news-details
മറ്റുലേഖനങ്ങൾ

ഞാനറിഞ്ഞ ഫ്രാന്‍സിസ്

വിശുദ്ധ ഫ്രാന്‍സീസ് അസ്സീസിയുടെ ചിത്രം മനസ്സില്‍ തെളിഞ്ഞുകിട്ടുന്നത് എന്‍റെ ബാല്യാനുഭവങ്ങളിലൂടെയാണ്. ഞങ്ങളുടെ ഗ്രാമീണദേവാലയത്തില്‍ വിശുദ്ധന്‍റെ രൂപവും അല്മായരുടെ ഫ്രാന്‍സിസ്കന്‍ സംഘവും ഉണ്ടായിരുന്നു. ഫ്രാന്‍സിസ്കന്‍ മൂന്നാംസഭയില്‍ സജീവപ്രവര്‍ത്തകനായിരുന്നു ഞങ്ങളുടെ അപ്പന്‍. ഉന്നതവിദ്യാഭ്യാസത്തിന്‍റെ ആനുകൂല്യങ്ങളൊന്നും ലഭിച്ചിരുന്നില്ലെങ്കിലും ഏതു വിഷയവും ചോദിച്ചും വായിച്ചും ചര്‍ച്ച ചെയ്തും മനസ്സിലാക്കുന്ന പ്രകൃതക്കാരനായിരുന്നു അപ്പന്‍. മൂന്നാംസഭക്കാരുടെ പല തലത്തിലുള്ള സമ്മേളനങ്ങളില്‍ പങ്കെടുത്തു മടങ്ങിവരുമ്പോള്‍ പുതിയ പുതിയ അറിവുകള്‍ വിശുദ്ധനെക്കുറിച്ച് ഞങ്ങള്‍ക്ക് പങ്കുവച്ചുതന്നിരുന്നു. അങ്ങനെയുള്ള ഏതോ മുഹൂര്‍ത്തത്തിലാണ് ഫ്രാന്‍സീസ് അസ്സീസിയുടെ ഒരു ജീവചരിത്രം കൈയില്‍ കിട്ടിയത്. ലിയോഅച്ചന്‍ എഴുതിയ അസ്സീസിയുടെ ജീവചരിത്രം. ഞങ്ങളുടെ വീട്ടില്‍ വിലകൊടുത്തുവാങ്ങി സൂക്ഷിച്ചിരുന്ന ചുരുക്കം ചില ആധ്യാത്മികഗ്രന്ഥങ്ങളില്‍ ബൈബിള്‍ കഴിഞ്ഞാല്‍, എന്‍റെ മനസ്സില്‍ സ്ഥാനം പിടിച്ചത് ഈ ഗ്രന്ഥമാണ്. ചുരുക്കിപ്പറഞ്ഞാല്‍, അപ്പന്‍റെ ജീവിതചര്യ, ലിയോ അച്ചന്‍ എഴുതിയ ചരിത്രം എന്നിവയിലൂടെ എന്‍റെ ബാല്യകാലസമ്പത്തായിത്തീര്‍ന്നതാണ് ഫ്രാന്‍സിസ്കന്‍ പരിചയം. അതു വേണ്ടിടത്തോളം വളര്‍ത്തിയെടുക്കാന്‍ ജീവിതവ്യഗ്രതകള്‍ക്കിടയില്‍ കഴിഞ്ഞിട്ടില്ല എന്നത് ഒരു പോരായ്മയായി എനിക്കു അനുഭവപ്പെടുന്നു. എങ്കിലും ചെറുപ്പത്തില്‍ ലഭിച്ചത് നഷ്ടപ്പെടുത്താതിരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

പ്രായപൂര്‍ത്തിയായതു മുതല്‍ ഇന്നോളം ഉരുവിടുന്ന പ്രിയപ്പെട്ട പ്രാര്‍ത്ഥനകളില്‍ 'സ്വര്‍ഗസ്ഥനായ പിതാവേ' എന്ന കര്‍ത്തൃപ്രാര്‍ത്ഥന കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനം ഫ്രാന്‍സീസ് അസ്സീസിയുടെ പ്രാര്‍ത്ഥനക്കാണ്. 'കര്‍ത്താവേ, എന്നെ നിന്‍റെ സമാധാനത്തിന്‍റെ ഉപകരണമാക്കണമേ...' എന്നു തുടങ്ങി 'മരിക്കുമ്പോഴാണ് നാം നിത്യജീവനിലേക്കു പ്രവേശിക്കുക' എന്നു ചൊല്ലിയവസാനിപ്പിക്കുമ്പോള്‍ അനുഭവപ്പെടുന്നത് ക്രൈസ്തവികതയുടെ വിശാലമേഖലകളില്‍ ഓട്ടപ്രദക്ഷിണം നടത്തി മടങ്ങിവരുന്ന തീര്‍ത്ഥാടകന്‍റെ ഉള്‍നിറവാണ്. അനുദിനജീവിതത്തിന്‍റെ വല്ലായ്മകളില്‍ അകപ്പെട്ടു പരാതിയും പരിഭവവും അമര്‍ഷവും നിറഞ്ഞു മ്ലാനമാകുന്ന 'പാവം മാനവഹൃദയം' നീര്‍ച്ചാലുകള്‍ക്കരികിലെ പച്ചപ്പുല്‍ത്തകിടിയില്‍ അഭയം കണ്ടെത്തുന്നതുപോലെയാണ് ഈ പ്രാര്‍ത്ഥനാനുഭവം. ക്ഷമിക്കാനും മറക്കാനും സ്നേഹിക്കാനും സഹകരിക്കാനും ശാന്തിതേടാനും സ്നേഹപൂര്‍വം നിര്‍ബന്ധിക്കുന്ന ഒരു ദിവ്യമന്ത്രംപോലെ അനുഭവപ്പെടുന്ന അസ്സീസിയുടെ പ്രാര്‍ത്ഥന വെറുമൊരു സ്വകാര്യാനുഭവമല്ല എനിക്ക്. മണിക്കൂറുകളിലേക്കും ത്രികാലങ്ങളിലേക്കും വ്യാപിച്ചുനിന്നിരുന്ന പഴയ കുടുംബപ്രാര്‍ത്ഥന മിനിറ്റുകളിലേക്കു ചുരുങ്ങിപ്പോയപ്പോഴും എനിക്കും എന്‍റെ കൊച്ചുകുടുംബത്തിനും ഒന്നിച്ചുചൊല്ലാന്‍ കഴിയുന്ന പ്രാര്‍ത്ഥനയാണ് അസ്സീസിയുടേത്. ഇരുപത്തഞ്ചുവര്‍ഷത്തോളം ഞാന്‍ ജോലി ചെയ്തിരുന്ന എന്‍റെ മാതൃകലാലയമായ സെന്‍റ് ബര്‍ക്കുമാന്‍സ് കോളജിന്‍റെ കലണ്ടറില്‍, അതും പുറംചട്ടയില്‍ തന്നെ, സര്‍വമതപ്രാര്‍ത്ഥനയായി അച്ചടിച്ചു കാണുന്നതു ഫ്രാന്‍സീസ് അസ്സീസിയുടെ പ്രാര്‍ത്ഥനയാണ്. ഇംഗ്ലീഷ് പ്രൊഫസര്‍ കെ.വി. ജോസഫ് കോളജ്കലണ്ടറിന്‍റെ ചുമതല വഹിച്ചിരുന്ന കാലത്താണ് ഈ പതിവ് തുടങ്ങിയതെന്ന് തോന്നുന്നു. ഇതില്‍ വിസ്മയമില്ല. അല്മായര്‍ക്ക് വിശുദ്ധ ഫ്രാന്‍സീസിനോട് പ്രത്യേകമായ അടുപ്പം തോന്നുന്നു. കേരളത്തില്‍ അല്മായരുടെ ഇടയില്‍നിന്ന് വിശുദ്ധരുടെ ഔദ്യോഗിക പട്ടികയിലേക്കു ആദ്യം പരിഗണിക്കാവുന്നത് കേരള അസ്സീസി എന്ന് അറിയപ്പെടുന്ന പുത്തന്‍പറമ്പില്‍ തൊമ്മച്ചനാണല്ലോ. ഇക്കാര്യം ആദ്യം പ്രഖ്യാപിച്ചത് പുണ്യശ്ലോകനായ കാവുകാട്ടുപിതാവാണ് എന്നുകൂടി ഒര്‍മിക്കുക.

നമ്മുടെ ദൗര്‍ബല്യങ്ങള്‍ കണ്ടറിഞ്ഞ് നമ്മുടെ ജീവിതത്തിലേക്ക് നിലാവുപോലെ കടന്നുവരുന്ന ഈ രണ്ടാംക്രിസ്തുവിനെ ക്രൈസ്തവരല്ലാത്തവരും ഉള്ളഴിഞ്ഞു വണങ്ങുന്നു. മനുഷ്യനെയും ദൈവത്തെയും പ്രകൃതിയെയും കൂട്ടിയിണക്കി നമ്മുടെ ഐഹികജീവിതത്തെ വലംവച്ചു കളംവരയ്ക്കുന്ന ഫ്രാന്‍സീസിനെക്കുറിച്ച് കസാന്‍ദ്സാക്കിസ് എഴുതിയ അമൃതവചനങ്ങള്‍ മനസ്സിന്‍റെ മരുഭൂമികളിലേക്ക് മഞ്ഞുപോലെ പെയ്തിറങ്ങിയ അനുഭവം മറന്നിട്ടില്ല. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ ത്യാഗപൂര്‍വ്വം ഉറച്ചുനിന്ന ബോഫ് ഫ്രാന്‍സീസിനെക്കുറിച്ച് എഴുതിയതു വായിക്കാന്‍ മനസ്സ് വ്യഗ്രതപ്പെട്ടുനില്‍ക്കുന്നു. ഉടനെ വായിച്ചു തീര്‍ക്കേണ്ട മറ്റു പല പുസ്തകങ്ങളും മേശപ്പുറത്തുണ്ടെങ്കിലും ഫ്രാന്‍സീസിനെക്കുറിച്ചുള്ള ബോഫിന്‍റെ ദര്‍ശനത്തിനായി ഗ്രന്ഥശാലകളിലും പുസ്തകശാലകളിലേക്കും എന്‍റെ കണ്ണുകള്‍ ഇടറുന്നു. ഇവയെല്ലാം വിശുദ്ധ ഫ്രാന്‍സീസുമായി ബന്ധപ്പെടാന്‍ എന്‍റെ ഹൃദയത്തിനുള്ള അഭിനിവേശമായി വ്യാഖ്യാനിക്കാവുന്നതാണ്.സ്വന്തം പരിമിതികളെക്കുറിച്ചുള്ള ബോധമുദിക്കുമ്പോഴെല്ലാം ഹൃദയം മന്ത്രിക്കുന്നു - നിനക്കും കടന്നുചെല്ലാവുന്ന തിരുമുറ്റത്ത് ലളിതമായ അനുസരണയുടെ കുസൃതിയില്‍ പൊതിഞ്ഞ സൗമ്യമായ തിരസ്കാരങ്ങളുടെ പുഞ്ചിരിയോടെ സ്നേഹകരങ്ങള്‍ നീട്ടി ഫ്രാന്‍സീസ് പുണ്യവാളന്‍ കാത്തുനില്‍ക്കുന്നു.

You can share this post!

ജലശയ്യയില്‍

ഫാ. ഷാജി സി. എം. ഐ.
അടുത്ത രചന

വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗം

ഡോ. അരുണ്‍ ഉമ്മന്‍
Related Posts