news-details
മറ്റുലേഖനങ്ങൾ

സീറോ മലബാര്‍ സഭയുടെ ശ്രേഷ്ഠ മെത്രാപ്പോലീത്താ കര്‍ദ്ദിനാള്‍ വര്‍ക്കി വിതയത്തില്‍ പിതാവ് തന്‍റെ അതിരൂപതാംഗങ്ങള്‍ക്കുവേണ്ടി പ്രസിദ്ധീകരിച്ച ഇടയലേഖനം കേരളത്തിലെ ക്രൈസ്തവ മാധ്യമങ്ങളുടെ മാത്രമല്ല, മാതൃഭൂമി, ഹിന്ദു തുടങ്ങിയ ക്രൈസ്തവേതര മാധ്യമങ്ങളുടെയും സവിശേഷമായ ശ്രദ്ധയാകര്‍ഷിച്ചതും മുക്തകണ്ഠനായ പ്രശംസയ്ക്കു പാത്രമായതും ഇടയലേഖനത്തിന്‍റെ ഉള്ളടക്കം എത്രമാത്രം കാലികപ്രസക്തിയുള്ളതാണെന്നാണല്ലോ കാണിക്കുന്നത്. മതഭക്തിയുടെയും ആധ്യാത്മികതയുടെയും പേരില്‍ അരങ്ങേറുന്ന ആര്‍ഭാടങ്ങളും ആദര്‍ശശുദ്ധിയില്ലാത്ത അനുഷ്ഠാനഭ്രമങ്ങളും ക്രമാതീതമായി പെരുകിവരുന്ന ഈ കാലഘട്ടത്തില്‍. എറണാകുളം അതിരൂപത മാത്രമല്ല, കേരളസഭയാകമാനം ഈ ഇടയലേഖനത്തിന്‍റെ ഉള്‍ക്കാഴ്ചകളും നിര്‍ദ്ദേശങ്ങളും ആഴത്തില്‍ പരിചിന്തനം ചെയ്യുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യേണ്ടിയിരിക്കുന്നുവെന്നതില്‍ പക്ഷാന്തരമുണ്ടെന്നു തോന്നുന്നില്ല.

ആധ്യാത്മികതയുടെ ബാഹ്യവത്കരണം

മതഭക്തിയും ആധ്യാത്മികതയും വളരെയധികം ബാഹ്യവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. ഈ ബാഹ്യവത്കരണത്തിന്‍റെ പ്രകടനങ്ങളും പ്രതീകങ്ങളുമാണ് ബഹുലക്ഷങ്ങള്‍ ചെലവു ചെയ്തു പണിതുയര്‍ത്തുന്ന ദേവാലയങ്ങളും വഴിയോരങ്ങളിലും പൊതുക്കവലകളിലും നിര്‍മ്മിക്കുന്ന കപ്പേളകളും അതുപോലെതന്നെ ആര്‍ഭാടപൂര്‍വ്വമായ പെരുന്നാളുകളും അവയോടനുബന്ധിച്ചു നടത്തുന്ന പ്രദക്ഷിണങ്ങളും കലാപരിപാടികളും കരിമരുന്നു പ്രയോഗങ്ങളും മറ്റും. ദൈവജനത്തിന് ഒന്നിച്ചുകൂടാനും  കൂട്ടായ്മയായി പ്രാര്‍ത്ഥിക്കാനും തീര്‍ച്ചയായും ആരാധനാലയങ്ങള്‍  ആവശ്യമാണ്. എന്നാല്‍ ബഹുലക്ഷങ്ങളല്ല, ചിലപ്പോള്‍ കോടികള്‍ തന്നെ ചെലവഴിച്ചു നിര്‍മ്മിക്കുന്ന കത്തീഡ്രലുകളും ദൈവാലയങ്ങളും ഉന്നംവയ്ക്കുന്നത് പലപ്പോഴും ദൈവമഹത്ത്വമോ ദൈവജനത്തിന്‍റെ പ്രയോജനമോ അല്ല. പ്രത്യുത പ്രൗഢിയുടെയും പ്രതാപത്തിന്‍റെയും പ്രദര്‍ശനമാണ്. അനേകായിരങ്ങള്‍ ചുറ്റിലും പട്ടിണിയും പരിവട്ടവുമായി കഴിയുമ്പോള്‍ ഇത്തരം ദൈവാലയങ്ങള്‍ നരബലിയുടെ പരിഷ്കരിച്ച വേദികളായിത്തീരുന്നില്ലേ എന്നു നാം ചിന്തിക്കേണ്ടിയിരിക്കുന്നു. പാതയോരങ്ങളിലും വഴിക്കവലകളിലും പണിയുന്ന കപ്പേളകളും അവയില്‍ നടത്തുന്ന ശുശ്രൂഷകളും ഭക്തി  സംവര്‍ദ്ധകമെന്നതിനേക്കാള്‍ പ്രദര്‍ശനാത്മകമാണെന്ന് നാം സമ്മതിച്ചേ തീരൂ. വഴിമുടക്കി പ്രദക്ഷിണങ്ങളെപ്പറ്റിയും ഇതുതന്നെ പറയാതെ തരമില്ല. ബാഹ്യമായ വെറും പ്രകടനങ്ങളിലൂടെയും അനുഷ്ഠാനങ്ങളിലൂടെയുമല്ല, യേശുനാഥന്‍റെ അരൂപിയിലുള്ള സ്നേഹത്തിന്‍റെയും സേവനത്തിന്‍റെയും ജീവിതസാക്ഷ്യത്തിലൂടെ വേണം നാം മറ്റുള്ളവര്‍ക്കു മാതൃകയും പ്രചോദനവുമാകുവാന്‍ എന്ന സത്യമാണ് ശ്രേഷ്ഠ മെത്രാപ്പോലീത്ത നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.

തീവ്രവാദങ്ങളും വിഗ്രഹാരാധനയും

യഥാര്‍ത്ഥമായ ദൈവോന്മുഖതയുടെയും ദൈവാരാധനയുടെയും അരൂപി ചോര്‍ന്നുപോകുന്നിടത്താണ് ആരാധനാലയങ്ങള്‍ക്കും ആരാധനക്രമങ്ങള്‍ക്കും അമിതപ്രാധാന്യം കൈവരുന്നതും അവയ്ക്കുവേണ്ടിയുള്ള തീവ്രവാദങ്ങള്‍ രൂപം കൊള്ളുന്നതും. ദൈവം വസിക്കുന്നത് ആരാധനാലയങ്ങളിലല്ല, പ്രത്യുത. ദൈവസ്നേഹവും പരസ്നേഹവും നിറഞ്ഞ മനുഷ്യഹൃദയങ്ങളിലാണെന്ന വസ്തുത ഓര്‍ത്തിരുന്നാല്‍, ദൈവാലയങ്ങളും ക്ഷേത്രങ്ങളും മോസ്ക്കുകളുമൊന്നും ഒരിക്കലും വിവാദവിഷയങ്ങളാകുകയില്ല. മനുഷ്യസ്നേഹത്തിലേക്ക് വളരുകയും വളര്‍ത്തുകയും ചെയ്യുന്നതാണ് യഥാര്‍ത്ഥമായ ദൈവാരാധന. അതിനാല്‍, ദൈവാരാധനയ്ക്കും ദൈവമഹത്ത്വത്തിനുമായി ആലയങ്ങള്‍ പണിയുന്നതും ആഘോഷങ്ങളും തിരുനാളുകളും സംഘടിപ്പിക്കുന്നതും ആരാധനക്രമങ്ങളും അനുഷ്ഠാനവിധികളും ആവിഷ്കരിക്കുന്നതും ഒരിക്കലും മനുഷ്യര്‍ക്ക്, വിശിഷ്യാ മറ്റു മതസ്ഥര്‍ക്ക്, പ്രയാസങ്ങളോ, പ്രതിബന്ധങ്ങളോ ഉണ്ടാക്കിക്കൊണ്ടായിരിക്കയില്ല. അതുകൊണ്ടാണ്, ഇക്കാര്യത്തില്‍ ആത്മശോധനയാവശ്യമാണെന്നും വിപരീതദിശയിലുള്ള പ്രവണതകളെയെല്ലാം നിരുത്സാഹപ്പെടുത്തണമെന്നും ശ്രേഷ്ഠ മെത്രാപ്പോലീത്ത നിര്‍ദ്ദേശിച്ചതിനെ പരാമര്‍ശിച്ച് മാതൃഭൂമി ദിനപത്രത്തിന്‍റെ എഡിറ്റോറിയല്‍ എഴുതിയത്: "വിവേകത്തിന്‍റെയും ഹൃദയവിശാലതയുടെയും വ്യക്തവും ശക്തവുമായ സ്വരം, ഒരു ആത്മീയ മേലധ്യക്ഷനില്‍നിന്ന് ഉണ്ടായി എന്നതില്‍ എല്ല മതസ്ഥര്‍ക്കും അഭിമാനിക്കാം" (2003 ആഗസ്റ്റ് 1). അതുപോലെതന്നെ ശ്രേഷ്ഠ മെത്രാപ്പോലീത്തായുടെ ഇടയലേഖനത്തെ പരാമര്‍ശിച്ചുകൊണ്ട് ശ്രീ പാലാ കെ. എം. മാത്യു സത്യദീപത്തില്‍ എഴുതിയ വരികളും ഇവിടെ വളരെ പ്രസക്തമാണ്: "ആചാരങ്ങളെയും ആഘോഷങ്ങളെയുംകാള്‍ വലിയവനല്ലേ ക്രിസ്തു? ആചാരങ്ങളുടെ ആര്‍ഭാടങ്ങളില്‍ ക്രിസ്തു മറയ്ക്കപ്പെടുകയും മറക്കപ്പെടുകയും ചെയ്യരുതെന്നു പറയുമ്പോള്‍ അവയെ മുഴുവനായും വിലയിടിക്കുകയല്ല, ദൈവത്തോടു സ്നേഹവും വിശ്വസ്തതയും പ്രകടിപ്പിക്കാന്‍ ഇതുവഴി നമുക്കു കഴിയണമെന്നേയുള്ളൂ. ആന്തരികതലത്തില്‍ നിറഞ്ഞുകവിയുന്ന സ്നേഹത്തിന്‍റെ ബാഹ്യപ്രകടനമേ ആകാവൂ അവ. എന്നാല്‍ ആരാധനക്രമമോ, ചടങ്ങോ, ആഘോഷമോ സ്വര്‍ഗ്ഗപ്രാപ്തിക്ക് ഒഴിച്ചുകൂടാന്‍ പാടില്ലാത്തതാണെന്നു വരുമ്പോള്‍, അത് ഒരു തരം വിഗ്രഹാരാധനപോലെയാകുന്നു. ഇവയല്ല നമുക്കു രക്ഷ നല്കുന്നത്; ദൈവമാണ്; ക്രിസ്തുവാണ്. ക്രിസ്തുവിനേക്കാള്‍ പ്രാധാന്യം നാം ഇവയ്ക്കു നല്കുമ്പോള്‍ അവയെ നാം വിഗ്രഹങ്ങളായി ആരാധിക്കുകയാണ്, ഇവ ക്രിസ്തുവിലെത്താന്‍ നമുക്കു മാര്‍ഗ്ഗതടസ്സമാകുന്നു. ഇവയെ ക്രിസ്തുവിന്‍റെ പിന്നില്‍ നിര്‍ത്തിയാല്‍ ഇവ നമ്മുടെ ഹൃദയം നിറഞ്ഞൊഴുകുന്ന സ്നേഹത്തിന്‍റെ പ്രകടനമാകും" (സത്യദീപം, ആഗസ്റ്റ് 13, പേജ് 9).

യേശുവിന്‍റെ ആധ്യാത്മികത

കേരളക്രൈസ്തവ സഭ അതിന്‍റെ യഥാര്‍ത്ഥമായ ക്രിസ്തീയ ദൗത്യത്തെപ്പറ്റി ഒരാത്മശോധന ചെയ്യാനുള്ള ആഹ്വാനവും ശ്രേഷ്ഠമെത്രാപ്പോലീത്തായുടെ ഇടയലേഖനത്തില്‍ അന്തര്‍ലീനമായിട്ടുണ്ട്. സുവിശേഷത്തിലൂടെ ക്രിസ്തുനാഥന്‍ വെളിപ്പെടുത്തിയിട്ടുള്ള ജീവിതദര്‍ശനത്തെ നാം ജീവിക്കുന്ന ചുറ്റുപാടുകളില്‍ ഏറ്റുവാങ്ങുകയും അതനുസരിച്ച് നമ്മുടെ ദൈവമനുഷ്യബന്ധങ്ങളെ പുനഃക്രമീകരിക്കുകയും ചെയ്യുകയെന്നതാണ് ക്രൈസ്തവാധ്യാത്മികതയുടെ അന്തസ്സത്തയെന്നു പറയാം. ഈ ആധ്യാത്മികതയുടെ മോഡലും വക്താവുമാകാനാണ് സഭ വിളിക്കപ്പെട്ടിരിക്കുന്നത്. കേരള ക്രൈസ്തവസഭയ്ക്കും ഇതല്ലാതെ മറ്റൊരു ദൗത്യമില്ല. യേശുവിന്‍റെ ജീവിതദര്‍ശനം ജാതിമതവര്‍ഗ്ഗവര്‍ണ്ണവ്യത്യാസമില്ലാതെ എല്ലാ മനുഷ്യരുടെയും ഉന്നമനവും സുസ്ഥിതിയുമായിരുന്നു. എല്ലാ മനുഷ്യരും സഹോദരങ്ങളാണ്, എല്ലാവരും ഒരു സ്വര്‍ഗീയ പിതാവിന്‍റെ മക്കളാണ് എന്ന് അവിടുന്നു പഠിപ്പിച്ചു. എല്ലാവരും ഈ പിതാവിന്‍റെ ഇഷ്ടത്തിനു വിധേയരായി, സ്വാതന്ത്ര്യത്തിലും സമത്വത്തിലും സ്നേഹത്തിലും സാഹോദര്യത്തിലും ജീവിക്കുന്ന ഒരു വ്യവസ്ഥിതി യേശുവിന്‍റെ സ്വപ്നമായിരുന്നു. 'ദൈവരാജ്യം' എന്നാണ് അവിടുന്ന് അതിനെ വിശേഷിപ്പിച്ചത്. പിതാവ് ആഗ്രഹിക്കുന്നത്, യാതൊരു വിവേചനവുമില്ലാതെ, എല്ലാ മനുഷ്യരുടെയും സമഗ്രമായ വിമോചനവും സര്‍വ്വതോന്മുഖമായ സുസ്ഥിതിയുമാണെന്ന് അവിടുന്ന് വെളിപ്പെടുത്തി. ഈ സമഗ്രവിമോചനത്തിനും സാകല്യരക്ഷയ്ക്കും എതിരായി നിന്നതിനെയെല്ലാം നഖശിഖാന്തം അവിടുന്ന് എതിര്‍ത്തു. അങ്ങനെയാണ് അവിടുന്ന് ദരിദ്രരുടെയും പീഡിതരുടെയും പ്രാന്തവത്കരിക്കപ്പെട്ടവരുടെയും പക്ഷം ചേര്‍ന്നതും എല്ലാത്തരത്തിലുമുള്ള ആധിപത്യസംവിധാനങ്ങള്‍ക്കും ചൂഷണസമ്പ്രദായങ്ങള്‍ക്കുമെതിരായി നിലകൊണ്ടതും. ഈ പക്ഷംചേരലിനും  എതിര്‍പ്പിനും കനത്ത വില നല്കേണ്ടി വന്നു യേശുവിന് - അവിടുത്തെ ജീവന്‍തന്നെ. അങ്ങനെ മറ്റുള്ളവരുടെ വിമോചനത്തിനും സുസ്ഥിതിക്കുംവേണ്ടി നിശ്ശേഷം വ്യയം ചെയ്തു സ്വയം ശൂന്യവത്കരിക്കപ്പെട്ട അവിടുത്തെ ജീവിതമാണ് മരണത്തെയും പരാജയപ്പെടുത്തി ഉയിര്‍പ്പിന്‍റെ പുത്തന്‍ പുലരിയിലേക്ക് പൊട്ടിവിടര്‍ന്നത്. യേശുവിന്‍റെ അനുയായികള്‍ക്കും സ്വസഹോദരങ്ങളുടെ മോചനത്തിനും സൗഭാഗ്യത്തിനും വേണ്ടിയുള്ള സ്വയം വ്യയം ചെയ്യലിന്‍റെ, സ്വയം ശൂന്യവത്കരണത്തിന്‍റെ, വഴിയല്ലാതെ മറ്റൊരു വഴിയില്ല,  ഉയിര്‍പ്പിന്‍റെ പുതുജീവനിലേക്ക്.  

ഉപഭോഗസംസ്കാരവും ഭയാനകഫലങ്ങളും

എന്നാല്‍ ക്രിസ്തുനാഥന്‍റെ ജീവിതദര്‍ശനം ഏറ്റുവാങ്ങാനും അവിടത്തെ ആധ്യാത്മികത ജീവിക്കാനും ഒട്ടും പര്യാപ്തമായ ഒരന്തരീക്ഷമല്ല നമ്മുടെ ചുറ്റിലുമുള്ളത്. ഭാരതത്തിലെ മറ്റേതൊരു സംസ്ഥാനത്തിനുമുപരി ഉപഭോഗസംസ്കാരത്തിന്‍റെ നീരാളിപ്പിടുത്തത്തിലമര്‍ന്നിരിക്കയാണ് കേരളമിന്ന്. ധനാസക്തി, അധികാരമോഹം, കിടമത്സരങ്ങള്‍, സുഖലോലുപത, മദ്യം, മദിരോത്സവം, ഇവയുടെയെല്ലാം പരിണതഫലങ്ങളായ ആത്മഹത്യ, വിവാഹമോചനം, ലൈംഗിക അരാജകത്വം തുടങ്ങിയവ കേരളത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന ഭയാനകമായ തിന്മകളാണ്. ഉപഭോഗസംസ്കാരത്തില്‍ അപരനുള്ളത് വെറും 'മാര്‍ക്കറ്റ് വാല്യൂ' ആണ്. എന്‍റെ ഉപഭോഗതൃഷ്ണയ്ക്ക് അപരന്‍ എത്രമാത്രം ഉപകരിക്കുമെന്നതാണ് അയാള്‍ക്കുള്ള മൂല്യം. "ഞാന്‍, എന്‍റെ, എനിക്ക്" എന്നതാണ് ഉപഭോഗസംസ്കാരത്തിന്‍റെ മുദ്രാവാക്യംതന്നെ. എല്ലാവരെയും സഹോദരങ്ങളായി കാണുക, എല്ലാവരുടെയും വിമോചനവും സ്വാതന്ത്ര്യവും സൗഭാഗ്യവും ആഗ്രഹിക്കുക, അതിനുവേണ്ടി ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക. വിശിഷ്യ ദരിദ്രരും പീഡിതരും ചൂഷിതരുമായവരുടെ മോചനത്തിനും സുസ്ഥിതിക്കുംവേണ്ടി നിലകൊള്ളുക ഇതൊക്കയാണ് യേശുവിന്‍റെ അരൂപിയെങ്കില്‍, ഇതെല്ലാം ഉപഭോഗസംസ്കാരത്തിന് തീര്‍ത്തും അന്യമാണ്, വിപരീതമാണ്.

സഭയുടെ സര്‍വ്വപ്രധാനമായ ദൗത്യം

ഈ ഉപഭോഗസംസ്കാരത്തിനെതിരെ യേശുവിന്‍റെ അനുയായികളായി ജീവിക്കാന്‍ സഭാതനയരെ ഒരുക്കുകയും പ്രാപ്തരാക്കുകയും ചെയ്യുക, അവരുടെ ജീവിതം മറ്റുള്ളവര്‍ക്കു മാതൃകയും പ്രചോദനമാകുവാന്‍ അവരെ സഹായിക്കുക - അതാണു കേരളക്രൈസ്തവസഭയുടെ ഇന്നത്തെ സര്‍വ്വപ്രധാനമായ ദൗത്യം. അതിനുവേണ്ടി വേണം സഭയുടെ ഊര്‍ജ്ജവും ശക്തിയും ആസ്തികളുമെല്ലാം വിനിയോഗിക്കുവാന്‍. അതിനുവേണ്ടി നിലകൊള്ളുന്നവയാകണം സഭയുടെ സംവിധാനങ്ങളും സ്ഥാപനങ്ങളും. ഈ ദൗത്യം നിറവേറ്റുവാനുള്ള സ്വാതന്ത്ര്യമാകണം സഭയ്ക്കുള്ള ന്യൂനപക്ഷാവകാശങ്ങളുടെ ലക്ഷ്യവും. സഭയും സഭയിലെ സന്ന്യാസസമൂഹങ്ങളും നടത്തുന്ന സ്കൂളുകള്‍, ആശുപത്രികള്‍, സാങ്കേതികപരിശീലനകേന്ദ്രങ്ങള്‍, തുടങ്ങിയവ ഈ ലക്ഷ്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നവയാകണം. അല്ലെങ്കില്‍ അവയ്ക്ക് എന്തൊക്കെയോ തകരാറുകളുണ്ട്. എവിടെയൊക്കെയോ ആത്മശോധനയും തിരുത്തലുകളും ആവശ്യമാണ്. കേരളക്രൈസ്തവസഭയുടെ അടിയന്തരവും ആഴവുമായ വിചിന്തനം ആവശ്യപ്പെടുന്ന ഒരു കാര്യമാണിത്. ഇക്കാര്യത്തില്‍ ഉപേക്ഷ വരുത്തിയാല്‍, പ്രസക്തി നഷ്ടപ്പെട്ട, മൃതപ്രായമായ ഒരു സ്ഥാപനമായി സഭ തുടരും - സംവിധാനങ്ങളും സ്ഥാപനങ്ങളും ശക്തിയുടെയും സ്വാധീനങ്ങളുടെയും നിദര്‍ശനങ്ങളായി നിലനിന്നേക്കാമെങ്കിലും ബാഹ്യവും പ്രദര്‍ശനപരവുമായ പ്രവര്‍ത്തനങ്ങളിലും സംരംഭങ്ങളിലും സ്ഥാപനങ്ങളിലും ഊര്‍ജ്ജമെല്ലാം ഊറ്റിക്കളയുന്നതിനു പകരം, ക്രിസ്തുനാഥന്‍റെ ജീവിതദര്‍ശനത്തിന് അനുസൃതമായുള്ള ആധ്യാത്മികതയുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുവാനുള്ള ഒരു വെല്ലുവിളിതന്നെയാണ് ശ്രേഷ്ഠമെത്രാപ്പോലീത്തായുടെ ഇടയലേഖനത്തില്‍ അന്തര്‍ലീനമായിട്ടുള്ളത്. ഈ വെല്ലുവിളിയെ കേരളക്രൈസ്തവസഭ ഏറ്റെടുക്കുമെന്നു പ്രത്യാശിക്കാം.  

You can share this post!

ജലശയ്യയില്‍

ഫാ. ഷാജി സി. എം. ഐ.
അടുത്ത രചന

മെഡിക്കല്‍ മിഷന്‍ സന്യാസസഭ ഒരു നൂറ്റാണ്ട് പിന്നിടുമ്പോള്‍

സി. മിനി ഒറ്റപ്ലാക്കല്‍ എം.എം.എസ്.
Related Posts