news-details
മറ്റുലേഖനങ്ങൾ

വിശുദ്ധ ഫ്രാന്‍സിസ് ഞങ്ങളെയും സുഖപ്പെടുത്തുക

ക്രിസ്തുവിനു സമനായി ക്രിസ്തു മാത്രമെ ഉള്ളു. അതേസമയം ക്രിസ്തുവിനെപ്പോലെ ജീവിക്കുവാന്‍ ശ്രമിച്ചിട്ടുള്ള വിശുദ്ധന്മാര്‍ പലരുണ്ട്. ഓരോ വിശുദ്ധനും ക്രിസ്തുവിനെ എങ്ങനെ സാക്ഷാത്ക്കരിക്കാനാവുമെന്നു നമ്മെ കാണിച്ചുതരുന്നു. ദൈവത്തെ ജീവിതകാലത്ത് പ്രസാദിപ്പിച്ചിട്ടുള്ള മഹാപരിശുദ്ധന്മാരുടെ മുന്‍പന്തിയിലാണ് അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സീസിന്‍റെ സ്ഥാനം. ജീവിതം മുഴുവന്‍ ക്രിസ്തുവുമായി താദാത്മ്യം നേടാന്‍ അദ്ദേഹം ശ്രമിച്ചു. ക്രിസ്തുവിനെ അദ്ദേഹം ഉള്‍ക്കൊണ്ടു ക്രിസ്തുവിനെപ്പോലെ ജീവിക്കുവാന്‍ ഓരോ ക്രിസ്ത്യാനിക്കും സാധിക്കുമെന്നു ലോകത്തെ ബോധ്യപ്പെടുത്താന്‍ വി. ഫ്രാന്‍സീസിനു കഴിഞ്ഞു.

ക്രിസ്തു ശിഷ്യരോടു പറഞ്ഞതു താന്‍ അവരെ സ്നേഹിച്ചതുപോലെ അവരും അന്യോന്യം സ്നേഹിക്കണമെന്നാണ്. യേശുവിനെ സ്നേഹിക്കുന്നവര്‍ യേശുവിന്‍റെ കുരിശും വഹിച്ചുകൊണ്ട് യേശുവിനെ അനുഗമിക്കണം. നിത്യജീവന്‍ തേടിവന്ന യുവാവിനോട് യേശു ആവശ്യപ്പെട്ടു. അയാള്‍ക്കുള്ള സ്വത്തുമുഴുവന്‍ ദരിദ്രര്‍ക്കു നല്‍കിയിട്ട് യേശുവിനെ അനുഗമിക്കുവാന്‍ സെന്‍റ് പോള്‍ എഴുതി. ക്രിസ്തുവിനെ സ്വീകരിച്ചവര്‍ ക്രിസ്തുവില്‍ ജീവിക്കണമെന്ന്. ഓരോ വിശ്വാസിയും ക്രിസ്തുവില്‍ ജീവിക്കണം, ക്രിസ്തു ഓരോ വിശ്വാസിയിലും ജീവിക്കണം. സഭ വിശ്വാസിയെ ഇതിനു സഹായിക്കുന്നു. തോമസ് അക്വീനാസ് ആവശ്യപ്പെട്ടു, വിശ്വാസി ക്രിസ്തുവിനെ അനുകരിക്കണമെന്ന്.

ആധുനിക ഘട്ടത്തില്‍ ജര്‍മ്മന്‍ ചിന്തകനായ ഡട്രിച്ച് ബോണ്‍ഹോഫര്‍ പറഞ്ഞു ഓരോ വിശ്വാസിയും ശരിക്കും ക്രിസ്തുവിന്‍റെ ശിഷ്യനാകണമെന്ന്. ശിഷ്യത്വത്തിനു നല്‍കേണ്ട വില വലുതാണ്. അതുകൊടുത്തേ മതിയാവൂ.

ലോകചരിത്രകാരന്മാര്‍ വി. ഫ്രാന്‍സീസിനെ മറ്റൊരു ക്രിസ്തുവെന്നു വരെ വിശേഷിപ്പിച്ചിട്ടുണ്ട്. അത്രക്ക് ആ മഹാവിശുദ്ധന്‍ ക്രിസ്തുവിനെ സ്വന്തം ജീവിതത്തില്‍ സാക്ഷാത്ക്കരിച്ചു. ലോകം മുഴുവന്‍ ക്രിസ്തുവിനെ ഒരു മഹാഗുരുവായി അംഗീകരിച്ചിട്ടുണ്ട്. ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ക്രിസ്തു ഗുരു മാത്രമല്ല, പൂര്‍ണ്ണമനുഷ്യനും പൂര്‍ണ്ണദൈവവുമാണ്. ക്രിസ്ത്യാനികള്‍ ക്രിസ്തുവിനെ രക്ഷകനായി അംഗീകരിക്കുന്നു. ക്രിസ്തുവിനോടു പ്രാര്‍ത്ഥിക്കുന്നു. അത്രത്തോളം അവര്‍ ക്രിസ്തുവിനെ സ്നേഹിക്കുന്നുണ്ടോ? ക്രിസ്തുവിനെ സ്നേഹിക്കുവാന്‍ അവര്‍ക്കു കഴിയുന്നുണ്ടോ? കുരിശുമെടുത്തു ക്രിസ്തുവിനെ അനുഗമിക്കുവാന്‍ സാധിക്കുന്നുണ്ടോ? മറ്റൊരു ക്രിസ്തുവാകാന്‍ കഴിഞ്ഞില്ലെങ്കിലും ക്രിസ്തുവിനെ അനുകരിക്കാനെങ്കിലും ശ്രമിക്കുന്നവരുണ്ടോ? ക്രിസ്തുവിനെ അനുകരിക്കുകയെന്നാല്‍ ക്രിസ്തുവിനെപ്പോലെ ജീവിക്കുകയെന്നല്ലേ അര്‍ത്ഥം?

ദൈവം അളവറ്റ കാരുണ്യത്തിലാണ് പ്രപഞ്ചത്തെയും മനുഷ്യനെയും സൃഷ്ടിച്ചത്. സൃഷ്ടി നടന്നത് നന്മയിലാണ്. ദൈവം തന്‍റെ സൃഷ്ടി നല്ലതെന്നു കണ്ടു. ആദിയില്‍ എല്ലാം നല്ലതായിരുന്നു. നന്മയായിരുന്നു. സര്‍വവും പ്രകാശമയമായിരുന്നു. എവിടെയും സ്നേഹം തുളുമ്പിനിന്നിരുന്നു. പക്ഷെ, ആരംഭത്തില്‍ തന്നെ ലോകം പാപകലുഷിതമായി. ദൈവഹിതത്തിനെതിരെ മനുഷ്യന്‍ സ്വന്തം ഹിതത്തെ വ്യാപരിപ്പിച്ചതുകൊണ്ട് സൃഷ്ടിയുടെ താളത്തിനു ഭംഗം സംഭവിച്ചു. തുടര്‍ന്നു കടകവിരുദ്ധങ്ങളായ ദ്വന്ദ്വങ്ങള്‍ മാനവലോകത്തെ സംഘര്‍ഷപൂരിതമാക്കി.

ഒരു വശത്തു നന്മ, മറുവശത്ത് തിന്മ,
ഒരു വശത്തു സ്നേഹം മറുവശത്ത് ശത്രുത
ഒരു വശത്തു ത്യാഗം മറുവശത്ത് ഭോഗം
ഒരു വശത്തു സത്യം മറുവശത്ത് അസത്യം
ഒരു വശത്തു ധര്‍മ്മം മറുവശത്ത് അധര്‍മ്മം
ഒരു വശത്തു നിസ്വാര്‍ത്ഥത മറുവശത്ത് സ്വാര്‍ത്ഥത
അമൃതില്‍ വിഷം കലര്‍ന്നതുപോലെ, പ്രകാശത്തെ ഇരുള്‍മൂടിയതുപോലെ വെള്ളം ചേര്‍ത്ത പാലില്‍നിന്നും പാലുമാത്രം വലിച്ചെടുക്കാന്‍ അരയന്നത്തിനു കഴിയും. മനുഷ്യന്‍ നന്മ ചെയ്യാനാഗ്രഹിക്കുമ്പോഴും ചെയ്തുവരുമ്പോള്‍ അതു തിന്മയായിത്തീരുന്നു.
മനുഷ്യന്‍റെ നന്മക്കുവേണ്ടിയാണ് ദൈവം സര്‍വവിശേഷഗുണങ്ങളും അവനു നല്‍കിയത്. ജന്തുവാസനകള്‍, ഇന്ദ്രിയങ്ങള്‍, വികാരങ്ങള്‍, മനസ്സ്, ബുദ്ധി, പ്രജ്ഞ, ആത്മാവ് എന്നിവ സര്‍വവും മനുഷ്യന്‍റെ സിദ്ധികളത്രയും നിലനില്പിനും ഉയര്‍ച്ചക്കും അനുപേക്ഷണീയങ്ങളാണ്. എന്നാല്‍ ദ്വന്ദ്വങ്ങളുടെ മധ്യത്തില്‍പെട്ട മനുഷ്യന്‍റെ സര്‍വത്തെയും വികലമാക്കുന്നു. അഥവാ അവനെ സംബന്ധിച്ചിടത്തോളം സര്‍വവും വികലമായി ഭവിക്കുന്നു. അഹങ്കാരവും ആസക്തിയും മനുഷ്യമനസ്സിനെ കീഴടക്കിയിരിക്കുന്നു. കാമു ഉള്‍പ്പെടെയുള്ള സര്‍ഗ്ഗാത്മകസാഹിത്യകാരന്മാര്‍ സംശയമില്ലാതെ പറയുന്നതുപോലെ മനുഷ്യന്‍ സ്വാര്‍ത്ഥനാണ്. കാമവും ക്രോധവും മദവും മോഹവും ലോഭവും മാത്സര്യവും മനുഷ്യനെ എടുത്തു പന്താടുന്നു. അടക്കമില്ലാത്ത ജന്തുവാസനകള്‍ മനുഷ്യരെ ഭരിക്കുന്നു. ഇന്ദ്രിയസുഖങ്ങളുടെ മായാവലയത്തില്‍ മനുഷ്യന്‍ പെട്ടുപോകുന്നു. ക്ഷണപ്രഭാചഞ്ചലങ്ങളായ ഭോഗങ്ങളില്‍ മുഴുകുവാന്‍ മനുഷ്യന്‍ തത്രപ്പെടുന്നു. തല്‍ഫലമായി പാപത്തിന്‍റെ നിലയില്ലാത്ത കയത്തില്‍ അവന്‍ താണു താണു പോകുന്നു.

ആധുനികചിന്തകര്‍ മനുഷ്യനെ ഭരിക്കുന്ന മൗലികപ്രേരണയെന്തെന്നു അന്വേഷിക്കുന്നു. ആഡ്ലര്‍ പറഞ്ഞു. മനുഷ്യനെ ഭരിക്കുന്നതു മൂന്നു വാസനകളാണെന്ന്, സ്വാര്‍ത്ഥത, ലൈംഗികത, കൂട്ടത്തിലുള്‍പ്പെടാനുള്ള പ്രേരണ. ഫ്രോയ്ഡ് പറഞ്ഞു, മനുഷ്യനെ നയിക്കുന്ന മൗലിക പ്രേരണ ലൈംഗികതയാണെന്ന്. ഹെര്‍ബര്‍ട്ട് മാര്‍ക്യൂസ് പറഞ്ഞു മനുഷ്യനെ ഭരിക്കുന്നത് ആര്‍ജ്ജനത്വരയാണെന്ന്. ബര്‍ട്രാന്‍ഡ്റസല്‍ പറഞ്ഞു മനുഷ്യന്‍റെ മൗലിക പ്രേരണ അധികാരലബ്ധിക്കായുള്ള പരിശ്രമമാണെന്ന്. ഓരോ മനുഷ്യനെയും നിയന്ത്രിക്കുന്നത് അയാളുടെ 'അഹം' തന്നെയാണ്. ക്രിസ്തുവിന്‍റെ ജീവിതത്തിന്‍റെയും സര്‍വസാരം "എന്‍റെ ഹിതമല്ല ദൈവത്തിന്‍റെ ഹിതമാണ് നടക്കേണ്ടത്" എന്ന ഉറച്ച തീരുമാനമാണ്. ഒരു ക്രിസ്ത്യാനി "അഹ"ത്തിന്‍റെ സ്ഥാനം സമ്പൂര്‍ണ്ണമായും ക്രിസ്തുവിനു നല്‍കിയേ മതിയാവൂ. ഇക്കാര്യത്തില്‍ പരമാവധി വിജയിച്ച മഹാപരിശുദ്ധനായിരുന്നു വിശുദ്ധ ഫ്രാന്‍സീസ്. സമ്പൂര്‍ണ്ണമായും ഇന്ദ്രിയനിഗ്രഹം സാധിച്ച മഹായോഗിയായിരുന്നു അദ്ദേഹം.

ജന്തുവാസന ഇന്ദ്രിയസുഖങ്ങളില്‍ മുഴുകുവാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നു. ഇന്ദ്രിയസുഖങ്ങള്‍ നുകരുന്നതിനു മനുഷ്യന്‍ ലോകത്തെയും സഹജീവികളെയും പ്രയോജനപ്പെടുത്തുന്നു. ആസക്തി മനുഷ്യന്‍റെ സ്വാര്‍ത്ഥതയെ വളര്‍ത്തുന്നു. സ്വാര്‍ത്ഥത മനുഷ്യനെ ദൈവത്തില്‍നിന്നും അകറ്റുന്നു. ഭോഗങ്ങളോടുള്ള തൃഷ്ണ മനുഷ്യനില്‍ ആര്‍ജ്ജനത്വര വളര്‍ത്തുന്നു. മനുഷ്യന്‍ ധനം ആര്‍ജ്ജിക്കുന്നത് അന്യരെ ചൂഷണം ചെയ്താണ്. ക്രിസ്തു പറഞ്ഞു ധനം മാമോനാണെന്ന്, ദൈവത്തെയും മാമോനെയും ഒരേവിധത്തില്‍ സേവിക്കാനാവില്ലെന്ന്. വി. പൗലോസിനെയെന്നപോലെ വി. ഫ്രാന്‍സീസിനെയും ക്രിസ്തു വിശുദ്ധ ജീവിതത്തിലേക്കു കാരുണ്യപൂര്‍വം ക്ഷണിക്കയായിരുന്നു.

സ്വകാര്യസ്വത്തു വിശുദ്ധജീവിതം നയിക്കുന്നതിനു വിഘാതം സൃഷ്ടിക്കുന്നുവെന്നു വി. ഫ്രാന്‍സീസ് ഗ്രഹിച്ചു. അദ്ദേഹം സമ്പത്തിനെ വര്‍ജ്ജിച്ചു. ദാരിദ്ര്യത്തെ വരിച്ചു. നമ്മുടെ കാലഘട്ടത്തിന് ഇങ്ങനെയൊരു വിശുദ്ധനെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ പോയിരിക്കുന്നു. മറ്റേതൊരു ചരിത്രഘട്ടത്തിനുമുപരിയായി ആധുനികഘട്ടത്തില്‍ മനുഷ്യന്‍ ആര്‍ജ്ജനാസക്തിയുടെ അടിമയായി മാറിയിരിക്കുന്നു. ഇന്നത്തെ മനുഷ്യന്‍റെ ദൈവങ്ങള്‍, 'അധികാരവും', 'ധനവും', 'കീര്‍ത്തി'യുമാണ്. സ്ഥാനം, മാനം, ധനം എന്നിവ. ഇന്നത്തെ ലോകത്തെ ബാധിച്ചിരിക്കുന്ന ധനാസക്തിയെന്ന മാരകരോഗത്തിന്‍റെ ഏറ്റവും ശക്തമായ പ്രതിവിധി വി. ഫ്രാന്‍സീസ് കാണിച്ചുതന്ന ദാരിദ്ര്യത്തിന്‍റെ വഴിയാണ്. ഒരു മനുഷ്യനാവശ്യമുള്ളതില്‍ കൂടുതലായി കൈവശം വച്ചുകൊണ്ടിരിക്കുന്നതു മറ്റൊരാള്‍ക്കു നഷ്ടപ്പെടുന്നു. തന്മൂലം അങ്ങനെ ചെയ്യുന്നത് പാപമായിത്തീരുന്നു. തനിക്കാവശ്യമുള്ളതെന്താണെന്ന് ഓരോരുത്തരും ചിന്തിക്കണം. ആവശ്യങ്ങളെ ആകാശത്തോളമുയര്‍ത്തുന്നവരുണ്ട്. അതല്ല ഇവിടെ ഉദ്ദേശിക്കുന്നത്. 'നിങ്ങളില്‍ ഏറ്റവും ചെറിയവനുള്ളതില്‍ കൂടുതല്‍ സ്വന്തമാക്കാന്‍ നിങ്ങള്‍ക്ക് അവകാശമില്ല. ഇന്നത്തെ ലോകത്തില്‍ ഉപഭോഗസംസ്കാരത്തിന്‍റെ ഇരുട്ടു നിറഞ്ഞിരിക്കുന്നു. ഇന്നത്തെ മനുഷ്യന്‍ താനാരാണെന്നോ, താനെന്താണെന്നോ ചിന്തിക്കുന്നില്ല. തനിക്കെന്തുണ്ട് എന്നാണ് നോക്കുന്നത്. താനാരുമല്ലെങ്കില്‍ എനിക്കുള്ളതിനെന്തു വില? ശരത്കാലത്തു ഇലപൊഴിക്കാത്ത മരങ്ങള്‍ വസന്തത്തിലെങ്ങനെയാണ് തളിര്‍ത്തു പൂക്കുന്നത്? വി. ഫ്രാന്‍സീസ് നമ്മോടാവശ്യപ്പെടുന്നു, ത്യജിക്കുക, വര്‍ജ്ജിക്കുക, ഉപേക്ഷിക്കുക. ഈ ഗോതമ്പുമണി മണ്ണില്‍വീണ് അഴുകട്ടെ.

ആവിലായിലെ വി. ത്രേസ്യ ആഭ്യന്തരഹര്‍മ്മ്യത്തില്‍ അധ്യാത്മികമായ അനുഭൂതി നുകരുവാന്‍ അനുഷ്ഠിക്കേണ്ട സാധനയെപ്പറ്റി പറയുന്നുണ്ട്. വി. ഫ്രാന്‍സീസ് ഓരോ വിശ്വാസിയും അനുഷ്ഠിക്കേണ്ട മൂന്നു ധര്‍മ്മങ്ങളെപ്പറ്റി പറഞ്ഞു: ഒന്ന് സമ്പൂര്‍ണ്ണമായ അനുസരണം, രണ്ട് ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥന, മൂന്ന് പ്രപഞ്ചത്തിലുള്ള സര്‍വത്തോടുമുള്ള സഹാനുഭൂതി. അനുസരിക്കേണ്ടത് ദൈവത്തെയാണ്; ക്രിസ്തുപിതാവായ ദൈവത്തെ മരണത്തോളം അനുസരിച്ചു. വിശ്വാസി ക്രിസ്തുവിനെ മരണത്തോളം അനുസരിക്കണം. ക്രിസ്തുവിന്‍റെ പ്രബോധനത്തെ ജീവിതത്തില്‍ പകര്‍ത്തണം. അവിടുന്നു പറഞ്ഞു: "സ്വന്തം ശരീരത്തെ വെറുക്കാതെ എന്‍റെ അടുത്തേക്കു വരുന്നവര്‍ക്കു എന്‍റെ ശിഷ്യരാവാന്‍ സാധ്യമല്ല. സ്വന്തം ജീവനെ രക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അതു നഷ്ടപ്പെടും. അതേസമയം എനിക്കുവേണ്ടി ജീവിതം ബലികഴിക്കുന്നവര്‍ രക്ഷ പ്രാപിക്കും". ഈ വചനങ്ങള്‍ വി. ഫ്രാന്‍സീസ് ജീവിതത്തില്‍ പകര്‍ത്തി. തന്‍റെ കണ്ണുകളില്‍ ഒരു കോലുണ്ടാകാം. ആ കോലു മാറ്റണം. കോലിനു പകരം സ്വന്തം കണ്ണില്‍ ഒരു കരടുപോലും ഉണ്ടാവാതെ സൂക്ഷിക്കണം. തന്മൂലം വിശുദ്ധന്‍ സമ്പൂര്‍ണ്ണമായും ഇന്ദ്രിയനിഗ്രഹം സാധിച്ചു. പാറപോലെയുള്ള പരുക്കന്‍ തറയില്‍ കിടന്നുറങ്ങി. അത്യാവശ്യത്തിനുള്ള വസ്ത്രം ധരിച്ചു. ജീവന്‍റെ നിലനില്പിന് ആവശ്യമായ ആഹാരം കഴിച്ചു. സ്ത്രീകളുടെ പാദങ്ങളിലേക്കു മാത്രം കണ്ണയച്ചു. 'ആത്മാവ് ഒരുക്കമുള്ളതാണെങ്കിലും ശരീരം ബലഹീനമാണെന്ന്' അദ്ദേഹം അറിഞ്ഞിരുന്നു. സ്വന്തം വിശുദ്ധിയെപ്പറ്റിയുള്ള അതിരറ്റ മതിപ്പു പല വിശുദ്ധന്മാരെയും അല്പകാലത്തേക്കെങ്കിലും വഴിതെറ്റിച്ചിട്ടില്ലേ?" 'ദൈവഗ്രഹണ' സിദ്ധാന്തത്തെപ്പറ്റിയുള്ള അവബോധം വി. ഫ്രാന്‍സീസില്‍ അവഗാഢമായിരുന്നു. ഇന്ദ്രിയങ്ങളെ ആസക്തിക്കടിപ്പെടാതെ പരിരക്ഷിക്കുന്നതിനു സമ്പൂര്‍ണ്ണമായ അനുസരണമാണാവശ്യം.

അനുസരണം പോലെ അനുപേക്ഷണീയമാണ് പ്രാര്‍ത്ഥന. പ്രാര്‍ത്ഥന അനുസരണത്തിന്‍റെ അവിഭാജ്യഭാഗമാണ്. മുടങ്ങാതെ പ്രാര്‍ത്ഥിക്കുവാന്‍ ക്രിസ്തു ശിഷ്യരെ ഉദ്ബോധിപ്പിച്ചു. പരീക്ഷയിലകപ്പെടാതെയിരിക്കാന്‍ ജാഗ്രതയോടെ പ്രാര്‍ത്ഥിക്കണം. വി. ഫ്രാന്‍സീസിനെ സംബന്ധിച്ചിടത്തോളം സ്വന്തം വ്യക്തിത്വത്തില്‍ നിന്നും വേറിട്ട ഒരു അനുഷ്ഠാനമായിരുന്നില്ല പ്രാര്‍ത്ഥന. പ്രാര്‍ത്ഥന അദ്ദേഹത്തിന്‍റെ ആത്മാവിന്‍റെ ആത്മാവായിരുന്നു; അവിടുന്നു പ്രാര്‍ത്ഥനയുടെ മൂര്‍ത്തിമദ്ഭാവമായിരുന്നു. പ്രാപഞ്ചികമായ സര്‍വ പ്രലോഭനങ്ങളെയും ചെറുത്തുനില്ക്കുവാന്‍ പ്രാര്‍ത്ഥന വിശ്വാസിയെ ശക്തനാക്കുന്നു. വിശ്വാസി തന്‍റെ പ്രാര്‍ത്ഥനയില്‍ സഹജീവികളെയത്രയും സംവഹിക്കുന്നു. തനിയെ പ്രാര്‍ത്ഥന നടത്തുന്നതുപോലെ സമൂഹമായും പ്രാര്‍ത്ഥന അര്‍പ്പിക്കണം. വി. ഫ്രാന്‍സീസ് വി. ബലിയില്‍ എല്ലാദിവസവും സംബന്ധിക്കണമെന്ന് ആഗ്രഹിച്ചു. വി. ബലിയിലാണല്ലോ പ്രാര്‍ത്ഥന പൂര്‍ണ്ണത പ്രാപിക്കുന്നത്.

പ്രാര്‍ത്ഥനയെന്നതുപോലെ സഹാനുഭൂതിയും അനുസരണത്തിന്‍റെ ഭാഗമാണല്ലോ. ഗാന്ധിജിയെപ്പറ്റിയുള്ള കവിതയില്‍ വള്ളത്തോള്‍ മഹാകവി അദ്ദേഹത്തിനു "ലോകമേ തറവാട്, തനിക്കീ പുല്‍കളും പുഴുക്കളും കൂടിത്തന്‍ കുടുംബക്കാര്‍' എന്ന് എഴുതുകയുണ്ടായി. വിശ്വപ്രകൃതി ദൈവമോ ദൈവത്തിന്‍റെ അംശമോ ആണെന്നു ഭാരതീയര്‍ വിശ്വസിക്കുന്നു. ക്രൈസ്തവവിശ്വാസത്തില്‍ വിശ്വപ്രകൃതി ദൈവസൃഷ്ടിയാണ്. അതിനാല്‍, അതു സുന്ദരവുമാണ്. വി. ഫ്രാന്‍സീസ് പ്രകൃതിയെയും പ്രകൃതിയിലുള്ള സര്‍വത്തെയും സ്നേഹിച്ചിരുന്നു. മനുഷ്യരെപ്പോലെ തന്‍റെ സഹജീവികളാണ് സസ്യജാലവും ഇഴജന്തുക്കളും, മത്സ്യങ്ങളും ജന്തുക്കളും പറവകളുമെന്ന് അദ്ദേഹം കരുതി. ആകാശവും സൂര്യചന്ദ്രന്മാരും നക്ഷത്രങ്ങളും സഹജീവികള്‍ തന്നെ. അവര്‍ സഹോദരന്മാരും സഹോദരിമാരുമാണ്. പ്രപഞ്ചത്തിന്‍റെ അവസ്ഥാഭേദങ്ങളും ഋതുക്കളുടെ മാറ്റവും, പ്രകാശവും, മേഘവും, കാറ്റും, മഴയുമെല്ലാം അദ്ദേഹത്തെ സന്തോഷിപ്പിച്ചു. നരഭോജിയായ ചെന്നായെപ്പോലും സ്നേഹം കൊണ്ടു മെരുക്കിയെടുക്കാന്‍ വിശുദ്ധനു കഴിഞ്ഞു. കള്ളന്മാരിലും കൊലപാതകികളിലും അദ്ദേഹം മാറ്റം വരുത്തിയിട്ടുണ്ട്. അവിടുന്ന് ഭയരഹിതനായിരുന്നു, ഹൃദയാലുവായിരുന്നു. പ്രകൃതി സൗന്ദര്യത്തെ ആസ്വദിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. സഹജീവികള്‍ക്കുവേണ്ടി സ്വന്തം ജീവനുള്‍പ്പെടെ സര്‍വവും ബലികഴിക്കാന്‍ അവിടുന്നു സദാ സന്നദ്ധനായിരുന്നു.

മദര്‍ ത്രേസ്യാ ജീവിച്ചിരുന്ന നമ്മുടെ ഈ കാലത്തിനുപോലും വി. ഫ്രാന്‍സീസിനെപ്പോലൊരു പുണ്യപുരുഷന്‍ ജീവിച്ചിരുന്നുവോ എന്ന സംശയം തോന്നാം. അത്രക്ക് അദ്ദേഹം ക്രിസ്തു തുല്യനായിരുന്നു. ആ വിശുദ്ധിയെ സ്വാംശീകരിക്കുവാന്‍ നമ്മുടെ യുഗത്തിനു കഴിയുമോ? ആ മഹാപുരുഷനെ അനുധ്യാനിക്കുവാന്‍ നമുക്കു സാധിക്കുമോ? അദ്ദേഹത്തിന്‍റെ കാലടികളെ പിന്തുടരുവാന്‍ നമുക്കു കഴിയുമോ? ജീവിക്കുന്ന കാലത്തു തന്നെ ക്രിസ്തുവിനോടു സാമ്യം നേടിയ വിശുദ്ധ ഫ്രാന്‍സീസിന് ക്രിസ്തുവിന്‍റെ പഞ്ചക്ഷതങ്ങളും അനുഭവിക്കണമെന്ന് ശക്തമായ ആഗ്രഹമുണ്ടായി. അവ ലഭിക്കുവാന്‍ അദ്ദേഹം പ്രാര്‍ത്ഥിച്ചു. നാമൊക്കെ പ്രാര്‍ത്ഥിക്കുന്നതും നേര്‍ച്ച നേരുന്നതും ഉദ്ദേശിച്ച ലൗകികമായ കാര്യങ്ങള്‍ സാധിച്ചു കിട്ടുവാനാണ്. ഇവിടെ ഈ മഹാവിശുദ്ധന്‍ പ്രാര്‍ത്ഥിച്ചതു യാതൊരു വിധത്തിലുള്ള ലാഭത്തിനോ വിജയത്തിനോ വേണ്ടിയല്ല. ക്രിസ്തുവിന്‍റെ പീഡാനുഭവം തനിക്കും ലഭിക്കണമെന്നാണ്. യേശുവിന്‍റെ അഞ്ചു തിരുമുറിവുകളും സ്വന്തം ശരീരത്തില്‍ പേറണം. വി. ഫ്രാന്‍സീസ് പീഡിതനും ക്രൂശിതനുമായ ക്രിസ്തുവിനെ ധ്യാനിച്ചു. ധ്യാനത്തിന്‍റെ പരകോടിയില്‍ അദ്ദേഹത്തിനു ക്രിസ്തു ദര്‍ശനം ലഭിച്ചു. അഞ്ചുമുറിവുകളും അദ്ദേഹത്തിന്‍റെ ശരീരത്തിലുമുണ്ടായി. മറ്റാരും കാണാതെ ആ മുറിവുകളെ അദ്ദേഹം ഉടുപ്പുകൊണ്ടു മൂടി. നിരതിശയവും നിസ്തൂലവുമായ ക്രിസ്തീയ അനുഭവമാണ് വി. ഫ്രാന്‍സീസിനു സിദ്ധിച്ചത്.

സര്‍വസംഗപരിത്യാഗിയായ ഈ മഹായോഗി അവാച്യമായ ആധ്യാത്മികാനുഭൂതി നുകര്‍ന്നിട്ടുണ്ടെന്ന് ജീവചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടുന്നു. ലൗകികമായ സുഖഭോഗങ്ങളില്‍ മുഴുകുന്നവര്‍ക്ക് അവയെക്കാള്‍ അനേകം മടങ്ങ് ആഴമുള്ള ആധ്യാത്മികാനുഭൂതികളെപ്പറ്റി യാതൊന്നുമറിഞ്ഞുകൂടാ. രസനാദഗന്ധദര്‍ശന സ്പര്‍ശനങ്ങള്‍ക്കു പ്രാപ്യമല്ലാത്ത ദിവ്യാനുഭൂതി ആസ്വദിക്കുവാന്‍ അലൗകികര്‍ക്കു മാത്രമെ കഴിയുകയുള്ളൂ. ലൗകികസുഖങ്ങള്‍ ത്യജിച്ച വി. ഫ്രാന്‍സീസ് ആധ്യാത്മികമായ അനുഭൂതിയെ വരിച്ചിരുന്നു. "ചില അനുഗൃഹിത നിമിഷങ്ങളില്‍ അനവദ്യമായ ആധ്യാത്മിക സംഗീതം അദ്ദേഹത്തിന്‍റെ അന്തരാത്മാവില്‍ അലയടിച്ചു പൊന്തുമായിരുന്നു. അങ്ങനെ കുറെക്കഴിയുമ്പോള്‍ ആത്മശ്രവണങ്ങള്‍ കേട്ട ആ മന്ദ്രമധുരഗാനം അദ്ദേഹം പതുക്കെ മൂളാന്‍ ശ്രമിക്കും. ഫ്രഞ്ചുഭാഷയിലെ ശബ്ദങ്ങളില്‍ ആ ലയം സന്നിവേശിച്ചതുപോലെ അനുഭവപ്പെടും. അപ്പോള്‍ രണ്ടു തടിക്കഷണങ്ങളെടുത്തു മാറോടുചേര്‍ത്തു വയലിന്‍ വായിക്കുന്നതുപോലെ ഭാവിക്കും. ഹൃദയം തുറന്ന് അദ്ദേഹം ശരീരമിളക്കി നൃത്തം ചെയ്യും. അവസാനം ആ തടിക്കഷണങ്ങള്‍ താഴെ വീഴും. ആനന്ദമൂര്‍ച്ഛയില്‍ അദ്ദേഹം സമൃദ്ധമായി അശ്രുക്കള്‍ വര്‍ഷിക്കും. ഇതുപോലൊരു ദിവ്യാനുഭൂതിക്കുവേണ്ടി ലൗകികമായ സര്‍വസുഖഭോഗങ്ങളെയും പരിത്യജിക്കുവാന്‍ എത്ര വിശ്വാസികള്‍ സന്നദ്ധരാകും. നാമൊക്കെ ദുര്‍ബലരാണ്, ആയുസ്സിന്മേലും ലോകസുഖങ്ങളിലും അള്ളിപ്പിടിച്ചു കിടക്കുന്നവരാണ്. ദൈവത്തിനു വേണ്ടിയോ ക്രിസ്തുവിനു വേണ്ടിയോ നമുക്കുള്ളതു യാതൊന്നുമുപേക്ഷിക്കാന്‍ നാം സന്നദ്ധരല്ല, അത്ഭുതാവഹമായ അലൗകികാനുഭൂതി നമുക്കു ലഭിക്കുന്നുമില്ല. അസ്സീസിയിലെ വി. ഫ്രാന്‍സീസ് നമ്മെ പഠിപ്പിച്ചത് ഏതൊരു മനുഷ്യനും ക്രിസ്തുവിനെപ്പോലെ ജീവിക്കാന്‍ സാധിക്കുമെന്നാണ്, ക്രിസ്തുവിന്‍റെ കണ്ണാടിയായി ദൈവതേജസ്സിനെ പ്രതിഫലിപ്പിക്കുവാന്‍ നമുക്കു സാധിക്കും. വി. ഫ്രാന്‍സീസിന്‍റെ കാലടികളെ പിന്തുടര്‍ന്ന് ക്രിസ്തുവിന്‍റെ സന്നിധാനത്തിലെത്താന്‍ നമുക്കു കഴിയും.ക്രിസ്തുവിനെ സമീപിക്കുന്നവര്‍ ദൈവത്തെ സമീപിക്കുന്നു. പരിശുദ്ധാരൂപിയില്‍ വര്‍ത്തിക്കുന്നു.

പഞ്ചക്ഷതങ്ങള്‍ ലഭിച്ച വി. ഫ്രാന്‍സീസ് ദൈവത്തിന്‍റെ സ്തുതിഗീതം ആലപിച്ചു.

"നാഥനായ ദൈവമെ അവിടുന്നു വിശുദ്ധനാകുന്നു. അവിടുന്നു അത്ഭുതകരങ്ങളായ കാര്യങ്ങള്‍ ചെയ്യുന്ന ദേവാധി ദൈവമാകുന്നു. അവിടുന്നു ബലവാനാകുന്നു, മഹത്വത്തിന്‍റെ നിദര്‍ശനമാകുന്നു, അവിടുന്നു പരിശുദ്ധ പിതാവും, സ്വര്‍ഗ്ഗത്തിന്‍റെയും ഭൂമിയുടെയും രാജാവുമാകുന്നു. അവിടുന്നു ത്രിയേക ദൈവമാകുന്നു, രാജാധിരാജനായ ഏകനാഥനാകുന്നു.

അവിടുന്നു നന്മയാകുന്നു, മുഴുവന്‍ നന്മയാകുന്നു, ഏറ്റവും വലിയ നന്മയാകുന്നു; ജീവിക്കുന്ന സത്യേക നാഥനായ ദൈവമാകുന്നു.

അവിടുന്നു കാരുണ്യമാകുന്നു, ജ്ഞാനമാകുന്നു, എളിമയാകുന്നു; ക്ഷമയാകുന്നു. അവിടുന്നു സൗന്ദര്യമാകുന്നു, സുരക്ഷിതത്വമാകുന്നു, ശാന്തിയും ആനന്ദവുമാകുന്നു, പ്രത്യാശയും നീതിയുമാകുന്നു.

അവിടുന്നു സംയമനമാകുന്നു, നിറഞ്ഞ സമ്പത്താകുന്നു, സൗമ്യതയാകുന്നു, അവിടുന്നു സംരക്ഷകനാകുന്നു. രക്ഷാകര്‍ത്താവാകുന്നു, പ്രതിരോധമാകുന്നു, അവിടുന്നു ആശ്രയവും ശക്തിയുമാകുന്നു.

അവിടുന്നാണ് ഞങ്ങളുടെ വിശ്വാസം, പ്രത്യാശ, സ്നേഹം
അവിടുന്നാണ് ഞങ്ങളുടെ മഹത്തായ മാധുര്യം
അവിടുന്നു അളവില്ലാത്ത നന്മയാകുന്നു: മഹത്ത്വമാകുന്നു; സര്‍വ്വശക്തനാകുന്നു
അവിടുന്നു ഭക്തിയും കരുണയും രക്ഷയും രക്ഷകനുമാകുന്നു."
ഈ ഗാനം രചിച്ചപ്പോള്‍ വി. ഫ്രാന്‍സീസ് ആധ്യാത്മികതയുടെ അധിത്യകകളിലായിരുന്നു.
ഇന്നു നാം ഇരുട്ടു നിറഞ്ഞ ചതുപ്പുനിലങ്ങളിലാണ്. നാമിന്നു അധോമുഖന്മാരാണ്; നമുക്കു വെളിച്ചം ദുഃഖവും തമസ്സു സുഖപ്രദവുമാണ്. വിശുദ്ധിയെക്കുറിച്ചുള്ള സങ്കല്പം തന്നെ നമുക്കു നഷ്ടപ്പെട്ടിരിക്കുന്നു. നാമിപ്പോള്‍ നന്മതിന്മകള്‍ക്കുമപ്പുറത്തുള്ള ലോകത്തല്ല; തിന്മ നന്മയായി അനുഭവപ്പെടുന്നു; ഇരുട്ടിനെ നാം പ്രകാശമെന്നു കരുതുന്നു. സ്വാര്‍ഥതയെ നാം വാഴ്ത്തുന്നു. ഹിരണ്യകശിപുവും നെബുക്കദ്നേസറും കലിഗുലയുമാണ് ഇന്നത്തെ നമ്മുടെ ആരാധ്യപുരുഷന്മാര്‍. നമ്മുടെ ഒരു കവിപാടി
'വരികന്ധകാരമേ
വരിക ഘനശൈത്യമേ
വരിക മരണത്തിന്‍റെ മൂഢാനുരാഗമേ' എന്ന്
ഇങ്ങനെയൊരു ലോകത്തേക്കാണ് വിശുദ്ധരില്‍ വിശുദ്ധനായ ത്യാഗമൂര്‍ത്തിയായ സ്നേഹനിധിയായ വി. ഫ്രാന്‍സീസ് കടന്നുവരേണ്ടത്. ഇന്നു മനുഷ്യനിലെ നന്മ മോഹനിദ്രയിലാണ്. ഇന്ന് ഇരുട്ടിന്‍റെ കരിമേഘങ്ങള്‍ സൂര്യനെ മറച്ചിരിക്കുന്നു. ഇന്നു ധര്‍മ്മമെന്ന പശുവിന്‍റെ നാലുകാലും ശോഷിച്ചിരിക്കുന്നു.

നമ്മുടെ ലോകത്തേക്കു സൂര്യഗീതമെഴുതിയ സൂര്യപ്രഭാവനായ അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സീസ് വന്നെത്തണം. ഇന്നു മനുഷ്യനിലെ സ്നേഹമയനായ മാലാഖ ഉറങ്ങുകയാണ്. അവിടുന്നു ആ മാലാഖായെ വിളിച്ചുണര്‍ത്തണം. വിശുദ്ധിയുടെ പ്രകാശം എങ്ങും പ്രസരണം ചെയ്യണം. അവിടുന്നു ഞങ്ങളെ വീണ്ടും മനുഷ്യനിലെ ദേവത്വത്തിലേക്കു വിളിച്ചുണര്‍ത്തണം. ലോകത്തെ സ്വര്‍ഗ്ഗത്തിലേക്കു അനുനയിക്കണം.
ഞങ്ങളുടെ ഇന്ദ്രിയങ്ങള്‍ പരുഷമായിരിക്കുന്നു
ബുദ്ധി വികലമായിരിക്കുന്നു
മനസ്സു കഠിനമായിരിക്കുന്നു
ആത്മാവു ദുര്‍ബലമായിരിക്കുന്നു
പരമ വിശുദ്ധനായ ഫ്രാന്‍സീസ്
കഠിനമായ കുഷ്ഠം ബാധിച്ച രോഗിയെ
കഴുകി ശുദ്ധീകരിച്ചു
സുഖപ്പെടുത്തിയതുപോലെ
ഇപ്പോള്‍ ഇവിടെ വന്നു
ഞങ്ങളെയും സൗഖ്യമാക്കണമെ.
വി. ഫ്രാന്‍സീസ് ഞങ്ങളെയും
സുഖപ്പെടുത്തണമെ.
ഇതാണു ഞങ്ങളുടെ പ്രാര്‍ത്ഥന,
ഞങ്ങളുടെ യാചന.

You can share this post!

ജലശയ്യയില്‍

ഫാ. ഷാജി സി. എം. ഐ.
അടുത്ത രചന

മെഡിക്കല്‍ മിഷന്‍ സന്യാസസഭ ഒരു നൂറ്റാണ്ട് പിന്നിടുമ്പോള്‍

സി. മിനി ഒറ്റപ്ലാക്കല്‍ എം.എം.എസ്.
Related Posts