news-details
പ്രദക്ഷിണവഴികള്‍

അധപ്പതനം - പ്രവാചകപ്രതിഷേധം

മേല്‍ വിവരിച്ച ദിവ്യമായ ചതുര്‍വിധ ലക്ഷ്യങ്ങളോടെ ആരംഭിച്ച തിരുനാളാഘോഷങ്ങള്‍ കാലക്രമത്തില്‍ ആഘോഷങ്ങള്‍ മാത്രമായിത്തീര്‍ന്നു. വിശുദ്ധ ദിവസങ്ങളായ തിരുനാളുകള്‍ ആഘോഷങ്ങള്‍ മാത്രം പെരുകിയ പെരുന്നാളുകളായി അധപ്പതിച്ചു. ആഘോഷങ്ങളില്‍ അനേകര്‍ അവഗണിക്കപ്പെട്ടു. ദൈവം നല്കിയ വിമോചനവും പരിപാലിച്ച വഴികളും നല്കിയ നിയമങ്ങളും സാവധാനം മറന്നു. തുല്യമഹത്ത്വവും അവകാശവും ഉള്ളവരായി ദൈവം രൂപം  കൊടുത്ത ദൈവജനത്തില്‍തന്നെ ഉച്ചനീചത്വങ്ങള്‍ ഉടലെടുത്തു. അധികാരികളും അധീനരുമുണ്ടായി. ഭൂമിയും അതിലെ വിഭവങ്ങളും ചിലരുടെ സ്വകാര്യസ്വത്തായി പരിണമിച്ചു. മനുഷ്യാധ്വാനത്തിനു വിലപേശല്‍ നടന്നു. ക്രമേണ ദരിദ്രരും ധനികരുമുണ്ടായി. എന്നാലും തിരുനാളാഘോഷങ്ങള്‍ ഓരോ വര്‍ഷവും പൂര്‍വ്വാധികം ആഡംബരങ്ങളോടെ അരങ്ങേറി. അപ്പോഴാണ് തീ പാറുന്ന ദൈവവചനവുമായി പ്രവാചകന്മാര്‍ രംഗപ്രവേശം ചെയ്തത്. ഏശയ്യാ മുതല്‍ മലാക്കിവരെ 16 പ്രവാചകന്മാരിലും  ഈ വചനത്തിന്‍റെ മുഴക്കം കേള്‍ക്കാം. ഏലിയായില്‍ തുടങ്ങിയതാണ് ദൈവത്തിന്‍റെ പ്രതിഷേധം. 
 
"കര്‍ത്താവ് ചോദിക്കുന്നു: നീ അവനെ കൊലപ്പെടുത്തി, അവന്‍റെ വസ്തു കയ്യേറിയോ? .... നാബോത്തിന്‍റെ രക്തം നായ്ക്കള്‍ നക്കികുടിച്ച സ്ഥലത്തുവച്ചുതന്നെ നിന്‍റെ രക്തവും നായ്ക്കള്‍ നക്കിക്കുടിക്കും"(1 രാജാ 21,19). സ്വന്തം പേരില്‍ പുസ്തകമുള്ള 16 പ്രവാചകന്മാരില്‍, ചരിത്രപരമായി നോക്കുമ്പോള്‍, ഒന്നാമനായ ആമോസിന്‍റെ വാക്കുകള്‍ സിംഹഗര്‍ജ്ജനം പോലെയായിരുന്നു: "നിങ്ങളുടെ ഉത്സവങ്ങളോട് എനിക്കു വെറുപ്പാണ്. നിങ്ങളുടെ മഹാസമ്മേളനങ്ങളില്‍ എനിക്ക് പ്രസാദമില്ല. പകരം "നീതി ജലംപോലെ ഒഴുകട്ടെ. ന്യായവിധി ഒരിക്കലും വറ്റാത്ത നീര്‍ച്ചാല്‍പോലെയും" (ആമേ 5, 21-25). രാജാക്കന്മാരോടു കൂട്ടുചേര്‍ന്ന പുരോഹിതന്മാര്‍ ആഘോഷങ്ങള്‍ക്കും ആര്‍ഭാടങ്ങള്‍ക്കും നേതൃത്വം നല്കിയപ്പോള്‍ ഒരു പുരോഹിതനായിരുന്ന ഹോസിയായിലൂടെ ദൈവം നിര്‍ദ്ദേശിച്ചു, "ബലിയല്ല, സ്നേഹമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ദഹനബലികളല്ല, ദൈവജ്ഞാനമാണ് എനിക്കിഷ്ടം" (ഹോസി 6,6). 
 
പ്രവാചകന്മാരില്‍ അഗ്രഗണ്യന്‍ എന്നറിയപ്പെടുന്ന ഏശയ്യായുടെ വാക്കുകള്‍ കൂടുതല്‍ മൂര്‍ച്ചയുള്ളതാണ്. "..... നിങ്ങളുടെ അനീതി നിറഞ്ഞ ഉത്സവങ്ങള്‍ എനിക്കു സഹിക്കാനാകില്ല. നിങ്ങളുടെ അമവാസികളും ഉത്സവങ്ങളും ഞാന്‍ വെറുക്കുന്നു. അവ എനിക്കു ഭാരമായിരിക്കുന്നു. അവ എനിക്കു ദുസ്സഹമായിത്തീര്‍ന്നിരിക്കുന്നു..... നിങ്ങളെത്തന്നെ കഴുകി വൃത്തിയാക്കുവിന്‍.... നന്മ പ്രവര്‍ത്തിക്കാന്‍ ശീലിക്കുവിന്‍.... നീതി അന്വേഷിക്കുവിന്‍. മര്‍ദ്ദനം അവസാനിപ്പിക്കുവിന്‍. അനാഥരോടു നീതി ചെയ്യുവിന്‍. വിധവകള്‍ക്കുവേണ്ടി വാദിക്കുവിന്‍. കര്‍ത്താവ് അരുളിച്ചെയ്യുന്നു. വരുവിന്‍ നമുക്ക് രമ്യതപ്പെടാം. നിങ്ങളുടെ പാപങ്ങള്‍ കടും ചെമപ്പാണെങ്കിലും അവ മഞ്ഞുപോലെ വെണ്മയുള്ളതായിത്തീരും. അവ രക്തവര്‍ണമെങ്കിലും കമ്പിളിപോലെ വെളുക്കും" (ഏശ 1, 10-20).
 
ഏശയ്യായുടെ സമകാലികനായ മിക്കായ്ക്കും പറയാനുള്ളതു മറ്റൊന്നുമല്ല.  അധികാരവും സ്വത്തും  കയ്യടക്കി അനേകരെ ദരിദ്രരും അടിമകളുമാക്കി ചൂഷണം ചെയ്യുകയും നശിപ്പിക്കുകയും ചെയ്യുന്ന ധനികരായ  നേതാക്കന്മാര്‍ ഉത്സവങ്ങളാഘോഷിക്കുന്നത് ദൈവത്തെ പ്രസാദിപ്പിക്കുകയല്ല, പ്രകോപിക്കുകയത്രേ ചെയ്യുന്നത്. "അവര്‍ വയലുകള്‍ മോഹിക്കുന്നു. അവ പിടിച്ചടക്കുന്നു; വീടുകള്‍ മോഹിക്കുന്നു, അവ സ്വന്തമാക്കുന്നു..." (മിക്കാ 2, 1-2). "നന്മയെ ദ്വേഷിക്കുകയും തിന്മയെ സ്നേഹിക്കുകയും ചെയ്യുന്ന നിങ്ങള്‍ എന്‍റെ ജനത്തിന്‍റെ തൊലി ഉരിഞ്ഞെടുക്കുന്നു; അവരുടെ അസ്ഥികളില്‍ നിന്നു മാംസവും..." (മിക്കാ3, 1-4). ഇതെല്ലാമാണെങ്കിലും ബലിയര്‍പ്പണങ്ങളിലൂടെയും ഉത്സവാഘോഷങ്ങളിലൂടെയും ദൈവപ്രീതി നേടാമെന്നു കരുതിയവര്‍ക്കെതിരേ മിക്കാ ഉദ്ഘോഷിച്ചു: "നീതി പ്രവര്‍ത്തിക്കുക; കരുണ കാണിക്കുക; നിന്‍റെ ദൈവമായ കര്‍ത്താവിന്‍റെ മുമ്പില്‍ വിനീതനായി ചരിക്കുക..."(മിക്കാ 6, 6-8). 
 
കാനോനിക പ്രവാചകന്മാരില്‍ അവസാനത്തെ ആളായ മലാക്കി വഴിപിഴച്ച പുരോഹിതര്‍ക്കും ലക്ഷ്യം തെറ്റിയ ആചാരാനുഷ്ഠാനങ്ങള്‍ക്കും എതിരേ ആഞ്ഞടിച്ചു: "നിങ്ങള്‍ എന്‍റെ ബലിപീഠത്തില്‍ വ്യര്‍ത്ഥമായി തീ കത്തിക്കാതിരിക്കാന്‍ നിങ്ങളില്‍ ആരെങ്കിലും വാതില്‍ അടച്ചിരുന്നെങ്കില്‍!" (മലാ 1, 10). കര്‍ത്താവിന്‍റെ നിയമം മറന്ന്, അക്രമങ്ങള്‍ക്കും അനീതിക്കും കൂട്ടുനിന്ന്, ദുഷ്കര്‍മ്മികള്‍ക്കു വ്യര്‍ത്ഥമായ സുരക്ഷിതത്വബോധം നല്കിയ പുരോഹിതന്‍റെ മേല്‍ ചൊരിയുന്ന ശാപവര്‍ഷം ഭയാനകമാണ്: "നിങ്ങളുടെ ബലിമൃഗങ്ങളുടെ ചാണകം നിങ്ങളുടെ മുഖത്തുതേയ്ക്കും. എന്‍റെ സന്നിധിയില്‍ നിന്നു ഞാന്‍ നിങ്ങളെ നിഷ്കാസനം ചെയ്യും. അതു സംഭവിക്കാതിരിക്കണമെങ്കില്‍ "പുരോഹിതന്‍ അധരത്തില്‍ ജ്ഞാനം സൂക്ഷിക്കണം. ജനം പ്രബോധനം തേടി അവനെ സമീപിക്കണം" (മലാ 2,7).
 
പ്രവാചക പ്രബോധനങ്ങള്‍ സംശയത്തിനു പഴുതിടുന്നില്ല. ദൈവജനത്തിന്‍റെ മുഖ്യമായ ദൗത്യം ദൈവാരാധനയാണ്. ആരാധനയെന്നാല്‍ ഏതെങ്കിലും ചില കര്‍മ്മങ്ങളുടെ വിശ്വസ്തമായ അനുഷ്ഠാനങ്ങള്‍ മാത്രമല്ല. ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും ഉപരി ദൈവത്തെ സ്രഷ്ടാവും നാഥനും ആയി ഹൃദയത്തില്‍ അംഗീകരിക്കുകയും ജീവിതവും പ്രവൃത്തികളും വഴി ഏറ്റുപറയുകയുമാണ്. എല്ലാ പ്രവാചകന്മാരുടെയും സന്ദേശം ഒറ്റവാക്യത്തില്‍ മിക്കാ ഒതുക്കുന്നു. "നീതി പ്രവര്‍ത്തിക്കുക, കരുണ കാണിക്കുക, ദൈവമായ കര്‍ത്താവിന്‍റെ മുന്നില്‍ വിനീതനായിരിക്കുക" (മിക്കാ 6,8). 
 
അനീതിക്കു കൂട്ടുനില്ക്കുന്ന ആചാരാനുഷ്ഠാനങ്ങള്‍ ലക്ഷ്യംതെറ്റിയ ശരംപോലെയാണ്. ദൈവത്തിന്‍റെ സാന്നിധ്യം എല്ലാവര്‍ക്കും ഒരുപോലെ അനുഭവവേദ്യമാക്കേണ്ട ദേവാലയം അനീതിയുടെയും അധര്‍മ്മത്തിന്‍റെയും കേന്ദ്രവും ഉറവിടവുമായി. ഇനി ആരും അതില്‍ പ്രവേശിക്കാതിരിക്കാന്‍ വാതിലടച്ചാല്‍(മലാ 1, 10) മാത്രം പോരാ, തല്ലിത്തകര്‍ക്കുകതന്നെ വേണം. "ബലിപീഠത്തിനരികേ കര്‍ത്താവു നില്ക്കുന്നതു ഞാന്‍ കണ്ടു. അവിടുന്ന് അരുളിച്ചെയ്തു: പൂമുഖം കുലുങ്ങുമാറ് പോതികയെ ഊക്കോടെ അടിക്കുക. എല്ലാവരുടെയും മേല്‍ അതു തകര്‍ന്നുവീഴട്ടെ. അവശേഷിക്കുന്നവരെ ഞാന്‍ വാളിനിരയാക്കും. ഒരുവനും ഓടിയൊളിക്കുകയില്ല. ഒരുവനും രക്ഷപ്പെടുകയുമില്ല"(ആമോ 9-12). 
 
അനീതി പ്രവര്‍ത്തിക്കാതെ, സമൂഹത്തില്‍ ന്യായവും നീതിയും  നടപ്പിലാക്കുന്നതിനു പകരം ഉല്ലാസയാത്രകളായിത്തീര്‍ന്ന തീര്‍ത്ഥാടനങ്ങളിലും മേളക്കൊഴുപ്പാര്‍ന്ന ഉത്സവാഘോഷങ്ങളിലും ആഘോഷപൂര്‍ണ്ണങ്ങളായ ബലിയര്‍പ്പണങ്ങളിലും അഭിരമിച്ച പുരോഹിതരും ജനവും അടിമകള്‍ക്കു വിടുതല്‍ നല്കുന്ന, നിലവിളി കേള്‍ക്കുന്ന ദൈവത്തെ മറന്നു; മാത്രമല്ല ദൈവത്തെ അറിയുന്നുപോലുമില്ല. പകരം തങ്ങളുടെതന്നെ ഭാവനാസൃഷ്ടികളായ ദൈവങ്ങളെ പൂജിച്ചു. ജനം ചെന്നെത്തിയ നാശത്തിന്‍റെ പടുകുഴിയുടെ ആഴം ഇവിടെ തെളിയുന്നു. അന്ധരായ മാര്‍ഗ്ഗദര്‍ശികളാല്‍ നയിക്കപ്പെട്ട ജനം ആ കുഴിയില്‍ വീണു:
 
"ഇസ്രായേല്‍ ജനമേ, കര്‍ത്താവിന്‍റെ വാക്കുകേള്‍ക്കുക. ദേശവാസികള്‍ക്കെതിരേ അവിടുത്തേ ഒരു ആരോപണമുണ്ട്. ദൈവവിചാരം ദേശത്ത് അറ്റുപോയിരിക്കുന്നു. ആണയിടലും വഞ്ചനയും കൊലപാതകവും മോഷണവും വ്യഭിചാരവും സീമാതീതമായിരിക്കുന്നു. ഒന്നിനു പിറകെ ഒന്നായി കൊലപാതകം നടക്കുന്നു..... എന്നാല്‍ ആരും തര്‍ക്കിക്കേണ്ടാ. കുറ്റപ്പെടുത്തുകയും വേണ്ടാ. പുരോഹിതാ, നിനക്കെതിരേയാണ് എന്‍റെ ആരോപണം... അജ്ഞതനിമിത്തം എന്‍റെ ജനം നശിക്കുന്നു. നീ വിജ്ഞാനം തിരസ്കരിച്ചതുകൊണ്ട് എന്‍റെ പുരോഹിതനായിരിക്കുന്നതില്‍ നിന്ന,് നിന്നെ ഞാന്‍ തിരസ്കരിക്കുന്നു... എന്‍റെ ജനത്തിന്‍റെ പാപംകൊണ്ട് അവര്‍ ഉപജീവനം കഴിക്കുന്നു... പുരോഹിതനെപ്പോലെ ജനവും" (ഹോസി 4, 1-14). തിരുനാളാഘോഷങ്ങളും ബലിയര്‍പ്പണങ്ങളും വഴി സമ്പത്തു സ്വരുക്കൂട്ടുകയും അതേസമയം ജനത്തെ വഴിതെറ്റിക്കുകയും ചെയ്ത പുരോഹിതന്മാര്‍ക്കെതിരേയാണ് മുഖ്യമായും പ്രവാചകന്മാര്‍വഴി ദൈവമായ കര്‍ത്താവ് ശക്തമായ താക്കീതുകള്‍ നല്കിയതും വിധി പ്രസ്താവിച്ചതും. ലക്ഷ്യം മറന്ന മതാത്മകത ഇവിടെ പ്രതിക്കൂട്ടിലാകുന്നു.
 
പ്രവാസാനന്തരം
 
പ്രവാചകന്മാര്‍ നല്കിയ താക്കീതുകള്‍ അവഗണിക്കപ്പെട്ടു. ബി.സി. 587-ല്‍ ജറുസലെം ദേവാലയം അഗ്നിക്കിരയായി. ബലിയര്‍പ്പണങ്ങള്‍ നിലച്ചു; തിരുനാളാഘോഷങ്ങളും. എന്നിട്ടും നേതാക്കള്‍ പഠിച്ചില്ല. പ്രവാസത്തില്‍ നിന്നു മടങ്ങി വന്നവര്‍ ദേവാലയം പണിതു; കര്‍മ്മാനുഷ്ഠാനങ്ങള്‍ കൂടുതല്‍ ക്രമബദ്ധമാക്കി. രാജാവും പ്രവാചകനുമില്ലാതായ സാഹചര്യത്തില്‍ പുരോഹിതന്മാര്‍ സര്‍വ്വാധികാരികളായി. അവര്‍ ആത്മീയ നവീകരണത്തിനു കഠിന ശ്രമം നടത്തി. തിരുനാളുകള്‍ കൂടുതല്‍ സജീവമായി, ആഘോഷപൂര്‍ണ്ണവും. ബലിയര്‍പ്പണങ്ങള്‍ മുടങ്ങാതെ നടന്നു. ആഘോഷങ്ങളും ആചാരാനുഷ്ഠാനങ്ങളും ആധ്യാത്മികതയുടെ മാനദണ്ഡങ്ങളായി പരിഗണിക്കപ്പെട്ടു. തിരഞ്ഞെടുക്കപ്പെട്ടവരായ തങ്ങള്‍ മാത്രം വിശുദ്ധര്‍ എന്ന ഒരു മനോഭാവം വളര്‍ന്നു.
 
 
പ്രവാസത്തില്‍ നിന്നു പഠിച്ച തിക്തമായ പാഠങ്ങള്‍ അവര്‍ വേഗം മറന്നു.  ഇസ്രായേല്‍ ദൈവത്തിന്‍റെ തിരഞ്ഞെടുക്കപ്പെട്ട ദാസനായത് ലോകജനതകള്‍ക്കു പ്രകാശവും അനുഗ്രഹത്തിന്‍റെ മാര്‍ഗ്ഗവും ആകാന്‍ വേണ്ടിയാണെന്ന പാഠം എങ്ങിനെയോ മറന്നുപോയി. പകരം

ഇതര ജനതകളില്‍ നിന്നും അവരുടെ ആചാരങ്ങളില്‍ നിന്നും കര്‍ശനമായ നിഷ്ഠയോടെ അകന്നുനില്ക്കാന്‍ പുരോഹിതനേതാക്കള്‍ ജനത്തെ പഠിപ്പിച്ചു; നിര്‍ബന്ധിച്ചു. അനുഷ്ഠാനങ്ങളിലും ബാഹ്യാചാരങ്ങളിലും ശ്രദ്ധകേന്ദ്രീകരിക്കുന്ന ഒരാധ്യാത്മികതയ്ക്കാണ് അവര്‍ രൂപം കൊടുത്തത്.

ഈ കാഴ്ചപ്പാടിനെതിരേ ചില വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരാതിരുന്നില്ല. നീതിരഹിതവും ധാര്‍മ്മിക ജീവിതത്തെ പ്രോത്സാഹിപ്പിക്കാത്തതുമായ ആഘോഷങ്ങളും അനുഷ്ഠാനങ്ങളും രക്ഷണീയമാവില്ല, മറിച്ച് ശിക്ഷ വിളിച്ചു വരുത്തും എന്ന പ്രവാചക വീക്ഷണം ചുരുക്കമായി മുഴങ്ങുന്നത് ഈ കാലഘട്ടത്തിലും കേള്‍ക്കാം. "അന്യായ സമ്പത്തില്‍ നിന്നുള്ള ബലി പങ്കിലമാണ്. നിയമനിഷേധകന്‍റെ കാഴ്ചകള്‍ സ്വീകാര്യമല്ല... ദരിദ്രന്‍റെ സമ്പത്തു തട്ടിയെടുത്ത് ബലിയര്‍പ്പിക്കുന്നവന്‍ പിതാവിന്‍റെ മുമ്പില്‍ വച്ച് പുത്രനെ കൊല്ലുന്നവനെപ്പോലെയാണ്... ദരിദ്രന്‍റെ ജീവന്‍ അവന്‍റെ ആഹാരമാണ്. അത് അപഹരിക്കുന്നവന്‍   കൊലപാതകിയാണ്. അയല്ക്കാരന്‍റെ ഉപജീവനമാര്‍ഗ്ഗം തടയുന്നവന്‍ അവനെ കൊല്ലുകയാണ്, വേലക്കാരന്‍റെ കൂലി കൊടുക്കാതിരിക്കുക രക്തച്ചൊരിച്ചിലാണ്" (പ്രഭാ. 34, 18-22). എന്നാല്‍ പുരോഹിതന്മാരും നിയമജ്ഞരും നയിച്ച മുഖ്യധാരാ മതാത്മകതയില്‍ നീതി നിര്‍വഹണത്തിനും കരുണയ്ക്കുമല്ല, ഉത്സവാഘോഷങ്ങള്‍ക്കും കണിശമായ ആരാധനാനുഷ്ഠാനങ്ങള്‍ക്കുമായിരുന്നു പ്രധാന്യം.

You can share this post!

അടുത്ത രചന

വഴി കാട്ടുന്ന ദൈവം

മൈക്കിള്‍ കാരിമറ്റം
Related Posts