തിയിലാണെങ്കില്‍, ഉത്കണ്ഠ കൈവിട്ടുപോകുന്നെങ്കില്‍, ഓരോ അരമണിക്കൂറിലും നിങ്ങളുടെ അവസ്ഥയെക്കുറിച്ച് നിങ്ങളെ ഓര്‍മ്മിപ്പിക്കാന്‍ ഒരു 'അലാറം' തയ്യാറാക്കുക. അലാറം നമ്മെ ഉണര്‍ത്തും. നമ്മുടെ പരിഭ്രാന്തി, ഉല്‍ക്കണ്ഠ പരിഹരിക്കാന്‍ ഒരു മാര്‍ഗ്ഗം പറഞ്ഞുതരും. ഉദാഹരണത്തിന് ഇരുന്നിടത്ത് നിന്ന് ഒന്നെണീറ്റ് അല്‍പ്പം നടന്ന് ഒരു ഗ്ലാസ് വെള്ളം കുടിച്ച് അല്പം പാട്ടുകേട്ടാല്‍ നിങ്ങളുടെ മനോനില മാറും. സമയത്തിലേക്ക്, ബോധ്യത്തിലേക്ക് തിരിച്ചുവരാന്‍ കഴിയാതെ വന്നാല്‍ ഉല്‍ക്കണ്ഠയില്‍ നാം ദിവസംതന്നെ നഷ്ടപ്പെടുത്തിയെന്നു വരാം.

5. അകത്തെ വിമര്‍ശകനെ അകത്തെ പരിശീലകനാക്കുക

നിങ്ങളുടെ ഉള്ളിലെ 'ശബ്ദ'ത്തെ വേണ്ടവിധം പരിശീലിപ്പിച്ചില്ലെങ്കില്‍, നിരന്തരം വ്യാഖ്യാനങ്ങള്‍ നടത്തുന്ന നിങ്ങളുടെ ഏറ്റവും മോശം 'വിമര്‍ശകന്‍' ആയി അതു മാറും. നിങ്ങളുടെ ഉള്ളിലെ 'ശബ്ദം' ദുരനുഭവങ്ങളുടെ പഴയകാലത്തില്‍ നിന്ന് രൂപം കൊണ്ടതാവണം. നിങ്ങളുടെ മാതാപിതാക്കളില്‍നിന്ന്, സമൂഹത്തില്‍നിന്ന് ഒക്കെയാവാം അത് 'വിമര്‍ശനം'  സ്വീകരിച്ചിട്ടുണ്ടാവുക. അത് എപ്പോഴും നിങ്ങളെ, നിങ്ങളുടെ 'കുറവുകള്‍' ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കും. പക്ഷേ സ്വയം എന്തു സംസാരിക്കണമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം. ശരിയായ ഉത്തരം കിട്ടുന്ന ശരിയായ ചോദ്യങ്ങള്‍ ചോദിക്കാം. ഉദാഹരണത്തിന് 'ഞാനെത്ര മണ്ടന്‍?' എന്ന ചോദ്യത്തിന് 'എപ്പോഴത്തെയും പോലെ ഇപ്പോഴും മണ്ടന്‍. ഇനി എന്തു മണ്ടത്തരമാണോ ഒപ്പിക്കാന്‍ പോകുന്നത്'എന്നായിരിക്കും ഉത്തരം. പകരം 'ഞാന്‍ എന്തു പഠിച്ചു?' എന്നു ചോദിച്ചാല്‍, 'ഇത് എങ്ങനെ ഭാവിയില്‍ വേറൊരു രീതിയില്‍ ചെയ്യാന്‍ കഴിയും?' എന്നു ചോദിച്ചാല്‍ കാര്യങ്ങളെ ഒന്ന് ഉടച്ചുവാര്‍ക്കാന്‍ പാകത്തില്‍ ഒരു ആത്മപരിശോധനയ്ക്ക് അവസരം ഒരുങ്ങും. നിങ്ങളുടെ തലച്ചോറിന് നിങ്ങളുമായി സംവദിക്കാനുള്ള മാര്‍ഗ്ഗമാണ് ഈ 'ശബ്ദം'. നിങ്ങളുടെ അകത്തെ ഈ വിമര്‍ശകനെ, അകത്തെ പരിശീലകനാക്കി മാറ്റിയാല്‍, നിങ്ങളെ പിന്തുണയ്ക്കുന്നതാക്കി മാറ്റിയാല്‍ അത് പുതിയ ആശയങ്ങള്‍ക്ക് വഴിവെക്കും. നിങ്ങളുടെ ചുറ്റുമുള്ള ആളുകളെ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് അതു പറഞ്ഞുതരും. ഒരു നല്ല പരിശീലകന്‍ നിങ്ങളുടെ കുറ്റം മാത്രം പറഞ്ഞുകൊണ്ടിരിക്കുകയില്ല. അവര്‍ നിങ്ങളുടെ നന്മയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. വളരാനുള്ള മാര്‍ഗ്ഗം പറഞ്ഞുതരും.


(തുടരും) 

You can share this post!

ജലശയ്യയില്‍

ഫാ. ഷാജി സി. എം. ഐ.
അടുത്ത രചന

മെഡിക്കല്‍ മിഷന്‍ സന്യാസസഭ ഒരു നൂറ്റാണ്ട് പിന്നിടുമ്പോള്‍

സി. മിനി ഒറ്റപ്ലാക്കല്‍ എം.എം.എസ്.
Related Posts