news-details
മറ്റുലേഖനങ്ങൾ

വിപ്ലവത്തിന്‍റെ ചൂരുമായി ജനിച്ചവന്‍

"ആദിയില്‍ വചനമുണ്ടായിരുന്നു. വചനം ദൈവത്തോടുകൂടിയായിരുന്നു. വചനം ദൈവമായിരുന്നു. അവന്‍ ആദിയില്‍ ദൈവത്തോടുകൂടിയായിരുന്നു. സമസ്തവും അവനിലൂടെ ഉണ്ടായി. ഒന്നും അവനെക്കൂടാതെ ഉണ്ടായിട്ടില്ല. അവനില്‍ ജീവനുണ്ടായിരുന്നു. ആ ജീവന്‍ മനുഷ്യരുടെ വെളിച്ചമായിരുന്നു. ആ വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു. അതിനെ കീഴടക്കാന്‍ ഇരുളിന് കഴിഞ്ഞില്ല" (യോഹ 1:1-5)

ദൈവരാജ്യത്തിനും അതിന്‍റെ നീതിക്കും വേണ്ടിയുള്ള അന്വേഷണത്തിന് പ്രേരകമാകുന്നത് തീവ്രമായ സ്നേഹമാണ്. സ്നേഹമാണ് ജീവന്‍റെ ഉറവിടം. ദൈവസ്നേഹത്തിന്‍റെ ബഹിര്‍സ്ഫുരണമാണ് സൃഷ്ടി. ഉല്‍പ്പത്തി പുസ്തകത്തില്‍ വായിക്കുന്നതുപോലെ ദൈവം പ്രപഞ്ചത്തെ സൃഷ്ടിച്ചു. എല്ലാം നന്നായിരിക്കുന്നു എന്നു കണ്ടു. പ്രപഞ്ചസൃഷ്ടിക്ക് മകുടം ചാര്‍ത്താനെന്ന രീതിയില്‍ ദൈവം തന്‍റെ ഛായയില്‍ മനുഷ്യനെ സൃഷ്ടിച്ചു. സ്ത്രീയും പുരുഷനുമായി അവരെ സൃഷ്ടിച്ചു. അവിടുത്തെ സൃഷ്ടിയെ അവിടുന്ന് ആസ്വദിച്ചു. എല്ലാം നന്നെന്നു കണ്ടു. മനുഷ്യര്‍ തമ്മിലും പ്രപഞ്ചവുമായും ഒരു പാരസ്പരികബന്ധം നിലനിന്നിരുന്നു. പരസ്പര ആസ്വാദനത്തിന്‍റെയും അംഗീകാരത്തിന്‍റെയും പുഷ്ടിപ്പെടുത്തലിന്‍റേതുമായ ഒരു ആത്മബന്ധം.

ഈ ഭംഗിയെ, ഈ ഒരുമയെ, ഈ സ്നേഹാനുഭവത്തെ മനുഷ്യന്‍ കളങ്കപ്പെടുത്തി. മനുഷ്യര്‍ തമ്മില്‍ വേര്‍തിരിവുകളും വ്യത്യാസങ്ങളും ഉടലെടുത്തു. പിന്നീട് മത്സരങ്ങളുടെയും കീഴ്പ്പെടുത്തലുകളുടെയും നീണ്ട ചരിത്രമാണ് നാം കാണുന്നത്. ഇത് ആധിപത്യം സ്ഥാപിക്കുന്നതിലേക്കും പിടിച്ചെടുക്കലുകളിലേക്കും നയിച്ചതിന്‍റെ ചരിത്രമാണ്. മനുഷ്യനില്‍ ആര്‍ത്തിയും അഹങ്കാരവും വളര്‍ന്നു. അവര്‍ സൃഷ്ടികര്‍മ്മത്തിന്‍റെ നന്മകളെ വെല്ലുവിളിച്ചുകൊണ്ടാണ് മുന്നോട്ടു നീങ്ങിയത്. ഭിന്നിപ്പിന്‍റെയും അന്യവല്‍ക്കരണത്തിന്‍റെയും വിത്തുകള്‍ പ്രപഞ്ചത്തിലും ജീവിതത്തിലും വിതച്ചുകൊണ്ട്, നാശത്തിന്‍റെ പാതയിലേക്കുള്ള ചുവടുവയ്പായിരുന്നു പിന്നീടു നമുക്കു കാണുവാന്‍ കഴിയുന്നത്. കായേനും ആബേലും ബാബേല്‍ ഗോപുരവും അങ്ങനെ തുടരുകയായിരുന്നു.

മനുഷ്യന്‍റെ സ്വാര്‍ത്ഥതയും സ്നേഹരാഹിത്യവും ദൈവം നന്നെന്നു വിശേഷിപ്പിച്ച പ്രപഞ്ചത്തെയും മനുഷ്യരെത്തന്നെയും പ്രാകൃതവും അസ്വീകാര്യവുമാക്കിതീര്‍ത്തു. എന്നാല്‍, ദൈവത്തിന്‍റെ സ്നേഹം സമയത്തിന്‍റെ തികവില്‍ വീണ്ടും മനുഷ്യനെ തേടിയിറങ്ങിവന്നു. അങ്ങനെ, 'വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ചു'(യോഹ. 1:14). അന്നു നിലനിന്നിരുന്ന അന്ധവിശ്വാസങ്ങള്‍ക്കും അരാജകത്വത്തിനും ഒരു വെല്ലുവിളി എന്നോണം, യേശുവിന്‍റെ ആഗമനം തന്നെ എല്ലാം കൊണ്ടും പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നവല്ലോ. രാജ്ഞിമാരും രാജകൊട്ടാരങ്ങളും രക്ഷകന്‍റെ വരവിനായി കാത്തിരുന്നപ്പോള്‍ അവരുടെയെല്ലാം പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ടായിരുന്നു യേശുവിന്‍റെ ജനനം. കുറ്റപ്പെടുത്തലുകള്‍ക്കും അപമാനിക്കപ്പെടലിനും അന്നും വിധേയയാത് മേരിയെന്ന സ്ത്രീയായിരുന്നു. അന്നത്തെ സമൂഹത്തില്‍ നിന്നും വ്യത്യസ്തമല്ല ഇക്കാര്യത്തില്‍ ഇന്നത്തെ സമൂഹവും കുറ്റപ്പെടുത്തലുകളുടെ ചൂണ്ടുവിരലുകള്‍ ഇന്നും സ്ത്രീയുടെ നേര്‍ക്കു മാത്രം തന്നെയല്ലേ. പുരുഷന്മാര്‍ എല്ലായിടവും ന്യായീകരിക്കപ്പെടുകയും നീതികരിക്കപ്പെടുകയും ചെയ്യുന്നു. അന്നത്തെ സാഹചര്യത്തെയും വ്യക്തിയെയും ഉള്‍ച്ചേര്‍ത്തുകൊണ്ട് നീതിമാനാക്കപ്പെട്ട വളര്‍ത്തച്ഛനായിരുന്നുവല്ലോ ജോസഫ്. എന്നാല്‍ മേരിയുടെയും ജോസഫിന്‍റെയും ജീവിതത്തില്‍ സംഭവിച്ചത് ഒരു യാദൃശ്ചികതയായിരുന്നില്ല. അത് ബോധപൂര്‍വ്വമായ തിരഞ്ഞെടുപ്പിന്‍റെയും സമര്‍പ്പണത്തിന്‍റെതും ത്യാഗത്തിന്‍റേതുമായ മുന്നൊരുക്കം ആയിരുന്നു. പിറക്കാന്‍ കാലിത്തൊഴുത്തു തിരഞ്ഞെടുത്തതിലൂടെ തന്നെ തന്‍റെ ആഗമനോദ്ദേശ്യം വെളിവാക്കിയ യേശു. പഴന്തുണികളാല്‍ പൊതിഞ്ഞ്, ആട്ടിടയരാല്‍ ശുശ്രൂഷിക്കപ്പെട്ടപ്പോഴും തന്‍റെ പക്ഷംചേരല്‍ വ്യക്തമായും ശക്തമായും യേശു വെളിപ്പെടുത്തുകയായിരുന്നല്ലോ.

വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചതിന്‍റെ ഓര്‍മ്മപ്പെരുന്നാള്‍ ഇന്നു നാം എങ്ങനെയാണ് കൊണ്ടാടുന്നത്? തൊട്ടുമുത്തി ആചാരം കാണിക്കുന്നതിനപ്പുറത്തേക്ക് കടക്കുന്നുണ്ടോ? യേശുവിന്‍റെ ജനനപ്പെരുന്നാളിന്‍റെ ആഘോഷത്തിനു മുന്നൊരുക്കമായി നാം ആചരിക്കുന്ന ഉപവാസവും നോമ്പും ഏശയ്യാ പ്രവാചകന്‍റെ യഥാര്‍ത്ഥ ഉപവാസത്തെപ്പറ്റിയുള്ള കാഴ്ചപ്പാടില്‍ നിന്നും ഏറെദൂരെയാണ്. 'ദുഷ്ടതയുടെ കെട്ടുകള്‍ പൊട്ടിക്കുകയും നുകത്തിന്‍റെ കയറുകള്‍ അഴിക്കുകയും മര്‍ദ്ദിതരെ സ്വതന്ത്രരാക്കുകയും എല്ലാ നുകങ്ങളും ഒടിക്കുകയും ചെയ്യുന്നതല്ലേ ഞാന്‍ ആഗ്രഹിക്കുന്ന ഉപവാസം' (ഏശയ്യ 58:6).

യേശുവിന്‍റെ ആഗമനോദ്ദേശ്യം വ്യക്തമായും ലൂക്കായുടെ സുവിശേഷത്തില്‍ നമുക്കു കാണാം. 'കര്‍ത്താവിന്‍റെ ആത്മാവ് എന്‍റെമേല്‍ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കുവാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതര്‍ക്കു മോചനവും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും കര്‍ത്താവിന് സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കാന്‍ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു' (ലൂക്കാ 4: 18-19). ഏശയ്യായുടെ പ്രവചനം ഇവിടെ പൂര്‍ത്തിയായിരിക്കുന്നതു നമുക്കു മനസ്സിലാക്കാം.

ദൈവം നമുക്ക് അനുഭവവേദ്യയമായിത്തീരുന്നത് സ്നേഹത്തിന്‍റെയും നീതിയുടെയും സ്വാതന്ത്ര്യത്തിന്‍റെയും പശ്ചാത്തലത്തിലാണ്. മഹത്തായ സത്യമാണ് അത്. ദൈവത്തെ നമ്മുടെ ഇഷ്ടാനിഷ്ടങ്ങള്‍ സാധിച്ചുതരുന്ന, അഥവാ പ്രീതിപ്പെടുത്തിയാല്‍ സഹായിക്കുന്ന, ശിക്ഷയില്‍നിന്ന് രക്ഷിക്കുന്ന ഒരു ചെറിയ സത്യമായി മാത്രം ചിത്രീകരിക്കുകയാണ് ഇന്നു നടന്നുവരുന്നത്. അപരരെ സ്നേഹിക്കുകയും വിശ്വസിക്കുകയും അവരുടെ ആവശ്യങ്ങളില്‍ ഒപ്പമായിരിക്കുകയും പങ്കുവയ്ക്കുകയും അനീതികളെയും മനുഷ്യത്വത്തെ ഹനിക്കുന്ന എന്തിനെയും ചോദ്യം ചെയ്യുകയും നന്മയില്‍ അധിഷ്ഠിതമായ മാറ്റത്തിനുവേണ്ടി ഒന്നിച്ചു നീങ്ങുകയും ചെയ്യുമ്പോഴാണ് ദൈവാനുഭവം യാഥാര്‍ത്ഥ്യമാകുന്നത്. പ്രപഞ്ചത്തിന്‍റെ താളത്തില്‍ മനുഷ്യന്‍ സൃഷ്ടിച്ച വ്യതിയാനങ്ങളും മനുഷ്യര്‍ തമ്മിലുള്ള പൊരുത്തക്കേടുകളും സാമൂഹ്യഉച്ചനീചത്വങ്ങളും മാറ്റിയെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ഉള്‍ച്ചേര്‍ന്നതിലൂടെ, വ്യക്തികളും സഭയും തങ്ങളുടേതായ ക്രിസ്തീയ ഉത്തരവാദിത്വം ഏറ്റെടുക്കുക മാത്രമാണ് ചെയ്യുന്നത്.

യേശുവിന്‍റെ സ്നേഹത്തിന്‍റെ ആഴം മനസ്സിലാക്കണമെങ്കില്‍ അദ്ദേഹം നടന്നുനീങ്ങിയ വഴികളും എടുത്ത തീരുമാനങ്ങളും പക്ഷംചേരലുകളും തിരിച്ചറിയണം. യേശു നേരിട്ട സഹനവും വിചാരണയും കുരിശുമരണവും നാം കാണണം. നസ്രത്തില്‍ നിന്നും ജറൂസലേമിലെ അധികാരകേന്ദ്രങ്ങളിലേക്കുള്ള നിര്‍ഭയമായ ആ യാത്ര, താന്‍ നുകരാന്‍ പോകുന്ന കയ്പ്പുനീരിന്‍റെ സത്യം അറിഞ്ഞുകൊണ്ടുതന്നെയാണ്. ആ സ്നേഹം തിരസ്കരിക്കലിന്‍റെതല്ല, ഉള്‍ക്കൊള്ളലിന്‍റേതായിരുന്നു. സമൂഹത്തിന്‍റെ താഴെത്തട്ടില്‍ പരിചരിക്കപ്പെട്ടിരുന്ന മത്സ്യത്തൊഴിലാളികളെയും ചുങ്കക്കാരെയും പാപികളെന്നു മുദ്രകുത്തപ്പെട്ടിരുന്നവരെയും അണിചേര്‍ത്തു മുന്നോട്ടുനീങ്ങുവാന്‍ കൈക്കൊണ്ട യേശുവിന്‍റെ തീരുമാനം ഒരു വിപ്ലവകാരിയുടേതായി കണക്കാക്കമെങ്കില്‍ ആ വിപ്ലവത്തിന്‍റെ അനന്തരഫലം എന്തായിരിക്കുമെന്ന് അദ്ദേഹത്തിന് ഉത്തമബോധ്യമുള്ളതുകൊണ്ടു കൂടിയായിരുന്നില്ലേ? കുഷ്ഠരോഗികളെയും വേശ്യകളെയും നിരാലംബരെയും ഉള്‍ച്ചേര്‍ത്ത യേശു, സ്ത്രീകളോടുള്ള സമൂഹത്തിന്‍റെ പെരുമാറ്റത്തെ തന്‍റെ പ്രവൃത്തികള്‍കൊണ്ടുതന്നെ വിമര്‍ശിച്ചുവല്ലോ. 'നിങ്ങളില്‍ പാപമില്ലാത്തവര്‍ ആദ്യം അവളെ കല്ലെറിയട്ടെ' (യോഹ. 8:7) എന്ന് യേശു പറഞ്ഞപ്പോള്‍ കല്ലെറിയാന്‍ ആര്‍ത്തിപൂണ്ടുനിന്ന പ്രമാണിമാരുടെ കൈകള്‍ ഉയരാതിരുന്നത് എന്തുകൊണ്ട്? സ്ത്രീയുടെ അന്തസും ആഭിജാത്യവും സമൂഹത്തിനു മുന്നില്‍ പ്രഖ്യാപിക്കുകയാണ് യേശു. ആചാരാനുഷ്ഠാനങ്ങളുടെയും നിയമസംഹിതകളുടെയും മറയിലിരുന്നുകൊ ണ്ട്, സമൂഹത്തിന്‍റെ മുഖ്യധാരയില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ടവര്‍ക്ക് അയിത്തം കല്പിച്ചിരുന്ന യഹൂദമേലാളന്മാര്‍ക്ക് യേശു ഒരു വെല്ലുവിളിയായി മാറിയെങ്കില്‍ ആ വിപ്ലവചൈതന്യത്തെ എങ്ങനെയാണ് നാം മനസ്സിലാക്കേണ്ടത്? നിയമത്തിനും നീതിയുടെ നടത്തിപ്പിനും പ്രാധാന്യം നല്കുന്ന സമീപകാല പരിഷ്കൃതസമൂഹം ഇവയിലുള്‍ച്ചേര്‍ന്നിരിക്കുന്ന ഇരട്ടത്താപ്പ് തിരിച്ചറിയുന്നില്ല.

മനുഷ്യര്‍ തമ്മില്‍ അകല്‍ച്ചയുണ്ടാക്കുന്ന നടപടികള്‍ ദൈവേഷ്ടമോ ദൈവികരാജ്യത്തിനു ചേര്‍ന്നതോ അല്ല. ഇന്നു നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന വൈരുദ്ധ്യങ്ങളെല്ലാം മനുഷ്യര്‍ തമ്മിലുള്ള അകല്ച്ച വര്‍ദ്ധിപ്പിക്കുകയാണ്. ഈ വൈരുദ്ധ്യങ്ങള്‍ ഇല്ലാതാക്കുന്ന ഇടപെടല്‍ ഒരു രാഷ്ട്രീയ ഇടപെടലാണ്. ഇതു നമുക്കു നിഷിദ്ധമല്ല. ഇസ്രായേല്‍ ജനത്തെ ഫറവോന്‍റെ അടിമത്തത്തില്‍ നിന്നും രക്ഷിച്ച മോശയുടെ പ്രവൃത്തിയും രാഷ്ട്രീയ ഇടപെടല്‍ തന്നെയല്ലേ. ഇവിടെയെല്ലാം ദൈവകരം വളരെ ഫലപ്രദമായി പ്രവര്‍ത്തിച്ചതിന്‍റെ അടയാളങ്ങളുമുണ്ട്. യേശുവിന്‍റെ ഇടപെടലുകളും രാഷ്ട്രീയമായിരുന്നു. അധികാര കേന്ദ്രങ്ങളോടുള്ള പോരാട്ടം രാഷ്ട്രീയ ഇടപെടല്‍ തന്നെയല്ലേ. അന്നത്തെ ഭരണാധികാരികളെയും വ്യവസ്ഥാപിതതാല്‍പര്യങ്ങളെയും ചോദ്യം ചെയ്തുകൊണ്ടാണല്ലോ യേശു കുരിശുമരണത്തിലേക്ക് നയിക്കപ്പെട്ടത്.

ദരിദ്രനു ദാനം ചെയ്യുന്നവരെ അംഗീകരിക്കുകയും അവര്‍ എന്തുകൊണ്ട് ദരിദ്രരായിരിക്കുന്നു എന്നുള്ള ചോദ്യത്തെ നിഷേധവുമായി കരുതുന്നു. ഇത്തരം ചോദ്യങ്ങള്‍ ഉയര്‍ത്തുന്നവരെ, ഒരു പക്ഷം പിടിക്കുന്നവരെന്നും വിപ്ലവകാരികളെന്നും മുദ്ര  കുത്തുന്നു. ഇതു പറയുന്നവര്‍ തന്നെ, തങ്ങള്‍ മറുപക്ഷത്തെ ന്യായീകരിക്കുന്നവരാണെന്ന് സൗകര്യപൂര്‍വ്വം മറക്കുന്നു. 'വിശക്കുന്നവര്‍ക്കു ഭക്ഷണം നല്‍കുമ്പോള്‍ എന്നെ നിങ്ങള്‍ വിശുദ്ധനെന്നു വിളിക്കും. എന്നാല്‍, എന്തുകൊണ്ട് അവര്‍ക്കു വിശക്കുന്നു എന്നു ചോദിക്കുകയാണെങ്കില്‍ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റുകാരന്‍ എന്നു വിളിക്കും' (ബിഷപ്പ് ഹെല്‍ഡര്‍ കമാറ).

You can share this post!

ജലശയ്യയില്‍

ഫാ. ഷാജി സി. എം. ഐ.
അടുത്ത രചന

മെഡിക്കല്‍ മിഷന്‍ സന്യാസസഭ ഒരു നൂറ്റാണ്ട് പിന്നിടുമ്പോള്‍

സി. മിനി ഒറ്റപ്ലാക്കല്‍ എം.എം.എസ്.
Related Posts