news-details
മറ്റുലേഖനങ്ങൾ

ഈ വിശുദ്ധന്‍ ഒരു ബുദ്ധനാണ്

രണ്ടു കാരണങ്ങളാല്‍ അസ്സീസിയിലെ വിശുദ്ധനായ ഫ്രാന്‍സീസിനെക്കുറിച്ചെഴുതാന്‍ ഭയമാണ്. ഒന്നാമതായി അത് വ്യക്തിപരമായ ആദ്ധ്യാത്മികതയുടെ ഒരു പ്രശ്നമാണ്. ഞാന്‍ ആദരിക്കുന്ന ഒരു വിശുദ്ധനെക്കുറിച്ച് ഞാന്‍ പറയുമ്പോള്‍ അത് എന്‍റെ ദര്‍ശനം, എന്‍റെ മതം, എന്‍റെ ദൈവം, എന്‍റെ രാജ്യം എന്‍റെ വര്‍ഗ്ഗം എന്നിങ്ങനെയുള്ള കാറ്റഗറിയില്‍ത്തന്നെ ചെന്നുവീഴുന്നു. അതിനാല്‍ അത് എന്നെ ആദ്ധ്യാത്മികമായി ഉയര്‍ത്തുമോ താഴ്ത്തുമോ എന്ന പ്രശ്നം. സമൂഹമനസ്സിന്‍റെ പ്രശ്നമാണ് രണ്ടാമത്തേത്. ശ്രീബുദ്ധനെയും നാരായണഗുരുവിനെയും ഗാന്ധിജിയെവരെ വിഗ്രഹമാക്കി മാറ്റിയിരിക്കുന്ന ഒരു സമൂഹത്തില്‍ ആരെക്കുറിച്ചു പറയുമ്പോഴും മറ്റൊരു വിഗ്രഹത്തിന്‍റെ നിര്‍മ്മാണമാണോ നടക്കുന്നത് എന്നൊരു ആശങ്ക. അനേകരെ ഉള്ളില്‍ നിന്ന് ഉദ്ദീപിപ്പിച്ചിട്ടുള്ള, ഉദ്ദീപിപ്പിക്കുന്ന, ജീവിക്കുന്ന ഒരാത്മാവിനെ അഥവാ ഒരു ജീവതചൈതന്യത്തെ ഒരു വിഗ്രഹമാക്കിക്കളയുമ്പോള്‍ ലോകത്തിനേല്ക്കുന്ന നഷ്ടം ചെറുതല്ലല്ലോ. ഈ ജീവിചൈതന്യത്തെ ഒരു കാഴ്ചപ്പാടെന്നോ ഒരു ദര്‍ശനമെന്നോ ഒരു നിലപാടെന്നോ വ്യാഖ്യാനിക്കുമ്പോള്‍ വിഗ്രഹനിര്‍മ്മാതാക്കള്‍ ഒരു പക്ഷേ, പണ്ട് പൗലോസിനെ കല്ലെറിയാനൊരുങ്ങിയതുപോലെ കലാപമുയര്‍ത്തിയേക്കാം. അത് സാരമാക്കാനില്ല.


അസ്സീസിയിലെ ഫ്രാന്‍സിസിനെക്കുറിച്ച് എനിക്കെന്നും അത്ഭുതമാണ്. 'ചക്രവര്‍ത്തിയുടെ സന്ദേശവാഹകന്‍' എന്ന് സ്വയം വിശേഷിപ്പിച്ച ആ കുറിയ മനുഷ്യന്‍ ഇതെല്ലാം എങ്ങനെ സാധിച്ചു എന്ന അതിശയം. നൂറ്റാണ്ടുകളായി കത്തോലിക്കാസഭ മുഴുവനും ഊര്‍ജ്ജം ഊറ്റിയഅതേ സ്രോതസ്സില്‍ നിന്നായിരുന്നല്ലോ ഫ്രാന്‍സിസും മുലയുണ്ടത്. എന്നിട്ടും അവരില്‍നിന്നൊക്കെ ഫ്രാന്‍സിസ് എങ്ങനെ വ്യത്യസ്തനായി? കറുത്തവര്‍ഗ്ഗക്കാരന്‍ പകുതി ആള്‍ക്കുരങ്ങാണെന്നും അതിനാല്‍ അവന് ആത്മാവില്ലെന്നും വിധിച്ചവര്‍, മൃഗങ്ങള്‍ക്ക് വികാരമില്ലെന്നു വിധിയെഴുതിയവര്‍, ജീവജാലങ്ങള്‍ക്ക് വേദനയില്ലെന്നും അതിനാല്‍ അവയോടൊന്നും മനുഷ്യരായ നമുക്ക് ധാര്‍മ്മിക കടമകളില്ലെന്നും തെളിയിച്ചവര്‍, ഭൂമിയെയും ആകാശത്തെയും അതിലെ സര്‍വ്വചരാചരങ്ങളെയും തങ്ങളുടെ കാല്‍ക്കീഴിലാക്കിയിരിക്കുന്നു എന്ന് മേനി പറഞ്ഞവര്‍, ഇതൊന്നും പറയാതെ തന്നെ ഭൂമിയെ പിച്ചിച്ചീന്തിയും വെട്ടിപ്പിടിച്ചും ഊറ്റിക്കുടിച്ചും ചീര്‍ത്തവര്‍ ചരിത്രപരമായി പറഞ്ഞാല്‍ ഇതേ ക്രിസ്റ്റ്യാനിറ്റിയുടെ സന്താനങ്ങളായി പിറന്നവരും ഒരേ ദൈവവചനത്തിന്‍റെ മുലയുണ്ടവരുമായിരുന്നല്ലോ!


ഫ്രാന്‍സീസ് തീര്‍ച്ചയായും ഒരു ബുദ്ധനായിരുന്നിരിക്കണം. അവന് ബോധോദയം ഉണ്ടായത് ഒരൊറ്റ നിമിഷാര്‍ദ്ധത്തിലായിരുന്നോ അതോ ക്രമേണ അവന്‍ അതിലേക്ക് വളരുകയായിരുന്നോ എന്ന് എനിക്കറിഞ്ഞുകൂടാ. സഫ്രെല്ലിയുടെ  'സഹോദരന്‍ സൂര്യന്‍ സഹോദരി ശശികല' എന്ന അഭ്രകാവ്യം ആരംഭിക്കുന്നത് ഫ്രാന്‍സീസ് ജ്വരപ്പനിയില്‍ നിന്ന് ഒരു പുതിയ വെളിച്ചത്തിലേക്ക് ഉണരുന്നതായിട്ടാണ്. ഏതായാലും ഇത്തരം ഒരു ദര്‍ശനത്തിന്‍റെ ലാഞ്ഛനപോലുമില്ലായിരുന്ന പടിഞ്ഞാറന്‍ ചക്രവാളത്തില്‍ എങ്ങനെയാണ് ഒരു ഫ്രാന്‍സിസ് സംഭവിച്ചത് എന്നത് പിടികിട്ടാത്ത ഒരു സമസ്യയായിരിക്കുന്നു.

പ്രകൃതിയോടും പ്രപഞ്ചത്തോടും ഒക്കെ ഉള്ള കൃത്യമായ മനോഭാവം എത്ര ലളിതമായാണ് ഫ്രാന്‍സിസിന്‍റെ സഹോദരദര്‍ശനത്തില്‍ നിന്ന് നമുക്കു കിട്ടുന്നത്. "ആകാശത്തിന്‍ കീഴുള്ള സര്‍വ്വസൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുക" (കൊളോ.1:23) എന്ന രീതി പക്ഷികളോട് ഫ്രാന്‍സിസ് ദൈവത്തെക്കുറിച്ച് പ്രസംഗിച്ചില്ലായിരുന്നെങ്കില്‍ നമുക്ക് കിട്ടുമായിരുന്നില്ലല്ലോ. പ്രകൃതിയുടെ കഷണമായ ഒരപ്പമെടുത്ത് "ഇതെന്‍റെ ശരീരമാകുന്നു. എടുത്തു ഭക്ഷിക്കുക എന്നു പറയുന്നതിലെ ധ്വനി സാദ്ധ്യതകള്‍ സൃഷ്ടിയെ സഹോദരനായി ദര്‍ശിച്ച ഫ്രാന്‍സിസിലൂടെയല്ലാതെ നമ്മളെങ്ങനെ അറിയാന്‍! ഒച്ചയുണ്ടാക്കാതെ, നോവിക്കാതെ, ആദരവോടെ ജീവിക്കാന്‍ നമ്മെ ആരു പഠിപ്പിക്കുമായിരുന്നു! "ഭൂമിയെ നശിപ്പിക്കുന്നവരെ (ദൈവം) ഉന്മൂലം ചെയ്യും" (വെളി.11:18) എന്ന പാരിസ്ഥിതികതത്ത്വം തന്നെയല്ലേ സര്‍വ്വതിനെയും സഹോദരതുല്യം കാണുമ്പോഴും ഭൂമിയെ പ്രത്യേകം അമ്മയും സഹോദരിയുമായി കാണുന്നതിലെയും പൊരുള്‍! "പരാനപേക്ഷം പ്രാണിക്കമരാന്‍ പഴുതില്ലൊരിടത്തും" എന്നുള്ളതുകൊണ്ട് ഹിംസയില്ലാതെ ജീവിക്കാനാവില്ലല്ലോ എന്ന കടംകഥ ലാളിത്യത്തിന്‍റെയും ദാരിദ്ര്യത്തിന്‍റെയും മാര്‍ഗ്ഗത്തിലൂടെ എത്രയെളുപ്പത്തില്‍ അവന്‍ പരിഹരിച്ചു കളഞ്ഞു. "അവര്‍ ഭവനങ്ങള്‍ പണിത് വസിക്കുകയില്ല. അവര്‍ നടുന്നതിന്‍റെ ഫലം അപരര്‍ ഭുജിക്കുകയില്ല" (ഏശ. 65 :21,22). ഭൂമിയില്‍ മനുകുലമുണ്ടായ കാലം മുതല്‍ അന്യന്‍റെ വിയര്‍പ്പിനെ ചോറാക്കുന്ന ചൂഷണ വ്യവസ്ഥിതിയിവിടുണ്ട്. ചെറുതിന്‍റെ (ങശിീൃശ്യേ) സുവിശേഷം പ്രസംഗിച്ചും അദ്ധ്വാനത്തെ വിശുദ്ധമാക്കിയും അവന്‍ ദൈവഭരണക്രമത്തിന്‍റെ വ്യവസ്ഥിതി ഉരുവാക്കിക്കളഞ്ഞല്ലോ.

"അയല്‍ക്കാരന്‍റെ മുന്തിരിത്തോട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ നിനക്കിഷ്ടമുള്ളിടത്തോളം ഫലങ്ങള്‍ പറിച്ചു തിന്നുകൊള്ളുക. എന്നാല്‍, അവയിലൊന്നുപോലും പാത്രത്തിലാക്കരുത്. അയല്‍ക്കാരന്‍റെ ഗോതമ്പുവയലിലൂടെ കടന്നുപോകുമ്പോള്‍ കൈകൊണ്ട് കതിരുകള്‍ പറിച്ചെടുത്തു കൊള്ളുക; അരിവാള്‍ കൊണ്ട് കൊയ്തെടുക്കരുത്" (നിയ. 23 :24, 25).

"നിന്‍റെ വയലില്‍ വിളവുകൊയ്യുമ്പോള്‍ കറ്റ അവിടെ മറന്നിട്ടുപോന്നാല്‍ അതെടുക്കാന്‍ തിരികെപ്പോകരുത്... ഒലിവുമരത്തിന്‍റെ ഫലം തല്ലിക്കൊഴിക്കുമ്പോള്‍ കൊമ്പുകളില്‍ ശേഷിക്കുന്നത് പറിക്കരുത്... മുന്തിരിത്തോട്ടത്തിലെ ഫലം ശേഖരിക്കുമ്പോള്‍ കാല പെറുക്കരുത്. അത് പരദേശിക്കും അനാഥനും വിധവയ്ക്കും ഉള്ളതാണ്" (നിയ. 24:19-22) "ദശാംശത്തിന്‍റെ വര്‍ഷമായ മൂന്നാംവര്‍ഷം എല്ലാ വിളവുകളുടെയും ദശാംശം എടുത്ത് നിന്‍റെ പട്ടണത്തിലുള്ള ലേവ്യര്‍ക്കും പരദേശികള്‍ക്കും അനാഥര്‍ക്കും വിധവകള്‍ക്കും നല്കണം" (നിയ. 26:12) എന്നൊക്കെയുള്ള കല്പനകളുടെ വിത്തുകള്‍ തന്‍റെ ഭിക്ഷാടനങ്ങളിലൂടെ അവന്‍ മുളപ്പിച്ചെടുത്തുവല്ലോ!

പള്ളികള്‍ പണിതവന്‍റെ അവബോധം പള്ളിയെ പണിയാനായി ഉയരുന്നിടത്തും സ്നേഹ നിര്‍ബന്ധങ്ങളോടെ പള്ളിയുടെ അനുഗ്രഹാശിസ്സുകള്‍ നേടുന്നിടത്തും നിയമാവലിയുടെ ഉള്ളടക്കത്തില്‍ മാര്‍പ്പാപ്പായുടെ പോലും നിര്‍ദ്ദേശം നിരാകരിക്കുന്നിടത്തും മതത്തോടുള്ള അടുപ്പവും അകലവും എത്ര കൃത്യമായിട്ടാണവന്‍ കാത്തുസൂക്ഷിച്ചത്! സ്ത്രീയെ പ്രലോഭകയായി മാത്രം കണ്ടിട്ടുള്ള മത, സന്ന്യാസപാരമ്പര്യങ്ങളില്‍ ക്ലാരയോടുള്ള അവന്‍റെ ബന്ധം തെളിമ (ക്ലാര) നിറഞ്ഞതായിരുന്നു. അഹത്തിന്‍റെ ഇല്ലായ്മയെ നേരില്‍ കാണുന്ന മരണത്തെ, ഭയപ്പെടുത്തുന്ന ചിഹ്നങ്ങളാല്‍ ലോകം വരച്ചുവച്ചപ്പോഴും ആ ഒരൊറ്റ ഭയത്തിന്മേല്‍ മാത്രമായി മതത്തിന്‍റെ മൂലക്കല്ലിട്ടപ്പോഴും "മരണമേ, സഹോദരീ, നിനക്ക് സുസ്വാഗതം" എന്ന്, സ്നേഹത്തോടെ പാട്ടുപാടി കടന്നുപോകുന്നു ഫ്രാന്‍സീസ്. ഫ്രാന്‍സീസ്, നീ തീര്‍ച്ചയായും ഒരു ബുദ്ധനാണ്. തെളിമയുടെ ബുദ്ധന്‍.

പാരിസ്ഥിതിക അസന്തുലനം, വിഭവശോഷണം, ഭൗമതാപനം, ഉപഭോഗപരത, മൂല്യങ്ങളുടെ കടപുഴകല്‍, മതത്തിന്‍റെ ജീര്‍ണ്ണത, മനുഷ്യാവകാശലംഘനം, വിപണിയുടെ പ്രാമുഖ്യം, മൂലധനത്തിന്‍റെ കുമിഞ്ഞു കൂടല്‍, സ്ത്രീ - പുരുഷ അസമത്വം ... ലോകത്തിന്‍റെ പുതിയ പഴയ പ്രശ്നങ്ങള്‍. ഇവിടെ ഒരു ഫ്രാന്‍സിസ് വിഗ്രഹം ഒന്നും ചെയ്യില്ല. എന്നാല്‍ ഒരു ഫ്രാന്‍സിസ് ചൈതന്യത്തിന് ഏറെചെയ്യാനാകും.

പവിത്രവനിത, അവള്‍ ശാലീന ദാരിദ്ര്യം

ത്രേതായുഗത്തിനും ദ്വാപരയുഗത്തിനും കലിയുഗത്തിനുംശേഷം ഇതു മാധ്യമയുഗം! ഭൂമി മുഴുവനും ബിംബങ്ങളുടെയും ശബ്ദങ്ങളുടെയും വാക്കുകളുടെയും ചിത്രങ്ങളുടെയും പ്രളയത്തിലാഴുമ്പോള്‍, ഉപരിമധ്യവര്‍ഗ്ഗങ്ങള്‍ പ്രളയജലത്തിനുമേല്‍ കളിയോടങ്ങളില്‍ തിമിര്‍ക്കുമ്പോള്‍, ആരവങ്ങള്‍ക്കും വര്‍ണ്ണപ്പെരുവെള്ളങ്ങള്‍ക്കും കീഴെ, പ്രാണന്‍റെ പിടച്ചിലില്‍ കീഴാളക്കൂട്ടങ്ങള്‍ക്കു ശ്വാസം പകര്‍ന്നുകൊണ്ട് ഭൂമിയുടെ ആത്മാവ്. കൂടെ, പെറ്റമ്മ കുഞ്ഞുങ്ങളെയെന്നപോലെ സഹജരെ ചേര്‍ത്തുപിടിച്ചുകൊണ്ട് ഭൂമിയുടെ തന്നെ സഹോദരന്‍ ഫ്രാന്‍സിസും...!

മഹത്ത്വവല്ക്കരിക്കപ്പെടരുതാത്ത ദാരിദ്ര്യം

ധനം, ബന്ധങ്ങള്‍, സ്വാധീനം, അധികാരം, ശാസ്ത്രം, സാങ്കേതികയോഗ്യതകള്‍, കുലമഹിമ, കായികശേഷി, ബൗദ്ധികമികവ്, വൈയക്തിക സ്വാതന്ത്ര്യം, മാനം ഇവയോ ഇവയിലേതെങ്കിലുമോ ഇല്ലാത്തതിന്‍റെ പേരില്‍ ഒരാള്‍ താല്ക്കാലികമായോ സ്ഥിരമായോ ദുര്‍ബലാവസ്ഥയിലും ആശ്രിതാവസ്ഥയിലും അപമാനിതാവസ്ഥയിലും ആയിരിക്കുന്നതാണു ദാരിദ്ര്യം. ബാഹ്യമായ ഇടപെടല്‍ കൂടാതെ അനുദിനജീവിതത്തില്‍ തങ്ങളുടെ അവസ്ഥയെ മറികടക്കുവാന്‍ ദരിദ്രര്‍ക്ക് പ്രായേണ അസാദ്ധ്യമാണ്. ചുരുക്കത്തില്‍ മനുഷ്യോചിതമായ ഉല്പാദനത്തിനും പ്രത്യുത്പാദനത്തിനും ആവശ്യമായ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ വിഭവങ്ങളുടെ അഭാവമാണു ദാരിദ്ര്യം എന്നു പറയാം. ഇവ്വിധം നോക്കിയാല്‍ ദാരിദ്ര്യം മാനവരാശിയുടെ ഏറ്റം കൊടിയ തിന്മയാണ്. സര്‍വ്വവിധേനയും മറികടക്കപ്പെടേണ്ട ഒന്നാണത്. അത് മാനവികതയെയാകെ അപമാനവീകരിക്കുന്നു. മനുഷ്യോചിതമല്ലാത്ത ജീവിതസാഹചര്യങ്ങളും ജീവന്‍റെ ശോഷണവും പ്രദാനം ചെയ്തുകൊണ്ട് അത് ദരിദ്രരെ അപമാനവീകരിക്കുന്നു. ദരിദ്രരെയാകെ തങ്ങളെക്കാള്‍ താഴ്ന്നവരായി കാണാന്‍ നിമിത്തമാക്കുകയാലും, ഇത്രയേറെ ദരിദ്രര്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ഒരു സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ വ്യവസ്ഥിതിയാലാണ് തങ്ങള്‍ ആയിരിക്കുന്നിടത്ത് തങ്ങള്‍ ഇന്ന് ആയിരിക്കുന്നത് എന്ന തിരിച്ചറിവ് മറയ്ക്കുന്നതിനാലും ദാരിദ്ര്യം ധനികരെയും അപമാനവീകരിക്കുന്നു. ദാരിദ്ര്യം നിലനില്ക്കുന്ന ഒരു വ്യവസ്ഥിതി അതിനാല്‍ത്തന്നെ മനുഷ്യജാതിയെ മുഴുവന്‍ അപമാനവീകരിക്കുന്നു. എല്ലാ സാമൂഹിക തിന്മകളുമെന്നപോലെ ദാരിദ്ര്യവും തോല്പിക്കപ്പെടേണ്ടതാണ്.

ദാരിദ്ര്യത്തിന്‍റെ തന്നെ ഉടല്‍രൂപമാണെന്നു പറയാം സ്ത്രീ. യുദ്ധങ്ങളുടെയും കലാപങ്ങളുടെയും വര്‍ഗ്ഗീയതകളുടെയും മൗലികവാദങ്ങളുടെയും പുകയും പൊടിയും അമരുമ്പോള്‍, എല്ലാറ്റിന്‍റേയും ഇരയായിത്തീര്‍ന്നവര്‍ അവള്‍ മാത്രം. പിഞ്ഞിയ ഉടയാടകളോടെ, ആത്മാവ് ഊറ്റപ്പെട്ട വിളറിയ ഉടലോടെ, വാള്‍ തറഞ്ഞ ഹൃദയത്തോടെ - അവള്‍. അതിനാലാവുമോ അസ്സീസിയിലെ ഫ്രാന്‍സിസ് ദാരിദ്ര്യത്തെക്കുറിച്ച് ഉരിയാടിയപ്പോഴൊക്കെയും സ്ത്രീലിംഗപ്രത്യയത്തോടെ മാത്രം സംസാരിച്ചത്! പക്ഷേ, ഫ്രാന്‍സിസിന് ദാരിദ്ര്യം കുലീന വനിതയായിരുന്നു. ഭൂമി മുഴുവനിലും അവതാരങ്ങള്‍ മാത്രമുള്ള, സര്‍വ്വരും വെറുക്കുന്ന, സര്‍വ്വരാലും വെറുക്കപ്പെടേണ്ട ദാരിദ്ര്യം എന്ന അമൂര്‍ത്ത സത്വത്തെ ഫ്രാന്‍സിസ് എന്നും തന്‍റെ കണ്‍മുന്നില്‍ മൂര്‍ത്താകാരത്തില്‍ കണ്ടു. ഒരാള്‍ മാത്രം അവളെ അതിരറ്റു പ്രണയിച്ചു - അസ്സീസിയിലെ പീറ്റര്‍ ബര്‍ണാര്‍ദോനെ എന്ന പട്ടുവ്യാപാരിയുടെ സീമന്തപുത്രന്‍ - മാടമ്പിപദം സ്വപ്നംകണ്ട്, വിലപിടിപ്പുള്ള പോര്‍ക്കുപ്പായങ്ങള്‍ ധരിച്ച് അശ്വാരൂഢനായി യുദ്ധങ്ങള്‍ക്കായി രണ്ടുതവണ ഇറങ്ങിത്തിരിച്ച ചോരത്തിളപ്പുള്ള ധനികയുവാവ് - ഫ്രാന്‍സിസ്. ഫ്രാന്‍സിസിന്‍റെ സ്വന്തം ഭാഷയില്‍ ഈ ദാരിദ്ര്യപ്രേമം 'കിറുക്കാ'യിരുന്നു. കാരണങ്ങളുള്ള കിറുക്ക്. ഫ്രാന്‍സിസ് ആവിഷ്ക്കരിച്ച ഈ കിറുക്കു നല്കുന്ന മാനങ്ങളിലേക്ക്..

അധികാരം

വി. ഫ്രാന്‍സീസിനെ സംബന്ധിച്ചിടത്തോളം ദാരിദ്ര്യമെന്നത് അഭികാമ്യമായ ഒരു ജീവിതരീതിയായത് എങ്ങനെ? വിവിധ ദിശകളില്‍നിന്ന് നമുക്ക് ഈ അഭിനിവേശത്തെ സമീപിക്കാനാവും.

സമൂഹം, എങ്ങുമെവിടെയും ശാക്തികമായി വിഭജിതമാണ്. അധികാരം സമൂഹത്തിന്‍റെ ഓരോ തൂണിലും തുരുമ്പിലും ആമഗ്നമായിരിക്കുന്നു. സമൂഹത്തിലെ എല്ലാ ബന്ധങ്ങളും തന്നെ മേലാള-കീഴാള ബന്ധങ്ങളാണ്. ഭരണകര്‍ത്താക്കളും ഭരണീയരും, ശക്തരും ശക്തിഹീനരും, ധനികരും ദരിദ്രരും, മാതാവും പുത്രിയും, പിതാവും പുത്രനും, അധ്യാപകനും വിദ്യാര്‍ത്ഥിയും, തൊഴില്‍ദാതാവും തൊഴിലാളിയും, മേലുദ്യോഗസ്ഥനും കീഴുദ്യോഗസ്ഥനും, ഭര്‍ത്താവും ഭാര്യയും എന്നിങ്ങനെ സമൂഹമൊന്നാകെ അസന്തുലിതമായ അധികാരവിനിയോഗബന്ധങ്ങളാല്‍ നിറഞ്ഞിരിക്കുന്നു. ഒരാള്‍ ആജ്ഞാപിക്കാനും മറ്റൊരാള്‍ അനുസരിക്കാനുമെന്നവണ്ണം ആയിരിക്കുന്ന സാഹചര്യത്തില്‍ സമൂഹത്തില്‍ ഒരാള്‍ സംസാരിക്കുമ്പോള്‍ വാസ്തവത്തില്‍ കേള്‍ക്കുന്നയാള്‍, കേള്‍ക്കുന്നതിനുമുമ്പ് കാണുകയാണു ചെയ്യുക. അയാളുടെ വേഷം എങ്ങനെ? സമൂഹത്തിലെ ധനികവര്‍ഗ്ഗത്തിലെ അംഗമാണോ അയാള്‍? കുലീനനാണോ? വിദ്യാസമ്പന്നനാണോ? കായികശേഷിയുള്ളവനാണോ? ആകാരസൗഷ്ഠവമാര്‍ന്നവനാണോ? മാന്യനാണോ? എന്നൊക്കെ 'കാണുന്നു'. കണ്ടിട്ട്, ബോധ്യപ്പെട്ടതിനുശേഷംമാത്രം കേള്‍ക്കുന്നു. ഇത്തരം ഒരു സമൂഹപശ്ചാത്തലത്തില്‍ ഫ്രാന്‍സിസ്, 'കാഴ്ചകളി'ലൂന്നിയ, അധികാരത്തിലൂന്നിയ, ബാഹ്യത്തിലൂന്നിയ കേള്‍വികളെ തെറ്റിക്കാന്‍ തീരുമാനിക്കുന്നു. ദരിദ്രരൂപം ധരിക്കാന്‍ മാത്രമല്ല, ധനികപുത്രന്‍ എന്ന തന്‍റെ ഉപരിവര്‍ഗ്ഗസ്വത്വത്തെ നിരാകരിക്കാന്‍തന്നെ ഫ്രാന്‍സിസ് മുതിരുന്നു. "കീറിത്തുന്നിയതും വൃത്തിഹീനവുമായ കുപ്പായമാണ് ഫ്രാന്‍സിസ് ധരിച്ചിരുന്നത്. സ്വതവേ ഉയരം കുറഞ്ഞവനും അസുന്ദരനും ആയിരുന്നതിനാല്‍, പുറംകാഴ്ചയ്ക്ക് അവനെ കണ്ടാല്‍ തീരെ മതിപ്പുതോന്നുമായിരുന്നില്ല". (സ്പൊളേറ്റോയിലെ തോമസിന്‍റെ സാക്ഷ്യം, ഓമിനിബുസ് ഓഫ് സോഴ്സസ്, പേ. 160).

സഹോദരന്മാരാരും കുതിരസവാരി ചെയ്യരുത് എന്നു കല്പിച്ച ഫ്രാന്‍സീസ്, ആരും സുപ്പീരിയര്‍ (മേധാവി) എന്നറിയപ്പെടുകയുമരുത് എന്ന് ശഠിച്ചു. പകരം സഹോദരഗണത്തില്‍ ഒരമ്മയുടെ സ്ഥാനമാണ് ഗാര്‍ഡിയന് (സൂക്ഷിപ്പുകാരന്‍. 'ഞാന്‍ എന്‍റെ സഹോദരന്‍റെ സൂക്ഷിപ്പുകാരനോ' എന്ന കായേന്‍റെ ചോദ്യം അനുസ്മരിക്കുക) ഉള്ളത്. മയോരസ് (മേലാളര്‍), മിനോരസ് (കീഴാളര്‍) എന്നിങ്ങനെ വിഭജിതമായ സാമൂഹികഘടന നിലനിന്നിരുന്ന ഒരു കാലത്ത് തങ്ങള്‍ 'കീഴാളസഹോദരര്‍' ആയിരിക്കണം, അങ്ങനെ വിളിക്കപ്പെടുകയും വേണം എന്ന തീരുമാനത്താല്‍, ഫ്രാന്‍സീസ് തന്‍റെ സാഹോദര്യത്തിന് അങ്ങനെതന്നെ പേര്‍ നല്കി. അങ്ങനെ, പുറം കാഴ്ചകളെ ഭഞ്ജിക്കാനും കീഴാളനായിരിക്കാനുമായി ഫ്രാന്‍സീസ് സ്വയം ദാരിദ്ര്യത്തെ സമാശ്ലേഷിച്ചു.

ഭോഗം

ഫ്യൂഡലിസത്തിന്‍റെ നാളുകളായിരുന്നു യൂറോപ്പിലന്ന്. പുതുമടിശീലക്കാരായ ചില കീഴാളര്‍ മേലാളരോടു ബലാബലത്തിന് തയ്യാറാകുന്ന സമയം. ഭൗതികസ്വത്തുക്കളിന്മേല്‍ മേലാളര്‍ പിടിമുറുക്കിയകാലം. മനുഷ്യശരീരത്തെ പൊന്നുംപട്ടുമണിയിച്ച്, അതിനെ പൂജിച്ച്, ശരീരത്തിന്‍റെ വിഗ്രഹാരാധന കൊഴുക്കുന്ന കാലം. ("പെണ്ണേ നിന്നെ സുന്ദരിയാക്കിയതാര്?" എന്ന ചോദ്യം ഉത്തരം പറയാതെ മൗനത്തിലവശേഷിപ്പിച്ചിട്ട്, "നിന്‍റെ കിനാവില്‍ സ്വര്‍ണ്ണം ചാര്‍ത്തിയതാര്?" എന്ന രണ്ടാം ചോദ്യത്തിന് "പിശാച്" എന്ന് ഉത്തരം പറയുന്നതിനു മുമ്പേ തന്നെ വേറൊരാള്‍ സ്വര്‍ണ്ണക്കടയുടെ പേര് വിളിച്ചു പറയുന്നത് ശ്രദ്ധിച്ചിട്ടില്ലേ!) എല്ലാവിധ ഉപഭോഗങ്ങളിലും അഭിരമിക്കാന്‍ സ്വയം വിട്ടയയ്ക്കുന്ന ജനം. ഉപഭോഗപരതയുടെ കാലത്ത് ഈഗോ (ഈശോയല്ല) ദൈവവും, സ്വാര്‍ത്ഥത ആരാധനയും, അഹന്ത സാധനയും ആര്‍ത്തി ആത്മീയതയുമാകുന്നു. ഉപഭോഗത്തിന്‍റെ പ്രളയകാലത്ത് പെട്ടകത്തിനകത്തെ ലാഘവത്വവും മിതത്വവുമാണ് ഫ്രാന്‍സിസിന്‍റെ ദാരിദ്ര്യം 'എനിക്ക് അത്യാവശ്യമുള്ളതു മാത്രം മതി - എനിക്കു സമൃദ്ധിയാണ്' എന്നു പറയുന്ന 'മതി'യുടെ സംസ്കാരം.

പ്രകൃതി

ഉപഭോഗം പ്രകൃതിക്കെതിരായുള്ള പാപംകൂടിയാണ്. പ്രകൃതിയില്‍ ഒന്നും സ്ഥിരമായിരിക്കുന്നില്ല. എല്ലാം ഒഴുകിക്കൊണ്ടേയിരിക്കുന്നു. ഇന്ന് ഇവിടെ എന്‍റെ ശ്വസനനാളത്തിലൂടെ ഞാനുച്ഛ്വസിച്ച വായു നാളെ കടലേഴും കടന്ന് വ്യത്യസ്ത ഭൂഖണ്ഡങ്ങളിലെ സസ്യ-ജന്തുജാലങ്ങളുടെ ശരീരകോശങ്ങളിലൂടെ ഊളിയിടുകയാവാം. ഇന്ന് ഞാനുണ്ട നെല്ലരിച്ചോറ് ഇന്നലെ ഏതോ പശുവിന്‍ ചാണകവും നാളെ ഏതോ കൃമികീടങ്ങള്‍ക്കന്നവും പിറ്റേന്ന് മണ്ണിലെ ലവണവുമാകാം. ആരും ഇവിടെ ഒന്നും ശേഖരിച്ചു പൂട്ടിവയ്ക്കുന്നില്ല. പൂട്ടിവയ്ക്കുന്നിടത്ത് പ്രപഞ്ചതത്ത്വത്തിന്‍റെ നിരാസമാണുള്ളത്. ഒരുവന്‍റെ കൃഷിയിടം വളരെ വിളവു നല്കുമ്പോള്‍ - 'ഞാനിവ എന്തു ചെയ്യും - എന്‍റെ കളപ്പുരകള്‍ പൊളിച്ച് കൂടുതല്‍ വലിയവ ഞാന്‍ പണിയും. അവയില്‍ ഞാനീ വിളവ് പൂട്ടിവയ്ക്കും' എന്നു പറയുന്നിടത്തു തന്നെ "ഭോഷാ" എന്നുള്ള, ദൈവത്തിന്‍റെ ശാസനകലര്‍ന്ന ശബ്ദം ഉയര്‍ന്നിരിക്കും. 'എന്‍റേത്' എന്നു പറയുന്നിടത്ത് 'ആരുടേത്?' എന്നാണ് മറുചോദ്യം. കൂട്ടിവയ്പും പൂട്ടിവയ്പും പ്രപഞ്ചതത്ത്വത്തിനെതിരാണ് - ഈശ്വരകല്പനയ്ക്കും. അതുകൊണ്ടാണ് പിറ്റേന്നത്തേക്ക് മന്നാ ശേഖരിക്കേണ്ടാത്തത്. അന്നന്നത്തെ അപ്പത്തിനായി പ്രാര്‍ത്ഥിക്കേണ്ടതും. കൂട്ടിവയ്പിനും പൂട്ടിവയ്പിനും എതിരേ ഫ്രാന്‍സിസ് കലഹിച്ചു. ദൈവത്തെ 'പിതാവേ' എന്നു വിളിക്കുവാന്‍ ഫ്രാന്‍സിസ് നിസ്വനായി. പ്രകൃതിയോട് അതിരറ്റ ആദരവോടെ, അതിന്‍റെ കല്പനകളെ (തത്ത്വങ്ങളെ) ഒട്ടുമേ വിഗണിക്കാതെ, അതില്‍നിന്ന് അത്യാവശ്യത്തിനുമാത്രം ഉള്‍ക്കൊണ്ട്, ബാക്കിയെല്ലാം അതിന്‍റെ സ്വതസിദ്ധമായ താളത്തില്‍ ഒഴുകാന്‍ വിട്ട്...

ആത്മീയത

സ്വാഭാവിക ചോദനകളെ മെരുക്കിയെടുക്കുകയെന്നതു ഭൂമുഖത്തെ എല്ലാ ആത്മീയാന്വേഷണങ്ങളിലും സാധനയുടെ ഭാഗമായിരുന്നിട്ടുണ്ട്. ദുരയുടെയും ആര്‍ത്തിയുടെയും സ്വാഭാവിക ചോദനയെ, സുരക്ഷിതത്വത്തിനുവേണ്ടിയുള്ള സ്വാര്‍ത്ഥദാഹത്തെ (നിലവറ പൂട്ടി താക്കോല്‍ മടിയില്‍ തിരുകിയാല്‍ സുരക്ഷിതത്വമായി, സമാധാനമായി എന്നു കരുതുമ്പോഴും ഉറക്കം നഷ്ടപ്പെടുന്നു, തന്നെക്കാള്‍ വിരുതന്മാര്‍ ഈ കായംകുളത്ത് ഉണ്ടല്ലോ എന്നോര്‍ക്കുമ്പോള്‍!) മെരുക്കി, അതിനു വിപരീതമായി ജീവിതം ക്രമപ്പെടുത്തുമ്പോള്‍ ആത്മീയതയുടെ ഉണര്‍വ്വുണ്ടാകും. തീര്‍ച്ചയായും അതില്‍ ഒരു വലിയ സത്യം അടങ്ങിയിരിക്കുന്നുണ്ട്. പക്ഷേ, വീണ്ടും സ്വാര്‍ത്ഥതയ്ക്ക് ഇടം സാധ്യമാക്കുന്ന ഇത്തരം ആത്മീയതയ്ക്ക് ഫ്രാന്‍സിസ് ഒത്തിരിയൊന്നും വിലകല്പിച്ചിരുന്നില്ല. വിശപ്പിനാല്‍ ഉദരഭിത്തികള്‍ കോച്ചിവലിച്ചപ്പോള്‍ ഏങ്ങലടക്കാന്‍ പാടുപെട്ട സഹോദരനെ, ഇരുളിന്‍റെ മറവിലും ഒട്ടൊരു അഹന്തയോടും കൗതുകത്തോടുംകൂടി മറ്റു സഹോദരന്മാര്‍ വീക്ഷിക്കുമ്പോള്‍, അയാളെ ഉണര്‍ത്തി, അടുക്കളയില്‍ കൂട്ടിക്കൊണ്ടുപോയി അവിടെ ഉണ്ടായിരുന്ന ഭക്ഷണം തനിക്കും അവനുംവേണ്ടി വിളമ്പുന്ന ഫ്രാന്‍സിസിനെ (ബൊനവഞ്ചര്‍, വലിയ ജീവചരിത്രം, 5:7) തീര്‍ച്ചയായും ഈ ആത്മീയസാധന ഏറെ ഗ്രസിച്ചിരുന്നില്ല. എന്നിരുന്നാലും "തന്‍റെ തന്നെ ജീവനെ സൂക്ഷിക്കുന്നവന്‍ അതു നഷ്ടപ്പെടുത്തും, തന്‍റെ ജീവനെ നഷ്ടപ്പെടുത്തുന്നവന്‍ അതു കണ്ടെത്തും" എന്ന വചനത്തിലെ നഷ്ടപ്പെടുത്തുന്നതിലെ കണ്ടെത്തലിന്‍റെ സന്ദേശം ഫ്രാന്‍സിസ് കണ്ടില്ല എന്നു കരുതുന്നതും തീര്‍ച്ചയായും തെറ്റാവും.

ഐക്യദാര്‍ഢ്യം

ഫ്രാന്‍സിസിനെ സംബന്ധിച്ചിടത്തോളം ദാരിദ്ര്യമണവാട്ടിയോടൊത്തുള്ള തന്‍റെ ജീവിതത്തിന്‍റെ അതിപ്രധാനമായ ഒരു മുഖം ദരിദ്രരോടുള്ള ഐക്യദാര്‍ഢ്യത്തിന്‍റെയും സഹാനുഭൂതിയുടെയും സ്നേഹസംയോഗത്തിന്‍റേതുമായിരുന്നു. വില്‍പത്രത്തില്‍ അദ്ദേഹം പറയുന്നത് ഇപ്രകാരമാണ്: "കര്‍ത്താവ് എന്നെ കുഷ്ഠരോഗികള്‍ക്കിടയിലേക്ക് നയിച്ചു. എനിക്ക് അസഹ്യമാംവിധം കയ്പ് ആയിരുന്നതിനെ കര്‍ത്താവ് ശരീരത്തിനും ആത്മാവിനും മധുരമുള്ളതാക്കിതീര്‍ത്തു". കുഷ്ഠരോഗിയായിരുന്ന ഭിക്ഷുവിനെ ആശ്ലേഷിച്ചു ചുംബിക്കുന്നിടത്താണ് ഫ്രാന്‍സിസിന്‍റെ മാനസാന്തരം സംഭവിക്കുന്നത്. മെത്രാസനമന്ദിരത്തിനുമുന്നിലെ പിയാസ്സയില്‍വച്ച് ഉടുതുണിയുരിഞ്ഞ് അപ്പനു നല്കിയശേഷം ഫ്രാന്‍സിസ് നേരേ പോകുന്നത് റിവോതോര്‍ത്തോയില്‍ കുഷ്ഠരോഗികള്‍ക്കിടയിലേക്കാണ് (1 സെലാ. 17). കുഷ്ഠരോഗീപരിചരണവും അവര്‍ക്കിടയിലെ ജീവിതവുമാണ് ഫ്രാന്‍സിസിനെ ക്രൂശിതനിലേക്ക് നയിക്കുന്നത് (വില്‍പത്രം, 1-3). സമൂഹം ഭ്രഷ്ട്കല്പിച്ച ഈ പാവങ്ങളോടും ദരിദ്രരോടും ഫ്രാന്‍സിസ് എന്തെന്നില്ലാത്ത ഒരു ഐക്യദാര്‍ഢ്യവും സഹാനുഭൂതിയും വളര്‍ത്തിയെടുക്കുന്നുണ്ട്. ദരിദ്രരോടുള്ള അതിരറ്റ ഈ സ്നേഹവും പക്ഷംചേരലുമാണ് പലയവസരങ്ങളിലും തന്‍റെ കുപ്പായം ഊരി ദരിദ്രര്‍ക്കു നല്കുവാന്‍ ഫ്രാന്‍സിസിനെ പ്രേരിപ്പിക്കുന്നത് (2 സെലാ. 8). "തന്നെക്കാള്‍ ദരിദ്രരായ ആരെയെങ്കിലും കണ്ടുമുട്ടുന്നത് അവനെ വേദനിപ്പിച്ചിരുന്നു" എന്നാണ് ജീവചരിത്രകാരന്‍ സെലാനോ എഴുതിയിരിക്കുന്നത് (1 സെലാ. 76). "ദരിദ്രരെ സഹായിക്കാന്‍ വിശുദ്ധഗ്രന്ഥം തന്നെ നമ്മോടു പറയുന്നു. നമ്മുടെ വായനയെക്കാള്‍, ദരിദ്രര്‍ക്ക് ഭിക്ഷ നല്കുന്നതാണു ദൈവം വിലമതിക്കുന്നത് എന്നാണ് എന്‍റെ വിശ്വാസം" എന്നു പറഞ്ഞുകൊണ്ടാണ് ഫ്രാന്‍സിസ് ദരിദ്രയായ ഒരു വിധവയ്ക്ക് ആശ്രമത്തിലെ സുവിശേഷഗ്രന്ഥം ഭിക്ഷയായി നല്കുന്നത് (2 സെലാ. 91). ദരിദ്രനായ ഒരാളെ പതിവ് മദ്ധ്യവര്‍ഗ്ഗശൈലിയില്‍ കുറ്റം പറഞ്ഞ ഒരു സഹോദരന് ഫ്രാന്‍സീസ് നല്കുന്ന ശിക്ഷ കഠിനമാണ്(2 സെലാ. 85). പലപ്പോഴും, ഉപദേശങ്ങള്‍ നല്കുമ്പോള്‍ "സാധാരണ ദരിദ്രരെപ്പോലെ", "ലളിതമനസ്കരായ സാധാരണക്കാര്‍ ചെയ്യുംപോലെ" എന്നെല്ലാം ഫ്രാന്‍സീസ് മാതൃക ചൂണ്ടിക്കാട്ടുന്നുണ്ട്. ചുരുക്കത്തില്‍, ഇന്നത്തെ സന്ന്യസ്തരൊക്കെ ചെയ്യുംപോലെ, ദാരിദ്ര്യവ്രതമെടുക്കുകയായിരുന്നില്ല, മറിച്ച് ദരിദ്രരെ അതിരറ്റു സ്നേഹിക്കുകയും, അവരോടുള്ള സ്നേഹയോഗത്താല്‍ അവരുമായും അവരുടെ ജീവിതാവസ്ഥയുമായും താദാത്മ്യപ്പെടുകയും ഒന്നായിത്തീരുകയുമായിരുന്നു ഫ്രാന്‍സിസ്.

പന്തക്കുസ്താ

സഭയുടെ സ്ഥാപനദിനമായിരുന്നു പന്തക്കുസ്താ എന്നാണു പറയുക. ക്രമേണ സഭയുടെ മുഖഛായ മാറിക്കൊണ്ടിരുന്നു. സമൂഹവെളുമ്പിലെ ദരിദ്രരുടേതായിരുന്ന സഭയുടെ നിയന്ത്രണം പതുക്കെ ധനികരുടെയും രാജഗുമസ്തന്മാരുടെയും കൈകളിലേക്ക് മാറി ഏല്പിക്കപ്പെട്ടു. അതോടെ ദരിദ്രര്‍ പിന്നാമ്പുറത്തേയ്ക്കു തള്ളപ്പെടുകയും ചെയ്തു. ദരിദ്രരോടു പ്രസംഗിക്കപ്പെട്ട സുവിശേഷം ഇനിയൊരിക്കലും ദരിദ്രരുടേതായിരിക്കില്ല, പിന്നെയോ, ദിശയിലും ദര്‍ശനത്തിലും വെള്ളം ചേര്‍ക്കപ്പെട്ട, ചൂടും ചൂരും ചുവയും നഷ്ടപ്പെട്ട, ഒരു മദ്ധ്യവര്‍ഗ്ഗ ആത്മീയവിശ്വാസക്രമവും ചട്ടക്കൂടുമായി ക്രിസ്തുമതം മാറിത്തീര്‍ന്നു. യാഹ്വേയുടെ പ്രിയപ്പെട്ട ദരിദ്ര ജനം,  വെട്ടപ്പെട്ടിട്ടും പുതുതളിര്‍പ്പ് എടുക്കുന്ന ജെസ്സെയുടെ വൃക്ഷച്ചുവട് മുഖ്യധാരയില്‍ പ്രവേശനം തഴയപ്പെട്ട്, വീണ്ടും വീണ്ടും ഓരങ്ങളിലേക്കു തള്ളപ്പെട്ടു. 'പ്രവാചകന്മാരെ കൊല്ലുകയും അയക്കപ്പെട്ടവരെ കല്ലെറിയുകയും ചെയ്യുന്ന' പാരമ്പര്യമുള്ള ജറൂസലം, അവള്‍ക്ക് പാകമാകാത്ത പ്രവാചകസമൂഹത്തെ മെരുക്കിയെടുത്തു കളഞ്ഞു. ജറുസലത്തിന്‍റെ പോലും അധികാരം കൈയ്യാളുന്ന റോമാ നഗരം ക്രിസ്തുമതത്തെ കൂടുതല്‍ മെരുക്കി കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തിയുടെ ഏ. ഡി. 313ലെ മിലാന്‍ വിളംബരത്തോടെ. അസ്സീസിയിലും ഇതേ മുഖ്യധാരാവല്‍ക്കരണം നടന്നിരിക്കണം. അതല്ലെങ്കില്‍, മലയില്‍ പടുത്ത അസ്സീസി പട്ടണത്തിന് വെളിയില്‍ - പട്ടണവാസികളുടെ വയലേലകള്‍ക്കും അപ്പുറം കൂലിപ്പണിക്കാരും ദരിദ്രരുമായ സെര്‍ഫുകളും കുഷ്ഠരോഗികളും മാത്രം പാര്‍ക്കുന്ന ഇടങ്ങളില്‍ നിലകൊണ്ട പോര്‍സ്യുങ്കുലാ, സാന്‍ദാമിയാനോ, സാന്‍ പീയെത്രോ എന്നീ ദേവാലയങ്ങള്‍ ജീര്‍ണ്ണതയെ പ്രാപിക്കുകയില്ലായിരുന്നല്ലോ. ഫ്രാന്‍സിസ് തന്‍റെ സ്വകാര്യ പ്രാര്‍ത്ഥനകള്‍ക്കായി ഈ ദേവാലയങ്ങളാണു തെരഞ്ഞെടുക്കുന്നത്. പട്ടണത്തില്‍നിന്ന് അകന്നുമാറിയുള്ള അവിടങ്ങളില്‍ അപ്പോഴും ഉടുതുണിക്ക് മറുതുണിയില്ലാത്ത പട്ടിണിപ്പാവങ്ങള്‍ - അതേ, മാമ്മോദീസാ വെള്ളം തലയിലൂടെ ഒഴുക്കപ്പെട്ടവര്‍ - ജീവിച്ചിരുന്നു. ഇതേ സാന്‍ദാമിയാനോ ദേവാലയത്തില്‍ പ്രാര്‍ത്ഥിക്കുമ്പോഴായിരുന്നു, അവിടത്തെ ക്രൂശിതരൂപത്തിന്‍റെ ഐക്കണ്‍ചിത്രം ഫ്രാന്‍സിസിനോടു സംസാരിക്കുന്നത് - "ഫ്രാന്‍സിസ്, തകര്‍ന്നുകിടക്കുന്ന എന്‍റെ പള്ളിയെ (ദേവാലയം എന്നും സഭ എന്നും അര്‍ത്ഥമാണ്) നീ പുനരുദ്ധരിക്കുക". ഈ ആന്തരപ്രേരണയെ പിന്‍ചെന്നാണ് ഫ്രാന്‍സിസ് തന്‍റെ പിതാവിന്‍റെ വ്യാപാരശാലയില്‍നിന്ന് പട്ടെടുത്ത് വില്ക്കുന്നതും തുടര്‍ന്നങ്ങോട്ട് അരങ്ങേറുന്ന നാടകീയരംഗങ്ങളും! പിതാവുമായും കുടുംബവുമായും വഴിപിരിഞ്ഞ ഫ്രാന്‍സിസ് പട്ടണംവിട്ട് ഇറങ്ങിപ്പോകുന്നത് റിവോതോര്‍ത്തോയിലേക്കും പ്രാര്‍ത്ഥനാവേളകള്‍ക്ക് സാന്‍ദാമിയാനോയിലേക്കുമാണ്. ആദ്യം സാന്‍ദാമിയാനോ, പിന്നെ പോര്‍സ്യുങ്കുലാ, പിന്നെ സാന്‍പീയെത്രോ എന്നിങ്ങനെ പട്ടണത്തില്‍ നിന്ന് ദൂരെ അകന്നുമാറി വെളുമ്പില്‍ സ്ഥിതിചെയ്തിരുന്ന ദേവാലയങ്ങള്‍ സ്വന്തം അധ്വാനത്താല്‍ (ചുറ്റുപാടുമുള്ള പാവങ്ങളെയും കൂടെക്കൂട്ടി) പുനരുദ്ധരിച്ച ഫ്രാന്‍സിസ്, ഒപ്പം ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന ചേരിപ്രദേശത്തെ ദരിദ്രസഭയെ ഒരുമിച്ചുകൂട്ടുക കൂടിയായിരുന്നു. അവരോടൊപ്പം പണിയെടുത്ത്, ഭിക്ഷാടകരോടൊപ്പം ഭിക്ഷയാചിച്ച്, അവര്‍ക്കിടയില്‍ ജീവിച്ചിരുന്ന കുഷ്ഠരോഗികളെ കുളിപ്പിച്ചും മുറിവുകള്‍ ശുദ്ധിചെയ്തു വച്ചുകെട്ടി ശുശ്രൂഷിച്ചും, കൈവിരലുകള്‍ നഷ്ടപ്പെട്ടവര്‍ക്കു ഭക്ഷണം വായില്‍ വച്ചുകൊടുത്തും അവര്‍ക്കിടയില്‍ കൂരകെട്ടി - പട്ടണത്തിലെ കുബേരകുമാരന്മാര്‍! ദരിദ്രരോടൊത്ത് വസിക്കണമെന്നും അവരിലാരെയും കുറ്റപ്പെടുത്തിക്കൂടെന്നും കുതിരസവാരി നടത്തരുതെന്നും, സാധുക്കളെപ്പോലെ കായികാധ്വാനം ചെയ്തു ജീവിക്കണമെന്നും അത് തികയാതെ വരുമ്പോള്‍ ഭിക്ഷ യാചിക്കണമെന്നും മറ്റുമുള്ള നിഷ്ഠകളും നിഷ്കര്‍ഷകളും ഇതോടു ചേര്‍ത്തു വായിക്കുക.

റോമില്‍ പടുകൂറ്റന്‍ സെന്‍റ് പീറ്റേഴ്സ് ബസിലിക്ക പുനരുദ്ധരിക്കുന്ന കാലം. അതിലേക്കായി ധാരാളം പണം സ്വരൂപിക്കേണ്ടിയിരുന്നു. പണം സംഭാവനചെയ്ത് സഭയെ സഹായിക്കുന്നതനുസരിച്ച് ദണ്ഡവിമോചനങ്ങള്‍ റോമാ സിംഹാസനം പ്രഖ്യാപിച്ചിരുന്നു. ദരിദ്രര്‍ വീണ്ടും സഭയില്‍ ഓരം തള്ളപ്പെടുന്നതിനേ ഈ നടപടി സഹായിക്കൂ എന്ന് ഫ്രാന്‍സിസ് തിരിച്ചറിഞ്ഞിരിക്കണം. കാരണം റോമിലേക്ക് തീര്‍ത്ഥയാത്ര നടത്തി, ലാറ്ററന്‍ ബസിലിക്കയും മറ്റു ബസിലിക്കകളും സന്ദര്‍ശിച്ച്, പ്രാര്‍ത്ഥിച്ച്, നേര്‍ച്ചകാഴ്ചകള്‍ സമര്‍പ്പിക്കുന്നതുവഴി തങ്ങളുടെ പാപകടങ്ങളില്‍നിന്ന് മോചനം നേടുകയും ദണ്ഡവിമോചനം പ്രാപിക്കുകയും ചെയ്യുന്നവര്‍, അതിനൊക്കെ ആസ്തിയുള്ള ധനികര്‍ മാത്രമായിരിക്കുമല്ലോ. ഈയൊരു പശ്ചാത്തലത്തിലാണ് തന്‍റെ കരങ്ങളാല്‍ താന്‍ പുനര്‍നിര്‍മ്മിച്ചതും ഫ്രാന്‍സിസ്കന്‍ ഒന്നാം സഭയുടെയും രണ്ടാം സഭയുടെയും പിള്ളത്തൊട്ടിലുമായ, പട്ടണപ്രാന്തത്തിലെ ദരിദ്രരുടെ മദ്ധ്യേയുള്ള മാലാഖാമാരുടെ രാജ്ഞിയുടെ കൊച്ചു പോര്‍സ്യുങ്കുലായില്‍ വന്ന് പ്രാര്‍ത്ഥിക്കുന്നവര്‍ക്കു (ദരിദ്രര്‍ക്ക്) കൂടി ദണ്ഡവിമോചനം പ്രഖ്യാപിക്കുവാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയോട് അപേക്ഷിക്കുന്നത്. പുനരുദ്ധരിക്കപ്പെട്ട പാവങ്ങളുടെ സഭയുടെ ഈ സ്വന്തം ദേവാലയത്തില്‍ ഭക്തജനപ്രവാഹം ശക്തമായി. മാത്രമല്ല, വടക്കന്‍ ഇറ്റലിയിലെ പാവങ്ങള്‍ക്കു മാത്രമേ ഈയൊരു ആനുകൂല്യം നേടുവാന്‍ കഴിയുമായിരുന്നുള്ളൂ. അതിനാല്‍ ഈ ദണ്ഡവിമോചനാനുകൂല്യം ഫ്രാന്‍സിസ്കന്‍ സന്ന്യാസികളുടെ ലോകമെമ്പാടുമുള്ള ചാപ്പലുകളിലേക്കുകൂടി മാര്‍പാപ്പയെക്കൊണ്ടു വ്യാപിപ്പിക്കുന്നു - വര്‍ഷത്തില്‍ ഒരു ദിവസമേ ഉള്ളു എന്നു മാത്രം - ആഗസ്റ്റ് രണ്ടാം തീയതി. കാരണം, കീഴാള സഹോദരങ്ങളുടെ ആവാസം എല്ലായിടങ്ങളിലും ദരിദ്രരുടെ മദ്ധ്യേ ആയിരുന്നല്ലോ. അങ്ങനെ ദരിദ്രരെ ദേവാലയത്തിലേക്കാനയിച്ചുകൊണ്ട്, അവര്‍ക്ക് മാര്‍പാപ്പ തിരുമനസ്സുകൊണ്ടു പൂര്‍ണ്ണ ദണ്ഡവിമോചനം പ്രഖ്യാപിച്ചുകൊണ്ട്, മാര്‍പാപ്പായെ ദരിദ്രരുടെ മൂലസഭയുടെകൂടി പാപ്പായാക്കിത്തീര്‍ത്തു ഫ്രാന്‍സിസ്.

പ്രതിസംസ്കൃതി

'പണമില്ലാത്തവന്‍ പിണം' എന്നാണു നാട്ടുപ്രമാണം. 'കാശുള്ളവന്‍ കത്തോലിക്കന്‍, അല്ലാത്തവന്‍ തൊലിക്കന്‍' എന്നൊരു പാഠഭേദംകൂടി ഈയിടെ ഉണ്ടായിവന്നിട്ടുണ്ട്. കാശുണ്ടായിരിക്കുകയെന്നതല്ല, കാശുള്ളതാണ് എന്നറിയിക്കുകയാണ് പ്രധാനം. ജീവിതത്തിന്‍റെ മുഖ്യലക്ഷ്യം തന്നെ "സമ്പത്ത് ആര്‍ജ്ജിക്കുക, അത് ധാരാളിത്തത്തോടെ ഉപഭോഗിക്കുക" എന്നായിരിക്കുന്നു. ആത്മാരാമന്മാരില്‍ നിന്ന് വിഷയാരാമന്മാരിലേക്കുള്ള മാറ്റം എത്ര പെട്ടെന്നാണ് നാം സാധിച്ചെടുത്തത്! മേനി നടിക്കലിലും വമ്പുപറയലിലും പത്രാസുകാട്ടലിലും നമ്മിലധികംപേരുടെയും ജീവിതത്തിന്‍റെ അധികസമയവും വൃഥാവിലാകുന്നു. പത്രമാസികകളിലും ദൃശ്യമാധ്യമങ്ങളിലും അവരുടെ ഗാര്‍ഡന്‍ ഡിസൈനിങ്ങും അവരുടെ കുസീന്‍സും അവരുടെ ഇന്‍ഡോര്‍ ഡെക്കോര്‍സും അവരുടെ ഫാഷന്‍സും അവരുടെ ബ്യൂട്ടിഫിക്കേഷന്‍സും അവരുടെ ഉപരി-മദ്ധ്യവര്‍ഗ്ഗ ചര്‍ച്ചകളുംകൊണ്ട് നിറയുന്നുവല്ലോ. ഈയൊരു ജനാധിപത്യവ്യവസ്ഥിതിയില്‍ ദരിദ്രര്‍ക്ക് മാറ്റിവയ്ക്കേണ്ട സ്പേസ് മാധ്യമങ്ങള്‍ മാറ്റിവയ്ക്കുന്നില്ല എന്നതോ പോകട്ടെ, അങ്ങനെ ഒരു വര്‍ഗ്ഗം ഇവിടെ ഇല്ലെന്നുപോലും കണ്ണടച്ചിരുട്ടാക്കിയാലോ!! നമ്മിലധികംപേരുടെയും രൂപവും വേഷങ്ങളും (സന്യസ്തരുടേതുള്‍പ്പെടെ) മറ്റ് ആക്സസ്സറീസും വീടും വീട്ടുപകരണങ്ങളും കാറും ചുമരും ഗേറ്റും എല്ലാം എല്ലാം നമ്മുടെ ഉപരി-മദ്ധ്യവര്‍ഗ്ഗ അംഗത്വത്തിലേക്ക് സൂചനകള്‍ നല്കുന്നതും അടയാളപ്പെടുത്തുന്നതുമായിരിക്കണമെന്നതു നാം എപ്പോഴും ശ്രദ്ധിക്കുന്നു. നാട്ടിലെ എല്ലാ സംഭാഷണങ്ങളും ഉപരിവര്‍ഗ്ഗ ക്ലീഷേകള്‍കൊണ്ട് നിറയുമ്പോള്‍, ഉപരിവര്‍ഗ്ഗത്തിലേക്കു പിറന്നുവീണ ഒരുപറ്റം ചെറുപ്പക്കാര്‍, തങ്ങളുടെ സ്വത്വപ്രദേശത്തുനിന്ന് ഇറങ്ങിപ്പോന്നിട്ട് ഏറ്റവും സുതാര്യവും ആത്മാര്‍ത്ഥവും ലളിതവുമായ സംഭാഷണങ്ങളില്‍ മുഴുകുമ്പോള്‍, പ്രവാചകമായ പ്രസ്തുത കാല്‍വയ്പ് മുഖ്യധാരാസമൂഹത്തെ സംബന്ധിച്ചിടത്തോളം കൊഞ്ഞനംകാട്ടലായി അനുഭവപ്പെടും. ഒരു ഉഷ്ണമേഖലാ പ്രദേശത്ത് യേശു പറഞ്ഞ - രണ്ട് അങ്കി ധരിക്കരുത്, ചെരുപ്പ് വേണ്ട, തല ചായ്ക്കാനിടമില്ലാതിരിക്കുക എന്നിത്യാദി കാര്യങ്ങള്‍ യൂറോപ്പ് പോലുള്ള ശൈത്യമേഖലാ പ്രദേശത്ത് അക്ഷരശഃ പ്രാവര്‍ത്തികമാക്കുമ്പോള്‍ അതിന്‍റെ പീഡകള്‍ സാമാന്യമായിരുന്നില്ല. വിശപ്പും തണുപ്പും അനാരോഗ്യവും രോഗവും അസൗകര്യങ്ങളും, ഭിക്ഷയാചിച്ചുകിട്ടുന്ന പഴകിയ ഭക്ഷണങ്ങളും ഒക്കെ ജീവിതത്തില്‍ ഏല്ക്കുക അതി കഠിനമായിരുന്നു. മരംകോച്ചുന്ന തണുപ്പില്‍ നിരപ്പില്ലാത്ത പാറപ്പുറത്തും ഗുഹകള്‍ക്കകത്തും വിരിപ്പുകളേതുമില്ലാതെ കിടന്നുറങ്ങുക അസാമാന്യമായിരുന്നു. ഇതെല്ലാം പക്ഷേ, ഈ സഹോദരങ്ങള്‍, കളികളിലേര്‍പ്പെട്ടിരിക്കുന്ന കുട്ടികളെപ്പോലെ ഒട്ടൊരു ലാഘവത്വത്തോടെയും ഫലിതരസത്തിലും ആനന്ദത്തോടെ സ്വീകരിച്ചു എന്നുള്ളിടത്താണ് ദാരിദ്ര്യം സ്വയംവരിക്കുന്നതിലെ പ്രതിസംസ്കൃതിയുടെ മൂല്യമടങ്ങിയിരിക്കുന്നത്. മുഖ്യധാരയുടെ എല്ലാ മുഖംമൂടികളും അടര്‍ന്നുവീഴുന്നു ഈ ദരിദ്രഭിക്ഷുക്കള്‍ക്കുമുന്നില്‍...!

ആത്മബന്ധം

ഫ്രാന്‍സിസിനെക്കുറിച്ച് പറയുന്നിടത്ത് ഒഫ്രദൂച്ചിയോ പ്രഭുകുടുംബത്തിലെ സീമന്തപുത്രിയായ ആ വനിതയെ ഓര്‍ക്കാതിരിക്കാന്‍ വയ്യ - അസ്സീസിയിലെ വി. ക്ലാര. ഈ രണ്ട് വിശുദ്ധാത്മാക്കളുടെ പരസ്പരബന്ധത്തെക്കുറിച്ച് കല്പനകളും കഥകളും ഐതിഹ്യങ്ങളും അനവധിയാണ്. ഫ്രാന്‍സീസ് വീടും കുടുംബവും വര്‍ഗ്ഗപദവിയും വിട്ടുപേക്ഷിക്കുന്ന മാനസാന്തരകാലത്ത് ക്ലാരയ്ക്ക് വയസ്സ് കഷ്ടിച്ച് പന്ത്രണ്ട്; ഫ്രാന്‍സീസിനോ ഇരുപത്തഞ്ചും. പിന്നീട്, അവനെക്കുറിച്ചുള്ള കഥകളിലൂടെ, അവന്‍റെ തന്നെ പ്രസംഗങ്ങളിലൂടെ, അവന്‍റെ കഠിനമായ ജീവിതസാക്ഷ്യങ്ങളിലൂടെ, അവന്‍റെ വാക്കിലെ കനലുകളെ, അവന്‍റെ നോക്കിലെ ആര്‍ദ്രതയെ അവന്‍റെ ചങ്കിലെ വിഹ്വലതകളെ അവള്‍ ഹൃദയംകൊണ്ട് അനുഭവിച്ചറിഞ്ഞു. ഒരു പക്ഷേ, ബര്‍ണാര്‍ഡിനെക്കാളും, ഒരുവേള ലിയോയെക്കാളും അവളതു ഹൃദയത്തിലാവഹിച്ചു. അവന്‍ നടന്ന വഴിയേ അവളും പോര്‍സ്യുങ്കുളായിലെത്തുകതന്നെ ചെയ്തു. ഒരു പ്രഭുകുമാരിക്കടുത്ത സ്വാഭാവികത്വത്തില്‍ എല്ലാവിധ പരിചരണങ്ങളും ഏറ്റുവളര്‍ന്ന കേശഭാരം പറ്റെ മുറിച്ചു നീക്കി, ശിരോവസ്ത്രവും ചാക്കു തുണിയുടെ പരുപരുത്ത സന്ന്യാസവസ്ത്രവും അവള്‍ സ്വീകരിച്ചു. ഫ്രാന്‍സിസിനും ക്ലാരയ്ക്കുമിടയില്‍ ശക്തമായ ഒരാത്മബന്ധം നിലനിന്നു. അവരിരുവരുടെയും ആത്മബന്ധത്തിന്‍റെ സമ്മേളനബിന്ദു, അവരിരുവരും ഉള്ളില്‍ സൂക്ഷിച്ച ദരിദ്രരോടും അവരുടെ ദാരിദ്ര്യത്തോടുമുള്ള വല്ലാത്ത ഒരു  അഭിനിവേശമായിരുന്നു. ദാരിദ്ര്യം അവരിരുവരുടെയും പൊതുതാല്പര്യവും സാധനയുമായിരുന്നതിനാല്‍ത്തന്നെ അവരുടെ ബന്ധം ദൈവികവും പവിത്രവുമായിരുന്നു എന്നു തീര്‍ത്തുപറയാം. കാരണം, അളവുകളും തൂക്കങ്ങളും കണക്കുകളും സൂക്ഷിക്കുന്നവരെ നാം കച്ചവടക്കാര്‍ എന്നാണല്ലോ വിളിക്കുക; ഇവയ്ക്കു പുറമേ മണ്ണും ലോഹങ്ങളും കൂടി സൂക്ഷിക്കുന്നവരെ ധനികന്മാര്‍ എന്നും. ഒന്നും സൂക്ഷിച്ചുവയ്ക്കാത്തവരാണ് സ്നേഹിതര്‍. അവര്‍ അളവുകളും തൂക്കങ്ങളും കണക്കുപുസ്തകങ്ങളും കച്ചവടക്കാരില്‍ നിന്ന് വാങ്ങാറില്ല. മണ്ണും ലോഹങ്ങളും ധനികരില്‍നിന്നും. എല്ലാം വിട്ടുകളയുന്നവരാണവര്‍. തന്നെ സ്നേഹിക്കാനുള്ള ദൗത്യവുമായി മറ്റൊരാളുടെ ഹൃദയംപോലും അവര്‍ സൂക്ഷിച്ചുവയ്ക്കില്ല.

ഫ്രാന്‍സീസിന് ഒട്ടൊരു പരിശ്രമത്തിനുശേഷം, ചില വക്കാലത്തുകളും സ്വാധീനങ്ങളുപയോഗിച്ചിട്ടാണെങ്കിലും, പരിപൂര്‍ണ്ണ ദാരിദ്ര്യത്തിന്‍റെ ആനുകൂല്യം മാര്‍പാപ്പായില്‍നിന്ന് കല്പിച്ചനുവദിച്ചു കിട്ടി - അതായത് സ്ഥാവരജംഗമവസ്തുക്കളില്ലാതെ സന്ന്യാസം ജീവിക്കുവാനുള്ള ആനുകൂല്യത്തിന്‍റെ അനുവാദം. എന്നാല്‍, "സംരക്ഷണമാവശ്യമുള്ള അബലകളായ" സ്ത്രീകളുടെ സമൂഹമെന്നതിനാല്‍ ഈ ആനുകൂല്യം നേടിയെടുക്കുക ക്ലാരയെ സംബന്ധിച്ചിടത്തോളം ഏറെ ക്ലേശകരമായിരുന്നു. പലതവണ മാര്‍പാപ്പ ക്ലാരയെ അത്തരമൊരു ശാഠ്യത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും അപേക്ഷ മടക്കുകയും ചെയ്തു. ഇതിനെക്കുറിച്ച് ക്ലാരയോടൊപ്പം ഫ്രാന്‍സിസും പര്യാകുലനായിരുന്നു. അങ്ങനെയിരിക്കേ ഒരു സായാഹ്നത്തില്‍ ഫ്രാന്‍സിസ് സഹോദരന്‍ ലിയോയോടൊപ്പം ഒരു വിജനപ്രദേശത്തുകൂടി കടന്നുപോവുകയായിരുന്നു. ക്ഷീണിതനായിരുന്ന ഫ്രാന്‍സിസ് അടുത്തുകണ്ട തെളിനീരുറവയ്ക്കരികെ കുറേനേരം ഇരുന്നു. അതിന്‍റെ ആഴങ്ങളില്‍ കണ്ണുംനട്ട്. പെട്ടെന്ന് ഫ്രാന്‍സിസിന്‍റെ മുഖം പ്രസന്നമായി. അദ്ദേഹം ലിയോയോടു ചോദിച്ചു. "ഞാന്‍ ഈ നീരുറവയില്‍ എന്താണ് കണ്ടതെന്ന് സഹോദരന്‍ ലിയോ, നിനക്കറിയുമോ?" "ഒരുപക്ഷേ, മാനത്തെ അമ്പിളിപ്പെങ്ങളെയായിരിക്കണം എന്ന് ഞാന്‍ ഊഹിക്കുന്നു". "അമ്പിളിപ്പെങ്ങളെയല്ല സഹോദരാ ലിയോ, ഞാന്‍ ക്ലാരപ്പെങ്ങളുടെ മുഖംതന്നെയാണ് അവിടെ കണ്ടത്. അവളുടെ മുഖത്തു നിന്നു കാര്‍മേഘം നീങ്ങി, അവിടെ സന്തോഷംവന്നു നിറയുന്നതു ഞാന്‍ കണ്ടു സഹോദരാ. അവള്‍ എന്നെ നോക്കി പുഞ്ചിരിച്ചു. ഇതോടെ എന്‍റെ സംശയങ്ങളെല്ലാം നീങ്ങി". ഫ്രാന്‍സിസ് കണ്ടതു സത്യമായിരുന്നു. പക്ഷേ, ഫ്രാന്‍സിസിന്‍റെ ജീവിതകാലത്ത് അത് സംഭവിച്ചില്ല. ക്ലാരയുടെ മരണത്തിന്‍റെ തലേന്നു മാത്രമായിരുന്നു മാര്‍പാപ്പയുടെ മുദ്രപതിച്ച സമ്പൂര്‍ണ്ണ ദാരിദ്ര്യാനുകൂല്യത്തിന്‍റെ സമ്മതിപത്രം അവള്‍ക്കു ലഭിച്ചത്! ദാരിദ്ര്യത്തെ പുല്കുമ്പോള്‍ സ്ത്രീപുരുഷബന്ധങ്ങളില്‍ നിന്നുപോലും സ്വാര്‍ത്ഥതയുടെ പിടിച്ചടക്കല്‍ ത്വര ഇല്ലായ്മ ചെയ്യപ്പെടും എന്നത് ഫ്രാന്‍സിസിന്‍റെയും ക്ലാരയുടെയും ജീവിതപാഠം!

സാഹോദര്യം

"കുറച്ച് വസ്തുവകകളൊക്കെ ആകാമല്ലോ" എന്നുള്ള ഉപദേശത്തോടു ഫ്രാന്‍സീസിന്‍റെ ന്യായവാദം: 'ഒരു വീടും വസ്തുവകകളുമായാല്‍ അവ പൂട്ടിവയ്ക്കണം. പിന്നീട് രാത്രിയില്‍ കള്ളന്മാര്‍ മോഷ്ടിക്കാതിരിക്കേണ്ടതിന് നാം ആയുധങ്ങള്‍ സൂക്ഷിക്കണം, കാവലേര്‍പ്പെടുത്തണം', നായയെ വാങ്ങി വളര്‍ത്തണം...! "ചിതലരിക്കാത്തതും കള്ളന്മാര്‍ മോഷ്ടിക്കാത്തതുമായ ഇടത്ത് നിഷേപങ്ങള്‍ ശേഖരിക്കുവിന്‍" എന്ന വചനത്തില്‍ത്തന്നെ ഇരുമുഖമായ ഈ സാഹോദര്യത്തിന്‍റെ പ്രശ്നമുണ്ട്. (ഏതെല്ലാംതരം പെസ്റ്റ് കണ്‍ട്രോള്‍ മാര്‍ഗ്ഗങ്ങളാണിന്ന്! എന്തു ചെലവുവന്നാലും ചിതല്‍ നിവാരണമാര്‍ഗ്ഗങ്ങള്‍ അവലംബിക്കാതെ വീടുപണിയുന്നതിനെക്കുറിച്ച് ഓര്‍ക്കാനേ വയ്യ! മനുഷ്യര്‍ തങ്ങള്‍ക്കായി ഉണ്ടാക്കുന്ന വിഭവങ്ങളോളം തന്നെ അവര്‍ കീടങ്ങള്‍ക്കായും ഉണ്ടാക്കുന്നു-കീടനാശിനികളായി. "എലികളൊക്കെ പഠിച്ച കള്ളന്മാരായിരിക്കുന്നു. എലിവിഷങ്ങളോട് അവര്‍ക്ക് തീരേ പ്രതിപത്തിയില്ല. എലിപ്പെട്ടികളിലൊന്നും അവ കയറുകയുമില്ല" എന്ന് ഒരു വീട്ടമ്മയുടെ പരാതി. എറുമ്പുകളെ മാറ്റിനിര്‍ത്താന്‍ നാം നമുക്കു ചുറ്റും ലക്ഷ്മണരേഖ വരയ്ക്കുന്നു!) പ്രകൃതിയുടെ അടിസ്ഥാന പ്രമാണങ്ങള്‍ക്ക് എതിരായതിനാലും സര്‍വ്വജാതി ജന്തുജാലങ്ങളെയും ശത്രുക്കളായി കാണേണ്ടിവരുന്നതിനാലും എല്ലാ സ്വകാര്യ സമ്പത്താര്‍ജ്ജനവും പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളോടുമുള്ള സാഹോദര്യത്തിനെതിരാകുന്നു.

"കള്ളന്മാരുടെ കാര്യം പിന്നെ പറയാനുമില്ല. ഇന്ന് ആരെയാണു വിശ്വസിക്കാന്‍ കഴിയുക!?"  എല്ലാ സ്വകാര്യ സമ്പാദ്യവും സഹോദരനെ മാറ്റിനിര്‍ത്തുന്നു. ഒരിടത്ത് ഒരു സന്ന്യാസിക്ക് വളരെ കഴിവുകളുള്ള ഒരു ഈച്ചയുണ്ടായിരുന്നു. ഈച്ച മേശപ്പുറത്തിരിക്കും. ജനം വന്ന് അവരോരോരുത്തരുടെയും ഓരോരോ പ്രശ്നങ്ങള്‍ പറയുമ്പോള്‍ സന്ന്യാസി ഈച്ചയെ നോക്കും. ഈച്ച മേശപ്പുറത്ത് വലത്തോട്ടോ ഇടത്തോട്ടോ മുന്നോട്ടോ പിന്നോട്ടോ വൃത്തത്തിലോ നടന്ന് ഓരോ ചിത്രം വരയ്ക്കും. ചിലപ്പോള്‍ ചിറകിട്ടടിക്കും. അതല്ലെങ്കില്‍ പറന്നുയരും. ഇതില്‍നിന്ന് സന്ന്യാസി കാര്യംഗ്രഹിച്ച് ഉത്തരമോ പരിഹാരമോ നിര്‍ദ്ദേശിക്കും. ഈ സന്ന്യാസിയെയും അദ്ദേഹത്തിന്‍റെ വിശിഷ്ടമായ ഈച്ചയെയുംകുറിച്ച് കേട്ടറിഞ്ഞ് അതേ സന്ന്യാസസമൂഹത്തിലെ മറ്റൊരു സന്ന്യാസി ഈച്ചയെ കാണാന്‍ വരുന്നു. ഈച്ചയെ കാട്ടിക്കൊടുത്തുവെങ്കിലും ആഗതന്‍ തിരികെ പോയപ്പോള്‍ മുതല്‍ ഈച്ചമുതലാളിക്ക് സംശയങ്ങളായി. എന്തിനുവേണ്ടിയാവും അയാള്‍ വന്നത്? മേശമേല്‍ അയാള്‍ എന്തെങ്കിലും ചെയ്തോ? തന്‍റെ വിലപിടിപ്പുള്ള ദൈവിക ഈച്ചയെ വകവരുത്തുകയായിരുന്നോ അയാളുടെ ആഗമനോദ്ദേശ്യം? ഏതായാലും ഇനിയും അയാള്‍ വരികയാണെങ്കില്‍ പ്രത്യേകം സൂക്ഷിക്കണം എന്നു സ്വയം അപായസൂചന നല്കിയിട്ടാണ് ഈച്ചമുതലാളിയായ സന്ന്യാസി ഉറങ്ങാന്‍ കിടന്നത്.

എനിക്ക് സാമാന്യം സുഖമായി ജീവിക്കാനുള്ള സ്വത്തുവകകള്‍ ഉണ്ടായിരിക്കുമ്പോള്‍ ഞാനെങ്ങനെയാണ് ഒന്നുമില്ലാത്ത പട്ടിണിപാവത്തെ 'സഹോദരാ' എന്നു വിളിക്കുക?! ഒരു (സന്ന്യാസ) സമൂഹത്തില്‍ ഒരാള്‍ ഒട്ടുമിക്ക സൗകര്യങ്ങളും അനുഭവിക്കുകയും സങ്കീര്‍ണ്ണമായ ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുകയും ചെയ്യുകയും, മറ്റുചിലര്‍ ഇതൊന്നും ഇല്ലാതെയിരിക്കുകയും ചെയ്യുമ്പോള്‍ ഏതളവിലുള്ള സാഹോദര്യമായിരിക്കും പ്രസ്തുത സമൂഹത്തില്‍ പുലരുക?!

സ്വയം ശൂന്യവല്ക്കരിക്കുന്നിടത്തേ സാഹോദര്യം ഉണ്ടാവൂ. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, ദാരിദ്ര്യം സ്വയം വരിക്കാത്തിടത്ത് സാഹോദര്യം വിളയില്ല. ഫ്രാന്‍സിസിനെ സംബന്ധിച്ചിടത്തോളം പവിത്രയായ ദാരിദ്ര്യവനിതയും അവളുടെ സഹോദരി പവിത്രവിനയവും യഥാര്‍ത്ഥ സാഹോദര്യത്തിന്‍റെ അടിസ്ഥാനമാകുന്നു.*

 “Lady holy Povetry, may the Lord protect you with your sister holy Humility’’
-പുണ്യങ്ങള്‍ക്ക് അഭിവാദനം,
(അസ്സീസിയിലെ വി. ഫ്രാന്‍സിസ്)
* ലിയോണാര്‍ഡോ ബോഫിന്‍റെ വിശുദ്ധ ഫ്രാന്‍സിസ്: മാനവവിമോചനത്തിന് ഒരു മാതൃക എന്ന ഗ്രന്ഥം ഈ ലേഖനരചനയില്‍ ലേഖനകര്‍ത്താവിനെ ഏറെ സ്വാധീനിച്ചിട്ടുണ്ട്.

You can share this post!

ജലശയ്യയില്‍

ഫാ. ഷാജി സി. എം. ഐ.
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts