എല്ലാ മതങ്ങള്‍ക്കും മര്‍മ്മപ്രധാനമാണ് അതിന്‍റെ ദൈവസങ്കല്പം. ഒരു സമൂഹത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിയ ഒരു ദൈവസങ്കല്പത്തില്‍ മാറ്റം വരുത്താന്‍ ആരും ധൈര്യപ്പെടാറില്ല. എളുപ്പത്തില്‍ അനുവദിക്കപ്പെടാറുമില്ല. വിഗ്രഹങ്ങള്‍ തകര്‍ക്കുന്നതും ദൈവത്തെ ചെത്തിമിനുക്കുന്നതും ദൈവവിശ്വാസത്തിനു നിരക്കാത്തതാണ്, മതവിശ്വാസിക്കു ചെയ്യാനാവില്ല, എന്നൊക്കെയാണ് വളര്‍ത്തപ്പെട്ടിരിക്കുന്ന ധാരണകള്‍. അതുകൊണ്ട് ഒരു ദൈവസങ്കല്പത്തില്‍ പൊളിച്ചെഴുത്തു നടത്തുന്ന മനുഷ്യന്‍ ശരിക്കും പൊള്ളുകതന്നെ ചെയ്യും. ഇസ്രായേലിന്‍റെ ദൈവം അതിശക്തനായി അംഗീകരിക്കപ്പെടുകയും സ്ഥിരപ്രതിഷ്ഠ നേടുകയും ചെയ്തവനായിരുന്നു. ഭൂമുഖത്തുള്ള എല്ലാ ജനതകളെക്കാളും ശ്രേഷ്ഠന്മാരാണ് തങ്ങള്‍ എന്ന ധാരണയും ദാര്‍ഢ്യവും യഹൂദരില്‍ വളര്‍ത്താന്‍ അവരുടെ ദൈവസങ്കല്പം അവരെ സഹായിച്ചിരുന്നു. ആ ദൈവത്തിന്‍റെ അനന്യതയും പ്രൗഢിയും വിശുദ്ധിയും അവികലമായി സൂക്ഷിക്കാന്‍ അവര്‍ കാലാകാലങ്ങളിലൂടെ രൂപം കൊടുത്ത നിയമങ്ങളും ചട്ടക്കൂടുകളും സ്ഥാപനങ്ങളും സഹസ്രാബ്ദങ്ങളോളം അതിന്‍റെ കടമയും കാര്യക്ഷമതയും തെളിയിച്ചു. ജറൂസലേം ദൈവാലയം ഭൂമുഖത്തുള്ള ഓരോ യഹൂദന്‍റെയും അഭിമാനമായിരുന്നു, അവരുടെ ശക്തനായ ദൈവത്തിന് അനുയോജ്യമായ വാസസ്ഥലമായിരുന്നു. ദൈവാലയത്തിന്‍റെ അതിവിശുദ്ധ സ്ഥലത്തെ വേര്‍തിരിച്ചിരുന്ന തിരശ്ശീല ദൈവാലയത്തെ മാത്രമല്ല വിഭജിച്ചിരുന്നത്, സൃഷ്ടപ്രപഞ്ചത്തെ മുഴുവന്‍ രണ്ടായി വേര്‍തിരിച്ചിരുന്നു. വിശുദ്ധിയെയും അശുദ്ധിയെയും തമ്മില്‍ അതിസ്വാഭാവികതയെയും സ്വാഭാവികതയെയും തമ്മില്‍ അങ്ങനെ ദൈവാലയത്തിന്‍റെ അതിവിശുദ്ധ സ്ഥലത്തു പ്രതിഷ്ഠിക്കപ്പെട്ട ഇസ്രായേലിന്‍റെ ദൈവം - യാഹ്വേ- ഭൂമിയില്‍ അതിസ്വാഭാവികതയുടെയും ആത്മീയതയുടെയും വിശുദ്ധിയുടെയും ഒരു സ്വര്‍ഗ്ഗം സ്വന്തമാക്കി അതിന്‍റെ അവകാശിയും അനുഗ്രഹദാതാവുമായി കുടിയിരുത്തപ്പെട്ടു.
വ്യവസ്ഥിതികളുടെയും സ്ഥാപനങ്ങളുടെയും എല്ലാം സൂക്ഷിപ്പ് പൗരോഹിത്യം എന്ന സൂപ്പര്‍ സ്ഥാപനത്തില്‍ ഏറെ ഭദ്രമാക്കപ്പെട്ടിരുന്നു. അളന്നു തൂക്കപ്പെട്ട അനുഷ്ഠാനങ്ങളുടെ കൃത്യതയില്‍ യന്ത്രം പോലെ ചലിക്കുന്ന മതം, പ്രവര്‍ത്തിക്കുന്ന ദൈവം, (വിളിച്ചാല്‍ വിളി കേള്‍ക്കുന്ന, പ്രസാദിച്ചാല്‍ പ്രവര്‍ത്തിക്കുന്ന ദൈവം) മാന്ത്രികമായി, അനുഷ്ഠിക്കുന്ന ആരാധനകള്‍. പ്രേക്ഷകരും പ്രയോജകരുമായി ഒരു ജനവും.
യഹൂദമതത്തിന്‍റെ മുഖ്യധാരയില്‍ വെറുമൊരു സാധാരണ വ്യക്തിയായി മുപ്പതുവര്‍ഷം യേശു ജീവിച്ചു. സാമൂഹ്യഘടനകള്‍ക്കു വിധേയനായി ദൈവത്തിന്‍റെയും മനുഷ്യരുടെയും സംപ്രീതിയില്‍ അവന്‍ വളര്‍ന്നു എന്നാണ് പ്രതിപാദനം. അവന്‍റെ വളര്‍ച്ച ഒരു ഘട്ടമെത്തിയപ്പോള്‍ സാമൂഹ്യഘടനകള്‍ക്ക് അവനെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത അവസ്ഥയുണ്ടായി. ദൈവത്തിന്‍റെ സംപ്രീതികള്‍, മനുഷ്യന്‍റെ സംപ്രീതികളെ മറികടന്നു മുമ്പോട്ടു പോകാന്‍ അവനോടൊത്തുണ്ടായിരുന്നു. ജനക്കൂട്ടത്തെയും മുഖ്യധാരകളെയും മുറിച്ചുകടന്നവന്‍ സ്വന്തം വഴി തെളിച്ചു മുമ്പോട്ടുപോയപ്പോള്‍, സ്വര്‍ഗ്ഗത്തിന്‍റെ അംഗീകാരവും ദൈവത്തിന്‍റെ കൈ ഒപ്പും അവന്‍റെ വാക്കിലും പ്രവര്‍ത്തനത്തിലും പ്രകോപനങ്ങളിലും പതിയുന്നത് വിസ്മയത്തോടെ ജനം നോക്കിനിന്നു. അവന്‍ പറഞ്ഞതെല്ലാം ശരിയാണെന്ന് അവര്‍ തിരിച്ചറിഞ്ഞു. ദൈവാലയത്തിലെ അതിവിശുദ്ധസ്ഥലത്ത് കുടിയിരിക്കുന്നവന്‍ എന്നവര്‍ കരുതിയിരുന്ന അവരുടെ പിതാക്കന്മാരുടെ ദൈവം. അവനോടൊത്ത് അവന്‍റെ കൂടെ നടക്കുന്നു, പ്രവര്‍ത്തിക്കുന്നു എന്ന് അവന്‍റെ പ്രവര്‍ത്തനങ്ങള്‍ കണ്ടപ്പോള്‍ അവര്‍ക്കു ബോദ്ധ്യമായി. ദൈവം കൂടെയില്ലാത്തവന് ഇങ്ങനെ പ്രവര്‍ത്തിക്കാനാവില്ല. അവര്‍ പ്രഖ്യാപിച്ചു. മറ്റാരും പറഞ്ഞിട്ടില്ലാത്ത ആധികാരികതയില്‍ അവന്‍ പറഞ്ഞു, ഇവന്‍ തച്ചന്‍റെ മകന്‍, പക്ഷെ അവന്‍റെ ജ്ഞാനവും അവന്‍ പകര്‍ന്ന അറിവും ജനത്തെ വിസ്മയിപ്പിച്ചു. പുളകം കൊള്ളിച്ചു, ഭയപ്പെടുത്തി.
വിരല്‍ത്തുമ്പില്‍ പിടിച്ചു വലിച്ച് മുമ്പേ നടന്ന് അപ്പൂപ്പനെ തനിക്കിഷ്ടമുള്ളിടത്തേയ്ക്കെല്ലാം കൊണ്ടുപോകുന്ന കൊച്ചുമകന്‍റെ സ്വാതന്ത്ര്യത്തോടും ലാളിത്യത്തോടും കൂടിയാണ് യേശു, ദൈവാലയത്തിന്‍റെ അതിവിശുദ്ധ സ്ഥലത്ത് ഒളിപ്പിക്കപ്പെട്ടിരുന്ന ദൈവത്തെ പുറത്തേയ്ക്കു നയിച്ചത്. ഇവന്‍ എന്‍റെ പ്രിയപുത്രന്‍ എന്ന് ഇടവിടാതെ സാക്ഷ്യപ്പെടുത്തി അവന്‍റെ പാതയിലും പ്രവര്‍ത്തനത്തിലും പ്രാര്‍ത്ഥനയിലും അവനോടൊത്തു നില്‍ക്കാനല്ലാതെ വിരിമറയ്ക്കുള്ളിലേയ്ക്കു വീണ്ടും ചേക്കേറാനല്ല ദൈവം ആഗ്രഹിച്ചത്. ഇസ്രായേലിന്‍റെ ദൈവത്തെ യേശു, പിതാവേ എന്നാണ് വിളിച്ചിരുന്നത്. ആള്‍ക്കൂട്ടത്തിലും അദ്ധ്വാനത്തിലും വിജനതയിലും വ്യഥകളിലും വ്യവഹാരങ്ങളിലും പ്രാര്‍ത്ഥനയിലും എല്ലാം ഒരു പിതാവിന്‍റെ അദൃശ്യസാന്നിധ്യം അവനോടൊത്തു തിരിച്ചറിഞ്ഞ ശിഷ്യഗണം ആകാംക്ഷകള്‍ അടക്കാനാവാതെ വന്നപ്പോഴാണ് പിതാവിനെ കാണിച്ചുതരാന്‍ ആവശ്യപ്പെട്ടത്. ഒരു ദൈവദര്‍ശനത്തിനായുള്ള ഗൃഹാതുരത്വം അത്രമാത്രം തനിക്കു ചുറ്റുമുള്ള സാധാരണ ജനങ്ങളില്‍ വളര്‍ത്തിയ യേശു പിന്നെ അവരുടെ ശ്രദ്ധ തിരിച്ചത് ജറൂസലേം ദൈവാലയത്തിന്‍റെ അതിവിശുദ്ധ സ്ഥലത്തേയ്ക്കോ താബോറില്‍ താന്‍ നേടിയ വെട്ടിത്തിളക്കത്തിലേയ്ക്കോ അല്ല, സ്വന്തം മനുഷ്യത്വത്തിലേക്കാണ്. എന്നെ കാണുന്നവന്‍ പിതാവിനെ തന്നെ കാണുന്നു എന്നു പറഞ്ഞു. അവനോടൊത്ത് ഉണ്ടും ഉറങ്ങിയും അദ്ധ്വാനിച്ചും കഴിഞ്ഞവര്‍ക്ക് അവനെ നോക്കിക്കാണാന്‍ ആഴങ്ങളും വ്യാപ്തികളും ഇനിയും ഏറെയുണ്ട് എന്നു മനസ്സിലായി. പിന്നെ അവര്‍ പിതാവിനെ തിരിച്ചറിഞ്ഞത് അവനെ നോക്കിത്തന്നെയാണ്. അവസാനം അവന്‍റെ മരണവും കഴിഞ്ഞപ്പോള്‍ യോഹന്നാന്‍ ലേഖനത്തില്‍ എഴുതി, "സഹോദരങ്ങളെ, ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല" (1 യോഹ. 4, 12). ഒരു കാര്യം വ്യക്തമാണ്, യേശു നമ്മെ സ്നേഹിച്ചതുപോലെ സ്നേഹിച്ചാല്‍ നമ്മള്‍ ദൈവത്തില്‍നിന്നു ജനിച്ചവരാകും, ദൈവമക്കളാകും. വാക്കുകളിലൂടെ താന്‍ അവകാശപ്പെട്ട ദൈവത്തോടുള്ളതും ഉണ്ടായിരുന്നതുമായ സമാനതകള്‍ വീണ്ടെടുക്കാനോ, സ്ഥാപിച്ചുറപ്പിക്കാനോ ഉള്ള വ്യഗ്രതയല്ല അതെത്രമാത്രം താന്‍ കൈവിട്ടതുതന്നെയാണെന്ന് എത്ര സാധാരണക്കാരനെയും ബോദ്ധ്യപ്പെടുത്തുന്നതായിരുന്നു അവന്‍ പ്രവര്‍ത്തിച്ച അത്ഭുതങ്ങളും അതിനോടുള്ള സമീപനങ്ങളും. ജനനവും ജീവിതവും മരണവുംകൊണ്ട് അവന്‍ നടന്നെത്തുന്ന ശൂന്യതയുടെ ആഴം അളക്കാന്‍ അവന്‍റെ തുടക്കത്തിന്‍റെ ഔന്നത്യം അടുത്തുനിന്ന് ഒന്നു കാണാന്‍, അവനെ നോക്കിക്കണ്ട് അടുത്തുനിന്നവരുടെ മുന്നില്‍, താബോറില്‍ എന്നപോലെ ഒന്നു തിളങ്ങി കാണിച്ച് ഓരോരോ അത്ഭുതങ്ങളെയും അനുവദിച്ചുകൊണ്ട് അത്രമാത്രം. ഭാഷയിലും സങ്കല്പങ്ങളിലും ആശയങ്ങളിലും മൂല്യശ്രേണികളിലും അവന്‍ സൃഷ്ടിച്ച തകിടംമറിച്ചിലുകള്‍ ഇന്നും സമനില വീണ്ടെടുത്തിട്ടില്ല. കുരിശിലേയ്ക്കുള്ള പതനം എന്നല്ല അവന്‍ പറഞ്ഞത്, കുരിശില്‍ ഉയര്‍ത്തപ്പെടുമ്പോള്‍ എന്നാണ്. സ്വര്‍ഗ്ഗം വിട്ടുള്ള തന്‍റെ യാത്രയെ- ശൂന്യവത്കരണത്തെ അവരോഹണം എന്നല്ല ആരോഹണം എന്നാണവന്‍ വിശേഷിപ്പിച്ചത്. ഒരു മനുഷ്യന് ഭൂമിയില്‍ എത്ര ചെറിയവനാകാനാകും എന്ന് കാണിക്കാനാണ് അവന്‍ കുരിശിലേയ്ക്കു നടന്നുകയറിയത്. മനുഷ്യനാകുന്നതിന്‍റെ ഔന്നത്യം ഇത്രയും വ്യക്തമായി പഠിപ്പിക്കുന്ന മറ്റൊരു ഗുരുവില്ല, മാതൃകയില്ല. സ്വര്‍ഗ്ഗോന്മുഖവും ദൈവോന്മുഖവുമായ തീര്‍ത്ഥാടനം അതിസ്വാഭാവികതയെ എത്തിപ്പിടിച്ചല്ല, അവയെ കൈവിട്ട് ഭൂമിയിലേക്കുള്ള ഏറ്റവും ചെറിയവയിലേക്കുള്ള അകലം താണ്ടിയാണ് എന്ന് യേശു വ്യക്തമാക്കി. പുരോഗതിക്കും വളര്‍ച്ചയ്ക്കും പുത്തന്‍ദിശകള്‍ തെളിച്ചു. വിശുദ്ധിക്കും പൂര്‍ണതയ്ക്കും പുത്തന്‍ ഭാവങ്ങളും നിര്‍വചനങ്ങളുമുണ്ടായി. സ്വര്‍ഗത്തിലേയ്ക്കുള്ള അകലം മുമ്പില്‍ നില്‍ക്കുന്ന ഏറ്റവും ചെറിയവനിലേക്കുള്ള അകലമാണ്. ആ അകലം കൂട്ടാനും കുറയ്ക്കാനും നിനക്കുമാത്രം കഴിയുന്നു. അതുകൊണ്ട് ദൈവരാജ്യം നിന്‍റെ ഉള്ളില്‍ത്തന്നെയാണ്. അതു സത്യമാണെന്നും സാദ്ധ്യമാണെന്നും സ്വയം തെളിയിച്ചുകൊണ്ടു യേശു പറഞ്ഞു: ഇതാ ദൈവരാജ്യം സമാഗതമായിരിക്കുന്നു. ഉദ്ഘാടനം ചെയ്യപ്പെട്ടിരിക്കുന്നു എന്ന്. ദൈവരാജ്യത്തിന്‍റെ ബീജം കടുകുമണിപോലെ ചെറുതാണെങ്കിലും, ഭൂമിയില്‍ എത്ര ചെറിയവരിലും അതിന്‍റെ സജീവത്വത്തിലും സാദ്ധ്യതകളിലും നിക്ഷേപിക്കപ്പെട്ടിരിക്കുന്നു എന്നതിനേക്കാള്‍ ഭൂമിയെ പുളകം കൊള്ളിക്കുന്ന മറ്റൊരു സുവിശേഷം ഇനി പ്രഘോഷിക്കപ്പെടാനില്ല. മാനവരാശിയുടെ സമഗ്രമവിമോചനത്തിന്‍റെ കാഹളമാണിത്. സ്വര്‍ഗ്ഗം തേടുന്ന തീര്‍ത്ഥാടകനായ മനുഷ്യന് ഭൂമിയില്‍ താണ്ടിതീര്‍ക്കാനുള്ള അകലം അവന്‍റെ സ്വന്തം ആത്മാവിലേക്കുള്ളതാണ്. ഭൂമുഖത്തെ എല്ലാ മതങ്ങളുടെയും സംഗമഭൂമിയാണത്. സ്വത്വവും സത്യവും തേടുന്ന ഭൂമിയിലെ എല്ലാ വിപ്ലവങ്ങളും ഇവിടെനിന്നുയിര്‍കൊള്ളുന്നു. ഈ വിപ്ലവകാഹളത്തിന്‍റെ ധ്വനികള്‍ ഒരിക്കലും നിശ്ചലമാകുകയില്ല. ഈ സുവിശേഷത്തിന്‍റെ പ്രസരണശേഷികള്‍ ഒരിടത്തും തടയപ്പെടുകയില്ല. സൂര്യന്‍റെ സാന്നിദ്ധ്യവും ജ്വലനവും ആര്‍ക്കു നിഷേധിക്കാനാവും.
"നിന്നോടു ജലം ചോദിക്കുന്നവന്‍ ആരാണെന്നറിഞ്ഞിരുന്നുവെങ്കില്‍ നീ അവനോടു ചോദിക്കും, അവന്‍ നിനക്കു ജീവജലം തരും" (യോഹ. 4,10). ദാഹിക്കുന്നവന്‍റെ ദാനശേഷിയും വിശക്കുന്നവന്‍റെ വിഭവസമൃദ്ധിയും തിരിച്ചറിയുന്നതോടുകൂടി സത്യാന്വേഷണത്തിന്‍റെ എല്ലാ വഴികളും ഏറ്റവും ചെറിയവനിലേയ്ക്കു തിരിയും. അവനു ചെയ്തപ്പോള്‍ എനിക്കുതന്നെ ചെയ്തു. അവനോടു ചോദിച്ചപ്പോള്‍ എന്നോടു തന്നെ ചോദിച്ചു. അവനെ അറിഞ്ഞപ്പോള്‍ എന്നെ അറിഞ്ഞു. അവന്‍ തന്നപ്പോള്‍ ഞാന്‍ തന്നു. അവന്‍ അധികാരപ്പെടുത്തിയപ്പോള്‍ നീ അധികാരിയും ശുശ്രൂഷകനുമാക്കപ്പെട്ടു. അവന്‍ അനുഗ്രഹിച്ചപ്പോള്‍ നീ അനുഗ്രഹിക്കപ്പെട്ടു. നിന്‍റെ മൂല്യവും നിന്നിലെ ദൈവരാജ്യത്തിന്‍റെ വളര്‍ച്ചയും അവന്‍റെ മുമ്പില്‍ നിര്‍ണയിക്കപ്പെടുന്നു. വിധിക്കപ്പെടുന്നു. വിധിക്കാനും വിശുദ്ധീകരിക്കാനുമുള്ള അധികാരത്തിന്‍റെ സ്രോതസ്സ് വ്യക്തിയാണ്. അവനിലെ ദൈവമാണ്. നിന്‍റെ മുമ്പില്‍ വന്നുനിന്നവന്‍ നിന്നെ വിധിക്കുന്ന ദൈവമായിരുന്നു, എന്ന യേശുവിന്‍റെ വെളിപാടുകളുടെ തികവ് തിരിച്ചറിഞ്ഞ ക്രിസ്ത്യാനിയായ ഫ്രാന്‍സിസ് അസ്സീസി കുഷ്ഠരോഗിയെ മാത്രമല്ല, കള്ളനെയും കൊലപാതകിയെയും മാത്രമല്ല, കുരുവിയെയും കുഞ്ഞാടിനെയും ആദരിച്ചു. വിധിയാളന്‍റെ മുമ്പില്‍ എന്നപോലെ അവരോടു സംവദിച്ചു. പ്രപഞ്ചവും പ്രകൃതിയും പറുദീസായിലെന്നപോലെ അവനെ പൊതിഞ്ഞുനിന്നു.
യേശുവിന്‍റെ ഏറ്റവും കാതലായ ചരിത്രസംഭാവന അന്നുവരെയുള്ള മനുഷ്യന്‍റെ എല്ലാ ദൈവസങ്കല്പങ്ങളെയും ഉരുക്കിച്ചേര്‍ത്ത് സ്വന്തമായ ഒന്നു രൂപപ്പെടുത്തി പ്രതിഷ്ഠിച്ചു എന്നതാണ്. മതങ്ങളും സംസ്കാരങ്ങളും തലമുറകളായി തുന്നിക്കൊടുത്ത സര്‍വ്വാതിശായിത്വത്തിന്‍റെ പുറങ്കുപ്പായം ഒരു സത്യദൈവത്തിന് എത്രമാത്രം ഇണങ്ങാത്തതാണെന്നും അതില്‍ എത്രമാത്രം, ക്ഷുദ്രജീവികളും പരാന്നഭോജികളും ഒളിത്താവളങ്ങള്‍ കണ്ടെത്തുന്നു എന്നും, യഥാര്‍ത്ഥ സത്യാന്വേഷികളെ അതെത്രമാത്രം ദൈവത്തില്‍നിന്നകറ്റുന്നു എന്നും യേശുവിലൂടെ അല്ലാതെ അതിനു മുമ്പും പിന്‍പും ആരും അറിഞ്ഞിട്ടില്ല. അതുകൊണ്ട്, ദൈവത്തെക്കുറിച്ചുള്ള യേശുവിന്‍റെ ആകസ്മികവെളിപാടുകളുടെ വെളിച്ചം സൃഷ്ടിച്ച അന്ധാളിപ്പില്‍ നിന്നും സമൂഹം ഇന്നും ശരിക്കു മോചനം നേടിയിട്ടില്ല. അക്കിത്തം പാടിയത് ഇവിടെ അര്‍ത്ഥവത്താകുകയാണ്, 'വെളിച്ചം ദുഃഖമാണുണ്ണി, തമസല്ലോ സുഖപ്രദം." ഭവിഷ്യത്തുകള്‍ അറിയാതെയല്ല, ഒരു പുത്തന്‍ ദൈവത്തെ പ്രതിഷ്ഠിക്കാന്‍, പഴയ ദൈവത്തിന്‍റെ പേരും പുറങ്കുപ്പായങ്ങളും ആലയങ്ങളും പീഠങ്ങളുമെല്ലാം പൊളിച്ചുമാറ്റി യേശു തന്‍റെ ചരിത്രനിയോഗം നിറവേറ്റിയത്. കനത്ത വിലയും നല്‍കേണ്ടി വന്നു. വിപ്ലവകാരി, മതവിരോധി, സാമൂഹ്യദ്രോഹി, ദൈവദൂഷകന്‍ എന്നിങ്ങനെ കുറ്റമില്ലാത്തവനില്‍ അന്ന് ആരോപിക്കപ്പെടാത്ത കുറ്റകൃത്യങ്ങളൊന്നും അവശേഷിച്ചിരുന്നില്ല. കുരിശിലേറ്റപ്പെടാന്‍ ഇത്രമാത്രം അര്‍ഹത നേടിയ മറ്റൊരു കുറ്റവാളിയില്ല എന്ന് മതവും സമൂഹവും നീതിപീഠങ്ങളും ഒന്നിച്ചുനിന്ന് വിധിച്ചു. കുരിശില്‍ തറച്ചുകൊന്നു. അതുപോലെ കൊലചെയ്യപ്പെട്ട മറ്റൊരു മനുഷ്യന്‍റെ ചരിത്രമില്ല, മരണശേഷം അത്രമാത്രം സജീവനായവന്‍റെയും.
ദൈവത്തോടുള്ള തന്‍റെ സമാനതകള്‍ മുറുകെ പിടിക്കാനുള്ള അവന്‍റെ വിമുഖതകളെ ഉള്‍ക്കൊള്ളാന്‍ അവന്‍റെ അനുയായികള്‍ക്ക് അന്ന് എളുപ്പമായിരുന്നില്ല. ഇന്നും അത് ഏറെക്കുറെ അസാദ്ധ്യമാകുകയാണ്. മനുഷ്യന്‍റെ അനുദിന സാധാരണജീവിതമേഖലകളില്‍ നിന്നും ദൈവത്തെ കഴിയുന്നതും അകറ്റി, കൂടാരങ്ങളിലും പുണ്യസങ്കേതങ്ങളിലും സ്ഥിരമായി കുടിയിരുത്താനുള്ള വ്യഗ്രതകളും പരിശ്രമങ്ങളും ഇന്ന് എല്ലാ സമൂഹങ്ങളിലും വളരെ പ്രകടമാണ്. ഒരിക്കല്‍ പിച്ചിചീന്തപ്പെട്ട ദൈവാലയത്തിലെ തിരശീലകള്‍ പുനരുദ്ധരിക്കാനും പുനസ്ഥാപിക്കാനുമുള്ള തീവ്രപരിശ്രമങ്ങള്‍ വ്യാപകമായി തുടരുന്നു, ദൈവത്തിനും മനുഷ്യര്‍ക്കും പ്രത്യേകം മേഖലകള്‍ തിരിച്ചിടാന്‍. സ്വാഭാവികതയും അതിസ്വാഭാവികതയും തമ്മിലുള്ള വേര്‍തിരിവ് പുനസ്ഥാപിക്കപ്പെടുന്നതിന്‍റെ പ്രത്യക്ഷനേട്ടങ്ങള്‍ അപാരങ്ങളാണ്. പരോക്ഷനഷ്ടങ്ങളോ അപരിഹാര്യവും. നിതാന്തജാഗ്രതയിലും അനിതരമായ സുതാര്യതയിലും ഒരു ദൈവത്തിന്‍റെ തിരുമുമ്പില്‍ നിരന്തരം ആയിരിക്കുക എന്നത് പ്രയാസം തന്നെ. ജീവിതവും പ്രാര്‍ത്ഥനയും പരസ്പരബന്ധമില്ലാത്ത വായുബന്ധിതമുറികളിലാക്കുന്നത് എത്ര ആശ്വാസകരം. പക്ഷെ ഓര്‍ക്കണം രണ്ടായിരം വര്‍ഷം മുമ്പ് യേശു കാലഹരണപ്പെടുത്തിയ അനുഷ്ഠാനത്തിന്‍റെയും അതിലെ അനുഷ്ഠാനപൗരോഹിത്യത്തിന്‍റെയും തിരിച്ചുവരവാണത്. ദൈവ-മനുഷ്യബന്ധങ്ങളും മനുഷ്യന്‍റെ പരസ്പരബന്ധങ്ങളും നിയമങ്ങള്‍ക്കും ചട്ടക്കൂടുകള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും അടിമപ്പെടും. മനുഷ്യവ്യക്തിയുടെ അനന്യതയും സ്വത്വബോധവും സാദ്ധ്യതകളും വ്യവസ്ഥിതികളും സ്ഥാപനങ്ങളും തീര്‍ക്കുന്ന കുഴിമാടങ്ങളില്‍ അച്ചടക്കത്തിന്‍റെയും അനുസരണത്തിന്‍റെയും കീഴ്വഴക്കങ്ങളുടെയും ശിലാഫലകങ്ങളാല്‍ അടച്ചു മുദ്രവയ്ക്കപ്പെടും. വിളിച്ചാല്‍ വിളികേള്‍ക്കുന്നവനും പ്രസാദിച്ചാല്‍ പ്രവര്‍ത്തിക്കുന്നവനുമായി ദൈവം വീണ്ടും അജ്ഞാതസങ്കേതങ്ങളില്‍ ഒളിപ്പിക്കപ്പെടും. കയ്യിലിരിക്കുന്ന അനുഷ്ഠാനവിധികളുടെ റിമോര്‍ട്ടു കണ്‍ട്രോളില്‍ ഇച്ഛാനുസരണം ബട്ടണമര്‍ത്തി ദൈവത്തെ ആവശ്യാനുസരണം പ്രേക്ഷകരുടെ മുമ്പിലെത്തിച്ചു പ്രവര്‍ത്തിപ്പിക്കുന്ന പ്രേഷിതനും പുരോഹിതനും സാധാരണക്കാരല്ല. വെറും കുട്ടിദൈവങ്ങളുമല്ല. സാക്ഷാല്‍ ദൈവത്തെ ആജ്ഞാനുവര്‍ത്തിയാക്കി ഞാണിന്മേല്‍ ചലിപ്പിക്കുന്ന സൂപ്പര്‍ ദൈവങ്ങള്‍ തന്നെ. രാജാവാക്കുന്നവന്‍ രാജാവിനെക്കാള്‍ വലിയവന്‍ ആണല്ലോ. സര്‍വ്വാതിശായിയായ ഒരു ദൈവത്തോടുള്ള സമാനതകളെ എത്തിപ്പിടിച്ചും ഇറുക്കിപ്പിടിച്ചും ശിഷ്യത്വത്തിന്‍റെ പൗരാണികപതിപ്പുകള്‍ കാലത്തെ കയ്യടക്കുകയാണ്. അത്ഭുതങ്ങള്‍ കാട്ടിയുള്ള യേശുവിന്‍റെ തുടക്കവും താബോറില്‍ കിട്ടിയ തിളക്കവും കുരിശിലെ ഉയര്‍ച്ചയുടെ മുമ്പില്‍ നിഷ്പ്രഭമാക്കിയ കഥ, ഇന്ന് കഥാവശേഷമാക്കപ്പെടുകതന്നെയല്ലെ.
ഭീരുക്കളുടെയും അടിമകളുടെയും യാചകരുടെയും താവളങ്ങള്‍ സൃഷ്ടിക്കാനേ മതങ്ങള്‍ക്കെന്നും കഴിഞ്ഞിട്ടുള്ളൂ. ഭീരുക്കള്‍ എന്നും ആയുധധാരികളാണ്. പിടിച്ചുനില്‍ക്കാന്‍ അടവുകളും അഭ്യാസങ്ങളും ആക്രമണങ്ങളും അവര്‍ക്കു നിരന്തരം നടത്തേണ്ടിവരുന്നു. അടിമകളുടെ ആത്മാവ് എന്നും ഉറക്കത്തിലാണ്. അവര്‍ക്ക് സ്വന്തമായ തീരുമാനങ്ങളില്ല. ഉത്തരവാദിത്വങ്ങളില്ല. സ്വത്വം നഷ്ടപ്പെട്ട, മുഖങ്ങളില്ലാത്ത, ഒരാള്‍ക്കൂട്ടം. അടിമത്തം ആസ്വദിച്ചു തുടങ്ങിയ അവരുടെ മുമ്പില്‍ സുഖലോലുപതയുടെയും തൃഷ്ണയുടെയും രാജപാതകള്‍ തുറന്നിട്ടിരിക്കുന്നു. അധീശവര്‍ഗ്ഗത്തിന്‍റെയും അവരുടെ ദല്ലാളന്മാരുടെയും മസ്തിഷ്കപ്രക്ഷാളനത്തിനും മയക്കുമരുന്നിനും വിധേയമാക്കപ്പെടുന്ന മനുഷ്യന്‍ സ്വയം അറിയുന്നതും വിലമതിക്കപ്പെടുന്നതും അവന്‍റെ പേശികളുടെ ബലത്തില്‍ മാത്രം. അല്പം പുല്ലും വെള്ളവും കിട്ടിയാല്‍ അവന്‍ പോത്തിനെപ്പോലെ പണിയെടുക്കും. നാഡികള്‍ തളര്‍ന്നുവീണാല്‍ അല്പം ഉത്തേജകമരുന്നിന്‍റെ ചെലവേ യജമാനന്മാര്‍ക്കുള്ളൂ. വേദനസംഹാരികളും സ്റ്റിറോയിഡുകളും കയ്യടക്കിയ പൊതുജനാരോഗ്യമേഖലയില്‍ ഇന്നു മരുന്നും മന്ത്രവും മനശ്ശാസ്ത്രവും മത്സരിച്ചു മുന്നേറുകയാണ്. യാചകന്‍റെ വിശപ്പും വിലാപങ്ങളും അവസാനിക്കുന്നില്ല. ആത്മഹത്യാനിരക്ക് കുതിച്ചുയരുകയാണ്. വേദനസംഹാരികളും ദാഹശമനികളും കഴിച്ച്, കിട്ടാവുന്ന ആനുകൂല്യങ്ങളും കൈപ്പറ്റി എത്രയും നേരത്തെ ജീവിതത്തില്‍നിന്ന് വിരമിക്കാന്‍, (ഢ.ഞ.ട.) വാതില്‍തുറക്കുന്ന രാഷ്ട്രമീമാംസകള്‍, ദൈവശാസ്ത്രങ്ങള്‍, ഭീരുത്വത്തിലും ഭിക്ഷാടനത്തിലും അടിമത്തത്തിലും മനുഷ്യവ്യക്തിയെ തളച്ചിടുന്നതില്‍ നിക്ഷിപ്ത താല്‍പര്യങ്ങള്‍ ഉള്ളില്‍ സൂക്ഷിക്കുന്ന ഏതെങ്കിലും ശക്തിയോ അധികാരകേന്ദ്രങ്ങളോ, ഭൂമിയിലുണ്ടെങ്കില്‍, അവരുടെ ബഹുമാന്യതയ്ക്ക് അല്പം പോലും മങ്ങലേല്‍ക്കാതെ എടുത്തുപയോഗിക്കുന്ന അത്യന്താധുനിക ആയുധമാണ് ദൈവത്തിന്‍റെ സര്‍വ്വാതിശായിത്വം. ഉപഭോഗസംസ്കാരത്തിന്‍റെ കടിഞ്ഞാണ്‍ കയ്യിലേന്തിയ കൊളോണിയല്‍ മേധാവിത്വത്തിന്‍റെ ഈ തിരിച്ചറിവ് അതിന്‍റെ ഗൗരവത്തില്‍ ക്രൈസ്തവ സഭകള്‍ അറിയുന്നില്ല. അറിഞ്ഞെങ്കില്‍ത്തന്നെ അറിയാത്തതായി നടിക്കുന്നു. ഒളിച്ചിരിക്കാനും അകന്നിരിക്കാനും അശേഷം ആഗ്രഹിക്കാത്ത ഇമ്മാനുവേല്‍ എന്ന യേശുവിന്‍റെ ദൈവത്തെ അല്പമെങ്കിലും അകറ്റാനും എവിടെയെങ്കിലും ഒന്ന് ഒളിപ്പിക്കാനും കൂടും കൂടാരങ്ങളും പുണ്യസങ്കേതങ്ങളും ഒരുക്കാന്‍ അതിമാത്രം തീക്ഷ്ണതകൊള്ളുന്ന പുരോഹിതനോ, വിശ്വാസിയോ, അവിശ്വാസിയോ ആരായാലും അവര്‍ വ്യത്യസ്തരല്ല. ദൈവശുശ്രൂഷയുടെയും മനുഷ്യസേവനത്തിന്‍റെയും മറയില്‍ സ്വയം സേവിക്കുന്നവര്‍. സ്വന്തം മുഖംമൂടികള്‍ക്കും ഒളിസങ്കേതങ്ങള്‍ക്കും പഴുതുകള്‍ തേടുന്ന മാഫിയ സംഘം മതത്തെയും ദൈവത്തെയും മര്‍ദ്ദന ഉപകരണമാക്കി മേലാളന്മാര്‍ക്ക് പണയപ്പെടുത്തി. ഇടനിലക്കാരന്‍റെയും കുട്ടിദൈവങ്ങളുടെയും കൊള്ളവിഹിതങ്ങള്‍ കൃത്യമായി എണ്ണിവാങ്ങുന്ന വ്യവസായപ്രമുഖന്‍, അത്രമാത്രം. യേശു തന്‍റെ സ്വന്തം ശരീരം കൊണ്ട് കാല്‍വരിയില്‍ തീര്‍ത്ത ബലിപീഠത്തില്‍, കത്തിയിറങ്ങിയ കറ തീര്‍ന്ന ദൈവം കൂടെ ഉള്ളപ്പോള്‍, കള്ളദൈവങ്ങളോടും കളിമണ്‍ പ്രതിമകളോടും പ്രതിരോധിക്കാന്‍ ഏലിയ വിളിച്ചിറക്കിയ പൗരാണികദൈവത്തെതന്നെ തേടിയിറങ്ങുന്ന ക്രൈസ്തവസഭകള്‍ കാലത്തെ അത്രയും പുറകോട്ടു നയിക്കുക മാത്രമല്ല, ബാലപാഠങ്ങളെ ആലസ്യത്തോടെ പുനര്‍വായനയ്ക്കെടുത്ത്, സ്വന്തം ആത്മാവില്‍ നിന്നുള്ള അന്യവല്‍ക്കരണത്തെ ദയനീയമായി പ്രദര്‍ശിപ്പിക്കുക കൂടിയല്ലേ ചെയ്യുന്നത്. സ്വന്തം നിലയും വിലയുമറിയാതെ, കള്ളന്മാരോടും കവര്‍ച്ചക്കാരോടും കടം വാങ്ങിയ കൊളോണിയല്‍ താല്‍പര്യങ്ങളും തന്ത്രങ്ങളുമായി മതങ്ങളോടു മത്സരിച്ച് മതപ്രസംഗം നടത്തുന്ന മണ്ടത്തരങ്ങളെ കൈവിടാന്‍ ക്രൈസ്തവസഭകള്‍ക്കിന്നും കഴിയാത്തതെന്തേ! ആക്രമണങ്ങളും പ്രതിരോധങ്ങളും കൈവിടാന്‍ മാത്രമുള്ള നിര്‍ഭയത്വവും സ്വതന്ത്രമായ സംവേദനക്ഷമതയും യേശുവിന്‍റെ സഭയ്ക്കു സ്വന്തമായില്ലേ? ഭാരതത്തില്‍ യേശുവിന്‍റെ സുവിശേഷത്തിന്‍റെ പ്രസരണശേഷി തടയപ്പെടുന്നുണ്ടെങ്കില്‍ അത് സഭയ്ക്കു പുറത്തല്ല, അകത്തുതന്നെയാണ്.