'രക്ഷ' എന്ന വാക്കിന് യഹൂദജനതയെ സംബന്ധിച്ചിടത്തോളം കൃത്യമായ രാഷ്ട്രീ-സാമൂഹിക മാനങ്ങളുണ്ടായിരുന്നു. ഇന്നല്ലെങ്കില്‍ നാളെ ഇസ്രായേലിന്‍റെ ശത്രുക്കള്‍ പരാജയപ്പെടുകയും ദാവീദിന്‍റെ കാലത്തുണ്ടായിരുന്ന ഐശ്വര്യം പുനഃസ്ഥാപിക്കപ്പെടുകയും ചെയ്യുമെന്ന് അവര്‍ ഉറച്ചു വിശ്വസിച്ചു. "നിങ്ങളുടെ രക്ഷകനും ഇസ്രായേലിന്‍റെ പരിശുദ്ധനുമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങള്‍ക്കുവേണ്ടി ഞാന്‍ ബാബിലോണിലേക്ക് ആളയയ്ക്കുകയും, എല്ലാ പ്രതിബന്ധങ്ങളും തകര്‍ക്കുകയും ചെയ്യും. കല്‍ദായരുടെ വിജയാട്ടഹാസം വിലാപമായിത്തീരും... ഇതാ, ഞാന്‍ ഒരു പുതിയ കാര്യം ചെയ്യുന്നു... ഞാന്‍ വിജനദേശത്ത് ഒരു പാതയും മരുഭൂമിയില്‍ നദികളും ഉണ്ടാക്കും..." (ഏശ 43:14-19). ഈ പ്രവചനത്തില്‍ നാം ശ്രദ്ധിക്കേണ്ടത്, ഇസ്രായേലിന്‍റെ ശത്രുവായ ബാബിലോണ്‍ പരാജയപ്പെടുമെന്നും ഇസ്രായേല്യര്‍ക്ക് അവരുടെ നാടു തിരികെ കിട്ടുമെന്നുള്ള പ്രതീക്ഷയാണ്. അപ്പോള്‍, യഹൂദര്‍ക്ക് രക്ഷ ഇഹലോക പ്രധാനമായിരുന്നു; അല്ലാതെ നാമിന്നു പൊതുവെ കരുതുന്നതുപോലെ പരലോകപ്രധാനമായിരുന്നില്ല. അതുകൊണ്ടുതന്നെ, ഇത്തരം വിമോചനം(രക്ഷ) സഫലീകരിക്കാന്‍ നേതൃത്വം കൊടുക്കുന്നവരെ അവര്‍ മിശിഹായായി -കര്‍ത്താവിന്‍റെ അഭിഷിക്തനായി- കണക്കാക്കി. സുവ്യക്തമായ ഒരുദാഹരണം പേര്‍ഷ്യന്‍ രാജാവ് സൈറസിന്‍റേതാണ്. യഹൂദനല്ലാതിരുന്നിട്ടുകൂടി സൈറസിനെ ഏശയ്യാ വിളിക്കുന്നത് യഹോവയുടെ ഇടയനെന്നും (ഏശ. 44:28) കര്‍ത്താവിന്‍റെ അഭിഷിക്തനെന്നും (ഏശ. 45:1) ഒക്കെയാണ്. വിജാതീയനായ സൈറസ് രാജാവിനെ മിശിഹായായി പ്രവാചകന്‍ പരിഗണിക്കാന്‍ കാരണം, അദ്ദേഹം ഇസ്രായേലിനെ ബാബിലോണിലെ വിപ്രവാസത്തില്‍നിന്നു വിമോചിപ്പിച്ചു എന്നതുകൊണ്ടായിരുന്നു. ഇവയില്‍ നിന്നൊക്കെ നമുക്കു മനസ്സിലാകുന്നത്, മിശിഹാ വരുമ്പോള്‍ മൂര്‍ത്തമായ രീതിയില്‍ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങള്‍ മാറും എന്ന് യഹൂദര്‍ പ്രതീക്ഷ പുലര്‍ത്തിയിരുന്നു എന്ന വസ്തുതയാണ്. മിശിഹായുടെ ആഗമനത്തോടെ ഇസ്രായേലിന്‍റെ ശത്രുക്കള്‍ പരാജയപ്പെടും, ഇസ്രായേല്യര്‍ക്ക് തങ്ങളുടെ മുന്തിരിത്തോട്ടങ്ങളിലിരുന്ന് കിന്നരം മീട്ടാനാകും, എല്ലാ മിഴികളില്‍നിന്നും കണ്ണീര്‍ തുടച്ചുനീക്കപ്പെടും എന്നെല്ലാം അവര്‍ പ്രതീക്ഷിച്ചുകൊണ്ടേയിരുന്നു.
യഹൂദസമൂഹം മുഴുവന്‍ പുലര്‍ത്തിയ ഈ പ്രതീക്ഷ ഏകദേശം അതേ രീതിയില്‍ സ്നാപകയോഹന്നാനും പുലര്‍ത്തിയിരുന്നു എന്നു നാം അനുമാനിക്കുന്നതില്‍ തെറ്റില്ല. സുവിശേഷങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത് യേശുവിനെ മിശിഹായായി സ്നാപകന്‍ തിരിച്ചറിഞ്ഞു എന്നാണല്ലോ. അപ്പോള്‍, ഇസ്രായേലിനെ അക്കാലത്ത് അടിച്ചമര്‍ത്തിവച്ചിരുന്ന റോമാസാമ്രാജ്യം ഉടന്‍തന്നെ ചിതറിക്കപ്പെടുമെന്നും ശാന്തിയും ഐശ്വര്യവും ഇസ്രായേലില്‍ പുനഃസ്ഥാപിക്കപ്പെടുമെന്നും സ്നാപകന്‍ കരുതിയിട്ടുണ്ടാകണം. നന്മനിറഞ്ഞവരും തിന്മനിറഞ്ഞവരും വേര്‍തിരിക്കപ്പെടുകയും ദൈവത്തിന്‍റെ വിധിയും നീതിയും നടപ്പിലാക്കുകയും ചെയ്യാന്‍ കാലവിളംബം ഉണ്ടാകില്ലെന്നും സ്നാപകന്‍ വിശ്വസിച്ചിരുന്നിരിക്കണം
.
പക്ഷേ ഇതിനൊക്കെ നേര്‍വിപരീത കാര്യങ്ങളാണ് ഇസ്രായേലില്‍ നടന്നുകൊണ്ടിരുന്നത്. യഹൂദരുമായി സൗഹൃദം ഉണ്ടാക്കാന്‍ ഹേറോദു രാജാവ് ജറുസലെം ദേവാലയം പുനരുദ്ധരിച്ചപ്പോഴും റോമാക്കാരെ അങ്ങേയറ്റം പ്രീണിപ്പിച്ചു നിര്‍ത്തുക എന്നതില്‍ അയാള്‍ ഒരു വിട്ടുവീഴ്ചയും വരുത്തിയില്ല. അതിനുവേണ്ടിയാണ് അയാള്‍ ജറുസലെം ദേവാലയത്തിന്‍റെ പ്രധാന കവാടത്തിനു മുകളില്‍ റോമാസാമ്രാജ്യത്തിന്‍റെ പ്രതീകമായ സ്വര്‍ണപരുന്തിന്‍റെ ഭീമാകാര പ്രതിമ സ്ഥാപിച്ചത്. ആ പരുന്തിന്‍റെ കീഴേക്കൂടി ദേവാലയത്തില്‍ പ്രവേശിക്കുക എന്നതു യഹൂദനെ സംബന്ധിച്ച് അങ്ങേയറ്റം നാണക്കേടു നിറഞ്ഞതായിരുന്നു. യേശുവെന്ന മിശിഹാ വന്ന് ദശകങ്ങള്‍ കഴിഞ്ഞതിനുശേഷവും ആ പരുന്ത് അവിടെത്തന്നെ തുടരുകയാണുണ്ടായത്. ഹേറോദിന്‍റെ മരണത്തെ തുടര്‍ന്നുണ്ടായ കലാപമൊതുക്കാന്‍ വന്ന സിറിയയിലെ റോമന്‍ ഗവര്‍ണര്‍ ക്വിന്‍റിലിയുസ് വാരൂസ് രണ്ടായിരം യഹൂദരെയാണ് കുരിശില്‍ തറച്ച് ജറുസലെമിലെ വഴിയരികില്‍ നാട്ടിനിര്‍ത്തിയത്. വാരൂസ് ഗലീലിയയിലേക്ക് അയച്ച ഗായുസ് എന്ന പട്ടാളമേധാവി നസ്രത്തിനടുത്തുള്ള സെഫോറിസ് എന്ന പട്ടണം മുഴുവനും തീയിട്ടു നശിപ്പിച്ചു. സ്നാപകനും യേശുവിനുമൊക്കെ മൂന്നോ നാലോ വയസുള്ളപ്പോള്‍ നടന്ന സംഭവങ്ങളാണ് ഇവ. ഈ കഥകളൊക്കെ കേട്ടാണ് അവര്‍ വളര്‍ന്നുവന്നത്. യേശുവെന്ന മിശിഹായ്ക്ക് ഈ കഥ മാറ്റിയെഴുതാന്‍ പറ്റുമെന്നുള്ളതിന് സ്നാപകന്‍ എത്ര കാത്തിരുന്നിട്ടും സൂചനകളൊന്നും ലഭിച്ചുമില്ല. മിശിഹായുടെ ആഗമനത്തോടെ പ്രകടമായ മാറ്റങ്ങള്‍ ഇസ്രായേലില്‍ സംഭവിക്കുമെന്നുള്ള സ്നാപകന്‍റെ എല്ലാ പ്രതീക്ഷകളും ഒന്നൊന്നായി കൊഴിഞ്ഞുവീഴുകയാണ്. ഒടുക്കം അത് യേശുവെന്ന മിശിഹായിലുള്ള വിശ്വാസമില്ലായ്മയിലേക്ക് അദ്ദേഹത്തെ കൊണ്ടെത്തിച്ചുവെന്ന് സംശയിക്കുന്നതില്‍ തെറ്റില്ലെന്നു തോന്നുന്നു. അതിന്‍റെ സൂചന സുവിശേഷങ്ങള്‍ നല്‍കുന്നുമുണ്ട്: സ്നാപകന്‍ തന്‍റെ രണ്ടു ശിഷ്യന്മാരെ അയച്ച് "വരാനിരിക്കുന്നവന്‍ നീ തന്നെയോ, അതോ ഞങ്ങള്‍ വേറൊരുവനെ കാത്തിരിക്കണമോ" എന്നു യേശുവിനോടു ചോദിക്കുന്നുണ്ടല്ലോ (ലൂക്കാ 7:19; മത്താ. 11:3). നിരാശയിലായിരിക്കുമോ ആ മനുഷ്യന്‍ ചരിത്രത്തില്‍നിന്നു പിന്‍വാങ്ങിയത്?
സ്നാപകന്‍റെ അതേ കാലത്തും ലോകത്തുമാണ് യേശു ജീവിച്ചതും പ്രവര്‍ത്തിച്ചതും. എന്നിട്ടും അവന്‍റെ വാക്കുകളിലെവിടെയും നിരാശയുടെ ഒരു നിഴലാട്ടംപോലും നാമൊരിക്കലും കാണുന്നില്ലല്ലോ. 'ദൈവരാജ്യം നിങ്ങളുടെ ഇടയില്‍ പ്രോത്ഘാടനം ചെയ്യപ്പെട്ടു കഴിഞ്ഞു'വെന്ന് അവന്‍ തന്‍റെ ശ്രോതാക്കളോട് അസന്ദിഗ്ദ്ധമായി പറഞ്ഞുകൊണ്ടേയിരുന്നു. സ്നാപകയോഹന്നാനിലെ പ്രതീക്ഷകളെ തല്ലിക്കെടുത്തിയ അതേ ലോകത്തിലേക്കു നോക്കിയാണ് യേശു തന്‍റെ പ്രതീക്ഷകളെ ഊതിജ്വലിപ്പിച്ചുകൊണ്ടിരുന്നത്. രണ്ടുപേര്‍ ഒരു മുറിയില്‍നിന്ന് വെളിയിലേക്കു നോക്കുന്നു. ഒരാള്‍ അറ്റമില്ലാത്ത വരണ്ട മണലാരണ്യവും മറ്റേയാള്‍ എണ്ണമില്ലാത്ത നക്ഷത്രങ്ങളും കാണുന്നതുപോലെ ഒന്നാണ് സ്നാപകന്‍റെയും നസ്രായന്‍റെയും വിപരീതധ്രുവങ്ങളിലുള്ള കാഴ്ചകള്‍. സ്നാപകനില്‍ നിരാശ നിറയാന്‍ കാരണങ്ങളുണ്ടായിരുന്നു എന്നു നാം കണ്ടുകഴിഞ്ഞു. ഇനി നാം അന്വേഷിക്കേണ്ടത് നസ്രായനില്‍ പ്രതീക്ഷ നിറഞ്ഞത് ഏതു കാരണങ്ങള്‍ നിമിത്തമാണ് എന്നതാണ്.
ആ കാരണങ്ങള്‍ നമ്മുടെ ചുറ്റുവട്ടത്തുമുണ്ട്. എല്ലാ ദിവസവും നാം കാണുന്നതുകൊണ്ട് അവയൊക്കെ നമ്മുടെ ശ്രദ്ധയില്‍പ്പെടാതെ പോകുന്നെന്നു മാത്രം. ദൈവരാജ്യം ഇവിടെയുണ്ടെന്ന്, ദൈവം ഇവിടെ പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നുവെന്ന് തെളിയിക്കാന്‍ യേശു നിരത്തിയ ചില തെളിവുകള്‍ മാത്രം പരിഗണിക്കുകയാണ്. ലൂക്കാ 12-ല്‍ അവന്‍ പറഞ്ഞു: "നോക്കൂ, ആകാശത്തു പറക്കുന്ന ആ കിളിയെ കണ്ടോ? അതിനെ ദൈവം പരിപാലിക്കുന്നുവെങ്കില്‍ ദൈവം നിങ്ങളെയും പരിപാലിക്കുന്നു. നോക്കൂ, പാടത്തെ ആ പൂവിനെ. ദൈവം അതിനെ അലങ്കരിക്കുന്നുവെങ്കില്‍ നിങ്ങളെയും അലങ്കരിക്കുന്നു." അവന് മാനത്തെ കിളിയും പാടത്തെ പൂവും ദൈവത്തിന്‍റെ പ്രവര്‍ത്തനത്തിനുള്ള അനിഷേധ്യമായ തെളിവുകളാണ്. ലൂക്കാ 13-ല്‍ അവന്‍ പഠിപ്പിച്ചു: ആ കടുകുമണി എങ്ങനെയാണു മരമാകുന്നതെന്ന് നിങ്ങള്‍ക്കറിയില്ലല്ലോ. അതുപോലെ അജ്ഞാതമായ രീതിയില്‍ ദൈവം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. മൂന്നിടങ്ങഴി (ഗ്രീക്കു പദത്തിനര്‍ത്ഥം 40 കിലോ എന്നാണ്) മാവിനെ മുഴുവന്‍ പുളിമാവു പുളിപ്പിക്കുന്നതുപോലെ, ഈ ഭൂമിയെ ദൈവം മാറ്റിയെടുക്കും."
യേശു നിരത്തിയതു മുഴുവന്‍ ചെറിയ തെളിവുകളാണ്. അനുദിന ജീവിതത്തിലെ തെളിവുകള്‍. തൊട്ടടുത്തള്ളതുകൊണ്ട് നാം പരിഗണിക്കാതെ പോകുന്ന തെളിവുകള്‍. ദൈവരാജ്യത്തിന്‍റെ സാന്നിധ്യത്തെ തെളിയിക്കുന്ന വലിയ തെളിവുകള്‍ക്കുവേണ്ടി കാത്തിരുന്ന് സ്നാപകന്‍ നിരാശയിലേക്ക് ആണ്ടുപോയപ്പോള്‍, ചെറിയ തെളിവുകളെ പെറുക്കിയെടുത്ത് യേശു തന്നിലും മറ്റുള്ളവരിലും പ്രത്യാശയെ ജ്വലിപ്പിച്ചുനിര്‍ത്തി.
ഇനി ചോദ്യം നമ്മളോടാണ്. നമ്മുടെ നോട്ടങ്ങള്‍ എങ്ങോട്ടേയ്ക്കാണ്: വലിയ തെളിവുകളിലേയ്ക്കോ, ചെറിയ തെളിവുകളിലേയ്ക്കോ? ഒരുദാഹരണം ഇവിടെ സംഗതമാണെന്നു വിചാരിക്കുന്നു. ചില പ്രഭാഷകരെ ശ്രദ്ധിച്ചാല്‍ ഇവിടെ കുടുംബജീവിതം ആകെ താറുമാറായി കിടക്കുകയാണെന്ന് നമുക്കു തോന്നും. അതിന് അവര്‍ നിരത്തുന്ന തെളിവുകള്‍ നിരവധിയാണ്. പണ്ട് അമേരിക്കന്‍ പ്രസിഡന്‍റ് ആയിരുന്ന ബില്‍ക്ലിന്‍റണ്‍ കുടുംബജീവിതത്തില്‍ അവിശ്വസ്തത കാണിച്ചില്ലേ? സിനിമാതാരങ്ങളുടെയും കായികതാരങ്ങളുടെയും വൈവാഹികജീവിതത്തിലെ അവിശ്വസ്തതകളുടെ എത്ര വാര്‍ത്തകളാണ് മാധ്യമങ്ങളിലുള്ളത്? ഇവയെല്ലാം ശരിയാണ്. പക്ഷേ, ഈ പ്രസംഗകര്‍ മറന്നുപോകുന്ന അനേകം ചെറിയ തെളിവുകളുണ്ട്. നമ്മുടെയൊക്കെ അമ്മമാര്‍ എന്ന തെളിവുകള്‍. ഇന്നും വില്‍ക്കുന്ന പാലില്‍ വെള്ളം ചേര്‍ക്കാത്തവരും ഭര്‍ത്താവിനോട് തികഞ്ഞ വിശ്വസ്തത പുലര്‍ത്തുന്നവരുമായ എത്ര അമ്മമാരുണ്ട്! അമേരിക്കന്‍ പ്രസിഡന്‍റിനെയും അഭ്രപാളിയിലെ നായകരെയും നോക്കിയിരിക്കുന്നതുകൊണ്ട് അവരുടെ തൊട്ടടുത്തുള്ള ചെറിയ തെളിവുകള്‍ കാണാതെ പോകുകയാണ് പ്രസംഗകര്‍. ഈ പ്രസംഗകരെ കണക്കാണു പലപ്പോഴും നാം. അടുത്ത നാളുകളിലായി, സഭയിലെ കര്‍ദ്ദിനാളുമാരുടെ ഇടയിലും മെത്രാന്മാരുടെ ഇടയിലും പുരോഹിതന്മാരുടെ ഇടയിലും ഒക്കെയുള്ള പ്രശ്നങ്ങള്‍ ധാരാളമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടല്ലോ. ക്രിസ്തുവിനെ ഗൗരവമായി എടുക്കുന്ന പലരിലും ഈ വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന അസ്വസ്ഥതകള്‍ ചെറുതല്ല. ഈ അസ്വസ്ഥതകളുടെ കാരണം വലിയവരെന്നു നാം വിചാരിക്കുന്നവരുടെ വീഴ്ചകളാണ്. എന്നാല്‍ നാം ശ്രദ്ധിക്കാന്‍ മറന്നുപോകുന്നത് നമ്മുടെ തൊട്ടടുത്തുള്ള ചെറിയ മനുഷ്യരിലെ നന്മയാണ്. നാം ഒട്ടും ശ്രദ്ധിക്കാത്ത, സാധാരണക്കാരായ മുക്കുവന്മാരുടെ നന്മയും മനുഷ്യപ്പറ്റും നാം പ്രളയകാലത്തു കണ്ടതാണല്ലോ. ഒരു അള്‍ത്താരയിലും വണങ്ങപ്പെടാത്ത, ഒരു സ്റ്റേജിലും ആദരിക്കപ്പെടാത്ത നന്മനിറഞ്ഞ ഈ മനുഷ്യരാണ് ദൈവരാജ്യം ഇവിടെ വേരുപിടിച്ചിരിക്കുന്നു എന്നതിന്‍റെ അവിതര്‍ക്കിതമായ തെളിവുകള്‍.
ക്രിസ്തു ഇന്നും പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കുന്നു എന്നതിനു തെളിവു നമ്മുടെ ചുറ്റുവട്ടത്തുമുണ്ട്. ഒരനുഭവം കുറിക്കുകയാണ്. ഒരിക്കല്‍ പരിചയപ്പെട്ട ഒരു വീട്ടമ്മ, മൂന്നു പെണ്‍കുട്ടികളുടെ അമ്മയാണ്. ഏഴുകൊല്ലം ഭര്‍ത്താവ് കൂടെയുണ്ടായിരുന്നു. ഏഴുകൊല്ലവും കൊടിയ മര്‍ദ്ദനം. തുടര്‍ന്ന് അയാള്‍ അവരെ ഉപേക്ഷിച്ചുപോയി. കൊല്ലങ്ങള്‍ക്കുശേഷം അയാള്‍ ക്യാന്‍സര്‍ ബാധിതനായി ഒരനാഥാലയത്തില്‍ ഉണ്ടെന്ന് അവര്‍ കേള്‍ക്കുന്നു. ഈ അമ്മയും മൂന്നുമക്കളും ചെന്ന്, ഒരുപാടു നിര്‍ബന്ധിച്ച് അയാളെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവരികയാണ്. ഒരു കൊല്ലക്കാലം എല്ലാ ശുശ്രൂഷയും നല്കി. ഒടുക്കം അയാള്‍ രോഗത്തിനു കീഴ്പ്പെടുകയും ചെയ്തു. ഈ വിവരണത്തിനൊടുക്കം ഞാന്‍ ആ സ്ത്രീയോടു ചോദിച്ചു: "നിങ്ങള്‍ക്കെങ്ങനെയാണ് ഇത്രയും ക്ഷമിക്കാനും സ്നേഹിക്കാനും പറ്റിയത്?" അവരുടെ മറുപടി: "ദൈവം എന്നെ ഏല്പിച്ച ആളെ ഞാനല്ലെങ്കില്‍ പിന്നെ മറ്റാരാണ് നോക്കുക?" ഈ വീട്ടമ്മയുടെ സ്നേഹത്തെ ഏതെങ്കിലും മനശ്ശാസ്ത്രതത്ത്വം കൊണ്ടോ, സാമ്പത്തികകാരണം കൊണ്ടോ, സാംസ്കാരിക സംവര്‍ഗം കൊണ്ടോ, തത്ത്വചിന്തകൊണ്ടോ വിശദീകരിക്കാനാകുമോ എന്നറിയില്ല. അത്തരം വിശദീകരണം എന്തായാലും ആ വീട്ടമ്മയുടെ അനുഭവത്തില്‍ അവര്‍ക്ക് അതിനു പ്രചോദനമായത് അവരുടെ ദൈവം മാത്രമാണ്.
സന്ന്യാസത്തിലും പൗരോഹിത്യത്തിലുമൊക്കെ പുഴുക്കുത്തുകള്‍ ഉണ്ടെന്നുള്ളതില്‍ രണ്ടഭിപ്രായമില്ല. അപ്പോഴും ചില ദീപ്തജീവിതങ്ങളെ കണ്ടില്ലെന്നു വയ്ക്കാനാകില്ല. ഒരാളെ മാത്രം ഒന്നോര്‍ക്കുകയാണ്: ബ്രദര്‍ എജിഡിയുസ.് തൊണ്ണൂറുവയസ്സുവരെ തെള്ളകത്തെ കപ്പൂച്ചിന്‍ സെമിനാരിയിലായിരുന്നു. പ്രഭാതഭക്ഷണം കഴിഞ്ഞ് എന്നും പറമ്പിലേക്ക് ഇറങ്ങും. മടുക്കുന്നതുവരെ പണിയും. ഇടയ്ക്കിടയ്ക്ക് ദിവ്യകാരുണ്യത്തെ സന്ദര്‍ശിക്കും. പ്രായമായി, ഭരണങ്ങാനത്തുള്ള ആശ്രമത്തിലേക്കു സ്ഥലംമാറ്റം കൊടുത്തപ്പോള്‍ അദ്ദേഹത്തിനു സ്വന്തമായുള്ളതെല്ലാം പായ്ക്കു ചെയ്തു. എല്ലാംകൂടി ഒരൊറ്റ ട്രങ്കുപെട്ടിക്കകത്തു കൊള്ളും. ജീവിതകാലം മുഴുവനും എല്ലുമുറിയെ പണിയെടുത്തവന് ആകെ സ്വന്തമായുള്ളത് ഇത്രയും തുച്ഛമായ സാധനങ്ങള്‍! ഏതു മാനുഷിക പരികല്പന കൊണ്ടൊക്കെ ഇതിനെ വ്യാഖ്യാനിക്കാനാകും എന്നറിയില്ല. അദ്ദേഹത്തെ അതിനു പ്രേരിപ്പിച്ചത് അദ്ദേഹത്തിന്‍റെ ദൈവം മാത്രമാണ്.
ക്രിസ്തു ഇന്നും ജീവിച്ചിരിക്കുന്നുണ്ടോ എന്നതിന് തെളിവ് വലിയവരൊന്നുമല്ല, ചെറിയവര്‍തന്നെയാണ്. ഒരു വേലക്കാരി പെണ്ണിനുമുന്നില്‍ ആലിലപോലെ വിറച്ച ശിമയോന്‍ എന്ന മുക്കുവന്‍ പാറപോലെ ഉറച്ച പത്രോസായി തീര്‍ന്നതും ക്രിസ്തുവിന്‍റെ കൊലയാളികളുടെ മധ്യത്തില്‍ നിന്നുകൊണ്ട് "നിങ്ങള്‍ കൊന്ന ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു" എന്നു സധൈര്യം പ്രഘോഷിച്ചതും സിംഹക്കൂടും കടുവക്കൂടും ഉറപ്പായിട്ടുകൂടി ക്രിസ്തുവിനെ പിഞ്ചെന്ന ആദിമക്രിസ്ത്യാനികളും ഒക്കെയാണ് ദൈവത്തെ തോല്‍പ്പിക്കാനാവില്ല എന്നതിന്‍റെ കൃത്യമായ തെളിവുകള്‍.
ഫ്രാന്‍സിസിന്‍റെ ജീവിതത്തില്‍നിന്നും ഒരേട്: ചാക്കുവസ്ത്രവും ഉടുത്ത് മഞ്ഞുകാലത്ത് നടന്നുപോകുന്ന ഫ്രാന്‍സിസിനെ ഒരു നേരമ്പോക്കിന് രണ്ടുമൂന്നുപേര്‍ കൂടി ഒരു കുഴിയില്‍ തള്ളിയിടുന്നുണ്ട്. അവിടെ കിടക്കുന്ന ഫ്രാന്‍സിസ് രണ്ടു ചുള്ളിക്കമ്പെടുത്ത് വയലിന്‍ വായിക്കാന്‍ തുടങ്ങുന്നു. അയാള്‍ ആടുകയും പാടുകയുമാണ്. ഈ ഫ്രാന്‍സിസ് എന്ന കുറിയ മനുഷ്യനാണ് ക്രിസ്തുവിന് മരിക്കാനാവില്ല എന്നതിന്‍റെ ഏറ്റവും ശക്തമായ തെളിവ്.