നീ സ്നേഹിച്ച, താലോലിച്ച, പരിപാലിച്ച ആരെല്ലാം
നെഞ്ചകങ്ങളില്‍നിന്നും പറിച്ചെറിഞ്ഞാലും;
നീ ഒറ്റയാകുന്നില്ല...
പറിച്ചെറിയാത്ത,
അണച്ചമര്‍ത്തുന്ന ഒരു നെഞ്ചകം
നിനക്കായ് തുടിക്കുന്നു... അമ്മ.
നിന്‍റെ നെഞ്ചകത്തിന്‍റെ താളം ആദ്യമറിഞ്ഞതും
ആ നെഞ്ചകംതന്നെ...
ആ മിടിപ്പിന്‍റെ താളമാണ് നീ ആദ്യം കേട്ട സംഗീതം.
ഇന്നും ആ മിഴിക്കുമ്പിളിനുള്ളില്‍
ഒരു നിറവായ് നീ തുടിക്കുന്നു.
ആദ്യം കൂട്ടുകൂടിയതും പിണങ്ങിയതും
പിന്നെ നീ കെട്ടിപ്പിടിച്ച് എങ്ങലടിച്ചു
ചേര്‍ന്നുനിന്നതും ആ വാത്സല്യച്ചൂടിനോടാണ്.
നിന്‍റെ നോവാറ്റുന്നതിനും
ശാഠ്യമകറ്റുന്നതിനുമായി
എത്രയോ ഇരവിന്‍റെ സുഖസുഷുപ്തിയും
പകലിന്‍റെ കൗതുകങ്ങളും
അവള്‍ അറിയാതെപോയി...
ജീവന്‍റെ സുഗന്ധമവള്‍
എത്ര പൊള്ളിയാലും
എത്ര വേനലിലും
നിനക്കായ് ഒരു ചില്ല
വാടാതെ, ഇലകൊഴിയാതെ
നീട്ടിനില്‍ക്കും... തണലായ്...
ആ ചില്ല വിട്ടോടിയെങ്കില്‍
വീണ്ടുമതില്‍ ചേക്കേറുക;
വാതില്‍ച്ചാരാതെ
കാത്തിരിക്കുന്നു
നിനക്കായ്...
പ്രാണന്‍റെ ചെപ്പുടയുമ്പോഴും
ഉടഞ്ഞ പ്രാണന്‍റെ കണങ്ങള്‍
ഒപ്പിത്തടുത്തെടുത്ത്
നിന്‍മുഖം ഹൃദയത്തിലാഴ്ത്തി
നിന്‍ പിന്നിലൊരു ആത്മനിഴലായ്
മറുപിറവിയെടുക്കുമവള്‍...