news-details
മറ്റുലേഖനങ്ങൾ

അര്‍ദ്ധരാത്രിയിലെ സ്വാതന്ത്ര്യവും സ്വാതന്ത്ര്യത്തിന്‍റെ അര്‍ത്ഥശാസ്ത്രവും

1947 ആഗസ്റ്റ് 15ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയെന്നാണല്ലോ നാം മനസ്സിലാക്കിയിട്ടുള്ളത്. സ്വാതന്ത്ര്യത്തോടെ മാത്രമാണ് ഇന്ത്യ എന്ന രാജ്യം രൂപം കൊണ്ടത്. യഥാര്‍ത്ഥത്തില്‍ അത് അന്നും ഇന്നും ഒരു നേഷന്‍ അല്ല എന്നതാണ് വസ്തുത. ഇന്ത്യ ഒരു ഉപഭൂഖണ്ഡമാണ്. യൂറോപ്പ് ഒരു ഭൂഖണ്ഡമായിരിക്കുന്നതുപോലെയാണത്. ഇംഗ്ലണ്ട്, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി തുടങ്ങിയ രാഷ്ട്രങ്ങള്‍ അവിടെ ഉള്ളതുപോലെ വ്യത്യസ്തഭാഷയും സംസ്കാരവുമുള്ള നേഷന്‍സ് തന്നെയാണ് പഞ്ചാബും ഗുജറാത്തും ബീഹാറും കര്‍ണ്ണാടകവും തമിഴ്നാടും കേരളവും. ഈ വ്യത്യസ്ത ദേശീയതയെ അതിലംഘിക്കുന്ന കൃത്രിമ ദേശീയതയാണ് ഇന്നുള്ളത്. നാനാത്വത്തില്‍ ഏകത്വം അഥവാ unity in diversity എന്ന തത്ത്വം ഏകത്വത്തെക്കാള്‍ ഊന്നല്‍ നല്കിയിരിക്കുന്നത് നാനാത്വത്തിനാണ്. ഈ നാനാത്വത്തെ ചുട്ടുകൊന്ന് ഹിന്ദുരാഷ്ട്രമെന്ന ഏകമത, ഏകരാഷ്ട്ര, ഏകസംസ്കാര വ്യവസ്ഥിതിക്കുവേണ്ടിയുള്ള കുഴലൂത്താണ് ഗോദ്രയിലും ഗുജറാത്തിലും കിളിമാനൂരും മാറാടും ഉയരുന്നത്. ചാതുര്‍വര്‍ണ്യ ഹിന്ദുരാഷ്ട്രത്തിലെ തടവറകളില്‍നിന്ന് മോചനത്തിന്‍റെ പാതയിലെത്തിയവരാണ് ക്രൈസ്തവരും മുസല്‍മാനും. അവരെ അഭയാര്‍ത്ഥി ക്യാമ്പുകളിലാക്കി ഹിന്ദുരാഷ്ട്രം യാഥാര്‍ത്ഥ്യമാക്കാമെന്നാണ് ഫാസിസ്റ്റ് കേന്ദ്രങ്ങള്‍ കണക്കുകൂട്ടന്നത്. സ്വതന്ത്രഭാരതം നേരിടുന്ന ഏറ്റവും ഗുരുതരമായ വെല്ലുവിളിയാണിത്.

അര്‍ദ്ധരാത്രിയിലെ ശുഭമുഹൂര്‍ത്തത്തില്‍ അധികാരകൈമാറ്റം നടത്തിയതിന്‍റെ ഗുണം തലമുറകളായിത്തന്നെ നെഹ്റു കുടുംബം ആസ്വദിച്ചിട്ടുണ്ട്. അതിരിക്കട്ടെ. ഈ അര്‍ദ്ധരാത്രിയില്‍ സ്വാതന്ത്ര്യം നേടിയതാരാണ്? സവര്‍ണ്ണ-ദല്ലാള്‍-ഭരണവര്‍ഗ്ഗമോ? അവര്‍ണ്ണ-കീഴാള്‍-അടിമവര്‍ഗ്ഗമോ? സ്വാതന്ത്ര്യം 'എന്‍റെ' ജന്മാവകാശമെന്നു പറഞ്ഞവരോ? മാറ്റുവിന്‍ ചട്ടങ്ങളേ എന്നു ഗര്‍ജ്ജിച്ചവരോ? ആരാണ് സ്വതന്ത്രരായത്. ഒരു സംശയവും വേണ്ട. സ്വാതന്ത്ര്യം സ്വന്തം ജന്മാകാശമായി കരുതിയവര്‍ തന്നെ. മാറ്റുവിന്‍ ചട്ടങ്ങളെ എന്ന് ഗര്‍ജ്ജിച്ചവരുടെ പിന്‍തലമുറ ഇന്നും ചട്ടങ്ങളെ മാറ്റുവാന്‍ മുറവിളി കൂട്ടുകയാണ്. ഭൂരിപക്ഷം വരുന്ന പിന്നോക്ക-ദലിത് വിഭാഗങ്ങള്‍ ഈ 'ഗര്‍ജ്ജനം' (ഇപ്പോള്‍ ഗര്‍ജ്ജനത്തിനു പകരം മോങ്ങലായിട്ടുണ്ട്) തുടരുകയാണ്. ശതാബ്ദിവര്‍ഷത്തില്‍ എസ്. എന്‍. ഡി. പി. യോഗം ഉയര്‍ത്തിയ മുദ്രാവാക്യം അധികാരം അധഃസ്ഥിതരിലേയ്ക്ക്, അതാണ് കാണിക്കുന്നത്. ആ 'മോങ്ങല്‍' ഇപ്പോള്‍ സംഘപരിവാറിന്‍റെ മുന്നിലെ 'തേങ്ങലായി' മാറിക്കഴിഞ്ഞു. 'അധഃസ്ഥിതര്‍ അന്ധകാരത്തിലേയ്ക്ക്' എന്നാണ് തൊഗാഡിയാമാര്‍ പഠിപ്പിക്കുന്ന പുതിയ സന്ദേശം.

ബ്രിട്ടീഷുകാര്‍ ഇന്ത്യയിലെത്തുമ്പോള്‍ വര്‍ണ്ണാശ്രമധര്‍മ്മപ്രകാരം ജാതിമേധാവികള്‍ക്കായിരുന്നു രാഷ്ട്രീയാധികാരം. ഭൂരിപക്ഷം വരുന്ന അടിസ്ഥാന ജനത ഇവരുടെ ഭ്രാന്തമായ അടിച്ചമര്‍ത്തലിലായിരുന്നു. 1930കള്‍ വരെയും ഇതായിരുന്നു സ്ഥിതി. സ്വാതന്ത്ര്യാനന്തരം രാഷ്ട്രീയാധികാരരംഗത്ത് ഇവരുടെ സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. ദലിത് രാഷ്ട്രീയ മുന്നേറ്റം വിസ്മരിക്കുന്നില്ല. വിദേശികളുടെ വരവോടെ സ്വാതന്ത്ര്യം നഷ്ടപ്പെട്ടത് ഈ മേധാവിത്തശക്തികള്‍ക്കുതന്നെയായിരുന്നു. അവരുടെ അടിമകളായിരുന്ന ജനകോടികള്‍ക്ക് സ്വാതന്ത്ര്യം നേടേണ്ടിയിരുന്നത് വിദേശിയരില്‍ നിന്നല്ല മറിച്ച് 'സ്വന്തം' യജമാനന്മാരുടെ കൈയില്‍നിന്നായിരുന്നു. ദലിതന്‍റെ തോലുരിച്ച് രസിക്കുന്നതും സംവരണവ്യവസ്ഥക്കെതിരെ ആത്മാഹൂതി (തൊട്ടടുത്ത് നില്ക്കുന്നവന്‍റെ തലയില്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുന്ന ആത്മാവില്ലാത്തവരുടെ ആഹൂതിയാണിത്) നടത്തുന്നതും ദലിത് സ്ത്രീയെ നഗ്നയാക്കി നടത്തുന്നതും ഈ യജമാനവര്‍ഗ്ഗം തന്നെ. അതായത് സ്വാതന്ത്ര്യസമരത്തിന്‍റെ രാഷ്ട്രിയ തലത്തില്‍ ഉപരിവര്‍ഗ്ഗതാല്പര്യമാണുണ്ടായെതെന്നു സാരം. അതേസമയം സ്വാതന്ത്ര്യത്തിന്‍റെ സാമൂഹികതലങ്ങളില്‍ അവര്‍ണ്ണവര്‍ഗമോചനമായിരുന്നു പ്രസക്തമായ വസ്തുത. ഗാന്ധി അംബേദ്കര്‍ സംഘര്‍ഷത്തിന്‍റെ മൂലകാരണവും ഇതുതന്നെയാണ്. 1956ല്‍ ഡോ. അംബേദ്കറും അനേകായിരം ദലിതരും ചേര്‍ന്ന് ബുദ്ധമതത്തില്‍ ചേര്‍ന്നത് സ്വാതന്ത്ര്യത്തിന്‍റെ പാത തേടിയായിരുന്നു. ഇതില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ് അര്‍ദ്ധരാത്രിയില്‍ സ്വാതന്ത്ര്യം കിട്ടിയത് ഉപരിവര്‍ഗ്ഗങ്ങള്‍ക്കായിരുന്നു. ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാനവര്‍ഗ്ഗങ്ങളുടെ സ്വാതന്ത്ര്യം ഒരു പൊന്‍പുലരിയില്‍ വരാനിരിക്കുന്നതേയുള്ളു.  1947ല്‍ മൗണ്ട് ബാറ്റന്‍ പ്രഭുവിന്‍റെ കാര്‍മ്മികത്വത്തില്‍ നടന്നത് അധികാരം കൈമാറ്റമായിരുന്നല്ലോ. ഈ അധികാരം കൈമാറ്റം ചെയ്തത് സവര്‍ണ്ണവര്‍ഗ്ഗ ഭരണാധികാരികളിലേക്കായിരുന്നു. ഭരണഘടന അനുശാസിക്കുന്ന സംവരണസീറ്റുകള്‍ ഉള്ളതുകൊണ്ട് കുറച്ച് പുലയരും പറയരും പാര്‍ലമെന്‍റും അസംബ്ളിയും കണ്ടു. സിററിംഗ് ഫിയും ബാറ്റയും മറ്റും കൈപ്പറ്റുന്നുമുണ്ട്. എന്നാല്‍ പട്ടികജാതി-വര്‍ഗ്ഗസംവരണസീറ്റില്‍ നിന്നു പോകുന്ന ഏതെങ്കിലും ഒരു പുലയസമുദായക്കാരന്‍ അവന്‍റെ പ്രശ്നം പാര്‍ലമെന്‍റിലോ അസംബ്ളിയിലോ പറഞ്ഞുകേട്ടിട്ടില്ല. സവര്‍ണ്ണജാതിക്കാരോ പിന്നോക്കജാതിക്കാരോ ദലിതന്‍റെ കാര്യം പറയില്ലെന്ന ഉത്തമബോധ്യമുള്ളതുകൊണ്ടാണല്ലോ ദലിതന്‍തന്നെ അവന്‍റെ കാര്യം പറയട്ടെ എന്നു ഭരണഘടനാശില്പികള്‍ തീരുമാനിച്ചത്. പക്ഷേ പാര്‍ട്ടിയിലെ തമ്പുരാന്‍ കല്പിക്കുന്നതേ പാര്‍ട്ടിയിലെ പുലയനും പറയനും അനുസരിക്കാനാവൂ. ഇവിടെയാണ് സ്വാതന്ത്ര്യത്തിന്‍റെ അര്‍ത്ഥശാസ്ത്രത്തിന് പ്രസക്തിയേറുന്നത്. സവര്‍ണദല്ലാള്‍ ഭരണവര്‍ഗശക്തികള്‍ തന്നെ വഞ്ചിച്ചുവെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍സിംഗ് അടുത്തകാലത്ത് പത്രക്കാരെ വിളിച്ച് മോങ്ങിയത് നാം കേട്ടതാണല്ലോ. ഇതേപോലെ മോങ്ങാന്‍ കേരളത്തിലെ നരേന്ദ്രമോഡിയായിക്കൊണ്ടിരിക്കുന്ന വെള്ളാപ്പള്ളിക്ക് ഭാഗ്യമുണ്ടാകുകയാണ്? സ്വാതന്ത്ര്യത്തിന്‍റെ അര്‍ത്ഥശാസ്ത്രം പഠിക്കാത്തവന്‍ എന്നും സവര്‍ണ്ണവര്‍ഗ്ഗ-ഫാസിസ്റ്റ് ശക്തികളുടെ അടിമയാകുമെന്ന കാര്യത്തില്‍ സംശയമില്ല.

'സ്വാതന്ത്ര്യം എന്‍റെ ജന്മാവകാശ'മാണെന്ന് പ്രഖ്യാപിച്ച തിലകന്‍ യാഥാസ്ഥിതിക ജാതിചിന്തക്കാരനായിരുന്നു. പഴയ എ. ഐ. സി. സി. സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് രണ്ടുതരം ഊട്ടുപുരകളാണ് ഉണ്ടായിരുന്നത്. ഒന്ന് സവര്‍ണ്ണര്‍ക്കും മറ്റൊന്ന് അവര്‍ണ്ണര്‍ക്കും. അമ്പമ്പോ! എന്തു നല്ല സോഷ്യലിസ്റ്റ് ചിന്ത. വിപ്ലവകാരിയായ ഇ. വി. രാമസ്വാമി നായ്ക്കര്‍ ഇതിനെ ചോദ്യം ചെയ്തിരുന്നു. അപ്പോള്‍ തിലകന്‍ പറഞ്ഞത്, സവര്‍ണര്‍ക്കും അവര്‍ണര്‍ക്കും ഒരേ ഊട്ടുപുരയുണ്ടാക്കിയാല്‍ അതിനു തീവെയ്ക്കുമെന്നായിരുന്നു. ഈ തിലകന്‍റെ പിന്‍തലമുറയാണ് ഗോദ്രയിലും ഗുജറാത്തിലും യു. പി. യിലും ക്രൈസ്തവ-പിന്നോക്ക-ദലിത്ജനതയെ തീവച്ചുകൊണ്ടിരിക്കുന്നത്. അനേകം ബുദ്ധമതാനുയായികളെ തീവെച്ചുകൊന്നയാളാണ് ആദിശങ്കരന്‍. ഡോ. അംബേദ്കറുടെ പ്രതിമ നിയമസഭാമന്ദിരത്തിനു മുന്നില്‍ വയ്ക്കുകയില്ലെന്നും ആലുവായിലെ പട്ടികജാതി സ്കൂള്‍ മുറ്റത്തു വച്ചുതരാമെന്നും ആന്‍റണി സര്‍ക്കാര്‍ പറയുകയുണ്ടായല്ലോ. അതേസമയം ഇ. എം. എസിന്‍റെയും ചിത്തിരതിരുനാളിന്‍റെയും പ്രതിമകള്‍ സ്ഥാപിക്കുകയും ചെയ്തു. വിമര്‍ശനം ഉണ്ടായപ്പോള്‍ പ്രതിമവയ്ക്കാമെന്നും ഒപ്പം ഗാന്ധിജിയുടെയും നെഹ്റുവിന്‍റെയും പ്രതിമ വയ്ക്കാമെന്നും പറയുകയുണ്ടായി. തലസ്ഥാനത്തെ ക്രമസമാധാന നില മോശമായതുകൊണ്ട് അംബേദ്കര്‍ പ്രതിമയ്ക്ക് ഒറ്റയ്ക്കു നില്‍ക്കാനായില്ലെങ്കിലോ. അതുകൊണ്ട് രണ്ടു പാറാവുകാരെന്നു കരുതിയിട്ടുണ്ടാവും. ഇന്ത്യയിലെ അടിസ്ഥാനവര്‍ഗ്ഗവിപ്ളവത്തിന്‍റെ ഭഗവാനാണ് ഡോ. അംബേദ്ക്കര്‍. ആ ഭഗവാനെന്തിനാ പാറാവ് എന്ന് ദലിതര്‍ ചോദിക്കേണ്ട സമയം വൈകിയിരിക്കുന്നു. അര്‍ദ്ധരാത്രിയില്‍ വന്നുകിട്ടിയ സ്വാതന്ത്ര്യത്തിന്‍റെ ഇന്നത്തെ അവസ്ഥയെന്തെന്ന് ചൂണ്ടിക്കാണിക്കാനാണ് ഇത്രയും പറഞ്ഞത്.

 

ഇന്ത്യാ വിഭജനത്തോടെയാണല്ലോ നാം സ്വാതന്ത്ര്യം നേടിയത്. ഇന്ത്യ വിഭജിച്ചതാര്? മുഹമ്മദാലി ജിന്ന - നമ്മുടെ ഉത്തരം റെഡിമെയ്ഡാണ്. 1937 വരെ ജിന്ന വിഭജനകാര്യം പറയുന്നില്ല. അതിനുശേഷം എന്തുകൊണ്ട് വിഭജനകാര്യം പറയുന്നുവെന്നത് കാവിവത്കരിച്ച ചരിത്രപുസ്തകങ്ങള്‍ തമസ്കരിച്ചിരിക്കുകയാണ്. 1935ലെ ആക്ടുപ്രകാരം നടന്ന തിരഞ്ഞെടുപ്പില്‍ മുസ്ലീം പ്രതിനിധികള്‍ക്ക് വാഗ്ദാനം ചെയ്തിരുന്ന മന്ത്രിസ്ഥാനങ്ങളും പദവികളും നല്കാതെ അവരെ 'അഭയാര്‍ത്ഥിക്യാമ്പിലാക്കാന്‍' ദേശീയ നേതാക്കള്‍ നടത്തിയ കുത്സിതശ്രമമാണ് വിഭജനത്തെ മാടിവിളിച്ചത്. ബ്രിട്ടീഷുകാര്‍ കൈമാറ്റം ചെയ്ത അധികാരം അടിസ്ഥാനവര്‍ഗ്ഗങ്ങളുമായി പങ്കിടാന്‍ തയ്യാറല്ലെന്ന സവര്‍ണദല്ലാള്‍ ഭരണവര്‍ഗത്തിന്‍റെ സമീപനമാണ് വിഭജനത്തിന്‍റെ കാതല്‍. 'അധികാരം അധഃസ്ഥിതരിലേക്ക്' എന്ന എസ് എന്‍ ഡി പി യോഗത്തിന്‍റെ ഇന്നത്തെ മുദ്രാവാക്യം വളരെ മുമ്പേ ഉയര്‍ത്തിയവരാണ് മുസ്ലീംകള്‍. അന്ന് ജിന്ന ഉയര്‍ത്തിയെങ്കില്‍ ഇന്ന് വെള്ളാപ്പള്ളി നടേശന്‍ ഉയര്‍ത്തിയെന്നേയുള്ളൂ. ചാതുര്‍വര്‍ണ്യകോട്ടകളില്‍ നിന്ന് മോചനം നേടിയവരാണ് ഇസ്ലാം മതം സ്വീകരിച്ചിരിക്കുന്ന നമ്മുടെ സഹോദരങ്ങള്‍. ഇന്ത്യന്‍ സാഹചര്യത്തില്‍ ക്രിസ്തുമതവും ഇസ്ലാംമതവും കേവലം മതവിശ്വാസം മാത്രമല്ല വിമോചനപ്രസ്ഥാനങ്ങള്‍ കൂടിയാണ്. പള്ളികള്‍ ആരാധനാലായങ്ങള്‍ മാത്രമല്ല, മനുഷ്യമോചനത്തിന്‍റെ സ്മാരകങ്ങള്‍ കൂടിയാണ്. പള്ളി പൊളിക്കുന്ന യജമാനവര്‍ഗ്ഗം ആഗ്രഹിക്കുന്നത് മോചനത്തിനു വിരുദ്ധമായ പ്രതിപ്രവര്‍ത്തനമാണ്. ഇതിനു കരുവായിത്തീരുന്ന പിന്നോക്ക-ദലിത് സഹോദരങ്ങള്‍ അടിമത്തം ആസ്വദിക്കുന്ന അടിമകളാണ്.


ജിന്ന എക്കാലവും തികഞ്ഞ ദേശീയവാദിതന്നെയായിരുന്നു. അദ്ദേഹത്തിന്‍റെ സ്റ്റെനോഗ്രാഫര്‍ പാലക്കാട്ടെ ഒരു യാഥാസ്ഥിതിക ബ്രാഹ്മണകുടുംബത്തിലെ അയ്യരായിരുന്നു. വീട്ടുജോലിക്കാരന്‍ ഗോവക്കാരനായിരുന്നു. ഡ്രൈവര്‍ സിക്കുകാരനും കാവല്‍ക്കാരന്‍ ഗൂര്‍ഖയുമായിരുന്നു. അദ്ദേഹത്തിന്‍റെ ഡോക്ടര്‍ ഒരു പാഴ്സിയായിരുന്നു. മുസ്ലീംലീഗിന്‍റെ മുഖപത്രമായ 'ഡോണ്‍' ന്‍റെ എഡിറ്റര്‍ കേരളത്തിലെ സിറിയന്‍ ക്രിസ്ത്യാനിയായിരുന്ന പോത്തന്‍ ജോസഫായിരുന്നു. അശോക് സിംഗാളും തൊഗാഡിയയുമാണോ ദേശീയതയുടെ വക്താക്കള്‍. അതോ രാജ്യസ്നേഹികളായിരുന്ന ജിന്നമാരായിരുന്നോ ദേശീയതയുടെ വക്താക്കളെന്ന കാര്യം പുനഃപരിശോധിക്കേണ്ട ഘട്ടമാണിത്.

ഇന്ത്യയിലെ നാട്ടുരാജാക്കന്മാര്‍ പലരും വിദേശശക്തികള്‍ക്ക് ദല്ലാള്‍ പണി ചെയ്തപ്പോള്‍ യഥാര്‍ത്ഥ രാജ്യസ്നേഹിയായ നേതാവായിരുന്നു ടിപ്പുസുല്‍ത്താന്‍. അദ്ദേഹത്തിന്‍റെ സ്വാതന്ത്ര്യമോഹവും സമത്വഭാവനയും ഇന്ത്യയിലെ ഫാസിസ്റ്റ് കഴുകന്മാര്‍ക്കുണ്ടായിരുന്നില്ല. എന്നിട്ടും ടിപ്പു വര്‍ഗീയവാദിയും രാജ്യദ്രോഹിയുമാണെന്ന് സവര്‍ണ-ദല്ലാള്‍-ഭരണവര്‍ഗ്ഗചരിത്രകാരന്മാര്‍ മൊഴിഞ്ഞു. അവര്‍ അങ്ങനെ പറഞ്ഞില്ലെങ്കിലെ അതിശയിക്കാനുള്ളൂ. പുലയരെകണ്ടാല്‍ സവര്‍ണജാതിക്കാര്‍ നമസ്തെ പറയണമെന്ന് ഉത്തരവിറക്കിയ ആളാണ് ടിപ്പു. അവര്‍ണര്‍ വഴി നടക്കരുതെന്നും മാറുമറയ്ക്കരുതെന്നും ഉത്തരവിറക്കിയ തമ്പുരാക്കന്മാര്‍ക്ക് ഇത് രാജ്യദ്രോഹനടപടിയല്ലാതാകുമോ? മാത്രമല്ല നായര്‍-നമ്പൂതിരി 'സംബന്ധം' ടിപ്പു നിരോധിച്ചു. ഇതാണ് ടിപ്പു നടത്തിയ 'രാജ്യദ്രോഹം.' കുരുമുളകു വ്യാപാരത്തില്‍ ഇടനിലക്കാര്‍ വേണ്ടെന്ന് ഉത്തരവിട്ടതും മലബാറിലെ നായര്‍മാടമ്പിമാരെ പ്രതികൂലമായി ബാധിച്ചു. അവരുടെ പുത്തന്‍തലമുറയില്‍പ്പെട്ട കുറുപ്പും വാര്യരും  നമ്പ്യാരും തളിയില്‍ ബ്രാഹ്മണരും ചരിത്രമെഴുതിയപ്പോള്‍ ടിപ്പു മുസ്ലീം ഭീകരനല്ലാതാകുമോ? അര്‍ദ്ധരാത്രിയിലുണ്ടാകുന്ന ഇരുണ്ട ചരിത്രമാണിത്. അത് പൊളിച്ചെഴുതുന്ന പൊന്‍പുലരികള്‍ വന്നു ചേരട്ടെ!

സ്വതന്ത്രഭാരതത്തില്‍ ഇന്ന് ഏറെ ചര്‍ച്ചചെയ്യപ്പെടുന്നത് വര്‍ഗീയതയാണല്ലോ. ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷവര്‍ഗീയതയും അപകടമാണെന്ന് നമ്മുടെ രാഷ്ട്രീയ നേതാക്കളും സംസ്കാരം തീരെയില്ലാത്ത സാംസ്കാരിക നായകന്മാരും പറഞ്ഞുകൊണ്ടേയിരിക്കുന്നു. ഭൂരിപക്ഷക്കാരും ന്യൂനപക്ഷക്കാരും വര്‍ഗീയവാദികള്‍. അപ്പോള്‍ മതേതരവാദികള്‍ എവിടെ? ഭൂരിപക്ഷക്കാര്‍ ഹിന്ദുക്കളാണല്ലോ. അവരില്‍ ആരൊക്കെയാണ് വര്‍ഗീയവാദികള്‍? പത്തുശതമാനത്തിനു താഴെ വരുന്ന സവര്‍ണ്ണ ഹിന്ദു ഫാസിസ്റ്റുകളാണ് ഹിന്ദുവര്‍ഗീയതയുടെ പരമാത്മാവും ജീവാത്മാവും. അവരുടെ വര്‍ഗീയതയെ ഭൂരിപക്ഷവര്‍ഗീയതയെന്ന് പെരുമ്പറയടിക്കുക വഴി അവര്‍ക്കില്ലാത്ത 'മഹത്ത്വം' ഉണ്ടാക്കിക്കൊടുക്കുകയാണു ചെയ്യുന്നത്. ഇടതു-വലതു രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ ഭൂരിപക്ഷവും ഹിന്ദുക്കളാണല്ലോ. അവര്‍ വര്‍ഗീയവാദികളാണോ? ഭൂരിപക്ഷവര്‍ഗീയതയെന്ന പല്ലവി പാടുന്ന എ. കെ. ആന്‍റണിയും വി. എസ്. അച്യുതാനന്ദനും ഇക്കാര്യം വ്യക്തമാക്കണം. ഹിന്ദുക്കളിലെ ന്യൂനപക്ഷം കാട്ടുന്ന വര്‍ഗീയതയെ ചെറുത്തു നില്‍ക്കുന്നവരാണ് ഇവിടത്തെ മതന്യൂനപക്ഷങ്ങള്‍. ആ ചെറുത്തുനില്പിനെ ന്യൂനപക്ഷവര്‍ഗീയത എന്നു വിളിക്കുന്നത് അപരാധമാണ്. സവര്‍ണഹിന്ദുവര്‍ഗീയത പ്രത്യാക്രമണവും ന്യൂനപക്ഷങ്ങളുടേത് പ്രതിരോധവുമാണ്. കേരളത്തിലെ ഏറ്റവും വലിയ സമുദായം ഈഴവരാണ്. അവരെ നയിക്കുന്നത് ശ്രീനാരായണ ധര്‍മ്മമാണ്. (ചില അപവാദങ്ങള്‍ കണ്ടേക്കാം). അവര്‍ ഹിന്ദു വര്‍ഗീയതയുടെ ഭാഗമല്ല. അംബേദ്കറുടെയും അയ്യന്‍കാളിയുടെയും ഇ. വി. ആറിന്‍റെയും മഹാത്മാ ഫൂലേയുടെയും അനുയായികള്‍ ഹിന്ദുവര്‍ഗീയതയുടെ ഭാഗമാകില്ല. പിന്നെയാരാണ് ഈ ഭൂരിപക്ഷ വര്‍ഗീയതയുടെ വക്താക്കള്‍. അതു തുറന്നുപറയാന്‍ രാഷ്ട്രീയമല്ലന്മാര്‍ മടിക്കുന്നതാണ് ഏറ്റവും വലിയ വര്‍ഗീയത. മാറാട് പുനരധിവാസത്തെ എതിര്‍ക്കുന്നത് ഭൂരിപക്ഷക്കാരാണോ? അതിനു പിന്നിലെ സവര്‍ണ്ണ ഹിന്ദു ഭീകരര്‍ക്കു നേരെ വിരല്‍ ചൂണ്ടാന്‍ മടിക്കുന്നവരാണ് വര്‍ഗീയതയുടെ വക്താക്കള്‍. ശിവഗിരി ഹിന്ദുമഠമല്ലെന്നും ശ്രീനാരായണഗുരു ഹിന്ദുസന്ന്യാസി അല്ലെന്നും ശിവഗിരി കേസില്‍ ഹൈക്കോടതി വിധിച്ചിട്ട് ഒരു വര്‍ഷമാകുന്നതേയുള്ളൂ. ശ്രീനാരായണഗുരു ഹിന്ദുസന്ന്യാസി അല്ലെന്ന സത്യം തെളിയിക്കുന്നത് ഈഴവര്‍ ഹിന്ദുക്കളല്ല എന്നാണ്. ഇപ്പോള്‍ ഹിന്ദു പാളയത്തിലെത്തി ഗുരുധര്‍മ്മത്തെ അവഹേളിക്കുന്ന എസ്. എന്‍. ഡി. പി. യോഗനേതാക്കള്‍ക്ക് പ്രബുദ്ധ കേരളം മാപ്പുനല്കില്ല.

ന്യൂനപക്ഷസമുദായങ്ങള്‍ സമ്മര്‍ദ്ദത്തിലൂടെ പലതും നേടുന്നു എന്ന എ. കെ. ആന്‍റണിയുള്‍പ്പെടെയുള്ളവരുടെ പ്രസ്താവനകള്‍ സത്യവിരുദ്ധമാണ്. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള, അര്‍പ്പണബോധവും അദ്ധ്വാനശീലവുമുള്ള, കൂട്ടായ്മയുടെ ബലമുള്ള സമുദായങ്ങളാണ് ക്രൈസ്തവരും മുസ്ലിംകളും. ഭരണഘടന അനുവദിച്ചിരിക്കുന്ന ആനുകൂല്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി സമസ്തരംഗങ്ങളിലും അവര്‍ പടിപടിയായി ഉയര്‍ന്നു. സാമ്പത്തികമായും രാഷ്ട്രീയമായും അവര്‍ നിര്‍ണായക ശക്തികളായി. ന്യൂനപക്ഷങ്ങളുടെ ഈ വളര്‍ച്ച സവര്‍ണ്ണ-ദല്ലാള്‍-ഭരണവര്‍ഗങ്ങളെ അസൂയാലുക്കളാക്കിയിട്ടുണ്ട്. അവരുടെ മാനസിക വൈകൃതത്തിന്‍റെ പുളിച്ചുതികട്ടലാണ് ഇപ്പോള്‍ ന്യൂനപക്ഷത്തിന്‍റെ ഭൂരിപക്ഷപീഡനമെന്ന നിപുണമായ പച്ചപ്പൊളിയായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ക്രൈസ്തവ -മുസ്ലീം ജനങ്ങളെപ്പോലെ വളരുവാനും വികസിക്കുവാനുമുള്ള അവകാശവും അവസരവും ഈഴവരാദി പിന്നോക്ക-ദളിത് വിഭാഗങ്ങള്‍ക്ക് കിട്ടുന്നുമുണ്ട്. പക്ഷേ വേണ്ടവണ്ണം അവ ഉപയോഗപ്പെടുത്താനോ അതുവഴി പുരോഗതി നേടാനോ അവര്‍ പരിശ്രമിക്കാറില്ല. ഈ പരാജയത്തിന് ഉത്തരവാദികള്‍ ന്യൂനപക്ഷങ്ങളുടെ വളര്‍ച്ചയാണെന്ന പ്രചാരണം നടത്തുന്ന  വെള്ളാപ്പള്ളിയും മറ്റും മലര്‍ന്നു കിടന്നു തുപ്പുകയാണ്.

പിന്നോക്ക-ദലിത് ജനതയുടെ മുഖ്യശത്രു സവര്‍ണ്ണദല്ലാള്‍ ഭരണവര്‍ഗ്ഗമാണ്, മതന്യൂനപക്ഷങ്ങളല്ല. ഈ സത്യം മറച്ചുവച്ച് സവര്‍ണ്ണ-അവര്‍ണ്ണ വൈരുദ്ധ്യത്തിന് മറയിടാനാണ് ഹിന്ദുത്വശക്തികള്‍ ശ്രമിക്കുന്നത്. വെള്ളാപ്പള്ളിമാര്‍ ഈ സവര്‍ണ്ണതന്ത്രത്തിന്‍റെ ഇരകളായിത്തീര്‍ന്നിരിക്കുന്നു. ബ്രാഹ്മണരുടെയും നായന്മാരുടെയും ഈഴവരുടെയും ദലിതരുടെയും അസംതൃപ്തി ഒന്നാണത്രെ. അതാണത്രെ വിശാലഹിന്ദു ഐക്യത്തിന്‍റെ അടിത്തറ. ക്രൈസ്തവ-മുസ്ലിം വിരോധം പഴയ ചരിത്രത്തിന്‍റെ ആവര്‍ത്തനമാണ്. "ബുദ്ധമതം ഇന്ത്യയെയും ക്രിസ്തുമതം യൂറോപ്പിനെയും നശിപ്പിച്ചു" എന്നാണ് വിവേകാനന്ദന്‍ പറഞ്ഞിട്ടുള്ളത്. ഇന്നു കാണുന്ന ഹിന്ദു ഫാസിസ്റ്റുകളുടെ പൂര്‍വ്വികരാണ് ബുദ്ധമതത്തെ പൈശാചികമായി നശിപ്പിച്ചതെന്ന കാര്യം വിവേകാനന്ദന്‍ തന്നെ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. യേശുക്രിസ്തു പാപിയും ദുഷ്ടനുമാണെന്നും ക്രിസ്ത്യാനികളെ കേരളത്തില്‍ നിന്ന് ഓടിക്കണമെന്നും ചട്ടമ്പിസ്വാമികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. "ജാതിവ്യവസ്ഥയും മറ്റും മാറ്റേണ്ടതാണെന്ന് മുമ്പ് കരുതിയെങ്കിലും പ്രായം ചെല്ലുന്തോറും ആ പഴയ സ്ഥാപനങ്ങള്‍ നല്ലതാണെന്ന് ചിന്തിക്കുന്നു" എന്നും വിവേകാനന്ദന്‍ പറയുന്നുണ്ട്. സോഷ്യലിസ്റ്റ് മുഖംമൂടിയുള്ള ബ്രാഹ്മണര്‍ക്കും നമ്പൂതിരിക്കും ഇതു തന്നെയാണ് അഭിപ്രായം. ഇ. എം. എസ്. പറയുന്നതു നോക്കുക: "കേരളത്തിനു മാത്രമല്ല, ഇന്ത്യക്കാകെ തന്നെ ആര്യബ്രാഹ്മണരില്‍ നിന്നു  കിട്ടിയ വലിയ ഒരു സംഭാവനയാണ് ജാതി. കേരളത്തിലെ സമൂഹത്തെയും സംസ്കാരത്തെയും വളര്‍ത്താന്‍ അതു  സഹായിച്ചു. ജാതിസമ്പ്രദായം അന്ന് ഉളവായിരുന്നില്ലെങ്കില്‍ ഇന്നത്തെ മലയാളികളുടെ അഭിമാനപാത്രമായ കേരളസംസ്കാരം ഉണ്ടാകുമായിരുന്നില്ല. ജാതി സമ്പ്രദായത്തിലുണ്ടായ കേരളസംസ്കാരത്തില്‍ മലയാളി അഭിമാനിക്കുന്നുവെന്നാണ് ഇ എം എസ് പറയുന്നത്. നമ്പൂതിരിക്കും നായര്‍ക്കും അതില്‍ അഭിമാനിക്കാം. ഭൂരിപക്ഷം വരുന്ന പിന്നോക്ക ദലിത് ജനതയ്ക്ക് അത് അപമാനമാണ്. ജാതിസമ്പ്രദായത്തില്‍ നിന്ന് മോചനം നേടിയ ക്രൈസ്തവര്‍ക്കും മുസ്ലീംകള്‍ക്കും അത് അപമാനം തന്നെ. മലപ്പുറം പാക്കിസ്ഥാനാണെന്നും മുസ്ലീംലീഗ് വര്‍ഗീയ കക്ഷിയാണെന്നും പറയുന്ന നായനാരും കൂട്ടരും മതേരത്വം സംരക്ഷിക്കുന്നതെങ്ങനെ? നീതിക്കുവേണ്ടി ഈഴവര്‍ സംസാരിച്ചാലും സവര്‍ണ്ണവര്‍ഗ്ഗത്തിന് അത് ജാതി ചിന്തയാണല്ലോ. ജാതിചിന്ത കൊണ്ടുവന്നവര്‍ സവര്‍ണ്ണരാണ്. അവര്‍ണ ജനത എന്നും അതിനെ എതിര്‍ത്തിട്ടേയുള്ളൂ. ഇസ്ലാമും ക്രിസ്തുമതവും എതിര്‍പ്പിനുള്ള ആയുധവുമായിരുന്നു.

ഈഴവന്‍റെ നീതിബോധം ഉണര്‍ത്തിയ വെള്ളാപ്പള്ളി നടേശന്‍ ജാതി പറയുന്നെന്നും അബ്കാരി മുതലാളിയാണെന്നും ആക്ഷേപം ചൊരിഞ്ഞ നമ്പൂതിരിക്കും നായര്‍ക്കും ഇപ്പോള്‍ 'വിശാല ഹിന്ദുവായ' നടേശനെ വേണം. നായരീഴവ മഹാമേള ആരംഭിച്ചിരിക്കുന്ന  സ്ഥിതിക്ക് നായര്‍ കരയോഗങ്ങളില്‍ വെള്ളാപ്പള്ളി നടേശനും വിദ്യാസാഗറിനും വമ്പിച്ച സ്വീകരണമായിരിക്കും കിട്ടാന്‍ പോകുന്നത്. യോഗരാജന്‍റെ രാജയോഗം നോക്കണേ. കരയോഗങ്ങളില്‍ ഉയരുന്ന കമാനങ്ങളില്‍ ഇങ്ങനെ സ്വാഗതം ആശംസിക്കും: "നടേശപിള്ളയ്ക്കും വിദ്യാസാഗര്‍ മേനോനും സ്വാഗതം." നമ്പൂതിരി ബ്രഹ്മണസഭകള്‍ക്കും പ്രാര്‍ത്ഥനാഗാനത്തോടെ അവരെ സ്വീകരിക്കാം: "നടേശ ശരണം, ശരണം നടേശാ" എന്ന കീര്‍ത്തനം ആലപിക്കാം. നായര്‍-നമ്പൂതിരി ഭവനങ്ങളിലെ കദളിവാഴക്കൈയിലിരുന്ന് കാക്ക വിരുന്നു വിളിക്കും "ചെത്തുകാരാ... ചെത്തുകാരാ... ചെത്തുകാരാ വന്നാട്ടേ!!"  

You can share this post!

ജലശയ്യയില്‍

ഫാ. ഷാജി സി. എം. ഐ.
അടുത്ത രചന

മെഡിക്കല്‍ മിഷന്‍ സന്യാസസഭ ഒരു നൂറ്റാണ്ട് പിന്നിടുമ്പോള്‍

സി. മിനി ഒറ്റപ്ലാക്കല്‍ എം.എം.എസ്.
Related Posts