news-details
പ്രദക്ഷിണവഴികള്‍

പള്ളിപ്പെരുന്നാളുകള്‍

രക്ഷകനായ യേശുക്രിസ്തുവിന്‍റെ ജനനത്തിന്‍റെ അറിയിപ്പോടു കൂടി ആരംഭിച്ച് ക്രിസ്തുരാജ തിരുനാളില്‍ സമാപിക്കുന്ന ആരാധനക്രമ വര്‍ഷവുമായി കാര്യമായ ബന്ധമൊന്നുമില്ലാത്തവയാണ് പള്ളിപ്പെരുന്നാളുകള്‍. ഏതെങ്കിലും ഒരു വിശുദ്ധന്‍റെ പേരിലാണ് ഓരോ ഇടവകയും അറിയപ്പെടുക. ആ വിശുദ്ധനെ ഇടവക മധ്യസ്ഥന്‍ എന്നു വിളിക്കുന്നു. വിശുദ്ധന്‍റെ മാധ്യസ്ഥ്യം സഹായകമാകും എന്ന വിശ്വാസമാണ് ഇടവകയെ വിശുദ്ധന്‍റെ മാധ്യസ്ഥ്യത്തിനായി പ്രതിഷ്ഠിക്കുന്നത്. ഈ വിശുദ്ധന്‍റെ തിരുനാള്‍ വിശ്വാസത്തോടും ഭക്തിയോടും കൂടെ ആചരിക്കുകയും വിശുദ്ധന്‍റെ ജീവിതം സ്വന്തം ജീവിതത്തിന് മാതൃകയാക്കുകയും വിശുദ്ധന്‍റെ പ്രാര്‍ത്ഥനാസഹായം യാചിക്കുകയും എല്ലാം ഈ പെരുന്നാളുകളുടെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ പെടുന്നു. 

കത്തോലിക്കാസഭ മരിച്ച ഒരു വിശ്വാസിയെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിന്‍റെ മുഖ്യലക്ഷ്യം ആ വ്യക്തിയുടെ ജീവിതത്തെ മാതൃകയാക്കി എടുത്തുകാട്ടുകയും ആ മാതൃകയെ അനുസരിച്ച് ജീവിക്കാന്‍ വിശ്വാസികളെ പ്രേരിപ്പിക്കുകയുമാണ്. എന്നാല്‍ ഫലത്തില്‍ മറ്റൊന്നാണ് സംഭവിക്കുന്നത്. വിശുദ്ധന്‍റെ മാതൃക അനുകരിക്കുന്നതിനു പകരം വിശുദ്ധന്‍റെ മാധ്യസ്ഥ്യത്തിലൂടെ അനുഗ്രഹങ്ങള്‍ നേടിയെടുക്കുക മുഖ്യലക്ഷ്യമായി മാറുന്നു, പ്രത്യേകിച്ചും തിരുനാളാഘോഷത്തിന്‍റെ അവസരങ്ങളില്‍. അപ്പോള്‍ വിശ്വാസത്തിലേക്കും ജീവിത നവീകരണത്തിലേക്കും അതുവഴി വിശുദ്ധിയിലേക്കും നയിക്കേണ്ട തിരുനാളുകള്‍ ആഘോഷങ്ങളും ആര്‍ഭാടങ്ങളും മുറ്റിനില്ക്കുന്ന പെരുന്നാളുകളായി മാറുന്നു. വിശുദ്ധമായ ദിനം എന്നാണല്ലോ തിരുനാള്‍ എന്ന വാക്കിനര്‍ത്ഥം, വലിയ ദിവസം എന്ന് പെരുന്നാളിനും. തിരുനാള്‍ എങ്ങനെ പെരുന്നാളായി എന്ന ചോദ്യത്തിന് ഉത്തരമാണ് ആഘോഷങ്ങളുടെ പെരുപ്പം. 

 

ഒരാളെ വിശുദ്ധനായി പ്രഖ്യാപിക്കുമ്പോള്‍ ആ വ്യക്തിയില്‍ പ്രത്യേകമാം വിധം ദൃശ്യമായിരുന്ന എന്തെങ്കിലും ഒരു സ്വഭാവ-വിശ്വാസ സവിശേഷതയ്ക്ക് ഊന്നല്‍ നല്കുക പതിവാണ്. വിശ്വാസതീക്ഷ്ണത, സഹനം, സഹോദര സ്നേഹം, ദീനാനുകമ്പ, സുവിശേഷ പ്രഘോഷണത്തിലുള്ള ഉത്സാഹം, നീതിബോധം, കാരുണ്യം എന്നിങ്ങനെ നിരവധി പ്രത്യേകതകള്‍ക്ക് ഊന്നല്‍ നല്കാറുണ്ട്.

 

ഇടവക ജനത്തിന്‍റെ കൂട്ടായ്മ വളര്‍ത്താനും അനുദിന ജീവിതത്തിന്‍റെ വിരസതയില്‍ നിന്നും പിരിമുറുക്കങ്ങളില്‍ നിന്നും തല്‍ക്കാലത്തേയ്ക്കെങ്കിലും ഒന്നു മാറി നില്‍ക്കാനുമൊക്കെ പള്ളിപ്പെരുന്നാളുകള്‍ സഹായകമാകും എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ വിനോദങ്ങള്‍ക്കും ഉല്ലാസങ്ങള്‍ക്കും ഉത്സവാഘോഷങ്ങള്‍ക്കും എല്ലാം ഇന്ന്... അവസരങ്ങള്‍ ധാരാളം വേറെയുണ്ടല്ലൊ. അതിനാല്‍ ദൈവജനത്തെ ദൈവത്തോടും സഹജീവികളോടുമുള്ള സ്നേഹത്തില്‍ വളര്‍ത്താനും ദൈവരാജ്യം പ്രഘോഷിക്കാനുമായി സ്ഥാപിതമായിരിക്കുന്ന സഭ തന്നെ ഇപ്രകാരമുള്ള ഉല്ലാസോദ്യമങ്ങള്‍ക്കു വേദിയൊരുക്കേണ്ടതുണ്ടോ എന്ന ചോദ്യം പ്രസക്തമാക്കുന്നു. 

ഇടവകയില്‍ കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിനു പകരം പള്ളിപ്പെരുന്നാളുകള്‍ ഭിന്നതകളിലേക്കും ശത്രുതയിലേക്കും പലരുടെയും ഒറ്റപ്പെടുത്തലുകളിലേക്കും നയിക്കുക വിരളമല്ല. ആഘോഷങ്ങളുടെ സ്വഭാവം നിര്‍ണ്ണയിക്കുന്നത് പലപ്പോഴും ഇടവകയിലെ സമ്പത്തും സ്വാധീനവുമുള്ള വ്യക്തികളായിരിക്കും. ആവശ്യമായ തുക നിര്‍ബ്ബന്ധിത പിരിവിലൂടെ കണ്ടെത്തുക സാധാരണമാണ്. കഴിവില്ലെങ്കിലും കൊടുക്കാന്‍ നിര്‍ബ്ബന്ധിതരാകുന്നവര്‍ക്ക് പെരുന്നാളാഘോഷം താങ്ങാനാവാത്ത ഭാരമായിത്തീരുന്നു. നിശ്ചിത തുക കൊടുക്കാത്തപ്പോള്‍ കുടിശ്ശിഖയാക്കുന്നു; അതു വീട്ടാതെ വിവാഹം, മാമ്മോദീസാ, മൃതസംസ്കാരം മുതലായ പല മതകര്‍മ്മങ്ങളും ലഭ്യമല്ലാതാകുന്നു. ഇടവക നേതൃത്വത്തോടു മാത്രമല്ല, കത്തോലിക്കാ സഭയോടു തന്നെ താല്‍പ്പര്യം കുറയാനും അകന്നു പോകാനും ഇതു കാരണമായി തീരാറുണ്ട്. 

പെരുന്നാളാഘോഷങ്ങളില്‍ കാണുന്ന ദോഷകരമായ മറ്റൊന്നാണ് മത്സരപ്രവണത. നമ്മുടെ പെരുന്നാള്‍ ഗംഭീരമാക്കണം; മറ്റിടവകകളുടേതിനേക്കാള്‍ കേമമാക്കണം, അതിനായി പുതിയ പുതിയ ആഘോഷരീതികള്‍ കണ്ടെത്തുന്നു. ദീപാലങ്കാരങ്ങള്‍, വര്‍ണ്ണശബളമായ പ്രദക്ഷിണങ്ങള്‍, കരിമരുന്ന് കലാപ്രകടനങ്ങള്‍, നാടകങ്ങള്‍ എന്നിങ്ങനെ ആഘോഷങ്ങളുടെ പട്ടിക നീളുമ്പോള്‍ അതിനുവേണ്ടി മുടക്കേണ്ടിവരുന്ന തുകയുടെ വലുപ്പമോ അതിലൂടെ നല്കുന്ന സന്ദേശത്തിന്‍റെ സ്വഭാവമോ ശ്രദ്ധിക്കാതെ പോകുന്നു. 

പെരുന്നാളുകളുടെ ഒരവശ്യഘടകമാണല്ലോ പ്രദക്ഷിണങ്ങള്‍. പിതാവില്‍ നിന്ന് വന്ന്, രക്ഷാകര്‍മ്മം പൂര്‍ത്തിയാക്കി പിതാവിലേക്കു മടങ്ങിപ്പോയ യേശുവിന്‍റെ രക്ഷാകരയാത്രയെ അനുസ്മരിപ്പിക്കുവാന്‍ സഹായിക്കുന്നതാണ് ദേവാലയത്തില്‍ നിന്നിറങ്ങി, ഇടവകയിലൂടെ സഞ്ചരിച്ച്, ദേവാലയത്തില്‍ തിരിച്ചെത്തുന്ന പ്രദക്ഷിണം. എന്നാല്‍ ഈ തീര്‍ത്ഥാടനം അനുസ്മരിപ്പിക്കുന്നതാണോ നമ്മുടെ പെരുന്നാള്‍ പ്രദക്ഷിണങ്ങള്‍ എന്ന സംശയം നിലനില്ക്കുന്നു. പെരുവഴിയിലൂടെ നടത്തുന്ന ഘോഷയാത്രകള്‍ വാഹനങ്ങള്‍ തടഞ്ഞ് യാത്രക്കാര്‍ക്കു വരുത്തുന്ന ശല്യം നിസ്സാരമല്ല. രാഷ്ട്രീയപാര്‍ട്ടികളുടെ ജാഥയെ വെല്ലുന്നതാവുന്നു പലപ്പോഴും ഇപ്രകാരമുള്ള ഉത്സവ പ്രദക്ഷിണങ്ങള്‍.

പെരുന്നാളുകളുമായി ബന്ധപ്പെട്ടു നടക്കുന്ന "എഴുന്നള്ളിക്കല്‍" പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു. വിശുദ്ധന്മാരുടെ പ്രതിമകളായിരിക്കും മുഖ്യമായും എഴുന്നള്ളിക്കുന്നത്. ദൈവത്തോട് ഒന്നിച്ചു കഴിയുന്ന വിശുദ്ധര്‍ നമ്മുടെ സഹോദരങ്ങളും വഴികാട്ടികളും മധ്യസ്ഥരും ആണെന്നും അവരും നാമും ചേര്‍ന്ന ഒറ്റ കുടുംബമാണ് സഭയെന്നും അനുസ്മരിപ്പിക്കാന്‍ ഇതു സഹായിക്കും. അതാണ് തിരുസ്വരൂപങ്ങള്‍ പ്രദക്ഷിണത്തില്‍ കൊണ്ടുപോകുന്നതിന്‍റെ മുഖ്യലക്ഷ്യം. എന്നാല്‍ ഇവിടെയും ഈ ലക്ഷ്യം സാധാരണ ജനത്തിന്‍റെ ചിന്തയില്‍ ഉണര്‍ത്താന്‍ കഴിയുന്നുണ്ടോ എന്നു സംശയിക്കണം. 

പ്രതിമകള്‍ മാത്രമല്ല എഴുന്നള്ളിക്കുക, അത് പ്രദക്ഷിണങ്ങളില്‍ മാത്രമല്ല താനും. ക്രിസ്തു വിശ്വാസം ഉപേക്ഷിക്കാഞ്ഞതിന്‍റെ പേരില്‍ അമ്പെയ്തു കൊല്ലപ്പെട്ട വി. സെബസ്ത്യാനോസിനെ അനുസ്മരിക്കാന്‍ അമ്പ് എഴുന്നള്ളിക്കുക പലേടത്തും പതിവാണ്. ചില സ്ഥലങ്ങളില്‍ കുരിശിന്‍ തൊട്ടിക്കു ചുറ്റും വ്യക്തികള്‍ ഒരു നേര്‍ച്ചയായി അമ്പെഴുന്നെള്ളിക്കും. ചിലേടങ്ങളില്‍ തിരുനാള്‍ പ്രദക്ഷിണത്തിന്‍റെ ഭാഗമായിരിക്കും ഇത്. എന്നാല്‍ ചില സ്ഥലങ്ങളില്‍ ഇടവകയിലെ ഓരോ കുടുംബക്കൂട്ടായ്മയിലും ഇപ്രകാരമുള്ള അമ്പു പ്രദക്ഷിണമുണ്ടാകും. കൂട്ടായ്മയിലെ ഓരോ വീട്ടിലും അമ്പുമായി പ്രദക്ഷിണം എത്തും. 'വീട്ടില്‍ അമ്പു കയറ്റുക' എന്ന പ്രയോഗം ആദ്യം കേട്ടപ്പോള്‍ എനിക്കു മനസ്സിലായില്ല. വീട്ടില്‍ അമ്പു കയറ്റാതിരിക്കുന്നത് എന്തോ ഭീകരമായ ദുരന്തത്തിനു കാരണമാകും എന്ന ഭയവും പലരിലും നിലനില്ക്കുന്നുണ്ട്. ഇപ്രകാരമുള്ള കുടുംബക്കൂട്ടായ്മ പ്രദക്ഷിണങ്ങള്‍ക്കും നിര്‍ബ്ബന്ധിത പിരിവ് സാധാരണമാണ്. അമ്പുകൊണ്ട വി. സെബസ്ത്യാനോസ് മരിച്ചില്ല, പിന്നീട് ഗദ കൊണ്ട് അടിച്ചു കൊല്ലുകയാണ് ഉണ്ടായത് എന്ന് ചില ചരിത്രകാരന്മാര്‍ വാദിക്കുന്നുണ്ട്. അമ്പു കൊണ്ടാണ് മരിച്ചതെങ്കില്‍ പോലും വിശുദ്ധന്‍റെ വിശ്വാസത്തിനു വേണ്ടിയുള്ള രക്തസാക്ഷിത്വവും ഇന്നു നടത്തുന്ന ഈ ഭക്താഭ്യാസവും തമ്മില്‍ എന്തു ബന്ധം? 

യേശുവിനോട് ഒന്നിച്ചും യേശുവിനു വേണ്ടിയും ഉള്ള ജീവിതത്തില്‍ ഏറ്റവും അധികം വേദനിച്ച വ്യക്തിയാണ് പരിശുദ്ധ കന്യകാമറിയം. അമ്മ അനുഭവിച്ച വേദനകളുടെയും ദുഃഖങ്ങളുടെയും കാഠിന്യം അനുസ്മരിപ്പിക്കുന്നതാണ്. 'വ്യാകുല മാതാവ്' എന്ന വിശേഷണം. "നിന്‍റെ ഹൃദയത്തിലൂടെ ഒരു വാള്‍ തുളച്ചു കയറും" (ലൂക്കാ 2, 35) എന്നു വൃദ്ധനായ ശിമയോന്‍റെ പ്രവചനം ഹൃദയത്തില്‍ വാള്‍ തറച്ച അമ്മയായി മറിയത്തെ ചിത്രീകരിക്കാന്‍ കലാകാരന്മാര്‍ക്കു പ്രേരണ നല്കി. അമ്മയുടെ ജീവിതത്തിലെ വിവിധ ദുഃഖമുഹൂര്‍ത്തങ്ങള്‍ കണക്കിലെടുത്ത് 'ഏഴു വ്യാകുലങ്ങള്‍' എന്ന പ്രയോഗം നിലവില്‍ വന്നു. ഏതൊക്കെയാണ് ഈ ഏഴു വ്യാകുലങ്ങള്‍ എന്നതിനെക്കുറിച്ച് ഭക്തരുടെ ഇടയില്‍ ഇപ്പോഴും അഭിപ്രായ ഐക്യമില്ലെങ്കിലും ഹൃദയത്തില്‍ ഏഴു വാള്‍ തറച്ച സ്ത്രീ ആയി അമ്മയെ ചിത്രീകരിക്കുന്ന പതിവുണ്ടായി. മാതാവിനോടുള്ള പ്രത്യേകമായ ആദരം പ്രകടമാക്കാന്‍ 'വ്യാകുലം എഴുന്നള്ളിക്കല്‍' എന്ന ഭക്താഭ്യാസം ഇന്നു പലേടങ്ങളിലും നിലവിലുണ്ട്. താലത്തില്‍ വച്ച വാളോ, ഏഴു വാളുകള്‍ ഹൃദയത്തില്‍ തറച്ച പ്രതിമയോ ആയിരിക്കും എഴുന്നള്ളിക്കുക. ഇവിടെയും എഴുന്നള്ളിപ്പും അമ്മയുടെ രക്ഷാകരസഹനവും ആ സഹനത്തില്‍ പങ്കുചേരാനുള്ള ആഹ്വാനവും ഒന്നും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ആഘോഷം മാത്രം നിലനില്ക്കുന്നു, അര്‍ത്ഥമറിയാതെ.

ഒരാളെ വിശുദ്ധനായി പ്രഖ്യാപിക്കുമ്പോള്‍ ആ വ്യക്തിയില്‍ പ്രത്യേകമാം വിധം ദൃശ്യമായിരുന്ന എന്തെങ്കിലും ഒരു സ്വഭാവ-വിശ്വാസ സവിശേഷതയ്ക്ക് ഊന്നല്‍ നല്കുക പതിവാണ്. വിശ്വാസതീക്ഷ്ണത, സഹനം, സഹോദര സ്നേഹം, ദീനാനുകമ്പ, സുവിശേഷ പ്രഘോഷണത്തിലുള്ള ഉത്സാഹം, നീതിബോധം, കാരുണ്യം എന്നിങ്ങനെ നിരവധി പ്രത്യേകതകള്‍ക്ക് ഊന്നല്‍ നല്കാറുണ്ട്. എന്നാല്‍ വിശുദ്ധരോടുള്ള ഭക്തിയിലും അവരുടെ പെരുന്നാളാഘോഷങ്ങളിലും ഇപ്രകാരമുള്ള ഗുണവിശേഷങ്ങള്‍ക്കോ അവയെ അനുകരിക്കാനുള്ള കടമയ്ക്കോ അല്ല ഊന്നല്‍ നല്കുക. മറിച്ച് അവര്‍ വഴി ലഭിക്കാവുന്ന ഏതെങ്കിലും അനുഗ്രഹങ്ങള്‍ പലപ്പോഴും അതിശയോക്തി കലര്‍ത്തി അവതരിപ്പിക്കപ്പെടുന്നു. 

വസൂരി രോഗത്തില്‍ നിന്നു മുക്തിയായിരുന്നു കുറേക്കാലം മുമ്പു വരെ വി. സെബസ്ത്യാനോസിന്‍റെ ഭക്തിയുടെ ഒരു മുഖ്യലക്ഷ്യം. പാമ്പുകടിയില്‍ നിന്നു മോചനം കിട്ടാന്‍ വി. ഗീവര്‍ഗീസിനോടും, കാണാതെ പോയവ കണ്ടുകിട്ടാന്‍ വി. അന്തോണീസിനോടും അസാധ്യകാര്യങ്ങള്‍ സാധ്യമാക്കാന്‍ വി. യൂദാ തദേവൂസിനോടും പ്രാര്‍ത്ഥിക്കുക സര്‍വ്വ സാധാരണമായിത്തീര്‍ന്നു. പെരുന്നാള്‍ പരസ്യങ്ങള്‍ ഇപ്രകാരമുള്ള അത്ഭുതസിദ്ധികള്‍ക്ക് ഊന്നല്‍ നല്കുക പതിവാണ്.

 വിശുദ്ധരെ പുകഴ്ത്തുന്ന പല പാട്ടുകളും അവരോടുള്ള ചില പ്രാര്‍ത്ഥനകളും തെറ്റിദ്ധാരണ ജനിപ്പിക്കുന്നവ മാത്രമല്ല, വിശ്വാസവിരുദ്ധം തന്നെയെന്നു തോന്നിപ്പോകും. 'പാപികള്‍ ഞങ്ങള്‍ക്കു സ്വര്‍ഗ്ഗരാജ്യം തരാന്‍ പീഡനമേറ്റു മരിച്ചവനേ' എന്നു സെബസ്ത്യാനോസിനെ വിളിക്കുന്നത് ഉദാഹരണമാണ്. രക്ഷ നല്കുന്നത് ദൈവമാണ്, വിശുദ്ധരല്ല. അത്ഭുതം പ്രവര്‍ത്തിക്കുന്നതും ദൈവം മാത്രം. ഒരു വിശുദ്ധനും അത്ഭുതപ്രവര്‍ത്തകനല്ല. ദൈവത്തിന്‍റെ മുമ്പില്‍ മാധ്യസ്ഥ്യം വഹിക്കുക മാത്രമാണ് വിശുദ്ധര്‍ ചെയ്യുന്നത്. 

പാട്ടുകളും പ്രാര്‍ത്ഥനകളും മാത്രമല്ല, വിശുദ്ധരോടുള്ള ഭക്തിപ്രകടനങ്ങള്‍ തന്നെ പലപ്പോഴും ദൈവത്തെക്കുറിച്ചും വിശുദ്ധരെക്കുറിച്ചും തെറ്റായ ബോധ്യങ്ങള്‍ നല്കുന്നതായി തോന്നും. പഴയനിയമത്തിലെ ചില സംഭവങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച്, നിഷ്കരുണനും ക്രൂരനുമായ ഒരു വിധിയാളനായി ദൈവത്തെ ചിത്രീകരിക്കുന്നവരുണ്ട്. വിശുദ്ധരുടെ നിര്‍ബ്ബന്ധം മൂലമാണ് ദൈവം കനിഞ്ഞ് ശിക്ഷ പിന്‍വലിക്കുന്നതും അനുഗ്രഹിക്കുന്നതും എന്ന പ്രതീതി ജനിപ്പിക്കുന്നതാണ് പല ഭക്തിപ്രകടനങ്ങളും. അമ്മ തന്‍റെ കുഞ്ഞിനെ മറന്നാലും ഞാന്‍ നിന്നെ മറക്കില്ല (ഏശ 49, 14-15) എന്നു പറഞ്ഞ ദൈവമാണ് ബൈബിളിലൂടെ സ്വയം വെളിപ്പെടുത്തുന്നത്. "തന്‍റെ ഏകജാതനെ നല്കാന്‍ മാത്രം നമ്മെ സ്നേഹിച്ച, സ്നേഹിക്കുന്ന പിതാവാണ് ദൈവം" (യോഹ 3, 16). അതിനാല്‍ ദൈവത്തെക്കുറിച്ച് വികലമായ ധാരണകള്‍ പ്രചരിപ്പിക്കുന്ന ഭക്തിപ്രസ്ഥാനങ്ങള്‍ ദോഷകരമായിരിക്കും. 

വിശുദ്ധരോടുള്ള ഭക്തിപ്രകടനങ്ങളില്‍ ഒട്ടും പിന്നിലല്ലാത്ത ഒന്നാണ് നൊവേനകള്‍. ചില വിശുദ്ധരുടെ നൊവേനകള്‍ ചില പള്ളികളില്‍ പ്രത്യേകം ഫലദായകമാകുന്നു എന്ന വിശ്വാസം നിലനില്ക്കുന്നുണ്ട്. ലഭിക്കാനാഗ്രഹിക്കുന്ന അനുഗ്രഹങ്ങള്‍ അധികപങ്കും ഭൗതികം മാത്രമായിരിക്കും. ഇവിടെയും ചില വിശുദ്ധര്‍ ചില പ്രത്യേക അനുഗ്രഹങ്ങള്‍ക്ക് ചുമതല ഏല്പിക്കപ്പെട്ടിരിക്കുന്നു എന്ന പ്രതീതിയാണ് ജനമനസ്സില്‍ നിലനില്ക്കുന്നത്. വിവാഹം, സന്താനഭാഗ്യം, രോഗശാന്തി, നല്ല ജോലി, സാമ്പത്തികോന്നമനം, നഷ്ടപ്പെട്ടതു കണ്ടെത്തല്‍, ബാധയൊഴിപ്പിക്കല്‍ എന്നിങ്ങനെ നീളുന്നു അനുഗ്രഹത്തിന്‍റെ പട്ടിക. അതോടൊപ്പം രോഗവും ദാരിദ്ര്യവും വേദനയുമെല്ലാം ദൈവശാപത്തിന്‍റെ അടയാളങ്ങളാണെന്ന ധാരണയും വളരുന്നു. അപ്പോള്‍ മറന്നുപോകുന്നത് ക്രൂശിതനായ യേശുവിനെയും കുരിശെടുത്ത് അനുഗമിക്കാനുള്ള ആഹ്വാനത്തെയുമാണ്. 

ആദ്യ രക്തസാക്ഷിയായ വി. സ്റ്റീഫനെ കല്ലെറിഞ്ഞു കൊന്നതിന്‍റെ ഓര്‍മ്മയാചരിക്കാന്‍ താലത്തില്‍ വഹിക്കുന്ന കല്ല്, തോമ്മാശ്ലീഹായുടെ രക്തസാക്ഷിത്വത്തെ അനുസ്മരിക്കാന്‍ കുന്തം, എന്നിങ്ങനെ എത്രയോ പ്രതീകങ്ങള്‍! യേശുവിനെ എറിയാന്‍ യഹൂദര്‍ കല്ലുകളെടുത്തു (യോഹ. 10: 31) എന്ന സംഭവത്തെ അനുസ്മരിക്കാനായി ഓശാന ഞായറാഴ്ചയുടെ തലേദിവസം കൊഴിക്കൊട്ട പുഴുങ്ങിത്തിന്നുന്ന ഒരു പതിവ് ചില സ്ഥലങ്ങളില്‍ ഇന്നും നിലനില്‍ക്കുന്നു. കൊഴിക്കൊട്ട ശനിയാഴ്ച എന്ന പേരും ഉണ്ട്. ഉള്ളില്‍ ശര്‍ക്കരയും തേങ്ങയും നിറച്ച അരിയുണ്ടയും യേശുവിന്‍റെ പീഡാസഹനവും തമ്മിലെ ബന്ധം കണ്ടെത്താന്‍ അസാധാരണമായ ഭാവനാശക്തി തന്നെ വേണം.

(തുടരും)

You can share this post!

തിരുനാളുകള്‍ സഭയില്‍

മൈക്കിള്‍ കാരിമറ്റം
അടുത്ത രചന

വഴി കാട്ടുന്ന ദൈവം

മൈക്കിള്‍ കാരിമറ്റം
Related Posts