"ദൈവം സ്വന്തം പ്രതിഛായയില്‍ മനുഷ്യനെ സൃഷ്ടിച്ചു. ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു" എന്ന് ഉല്പത്തി പുസ്തകത്തില്‍ പറയുന്നു. എന്നാല്‍ ദൈവത്തിന്‍റെ പുരുഷരൂപം മാത്രമാണ് നമ്മുടെ മനസ്സുകളില്‍ പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളത്. ഏകദൈവം പുരുഷനാണെന്ന തോന്നലാണ് വാക്കും വരയും ശില്പവും നമുക്കു നല്കിയത്. പരിശുദ്ധ ത്രിത്വം സ്ത്രീയുടെ സ്പര്‍ശം പോലുമേല്ക്കാത്ത പിതാവും പുത്രനും പരിശുദ്ധാത്മാവും എന്ന മൂന്ന് പുരുഷസങ്കല്പങ്ങളായി പിരിയുന്നുവെന്നും നാമറിയുന്നു. ദൈവം സ്വന്തം പ്രതിഛായയെപ്പറ്റി നമ്മോടു സംസാരിച്ചതായിപ്പറയുന്ന ബൈബിള്‍ വചനത്തില്‍ തന്നെ ത്രിത്വത്തിന്‍റെ ഈ പുരുഷസങ്കല്പത്തിന്‍റെ നിഷേധമുണ്ട്. സ്വന്തം പ്രതിഛായയില്‍ ആണും പെണ്ണുമായി സൃഷ്ടിച്ചു എന്നു പറയുന്നിടത്ത് ഒന്നിന്‍റെ രണ്ടുവശങ്ങളാണ് സ്ത്രൈണതയും പൗരുഷവും എന്ന് വ്യക്തമാണ്. അഥവാ ദൈവം അരൂപിയും സര്‍വ്വവ്യാപിയുമാണ് എന്ന അറിവിലേയ്ക്കു ഇറങ്ങിച്ചെല്ലുമ്പോള്‍ ദൈവത്തിന് ലിംഗകല്പന ചെയ്യുന്നതുപോലും അര്‍ത്ഥമില്ലാത്തതായിതീരുന്നു. ദൈവത്തിന്‍റെ പ്രതിഛായ ആണിനും പെണ്ണിനും മാത്രമല്ല, വിരിയുന്ന പൂവിനും കൊഴിയുന്ന ഇലകള്‍ക്കും ഒഴുകുന്ന പുഴയ്ക്കും മഹത്തായ പര്‍വ്വതനിരകള്‍ക്കും മണ്ണിലിഴയുന്ന പുഴുവിനും എന്തിന് എല്ലാറ്റിനെയും ജീര്‍ണ്ണിപ്പിക്കുന്ന ബാക്ടീരിയായ്ക്കു വരെയുണ്ട്. അതിനാല്‍ അരൂപിയും സര്‍വ്വവ്യാപിയുമായത് 'പുരുഷന്‍' ആണ് എന്ന സങ്കല്പത്തിന്‍റെ ചരിത്രപരമായ അടിത്തറ എന്ത് എന്ന അന്വേഷണം വളരെ അര്‍ത്ഥവത്താണ്.
പലപ്പോഴും എന്‍റെ ഉള്ളില്‍ വിനീതമായ ചില ചോദ്യങ്ങള്‍ ഉണ്ട്. അരൂപിയായ, സര്‍വ്വവ്യാപിയായ ദൈവത്തിന് 'രൂപം' കല്പിക്കുന്നതെന്തിന്? ദുര്‍ബലമായ നമ്മുടെ പഞ്ചേന്ദ്രിയങ്ങള്‍ക്ക് പാവം മനസ്സുകള്‍ക്ക് അത്യാവശ്യമാണെങ്കില്‍ എന്തുകൊണ്ട് ആ രൂപം 'പുരുഷന്‍' ആയി? ദൈവമേ, നിന്‍റെ രൂപം എന്‍റേതുകൂടിയല്ലേ? നിനക്ക് പാലൂട്ടുന്ന മാറിടങ്ങളും കുഞ്ഞിനെത്താങ്ങുന്ന ഗര്‍ഭപാത്രവും ഇല്ലേ? നിന്‍റെ കണ്ണുകള്‍, നിന്‍റെ മുഖം, മുടി, നിന്‍റെ കൈകാലുകള്‍, ഉടല്‍ ഇതിന്‍റെയെല്ലാം പ്രതിഛായയിലല്ലേ പെണ്ണിന്‍റെ ശരീരവും സൃഷ്ടിച്ചത്? നീ നിന്‍റെ രൂപത്തില്‍ 'ആണും പെണ്ണു'മായി മനുഷ്യരെ സൃഷ്ടിച്ചുവെങ്കില്‍ നിന്നെ സ്ത്രീയുടെ രൂപത്തില്‍ അവതരിപ്പിക്കാത്തതും ആരാധിക്കാത്തതും എന്തുകൊണ്ട്?
ഇതിനുത്തരം പറയുക വിഷമമായിരിക്കും. ദൈവത്തിന്‍റെ പുരുഷരൂപം മാത്രം നമ്മുടെ മനസ്സില്‍ പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളത് ചരിത്രത്തിലെ ഒരു ചതിയാണ്. സ്ത്രീയെ, തായ്വഴിയെ, പുറന്തള്ളി പുരുഷാധികാരം, പിതൃവഴി സ്ഥാപിച്ചെടുത്തത് ചരിത്രത്തിലെ അട്ടിമറിയുടെ ഫലമാണ്. എദനില്‍ തുല്യതയുണ്ടായിരുന്നു. മനുഷ്യവംശചരിത്രത്തില്‍ നരവംശശാസ്ത്രപഠനങ്ങള്‍ തെളിയിക്കുന്നതുപോലെ പ്രകൃതിയില്‍ നിന്ന് പെറുക്കിതിന്ന് യഥേഷ്ടം അലഞ്ഞുതിരിഞ്ഞ് നടക്കാന്‍ കഴിഞ്ഞിരുന്ന 'ഏദന്‍കാലം' (നൊമാഡിക് പിരീഡ്) ഉണ്ട്. അതില്‍ ആണും പെണ്ണും അടിമ, ഉടമ ബന്ധത്തിലായിരുന്നില്ല. ഏദന്‍റെ നഷ്ടം, പെറുക്കിതിന്നു നടക്കലിന്‍റെ അവസാനം സൃഷ്ടിക്കപ്പെടുന്ന ഭൂമിയിലെ ബന്ധങ്ങളില്‍ അടിമ ഉടമ ബന്ധം സൃഷ്ടിക്കുന്നു. ലിംഗപരമായി, സ്ത്രീ അടിമയും പുരുഷന്‍ ഉടമയുമാകുന്ന ആ അവസ്ഥ വരുന്നത് ഭൂമിയുടെ, ഭൂമിയുടെ ഉല്പാദനങ്ങളിന്മേലുള്ള ഉടമസ്ഥതയുടെ, അവകാശങ്ങളെച്ചൊല്ലിയാണ്. ഭൂമിയില്‍ ബന്ധങ്ങള്‍ നിര്‍വ്വചിക്കപ്പെടുന്നതിന് കൃഷിയും ഉല്പാദനവും കാരണമാകുന്നുണ്ട്. കൃഷിയുടെ ആദിമരൂപം ഹോട്ടികള്‍ച്ചര്‍ ആകാനും അത് സ്ത്രീയുടെ നിരീക്ഷണത്തിലും ഉടമസ്ഥതയിലും ആകാനുമുള്ള സാധ്യത നരവംശശാസ്ത്രപഠനങ്ങള്‍ തള്ളിക്കളയുന്നില്ല. കാരണം, അലഞ്ഞുതിരിഞ്ഞുള്ള ജീവിതത്തിനിടയ്ക്ക് കുറേക്കാലമെങ്കിലും ഒരിടത്ത് തങ്ങേണ്ടിവരുന്നവള്‍ സ്ത്രീയായിരിക്കും. ഗര്‍ഭധാരണം, പ്രസവം, മുലയൂട്ടല്‍ തുടങ്ങിയവയ്ക്കാവശ്യമായ സമയം അലഞ്ഞു തിരിഞ്ഞ് ഭക്ഷണം തേടുന്നതിന് അവള്‍ക്ക് തടസ്സമായിരുന്നു. അതിനാല്‍ ഒരിടത്ത് തങ്ങേണ്ടി വന്നവള്‍ പ്രകൃതിയെ കൂടുതല്‍ ആഴത്തിലറിഞ്ഞു. ഋതുക്കളെ അറിഞ്ഞു. പരിണാമചക്രത്തിന്‍റെ ഗതികള്‍ അറിഞ്ഞു. അങ്ങനെയാവാം, അവളാവാം, അവന്‍റെ സഹായത്തോടെയാവാം, ഒരു വിത്തെടുത്ത് കുഴിച്ചിട്ടത്. ഹോട്ടികള്‍ച്ചറും അതില്‍നിന്ന് വികസിച്ച് മനുഷ്യരാശി നേടിയെടുത്ത അഗ്രിക്കള്‍ച്ചറും മനുഷ്യരുടെ അലഞ്ഞുതിരിയല്‍ അവസാനിപ്പിച്ചു. അത് പക്ഷെ ഒന്നാമത്തെ ഭ്രാതൃഹത്യയിലേക്ക് വിരല്‍ ചൂണ്ടുന്നു. ബലവാനും ദുര്‍ബലനുമെന്ന ദ്വന്ദം(കായേന്‍/ ആബേല്‍) ഉടലെടുക്കുന്നു. ഇതേ മനോഭാവം തന്നെയാണ് ഭൂമിയുടയും വെള്ളത്തിന്‍റെയും ഉല്പന്നങ്ങളുടെയും ഉപകണങ്ങളുടെയും ഉടമസ്ഥതയ്ക്കുവേണ്ടി സ്ത്രീയുടെ തുല്യതയെ അട്ടിമറിച്ച് പുരുഷാധിപത്യം സ്ഥാപിക്കാനുള്ള കാരണവും. അങ്ങനെയാണ് ഏദന്‍റെ നഷ്ടം പൂര്‍ണ്ണമായത്.
ദൈവം, ഏദനില്‍, സ്വന്തം പ്രതിഛായ വീതിച്ചു കൊടുത്ത ആണും പെണ്ണും, ഭൂമിയില്‍ അധികാരത്തിന്‍റെ ഭാഷയില്‍ ദൈവത്തെ സ്ഥാപിച്ചപ്പോള്‍, പുരുഷാധികാരവ്യവസ്ഥയില്‍ ദൈവം പുരുഷനായി തീര്‍ന്നിരിക്കണം. അരൂപിയായ ദൈവത്തെ, 'പുരുഷന്‍' മാത്രമാക്കി പരിമിതപ്പെടുത്തുന്നത്, വളരെ ദുര്‍ബലമായ ഒരു മനുഷ്യസങ്കല്പം(പുരുഷാധിപത്യസങ്കല്പം) ആണ്.
ദൈവം സര്‍വ്വവ്യാപിയാണെങ്കില്‍, പ്രപഞ്ചത്തിലെ രൂപമുള്ളതും ഇല്ലാത്തതുമായ സമസ്തവും ദൈവത്തിന്‍റെ ഭിന്നാവസ്ഥകളായിരിക്കണം. ഇതിന്‍റെ നിഷേധമാണ്, സ്ത്രീകളെയും പ്രകൃതിയെയും ഒഴിവാക്കിക്കൊണ്ട് ദൈവത്തിന് 'പുരുഷരൂപം' കല്പിച്ച മനുഷ്യഭാവനയില്‍ നടന്നത്. രക്ഷകനും ശിക്ഷകനുമായ ദൈവം 'പുരുഷ' നാണെങ്കില്‍ ദൈവത്തിന്‍റെ പ്രതിപുരുഷന്മാര്‍ എന്ന നിലയില്‍ പുരുഷാധിപത്യം ചോദ്യം ചെയ്യപ്പെടാതെയിരിക്കും. അങ്ങനെ ദൈവത്തെക്കുറിച്ച്, അയോഗ്യരും അധികാരമോഹികളും അജ്ഞരുമായ മനുഷ്യര്‍, നാം, സംസാരിച്ചപ്പോള്‍, എഴുതിയപ്പോള്‍, വരച്ചപ്പോള്‍, രൂപം മെനഞ്ഞപ്പോള്‍, വന്ന ഒരു പിഴവാണ് ദൈവം പുരുഷനാണെന്ന സങ്കല്പം. അത് സമസ്തത്തില്‍നിന്ന് നിസ്സാരമായ ഒന്നിലേയ്ക്ക് (പുരുഷന്‍) ദൈവത്തെ പരിമിതപ്പെടുത്തലാണ്.
നമുക്ക് ഊഹിക്കാവുന്നതിനും മുമ്പേതന്നെ പുരുഷാധികാരാത്തിന്‍റെ ഈ 'ദൈവസൃഷ്ടി' നടന്നിരിക്കണം. കാരണം, ബൈബിള്‍ പഴയനിയമത്തിലും പുതിയനിയമത്തിലും വംശാവലി ചരിത്രം മുഴുവന്‍ പിതാക്കന്മാരുടെയും പുത്രന്മാരുടെയും ആയിരിക്കുന്നു. അധികാരത്തിന്‍റെ അതിരുകളിലേയ്ക്ക് ഒതുക്കി മാറ്റപ്പെട്ട ദരിദ്രരും ദലിതരും ദുര്‍ബ്ബലരും സ്ത്രീകളും അധികാരത്തിന്‍റെ ചവിട്ടടിയില്‍ക്കിടന്ന് പിടഞ്ഞ് ദൈവത്തോടടുക്കുമ്പോള്‍ അവരോടൊപ്പം നിന്ന് എന്താണ് ദൈവം എന്ന് മനസ്സിലാക്കിത്തന്നതാണ് ക്രിസ്തുവിന്‍റെ സ്ത്രീസങ്കല്പം. ക്രിസ്തുവിന്‍റെ ഹ്രസ്വമായ ജീവിതയാത്രയില്‍ ഉടനീളം അദ്ദേഹത്തോടൊപ്പം നിന്ദിതരും ദുഃഖിതരും പീഡിതരും പുറംതള്ളപ്പെട്ടവരും രോഗികളും ചുങ്കക്കാരും പാപികളും എന്നപോലെ സ്ത്രീകളും ഉണ്ടായിരുന്നു. തന്നോടൊപ്പമുണ്ടായിരിക്കുന്നതില്‍നിന്ന് അദ്ദേഹം സ്ത്രീകളെ വിലക്കുന്നില്ല. തന്നെയുമല്ല പുരുഷാധിപത്യത്തിന്‍റെ അഹങ്കാരത്തോട് 'പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ' എന്ന് പറഞ്ഞ്, ഏറ്റവും സ്ത്രീപക്ഷവാദിയായി അദ്ദേഹം പ്രത്യക്ഷപ്പെടുന്നു. പലപ്പോഴും അദ്ദേഹത്തോടൊപ്പമുള്ള സ്ത്രീകളുടെ പേരില്‍ ക്രിസ്തു സംശയിക്കപ്പെടുന്നുണ്ട്. പാപിനിയായവളെ കല്ലെറിഞ്ഞുകൊല്ലേണ്ടതിനു പകരം അവളുടെ പാപങ്ങള്‍ ക്ഷമിച്ചിരിക്കുന്നു എന്നു പറയുക മാത്രമല്ല ക്രിസ്തു ചെയ്തത്. വേശ്യാവൃത്തി സ്ത്രീയുടെ മാത്രം പാപമല്ല എന്ന് പുരുഷന്‍റെ നേരെ വിരല്‍ ചൂണ്ടുക കൂടിയാണ്. വേശ്യാവൃത്തി നിലനില്ക്കുന്നത് പുരുഷന്മാര്‍ക്ക് ആഹ്ളാദസുഖഭോഗങ്ങള്‍ക്കുവേണ്ടിയും സ്ത്രീയ്ക്ക് പലപ്പോഴും വിശപ്പ് മാറ്റുന്നതിനുവേണ്ടിയും ആകുമ്പോള്‍ വേശ്യാവൃത്തിയിലെ ഏറ്റവും വലിയ കുറ്റവാളി പുരുഷന്‍ ആയി മാറുന്നു. എന്നാല്‍ എക്കാലത്തും രാജാക്കന്മാരും പ്രഭുക്കന്മാരും ധനവാന്മാരും ഭരണാധികാരികളും ബഹുഭാര്യാത്വവും വെപ്പാട്ടി സമ്പ്രദായവും വേശ്യാവൃത്തിയും നിലനിര്‍ത്തുകയും സാധാരണക്കാരായ പുരുഷന്മാര്‍ക്ക് അതിന്‍റെ ആനുകൂല്യങ്ങള്‍ അനുഭവിച്ചുകൊള്ളാന്‍ അനുവദിക്കുകയും ചെയ്തിരുന്നു. വേശ്യാവൃത്തിയില്‍ പിടിക്കപ്പെട്ടാല്‍ സ്ത്രീയെ കല്ലെറിഞ്ഞുകൊല്ലുക എന്ന നീതി(അനീതി) അന്നും ഇന്നും നിലനില്ക്കുന്നു. വേശ്യ എന്ന വാക്കിന് ഒരു പുല്ലിംഗരൂപം പോലും ഇല്ലാത്തവിധം വേശ്യാവൃത്തിയിലേര്‍പ്പെടുന്നവനെ പുരുഷാധികാരം സംരക്ഷിക്കുന്നു. സമാധാനവും കരുണയും നിറഞ്ഞ കുറച്ചു വാക്കുകള്‍കൊണ്ട്, ഇതിനെതിരെയുള്ള ഒരു നിശിതവിമര്‍ശനമാണ് ക്രിസ്തു നടത്തിയത് എന്നു കാണാം.
വിധവയുടെ ചില്ലിക്കാശിന്‍റെ ഉപമയിലൂടെ സമ്പത്തിന്‍റെ ഉടമസ്ഥതയില്‍നിന്ന് ആട്ടിയകറ്റപ്പെട്ട സ്ത്രീലോകത്തിന്‍റെ ദൈന്യതയെ മുഴുവന്‍ ഉള്‍ക്കൊള്ളുകയും അവരുടെ കണ്ണീരും ദാരിദ്ര്യവുംമഹത്വപ്പെടുത്തുകയുമാണ് അദ്ദേഹം ചെയ്തത്. "സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു; പാവപ്പെട്ട ഈ വിധവ മറ്റെല്ലാവരെയുംകാള്‍ കൂടുതല്‍ നിക്ഷേപിച്ചിരിക്കുന്നു. കാരണം, അവരെല്ലാം തങ്ങളുടെ സമൃദ്ധിയില്‍ നിന്നാണ് നല്കിയത്. ഇവളാകട്ടെ തന്‍റെ ദാരിദ്ര്യത്തില്‍നിന്ന്, തന്‍റെ ഉപജീവനത്തിനുള്ള വക മുഴുവന്‍ നിക്ഷേപിച്ചിരിക്കുന്നു" എന്ന അദ്ദേഹത്തിന്‍റെ വാക്കുകളില്‍ സ്ത്രീകളും സ്വത്തിന്മേലുള്ള അവരുടെ അവകാശവും സാധ്യതയും വിധവയാക്കപ്പെടുന്നതോടെ അവരനുഭവിക്കേണ്ടിവരുന്ന ദയനീയാവസ്ഥയും ഒക്കെ ഉള്‍ക്കൊള്ളുന്നു. 'ദരിദ്രര്‍' എന്ന് വിശേഷിപ്പിക്കപ്പെടുന്നവരില്‍, സ്ത്രീകളുടെ എണ്ണം നൂറുക്ക് നൂറും ആയിരിക്കുമെന്നതിനാല്‍ വിധവയുടെ ചില്ലിക്കാശ്, മുഴുവന്‍ സ്ത്രീകളുടെയും ദൈവാര്‍പ്പണമായിത്തീരുന്നുണ്ട്. വേദജ്ഞരുടെ കാപട്യത്തെപ്പറ്റി പറയുമ്പോള്‍ ക്രിസ്തു പറയുന്നു; "വേദജ്ഞരെ സൂക്ഷിക്കുക. അവര്‍ നീളമുള്ള അങ്കികള്‍ ധരിച്ചു നടക്കാനിഷ്ടപ്പെടുന്നു. ചന്തസ്ഥലങ്ങളില്‍ അഭിവാദനങ്ങളും സിനഗോഗുകളില്‍ ഏറ്റം മികച്ച ഇരിപ്പിടങ്ങളും വിരുന്നുകളില്‍ മുഖ്യസ്ഥാനങ്ങളും ആഗ്രഹിക്കുന്നു. അവര്‍ വിധവകളുടെ ഭവനങ്ങള്‍ വിഴുങ്ങുന്നു. അതിനൊരു മറയായി ദീര്‍ഘനേരം പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. അവര്‍ കൂടുതല്‍ കഠിനമായി ശിക്ഷിക്കപ്പെടും." വൈധവ്യം എന്ന അവസ്ഥയെക്കുറിച്ചേറെ വ്യാകുലപ്പെട്ട ഒരു മനസ്സായിരുന്നു ക്രിസ്തുവിന്‍റേത്. 'നയിന്‍' പട്ടണത്തിലെ വിധവയ്ക്കു കാരുണ്യമായി, മകന്‍റെ ജീവന്‍ തിരിച്ചു നല്കുമ്പോള്‍ അലിവുകൊണ്ട് ക്രിസ്തുവിന്‍റെ ഹൃദയം കരഞ്ഞിരുന്നു. തന്‍റെ അത്ഭുതപ്രവൃത്തികളിലും പ്രസംഗങ്ങളിലും ഉദ്ബോധനങ്ങളിലും താന്‍ പറയുന്ന ഉപകളിലുമൊക്കെ 'വിധവ'കളോടുള്ള കാരുണ്യം അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. പൗരോഹിത്യവും സാമ്രാജ്യത്വാധികാരവും ഏറ്റവും പുരുഷാധിപത്യപരമായിരുന്ന തന്‍റെ കാലഘട്ടത്തില്‍ വിധവകളായ സ്ത്രീകള്‍ക്കുണ്ടായിരുന്ന അരക്ഷിതാവസ്ഥയെക്കുറിച്ച് അദ്ദേഹം വേവലാതിപ്പെട്ടിരിക്കണം. പതിതരായവരുടെ കൂട്ടത്തില്‍ സ്ത്രീകള്‍ ഒരു ലിംഗവിഭാഗം എന്ന നിലയില്‍ വിവിധ ചൂഷണങ്ങള്‍ക്ക് വിധേയരാണ് എന്ന് ലോകത്തെ പഠിപ്പിക്കാന്‍ വേണ്ടിക്കൂടിയാണ്, പലപ്പോഴും സ്ത്രീകളുടെ പേരില്‍, വേദജ്ഞരാല്‍ അധിക്ഷേപിക്കപ്പെട്ടിട്ടും ദൈവരാജ്യത്തിന്‍റെ സുവിശേഷം പ്രസംഗിക്കാന്‍ താന്‍ സഞ്ചരിക്കുന്ന ഗ്രാമങ്ങളിലും നഗരങ്ങളിലുമെല്ലാം തന്നോടൊപ്പം ഉണ്ടാവാന്‍ സ്ത്രീകളെയും അനുവദിച്ചത്. തന്‍റെ ശിഷ്യന്മരാരായി തിരഞ്ഞെടുക്കപ്പട്ട പന്ത്രണ്ടുപേരോടൊപ്പം, അശുദ്ധാത്മാക്കളില്‍ നിന്നും രോഗങ്ങളില്‍നിന്നും മുക്തരായ കുറേ സ്ത്രീകളും അവനോടൊപ്പം ഉണ്ടായിരുന്നു എന്നു നാം കാണുന്നു. മഗ്ദലനക്കാരി എന്നു വിളിക്കപ്പെടുന്ന മറിയം, ഹെറോദേസിന്‍റെ കലവറക്കാരനായ ഖൂസയുടെ ഭാര്യ യോവന, സൂസന്നാ, തങ്ങളുടെ വരുമാനത്തില്‍ നിന്ന് അവര്‍ക്ക് (ക്രിസ്തുവിനും ശിഷ്യര്‍ക്കും) ശുശ്രൂഷ ചെയ്തിരുന്ന മറ്റ് സ്ത്രീകള്‍ ഇവരെല്ലാം ക്രിസ്തുവിനോടൊപ്പം സഞ്ചരിച്ചു എന്നു കാണുക.
വീട്, കുടുംബം, അടുക്കള, സല്ക്കാരം തുടങ്ങിയവയില്‍ മുഴുകി, ഒതുങ്ങിക്കൂടുകയും സമൂഹനന്മയ്ക്കായോ, സാമൂഹ്യമാറ്റത്തിനായോ പ്രവര്‍ത്തിക്കുന്നതില്‍നിന്ന് വിമുഖമായിരിക്കുകയും ചെയ്യുന്ന സ്ത്രീകളോടുള്ള ക്രിസ്തുവിന്‍റെ പ്രതികരണം കൂടിയാണ് മര്‍ത്തായുടെയും മറിയത്തിന്‍റെയും വീട്ടിലെ വിരുന്നും രണ്ടു സഹോദരിമാരുടെ പ്രവൃത്തികളോടുള്ള അദ്ദേഹത്തിന്‍റെ വിലയിരുത്തലും. മനുഷ്യര്‍ അപ്പംകൊണ്ടു മാത്രമല്ല ജീവിക്കുന്നത് എന്ന് പറഞ്ഞ ക്രിസ്തു തന്നെ സല്‍ക്കരിക്കാനുള്ള വെമ്പലില്‍ അടുക്കളയില്‍ക്കിടന്നു കുഴങ്ങുന്നവളായ മര്‍ത്തായ്ക്കു നല്കുന്ന ഉപദേശം, അന്നും ഇന്നും അടുക്കളയാണ് ലോകമെന്നുവച്ച് സമൂഹത്തിലെ തിന്മകള്‍ക്കെതിരെ അറിവും കരുത്തും ആര്‍ജിക്കാതെ പാഴാക്കികളയുന്ന സ്ത്രീകള്‍ക്കു മുഴുവന്‍ ഉള്ളതാണ്. വിഭവങ്ങളൊരുക്കി കുഴഞ്ഞുപോകുന്ന മര്‍ത്തായെക്കാള്‍ വരാനിരിക്കുന്ന 'സ്വര്‍ഗരാജ്യത്തിനു'വേണ്ടി (സാമൂഹ്യമാറ്റത്തിനുവേണ്ടി) തന്‍റെ കാല്ക്കീഴിലിരുന്ന് വചനങ്ങള്‍ ശ്രവിക്കുന്ന (അറിവ് ആര്‍ജ്ജിക്കുന്ന) മറിയത്തിന്‍റെ പ്രവൃത്തി തനിക്കിഷ്ടമാണെന്നു പറയുവാന്‍ കാരണവും അതാണ്. മറിയം അദ്ദേഹത്തിന്‍റെ പാതയിലാവാന്‍ ആഗ്രഹിക്കുന്നവളാണ് എന്ന് ക്രിസ്തു വെളിപ്പെടുത്തുന്നു. അത് കുരിശിന്‍റെ പാതയാണ്. അതുകൊണ്ടുകൂടിയാണ്, കുരിശിന്‍റെ പാതയില്‍ തന്നെ ചൊല്ലിക്കരഞ്ഞ ജറൂസലേം പുത്രിമാരോട് അദ്ദേഹം ഇങ്ങനെ പറഞ്ഞത്: "എന്നെച്ചൊല്ലി കരയേണ്ട; നിങ്ങളെക്കുറിച്ചും നിങ്ങളുടെ മക്കളെക്കുറിച്ചും കരയുക." "പച്ചമരത്തോട് അവര്‍ ഇതു ചെയ്യുമെങ്കില്‍ ഉണങ്ങിയതിന് എന്തു സംഭവിക്കും?" തന്‍റെ വചനങ്ങള്‍ പാഴാവുകയില്ലെന്നും ഇതേറ്റെടുക്കുന്ന തലമുറകളെ ആ സ്ത്രീകള്‍ പ്രസവിക്കുമെന്നും അവരനുഭവിക്കേണ്ടിവരുന്ന പീഡകള്‍ ഇതിനേക്കാള്‍ ഭയങ്കരമായിരിക്കുമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. അമ്മമാര്‍ എന്ന നിലയില്‍ പുത്രരെക്കുറിച്ച് ഈ സ്ത്രീകള്‍ അനുഭവിക്കാനിരിക്കുന്ന യാതനകളെക്കുറിച്ചുള്ള വേദനയാണ് തന്‍റെ കുരിശുവഴിയിലും ക്രിസ്തുവിനെ പീഡിപ്പിച്ചത്. മകന്‍റെമേല്‍ വീഴുന്ന ഓരോ ചാട്ടയടിയിലും ആത്മാവില്‍ പുളഞ്ഞുകൊണ്ട് അവനോടൊപ്പം അവന്‍റെ അമ്മയും ആള്‍ക്കൂട്ടത്തില്‍ അവനെ പിന്തുടര്‍ന്നിരുന്നല്ലോ.
'സഭ' സ്ത്രീകളെ ഒഴിവാക്കണമെന്ന് ക്രിസ്തു പറഞ്ഞിട്ടില്ല. ('സഭ' തന്നെയും ക്രിസ്തുവിനുശേഷം രൂപം കൊണ്ടതാണല്ലോ). ദൈവവചനം പ്രചരിപ്പിക്കാന്‍ താന്‍ സഞ്ചരിച്ച ദിക്കുകളിലൊക്കെ തന്നോടൊപ്പം പോരാന്‍ 'പാപിനി'കള്‍ എന്നു വിശേഷിപ്പിക്കപ്പെട്ടവരായ സ്ത്രീകളെയടക്കം അവന്‍ അനുവദിച്ചിരുന്നു. 'പൗരോഹിത്യം' ക്രൈസ്തവസഭയില്‍ ക്രിസ്തുവിനുശേഷം വന്നുചേര്‍ന്നതാണ്. പൗരോഹിത്യപദവിയില്‍ നിന്ന് സ്ത്രീകളെ ഒഴിവാക്കിയിരിക്കണം എന്ന് ക്രിസ്തു എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നെനിക്കറിയില്ല. ക്രിസ്തുവിനു മുമ്പുതൊട്ടേയുള്ള ഒരു കീഴ്വഴക്കം മാത്രമാണ് അതെങ്കില്‍, തന്‍റെ പ്രവൃത്തികളിലൂടെ സ്ത്രീകളുടെ പദവി തുല്യതപ്പെടുത്തിയ ക്രിസ്തുവിന്‍റെ ദര്‍ശനങ്ങള്‍ ആ കീഴ്വഴക്കങ്ങളെ തിരുത്തിയിരുന്നു. ക്രിസ്തുവിനു ശേഷമുണ്ടായ 'പൗരോഹിത്യത്തില്‍' പോപ്പു മുതല്‍ക്ക് ശെമ്മാശന്‍വരെ പൗരോഹിത്യഅധികാരസ്ഥാനങ്ങളില്‍ പുരുഷന്മാര്‍ മാത്രം ആയിരിക്കുന്നത് ദൈവത്തെ 'പുരുഷനാ'ക്കിയ പരിമിതപ്പെടുത്തിയ അതേ പുരുഷാധിപത്യനീതിയാണ്. ക്രിസ്തു ഒരിക്കലും ഒരു പുരുഷാധിപതി ആയിരുന്നില്ല. എന്നുതന്നെയുമല്ല, അവന്‍റെ പുനരുത്ഥാനത്തിന്‍റെ സാക്ഷികളായി തിരഞ്ഞെടുക്കപ്പെടുവാന്‍ അവന്‍ സ്ത്രീകളെ യോഗ്യരാക്കുകയും ചെയ്തു. എന്നും 'മഗ്ദലനമറിയ'ത്തിന് ഉത്ഥാനത്തിന്‍റെ ദര്‍ശനം നല്കിയതിനുശേഷം "നീ എന്‍റെ സഹോദരരുടെ അടുക്കല്‍ പോയി അവരോട്, എന്‍റെ പിതാവിന്‍റെയും എന്‍റെ ദൈവത്തിന്‍റെയും നിങ്ങളുടെ ദൈവത്തിന്‍റെയും അടുക്കലേയ്ക്ക് ഞാന്‍ ആരോഹണം ചെയ്യുന്നു എന്നു പറയുക" എന്ന് അവളെയാണ് പുനരുത്ഥാനത്തിന്‍റെ സന്ദേശം ഏല്പിച്ചത് എന്നും നാം വായിക്കുന്നു. 'ഞാന്‍ കര്‍ത്താവിനെ കണ്ടു' എന്ന് ആഹ്ലാദത്തോടെ വിളിച്ചുപറഞ്ഞ മഗ്ദലനക്കാരി മറിയത്തിനുശേഷം മാത്രമാണ് ക്രിസ്തുവിന്‍റെ ശിഷ്യന്മാര്‍ക്ക് പോലും ആ ഭാഗ്യം കിട്ടിയത്.
ക്രിസ്തു, ജീവിതത്തില്‍ സ്ത്രീകള്‍ക്ക് പ്രദാനം ചെയ്തത് സൗഭാഗ്യമായിരുന്നു. എവിടെയോ നഷ്ടപ്പെട്ടുപോയ സൗഭാഗ്യം. സ്ത്രീയില്ലാതെ ജീവിതം ഇല്ലെന്നും പുരുഷന്‍റെ കാപട്യമാണ് സ്ത്രീയുടെ ദുര്‍ഗതിക്കു കാരണമെന്നും തിരിച്ചറിഞ്ഞവനാണ് ക്രിസ്തു. ആ തിരിച്ചറിവുണ്ടാകുമ്പോള്‍ നമ്മില്‍ പുതിയ വാതായനങ്ങള്‍ തുറക്കപ്പെടുകയും ജീവിതം ആനന്ദകരമാകുകയും ചെയ്യും.