ഇന്ദ്രിയങ്ങളില്‍ രമിച്ചു കഴിയുന്ന ഒരാള്‍ എപ്പോഴും ജീവിതത്തിന്‍റെ ഉപരിതലത്തിലാണ്. അതിന്‍റെ ആഴങ്ങളിലേയ്ക്ക്, അജ്ഞാതരഹസ്യങ്ങളിലേയ്ക്ക്, അതീതങ്ങളിലേക്ക് വേദനയാണ് അയാളെ നയിക്കുന്നത്. ശരീരത്തിനോ മനസ്സിനോ ഉണ്ടാകുന്ന ചെറിയ വേദനയില്‍ നിന്നാണ്, ദുഃഖത്തില്‍ നിന്നാണ് യഥാര്‍ത്ഥത്തില്‍ മനുഷ്യന്‍ ജീവിതത്തെ അറിയാന്‍ തുടങ്ങുന്നത്. രോഗം, വാര്‍ദ്ധക്യം, മരണം. ജീവിതത്തിന്‍റെ പൊരുളിലേയ്ക്ക്, വേദനയിലേയ്ക്ക് തുറക്കുന്ന മൂന്നു വാതിലുകള്‍. അതിലൂടെ ഓരോ മനുഷ്യനും കടന്നുപോകുന്നുണ്ട്. ഗൗതമബുദ്ധന്‍, സെ. ഫ്രാന്‍സീസ്, പക്ഷെ, ഇതിലൂടെ കടന്നുപോകുമ്പോള്‍ അവര്‍ക്കുണ്ടായ ബോധദീപ്തി, നാം സാധാരണ മനുഷ്യര്‍ക്ക് ഒരു കഥയായിരിക്കുന്നു.
ദിവ്യമായ ഒരു പാത്രത്തില്‍ ദുഃഖത്തെ ഒരാള്‍ രുചിക്കുകയാണെങ്കില്‍ അത് അത്ഭുതകരമായിരിക്കും എന്ന് സെന്‍റ് ഫ്രാന്‍സീസിനെപോലെ കാണിച്ചു തന്നവര്‍ ചുരുക്കം. കാരണം, ദുഃഖം നരവേദനയുടെയും യാതനയുടെയും ഉറവിടത്തില്‍ നിന്നു തന്നെ പാനം ചെയ്യാന്‍ കഴിഞ്ഞതുകൊണ്ടാണ്, അതില്‍ നിന്നുണ്ടായ ശക്തികൊണ്ടാണ്, ഒരു ധനികകുടുംബ പശ്ചാത്തലത്തില്‍ ജനിച്ച സാധാരണക്കാരനായിരുന്ന ഫ്രാന്‍സീസിന്, ഫ്രാന്‍സീസ് പുണ്യവാളനാകാന്‍ കഴിഞ്ഞത്. അദ്ദേഹം വേദനിച്ചതുപോലെ മതാത്മകമായ ഒരു മനസ്സും ലോകത്ത് ഇന്നുവരെ വേദനിച്ചിരിക്കില്ല.
ഉണര്‍ന്നിരിക്കുമ്പോഴൊക്കെ "ഞാന്‍ ശരീരം, ഞാന്‍ ശരീരം" എന്നു വിളംബരപ്പെടുത്തുന്ന തീര്‍ത്തും ഭൗതികമായ ഒരു ലോകത്തിലാണ് നാം പുലരുന്നത്. ജീവിതത്തെ ഒരു നരകമാക്കുന്നത് ഇതാണ്.
മനുഷ്യന്‍റെ മനസ്സ്, ആര്‍ത്തി, അസൂയ, കോപം, വെറുപ്പ് എല്ലാം ഉണര്‍ന്നിരിക്കുമ്പോഴാണ് നടക്കുന്നത്. ഭക്ഷണം, ലൈംഗികത, ഇതര ഇന്ദ്രിയ സുഖങ്ങള്‍ എല്ലാം ഉണര്‍ന്നിരിക്കുമ്പോഴാണ് നടക്കുന്നത്. ഇതെല്ലാം തീര്‍ത്തും ശാരീരികവും. മനുഷ്യവംശത്തിന്‍റെ മുഴുവന്‍ പ്രയത്നവും കഠിനസഹനവും ഒക്കെ, ക്ഷണനേരം കൊണ്ട് പൊലിഞ്ഞു പോകുന്ന ഈ മണ്‍ചെരാതിനുവേണ്ടി. സംസ്കാരത്തിന്‍റെ ഉദയം മുതല്‍ ഉണ്ടായതും ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നതുമായ യുദ്ധം, മനുഷ്യേതര ജീവജാലങ്ങള്‍ക്കു നേരെ മനുഷ്യന്‍ കാട്ടിക്കൊണ്ടിരിക്കുന്ന ക്രൂരമായ പെരുമാറ്റം, ഹിരോഷിമ, നാഗസാക്കി, മനുഷ്യന്‍റെ ചെറുതും വലുതുമായ എല്ലാ പെരുമാറ്റ വൈകല്യങ്ങളും, ജീവന്‍ പോയാല്‍ കെട്ടുനാറുന്ന, ഒടുവിലൊരു പിടി ചാരമാകുന്ന ശരീരത്തിനുവേണ്ടി.
സൂക്ഷ്മതയുള്ളൊരാള്‍ക്ക് ശരീരത്തെ നരകത്തില്‍ നിന്ന് സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള ഒരു നൗകയാക്കി മാറ്റാനാവും. ഉറക്കത്തെയും വേദനയെയും ആഴത്തിലറിഞ്ഞാല്‍ ഒരാള്‍ക്ക് ഉണര്‍വിലേയ്ക്ക്, മുക്തിയിലേയ്ക്ക്, സൗഖ്യത്തിലേയ്ക്ക് അണയാനാവും. ഉറക്കത്തില്‍ എന്തുണ്ടാകുന്നു? ഉറക്കത്തില്‍ ഒരാള്‍ മരിക്കുന്നു. ഒന്നുമില്ലാത്തവനാകുന്നു, ഒന്നുമല്ലാത്തവനാകുന്നു, ആരുമില്ലാത്തവനാകുന്നു, ആരുമല്ലാത്തവനാകുന്നു. ഏതു രോഗിക്കും എല്ലാം നഷ്ടപ്പെട്ട ഒരാള്‍ക്കും ഏതു തരം യാതന തിന്നുന്നൊരാള്‍ക്കും ഉറക്കത്തില്‍ പരമസുഖമാണ്. എന്തെന്നാല്‍, അപ്പോള്‍ അയാള്‍, ബോധമനസ് തീര്‍ത്തും ഇല്ലാതാകുന്നു.
ഒരാള്‍ക്ക് ഉണര്‍ന്നിരുന്നു കൊണ്ട് ഉറക്കത്തില്‍ ഉണ്ടാകുന്ന സുഖം, ശാന്തി, നവീകരണം ഉണ്ടാക്കാനാവുമോ? യഥാര്‍ത്ഥത്തില്‍ എല്ലാ ധ്യാനരീതികളും ഇതിനുവേണ്ടിയുള്ള ഒരു 'ടെക്നോളജി'യത്രെ. ഇതുപയോഗിച്ച് ശരീരത്തിനപ്പുറത്തേയ്ക്ക്, ആത്മാവിന്‍റെ സൂക്ഷ്മാനുഭവത്തിലേയ്ക്ക് ഒരാള്‍ക്കു പോകാനാവുന്നു. എന്നാല്‍, ശരീരമെന്ന 'മീഡിയ' ത്തിലിരുന്നുകൊണ്ട്, ശരീരം നല്‍കുന്ന മുഴുവന്‍ സുഖങ്ങളെയും നിരസിച്ചുകൊണ്ട് ദൈവത്തെ അറിയാനുള്ള ദുര്‍ഗ്ഗമമായ മാര്‍ഗ്ഗം വെട്ടിത്തുറന്ന, ലോകം കണ്ട ഏറ്റവും വലിയ വിപ്ലവകാരിയത്രെ സെന്‍റ്. ഫ്രാന്‍സീസ്. ഭൗതിക വിപ്ലവത്തിന്‍റെ, കമ്മ്യൂണിസത്തിന്‍റെ അപ്പസ്തോലനായ ലെനിന്‍ മരിക്കുന്നതിനു മുമ്പ്, അതുകൊണ്ടാണ്, "റഷ്യയില്‍ എന്നെപ്പോലുള്ളവരല്ല, സെന്‍റ് ഫ്രാന്‍സീസിനെ പോലുള്ള കുറച്ചു പേരാണ് ഉണ്ടാവേണ്ടിയിരുന്നത്" എന്നു തിരിച്ചറിഞ്ഞത്. ലെനിന്‍ പറഞ്ഞത് തുടര്‍ന്നു വന്നവര്‍ മാവോസെതുങോ, ഹോചിമിന്‍ പോലുമോ സൂക്ഷ്മമായറിയുകയുണ്ടായില്ല. അവരാരെങ്കിലുമത് അങ്ങനെതന്നെ അറിഞ്ഞിരുന്നെങ്കില്‍ ഭൂമിയില്‍ ഒരാത്മീയ കമ്മ്യൂണിസം സംഭവിക്കുമായിരുന്നു.
കമ്മ്യൂണിസം മനുഷ്യന്‍റെ ഭൗതികമായ തുല്യത, ദാരിദ്ര്യത്തിന്‍റെ നിര്‍മാര്‍ജ്ജനം ഉറപ്പുവരുത്തുന്നതില്‍ പോലും പരാജയപ്പെട്ടു. എന്തെന്നാല്‍ അവര്‍ ഭൂമിയിലെ ഏറ്റവും വലിയ വിപ്ലവകാരിയെ, സെന്‍റ് ഫ്രാന്‍സീസിനെ അറിഞ്ഞില്ല.
ഭൗതികവാദഗ്രസ്തമായ ലോകത്തെ, അതിലുറച്ചുപോയ മതത്തിന്‍റെ യാഥാസ്ഥിതിക രൂപങ്ങളെ അട്ടിമറിക്കുന്ന ഒരു തീവ്രവാദം സെന്‍റ് ഫ്രാന്‍സീസിലുണ്ട്. ഒരു മനുഷ്യന്‍ എല്ലാമായിക്കാണുന്ന സ്വശരീരത്തെ, ഭക്ഷണത്തെ, വസ്ത്രത്തെ, വീടിനെ, ഇണയെ സെന്‍റ് ഫ്രാന്‍സീസിനെ പോലെ നിരസിച്ചവരെ മതത്തിന്‍റെ ചരിത്രത്തില്‍ കാണാനാവില്ല. എല്ലാവരും തന്നെ സ്നേഹിക്കുന്നത് നല്കുന്ന സുഖം നിഷേധിക്കാന്‍ അദ്ദേഹം സര്‍വരുടെയും മുന്നില്‍ ആര്‍ക്കും ഇഷ്ടം തോന്നാത്ത, പുച്ഛവും വെറുപ്പും പരിഹാസവും ഉളവാക്കുന്ന ഒരാളാകാന്‍ ശ്രമിച്ചുകൊണ്ടാണ് തന്‍റെ വിപ്ലവം ആരംഭിക്കുന്നത്. വീടിനടുത്തുള്ളവര്‍ക്കെല്ലാം ഒരിക്കല്‍ പ്രിയങ്കരനായിരുന്നു അദ്ദേഹം. അതില്ലാതാക്കണം അതിനായി ഒരു കോമാളിയുടെ, ഭ്രാന്തന്‍റെ, ആര്‍ക്കും അനിഷ്ടം ഉണ്ടാക്കുന്നൊരാളുടെ നില സ്വയം സൃഷ്ടിച്ചുകൊണ്ട് അദ്ദേഹം വീട്ടുകാരില്‍ നിന്നും നാട്ടുകാരില്‍ നിന്നും വിട്ടുപോകുകയാണ്. അദ്ദേഹത്തെ ഭ്രാന്തമായി സ്നേഹിക്കുന്ന ക്ലാരയെ ആരുടെയും കരളലിഞ്ഞു പോകുന്ന തരത്തിലുള്ള ക്രൂരതയോടെയാണ് അദ്ദേഹം നിരസിക്കുന്നത്. ഒടുവില്‍ എത്ര ആട്ടിപ്പായിച്ചിട്ടും വേദനിപ്പിച്ചിട്ടും അപമാനിച്ചിട്ടും ആ പെണ്‍കുട്ടി സ്നേഹമൂര്‍ത്തിയായ ഫ്രാന്‍സീസില്‍ നിന്നു പിരിയുകല്ല, അകലാനാകാത്ത തരത്തില്‍ അടുക്കുകയാണ്. അവളുടെ നേരെ കാണിച്ചതുപോലുള്ള അവഗണന, അവജ്ഞ അദ്ദേഹം പുരുഷനോടാണ് കാണിച്ചതെങ്കില്‍ അയാള്‍ ഒരിക്കല്‍പോലും അദ്ദേഹത്തെ തിരിഞ്ഞു നോക്കുമായിരുന്നില്ല. ഉയിര്‍ത്തെഴുന്നേറ്റ യേശുവിനെ തിരിച്ചറിഞ്ഞ മഗ്ദലന മറിയത്തെപ്പോലെ - പ്രിയപ്പെട്ട ശിഷ്യന്മാര്‍ക്കൊപ്പം കുറെ ദൂരം നടന്നിട്ടും അവരിലൊരാള്‍ പോലും യേശുവിനെ തിരിച്ചറിയുകയുണ്ടായില്ല - സെന്‍റ് ഫ്രാന്‍സീസിനെ പ്രണയത്തിന്‍റെ പുണ്യവാനായി തിരിച്ചറിയാന്‍ അവള്‍ക്ക് സാധിച്ചത് ഒരത്ഭുതമല്ല. ഒടുവിലവള്‍ക്കും സെന്‍റ് ഫ്രാന്‍സീസ് സന്യാസദീക്ഷ നല്‍കുന്നുണ്ട്. അതിനുശേഷമൊരിക്കല്‍ ക്ലാര ഫ്രാന്‍സീസിനോടു ചോദിക്കുന്നുണ്ട്: "ഒരിക്കലും ആശ്വാസം കണ്ടെത്താനാവാത്തതാണ് സ്ത്രീഹൃദയം. അങ്ങ് ഞങ്ങള്‍ക്ക് സമാശ്വാസം നല്‍കി, സ്വസ്ഥത നല്‍കി. അങ്ങേയ്ക്കുവേണ്ടി ഞങ്ങള്‍ എന്താണ് ചെയ്യേണ്ടത്"?
ഫ്രാന്‍സീസ് മൊഴിയുന്നു: "നിങ്ങള്‍ കണ്ടുമുട്ടുന്ന ഓരോ ദരിദ്രനില്‍ നിന്നും ഒരുതുണ്ടു തുണി ഇരന്നു വാങ്ങുന്നതുകൊണ്ടെനിക്ക് ഒരു കുപ്പായം തുന്നിത്തരണം" അത്തരത്തിലൊരു കുപ്പായമിട്ട് 'ദാരിദ്ര്യത്തിന്‍റെ രാജകുമാരനായി സ്വയം പ്രഖ്യാപിക്കുന്ന സെന്‍റ് ഫ്രാന്‍സീസ് ദാരിദ്ര്യത്തെ ന്യായീകരിക്കുകയും അതുവഴി അസമത്വത്തെ പിന്തുണയ്ക്കുകയും മുതലാളിത്തത്തിന്‍റെ പക്ഷത്തു നില്ക്കുകയും ചെയ്യുന്ന പ്രതിലോമകാരിയല്ലെ എന്ന് കമ്മ്യൂണിസ്റ്റ് സുഹൃത്തുക്കള്‍ ചോദിക്കുന്നു. യഥാര്‍ത്ഥത്തില്‍, മനുഷ്യന്‍ ആത്മാവിനെ വെടിഞ്ഞ്, കേവലം ശരീരം മാത്രമായി പുലര്‍ന്നുപോരുന്ന ഒരു ജീവിതത്തിന്‍റെ 'ഭൗതിക തീവ്രവാദത്തെ' നിഷേധിക്കാനുള്ള ഒരു വഴിയായിട്ടാണ് സെന്‍റ് ഫ്രാന്‍സീസിന്‍റെ ഇത്തരം പെരുമാറ്റങ്ങള്‍ കാണേണ്ടത്.
"വിശുദ്ധ ദാരിദ്ര്യമേ, നീയാണ് ഞങ്ങളുടെ വധു, സമ്പത്ത്. ഞങ്ങളെ നീ ഒരിക്കലും പിരിയാതെ, എപ്പോഴും വിശന്നും ദാഹിച്ചും തണുത്തും കുളിര്‍ത്തും കഴിയാന്‍, ഒരിക്കലും തലചായ്ക്കാന്‍ ഒരിടമില്ലാതിരിക്കാന്‍ നീ ഞങ്ങളെ അനുഗ്രഹിച്ചാലും" ഇതായിരുന്നു സെന്‍റ് ഫ്രാന്‍സീസിന്‍റെ പ്രാര്‍ത്ഥന.