news-details
പ്രദക്ഷിണവഴികള്‍

യേശുവിന്‍റെ നിലപാട്

ഇസ്രായേല്‍ ജനത്തിന്‍റെ പ്രധാന തിരുനാളുകളിലും തീര്‍ത്ഥാടനങ്ങളിലും ഒരു ഇസ്രായേല്‍ക്കാരന്‍ എന്ന നിലയില്‍ യേശുവും പങ്കെടുത്തിരുന്നു. എന്നാല്‍ അന്നു നിലവിലിരുന്ന ആര്‍ഭാടപൂര്‍ണ്ണമായ ആഘോഷങ്ങളില്‍ പൂര്‍ണ്ണമായി പങ്കുചേരുകയല്ല, ആഘോഷങ്ങള്‍ക്കും ആചാരങ്ങള്‍ക്കും പുതിയ അര്‍ത്ഥവും മാനവും നല്കുകയാണ് യേശു ചെയ്തത്. തീര്‍ത്ഥാടനങ്ങളും തിരുനാളുകളും എന്തിനുവേണ്ടി, എന്തായിരിക്കണം, എങ്ങനെ ആയിരിക്കണം എന്ന് തന്‍റെ വാക്കും ചെയ്തികളും വഴി യേശു പഠിപ്പിച്ചു. 

അബ്രാഹവുമായി ദൈവം ചെയ്ത ഉടമ്പടിയുടെ അടയാളമായ പരിഛേദനം യേശുവും സ്വീകരിച്ചു; നിയമവിധി പ്രകാരം നാല്പതാം ദിവസം ദേവാലയത്തില്‍ സമര്‍പ്പിതനായി (ലൂക്കാ 2, 21-24). നിയമാനുസൃതമുള്ള തീര്‍ത്ഥാടന തിരുനാളുകളില്‍ യേശുവും പങ്കുചേര്‍ന്നു. യഹൂദബാലന്മാര്‍ പന്ത്രണ്ടുവയസ്സു തികയുമ്പോള്‍ പൂര്‍ണ്ണമായ അവകാശങ്ങളും ഉത്തരവാദിത്വങ്ങളുമുള്ള പൗരന്മാരായി കരുതപ്പെട്ടിരുന്നു. അതിനാലാവണം "അവനു പന്ത്രണ്ടു വയസ്സായപ്പോള്‍ പതിവനുസരിച്ച് അവര്‍ തിരുനാളിനു പോയി" (ലൂക്കാ 2, 42) എന്ന് ലൂക്കാ സുവിശേഷകന്‍ എടുത്തുപറയുന്നത്. പരസ്യജീവിതം ആരംഭിച്ചതിനുശേഷം യഹൂദരുടെ പ്രധാന തിരുനാളുകള്‍ക്കെല്ലാം തന്നെ യേശു ജറുസലെമിലേക്കു തീര്‍ത്ഥാടനം നടത്തിയിരുന്നു എന്ന് യോഹന്നാന്‍ എഴുതിയ സുവിശേഷത്തില്‍ സൂചനകളുണ്ട് (യോഹ.2, 13; 5, 1; 7: 10, 37; 10, 22-23; 12, 1).
 
പരസ്യജീവിതത്തിന്‍റെ തുടക്കത്തില്‍ തന്നെ പെസഹാത്തിരുന്നാളിനോട് അനുബന്ധിച്ചുള്ള തീര്‍ത്ഥാടനവും ദേവാലയസന്ദര്‍ശനവും സുവിശേഷകന്‍ രേഖപ്പെടുത്തിയിട്ടുണ്ട്(യോഹ 2, 13-23). എന്നാല്‍ മറ്റു ഭക്തര്‍ ചെയ്തതുപോലെ ഒരു യാത്രയും സന്ദര്‍ശനവുമായിരുന്നില്ല അത്.  തീര്‍ത്ഥാടനത്തിന്‍റെയും ദേവാലയത്തിന്‍റെയും അര്‍ത്ഥവും പ്രസക്തിയും പ്രാധാന്യവും വ്യക്തമായി പഠിപ്പിക്കുന്നതായിരുന്നു ദേവാലയത്തിലെ യേശുവിന്‍റെ പ്രവര്‍ത്തനം: അവന്‍ കയറുകൊണ്ട് ഒരു ചമ്മട്ടി ഉണ്ടാക്കി, അവരെയെല്ലാം, ആടുകളോടും കാളകളോടും കൂടെ ദേവാലയത്തില്‍ നിന്നു പുറത്താക്കി; നാണയമാറ്റക്കാരുടെ നാണയങ്ങള്‍ ചിതറിക്കുകയും മേശകള്‍ തട്ടിമറിക്കുകയും ചെയ്തു. പ്രാവുകളെ വില്ക്കുന്നവരോട് അവന്‍ കല്പിച്ചു. ഇവയെ ഇവിടെ നിന്ന് എടുത്തു കൊണ്ടുപോകുവിന്‍. എന്‍റെ പിതാവിന്‍റെ ആലയം നിങ്ങള്‍ ചന്തയാക്കരുത്" (യോഹ. 2, 15-16). ഇതേ തുടര്‍ന്ന് യഹൂദനേതാക്കന്മാരുമായുണ്ടായ സംഘട്ടനത്തില്‍ ഭൗതികമായ ദേവാലയത്തിന്‍റെ നാശവും അഭൗമികമായ പുതിയൊരു ദേവാലയത്തിന്‍റെ സ്ഥാപനവും യേശു പ്രവചിച്ചു. അനാചാരങ്ങളും അധര്‍മ്മവും വഴി അശുദ്ധമാക്കപ്പെട്ട ജറുസലെം ദേവാലയം നശിപ്പിക്കപ്പെടും. 
 
ഇനി അങ്ങോട്ട് മണ്ണും കല്ലും മരവും ഉപയോഗിച്ച് മനുഷ്യര്‍ നിര്‍മ്മിക്കുന്ന ആലയമല്ല, ദൈവവചനം മാംസം ധരിച്ച് മനുഷ്യമധ്യേ വസിച്ച യേശു തന്നെ ആയിരിക്കും യഥാര്‍ത്ഥ ദൈവാലയം. ആചാരാനുഷ്ഠാനങ്ങളില്‍ ഒതുങ്ങി നിന്ന പഴയ മതാത്മകതയുടെ സ്ഥാനത്ത് സത്യത്തിലും ആത്മാവിലും അര്‍പ്പിക്കുന്ന, പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ്, യേശു ക്രിസ്തു വഴി പിതാവായ ദൈവത്തിന് അര്‍പ്പിക്കുന്ന, പുതിയ ആരാധന രൂപംകൊള്ളുന്നു. ബാഹ്യമായ മതാത്മകതയില്‍ നിന്ന് ആഴമേറിയ ആധ്യാത്മികതയിലേക്ക് നയിക്കുന്നതായിരുന്നു യേശുവിന്‍റെ വാക്കും പ്രവൃത്തിയും. 
 
 
യേശുവിനെ ജറുസലെത്തു വീണ്ടും കാണുന്നത് മറ്റൊരു തിരുനാളിനാണ്; ഏതെന്നു സുവിശേഷകന്‍ പറയുന്നില്ല (യോഹ 5, 1). ആ സന്ദര്‍ശനവേളയില്‍ പിതാവിന്‍റെ ജോലിയില്‍ സദാ വ്യാപൃതനായിരിക്കുന്ന ദൈവപുത്രനായി സ്വയം വെളിപ്പെടുത്തി. മുപ്പത്തെട്ടുവര്‍ഷമായി തളര്‍ന്ന്, കരുണാലയമെന്നര്‍ത്ഥമുള്ള ബേത് എസ്ദാ കുളക്കരയില്‍ സൗഖ്യം കാത്തുകിടന്ന നിരാശനായ രോഗിയെ സാബത്തുദിവസം സുഖപ്പെടുത്തിക്കൊണ്ട് നിയമത്തിന്‍റെ അര്‍ത്ഥവും ലക്ഷ്യവും വ്യക്തമാക്കി. നിയമത്തന്‍റെ ലിപികളില്‍നിന്ന് ആത്മാവിലേക്കു ശ്രദ്ധ ക്ഷണിച്ചു. 
 
അടുത്ത പെസഹാതിരുനാളിന്‍റെ പശ്ചാത്തലത്തിലാണ് മരുഭൂമിയില്‍ വച്ച് അത്ഭുതകരമായി അപ്പം വര്‍ദ്ധിപ്പിച്ച് ആയിരങ്ങളെ തൃപ്തരാക്കിക്കൊണ്ട് പുതിയൊരു പുറപ്പാടിലേക്കു ശ്രദ്ധ ക്ഷണിക്കുകയും സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിയ യഥാര്‍ത്ഥ അപ്പമായി സ്വയം വെളിപ്പെടുത്തുകയും ചെയ്തത് (യോഹ 6).
 
ഒരാഴ്ച ദീര്‍ഘിച്ച കൂടാരത്തിരുന്നാളിന്‍റെ അവസാനദിവസം ദേവാലയാങ്കണത്തില്‍ സ്ഥാപിച്ചിരുന്ന ഭീമാകാരമായ നാലു നിലവിളക്കു (മനോറ എന്ന് ഹീബ്രുവില്‍) കളുടെ പശ്ചാത്തലത്തില്‍ ലോകത്തെ പ്രകാശിപ്പിക്കുന്ന യഥാര്‍ത്ഥ പ്രകാശമായി യേശു സ്വയം വെളിപ്പെടുത്തി (യോഹ7, 1-51; 8, 12-20). ഇവിടെയും തിരുനാളിന്‍റെ അര്‍ത്ഥവും ലക്ഷ്യവും മാറുകയാണ്. വാഗ്ദത്ത ഭൂമിയിലേക്ക് മരുഭൂമിയിലൂടെ നടത്തിയ ഐതിഹാസികമായ യാത്രാമധ്യേ പിതാക്കന്മാര്‍ കൂടാരങ്ങളില്‍ വസിക്കുകയും ദൈവം അഗ്നിത്തൂണില്‍ അവര്‍ക്കു വഴികാട്ടുകയും ചെയ്തതിന്‍റെ അനുസ്മരണമായിരുന്നു യഹൂദര്‍ക്ക് കൂടാരത്തിരുന്നാള്‍. എന്നാല്‍ യേശുവിന്‍റെ വരവോടെ അര്‍ത്ഥം മാറി. ദൈവവചനം മനുഷ്യശരീരം ധരിച്ച് ഈ ഭൂമിയില്‍ കുടിയിരുന്നതിന്‍റെ, അഥവാ കൂടാരമടിച്ചതിന്‍റെ ഓര്‍മ്മയും ആഘോഷവുമായിരിക്കും ഇനി കൂടാരത്തിരുന്നാള്‍. മരുഭൂമിയില്‍ പ്രകാശിച്ച അഗ്നിസ്തംഭമല്ല, യേശു തന്നെ ആയിരിക്കും പിതാവിന്‍റെ ഭവനത്തിലേക്കുള്ള യാത്രയില്‍ മനുഷ്യന് വഴിവിളക്ക്.
 
യൂദാസ് മക്കബേയൂസിന്‍റെ നേതൃത്വത്തില്‍ ദേവാലയം ശുദ്ധീകരിച്ച്, പുനഃപ്രതിഷ്ഠിച്ചതിന്‍റെ ഓര്‍മ്മയാചരിച്ചിരുന്ന പ്രതിഷ്ഠാതിരുനാളിലും യേശു ജറുസലെമിലേക്കു വന്നു. മനുഷ്യ മധ്യേ ദൈവം വസിക്കുന്ന യഥാര്‍ത്ഥ ദൈവാലയം താന്‍ തന്നെയാണ് എന്ന യേശുവിന്‍റെ വെളിപ്പെടുത്തല്‍ കേള്‍വിക്കാരായ യഹൂദനേതാക്കളെ വിശ്വാസത്തിലേക്കല്ല അക്രമാസക്തിയിലേക്കാണു നയിച്ചത്. അവനെ എറിയാന്‍ അവര്‍ കല്ലെടുത്തു (യോഹ10, 22-30). 
 
അവസാനമായി യേശു ജറുസലെമിലേക്കു വന്നത് പെസഹാത്തിരുന്നാളിനോടനുബന്ധിച്ചാണ്. മരിച്ച് മൂന്നുദിവസമായി കല്ലറയിലായിരുന്ന ലാസറിനെ ഉയിര്‍പ്പിച്ച,് താനാണ് ജീവന്‍റെ നാഥന്‍ എന്ന് വെളിപ്പെടുത്തിക്കൊണ്ടാണ് ഇപ്പോള്‍ തുടക്കം. ബെഥാനിയായിലെ തൈലാഭിഷേകത്തിലും, യേശുവിന്‍റെ രാജത്വം തികച്ചും പ്രതീകാത്മകമായ അര്‍ത്ഥത്തില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു (യോഹ 12, 1-11).
 
രാജാവിനെ അഭിഷേകം ചെയ്യുന്നത് പുരോഹിതനാണ്. തലയില്‍ തൈലം പൂശിക്കൊണ്ടായിരുന്നു അഭിഷേകം. എന്നാല്‍ ഇവിടെ യേശുവിനെ അഭിഷേചിക്കുന്നത് ലാസറിന്‍റെ സഹോദരി മറിയമാണ്; തൈലം പൂശിയത് പാദങ്ങളിലും. മരിച്ചവരുടെ പാദങ്ങളിലാണ് സാധാരണ തൈലം പൂശുക; അത് ശരീരം മുഴുവന്‍ പൂശുന്നതിന്‍റെ പ്രതീകമായിരുന്നു; മൃതസംസ്കാരത്തിനുള്ള ഒരുക്കവും. അതിനാല്‍ ബെഥാനിയായിലെ തൈലാഭിഷേകം യേശുവിന്‍റെ രാജത്വത്തിന്‍റെ പ്രത്യേകത പ്രകടമാക്കുന്നു. മരണത്തിലൂടെയാണ് അവന്‍ രാജാവാകുന്നത്; സിംഹാസനം കുരിശും. 
 
തുടര്‍ന്ന് ജറുസലെം നഗരത്തിലേക്കു നടത്തിയ ഘോഷയാത്രയും നഗരപ്രവേശനവും പെസഹാത്തിരുനാളിന്‍റെയും തീര്‍ത്ഥാടനത്തിന്‍റെയും അര്‍ത്ഥം വീണ്ടും വ്യക്തമാക്കി. കഴുതപ്പുറത്തു കയറി, ഹോസാന വിളികള്‍ക്കു മധ്യേ വരുന്നവന്‍ പ്രവാചകന്മാര്‍ മുന്‍കൂട്ടി അറിയിച്ച മിശിഹാരാജാവാണ്. എന്നാല്‍ ദാവീദിനെപ്പോലെ യുദ്ധം ചെയ്ത് ശത്രുക്കളെ കീഴടക്കിയും രാജ്യങ്ങള്‍ പിടിച്ചടക്കിയും ഭൗതികമായൊരു സാമ്രാജ്യം സ്ഥാപിക്കുന്ന രാജാവല്ല അവന്‍, മറിച്ച് സത്യത്തിലും നീതിയിലും, സ്നേഹത്തിലും സാഹോദര്യത്തിലും മനുഷ്യസമൂഹത്തെ മുഴുവന്‍ ഒന്നിപ്പിച്ച് ദൈവഭരണം ഈ ഭൂമിയില്‍ സ്ഥാപിക്കുന്ന ദൈവപുത്രനാണ് എന്ന് ജറുസലെമിലേക്കുള്ള രാജകീയ പ്രവേശം വ്യക്തമാക്കി. അവന്‍ രാജാവാകുന്നത് കുരിശുമരണത്തിലൂടെ ആയിരിക്കും. 
 
പെസഹായ്ക്കു തന്നെ പുതിയ അര്‍ത്ഥവും മാനങ്ങളും നല്കുന്നതായിരുന്നു യേശു ആഘോഷിച്ച അവസാനത്തെ പെസഹാ. "ഈ ലോകം വിട്ട് പിതാവിന്‍റെ സന്നിധിയിലേക്ക് പോകാനുള്ള സമയമായി എന്ന് പെസഹാത്തിരുനാളിനു മുമ്പ് യേശു അറിഞ്ഞു. ലോകത്തില്‍ തനിക്കു സ്വന്തമായുള്ളവരെ അവന്‍ സ്നേഹിച്ചു; അവസാനം വരെ സ്നേഹിച്ചു" (യോഹ.13: 1) എന്ന ആമുഖത്തോടെ ആരംഭിക്കുന്ന പെസഹാ ആഘോഷത്തിന്‍റെ വിവരണം സുവിശേഷകന്‍ സമാപിക്കുന്നത് മനുഷ്യപുത്രന്‍ കുരിശില്‍ ഉയര്‍ത്തപ്പെടുന്നതിന്‍റെ ചിത്രം അവതരിപ്പിച്ചു കൊണ്ടാണ്. അതിനിടയില്‍ യേശു നല്കുന്ന സ്നേഹത്തിന്‍റെ പുതിയ പ്രമാണമുണ്ട്; ദാസന്‍റെ ചിത്രം പ്രകടമാക്കുന്ന കാല്‍കഴുകുന്ന മാതൃകയുണ്ട്. സ്വയം അപ്പമായി പകുത്തു നല്കുന്ന പുതിയ പെസഹാക്കുഞ്ഞാടിന്‍റെയും പുളിപ്പില്ലാത്ത അപ്പത്തിന്‍റെയും കൂദാശയുടെ സ്ഥാപനമുണ്ട്; തന്‍റെ ശിഷ്യര്‍ക്കുണ്ടായിരിക്കേണ്ട മനോഭാവത്തെയും ജീവിതശൈലിയെയും കുറിച്ചുള്ള സുദീര്‍ഘമായ പ്രബോധനമുണ്ട് (യോഹ.14, 16). എല്ലാ തിരുനാളുകളും ലക്ഷ്യംവയ്ക്കുന്നതും ആ ലക്ഷ്യം യേശുവില്‍ പൂര്‍ത്തിയാകുന്നതുമായ, ദൈവത്തോടുള്ള സമ്പൂര്‍ണ്ണ ഐക്യം വെളിപ്പെടുത്തുന്ന പുരോഹിത പ്രാര്‍ത്ഥനയുമുണ്ട് (യോഹ17).
 
പന്തക്കുസ്താ തിരുനാളിനെ മുമ്പില്‍ കണ്ടും അതിനു പുതിയ അര്‍ത്ഥം നല്കിയും കൊണ്ട് വിട പറയുമ്പോള്‍ ഇസ്രായേല്‍ ജനം ആഘോഷിച്ചിരുന്ന എല്ലാ തിരുനാളുകള്‍ക്കും യേശു പുതിയ അര്‍ഥവും മാനവും നല്കുന്നതായി കാണാം. വാസ്തവത്തില്‍ പുതിയ അര്‍ത്ഥം നല്കുകയല്ല, ജനം അര്‍ത്ഥമറിയാതെ ആചരിച്ചു വന്ന തിരുനാളുകളുടെ യഥാര്‍ത്ഥമായ അര്‍ത്ഥവും ലക്ഷ്യവും വെളിപ്പെടുത്തുകയും വിശദീകരിക്കുകയുമാണ് യേശു ചെയ്തത്. ഇതില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട സഭ രക്ഷാചരിത്രത്തിന്‍റെ വിവിധ മുഹൂര്‍ത്തങ്ങളെ തിരുനാളുകളായി ആചരിച്ചു; ഇന്നും ആചരിക്കുന്നു. അതിലേക്കാണ് അടുത്തതായി ശ്രദ്ധ തിരിക്കുന്നത്.

You can share this post!

അധപ്പതനം - പ്രവാചകപ്രതിഷേധം

ഡോ. മൈക്കിള്‍ കാരിമറ്റം
അടുത്ത രചന

വഴി കാട്ടുന്ന ദൈവം

മൈക്കിള്‍ കാരിമറ്റം
Related Posts