news-details
മറ്റുലേഖനങ്ങൾ

മനുഷ്യമഹത്ത്വം മനസ്സിലാക്കിയ വിശുദ്ധന്‍

വി. ഫ്രാന്‍സീസ് അസ്സീസിയുടെ തിരുനാള്‍ ആഘോഷിക്കുന്ന ഈ അവസരത്തില്‍ വിശുദ്ധന്‍റെ ജീവിതരഹസ്യത്തെപ്പറ്റി ചിന്തിക്കാനാണ് ഈ ലേഖനം. മൂന്നു പ്രധാന തത്ത്വങ്ങളെ മുന്‍നിറുത്തിയാണ് ഇത് എഴുതുന്നത്. മനുഷ്യന്‍റെ നിസ്സാരത അല്ലെങ്കില്‍ ഒന്നുമില്ലായ്മ, ദൈവത്തിന്‍റെ മഹത്ത്വം, ഫ്രാന്‍സീസിന്‍റെ അസാധാരണമായ ധീരതയും വിജയവും.

1.  മനുഷ്യന്‍റെ നിസ്സാരത

മനുഷ്യന്‍റെ യഥാര്‍ത്ഥ അവസ്ഥ എന്താണെന്നു നാം ധ്യാനിക്കുന്തോറും പല സത്യങ്ങളും വെളിപ്പെടും. വി. ഫ്രാന്‍സീസിന്‍റെ ജീവിതരഹസ്യം മനസ്സിലാക്കാന്‍ എന്നെ സഹായിച്ചത് അദ്ദേഹത്തിന്‍റെ സുപ്രധാനമായ രണ്ടു പ്രാര്‍ത്ഥനകളാണ്. (1) "ദൈവമേ അങ്ങുന്ന് ആരാണ് ഞാനാരാണ്" (2) "എന്‍റെ ദൈവം എന്‍റെ സമസ്തവുമാകുന്നു." ഈ പ്രാര്‍ത്ഥനകളില്‍ കാണുന്ന ദൈവശാസ്ത്രത്തിന്‍റെയും ധാര്‍മ്മിക ശാസ്ത്രത്തിന്‍റെയും കാതല്‍ ഫ്രാന്‍സീസിന്‍റെയും ജീവിതത്തില്‍ തെളിഞ്ഞു കാണാവുന്നതാണ്.

തത്ത്വശാസ്ത്രം (Metaphysics) പഠിച്ചാല്‍ ബോധ്യമാകുന്ന സത്യമാണ് മനുഷ്യന്‍റെ നിസ്സാരത. സ്രഷ്ടാവിന്‍റെയും സൃഷ്ടിയുടെയും സ്വഭാവത്തെപ്പറ്റിയുള്ള സത്യങ്ങള്‍ എല്ലാ മതങ്ങളും അംഗീകരിക്കുന്നതാണ്. ഒരു സൃഷ്ടവസ്തുവിനും സത്തയും (Being) അസ്തിത്വവും (Existence) ഇല്ല. അതു ദൈവത്തിനു മാത്രമേ ഉള്ളൂ. സ്രഷ്ടാവ് എല്ലാ വസ്തുക്കള്‍ക്കും അസ്തിത്വം കൊടുക്കുക മാത്രമല്ല, കൊടുത്തുകൊണ്ടിരിക്കുകയും ചെയ്യുന്നു. മനുഷ്യനെ ദൈവം ഇല്ലായ്മയില്‍ നിന്നു സൃഷ്ടിച്ചു എന്നു പറയുമ്പോള്‍ അവന്‍റെ അവസ്ഥ ഇല്ലായ്മ (Nothingness) മാത്രമായിരുന്നു. വാസ്തവത്തില്‍ നമ്മുടെ തറവാട്  ശൂന്യതയാണ്. "അവിടുത്തെ മുമ്പില്‍ ജനതകള്‍ ഒന്നുമല്ല. ഒന്നുമില്ലായ്മയ്ക്കും ശൂന്യതയ്ക്കും താഴയെ അവിടുന്നു അവയ്ക്കു സ്ഥാനം നല്‍കിയിട്ടുള്ളൂ" (ഏശയ്യാ 40-17).

ഈ സത്യം നമുക്ക് വിശ്വാസം വഴിയും അറിയാവുന്നതാണ്. "ലഭിക്കാത്തതായിട്ട് നിനക്ക് എന്താണ് ഉള്ളത്" (1 കൊറി 4-7), "നീ ഒന്നുമില്ലാതിരിക്കെ എന്തോ ആണെന്നു ഭാവിക്കുന്നു" (ഗലാ6-35), 'നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ സാദ്ധ്യമല്ല" (യോഹ 15-5). ഇതെല്ലാം സത്യങ്ങളാണെങ്കിലും മനുഷ്യന് ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല. നന്മയായിട്ട് മനുഷ്യന് ഉള്ളതെല്ലാം ദൈവത്തിന്‍റെ ദാനങ്ങള്‍ മാത്രമാണ്. "ഉത്തമവും പൂര്‍ണ്ണവുമായ എല്ലാ ദാനങ്ങളും ഉന്നതത്തില്‍ നിന്നുള്ള ദൈവത്തില്‍ നിന്നു വരുന്നു" (യാക്കോ 1-17). ദൈവം മനുഷ്യനു നല്‍കിയിട്ടുള്ള കഴിവുകളില്‍ പത്തുശതമാനം പോലും ഇതുവരെ മനുഷ്യന്‍ വികസിപ്പിച്ചിട്ടില്ല. ദൈവത്തില്‍ നിന്ന്  ലഭിച്ചതല്ലാതെ യാതൊരു സൃഷ്ടവസ്തുവിനും സ്വന്തമായിട്ട് ഒരു നന്മയുമില്ല. മാത്രവുമല്ല എല്ലാ മനുഷ്യരും തിന്മ നിറഞ്ഞവരുമാണ്. ഈ പറഞ്ഞവ ശരിയാണെന്ന് ചിലര്‍ക്ക് ബോദ്ധ്യം വരുന്നില്ല. ധാരാളം നന്മകള്‍ നമുക്കുണ്ടെന്നുള്ളത് ശരിതന്നെ. എന്നാല്‍ എല്ലാം ദാനങ്ങളാണെന്ന് നാം സമ്മതിക്കണം. നമുക്ക് നന്മകളും കഴിവുകളും ഇല്ലെന്നു പറഞ്ഞാല്‍ അത് സത്യവിരുദ്ധമായിരിക്കും. ദൈവം എല്ലാ മനുഷ്യര്‍ക്കും സൃഷ്ടവസ്തുക്കള്‍ക്കും അനുഗ്രഹങ്ങള്‍ ധാരാളമായി നല്‍കിയിട്ടുണ്ട്. ഇതെല്ലാം ദൈവത്തിന്‍റെ ദാനമാണെന്ന് സമ്മതിച്ച് ഏറ്റുപറയുന്നതിലാണ് നമ്മുടെ മഹത്ത്വം. പരിശുദ്ധ അമ്മയും ചെയ്തത് ഇതുതന്നെയാണ്. "ദൈവം എന്നില്‍ വലിയ കാര്യങ്ങള്‍ ചെയ്തു. ദൈവത്തിന്‍റെ നാമം വാഴ്ത്തപ്പെടട്ടെ." ഈ സത്യമാണ് വി. ഫ്രാന്‍സീസ് മനസ്സിലാക്കിയത്.

അപ്പോള്‍ ചിലര്‍ ചോദിക്കുമായിരിക്കും എന്തുകൊണ്ട് അസ്തിത്വവും നന്മകളും ദൈവം നമുക്കു സ്വന്തമായി തരുന്നില്ല? അത് ദൈവത്തിനു സാദ്ധ്യമല്ല. രണ്ടും രണ്ടും നാലാണ്. അഞ്ചാക്കാന്‍ ദൈവത്തിനുപോലും സാദ്ധ്യമല്ല. കാരണം ദൈവമാണ് എല്ലാ നന്മയും നിയമവും. മറ്റുള്ളവര്‍ക്ക് അത് നല്കപ്പെട്ട ദാനങ്ങളാണ്. ഈ നിത്യസത്യം ആഴത്തില്‍ ബോദ്ധ്യപ്പെട്ട വിശുദ്ധനായിരുന്നു ഫ്രാന്‍സീസ് അസ്സീസി. ഈ അറിവ് പഠനം കൊണ്ട് കിട്ടുന്ന ബോദ്ധ്യമല്ല. അഗാധമായ ശൂന്യവത്ക്കരണത്തിലൂടെയും ധ്യാനത്തിലൂടെയും ലഭിക്കുന്ന കൃപയാണിത്. പ്രയാസമേറിയ ഈ സത്യം ബോദ്ധ്യപ്പെടുത്താന്‍ ദൈവം തന്നെ ഇറങ്ങിവന്ന് ശൂന്യവത്കരണം എന്ന പ്രക്രിയ സ്വീകരിച്ചു. "തന്നെത്താന്‍ താഴ്ത്തി, തന്നെത്താന്‍ എളിമപ്പെടുത്തി" (ഫിലി. 2-6).

ഡോണ്‍ ബെല്‍ത്താലസര്‍ എന്ന ശാസ്ത്രജ്ഞന്‍ എഴുതിയ നാലായിരം പേജുള്ള 'ദൈവത്തിന്‍റെ മഹത്ത്വം' (ഏഹീൃ്യ ീള ഏീറ) എന്ന പുസ്തകം ഞാന്‍ വായിക്കാനിടയായി. തത്ഫലമായിട്ട് ദൈവം മാത്രമാണ് നന്മ, സ്നേഹം, സത്യം, സൗന്ദര്യം എന്നുള്ള അറിവ് എന്നിലുണര്‍ന്നു. ദൈവത്തെ മറന്ന് സ്വയം മഹത്ത്വപ്പെടുത്തുന്നതാണ് ഏറ്റവും വലിയ അസത്യവും വിഡ്ഢിത്തവുമെന്ന് മനസ്സിലായി. ഈശോയെ അനുകരിച്ച അസ്സീസിലെ ഫ്രാന്‍സീസ് ഈ ശൂന്യവത്കരണത്തിന് എളിമയും, ദാരിദ്ര്യവും വഴി തയ്യാറായി. ദൈവം ആരാണെന്നും താന്‍ ആരാണെന്നും ഫ്രാന്‍സീസിന് അല്പമെങ്കിലും മനസ്സിലായി.

2.  ദൈവത്തിന്‍റെ മഹത്ത്വം

ഫ്രാന്‍സീസിന്‍റെ ആദ്ധ്യാത്മികത ഇതാണെങ്കില്‍ അത് നിഷേധാത്മക തത്ത്വമാണെന്ന വിചാരം നമുക്കുണ്ടാവുന്നതാണ്. വാസ്തവത്തില്‍ സത്യം അതല്ല. ഫ്രാന്‍സീസിനെപോലെ ആദ്ധ്യാത്മികമായും ബാഹ്യമായും സന്തോഷിച്ച വിശുദ്ധര്‍ കുറവാണ്. കാരണം ദൈവം ആരാണെന്നും താന്‍ ആരാണെന്നും ബോദ്ധ്യമായപ്പോള്‍ അദ്ദേഹത്തിന്‍റെ ഹൃദയം സന്തോഷം കൊണ്ടു നിറഞ്ഞു. തന്നെത്തന്നെ ദൈവത്തിന് പൂര്‍ണ്ണമായി കൊടുത്തപ്പോള്‍ ദൈവത്തിനുള്ളതെല്ലാം തന്‍റേതായി അനുഭവപ്പെട്ടു. അങ്ങനെ ഏറ്റവും വിലയ ധനവാനായി ഫ്രാന്‍സീസ്. ഫ്രാന്‍സീസിന്‍റെ സന്തോഷത്തിന്‍റെ കാരണം, ഞാനൊന്നുമല്ല ദൈവത്തിന്‍റേതെല്ലാം എന്‍റേതാണ് എന്ന ഈ സത്യം ബോധ്യമായതാണ്.

"സത്യം നിന്നെ സ്വതന്ത്രനാക്കും. പാപം ചെയ്യുന്നവരെല്ലാം പാപത്തിന്‍റെ അടിമകളാണ്" (ഖീവി 8 34) പാപികളായ മനുഷ്യര്‍ക്ക് അതായത് നമുക്കെല്ലാം യഥാര്‍ത്ഥമായ സ്വാതന്ത്ര്യവുമില്ല. മാഞ്ഞുമാഞ്ഞുപോകുന്ന ലൗകിക സുഖങ്ങളിലും മറ്റും നമ്മള്‍ തൃപ്തി കണ്ടെത്തുന്നു. ഞാനാരാണ് ദൈവമാരാണ് എന്ന സത്യം ബോദ്ധ്യമാകുമ്പോള്‍ സത്യത്തിന്‍റെ പ്രകാശം നമ്മില്‍ ഉദിക്കും. അപ്പോള്‍ എല്ലാത്തിന്‍റെയും  യാഥാര്‍ത്ഥ്യം നാം ശരിക്കും കാണും. ദൈവത്തിന്‍റെ മഹത്ത്വം, മനുഷ്യന്‍റെ ഇല്ലായ്മ, നിസ്സാരത ഇതെല്ലാം ദിവ്യസത്യങ്ങളാണ്. ഫ്രാന്‍സീസ് തന്‍റെ ഫ്രാന്‍സിസ്ക്കന്‍ ജീവിതംവഴി ഒരു പുതിയ പാഠം ഈ ലോകത്തെ, വിശിഷ്യാ യുവലോകത്തെ പഠിപ്പിച്ചു. അതായത് യഥാര്‍ത്ഥ ഭക്തജീവിതം (ആദ്ധ്യാത്മിക ജീവിതം) മ്ലാനമായ ജീവിതരീതിയല്ല. മതപരമായ ജീവിതം ഒരു സന്തോഷാനുഭവമായിട്ടാണ് ഫ്രാന്‍സീസ് ഈ ലോകത്തെ പഠിപ്പിച്ചത്. ഒരു ജര്‍മ്മന്‍ ചിന്തകന്‍ പറയുന്നതുപോലെ ദൈവത്തിനുവേണ്ടി തന്നെത്തന്നെയും, തനിക്കുള്ളവയും ഉപേക്ഷിച്ചപ്പോഴാണ് ഫ്രാന്‍സീസിന് പ്രകൃതിയിലുള്ളതെല്ലാം സ്വന്തമായിത്തീര്‍ന്നത്. പീഡകള്‍ സഹിച്ച്, മരിച്ച് ഉത്ഥാനം ചെയ്ത ഈശോയുടെ പുതിയ ജീവിതത്തില്‍ പങ്കെടുക്കുന്ന മനുഷ്യര്‍ക്ക് ജീവിതം എന്നും ഉയിര്‍പ്പുതിരുനാളാണ്.

നമ്മുടെ ദുഃഖത്തിന്‍റെയും മ്ലാനതയുടെയും എല്ലാം അടിസ്ഥാനം സ്വാര്‍ത്ഥതയാണ്. ദൈവത്തിനുവേണ്ടി ജീവിക്കുന്നവര്‍ പൗലോസ് ശ്ലീഹായെപ്പോലെ എപ്പോഴും സന്തോഷമുള്ളവരായിരിക്കും. വിശുദ്ധര്‍ വേദനയിലും ദുഃഖങ്ങളിലും തെറ്റിദ്ധാരണകളിലുമെല്ലാം ദൈവത്തെ മഹത്ത്വപ്പെടുത്തിയിരുന്നു. ഇതാണ് വിശുദ്ധരുടെ ജീവിതരഹസ്യം. ഈ യാഥാര്‍ത്ഥ്യം ഗ്രഹിക്കുന്നവര്‍ക്കേ മഹത്ത്വമെല്ലാം ദൈവത്തിനുമാത്രം എന്ന സത്യം മനസ്സിലാകുകയുള്ളൂ. ഇത് ക്രിസ്തീയ ജീവിതത്തിന്‍റെ വിരോധാഭാസം (Paradox) ആണ്. അതായത് മരണത്തില്‍ നിന്ന് ഉയിര്‍പ്പ്, ഉപേക്ഷിക്കുന്നതില്‍ കൂടി കണ്ടെത്തല്‍.

3. ഫ്രാന്‍സീസിന്‍റെ അസാധാരണമായ ധീരതയും വിജയവും

നന്മയായിട്ടുള്ളതെല്ലാം ദൈവത്തിന്‍റേതാണെങ്കില്‍ നല്ലവരായി, വിശുദ്ധരായി ജീവിക്കുന്നതില്‍ നമുക്കുള്ള പങ്ക് എന്താണ്, ഒന്നുമാത്രം ദൈവം നമ്മുടേതായിട്ട് വിട്ടു തന്നിരിക്കുന്നു. നമ്മുടെ സ്വാതന്ത്ര്യം. അതില്‍ ഒരിക്കലും ദൈവം ഇടപെടുകയില്ല. ഇവിടെയാണ് ഫ്രാന്‍സീസിന്‍റെ 'My God and My All" എന്ന പ്രാര്‍ത്ഥനയുടെ ആഴം നാം മനസ്സിലാക്കേണ്ടത്. സെന്‍റ് ബെര്‍ണാഡ് പറയുന്നതുപോലെ "നമ്മുടെ എല്ലാ നല്ല പ്രവൃത്തികളിലും ദൈവം നൂറുശതമാനം പ്രവര്‍ത്തിക്കുന്നു, നമ്മളും നൂറുശതമാനം പ്രവര്‍ത്തിക്കുന്നു. ദൈവം പ്രവര്‍ത്തിക്കാതെ ഒരു നന്മയും നടക്കുകയില്ല. തിന്മ ചെയ്യുന്നതില്‍ ദൈവത്തിനു പങ്കില്ല. നന്മചെയ്യാനും, തിന്മചെയ്യാതിരിക്കുവാനും ദൈവം മനുഷ്യനു നല്കിയ മനോഹരമായ ഒരു ദാനമാണ് സ്വാതന്ത്ര്യം." പലരും ചോദിക്കാറുള്ള ഒരു ചോദ്യമുണ്ട്. എന്തുകൊണ്ട് ദൈവം നമ്മെ പാപം ചെയ്യുന്നതില്‍ നിന്നും തടയുന്നില്ല? അതിനുള്ള ഉത്തരമാണ് ദൈവം നമുക്ക് നല്കിയിട്ടുള്ള മഹാദാനമായ സ്വാതന്ത്ര്യം. അതിനെ ദൈവം വിലമതിക്കുന്നു.

നാം ‘Yes’ മൂളാതെ ഒരു നന്മയും ദൈവം ചെയ്യുകയില്ല. ഇവിടെയാണ് മനുഷ്യന്‍റെ സ്വാതന്ത്ര്യത്തിന്‍റെ ഉത്തരവാദിത്വം തെളിഞ്ഞു കാണുന്നത്. വിശുദ്ധരാകുകയെന്നുള്ളത് ദൈവത്തിന്‍റെയും മനുഷ്യരുടെയും പ്രവൃത്തിയാണ്. ഇതില്‍ മനുഷ്യനുള്ള പങ്ക് സമ്മതം കൊടുക്കല്‍ മാത്രമാണ്. അധികം പേരും അലസത കൊണ്ടോ, മന്ദത കൊണ്ടോ, ദുരാശകള്‍ കൊണ്ടോ അനുവാദം കൊടുക്കാന്‍ മടിക്കുന്നു. അതുകൊണ്ട് സമ്മതം കിട്ടാന്‍ ദൈവം കാത്തു നില്‍ക്കുന്നു. എന്നാല്‍ ഫ്രാന്‍സീസ് തന്‍റെ ശൂന്യവത്കരണം വഴി പൂര്‍ണ്ണമായി തന്‍റെ മനസ് ദൈവത്തിനു സമര്‍പ്പിച്ചു. ഇതുപോലെ വിശുദ്ധരും ചെയ്തു. നാം എളുപ്പത്തില്‍ ചൊല്ലി വിടുന്ന “My God my all” എന്ന പ്രാര്‍ത്ഥന ശരിയായി ചൊല്ലുവാന്‍ ഫ്രാന്‍സീസിന് പൂര്‍ണ്ണമായി സാധിച്ചത് അല്‍വേര്‍ണിയായിലെ ജീവിതകാലഘട്ടത്തിലാണ്. വി. പാദ്രെ പിയോ അമ്പതുകൊല്ലക്കാലത്തേയ്ക്ക് “My God my all” എന്ന പ്രാര്‍ത്ഥനയില്‍ ജീവിച്ചുകൊണ്ടിരിക്കുകയായിരുന്നു. ദൈവം എന്‍റെ സമസ്തവുമാകുന്നു എന്ന് നാം പറയുമ്പോള്‍ നമുക്ക് നിരവധി ‘My’ കള്‍ വേറെ ഉണ്ട്. അതിലൊന്നു ദൈവവും. നമ്മില്‍ ചിലര്‍ക്ക് ഈ പ്രാര്‍ത്ഥന വെറും ജപമാണ്. എന്നാല്‍ ഫ്രാന്‍സീസിനും മറ്റു വിശുദ്ധര്‍ക്കും അത് ജീവിതമായിരുന്നു. നമ്മില്‍ പലരും ഈ പ്രാര്‍ത്ഥനയുടെ അര്‍ത്ഥം ഗ്രഹിക്കുന്നില്ല.

വിശുദ്ധന്മാര്‍ വിശുദ്ധിയില്‍ വളരുന്നതിന് ദൈവാനുഗ്രഹം മാത്രമല്ല, അവരുടെ നട്ടെല്ലിനും സ്ഥാനമുണ്ടായിരുന്നു. ധീരതയോടുകൂടി എല്ലാമുപേക്ഷിച്ചപ്പോഴാണ് എല്ലാമായ ദൈവത്തെ അവര്‍ക്ക് സ്വന്തമായത്. അനേകവര്‍ഷം വൈദികനായും സന്ന്യസ്തനായും അല്‍മായനായും ജീവിച്ചിട്ടും ജൂബിലികള്‍ ആഘോഷിച്ചിട്ടും എന്‍റേതെന്നുള്ള മനോഭാവം ഉപേക്ഷിക്കാത്തവര്‍ പലരുമുണ്ട് നമ്മുടെയിടയില്‍. ഭക്തരായി ജീവിക്കാന്‍ എളുപ്പമാണ്. പക്ഷേ വിശുദ്ധരായി ജീവിക്കാന്‍ എളുപ്പമല്ല. വിശുദ്ധരാകുക എന്നു പറഞ്ഞാല്‍ നമ്മുടെ 'My' ഉപേക്ഷിച്ച് പൂര്‍ണ്ണമായി ദൈവത്തെ നമ്മുടെ “My’’ ആക്കിത്തീര്‍ക്കുക എന്നുള്ളതാണ്. ഇതിന് ദൈവാനുഗ്രഹം കൂടാതെ 'നട്ടെല്ലും' കൂടി ആവശ്യമുണ്ട്. ഇതാണ് നമ്മുടെ സംഭാവന. തിരുസഭയ്ക്കും ലോകത്തിനും ഇന്ന് ആവശ്യമുള്ളത് “My God my all’’ എന്ന തത്ത്വമനുസരിച്ച് ജീവിക്കുന്നവരെയാണ്.

ആധുനിക ചിന്തകനായ നീഷെ എന്ന നിരീശ്വരവാദി ദൈവത്തെ കാണുന്നത് എല്ലാം അടക്കിഭരിക്കുന്ന ഒരു സ്വേച്ഛാധിപതിയായിട്ടാണ്. യഥാര്‍ത്ഥ ദൈവശാസ്ത്രമനുസരിച്ച് നമ്മുടെ ദൈവം സകല നന്മയുടെയും സത്യത്തിന്‍റേയും, സൗന്ദര്യത്തിന്‍റേയും ഉറവിടമാണ്. നാം നല്ലവരെ കണ്ടിട്ടുണ്ട്. സൗന്ദര്യമുള്ളവരെ കണ്ടിട്ടുണ്ട്. പക്ഷേ സൗന്ദര്യം കണ്ടിട്ടില്ല. നന്മ കണ്ടിട്ടില്ല. സത്യവും കണ്ടിട്ടില്ല.

മനുഷ്യന്‍ അവന്‍റെ ബുദ്ധികൊണ്ടും, മനസ്സുകൊണ്ടും ദൈവത്തിന്‍റെ സഹനവും സൗന്ദര്യവും, നന്മയും ദൈവകൃപയാല്‍ മനസ്സിലാക്കുമ്പോള്‍ തന്നെത്തന്നെ പൂര്‍ണ്ണമായി സമര്‍പ്പിക്കുന്നു. ഇതില്‍ മനുഷ്യന്‍റെ പൂര്‍ണ്ണമായ സ്വാതന്ത്ര്യത്തിന്‍റെ സമര്‍പ്പണം ആവശ്യമാണ്. ദൈവം സ്നേഹയോഗ്യനാണെന്ന് അവനു ബോദ്ധ്യമാകുന്നതിനാല്‍ അവന്‍ പൂര്‍ണ്ണമായി തന്നെത്തന്നെ സ്രഷ്ടാവിനു സമര്‍പ്പിക്കുന്നു. ഇതാണ് ശരിയായ ആരാധന, മതത്തിന്‍റെ കാതല്‍. ഇതാണ് ഫ്രാന്‍സീസും വിശുദ്ധരും ചെയ്തത്. ഈശോ മനുഷ്യനെന്ന നിലയില്‍ സ്നേഹനിധിയായ തന്‍റെ പിതാവിന്, കുരിശില്‍ സ്വയം പൂര്‍ണ്ണമായി സമര്‍പ്പിച്ചു. മനുഷ്യന്‍ ചെയ്തിട്ടുള്ളതില്‍ വെച്ചേറ്റവും വലിയ സമര്‍പ്പണമായിരുന്നു ഇത്. ഈ സമര്‍പ്പണത്തില്‍ പങ്കെടുക്കുന്നതിലാണ് നമ്മളും വിജയിക്കേണ്ടത്. ഫ്രാന്‍സീസിന്‍റെ ഈ കുര്‍ബാന അര്‍പ്പണത്തില്‍ അല്ലെങ്കില്‍ സ്വയം അര്‍പ്പിക്കലില്‍ ധീരതയോടുകൂടി, നട്ടെല്ലോടു കൂടി പങ്കെടുക്കാനാണ് എല്ലാ ക്രൈസ്തവരും വിശിഷ്യാ ഫ്രാന്‍സിസ്കര്‍ വിളിക്കപ്പെട്ടിരിക്കുന്നത്. അതിന്‍റെ സഫലീകരണത്തിന് വി. ഫ്രാന്‍സീസ് വഴി നമുക്ക് അനുഗ്രഹം ലഭിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.

You can share this post!

ജലശയ്യയില്‍

ഫാ. ഷാജി സി. എം. ഐ.
അടുത്ത രചന

മെഡിക്കല്‍ മിഷന്‍ സന്യാസസഭ ഒരു നൂറ്റാണ്ട് പിന്നിടുമ്പോള്‍

സി. മിനി ഒറ്റപ്ലാക്കല്‍ എം.എം.എസ്.
Related Posts