ഇനി അങ്ങോട്ടുള്ള യാത്രകളില്‍ ദൈവമാണ് കൃത്യമായി വഴികാട്ടുന്നത്. ഏതു വഴിക്കു പോകണം, എവിടെ വിശ്രമിക്കണം എന്നു ദൈവം കണിശമായി കാണിച്ചുകൊടുക്കും; അതിനായി പേടകവും കൂടാരവും ജനത്തിനു മുമ്പേ പോകും, മേഘത്തെ അനുഗമിച്ച്. മേഘം നില്ക്കുന്നിടത്ത് അവര്‍ കൂടാരമടിക്കും. ജനം ഇടവേളയ്ക്കായി കൂടാരം അടിക്കുമ്പോള്‍ ആ കൂടാരങ്ങളുടെ നടുവിലായിരിക്കും ദൈവികസാന്നിധ്യത്തിന്‍റെ ദൃശ്യാടയാളമായ സമാഗമകൂടാരത്തിന്‍റെ സ്ഥാനം. മരുഭൂമിയിലൂടെയുള്ള യാത്ര വിവരിക്കുന്ന സംഖ്യാ പുസ്തകത്തില്‍ നിറഞ്ഞുനില്ക്കുന്നതാണ് വഴി കാട്ടുന്ന ദൈവത്തിന്‍റെ ചിത്രം.
'സാക്ഷ്യകൂടാരം സ്ഥാപിച്ച ദിവസം മേഘം അതിനെ ആവരണം ചെയ്തു. അഗ്നിപോലെ പ്രകാശിച്ചുകൊണ്ട് സന്ധ്യമുതല്‍ പ്രഭാതംവരെ അതു കൂടാരത്തിനുമുകളില്‍ നിന്നു. പകല്‍ മേഘവും രാത്രി അഗ്നിരൂപവും കൂടാരത്തെ ആവരണം ചെയ്തിരുന്നു. മേഘം കൂടാരത്തില്‍ നിന്നുയരുമ്പോള്‍ ഇസ്രായേല്‍ ജനം യാത്രതിരിക്കും. മേഘം നില്ക്കുന്നിടത്ത് അവര്‍ പാളയമടിക്കും' (സംഖ്യ 9, 15-18). അങ്ങനെ പേടകവും കൂടാരവും ദൈവത്തിന്‍റെ സാന്നിധ്യം ഉറപ്പുവരുത്തി, നയിച്ചു; സംരക്ഷിച്ചു.
പേടകവും കൂടാരവും ഉള്ളിടത്താണ് ദൈവം എന്ന ധാരണ സാവധാനം ഉടലെടുത്തു. ദൈവികസാന്നിധ്യം അവിടെ മാത്രമാണെന്ന ചിന്തയിലേക്ക് ഈ ധാരണ വളര്‍ന്നു. സാവകാശം ദൈവികസാന്നിധ്യം വസ്തുവല്‍ക്കരിക്കപ്പെട്ടു. ഈ വസ്തുക്കളിലാണ് ദൈവം. അവിടെ മാത്രമാണ് ദൈവം വസിക്കുന്നത് എന്ന വിശ്വാസം ശക്തിപ്പെട്ടു. അതിനാല്‍ പേടകമില്ലാത്തിടത്ത് ദൈവത്തിന്‍റെ സാന്നിധ്യവും സംരക്ഷണവും ഇല്ല എന്ന വിശ്വാസവും വളര്‍ന്നു. കാദെശ് ബര്‍ണെയായിലെ ജനത്തിന്‍റെ അവിശ്വസ്തതയുടെ വിവരണത്തില്‍ ഈ യാഥാര്‍ത്ഥ്യം വ്യക്തമാകുന്നു.
വാഗ്ദത്ത ഭൂമിയെക്കുറിച്ചു ചാരന്മാര്‍ കൊണ്ടുവന്ന വാര്‍ത്തകേട്ടു ഭയന്ന്, യുദ്ധം ചെയ്യാന്‍ വിസമ്മതിച്ച ജനത്തിന്‍റെ മേല്‍ ദൈവകോപമുണ്ടായി. ഇനി അവര്‍ മരുഭൂമിയില്‍ 40 വര്‍ഷം അലയണം എന്ന വിധി മോശ അറിയിച്ചു(സംഖ്യ 14, 34-35). അതു കേട്ടു പശ്ചാത്താപിച്ച ജനം പിറ്റേന്ന് യുദ്ധം ചെയ്യാന്‍ ഒരുങ്ങി. മോശ വിലക്കിയിട്ടും അവര്‍ പുറപ്പെട്ടു. 'കര്‍ത്തവിന്‍റെ വാഗ്ദാനപേടകമോ മോശയോ പാളയത്തില്‍നിന്ന് ഇറങ്ങിചെല്ലാതിരുന്നിട്ടും അവര്‍ ധിക്കാരപൂര്‍വ്വം മലയിലേക്കു കയറി' (സംഖ്യ 14, 44). ഫലം ദയനീയ പരാജയമായിരുന്നു. തുടര്‍ന്നുള്ള യാത്രയില്‍ ഇത് വലിയൊരു പാഠമായി.
ജനത്തിന്‍റെ എല്ലാ തീരുമാനങ്ങളും സമാഗമകൂടാരത്തിനു മുമ്പില്‍ വച്ചാണ് എടുത്തത്. ദൈവത്തിന് ആരാധനയര്‍പ്പിക്കുന്നത് സമാഗമകൂടാരത്തില്‍. ദൈവം അനുഗ്രഹിക്കുന്നതും ശിക്ഷിക്കുന്നതും ഈ കൂടാരത്തില്‍വച്ച്. കലാപകാരികളായ കോറഹും കൂട്ടരും മോശയ്ക്കെതിരെ തിരിഞ്ഞു. അവര്‍ 'സമൂഹത്തെ മുഴുവന്‍ സമാഗമ കൂടാരവാതില്‍ക്കല്‍ മോശയ്ക്കും അഹറോനും എതിരെ ഒരുമിച്ചുകൂട്ടി. അപ്പോള്‍ കര്‍ത്താവിന്‍റെ മഹത്ത്വം സമൂഹത്തിനു മുഴുവന്‍ കാണപ്പെട്ടു.(സംഖ്യ 16, 19). തുടര്‍ന്നു സംഭവിച്ചത് കഠിനമായ ശിക്ഷാവിധിയാണ്. 'അവര്‍ക്കു താഴെ നിലം പിളര്‍ന്നു. ഭൂമി വാ പിളര്‍ന്ന് കോറഹിനെയും അനുചരന്മാരെയും അവരുടെ കുടുംബാംഗങ്ങളോടും വസ്തുവകകളോടും കൂടെ വിഴുങ്ങി.' (സംഖ്യ 16, 32).
നാല്പതു വര്‍ഷത്തെ അലച്ചിലിനുശേഷം ദൈവം ഇസ്രായേല്‍ ജനത്തെ വാഗ്ദത്തഭൂമിയിലേക്കു നയിച്ചു. മോശയുടെ മരണത്തിനുശേഷം ജോഷ്വായെയാണ് ദൈവം നേതൃത്വം ഏല്പിച്ചത്. അപ്പോള്‍ നല്കുന്ന ഒരു വാഗ്ദാനം പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു.'ഞാന്‍ മോശയോടുകൂടെ എന്നതുപോലെ നിന്നെ കൈവിടില്ല. ശക്തനും ധീരനുമായിരിക്കുക.' കര്‍ത്താവായിരിക്കും വഴി നടത്തുക. അവിടുത്തെ സാന്നിധ്യം പേടകത്തില്‍ ഉണ്ടായിരിക്കും. അതിനാല്‍ യാത്രയില്‍ എപ്പോഴും പേടകം മുമ്പേ പോകണം; പുരോഹിതന്മാര്‍ വഹിക്കണം.
അത്ഭുതകരമായ സാന്നിധ്യം
ജോര്‍ദാന്‍ നദി കരകവിഞ്ഞൊഴുകുമ്പോഴാണ് ഇസ്രായേല്‍ ജനം നദി കടക്കാന്‍ വന്നത്. മലയിടുക്കിലൂടെ പാഞ്ഞുവരുന്ന ജലപ്രവാഹം മറികടക്കാനാകാത്ത പ്രതിബന്ധമായിരുന്നു അവര്‍ക്കുമുന്നില്‍. ഇവിടെയാണ് പേടകത്തിന്‍റെ സാന്നിധ്യത്തില്‍ അവര്‍ ആദ്യത്തെ അത്ഭുതം ദര്‍ശിച്ചത്. അതിനുമുമ്പേ ജോഷ്വ ജനത്തിനൊരു നിര്‍ദ്ദേശം നല്കിയിരുന്നു: 'നിങ്ങളെത്തന്നെ ശുദ്ധീകരിക്കുവിന്‍. നാളെ നിങ്ങളുടെ ഇടയില്‍ കര്‍ത്താവ് അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും' (ജോഷ്വ 3,5). ജനം അനുസരിച്ചു.
പേടകം വഹിച്ച് പുരോഹിതന്മാര്‍ മുമ്പേ നടന്നു. ഭയപ്പെടുത്തുന്ന കുത്തൊഴുക്കിലേക്ക് പുരോഹിതര്‍ നിര്‍ഭയം നീങ്ങി. പുരോഹിതന്മാര്‍ വെള്ളത്തിലിറങ്ങിയപ്പോള്‍ ഒഴുക്കുനിലച്ചു. ഒഴുകിവന്ന ജലം വടക്കുഭാഗത്ത് മതില്‍പോലെ ഉയര്‍ന്നു, തെക്കുണ്ടായിരുന്നത് ചാവുകടലിലേക്ക് ഒഴുകിപ്പോയി. വരണ്ടഭൂമിയിലൂടെ ജനം നദി കടന്നു. ഭീഷണമായി ഉയരുന്ന ജലമതിലിനുമുന്നില്‍ പേടകം വഹിക്കുന്ന പുരോഹിതര്‍ നിന്നു. ജനത്തിനു ഒരു സംരക്ഷണമതില്‍ പോലെ. ജനം അത്ഭുതം കണ്ടു. ചെങ്കടല്‍ കടന്നതിനെ അനുസ്മരിപ്പിക്കുന്ന മറ്റൊരത്ഭുതം.
അതിന്‍റെ ഓര്‍മ്മയ്ക്കായി അവര്‍ ജോര്‍ദാനില്‍നിന്ന് പന്ത്രണ്ടു കല്ലുകള്‍ ശേഖരിച്ച് പാളയമടിച്ച സ്ഥലത്തു സ്ഥാപിച്ചു, ഓരോ ഗോത്രത്തിന്‍റെയും ഓര്‍മ്മയ്ക്കായി ഓരോ കല്ല്. ശിലാവൃത്തം എന്ന അര്‍ത്ഥമുള്ള 'ഗില്‍ഗാല്‍' എന്ന് ആ സ്ഥലത്തിനു പേരും നല്കി. കാരണം പേടകത്തില്‍, സന്നിഹിതനായ ദൈവം അത്ഭുതകരമായി, ചിറ കൂടാതെ ജോര്‍ദാന്‍റെ ഒഴുക്കു തടഞ്ഞതിന്‍റെ ഓര്‍മ്മയായിരുന്നു അത്(ജോഷ്വാ 3-4) വാഗ്ദത്തഭൂമിയില്‍ പേടകത്തിന്‍റെ ആദ്യത്തെ താവളമായിരുന്നു ഗില്‍ഗാന്‍. ഇനി അങ്ങോട്ട് വാഗ്ദത്ത ഭൂമിയില്‍ പലയിടത്തും പേടകം സ്ഥാപിക്കും. അവയെല്ലാം പ്രധാനതീര്‍ത്ഥാടന കേന്ദ്രങ്ങളായി പരിഗണിക്കപ്പെടും.
വാഗ്ദത്തഭൂമിയിലേക്കുള്ള വഴിയടച്ച് ഉയര്‍ന്നുനിന്ന അജയ്യമായ പ്രതിബന്ധമായിരുന്നു ജെറീക്കോ കോട്ട. ഇസ്രായേല്‍ ജനത്തിന് സ്വന്തം ശക്തികൊണ്ട് കീഴടക്കാനോ മറികടക്കാനോ കഴിയാത്ത വലിയൊരു തടസ്സമായി നിന്ന കോട്ടയെ നിലംപരിശാക്കിയത് പേടകത്തില്‍ സന്നിഹിതനായ ദൈവമാണെന്ന് അവര്‍ കണ്ടറിഞ്ഞു. കര്‍ത്താവിന്‍റെ കല്പനയനുസരിച്ച് പേടകം വഹിക്കുന്ന പുരോഹിതന്മാരെ പിന്‍തുടര്‍ന്ന് ജനം കോട്ടയ്ക്കു ചുറ്റും നടന്ന്, ഏഴാം ദിവസം കാഹളം മുഴക്കുകയും ആര്‍ത്തട്ടഹസിക്കുകയും ചെയ്തപ്പോള്‍ കോട്ട തകര്‍ന്നു വീണു. പ്രതിബന്ധം മാറി. വാഗ്ദത്തഭൂമിയിലേക്ക് വഴി തുറന്നു(ജോഷ്വാ 6). അങ്ങനെ പേടകത്തിലൂടെ വീണ്ടും വലിയൊരത്ഭുതം അവര്‍ ദര്‍ശിച്ചു. ദൈവികസാന്നിധ്യം തിരിച്ചറിഞ്ഞു.
ഗില്‍ഗാലിനുശേഷം പേടകം പല സ്ഥലങ്ങളിലും സ്ഥാപിക്കപ്പെട്ടു. ദൈവം അവിടെയാണ് വസിക്കുന്നതെന്ന് ജനം വിശ്വസിച്ചു. സാമുവേലിന്‍റെ പുസ്തകം ആരംഭിക്കുമ്പോള്‍ പേടകം ഷീലോയിലാണ് സ്ഥാപിച്ചിരിക്കുന്നത്, ഭക്തരായ ഇസ്രായേല്‍ക്കാര്‍ അങ്ങോട്ട് തീര്‍ത്ഥാടനം നടത്തും, ദൈവികസാന്നിധ്യവും അനുഗ്രഹവും തേടി. ഇപ്രകാരമൊരു തീര്‍ത്ഥാടനത്തോടെ തുടങ്ങുന്ന സാമുവേലിന്‍റെ ഒന്നാം പുസ്തകം പേടകത്തിന്‍റെ ഗതിവിഗതികള്‍ വിവരിക്കുന്നുണ്ട്.
വന്ധ്യയായ ഹന്നാ തന്‍റെ സങ്കടങ്ങള്‍ ഏറ്റുപറഞ്ഞു കരഞ്ഞതും ഒരു കുഞ്ഞിനുവേണ്ടി പ്രാര്‍ത്ഥിച്ചതും കര്‍ത്താവിനു നേര്‍ച്ചനേര്‍ന്നതും ഈ പേടകത്തിന്‍റെ സാന്നിധ്യത്തിലാണ്. (1 സാമു 1, 9-18). കൂടാരവാതില്ക്കല്‍ ഇരുന്ന ഹേലി പുരോഹിതന്‍ ആദ്യം തെറ്റിധരിച്ചെങ്കിലും കാര്യം അറിഞ്ഞപ്പോള്‍ അവളെ അനുഗ്രഹിച്ചു. പ്രാര്‍ത്ഥനയും അനുഗ്രഹവും ദൈവം പൂര്‍ത്തിയാക്കി. തനിക്കു ലഭിച്ച പുത്രനെ നേര്‍ച്ച അനുസരിച്ച്, കൂടാരവാതില്ക്കല്‍ സമര്‍പ്പിച്ചു. സാമുവേല്‍ ദൈവത്തിന്‍റെ ശുശ്രൂഷകനായി.
ഷീലോയിലെ കൂടാരത്തില്‍ പേടകത്തിനു സമീപം കിടന്നുറങ്ങുമ്പോഴാണ് സാമുവേല്‍ ആദ്യമായി ദൈവസ്വരം കേട്ടത്. ഹേലിയുടെ സഹായത്തോടെ അതു ദൈവസ്വരമാണെന്നു തിരിച്ചറിഞ്ഞ സാമുവേല്‍ ഗുരുവിന്‍റെ ഉപദേശം അനുസരിച്ച് പറഞ്ഞു; 'കര്‍ത്താവേ, അരുളിച്ചെയ്താലും അങ്ങയുടെ ദാസന്‍ ഇതാ ശ്രവിക്കുന്നു' (1സാമു. 3,9). സാമുവേല്‍ കേട്ടു, അനുസരിച്ചു. അവന്‍ ദൈവത്തിന്‍റെ സ്വരമായി മാറി. ജനത്തെ നയിച്ചു, പേടകസാമീപ്യത്തില്‍ ദൈവികസാന്നിധ്യം തിരിച്ചറിഞ്ഞു.
വിശുദ്ധ വസ്തു വിഗ്രഹമാക്കിയാല്‍
ദൈവത്തിന്‍റെ സാന്നിധ്യം അനുസ്മരിപ്പിക്കുന്ന ഒരു ഉപകരണമാണ് പേടകവും കൂടാരവും എന്ന സത്യം ജനം മറന്നു കഴിഞ്ഞിരുന്നു. പേടകം തന്നെയാണ് ദൈവത്തിന്‍റെ സിംഹാസനം. പേടകമുള്ളിടത്ത് ദൈവം ഉണ്ട്; അവിടെ മാത്രം, എന്ന ധാരണ ശക്തിപ്പെട്ടു. ഈ വിശ്വാസമാണ് ഫിലിസ്ത്യരുടെ ആക്രമണത്തില്‍ തോറ്റ ജനത്തിന് കര്‍ത്താവിന്‍റെ പേടകം പടക്കളത്തിലേക്ക് കൊണ്ടുവരാന്‍ പ്രേരകമായത്(1സാമു 4,1-8). പേടകം കണ്ട ഇസ്രായേല്‍ക്കാര്‍ ധൈര്യമാര്‍ജിച്ചു. ആര്‍ത്തുവിളിച്ചു. ഇനി ജയം ഉറപ്പാണെന്നു കരുതി. പക്ഷേ തുടര്‍ന്നു സംഭവിച്ചത് വലിയൊരു ദുരന്തമായിരുന്നു. ഫിലിസ്ത്യര്‍ അതിശക്തമായി യുദ്ധം ചെയ്തു. ഇസ്രായേല്‍ തോറ്റോടി. പേടകം ഫിലിസ്ത്യര്‍ പിടിച്ചെടുത്തു, തങ്ങളുടെ ദേവന്‍റെ ആലയത്തില്‍, ഒരു വിജയസ്മാരകം പോലെ സ്ഥാപിച്ചു.
പേടകം നഷ്ടപ്പെട്ട വിവരം അറിഞ്ഞ ഹേലി മറിഞ്ഞുവീണു; കഴുത്തൊടിഞ്ഞു മരിച്ചു. ദൈവിക സാന്നിധ്യത്തെ വസ്തുവത്കരിക്കുന്നതിന്‍റെ ദുരന്തഫലം ജനം മുഴുവന്‍ അറിഞ്ഞു. ദൈവഹിതം അനുസരിച്ചു ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന, ഉടമ്പടിയെയും പ്രമാണങ്ങളെയും അനുസ്മരിപ്പിക്കുന്ന ഒരു ഉപകരണം മാത്രമാണ് പേടകവും കൂടാരവും എന്നതുമറന്ന്, ദൈവത്തിന്‍റെ സംരക്ഷണം നിരുപാധികം ഉറപ്പുവരുത്തുന്ന വിശുദ്ധവസ്തുക്കളായി അവയെ പരിഗണിക്കാന്‍ തുടങ്ങുമ്പോള്‍ ഉണ്ടാകുന്ന അപകടത്തിന്‍റെ ഒരു സൂചനയായിരുന്നു ഈ പരാജയവും പേടകനഷ്ടവും. പക്ഷേ ജനം അതു തിരിച്ചറിഞ്ഞില്ല.
പേടകത്തിന്‍റെ അത്ഭുതശക്തിയില്‍ വിശ്വസിച്ചും അത് തങ്ങള്‍ക്കനുകൂലമായി പ്രയോജനപ്പെടുത്താം എന്നു വ്യാമോഹിച്ചും ഇസ്രായേല്‍ക്കാരുടെ മേല്‍നേടിയ വിജയത്തിന്‍റെ സ്മാരകമായും ഫിലിസ്ത്യര്‍ പേടകം അഷ്ദോദില്‍, ഓഗോന്‍ ദേവന്‍റെ ആലയത്തില്‍ പ്രതിഷ്ഠിച്ചു. പക്ഷേ ഫലം പ്രതീക്ഷിച്ചതിനു വിപരീതമായിരുന്നു. അവരുടെ ദേവവിഗ്രഹം മറിഞ്ഞുവീണു കഴുത്തൊടിഞ്ഞു. ജനത്തിനു സാംക്രമികരോഗം ബാധിച്ചു.(1സാമു 5). ഭയാക്രാന്തരായ ഫിലിസ്ത്യര്‍ പേടകം ഇസ്രായേലിലേക്കു തിരിച്ചയച്ചു.
ബേത്ഷേമെയില്‍ എത്തിയ പേടകം ആ ഗ്രാമവാസികളായ ഇസ്രായേല്‍ക്കാര്‍ സാഘോഷം സ്വീകരിച്ചു. എന്നാല്‍ തുടര്‍ന്നുണ്ടായ ഒരത്യാഹിതം അവരെ ഭയവിഹ്വലരാക്കി. 'കര്‍ത്താവിന്‍റെ പേടകത്തിലേക്ക് എത്തിനോക്കിയ എഴുപത് ബേത്ഷേമെഷ്കാരെ അവിടുന്നു വധിച്ചു. കര്‍ത്താവ് അവരുടെ ഇടയില്‍ കൂട്ടക്കൊല നടത്തിയതുകൊണ്ട് അവര്‍ വിലപിച്ചു... കര്‍ത്താവിന്‍റെ സന്നിധിയില്‍ നില്ക്കാന്‍ ആര്‍ക്കു കഴിയും?" (1 സാമു 6, 19-20).
അടുത്ത ഗ്രാമമായ കിര്യാത്ത്യയാറിമിലെ ജനങ്ങളുടെ അടുത്തേക്ക് ദൂതന്മാര്‍ വഴി ബേത്ഷെമെഷ്കാര്‍ പേടകം ഫിലിസ്ത്യരില്‍ നിന്നു തിരിച്ചെത്തിയ വിവരം അറിയിച്ചു; അത് അവര്‍ക്കു നല്കാം എന്ന് വാഗ്ദാനം ചെയ്തു. വാര്‍ത്തയറിഞ്ഞ ആളുകള്‍ സന്തോഷത്തോടെ വന്ന് പേടകം ഏറ്റെടുത്ത് കൊണ്ടുപോയി മലമുകളില്‍ വസിച്ചിരുന്ന അബിനാദാബിന്‍റെ ഭവനത്തില്‍ പ്രതിഷ്ഠിച്ചു. അബിനാദാബിന്‍റെ ഒരു മകനെ പുരോഹിതനായി അഭിഷേകം ചെയ്തു.
ഫിലിസ്ത്യരുമായുണ്ടായ യുദ്ധത്തില്‍ ദൈവഹിതം ആരായാന്‍ വേണ്ടി പേടകം എടുത്തുകൊണ്ടുവരാന്‍ സാവൂള്‍ ആവശ്യപ്പെട്ടതായി 1 സാമു 14,18ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. "അക്കാലത്ത് ഇസ്രായേല്യരോടുകൂടെ ആയിരുന്നു ദൈവത്തിന്‍റെ പേടകം" (1 സാമു 14, 19). ഹീബ്രു ബൈബിളില്‍ കാണുന്ന ഈ പരാമര്‍ശം എഫോദിനെ പേടകമായി തെറ്റിധരിച്ചതാണെന്നു വ്യാഖ്യാതാക്കള്‍ കരുതുന്നു. 'എഫേദ്' എന്നാണ് സപ്തതി. ദൈവഹിതം ആരായാന്‍ എഫോദായിരുന്നു ഉപയോഗിച്ചിരുന്നത്. തന്നെയുമല്ല, ഫിലിസ്ത്യരുമായുള്ള യുദ്ധത്തില്‍ പേടകത്തിനു സംഭവിച്ചത് അറിയാമായിരുന്നവര്‍ ഇത്തരം ഒരു സാഹസത്തിനു മുതിരുകയില്ല എന്നും വ്യാഖ്യാതാക്കള്‍ കരുതുന്നു. അതിനാല്‍ അമിനാദാബിന്‍റെ ഭവനത്തില്‍ പ്രതിഷ്ഠിച്ചതിനുശേഷം പേടകത്തിനും കൂടാരത്തിനും എന്തുസംഭവിച്ചു എന്ന് ബൈബിള്‍ പറയുന്നില്ല, ദാവീദ് അന്വേഷിച്ചുവരുന്നതുവരെ.
ലക്ഷ്യം മറക്കരുത്
ദൈവികസാന്നിധ്യം ജനത്തെ അനുസ്മരിപ്പിക്കാന്‍ വേണ്ടിയാണ് പേടകവും കൂടാരവും നിര്‍മ്മിക്കാന്‍ ദൈവം ആവശ്യപ്പെട്ടത്. പേടകവും കൂടാരവുമല്ല, അവിടെ സന്നിഹിതനാകുന്ന ദൈവമാണ് പ്രധാനം. ദൈവം തന്‍റെ സാന്നിധ്യം അറിയിക്കുന്നത് പേടകത്തില്‍ നിക്ഷേപിച്ചിരുന്ന പലകകളില്‍ എഴുതിയ പ്രമാണങ്ങളിലൂടെയാണ്. പ്രമാണങ്ങളെ ദൈവവചനം എന്നാണ് ബൈബിള്‍ വിശേഷിപ്പിക്കുന്നത്. എഴുതപ്പെട്ട ബൈബിളിന്‍റെ സ്ഥാനമാണ് ഈ പ്രമാണപ്പലകയ്ക്കുള്ളത്.
ദൈവം ആരെന്നും എന്തുചെയ്യുന്നു, എന്താവശ്യപ്പെടുന്നുവെന്നും തങ്ങള്‍ എപ്രകാരം ജീവിക്കണം എന്നും ജനങ്ങളെ അനുസ്മരിപ്പിക്കുന്ന ദൈവവചചനമാണ് പേടകത്തില്‍ നിക്ഷേപിച്ചിരുന്ന പലകകളില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നത്. അതു മറന്ന്, പേടകത്തെ അത്ഭുതസിദ്ധിയുള്ള ഒരു ഉപകരണമായി തെറ്റിധരിച്ച്, ഉപയോഗിക്കാന്‍ തുടങ്ങുമ്പോള്‍ ലക്ഷ്യം തെറ്റിയ ശരംപോലെയാകുന്നു. അപ്പോള്‍ ദൈവം നല്കിയ ഉപകരണം വിഗ്രഹമായിത്തീരുന്നു; ദൈവാരാധന വിഗ്രഹാരാധനയായും. പേടകവും കൂടാരവും എപ്രകാരം ദേവാലയത്തിലേക്കു വളരുന്നു എന്നതാണ് അടുത്തതായി കാണാന്‍ ശ്രമിക്കുന്നത്.
(തുടരും)