news-details
മറ്റുലേഖനങ്ങൾ

നമ്മുടെ ഏറ്റവും അടുത്ത സുഹൃത്താണ് പ്രകൃതി. അവളുടെ സംരക്ഷണവും പരിപാലനവും കൂടുതലായി ഇന്ന് ചര്‍ച്ചചെയ്യപ്പെടുകയാണ്. അതിന്‍റെ ഫലമായി പരിസ്ഥിതിസംരക്ഷണത്തെക്കുറിച്ച്  ഒരവബോധം സംജാതമായിട്ടുണ്ട്. ദൈവശാസ്ത്രപരമായ പ്രതിപാദ്യവിഷയമായി പരിസ്ഥിതി വിജ്ഞാനീയം മാറിയിരിക്കുന്നു. പ്രകൃതിസ്നേഹികള്‍ക്ക് എന്നും പ്രചോദനമായി നില്‍ക്കുന്നതും പരിസ്ഥിതി മധ്യസ്ഥനായി ആദരിക്കപ്പെടുന്ന അസ്സീസിയിലെ വി. ഫ്രാന്‍സീസിന്‍റെ പ്രകൃതിദര്‍ശനമാണ്. അദ്ദേഹത്തിന്‍റെ കാഴ്ചപ്പാടുകളില്‍ നിന്നുകൊണ്ട് പ്രകൃതിയെ സമീപിച്ചാല്‍ നാം അവളെ അദ്ദേഹത്തോടുകൂടെ സ്നേഹിക്കും.

ജീവിക്കുക എന്നാല്‍ സഹജീവികളുമായി, ഇതരസൃഷ്ടികളുമായി ബന്ധത്തില്‍ നിലനില്‍ക്കുകയെന്നതാണ്. സൃഷ്ടികര്‍മ്മം സൃഷ്ടികളുമായുള്ള സൃഷ്ടാവിന്‍റെ ബന്ധപ്പെടലാണ്. 'സ്വന്തം സാദൃശ്യത്തിലും ഛായയിലും' സൃഷ്ടിമകുടമായ മനുഷ്യനെ രൂപപ്പെടുത്തിയതും ഈ ബന്ധം ദൈവികവും മാനുഷികവുമായിത്തീരുന്നതിനു വേണ്ടിയായിരിക്കും. സഹവസിക്കേണ്ടവനെക്കൊണ്ട് സഹവാസികളുടെ നാമകരണക്രിയ നടത്തുന്നു. സൃഷ്ടവസ്തുക്കളുടെ 'മാമ്മോദീസ' മനുഷ്യന്‍ നിര്‍വഹിച്ചപ്പോള്‍ പരസ്പരബന്ധത്തിന്‍റെ മോഹനമായ തുടക്കമായിരുന്നു. ചുറ്റുമുള്ളവയെ കണ്ട് അവ നല്ലതെന്നു കരുതി പേരുചൊല്ലി വിളിക്കുവാനുള്ള ദൈവവിളി. ഈ പരസ്പരബന്ധത്തിലൂടെ മാത്രമേ ഒരുമിച്ച് നിലനില്‍ക്കുവാന്‍ മനുഷ്യനും പ്രകൃതിക്കും സാധിക്കൂ. ഒറ്റപ്പെടുത്തലുകള്‍ ജീവനുള്ളവയെ സംബന്ധിച്ചിടത്തോളം മരണമാണ്. പ്രകൃതിയോടുള്ള സമീപനത്തില്‍ നമ്മിലെ നിഷ്കളങ്കതയും ആത്മാര്‍ത്ഥതയും കൈമോശം വരുമ്പോള്‍ നശീകരണ പ്രവണത വളരുന്നു. അവളുടെ സ്വരൂപം വിരൂപമാക്കപ്പെടുന്നു. പ്രകൃതിയോടുള്ള സമീപനത്തിലെ മാറ്റം നമ്മുടെ ഉള്‍ക്കാഴ്ചകളില്‍ പതിയുന്ന ദിവ്യനാളത്തിന്‍റെ ജ്വലനത്തെ ആശ്രയിച്ചിരിക്കുന്നു.

നമുക്കു ചുറ്റും കാണുന്ന പരിസ്ഥിതിപ്രശ്നങ്ങള്‍ നമ്മുടെ തന്നെ സൃഷ്ടിയാണ്. അധീശത്വവും അധികാരവും ഊട്ടിയുറപ്പിക്കാനുള്ള വ്യഗ്രതയും നേടുവാനും വെട്ടിപ്പിടിക്കാനുമുള്ള സ്വാര്‍ഥമോഹവും അവളുടെ മുഖം വിരൂപമാക്കുന്നു. പ്രകൃതിയുമായുള്ള വൈകാരികബന്ധത്തെ മാനിക്കാതെ ധിഷണാശക്തിയില്‍ മാത്രം നമ്മള്‍ ആശ്രയിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു. മനുഷ്യകേന്ദ്രിതമായ ലോകകാഴ്ചപ്പാടിനപ്പുറത്ത് പ്രകൃതിയെയും മനുഷ്യനെയും സമന്വയിപ്പിച്ച് ഒരു സമ്പൂര്‍ണ്ണ ഉത്തമസൃഷ്ടിയാകാന്‍ നമുക്ക് കഴിയണം. മനുഷ്യനും പ്രകൃതിയും അന്യരല്ല, നല്ല അയല്‍ക്കാരാണ്. നല്ല സമരിയാക്കാരന്‍റെ സംരക്ഷണചുമതല പ്രകൃതിയിലേക്കുകൂടി വ്യാപിപ്പിക്കേണ്ടിയിരിക്കുന്നു. ബന്ധങ്ങളിലെ വിള്ളലുകള്‍ക്കു കാരണം സ്നേഹശൂന്യതയും അനാദരവുമാണ്. പ്രകൃതിയെ സ്നേഹിക്കണമെങ്കില്‍ അവളെ ഈശ്വരസൃഷ്ടിയായി കണ്ട് ആദരിക്കേണ്ടിരിക്കുന്നു. ഇവിടെയാണ് അസ്സീസിയിലെ പ്രകൃതിസ്നേഹി നമ്മില്‍ ജനിക്കേണ്ടത്.

സമുന്നതമായ സനാതനമൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് ആധ്യാത്മിക ഉള്‍പ്രേരണകളില്‍ തട്ടി തിളക്കമാര്‍ന്ന ആന്തരികനയനങ്ങളിലൂടെ പ്രകൃതിയെ വീക്ഷിച്ച ഫ്രാന്‍സീസിന് അവള്‍ വെറുമൊരു 'ഉപഭോഗവസ്തു'വായിരുന്നില്ല, പ്രത്യുത നിത്യസത്യങ്ങളുടെ ദിവ്യമായ വെളിപാടുകളായിരുന്നു. ഫ്രാന്‍സീസിന്‍റെ ജീവിതത്തിന്‍റെ സമഗ്രവും സമ്പൂര്‍ണ്ണവുമായ ദര്‍ശനത്തിലൂടെ മാത്രമേ അദ്ദേഹത്തിലെ പ്രകൃതിസ്നേഹിയെ കണ്ടെത്താന്‍ സാധിക്കൂ. അദ്ദേഹത്തിന്‍റെ അഗാധമായ ഈശ്വരാനുഭവത്തില്‍ ഊന്നിനിന്നാല്‍ മാത്രമേ പ്രകൃതി സ്നേഹത്തിന്‍റെ ഉന്നത ശൃംഗത്തില്‍ എത്തിച്ചേരുകയുള്ളൂ. സൃഷ്ടിക്കപ്പെട്ട എല്ലാ വസ്തുക്കളെയുടെയും പിതാവാണ് സ്രഷ്ടാവെന്നും താനും തനിക്കുചുറ്റുമുള്ള സര്‍വവും സഹോദരീ സഹോദരരാണെന്നുമുള്ള ബോധ്യം അദ്ദേഹത്തില്‍ വളര്‍ന്നുവന്നു. പിതാവായ ദൈവത്തിന്‍റെ പൊതു പിതൃത്വവും സൃഷ്ടികളുടെ വിശ്വസാഹോദര്യവും ഈ ചെറിയ മനുഷ്യന്‍ അംഗീകരിച്ചു. ഫ്രാന്‍സീസിന്‍റെ മനസ്സിനെ മഥിച്ച വൈകാരിക ബന്ധത്തിന്‍റെ ബഹിര്‍സ്ഫുരണമാണ് അദ്ദേഹത്തിന്‍റെ 'സൂര്യകീര്‍ത്തനം.' വിശ്വമാനവികതയും സാഹോദര്യവും വളരെ ലളിതവും മനോഹരവുമായി ഇതില്‍ വിവരിച്ചിരിക്കുന്നു. സൃഷ്ടവസ്തുക്കളും പ്രകൃതിയും ഫ്രാന്‍സീസിന് ഈശ്വരൈക്യത്തിന്‍റെ വേദിയായിരുന്നു. പ്രകൃതിയോടുള്ള സ്നേഹം ജീവിതബന്ധിയായി അദ്ദേഹം കണ്ടു. പ്രകൃതിയോടുള്ള സ്നേഹം അവളെ സംരക്ഷിക്കുന്നതിലും നിലനില്ക്കുവാന്‍ അനുവദിക്കുന്നതിലും അവളിലെ ആന്തരികമൂല്യം ഉള്‍ക്കൊള്ളുന്നതിലുമാണെന്ന് അദ്ദഹം മനസ്സിലാക്കി. തന്‍റെ ഈ സഹോദരസാന്നിധ്യം ലോകഗതിയെ സംബന്ധിച്ച സ്രഷ്ടാവിന്‍റെ പദ്ധതിയായി ഫ്രാന്‍സീസ് മനസ്സിലാക്കി.

സൃഷ്ടിയുടെ ആത്മാവില്‍ അലിഞ്ഞു നിന്നുകൊണ്ട് സര്‍വതിനെയും തന്‍റെ ലോകത്തിലെ സഹോദരനും സഹോദരിയുമായി കെട്ടിപ്പുണരുകയാണ് ഫ്രാന്‍സീസ് ചെയ്തത്. പ്രകൃതിയോടുള്ള അദ്ദേഹത്തിന്‍റെ വിശുദ്ധവിചാരങ്ങള്‍ നിലനില്‍ക്കുക അവളിലെ ആന്തരിക മൂല്യം അംഗീകരിക്കുമ്പോള്‍ മാത്രമാണ്. ആദരവോടും ഭവ്യതയോടും കൂടെ മറ്റുള്ളവരുമായും സൃഷ്ടവസ്തുക്കളുമായും സ്വയം ബന്ധപ്പെടുത്തി. പ്രകൃതിയുടെമേല്‍ മേലാളനായി വേഷമിടുവാന്‍ തയ്യാറാകാതിരിക്കുക മാത്രമല്ല, അത് തന്‍റെ ജീവിത ശൈലിയുടെ ഭാഗമായ 'നിസ്സാര'തയ്ക്ക് നിരക്കുന്നതല്ലെന്ന് വിശ്വസിക്കുകയും ചെയ്തു. തന്‍റെ പരിമിതമായ ജീവചരിത്രം മാത്രമല്ല കണ്ടത്; സ്വന്തം നിലനില്പിന്‍റെ പരിധിയും അദ്ദേഹം കണ്ടു. സ്രഷ്ടാവ് നിശ്ചയിച്ചു നല്‍കിയ പരിമിതിയെക്കുറിച്ചുള്ള ഓര്‍മ്മ ജീവിതത്തില്‍ മിതത്വം പാലിക്കുവാന്‍ ഫ്രാന്‍സീസിനെ സഹായിച്ചു. അതുകൊണ്ട് സൃഷ്ടികര്‍മ്മത്തിലെ സ്രഷ്ടാവിനോടു കൂടെ നിന്നുകൊണ്ട് 'വളരെ നന്നായിരിക്കുന്നു' എന്നു പറയുവാന്‍ ഫ്രാന്‍സീസിനു സാധിച്ചു.

ഫ്രാന്‍സീസിന് 'സഹോദരന്‍ അഗ്നിയും വായുവും സഹോദരി താരയും ചന്ദ്രികയും ജലസഹോദരിയുമെല്ലാം' നന്മയുടെ പ്രതീകങ്ങളാണ്. 'അഗ്നിസഹോദരനിലൂടെ നിശയില്‍ അങ്ങ് ഞങ്ങള്‍ക്ക് പ്രകാശമരുളുന്നുവെന്നും  'വിനീതയും വിലപ്പെട്ടവളും നൈര്‍മ്മല്യമോലുന്നവളുമായ ജലസഹോദരി'യെന്നു പാടുമ്പോള്‍ ഈ 'സഹോദരകീര്‍ത്തനത്തിലെ' വൈരുധ്യങ്ങളെയല്ല നമ്മള്‍ കാണേണ്ടത്. കാറ്റിനും അഗ്നിക്കും വെള്ളത്തിനുമെല്ലാം സംഹാരശക്തിയുണ്ട്. ഫ്രാന്‍സീസിന് ഇവയെല്ലാം അവരുടെ കരുത്താണ്. അഗ്നി 'സുന്ദരനാണ്, ശക്തമാണ്' എന്നു ഫ്രാന്‍സീസ് പറയുമ്പോള്‍ അവയുടെ കരുത്തിനെ അവഗണിക്കലല്ല അംഗീകരിക്കലാണ്. പുഴുവിലും പൂവിലും ഈശ്വരസാന്നിധ്യം അദ്ദേഹം ദര്‍ശിച്ചു. പ്രകൃതിയോടുള്ള ഫ്രാന്‍സീസിന്‍റെ ബന്ധം കൗദാശികമായിരുന്നു. ദൈവസ്നേഹത്തിന്‍റെ ദൃശ്യരൂപങ്ങളാണ് പ്രകൃതിയും സൃഷ്ടവസ്തുക്കളും. ഓരോ സൃഷ്ടിയും ഫ്രാന്‍സീസിന് ദൈവവചനമായിരുന്നു. 'ഉണ്ടാകട്ടെയില്‍ നിന്നും ഉരുവാക്കപ്പെട്ടവയെല്ലാം വചനത്തിന്‍റെ അവതരണമായിരുന്നു. പ്രകൃതിയിലെ ഈശ്വരസാമീപ്യവും സാന്നിധ്യവും വളരെ നന്നായനുഭവിച്ചതുകൊണ്ട് ഓരോ ചുവടും കൃത്യമായും സൂക്ഷ്മമായും എടുത്തുവെക്കാന്‍ ശ്രമിച്ചു. സെലാനോയിലെ തോമസ് പറയുന്നത് കല്ലുകള്‍ക്കുമുകളിലൂടെയും ഫ്രാന്‍സീസ് ആദരവോടെ നടന്നുവെന്നാണ്.

ഫ്രാന്‍സീസിന്‍റെ പ്രകൃതിസ്നേഹം യഥാര്‍ത്ഥവും വസ്തുനിഷ്ഠവും ആഴമേറിയതുമായിരുന്നു. ആ കണ്ണുകള്‍ക്ക് അവ അത്യുന്നതന്‍റെ മനോഹാരിതയും ശക്തിയും നന്മയുമായിരുന്നു. ഫ്രാന്‍സീസിന് ഈ ഭൂമി മക്കളെപ്പോറ്റുന്ന, സംരക്ഷിക്കുന്ന അമ്മയാണ്. അവളിലെ ഫലപുഷ്ടി വിവിധങ്ങളായ നിറത്തിലും ഗുണത്തിലും തെളിയിക്കപ്പെടുന്നു. മക്കള്‍ക്കുവേണ്ടി അമ്മയുടേതായതെല്ലാം മനോഹരമാക്കിത്തീര്‍ക്കുന്നു. പുല്ലും പൂക്കളുമെല്ലാം ഭൂമിയുടെ അലങ്കാരങ്ങളും പ്രപഞ്ചത്തിലേക്ക് വിടര്‍ന്നു നില്‍ക്കുന്ന അവളുടെ പുഞ്ചിരിയുമാണ്. അമ്മയുടെ മുഖം സഹോദരിയുടെ മുഖമായി കണ്ട് ദൈവത്തെ സ്തുതിക്കുന്നു. "ഞങ്ങളെ താങ്ങി നിര്‍ത്തുകയും ഭരിക്കുകയും ചെയ്യുന്ന ഞങ്ങളുടെ സഹോദരിയും അമ്മയുമായ ഭൂമിയില്‍ അങ്ങ് സ്തുതിക്കപ്പെടട്ടെ." ഭൂമിയെ 'സഹോദരി'യെന്നു വിളിക്കുമ്പോള്‍ അവളുടെ മാതൃത്വത്തെ നശിപ്പിക്കുകയോ, ദുര്‍ബലമാക്കുകയോ അല്ല ഫ്രാന്‍സീസ് ചെയ്യുന്നത്. ഒരു പുതിയ യുവത്വം അവള്‍ക്കു പ്രദാനം ചെയ്യുക മാത്രമല്ല ഒരു പരിധിയും അദ്ദേഹം നിശ്ചയിച്ചു. നമ്മുടെ നിലനില്‍പിന് അവളെ ആശ്രയിക്കുന്നുവെങ്കിലും കേവലവും അന്തിമവുമായ സ്രോതസ്സ് ഭൂമിയല്ല എന്നദ്ദേഹം ഓര്‍മ്മിക്കുന്നു. വിശാലമായ സൃഷ്ടകുടുംബത്തിലെ ഒരംഗമാണ് ഈ ഭൂമി. അതുകൊണ്ടവള്‍ സഹോദരിയാണ്. "സര്‍വം സഹ" യാണ് ഭൂമി എന്നു പറയാറുണ്ട്. ഏതൊരമ്മയുടെയും ജീവിതഭാഗമാണ് സഹനം. മക്കള്‍ക്കുവേണ്ടി സന്തോഷത്തോടെ വേദനകള്‍ സ്വീകരിക്കുന്ന അമ്മ. ഭൂമിയുടെ മാറില്‍ ചാലുകള്‍ വീഴുമ്പോള്‍ അമ്മ മക്കള്‍ക്കുവേണ്ടി മാത്രം സൂക്ഷിക്കുന്ന കലര്‍പ്പില്ലാത്ത പാല്‍ അവള്‍ ചുരത്തുന്നു. മണ്ണും പൊടിയുമായ നമ്മള്‍ മണ്ണിന്‍റെ ഫലമായ മണ്ണിന്‍റെ മറ്റു രൂപഭാവങ്ങളെ ഭക്ഷിക്കുന്നു. സര്‍വം സഹയാണെങ്കിലും അവളുടെ സഹനത്തിനും ഒരതിരില്ലേ? ഉണ്ട് എന്നാണ് തോന്നിയിട്ടുള്ളത്. ഭൂചലനങ്ങളും ഉരുള്‍പൊട്ടലുകളും പ്രായവും വരള്‍ച്ചയും വിള്ളലുകളും ചോര്‍ച്ചയും സൂചിപ്പിക്കുന്നത് ഇതാണ്. വെറും സൗന്ദര്യാസ്വാദനത്തോടെ മാത്രം പ്രകൃതിയെ നോക്കുമ്പോഴും കലാസ്വാദനത്തോടെ അവളെ സമീപിക്കുമ്പോഴും ഒരു തരത്തില്‍ സ്വന്തം കാര്യത്തിനായി അവളെ ഉപയോഗിക്കുവാനുള്ള കെണി നാമറിയാതെ കടന്നു കൂടാറുണ്ട്. ഇവിടെയും ഫ്രാന്‍സീസിന്‍റെ നയനശുദ്ധി നമുക്കാവശ്യമായിരിക്കുന്നു.

അമ്മയുടെ ഉദരത്തില്‍ വീണ്ടും ജനിക്കുന്നതിനുവേണ്ടി ഭൂമിയുടെ ഗര്‍ഭത്തില്‍ തന്നെത്തന്നെ ഒളിപ്പിക്കുന്നുണ്ട് ഫ്രാന്‍സീസ്. "ഗ്രേച്ചിയോ"യിലെയും "കാര്‍ച്ചേരി"യിലെയും ഗുഹകളില്‍ പുനര്‍ജനനത്തിന്‍റെ ബീജസങ്കലനം അദ്ദേഹത്തില്‍ സംഭവിക്കുകയായിരുന്നു. ജീവിതാന്ത്യത്തില്‍ നഗ്നനായി പൂഴിയില്‍ കിടന്നുകൊണ്ട് ഭൂമിയുടെ മാതൃത്വം ഏറ്റവും കൂടുതലായി അദ്ദേഹം ഉള്‍ക്കൊണ്ടു. പ്രകൃതിയുടെ മറ്റൊരു രൂപവും ഭാവവുമായി സ്വയം കണ്ടെത്തിയ ഫ്രാന്‍സീസ് അറിഞ്ഞുകൊണ്ട് അതിന്‍റെ ഭാഗമായിത്തീരുന്നു. പൂര്‍ണബോധത്തോടെയും ബോധ്യത്തോടെയും തന്‍റെ ജീര്‍ണ്ണത അംഗീകരിക്കുന്നു. താങ്ങിനിര്‍ത്തിയ പ്രകൃതി തന്നെ സ്വീകരിക്കുകയും അവളില്‍ ലയിപ്പിക്കുകയും ചെയ്യുന്ന മനുഷ്യ-പ്രകൃതിബന്ധം. ഈ ബന്ധത്തില്‍ ആത്മാര്‍ത്ഥതയോടെ പ്രവേശിക്കുവാന്‍ കഴിയുന്നത് അവയിലെ 'സഹോദരനെയും സഹോദരി'യെയും തിരിച്ചറിയുമ്പോഴാണ്. ഫ്രാന്‍സീസ് നല്‍കുന്ന ദൈവികമായ കാഴ്ചപ്പാടുകള്‍ നഷ്ടപ്പെടാതെ പ്രകൃതിയെ സ്നേഹിക്കുമ്പോള്‍, സംരക്ഷിക്കുമ്പോള്‍ മഹത്വപ്പെടുന്നത് സ്രഷ്ടാവായ ദൈവവും മനോഹരമായിത്തീരുക ദൈവിക പദ്ധതിയുമാണ്. ഫ്രാന്‍സീസിനെ - ഈ അമൂല്യ വിഗ്രഹത്തെ നമുക്ക് സൂക്ഷിക്കാം.

You can share this post!

ജലശയ്യയില്‍

ഫാ. ഷാജി സി. എം. ഐ.
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts