news-details
പ്രദക്ഷിണവഴികള്‍

തിരുനാളുകള്‍ സഭയില്‍

യേശുക്രിസ്തുവിലൂടെ ദൈവം മാനവ ചരിത്രത്തില്‍ നിര്‍ണ്ണായകമാം വിധം ഇടപെട്ട മുഹൂര്‍ത്തങ്ങളാണ് സഭയില്‍ തിരുനാളുകളായി ആഘോഷിക്കപ്പെടുന്നത്. അതില്‍ ഏറ്റം മുന്നില്‍ നില്ക്കുന്നതു പെസഹാത്തിരുനാള്‍ തന്നെ.


ഇസ്രായേല്‍ ആചരിച്ചിരുന്ന പെസഹാ വലിയൊരു വിമോചനത്തെ, ദാസ്യഭവനമായ ഈജിപ്തില്‍ നിന്നുള്ള വിമോചനത്തെയാണ് മുഖ്യമായും അനുസ്മരിച്ചതും ആചരിച്ചതും. അതേ തിരുനാള്‍ അവസാനമായി ആചരിച്ചുകൊണ്ട് പെസഹായ്ക്കു തന്നെ യേശു പുതിയ അര്‍ത്ഥം നല്കി. രാഷ്ട്രീയമായൊരു മോചനത്തിന്‍റെ അനുസ്മരണമായിരിക്കുകയില്ല ഇനിമേല്‍ പെസഹാ. മറിച്ച് പാപത്തിന്‍റെയും മരണത്തിന്‍റെയും അടിമത്ത്വത്തില്‍ നിന്ന് ദൈവമക്കളുടെ സ്വാതന്ത്ര്യത്തിലേക്കും നിത്യജീവനിലേക്കുമുള്ള കടന്നുപോകലിനാണ് യേശുവിന്‍റെ പെസഹാ തുടക്കം കുറിക്കുന്നത്. 


വാതില്‍പടിയില്‍ കുഞ്ഞാടിന്‍റെ രക്തം കണ്ട സംഹാരദൂതന്‍ ഇസ്രായേല്‍ ഭവനങ്ങളെ കടന്നുപോയി. ആ സ്ഥാനത്ത് ഇന്ന് യേശുവിന്‍റെ രക്തം പാപത്തിന്‍റെയും മരണത്തിന്‍റെയും ആധിപത്യത്തില്‍ നിന്നു മനുഷ്യനു മോചനം നല്‍കുന്നു. അത്ഭുതകരമായി കടല്‍ കടന്ന് മരുഭൂമിയിലൂടെ യാത്ര ചെയ്ത ഇസ്രായേല്‍ ജനം കാനാന്‍ദേശം അവകാശമാക്കി വാസമുറപ്പിച്ചു. ആദ്യം മോശയും തുടര്‍ന്ന് ജോഷ്വായും അവരെ നയിച്ചു. ഈ രണ്ടുപേരിലൂടെയും സൂചിപ്പിക്കപ്പെട്ട യഥാര്‍ത്ഥ മോചനവും വാഗ്ദത്ത ഭൂമിയിലേക്കുള്ള പ്രവേശനവും പുതിയ മോശയും യഥാര്‍ത്ഥ ജോഷ്വായുമായ യേശുക്രിസ്തുവിലൂടെ യാഥാര്‍ത്ഥ്യമായി. ഇതിന്‍റെ ഓര്‍മ്മയാണ് യേശുവിന്‍റെ കല്പനയനുസരിച്ച് പെസഹാ തിരുനാളില്‍ ആഘോഷിക്കുന്നത്. 


പെസഹാതിരുനാളിനെ കേന്ദ്രമാക്കിക്കൊണ്ടാണ് മറ്റു പ്രധാന തിരുനാളുകളുടെ ദിവസം പോലും നിശ്ചയിക്കുന്നത്. യേശുവിന്‍റെ പീഡാനുഭവം, മരണം, ഉത്ഥാനം എന്നിവ ഉള്‍ക്കൊള്ളുന്ന ക്രിസ്തീയവിശ്വാസത്തിന്‍റെ അടിത്തറ ആരാധന വര്‍ഷത്തിന്‍റെ ഒരു ചുഴിക്കുറ്റിപോലെ വര്‍ത്തിക്കുന്നു. പെസഹായ്ക്ക് ഒരുക്കമായി ഏഴ് ആഴ്ചകള്‍ നോമ്പാചരണം; പെസഹായ്ക്കു ശേഷം അമ്പതാം ദിവസം പന്തക്കുസ്താ തിരുനാള്‍. ഇസ്രായേല്‍ ജനം സീനായ് ഉടമ്പടി അനുസ്മരിച്ചിരുന്ന പന്തക്കുസ്താ തിരുനാള്‍ ക്രൈസ്തവര്‍ക്കു പരിശുദ്ധാത്മാവിന്‍റെ ആഗമനം അനുസ്മരിക്കുന്ന ദിവസമായി മാറി. അന്നാണ് പ്രാവിന്‍റെയും തീനാവുകളുടെയും രൂപത്തില്‍ പരിശുദ്ധാത്മാവ് ഇറങ്ങിവന്ന് ശിഷ്യസമൂഹത്തിന്മേല്‍ ആവസിച്ചത്. പെസഹാ, പന്തക്കുസ്താ - ഈ രണ്ടു തിരുനാളുകളാണ് ക്രിസ്തീയ സഭയ്ക്ക് ഏറ്റം പ്രധാനപ്പെട്ട തിരുനാളുകള്‍. രണ്ടിന്‍റെയും വേരുകള്‍ പഴയനിയമത്തില്‍ ഉറച്ചിരിക്കുന്നു; പക്ഷേ അര്‍ത്ഥവും ഫലവും  പുതുതാണ്.  
ആണ്ടില്‍ ഒരു തവണ മാത്രം ആചരിക്കുന്നതല്ല ക്രൈസ്തവനെ സംബന്ധിച്ച് പെസഹാ തിരുനാള്‍. അന്ത്യ അത്താഴവേളയില്‍ യേശു നല്കിയ കല്പന ക്രൈസ്തവരുടെ പെസഹാ ആഘോഷത്തിന് അടിസ്ഥാനമായി നില്ക്കുന്നു; "അവന്‍ അപ്പമെടുത്ത് കൃതജ്ഞതാ സ്തോത്രം ചെയ്ത്, മുറിച്ച് അവര്‍ക്കു കൊടുത്തുകൊണ്ട് അരുളിച്ചെയ്തു: ഇത് നിങ്ങള്‍ക്കുവേണ്ടി നല്കപ്പെടുന്ന എന്‍റെ ശരീരമാണ്. എന്‍റെ ഓര്‍മ്മയ്ക്കായി ഇതു ചെയ്യുവിന്‍" (ലൂക്കാ 22, 19). പ്രാര്‍ത്ഥനയ്ക്കായി ഒരുമിച്ചു കൂടുന്ന ഓരോ അവസരത്തിലും ഈ ഓര്‍മ്മയാണ് ശിഷ്യസമൂഹം പുതുക്കിയത്. 


എന്‍റെ ഓര്‍മ്മയ്ക്കായി ഇതു ചെയ്യുവിന്‍ എന്ന നാഥന്‍റെ കല്പന ഔപചാരികമായി അപ്പം മുറിച്ച് പങ്കിട്ടു തിന്നുന്നതില്‍ ഒതുങ്ങുന്നില്ല. 'എന്‍റെ ഓര്‍മ്മ' എന്നു പറയുമ്പോള്‍ ഈ ഒറ്റപ്പെട്ട സംഭവം മാത്രമല്ല യേശു ഉദ്ദേശിച്ചത്. തന്‍റെ ജീവിതം മുഴുവന്‍ അവര്‍ അനുസ്മരിക്കണം. സത്രത്തില്‍ സ്ഥലം നിരസിക്കപ്പെട്ടതിനാല്‍ കന്നുകാലികള്‍ രാപാര്‍ക്കുന്ന ഗുഹയിലെ ജനനം (ലൂക്കാ 2,7), അന്തിയുറങ്ങാന്‍ ഇടമില്ലാത്ത നിരന്തര പ്രയാണം (ലൂക്കാ 9,58), വിശപ്പും ദാഹവും മാത്രമല്ല ഒറ്റപ്പെടുത്തലും ദുരാരോപണങ്ങളും നിരന്തരമായ വധഭീഷണിയും അനുഭവിച്ചുള്ള ജീവിതം, അതേസമയം ദൈവരാജ്യത്തിന്‍റെ സാന്നിധ്യത്തെയും അതിന്‍റെ സവിശേഷതകളെയും കുറിച്ചുള്ള പ്രബോധനം, അവശരോടും അധഃകൃതരോടും പീഡിതരോടുമുള്ള പ്രത്യേക കാരുണ്യം, അവര്‍ക്കുവേണ്ടി നല്കിയ സേവനങ്ങള്‍ ഇവയെല്ലാം ഓര്‍ക്കണം. 


മാത്രമല്ല, മനുഷ്യരെ പല തട്ടുകളായി തിരിക്കുന്ന, തമ്മിലടിപ്പിക്കുന്ന വ്യവസ്ഥാപിത മതത്തിന്‍റെയും രാഷ്ട്രീയ സമൂഹത്തിന്‍റെയും നീതിയില്ലാത്ത നിയമങ്ങള്‍ക്കെതിരായ കലഹം, അതില്‍ പങ്കുചേരാന്‍ ശിഷ്യര്‍ക്കു നല്‍കിയ ആഹ്വാനം, അതിന്‍റെ പരിണതഫലങ്ങള്‍, കുരിശുമെടുത്തു പിന്നാലെ വരാനുള്ള ആഹ്വാനം - ഇങ്ങനെ യേശു ജീവിച്ചതും പഠിപ്പിച്ചതും ആഹ്വാനം ചെയ്തതുമായ എല്ലാ കാര്യങ്ങളും അവര്‍ ഓര്‍മ്മിക്കണം. 
പെസഹാ എന്നാല്‍ കടന്നുപോകല്‍ എന്നാണര്‍ത്ഥം. ഈ ഭൂമിയില്‍ സ്ഥിരമായൊരു വാസസ്ഥലമില്ലെന്നും നാം കടന്നുപോകുന്ന യാത്രക്കാര്‍ മാത്രമാണെന്നും യഥാര്‍ത്ഥ ലക്ഷ്യമായ വാഗ്ദത്ത ഭൂമി മരണത്തിനുമപ്പുറം ചെന്നെത്താനായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന പിതാവിന്‍റെ ഭവനമാണെന്നും പെസഹാ ആചരണം അനുസ്മരിപ്പിക്കണം. ആ അനുസ്മരണം ജീവിത ശൈലിയെ നിയന്ത്രിക്കണം, സ്വയം മുറിച്ചു പങ്കു വച്ചതിന്‍റെ ഓര്‍മ്മ പങ്കുവയ്ക്കുന്ന സ്നേഹത്തിനു പ്രേരകമാകണം.

 
മുഖ്യമായും ആഴ്ചയുടെ ഒന്നാം ദിവസമായ ഞായറാഴ്ചകളിലായിരുന്നു ഇപ്രകാരമുള്ള സമ്മേളനങ്ങള്‍; വിശ്വാസികളുടെ വീടുകളിലായിരുന്നു അപ്പം മുറിക്കല്‍ ശുശ്രൂഷ നടന്നിരുന്നത്. 'ആഴ്ചയുടെ ഒന്നാം ദിവസം ഞങ്ങള്‍ അപ്പം മുറിക്കാന്‍ ഒരുമിച്ചു കൂടി' (അപ്പ. 20, 7) എന്നു ലൂക്കാ പറയുന്നത് ഒറ്റപ്പെട്ട ഒരു സംഭവം മാത്രമല്ല, ക്രൈസ്തവരുടെ പതിവായ ഒരു സമ്മേളനമായിരുന്നു എന്നു സൂചിപ്പിക്കുന്നു. യേശുവിന്‍റെ ഉത്ഥാനം അനുസ്മരിക്കുകയും അപ്പം മുറിക്കല്‍ ശുശ്രൂഷ നടത്തുകയും ചെയ്തിരുന്ന ഞായറാഴ്ച ക്രൈസ്തവരെ സംബന്ധിച്ച യഹൂദരുടെ സാബത്താചരണത്തിനു പകരമായി മാറി. അടിമകള്‍ക്കു വിശ്രമം നല്‍കുക, കര്‍ത്താവിന്‍റെ വിശ്രമത്തില്‍ പങ്കുചേരുക എന്നീ വിവിധ ലക്ഷ്യങ്ങള്‍ യേശുവിന്‍റെ അന്ത്യഅത്താഴവും ഉത്ഥാനവും അനുസ്മരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നതിലൂടെ പൂര്‍ത്തിയായി. അങ്ങനെ ഞായറാഴ്ച ആചരണം ക്രൈസ്തവരുടെ തിരുനാളാഘോഷത്തില്‍ പ്രമുഖ സ്ഥാനത്തു നില്ക്കുന്നു. 


യേശുവിന്‍റെ ജനനം അനുസ്മരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നതാണ് പിറവിത്തിരുനാള്‍, അഥവാ ക്രിസ്മസ്. യേശു ജനിച്ചത് ഡിസംബര്‍ 25-ാം തീയതി ആണെന്നതിന് തെളിവൊന്നുമില്ലെങ്കിലും ചില പ്രത്യേക പരിഗണനകളുടെയും ആചാരങ്ങളുടെയും വെളിച്ചത്തില്‍ അങ്ങനെ ഒരു തീയതി നിശ്ചയിക്കുകയാണ് സഭ ചെയ്തത്. പിറവിത്തിരുനാളിനൊരുക്കമായി നാലാഴ്ചകള്‍ ആഗമനകാലം അഥവാ മംഗല വാര്‍ത്തക്കാലം എന്ന പേരില്‍ ആചരിക്കുന്നു. യേശുവിന്‍റെ ജനനത്തീയതിയെ മുന്നില്‍ കണ്ട് മാര്‍ച്ച് 25 മംഗലവാര്‍ത്ത തിരുനാളായി സഭ ആചരിക്കുന്നു. പെസഹാ-പന്തക്കുസ്താ തിരുനാളുകളുടെ പിന്‍തുടര്‍ച്ച എന്നതു പോലെയാണ് പരിശുദ്ധ ത്രിത്വത്തിന്‍റെ തിരുനാള്‍, യേശുവിന്‍റെ തിരുഹൃദയ തിരുനാള്‍, മാതാവിന്‍റെ വിമലഹൃദയ തിരുനാള്‍, വിശുദ്ധ കുര്‍ബ്ബാനയുടെ തിരുനാള്‍ എന്നിവ സഭ ആചരിക്കുന്നത്. 

ഇവയില്‍ നിന്നെല്ലാം വ്യത്യസ്തവും എന്നാല്‍ രക്ഷാചരിത്രത്തോടു ബന്ധപ്പെട്ടുള്ളതുമായ ഒരു ചരിത്രസംഭവം ആഘോഷിക്കുന്ന ഒരു തിരുനാളുണ്ട്. സെപ്തംബര്‍ 14-ാം തിയതി ആഘോഷിക്കുന്ന കുരിശിന്‍റെ പുകഴ്ചയുടെ തിരുനാള്‍. മൂന്നു ചരിത്രസംഭവങ്ങളാണ് ഈ തിരുനാളില്‍ സഭ അനുസ്മരിക്കുന്നത്. ക്രിസ്തുമതത്തെ റോമാ സാമ്രാജ്യത്തിന്‍റെ ഔദ്യോഗിക മതമായി പ്രഖ്യാപിച്ചു കൊണ്ട് മതപീഡനം അവസാനിപ്പിച്ച് ക്രൈസ്തവര്‍ക്കു മതസ്വാതന്ത്ര്യവും അനേകം ആനുകൂല്യങ്ങളും നല്കിയ കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തിയുടെ മാതാവ് ഹെലേനാ രാജ്ഞി ജറുസലെമില്‍ യേശുവിന്‍റെ കുരിശു കണ്ടെത്തിയതാണ് ഒരു സംഭവം. യേശുവിനെ കുരിശില്‍ തറച്ച ഇടത്തു തന്നെ ഒരു ദേവാലയം നിര്‍മ്മിച്ച് തിരുക്കുരിശ് പ്രതിഷ്ഠിച്ചത് രണ്ടാമത്തെ സംഭവം. നൂറ്റാണ്ടുകള്‍ക്കുശേഷം പേര്‍ഷ്യക്കാര്‍ ബലമായി എടുത്തുകൊണ്ടു പോയ തിരുക്കുരിശ് ജറുസലെമിലേയ്ക്ക് ആഘോഷപൂര്‍വ്വം തിരിച്ചു കൊണ്ടുവന്ന് വീണ്ടും പ്രതിഷ്ഠിച്ചതിന്‍റെ ഓര്‍മ്മയും ഈ തിരുനാളിനു പിന്നിലുണ്ട്. യേശുവിന്‍റെ കുരിശു കണ്ടെത്തി, തിരിച്ചു പിടിച്ചു, പ്രതിഷ്ഠിച്ചു എന്നിവയെക്കാള്‍ എല്ലാം കുരിശിന്‍റെ തന്നെ അര്‍ത്ഥവും ക്രിസ്തീയ ജീവിതത്തില്‍ കുരിശിന്‍റെ പ്രസക്തിയുമാണ് ഈ തിരുനാളില്‍ അടിവരയിട്ട് എടുത്തു കാണിക്കുന്നത്. 


ഇവയ്ക്കു പുറമെ നവംബര്‍ ഒന്നാം തിയതി സകല വിശുദ്ധരുടെയും ഓര്‍മ്മ ആചരിക്കുന്നതിനും നവംബര്‍ രണ്ടാം തിയതി സകല മരിച്ചവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നതിനുമായി കത്തോലിക്കാസഭ മാറ്റിവച്ചിരിക്കുന്നു. മാത്രമല്ല, നവംബര്‍ മാസം മുഴുവന്‍ മരിച്ചവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാനായി സഭ ആഹ്വാനം ചെയ്യുന്നു. മരിച്ചവരെ ഓര്‍മ്മിക്കുകയും അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതോടു കൂടി നാമും ഒരിക്കല്‍ മരിച്ച് അവരോടു ചേരും എന്നും അതിനാല്‍ ജാഗ്രതയോടെ ജീവിക്കണം എന്നും അനുസ്മരിപ്പിക്കാനും ഈ ദിവസങ്ങള്‍ പ്രത്യേകം സഹായകമാകും. 


ആരാധനക്രമ വത്സരത്തിന്‍റെ അവസാനത്തെ ഞായറാഴ്ച യേശുക്രിസ്തുവിന്‍റെ രാജത്വതിരുനാളായി സഭ ആഘോഷിക്കുന്നു. 1925 ഡിസംബര്‍ 11-ാം തിയതി പതിനൊന്നാം പിയൂസ് മാര്‍പാപ്പയാണ് ഈ തിരുനാള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മറ്റു തിരുനാളുകളെ അപേക്ഷിച്ച് പ്രായേണ പുതുതാണെങ്കിലും രക്ഷാചരിത്രത്തിന്‍റെ എന്നല്ല, ലോകചരിത്രത്തിന്‍റെ തന്നെ സമാപനം കുറിക്കുന്ന ക്രിസ്തുരാജ തിരുനാളിന് ഏറെ പ്രാധാന്യമുണ്ട്. ദൈവരാജ്യം അതിന്‍റെ പൂര്‍ണ്ണതയില്‍ സംസ്ഥാപിതമാകുന്ന, തിന്മയുടെ സകല ശക്തികളും ഉന്മൂലനം ചെയ്യപ്പെടുന്ന ആത്യന്തികമായ ലക്ഷ്യപ്രാപ്തിയെ കുറിക്കുന്ന ഈ തിരുനാള്‍ ഭാവിയെ സംബന്ധിച്ച ഉറപ്പും അതോടൊപ്പം അനുദിന ജീവിതത്തെ സമചിത്തതയോടും പ്രത്യാശയോടും കൂടെ സ്വീകരിക്കാന്‍ ശക്തിയും പ്രദാനം ചെയ്യും. ഇതിനെക്കുറിച്ചാണ് വി. പൗലോസ് പറയുന്നത്: "അവന്‍ എല്ലാ ഭരണവും അധികാരവും ശക്തിയും നിര്‍മ്മാര്‍ജ്ജനം ചെയ്ത് രാജ്യം പിതാവായ ദൈവത്തിനു സമര്‍പ്പിക്കുമ്പോള്‍ എല്ലാറ്റിന്‍റെയും അവസാനമാകും" (1 കോറി. 15, 23-28).

ഇവയാണ് തിരുസഭയിലെ പ്രധാന തിരുനാളുകള്‍. ഇവയെല്ലാം തന്നെ ആത്മീയ ഉണര്‍വിനും ഉല്‍ക്കര്‍ഷത്തിനും ഉതകും വിധം ആചരിക്കപ്പെടുന്നു; ആഘോഷിക്കപ്പെടുന്നു. ഈ തിരുനാളുകള്‍ രക്ഷാചരിത്രത്തെ അനുസ്മരിപ്പിക്കുന്നു. വിശ്വാസം ശക്തിപ്പെടുത്താനും സ്നേഹത്തില്‍ വളരാനും പ്രത്യാശയില്‍ ഉറപ്പു നേടാനും സഹായിക്കുന്നു. അതിനാല്‍ ഈ തിരുനാളുകളെല്ലാം തിരുനാളിന്‍റെ യഥാര്‍ത്ഥ ലക്ഷ്യം കൈവരിക്കുന്നതില്‍ സഹായിക്കുന്നു. എന്നാല്‍ ഇന്ന് സഭയില്‍, പ്രത്യേകിച്ചും കേരളസഭയില്‍, താല്പര്യപൂര്‍വ്വം ആഘോഷിക്കപ്പെടുന്നത് ഈ തിരുനാളുകളല്ല, മറിച്ച്, പള്ളിപ്പെരുന്നാളുകള്‍ എന്നറിയപ്പെടുന്ന ഉത്സവങ്ങളാണ്. ഈ ഉത്സവാഘോഷങ്ങള്‍ കൊണ്ട് ദൈവജനത്തിന് എന്തു നേട്ടമുണ്ടാകുന്നു, എന്തിനുവേണ്ടി ഈ ആഘോഷങ്ങള്‍ സംഘടിപ്പിക്കപ്പെടുന്നു എന്നത് വിശദമായൊരു പഠനത്തിനും ചര്‍ച്ചയ്ക്കും വിഷയമാക്കേണ്ടതുണ്ട്. ഏതാനും ചില വിചിന്തനങ്ങള്‍ മാത്രം പങ്കുവയ്ക്കാനേ ഇവിടെ തുടര്‍ന്നു ശ്രമിക്കുന്നുള്ളു.

You can share this post!

തിരുനാളുകള്‍

മൈക്കിള്‍ കാരിമറ്റം
അടുത്ത രചന

വഴി കാട്ടുന്ന ദൈവം

മൈക്കിള്‍ കാരിമറ്റം
Related Posts