news-details
മറ്റുലേഖനങ്ങൾ

നഗ്നനായ വിശുദ്ധന്‍

നീയായിരുന്നു
ആദ്യത്തെ സൂര്യവെളിച്ചത്തിലേയ്ക്ക്
എന്നെ നഗ്നനാക്കിയത്.
ഹൃദയത്തില്‍ ഇടിയും മിന്നലും വര്‍ഷിച്ച്
നിശ്ശബ്ദതയുടെ ദൈവരോദനമറിയിച്ചത്.
വിശ്വസിക്കുവാനുള്ള ദാഹമാണ്
എന്നെ നിന്നിലെത്തിച്ചത്.

നഗ്നന്‍ എന്ന പേരില്‍ 1994-ല്‍ എഴുതിയ എന്‍റെ ഒരു കവിത ആരംഭിക്കുന്നതിങ്ങനെയാണ്. പണിതീരാത്ത  യേശുവിനെക്കുറിച്ചുള്ള ഒരു കവിതയാണത്. എന്‍റെ ഒരാത്മമിത്രം ആയിടയ്ക്കാണ് ആത്മഹത്യ ചെയ്തത്. ഫ്രാന്‍സീസ് അസ്സീസിയെപ്പോലെ നഗ്നതയുടെ സ്വാതന്ത്ര്യവും ആനന്ദവും അനുഭവിച്ച, അഗ്നി കൊണ്ടും ആത്മാവുകൊണ്ടും മാംസത്തിന്‍റെ വിരുദ്ധ പ്രലോഭനങ്ങളെ നേരിട്ട് പൊട്ടിത്തെറിച്ചുപോയ ആ സ്നേഹിതനെക്കുറിച്ച് എഴുതുമ്പോള്‍ എന്‍റെ മനസ്സില്‍ ഫ്രാന്‍സീസ് പുണ്യവാളനായിരുന്നു.

നിറയൗവനത്തില്‍ സര്‍വ്വസൗഭാഗ്യങ്ങള്‍ക്കും നടുവില്‍വെച്ചാണ് ഫ്രാന്‍സീസിനെ ദൈവം അറുത്തെടുക്കുന്നത്. ദൈവം നോക്കിയപ്പോള്‍ സ്വയം അന്ധനായിപ്പോയ അവസ്ഥ. പിന്നീടൊരിക്കലും യേശുവില്‍ നിന്നദ്ദേഹം കുതറിയിട്ടില്ല. മാംസത്തില്‍ നിന്നും ആത്മാവിലേയ്ക്കുള്ള മഹത്തായ ഒരു മടക്കയാത്രയായിരുന്നു അത്. ആത്മാവിന്‍റെ മഹാഗൃഹപരിത്യാഗം.

ആത്മാവിനെ മെരുക്കുവാനുള്ള തീവ്രയുദ്ധത്തില്‍ തന്‍റെ ഉടലിനെ ഒരു കുരിശുപോലെ കൂദാശപ്പെടുത്തുവാനാണ് ഫ്രാന്‍സീസ് ശ്രമിച്ചത്. കുരിശില്‍ രണ്ട് ശാഖകള്‍ ഒന്നിക്കപ്പെടുന്നതുപോലെ ദൈവത്തിലേയ്ക്കും സഹജീവികളിലേയ്ക്കും വളരുന്ന രണ്ടു ശാഖകളെ കൂട്ടിത്തൊടീക്കുന്ന മഹായത്നത്തിലായിരുന്നു അദ്ദേഹം. കുരിശിന്‍റെ കുത്തനെയുള്ള ശാഖ ദൈവത്തിലേയ്ക്കും തിരശ്ചീനമായ ശാഖ മനുഷ്യരിലേയ്ക്കുമായിരുന്നു.

തന്‍റെ ശരീരത്തിലേയ്ക്ക്, പിന്നീട് തന്‍റെ കാലത്തിലേയ്ക്ക് യേശുവിനെ പകര്‍ത്തുകയും പങ്കുവെയ്ക്കുകയും ചെയ്ത ഫ്രാന്‍സീസ് പുണ്യവാളന്‍റെ ജീവിതം എക്കാലത്തേയും അപാരതയെ സാക്ഷാത്ക്കരിക്കാന്‍ വെമ്പുന്ന മനുഷ്യന്‍റെ ആത്മീയനാടകത്തിലെ പരമമൂഹുര്‍ത്തങ്ങളിലൊന്നാണെന്ന് ഞാന്‍ വിചാരിക്കുന്നു.

ഫ്രാന്‍സീസിന്‍റെ ആത്മീയതയില്‍ ആചാരവിരുദ്ധവും യാഥാസ്ഥിതികതയെ തകര്‍ക്കുകയും ചെയ്യുന്ന സ്ഫോടനാത്മകമായ ഒരു നൈസ്സര്‍ഗ്ഗികസൗന്ദര്യമുണ്ട്. പള്ളിയുടെ ചുമരുകള്‍ ഭേദിച്ച് യേശുവിനെ സഹിക്കുന്നവര്‍ക്ക് മുമ്പില്‍ സമീപസ്ഥനാകുന്ന ഒരു കലാപത്തിന്‍റെ സൗന്ദര്യമുണ്ട്. ആത്മീയതയുടെ അത്തരമൊരു ദിവ്യലഹരിയില്‍ ഫ്രാന്‍സീസ് നൃത്തം ചെയ്തതായും തിര്യക്കുകള്‍ക്കൊപ്പം പാട്ടുപാടി നടന്നതായും തെരുവിലൂടെ ഉന്മാദം കൊണ്ടതായും പറയുന്നുണ്ട്. ഫ്രാന്‍സീസിന്‍റെ ഈശ്വരാന്വേഷണത്തില്‍ അത്തരം വിസ്മയങ്ങള്‍ സ്വാഭാവികവും അനിവാര്യവുമാണ്. ദാഹാര്‍ത്തനായ ഒരാള്‍ ഒരു കവിള്‍ വെള്ളം ഇറക്കി കുടിക്കും പോലെ യേശുവിനെ ഉള്‍ക്കൊള്ളുകയായിരുന്നു അദ്ദേഹം.

കല്ലിനോടും പുഴയോടും പുഴുവിനോടും ചീവീടിനോടും ചെന്നായയോടും സംസാരിക്കാന്‍ കഴിയും വിധം അത്രമേല്‍ സംവേദനക്ഷമമായ ഇന്ദ്രിയങ്ങള്‍ ഫ്രാന്‍സീസിന്‍റെ ആത്മീയാനുഭവങ്ങള്‍ക്കൊപ്പം വിരിഞ്ഞു വരികയായിരുന്നു. നിത്യതയോടും അപാരതയോടും ചേര്‍ന്നുനിന്നുകൊണ്ടുള്ള മനുഷ്യന്‍റെ സുസ്ഥിതിയായിട്ടാണ് ആത്മീയതയെ വ്യാഖ്യാനിക്കേണ്ടത്.

തന്‍റെ ആത്മാവിനുള്ളില്‍ നിറയെ സങ്കീര്‍ത്തനങ്ങളുടെ ഈണങ്ങളും നൃത്തങ്ങളുടെ ചുവടുവെയ്പുകളും ആയിരുന്നു. യേശുവിന്‍റെ സഹനദീപ്തമായ മുഖത്തു നിന്നും ഒരു പൊട്ടിച്ചിരി, കുരിശേറ്റത്തോടൊപ്പം ഒരു നൃത്തം... നോക്കു യേശുവിന്‍റെ ജീവിതത്തില്‍ അതെത്ര വിസ്മയകരമായ ആഹ്ലാദമായിരിക്കും. എനിക്കു തോന്നുന്നു. തന്‍റെ ജീവിതത്തിലൂടെ യേശുവിനെ നൃത്തം ചെയ്യിപ്പിക്കുകയായിരുന്നു ഫ്രാന്‍സീസ്. ദൈവത്തിന്‍റെ ഒരു കളിപ്പാട്ടം കണക്ക് തന്‍റെ ആത്മാവിനെ അദ്ദേഹം ഹൃദയഹാരിയാക്കി മാറ്റി.

യേശു ഇത്രയും അരുമയോടെ മറ്റാരേയും വാരിപ്പുണര്‍ന്നിട്ടുണ്ടാകില്ല. ആ അനുഭവത്തിന്‍റെ ഹര്‍ഷോന്മാദത്തില്‍ എന്തും ത്യജിക്കാന്‍, സഹിക്കാന്‍ ഫ്രാന്‍സീസിന് കഴിയുമായിരുന്നു. സാത്താനോടു പോലും വെറുപ്പില്ല; അനുകമ്പ മാത്രം. മുറിവേറ്റ മൃഗം കണക്കേ തന്നെ വേട്ടയാടിക്കൊണ്ടിരുന്ന സാത്താനെപ്പോലും ഫ്രാന്‍സീസ് സ്നേഹിച്ചിരിക്കണം! ഒരു കുരുന്നു പക്ഷിയുടെ തൊണ്ടയില്‍ കയറി ഇരുന്നു പാടാന്‍ ഫ്രാന്‍സീസ് കൊതിച്ചതായി പറയപ്പെടുന്നുണ്ടല്ലൊ.

യൗഗികാനുഭവത്തിന്‍റെ തീവ്രമൂഹൂര്‍ത്തങ്ങള്‍ ഫ്രാന്‍സീസിന്‍റെ ജീവിതത്തെ ഉടനീളം കലാത്മകമാക്കുന്നുണ്ട്. ദൈവത്തിനുമുമ്പില്‍ എല്ലാം ഉപേക്ഷിക്കുന്നതിലെ ആനന്ദം, നഗ്നനും നിസ്വനുമാകുന്നതിലെ അഭിമാനം അതായിരുന്നു ആ ജീവിതത്തില്‍ ഞാനേറെ ശ്രദ്ധിച്ച അനുഭവം.

ദൈവാനുഭവം എന്നാല്‍ അപാരതയുടെ മുന്നിലുള്ള നഗ്നമായ നര്‍ത്തനമാകുന്നു. അസ്സീസിയിലെ ഫ്രാന്‍സീസ് പുണ്യവാളന്‍ ദൈവാനുഭവത്തിന്‍റെ നീലജ്വാലകളില്‍ അഗ്നിശുദ്ധി നേടിയ നിര്‍ഭയത്വത്തിന്‍റെ മഹാപുരുഷനായിരുന്നു. യേശുവിന്‍റെ രണ്ടാം ജന്മംപോലെ നഗ്നനായ ആ വിശുദ്ധനു മുമ്പില്‍ ലോകം വളരെ ചെറുതായിരുന്നു.

You can share this post!

ജലശയ്യയില്‍

ഫാ. ഷാജി സി. എം. ഐ.
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts