താന്‍ കൊല്ലപ്പെട്ടതിന്‍റെ തലേരാത്രിയാണ് യേശു തന്‍റെ ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയത് (യോഹ 13:1-11). എന്നിട്ട് അവന്‍ അവരോടു പറഞ്ഞു: "നിങ്ങളുടെ കര്‍ത്താവും ഗുരുവുമായ ഞാന്‍ നിങ്ങളുടെ പാദങ്ങള്‍ കഴുകിയെങ്കില്‍ നിങ്ങളും പരസ്പരം പാദങ്ങള്‍ കഴുകണം" (യോഹ.13:14). മരിക്കുന്നതിനു തൊട്ടുമുന്‍പായി ഗുരു തന്‍റെ ശിഷ്യന്മാര്‍ക്ക് കൊടുത്ത സന്ദേശമാണിത്. അപ്പോള്‍, ഗുരുവിന്‍റെ നാളതുവരെയുള്ള ജീവിതവും നിലപാടുകളും കാച്ചിക്കുറുക്കിയെടുത്ത സന്ദേശമാണ് കാലുകഴുകല്‍. തന്‍റെ ശിഷ്യസമൂഹം എങ്ങനെയാകരുതെന്നും ഗുരു കണിശമായി നിര്‍ദ്ദേശിക്കുന്നുണ്ട്: "വിജാതീയരുടെ ഭരണകര്‍ത്താക്കള്‍ അവരുടെമേല്‍ യജമാനത്വം പുലര്‍ത്തുന്നുവെന്നും അവരുടെ പ്രമാണികള്‍ അവരുടെമേല്‍ അധികാരം പ്രയോഗിക്കുന്നുവെന്നും നിങ്ങള്‍ക്കറിയാമല്ലോ. എന്നാല്‍ നിങ്ങളുടെ ഇടയില്‍ അങ്ങനെയാകരുത്" (മത്താ. 20:25-26). ഈ പാഠത്തോടു കൂട്ടിവയ്ക്കേണ്ട മറ്റൊന്നു കൂടിയുണ്ട്: "നിങ്ങള്‍ റബ്ബി എന്നു വിളിക്കപ്പെടരുത്. എന്തെന്നാല്‍ നിങ്ങള്‍ക്ക് ഒരു ഗുരുവേയുള്ളൂ. നിങ്ങളെല്ലാം സഹോദരന്മാരാണ്. ഭൂമിയില്‍ ആരെയും നിങ്ങള്‍ പിതാവെന്നു വിളിക്കരുത്. എന്തെന്നാല്‍, നിങ്ങള്‍ക്ക് ഒരു പിതാവേ ഉള്ളൂ - സ്വര്‍ഗ്ഗസ്ഥനായ പിതാവ്. നിങ്ങള്‍ നേതാക്കന്മാര്‍ എന്നും വിളിക്കപ്പെടരുത്. എന്തെന്നാല്‍, ക്രിസ്തുവാണ് നിങ്ങളുടെ ഏക നേതാവ്. നിങ്ങളില്‍ ഏറ്റവും വലിയവന്‍ നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം" (മത്താ. 23:8-11).
ഗുരുക്കന്മാരും പിതാക്കന്മാരും നേതാക്കന്മാരും ഇല്ലാത്ത ഒരു സമൂഹമായിട്ടാണ് യേശു തന്‍റെ ശിഷ്യസമൂഹത്തെ സ്വപ്നം കണ്ടത്. ഈ ശിഷ്യസമൂഹത്തിന്‍റെ ഘടന ഏതു രൂപത്തിലായിരിക്കണമെന്നത് ഈ സുവിശേഷ വാക്യങ്ങളില്‍നിന്ന് വ്യക്തമല്ലെങ്കിലും ഏതു രൂപത്തിലായിരിക്കരുത് എന്നതു സുവ്യക്തമാണ്. യേശുവിന്‍റെ കാലത്തെ റോമാസമൂഹം അനേകം തട്ടുകളായി അങ്ങേയറ്റം വിഭജിതമായിരുന്നു. അക്കാലത്തെ യഹൂദസമൂഹവും തട്ടുകളായി വേര്‍തിരിക്കപ്പെട്ടിരുന്നു. തന്‍റെ ശിഷ്യസമൂഹം കെട്ടിലും മട്ടിലും റോമാ സമൂഹഘടനയോടോ, യഹൂദ സമൂഹഘടനയോടോ ഒരുവിധ സമാനതയും പുലര്‍ത്താന്‍ പാടില്ലെന്നു യേശുവിന് നിര്‍ബന്ധമുണ്ടായിരുന്നു എന്നുവേണം അനുമാനിക്കാന്‍. "റബ്ബി" എന്ന് യഹൂദ നേതാക്കള്‍ വിളിക്കപ്പെട്ടപ്പോള്‍ തന്‍റെ ശിഷ്യന്മാര്‍ അറിയപ്പെടേണ്ടത് "ദിയാക്കൊണോസ്" (ഡീക്കന്‍) എന്നാണ്. ഈയൊരു വാക്ക് പഴയനിയമത്തിന്‍റെ ഗ്രീക്കുപരിഭാഷയില്‍ (സെപ്ത്വജിന്‍റ്) കാണപ്പെടാത്ത ഒന്നാണ്. വീട്ടുജോലിക്കുപയോഗിക്കുന്ന ഭൃത്യരെക്കുറിക്കുന്ന പദമാണ് ഡീക്കന്‍. യേശുവിന്‍റെ ശിഷ്യസമൂഹത്തിലെ ഒരു പ്രത്യേക പദവിയുടെ പേരല്ല ഡീക്കന്‍, പിന്നെയോ, ആ സമൂഹത്തിലെ ഓരോ വ്യക്തിയുടെയും ജീവിതശൈലിയെക്കുറിക്കുന്ന വാക്കാണത്. എല്ലാവരും ഭൃത്യരാകാന്‍ ശ്രമിക്കുന്ന, ആരും നേതാവാകാന്‍ ശ്രമിക്കാത്ത ഒരു സമൂഹം പ്രയോഗതലത്തില്‍ എങ്ങനെയിരിക്കും? അരാജകത്വത്തിലേക്കു ചാഞ്ഞുനില്‍ക്കുന്ന ഒന്നായി നമുക്ക് അത് ഒറ്റനോട്ടത്തില്‍ വിഭാവനം ചെയ്യാനാകും. ആ സാധ്യത നിലനില്‍ക്കേ, യേശു എന്തേ അന്നുവരെ നിലനിന്ന ഏതെങ്കിലും സാമൂഹിക ഘടനയെ മാതൃകയാക്കിയില്ല? അരാജകത്വം സൃഷ്ടിക്കുന്ന ക്രമരാഹിത്യത്തെക്കാള്‍ കേന്ദ്രീകൃത അധികാരസംവിധാനത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ജീര്‍ണ്ണതയാണ് പ്രശ്നതരമെന്ന് അവന്‍ ധരിച്ചിട്ടുണ്ടാകണം. "അധികാരം ദുഷിപ്പിക്കുന്നു; സമ്പൂര്‍ണ്ണ അധികാരം സമ്പൂര്‍ണ്ണമായും ദുഷിപ്പിക്കുന്നു" എന്ന പത്തൊമ്പതാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് ചരിത്രകാരന്‍ ലോര്‍ഡ് ആക്റ്റണിന്‍റെ നിരീക്ഷണം ആദ്യം മനസ്സിലാക്കിയത് യേശുവാകണം.
ഇവിടെ നാം അവശ്യം പരിഗണിക്കേണ്ട ഒരു വസ്തുത പത്രോസിനോട് യേശു കേസറിയാ ഫിലിപ്പി പ്രദേശത്തു വച്ചു പറയുന്ന ചില കാര്യങ്ങളാണ്. പത്രോസ് എന്ന പാറയുടെ പുറത്താണ് സഭ പണിയപ്പെടുന്നത്; സ്വര്‍ഗ്ഗരാജ്യത്തിന്‍റെ താക്കോലുകള്‍ പത്രോസിനാണ് നല്‍കപ്പെട്ടത്; പത്രോസ് ഭൂമിയില്‍ കെട്ടുന്നതും അഴിക്കുന്നതും സ്വര്‍ഗ്ഗത്തില്‍ അതേപടി പ്രതിഫലിച്ചിരിക്കും തുടങ്ങിയ കാര്യങ്ങളാണല്ലോ മത്തായി 16:13-20 ല്‍ നാം വായിക്കുന്നത്. ധാരാളം വാഗ്വാദങ്ങള്‍ക്ക് ഇട നല്‍കിയ ഒരു സുവിശേഷഭാഗമാണിത്. കത്തോലിക്ക-പ്രൊട്ടസ്റ്റന്‍റ് ബൈബിള്‍ പണ്ഡിതര്‍ക്കിടയില്‍ വളരെ വിഭിന്നമായ വ്യാഖ്യാനങ്ങള്‍ ഈ വചനഭാഗത്തെ ആസ്പദമാക്കി നിലനില്‍ക്കുന്നുണ്ട്.
യേശുവിന്‍റെ കാലത്തെ റോമാസമൂഹം അനേകം തട്ടുകളായി അങ്ങേയറ്റം വിഭജിതമായിരുന്നു. അക്കാലത്തെ യഹൂദസമൂഹവും തട്ടുകളായി വേര്‍തിരിക്കപ്പെട്ടിരുന്നു. തന്‍റെ ശിഷ്യസമൂഹം കെട്ടിലും മട്ടിലും റോമാ സമൂഹഘടനയോടോ, യഹൂദ സമൂഹഘടനയോടോ ഒരുവിധ സമാനതയും പുലര്‍ത്താന്‍ പാടില്ലെന്നു യേശുവിന് നിര്‍ബന്ധമുണ്ടായിരുന്നു എന്നുവേണം അനുമാനിക്കാന്‍. "റബ്ബി" എന്ന് യഹൂദ നേതാക്കള്‍ വിളിക്കപ്പെട്ടപ്പോള്‍ തന്‍റെ ശിഷ്യന്മാര്‍ അറിയപ്പെടേണ്ടത് "ദിയാക്കൊണോസ്" (ഡീക്കന്‍) എന്നാണ്.
ഏതെങ്കിലും ഒരു വ്യാഖ്യാനം മാത്രം സ്വീകരിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിനു തുല്യമായിരിക്കും. പലവിധ വാദമുഖങ്ങള്‍ പരിഗണിക്കുന്നത് ഈ ലേഖനത്തിന്‍റെ പരിധിയില്‍പ്പെടുന്നതല്ല എന്നുമാത്രം ഇവിടെ സൂചിപ്പിക്കട്ടെ.
നമുക്ക് ഇവിടെ പരിഗണിക്കാനുള്ളത് ആദിമസഭയില്‍ പത്രോസിന്‍റെ പങ്കെന്തായിരുന്നു എന്നതാണ്. ജറുസലേം സൂനഹദോസില്‍ വച്ച് അതിപ്രധാനമായ ഒരു പ്രശ്നം - വിജാതീയര്‍ ക്രിസ്ത്യാനികളാകാന്‍ പരിച്ഛേദനത്തിനു വിധേയമാകണോ വേണ്ടയോ എന്ന പ്രശ്നം - ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. പൗലോസും ബര്‍ണ്ണബാസും വിജാതീയര്‍ പരിച്ഛേദനം സ്വീകരിക്കേണ്ട എന്ന ശക്തമായ നിലപാടു സ്വീകരിച്ചു. യാക്കോബും പത്രോസും ഈ അഭിപ്രായത്തെ വീറോടെ എതിര്‍ക്കുകയാണ് ഉണ്ടായത്. എന്നാല്‍ പ്രസ്തുത സൂനഹദോസില്‍ പൗലോസിന്‍റെ വാദം പത്രോസ് അംഗീകരിക്കുന്നതായിട്ടാണ് നാം കാണുന്നത് (നടപടി 15:1-21). പിന്നീട് പത്രോസ് അന്ത്യോക്യയില്‍ വന്നപ്പോള്‍ താന്‍ പത്രോസിനെ "മുഖത്തുനോക്കി എതിര്‍ത്തു"വെന്ന് പൗലോസ് അവകാശപ്പെടുന്നുമുണ്ട് (ഗലാ. 2:11). ചോദ്യം ചെയ്യപ്പെടാത്ത ഒരധികാരസ്ഥാനം പത്രോസ് കൈയാളിയിരുന്നുവെന്ന് ഈ വസ്തുതകളുടെ അടിസ്ഥാനത്തില്‍ അനുമാനിക്കാന്‍ സാദ്ധ്യമല്ല.
പന്ത്രണ്ടു ശ്ലീഹന്മാരെ സുവിശേഷദൗത്യവുമായി യേശു അയയ്ക്കുമ്പോള്‍ കൊടുക്കുന്ന നിര്‍ദ്ദേശങ്ങള്‍ സമാന്തരസുവിശേഷങ്ങളില്‍ മൂന്നിലുമുണ്ട് (മര്‍ക്കോ. 6:7-13; മത്താ. 10:5-15; ലൂക്കാ 9:1-6). "വേറെ എഴുപത്തിരണ്ടുപേരെ" യേശു തെരഞ്ഞെടുത്ത് അയയ്ക്കുമ്പോഴും ചില നിര്‍ദ്ദേശങ്ങള്‍ അവര്‍ക്ക് കൊടുക്കുന്നുണ്ട്. (ലൂക്കാ. 10: 1-11). ഈ രണ്ടു നിര്‍ദ്ദേശങ്ങളും തമ്മില്‍ കാര്യമായ ഒരു വ്യത്യാസവുമില്ലെന്ന് മനസ്സിലാക്കാന്‍ ഈ വിവിധ സുവിശേഷഭാഗങ്ങളുടെ ഒരു താരതമ്യ വായനമാത്രം മതി. പന്ത്രണ്ടുപേര്‍ക്കും എഴുപത്തിരണ്ടുപേര്‍ക്കും കൊടുത്തിരിക്കുന്ന പ്രാധാന്യം ഏകദേശം ഒന്നുതന്നെ. നൈയാമികവും സുസംഘടിതവും രാജത്വത്തോടു ചേര്‍ന്നുനില്‍ക്കുന്നതുമായ ഒരധികാരസംവിധാനമായി അപ്പസ്തോലിക കൂട്ടായ്മ ആദിമസഭയില്‍ രൂപപ്പെട്ടിരുന്നില്ല എന്ന് അങ്ങനെ നമുക്ക് വ്യക്തമാകുന്നു.
പന്ത്രണ്ടുപേരെ അയച്ചപ്പോഴും എഴുപത്തിരണ്ടുപേരെ അയച്ചപ്പോഴും യേശു കൊടുത്ത ചില നിര്‍ദ്ദേശങ്ങള്‍ ഇവയാണ്: യാത്രയ്ക്ക് വടിയല്ലാതെ മറ്റൊന്നും - അപ്പമോ, സഞ്ചിയോ, അരപ്പട്ടയില്‍ പണമോ - കരുതരുത്; ചെരുപ്പ് ധരിക്കാം; രണ്ട് ഉടുപ്പുകള്‍ ധരിക്കരുത്. ഇവ്വിധത്തില്‍ തന്‍റെ ദൗത്യനിര്‍വ്വഹണത്തില്‍ ഏര്‍പ്പെടുന്ന ഒരു വ്യക്തിക്ക് ഇന്നു പുരോഹിതസമൂഹം കൈയാളുന്ന അധികാരവും സ്വാധീനവും കൈവരില്ല എന്നതു പകല്‍പോലെ വ്യക്തമാണല്ലോ. സ്വന്തമായി ഒരു ഭവനം പോലും ഇല്ലാതെ ചുറ്റിസഞ്ചരിക്കുന്ന അപ്പസ്തോലനെയാണ് യേശു മനസ്സില്‍ കണ്ടത്. അധികാരകേന്ദ്രം ഉണ്ടാകണമെങ്കില്‍ ഏതെങ്കിലും സ്ഥലത്ത് ഒരു വലിയ കെട്ടിടം പണിയപ്പെടണം; അതില്‍ വസിക്കാന്‍ ഒരധികാരിയും വേണം. അപ്പസ്തോലന്മാരോടു തന്‍റെ ദൗത്യവുമായി അലഞ്ഞുനടക്കാന്‍ യേശു ആവശ്യപ്പെടുമ്പോള്‍ കേന്ദ്രീകൃതമായ അധികാര സംവിധാനത്തിന്‍റെ സാധ്യതതന്നെയാണ് അവന്‍ തള്ളിക്കളയുന്നത്.
ആദിമസഭയില്‍ അപ്പസ്തോലന്മാരുടെ യോഗ്യതയായി പരിഗണിക്കപ്പെട്ടത് എന്തായിരുന്നു എന്നതുകൂടി അന്വേഷണവിധേയമാക്കേണ്ടതുണ്ട്. ഫിലിപ്പിയര്‍ 2:5-11 ല്‍ എന്തുകൊണ്ടാണ് ദൈവം യേശുവിനെ അത്യധികം ഉയര്‍ത്തിയത് എന്നു പറയുന്നുണ്ടല്ലോ. ഉണ്ടായിരുന്ന ഒരവകാശം - ദൈവവുമായുള്ള സമാനത - വേണ്ടെന്നുവച്ച് ദാസനായി തീര്‍ന്ന് ഒന്നുമല്ലാതായി തീര്‍ന്നതുകൊണ്ടാണ് യേശുവിന് എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കപ്പെടുന്നത്. "എനിക്ക് ജീവിതം ക്രിസ്തു" വാണെന്നു (ഫിലി 1:21) പറഞ്ഞ പൗലോസ് എങ്ങനെയാണ് ക്രിസ്തുവിനെ സ്വന്തം ജീവിതത്തില്‍ ആവിഷ്കരിച്ചത്? അതിന്‍റെ ഒരു വിവരണം 1 കൊറിന്തോസ് 9:1-18 ല്‍ നാം വായിക്കുന്നുണ്ട്. ജോലിചെയ്യുന്നവന്‍ കൂലിക്ക് അര്‍ഹനാണെന്നത് ഒരു സാര്‍വത്രിക പ്രമാണമാണ്. സുവിശേഷപ്രഘോഷകര്‍ സുവിശേഷം കൊണ്ടുതന്നെ ഉപജീവനം കഴിക്കണമെന്ന് കര്‍ത്താവുതന്നെ കല്‍പ്പിച്ചതുമാണ്. എന്നാല്‍ ഇതൊന്നും താന്‍ ഉപയോഗപ്പെടുത്തുന്നില്ല എന്നാണ് പൗലോസ് കോറിന്തോസുകാരുടെ മുന്നില്‍ സാഭിമാനം വാദിക്കുന്നത്. താനിരുന്ന കസേരയുടെയും അണിഞ്ഞ ആടയാഭരണങ്ങളുടെയും കൈയിലിരിക്കുന്ന അധികാരദണ്ഡിന്‍റെയും പിന്‍ബലത്തിലല്ല താന്‍ ക്രിസ്തുവിന്‍റെ പിന്‍ഗാമിയാണെന്നു പൗലോസ് സ്ഥാപിക്കുന്നത്, പിന്നെയോ ക്രിസ്തുവിനെപ്പോലെ സ്വന്തം അവകാശം വേണ്ടെന്നുവച്ചു എന്നതിന്‍റെ പിന്‍ബലത്തിലാണ്.
അപ്പസ്തോലന്മാരെ ദൈവം തെരഞ്ഞെടുത്തത് സിംഹാസനങ്ങളിലിരുന്ന് വിധി പ്രസ്താവിക്കാനാണെന്ന് പൗലോസ് കരുതുന്നില്ല. "ദൈവം ... ഞങ്ങളെ മരണത്തിനു വിധിക്കപ്പെട്ടവരെപ്പോലെ ഏറ്റവും അവസാനത്തെ നിരയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നുവെന്ന് ഞാന്‍ വിചാരിക്കുന്നു...ഈ നിമിഷംവരെ ഞങ്ങള്‍ വിശന്നും ദാഹിച്ചും നഗ്നരായും പ്രഹരങ്ങളേറ്റും പാര്‍പ്പിടമില്ലാതെയും കഴിയുന്നു. സ്വന്തം കൈകൊണ്ട് ഞങ്ങള്‍ അദ്ധ്വാനിക്കുന്നു. നിന്ദിക്കപ്പെടുമ്പോള്‍ ഞങ്ങള്‍ അനുഗ്രഹിക്കുന്നു; പീഡിപ്പിക്കപ്പെടുമ്പോള്‍ അടിപതറാതെ നില്‍ക്കുന്നു... ഞങ്ങള്‍ ഇപ്പോള്‍ ലോകത്തിന്‍റെ ചപ്പും ചവറും പോലെയും എല്ലാറ്റിന്‍റെയും ഉച്ഛിഷ്ടം പോലെയുമായിത്തീര്‍ന്നിരിക്കുന്നു" (1 കോറി. 4: 9-13). സ്വര്‍ണ്ണതാക്കോലും കൈയില്‍ പിടിച്ച്, കിരീടവും ചൂടി, നീളമുള്ള അങ്കിയും ധരിച്ച് സിംഹാസനാരൂഢരായ ശ്ലീഹന്മാര്‍ നമ്മുടെ ഭാവനയിലും നമ്മുടെ ദൈവശാസ്ത്രപരികല്പനകളിലും മാത്രമുള്ളതാണ്; യാഥാര്‍ത്ഥ്യത്തിന് അതുമായി ഒരു ബന്ധവുമില്ല.
"കര്‍ത്താവായ യേശുക്രിസ്തുവിനെ ധരിക്കുവിന്‍" എന്നു പൗലോസ് റോമാ 13:14 ല്‍ പറയുമ്പോള്‍ ഒരു അധികാരചിഹ്നം അണിയുന്ന കാര്യമല്ലല്ലോ സൂചിപ്പിക്കുന്നത്. "ഞാന്‍ ക്രിസ്തുവിനോടുകൂടെ ക്രൂശിതനായിരിക്കുന്നു" എന്നാണ് തന്നെക്കുറിച്ചുതന്നെ പൗലോസ് ഗലാത്തിയര്‍ 2:20 ല്‍ പറയുന്നത്. അതാണ് ആ അപ്പസ്തോലന്‍റെ ആധികാരികതയും യോഗ്യതയും.
യാത്രയ്ക്ക് വടിയല്ലാതെ മറ്റൊന്നും - അപ്പമോ, സഞ്ചിയോ, അരപ്പട്ടയില്‍ പണമോ - കരുതരുത്; ചെരുപ്പ് ധരിക്കാം; രണ്ട് ഉടുപ്പുകള്‍ ധരിക്കരുത്. ഇവ്വിധത്തില്‍ തന്‍റെ ദൗത്യനിര്‍വ്വഹണത്തില്‍ ഏര്‍പ്പെടുന്ന ഒരു വ്യക്തിക്ക് ഇന്നു പുരോഹിതസമൂഹം കൈയാളുന്ന അധികാരവും സ്വാധീനവും കൈവരില്ല എന്നതു പകല്‍പോലെ വ്യക്തമാണല്ലോ. സ്വന്തമായി ഒരു ഭവനം പോലും ഇല്ലാതെ ചുറ്റിസഞ്ചരിക്കുന്ന അപ്പസ്തോലനെയാണ് യേശു മനസ്സില്‍ കണ്ടത്. അധികാരകേന്ദ്രം ഉണ്ടാകണമെങ്കില്‍ ഏതെങ്കിലും സ്ഥലത്ത് ഒരു വലിയ കെട്ടിടം പണിയപ്പെടണം; അതില്‍ വസിക്കാന്‍ ഒരധികാരിയും വേണം.
താന്‍ ഒരു യഥാര്‍ത്ഥ അപ്പസ്തോലനാണെന്നതിനു പൗലോസ് നിരത്തുന്ന തെളിവുകള്‍ ഏറെ ചിന്തനീയമാണ്. "അവരെക്കാള്‍ വളരെയേറെ ഞാന്‍ അദ്ധ്വാനിച്ചു; വളരെ കൂടുതല്‍ കാരാഗൃഹവാസമനുഭവിച്ചു; എണ്ണമറ്റവിധം പ്രഹരമേറ്റു; പലതവണ മരണവക്ത്രത്തിലകപ്പെട്ടു. അഞ്ചുപ്രാവശ്യം യഹൂദരുടെ കൈകളില്‍ നിന്ന് ഒന്നു കുറയെ നാല്‍പത് അടി വീതം ഞാന്‍ കൊണ്ടു. മൂന്നുപ്രാവശ്യം വടികൊണ്ട് അടിക്കപ്പെട്ടു. ഒരിക്കല്‍ കല്ലെറിയപ്പെട്ടു. മൂന്നുപ്രാവശ്യം കപ്പലപകടത്തില്‍പ്പെട്ടു. ഒരു രാത്രിയും ഒരു പകലും കടലില്‍ ഒഴുകി നടന്നു... കഠിനാധ്വാനത്തിലും വിഷമസന്ധികളിലും നിരവധി രാത്രികളിലെ ജാഗരണത്തിലും വിശപ്പിലും ദാഹത്തിലും പലപ്പോഴും ഉപവാസത്തിലും തണുപ്പിലും നഗ്നതയിലും ഞാന്‍ ജീവിച്ചു..." (2 കോറിന്തോസ് 11:23-29).
ആദിമസഭയിലെ ശിഷ്യന്മാരുടെ യോഗ്യതയും അധികാരവും അധിഷ്ഠിതമായിരുന്നത് അവര്‍ എത്രകണ്ട് ദൈവരാജ്യ സംസ്ഥാപനത്തിനായി അദ്ധ്വാനിക്കുകയും വിയര്‍ക്കുകയും ചെയ്തു എന്നതിലാണ്. സ്വന്തം പദവിയുടെ യോഗ്യതയെക്കുറിച്ചുള്ള ഉദ്ബോധനങ്ങളോ, തങ്ങള്‍ മറ്റുള്ളവരില്‍ നിന്ന് എത്ര ശ്രേഷ്ഠരാണെന്നുള്ള അവകാശവാദങ്ങളോ, എപ്പോഴും എടുത്തുപയോഗിക്കാവുന്ന അധികാരചിഹ്നങ്ങളോ അവരുടെ ആധികാരികതയുടെ അടിസ്ഥാനമായി നാം പുതിയനിയമത്തില്‍ കാണുന്നില്ല.
യേശുവിന്‍റെയും അപ്പസ്തോലന്മാരുടെയും ശുശ്രൂഷാസങ്കല്പങ്ങള്‍ തകിടം മറിയുന്നത് കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തി ക്രൈസ്തവസഭയിലേക്ക് ചേക്കേറുന്നതോടെയാണ്. റോമാസാമ്രാജ്യത്തിലെ ഔദ്യോഗികമതത്തിലെ മഹാപുരോഹിതനായിട്ടാണ് (Pontifex Maximus) ചക്രവര്‍ത്തി തന്നെത്തന്നെ കണ്ടിരുന്നത്. ഈ സാമ്രാജ്യത്വ പുരോഹിത സങ്കല്പത്തിന്‍റെ അനുകരണങ്ങള്‍ പിന്നീടു നാം സഭയില്‍ കാണുകയാണ്. ശ്ലീഹന്മാരുടെ പിന്‍ഗാമികളായി വന്ന മെത്രാന്മാരെക്കുറിച്ചും പൗരോഹിത്യത്തെക്കുറിച്ചും സഭയില്‍ പില്‍ക്കാലത്ത് ഉടലെടുത്ത ധാരണകളെക്കുറിച്ച് ഏകദേശ സൂചന ലഭിക്കാന്‍ സഹായകരമാണ് ഗ്രിഗറി 16-ാമന്‍ മാര്‍പാപ്പയുടെ (1831-46) ഒരു നിരീക്ഷണം: "ചിലര്‍ ഭരണകര്‍ത്താക്കളും മറ്റു ചിലര്‍ സേവകരും ആയിരിക്കുകയെന്നത് ദൈവഹിതമാണെന്നതിനാല്‍ സഭയില്‍ എല്ലാവരും തുല്യരല്ലെന്നതു ആര്‍ക്കും നിഷേധിക്കാനാവാത്ത വസ്തുതയാണ്. അത്മായരാണ് സേവകര്‍; പുരോഹിതര്‍ ഭരണകര്‍ത്താക്കളാണ്." സഭാംഗങ്ങളെല്ലാം ഒരേ ശരീരത്തിലെ പല അവയവങ്ങള്‍പോലെയാണെന്നും അവയവങ്ങള്‍ക്കിടയില്‍ വലുത്-ചെറുത് ഭേദമില്ലെന്നും ഉള്ള പൗലോസിന്‍റെ പാഠം (1 കോറി 12:12-31) ഈ മാര്‍പാപ്പ വേണ്ടവിധം വായിച്ചിട്ടില്ലെന്നുവേണം കരുതാന്‍.
നദികളില്‍ വെള്ളം ഒരുപാടു ഒഴുകിപോയിട്ടും രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വാതായനങ്ങളെല്ലാം മലര്‍ക്കെ തുറന്നിട്ടിട്ടും സഭാസംവിധാനങ്ങളും പൗരോഹിത്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും മധ്യശതകങ്ങളിലെ പരികല്പനകളില്‍ നിന്ന് കാര്യമായി മാറിയിട്ടില്ല എന്നുവേണം പൊതുവെ കരുതാന്‍. കാരണം കൂടാതെയല്ല ഇതു പറയുന്നത് എന്നു വ്യക്തമാക്കാന്‍ ഒന്നുരണ്ടു തെളിവുകള്‍ നിരത്തുകയാണ്. രണ്ടാം വത്തിക്കാന്‍ സൂനഹദോസിനോട് അനുബന്ധിച്ചു നടന്ന ചര്‍ച്ചകളില്‍ പങ്കെടുത്തുകൊണ്ട് ഫ്രഞ്ച് ഡൊമിനിക്കന്‍ ദൈവശാസ്ത്രജ്ഞനായ കോങ്കാര്‍ (Yves Marie - Joseph Congar) പറഞ്ഞത് ഏകദേശം ഇങ്ങനെയാണ്: "ഇവിടുത്തെ പൗരോഹിത്യം ജനമധ്യത്തില്‍ ജീവിക്കുമ്പോള്‍തന്നെ ജനങ്ങളില്‍നിന്നും അകലുന്നു." 1960 കളില്‍ പറഞ്ഞ ശരി 2018 ല്‍ കൂടുതല്‍ ശരിയാവുകയാണ്. മംഗലപ്പുഴ പൊന്തിഫിക്കല്‍ സെമിനാരിയുടെ മുന്‍ പ്രസിഡന്‍റ് ഫാ. വിന്‍സെന്‍റ് കുണ്ടുകുളം ഒരിക്കല്‍ "അസ്സീസി" മാസികയ്ക്കു നല്കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടത് ഇവ്വിധമാണ്: "ഇവിടുത്തെ പുരോഹിതര്‍ സര്‍ക്കാരുദ്യോഗസ്ഥരെപ്പോലെ പെരുമാറുന്നു." മെത്രാഭിഷേകത്തിനും പൗരോഹിത്യപട്ടത്തിനും ശേഷമുള്ള വമ്പന്‍ അനുമോദനയോഗങ്ങളും അച്ചന്മാരുടെ സ്ഥലംമാറ്റത്തോട് അനുബന്ധിച്ചുള്ള വാഹനജാഥകളും സഭാധികാരികളെ സ്വീകരിക്കാനുള്ള താലപ്പൊലികളും യേശുവിന്‍റെ കാലുകഴുകല്‍ ഭാവത്തെ ഏതു വിധത്തിലാണു പ്രതിനിധാനം ചെയ്യുന്നത്? പൗരോഹിത്യത്തെ ചുറ്റിപ്പറ്റി അതിനിഗൂഢമായ അധികാരഭാവം വളര്‍ത്തിയെടുക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ക്കിടയില്‍ ചോര്‍ന്നുപോകുന്നത് യേശു തന്‍റെ ശിഷ്യസമൂഹത്തെക്കുറിച്ചു മനസ്സില്‍ സൂക്ഷിച്ച സ്വപ്നങ്ങളാണ്.
അധികാരത്തിനും അധികാരപ്രയോഗങ്ങള്‍ക്കുമെതിരേ ശക്തവും വ്യക്തവുമായ നിലപാടുകള്‍ സ്വീകരിച്ചവനാണു ക്രിസ്തു. അവന്‍റെ കാലുകഴുകല്‍ മനോഭാവം ഏതാണ്ട് അതേ ചൈതന്യത്തില്‍ സ്വജീവിതത്തിലും ആദിമസഭയിലും ആവിഷ്കരിക്കാന്‍ ശ്രമിച്ചവരാണ് അപ്പസ്തോലന്മാര്‍. എന്നാല്‍ അപ്പസ്തോലിക പാരമ്പര്യം പിന്തുടരുന്ന ക്രൈസ്തവ സഭയില്‍ അധികാരവുമായി ബന്ധപ്പെട്ട സുവിശേഷപരികല്പനകള്‍ അവഗണിക്കപ്പെടുകയും പുറംലോകത്തെ അധികാരസങ്കല്പങ്ങള്‍ വേരാഴ്ത്തുകയും ചെയ്തു. നയിക്കുക, പഠിപ്പിക്കുക, വിശുദ്ധീകരിക്കുക എന്നീ ത്രിവിധ പുരോഹിത ദൗത്യങ്ങള്‍ പേര്‍ത്തും പേര്‍ത്തും അവതരിപ്പിക്കപ്പെട്ടപ്പോള്‍, കാലുകഴുകലിലൂടെ മാത്രമേ ഒരു പുരോഹിതന് ക്രിസ്തു ശിഷ്യന്‍ ആകാനാകൂ എന്നതു വിസ്മരിക്കപ്പെട്ടു. അധികാരപ്രയോഗത്തോട് ഒരുവന്‍ പുലര്‍ത്തുന്ന അകലമാണ് ക്രിസ്തുവിനോടുള്ള അവന്‍റെ അടുപ്പമെന്നാണു പുതിയനിമയം നമ്മുടെ മുമ്പില്‍ നിസ്സംശയം സ്ഥാപിക്കുന്നത്. ഇക്കാര്യത്തില്‍ ഇനിയും സംശയങ്ങള്‍ ബാക്കിനില്‍ക്കുന്നവര്‍ സുവിശേഷങ്ങള്‍ ഒന്നുകൂടി പരിചിന്തനത്തിനു വിഷയമാക്കേണ്ടതുണ്ട്.