news-details
മറ്റുലേഖനങ്ങൾ

ഹൃദയത്തിന്‍റെ വഴി

എല്ലാവരും പറയാറുള്ള കാര്യമാണ് തല കൊണ്ട് ജീവിക്കരുത്. ഹൃദയംകൊണ്ട് ജീവിക്കണം എന്ന്. അതു പറയുമ്പോള്‍ നാം മനസ്സിലാക്കേണ്ട തായി തോന്നിയിട്ടുള്ളത് നമ്മുടെ താല്പര്യങ്ങളെ അങ്ങനെത്തന്നെ ജീവിക്കുകയല്ല വേണ്ടത്, മറിച്ച്, നമുക്കു ചുറ്റുമുള്ളവരെയും പരിഗണിച്ച് ഏവര്‍ക്കും സമാധാനം നല്കുന്ന രീതിയില്‍ നമ്മുടെ താല്പര്യ ങ്ങളെ ജീവിക്കാന്‍ സാഹചര്യമൊരുക്കുകയാണ് വേണ്ടത് എന്നാണ്. അത് പറയാന്‍ എളുപ്പമാണെ ങ്കിലും ജീവിക്കാന്‍ അത്ര എളുപ്പമല്ല.

അഖിലരുമാത്മസുഖത്തിനായ് പ്രയത്നം
സകലവുമിങ്ങു സദാപി ചെയ്തിട്ടുന്നു;
ജഗതിയിലിമ്മത മേകമെന്നു ചിന്തിബ
ച്ചഘമണയാതകതാര മര്‍ത്തിടേണം

നാരായണഗുരുവിന്‍റെ ഹൃദ്യമായ, മനോഹരമായ നാലുവരികളാണിത്. ഹൃദയപൂര്‍വ്വം ജീവിക്കാന്‍ കൊതിക്കുന്നവരോട് ഗുരു പറയുന്ന വാക്കുകള്‍.

 

മതത്തെകുറിച്ച് ഗുരു പറയാന്‍ ശ്രമിക്കുന്നത് ഒരേ ഒരു കാര്യം മാത്രമാണ്. മനുഷ്യന്‍ ഉള്‍പ്പെടെയുള്ള സകല ജീവജാലങ്ങളും ഇഹത്തിലാകട്ടെ, പരത്തിലാകട്ടെ, ആഗ്രഹിക്കുന്നത് സുഖമായിരിക്കണം, സമാധാനത്തോടെ ഇരിക്കണം എന്നാണ്. ആ അര്‍ത്ഥത്തില്‍ ലോകത്തിലുള്ള എല്ലാവര്‍ക്കും ഒരു മതമേ ഉള്ളൂ. അത് ഏത് ദേശത്തുള്ളവരായാലും ശരി, ഏത് മതവിശ്വാസിയായാലും ശരി, മതവിശ്വാസമില്ലാത്തവരായാലും ശരി. ഏത് രാഷ്ട്രീയക്കാരായാലും ശരി.എല്ലാവരും ആഗ്രഹിക്കുന്നത്, അവരുടെ വിശ്വാസം കൊണ്ടാഗ്രഹിക്കുന്നത്, അവരുടെ അവിശ്വാസം കൊണ്ടാഗ്രഹിക്കുന്നത് സമാധാനം ഉണ്ടാവണം എന്നാണ്. വ്യക്തിജീവിതത്തിലായാലും കുടുംബജീവിതത്തിലായാലും സാമൂഹിക ജീവിതത്തിലായാലും സ്വസ്ഥമായിരിക്കണം, ആത്മസുഖമുള്ളവരായിരിക്കണം, സ്വാസ്ഥ്യമുള്ളവരായിട്ടിരിക്കണം എന്നു മാത്രമാണ് എല്ലാവരും കരുതുന്നത്.

 

നമ്മള്‍ അറിവ് നേടുന്നത്, പണം നേടുന്നത്, പ്രശസ്തി ആഗ്രഹിക്കുന്നത്, വ്യത്യസ്തമായ അധികാര ലോകങ്ങളെ പ്രാപിക്കാന്‍ വേണ്ടി നിരന്തരം പ്രയത്നിക്കുന്നത്, പ്രാര്‍ത്ഥിക്കുന്നത്, ധ്യാനിക്കു ന്നത് എല്ലാം സുഖം തേടിയിട്ടുള്ള യാത്രകളാണ്.

അത് ഭൗതികമായ സുഖമാകാം, ആത്മീയമായ സുഖമാകാം, മാനസികമായ സുഖമാകാം, ഏതു തരത്തിലുള്ള സുഖമായാലും അകത്തും പുറത്തും സ്വസ്ഥമായി ഇരിക്കണം, ആത്മസുഖത്തോടു കൂടിയിരിക്കണം എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല എന്നതുകൊണ്ട് ലോകത്തില്‍ ഒരേ ഒരു മതമേ ഉള്ളൂ. അത് ആത്മസുഖം അനുഭവിക്കുക എന്ന മതമാണ് എന്നാണ് ഗുരു പറയാന്‍ ശ്രമിക്കുന്നത്.

ലോകത്തിലുണ്ടായിട്ടുള്ള വ്യത്യസ്തമായ ആശയങ്ങളിലൂടെ കടന്നുപോകുമ്പോള്‍ മനസ്സിലാ കുന്നത് അതിന്‍റെയെല്ലാം ലക്ഷ്യമായിരിക്കുന്ന സാരം ഒന്നുതന്നെയാണ് എന്നതാണ്. അങ്ങനെ ഒരു അറിവുണ്ടാകുമ്പോഴാണ് നമ്മള്‍ ശരി ബാക്കി യുള്ളവരൊക്കെ തെറ്റ് എന്നു പറയുന്ന പ്രവണത ഇല്ലാതെയാവുക.  

ഓരോ കാലത്ത് ഓരോ ദേശത്ത് വ്യത്യസ്തമായ രീതിയില്‍ സമാധാനത്തിലുള്ള വഴികള്‍ മനുഷ്യര്‍ തേടിയിട്ടുണ്ട്, കണ്ടെത്തിയിട്ടുണ്ട്, അതവര്‍ ജീവിച്ചിട്ടുണ്ട്. ഇന്ന് നമ്മള്‍ ആധുനിക ലോകത്ത് വന്നുനില്‍ക്കുമ്പോള്‍ ലക്ഷക്കണക്കിന് വഴികളിലൂടെ മനുഷ്യര്‍ സമാധാനം തേടി അലഞ്ഞത് അറിയാനാകുന്നുണ്ട്. ഇതില്‍ ഏതാണ് ശരിയെന്ന് അന്വേഷിക്കാതെ ഈ അന്വേഷണങ്ങളിലെല്ലാം സാരമായിരിക്കുന്ന ശരിയെ കണ്ടെത്തി അതിനെ അംഗീകരിക്കാനും അതില്‍നിന്ന് കൊള്ളാവുന്നതിനെയൊക്കെ ജീവിതത്തിലേക്ക് സ്വാംശീകരിക്കാനും ജീവിതത്തിന്‍റെ സ്വാസ്ഥ്യത്തിന് ചേരാത്തതെന്ന് തോന്നുന്നതിനെ മാറ്റി നിര്‍ത്താനുമുള്ള മനോഭാവം മാത്രമേ കാണിക്കേണ്ടതുള്ളൂ. അല്ലാതെ ശരിയായ ഒരു മതം, തെറ്റായ ഒരു മതം എന്നുപറഞ്ഞ് ഒന്നില്ല. എല്ലാവരും സമാധാന ത്തിനും സ്വസ്ഥതയ്ക്കും വേണ്ടി തന്നെയാണ് അവരുടെ എല്ലാ തരത്തിലുമുള്ള യാത്രകളും നടത്തുന്നതെന്ന് ചിന്തിച്ചു മനസ്സിലാക്കണമെന്നാണ് ഗുരു പറയുന്നത്.

എന്തുകൊണ്ടാണ് ചിന്തിച്ച് മനസ്സിലാക്കണം എന്ന് പറയേണ്ടിവരുന്നത്? നമ്മളൊന്നും ചിന്തിക്കുന്ന ജീവിയല്ല എന്നുള്ളതുകൊണ്ടാണ്. നമ്മളില്‍ ചിന്തിക്കുന്നവര്‍ ഉണ്ടെന്നേഉള്ളൂ. കാലങ്ങളായി ശരിയെന്ന് ധരിച്ച് പോരുന്നതിനെ പിന്‍തുടരുന്നവര്‍ മാത്രമാണ് നമ്മള്‍ എന്നതാണ് യാഥാര്‍ത്ഥ്യം.

ചിന്തിക്കുമ്പോള്‍ മാത്രമാണ് വ്യത്യസ്തമായിരിക്കുന്ന ആശയങ്ങളെല്ലാം സമാധാനത്തിലേക്ക് കൊണ്ടുപോകാനുള്ള വഴികളാണെന്ന് മനസ്സിലാവുക. ചിന്തിക്കാത്ത ആളെ സംബന്ധിച്ചിടത്തോളം അയാള്‍ ഏതൊരു പശ്ചാത്തലത്തിലാണോ ജനിച്ചത് ആ ശരിയില്‍ ഉറച്ച് നില്‍ക്കുന്ന വികാരത്തിന് അടിമപ്പെട്ട് അക്രമാസക്തിയുള്ള ആളായി മാറാന്‍ സാധ്യതയുണ്ട്.

ചിന്തിക്കാന്‍ തുടങ്ങുമ്പോള്‍ രണ്ടു തരത്തിലാണ് കാര്യങ്ങള്‍ ഉണ്ടാവുക. ഒന്ന് താന്‍ പറയുന്നത് മാത്രമല്ല ശരി, അപ്പുറത്തിരിക്കുന്ന ശരികളും ഉണ്ട് എന്ന ഒരറിവിലേക്ക് നമ്മള്‍ ഉണരും. അങ്ങനെ ഒരറിവിലേക്ക് ഉണര്‍ന്നാല്‍ പോലും നമ്മള്‍ ഏതൊരു വ്യവസ്ഥയിലാണോ ആയിരിക്കുന്നത്, നമ്മള്‍ ഏതൊരു ശരിയിലാണോ ആയിരിക്കുന്നത്, അതില്‍ ഉള്‍പ്പെടാത്തതെല്ലാം ശരിയെന്ന് സമ്മതിക്കാന്‍ മനസ്സു വഴങ്ങില്ല.

നമ്മുടെ മനസ്സെപ്പോഴും കാലങ്ങളായി നമ്മള്‍ വിശ്വസിച്ചു പോരുന്ന ശരി മാത്രമാണ് ശരി, ബാക്കിയൊന്നും ശരിയല്ല എന്ന് പറഞ്ഞുകൊണ്ടിരിക്കും. എത്ര അറിഞ്ഞാലും നമ്മള്‍ അങ്ങനെ പറഞ്ഞു കൊണ്ടിരിക്കും.

ഞാന്‍ മാത്രമാണ് ശരി, അപ്പുറത്തിരിക്കുന്നവരൊക്കെ തെറ്റാണെന്ന് പറഞ്ഞ് നമ്മുടെയുള്ളില്‍ ഉണര്‍ന്ന് വരുന്ന ബോധവൃത്തിയ്ക്ക് പറയുന്ന പേരാണ് അഘം എന്ന്. അതൊരു പാപമാണ്, അതൊരു തെറ്റാണ്. അത് നമ്മുടെ ഉള്ളില്‍ നിന്ന് ഉണര്‍ന്ന് വന്ന് നമ്മളെയും മറ്റുള്ളവരെയും കലുഷമാക്കാതിരിക്കാന്‍ വേണ്ടി നമ്മള്‍ നമ്മുടെ അകതാര് അമര്‍ത്തി ജീവിക്കണം. നമ്മള്‍ ക്ഷമയുള്ളവരായി, സംയമനംചെയ്യുന്നവരായിട്ട് ജീവിക്കണം എന്നാണ് ഗുരു പറയുന്നത്.

എങ്കിലേ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഹൃദയവിശാലതയിലേക്ക് നമുക്ക് ഉണര്‍ന്നു ചെല്ലാനും നല്ല മനുഷ്യരായി ജീവിക്കാനും കഴിയൂ എന്നാണ് ഗുരു പറയുന്നത്. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന് ഗുരു പറയുന്നത് അതുകൊണ്ടാണ്.

You can share this post!

ജലശയ്യയില്‍

ഫാ. ഷാജി സി. എം. ഐ.
അടുത്ത രചന

വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗം

ഡോ. അരുണ്‍ ഉമ്മന്‍
Related Posts