news-details
വേദ ധ്യാനം

സഹനമല്ല, സഹനത്തെ ഹരിക്കാനുള്ള ശ്രമമാണു രക്ഷാകരം

അബ്രാഹം മകനായ ഇസഹാക്കിനെ ബലിയര്‍പ്പിക്കാന്‍ തുനിയുന്നതിനെക്കുറിച്ച് ഉല്‍പത്തി 22-ാം അധ്യായത്തില്‍ കാണുന്ന വിവരണം ഏവര്‍ക്കും സുപരിചിതമാണല്ലോ. അബ്രാഹം സ്വന്തം കുഞ്ഞിനെ ബലിയര്‍പ്പിക്കണം എന്നുതന്നെയാണ് യഹോവ ആവശ്യപ്പെടുന്നത്. ആ ആവശ്യം കണ്ണുംപൂട്ടി നിറവേറ്റി കൊടുക്കാന്‍ അബ്രാഹം തയ്യാറായതുകൊണ്ടാണ് യഹോവ അദ്ദേഹത്തെ അനുഗ്രഹിക്കുന്നതും. ഈ വിവരണത്തിലെ യഹോവ നരബലി (ശിശുബലി) ഇഷ്ടപ്പെടുന്ന ഒരു ദൈവമാണ് എന്നു നാം അനുമാനിക്കുന്നതില്‍ തെറ്റില്ല.
 
ഇത്തരമൊരു ദൈവത്തെ ജെറമിയാ പക്ഷേ അംഗീകരിക്കുന്നതേയില്ല. "കര്‍ത്താവ് അരുളിച്ചെയുന്നു... ബാലിനു ദഹനബലിയായി തങ്ങളുടെ മക്കളെ അഗ്നിയില്‍ ഹോമിക്കാന്‍ വേണ്ടി അവര്‍ പൂജാഗിരികള്‍ പണിതു. അങ്ങനെ ചെയ്യാന്‍ ഞാന്‍ കല്പിക്കുകയോ വിധിക്കുകയോ ചെയ്തിട്ടില്ല. അങ്ങനെയൊന്നിനെക്കുറിച്ച് ഞാന്‍ ചിന്തിക്കുകപോലും ചെയ്തില്ല" (ജെറ. 19:3-5). നരബലിയെ കാനാന്‍ദേശവാസികളുടെ മ്ലേച്ഛതയായിട്ടാണ് നിയമാവര്‍ത്തനപുസ്തകം കാണുന്നത്: "കര്‍ത്താവു വെറുക്കുന്ന സകല മ്ലേച്ഛതകളും അവര്‍ തങ്ങളുടെ ദേവന്മാര്‍ക്കുവേണ്ടി ചെയ്തു; ദേവന്മാര്‍ക്കുവേണ്ടി അവര്‍ തങ്ങളുടെ പുത്രന്മാരെയും പുത്രികളെയും പോലും തീയില്‍ ദഹിപ്പിച്ചു" (നിയമ. 12:31). പുറപ്പാടു പുസ്തകവും എസെക്കിയേല്‍ പ്രവാചകനുമൊക്കെ കുഞ്ഞുങ്ങളെ ബലിയര്‍പ്പിക്കുന്നതിനെ എതിര്‍ക്കുന്നുണ്ട്. 
 
അബ്രാഹത്തില്‍നിന്നു ശിശുബലിയാഗ്രഹിക്കുന്ന യഹോവായെ തിരസ്കരിക്കുന്ന വചനഭാഗങ്ങള്‍ പഴയനിയമത്തില്‍ ധാരാളമുണ്ടെന്ന് ഇവയില്‍നിന്നൊക്കെ നമുക്കു മനസ്സിലാകുന്നു. ഉല്‍പത്തി 22-ലെ യഹോവ മുന്നോട്ടുവയ്ക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് അക്കാലത്തെ യഹൂദരുടെ ഇടയില്‍തന്നെ ബോധ്യമുണ്ടായിരുന്നു. ക്രിസ്തുവിനു മുമ്പ് രണ്ടാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ഒരു യഹൂദഗ്രന്ഥമാണ് 'ജൂബിലിയുടെ പുസ്തകം.' അബ്രാഹം തന്‍റെ മകനെ ബലിയര്‍പ്പിക്കണം എന്ന ആശയം യഹോവായുടേതല്ല, തിന്മയുടെ രാജകുമാരനായ മസ്തേമയുടേതാണെന്നാണ് പ്രസ്തുത പുസ്തകത്തില്‍(17:16) പറയുന്നത്.(John J. Collins, Encounters with Biblical Theology, p. 54) ഖുംറാന്‍ ഗുഹകളില്‍ നിന്നു കണ്ടെടുക്കപ്പെട്ട രേഖകളിലും (4Q225)മസ്തേമയുടെ നിര്‍ബന്ധപ്രകാരമാണ് യഹോവ പ്രസ്തുത ബലി ആവശ്യപ്പെട്ടതെന്ന പരാമര്‍ശം കാണുന്നുണ്ട് (Encounters, p. 54).. ഇസഹാക്കിനെ ബലിയര്‍പ്പിക്കാന്‍ അബ്രാഹം കത്തിയെടുക്കുമ്പോള്‍ വിശുദ്ധരായ മാലാഖമാര്‍ കരയുന്നതായും മസ്തേമയുടെ മാലാഖമാര്‍ ചിരിക്കുന്നതായും ഇതേ രേഖയില്‍ കാണുന്നുണ്ട്. അബ്രാഹത്തെ പരീക്ഷിക്കാന്‍ യഹോവായെ പ്രേരിപ്പിച്ചത് സാത്താനാണെന്ന ആശയം മറ്റൊരു യഹൂദഗ്രന്ഥമായ താല്‍മുദിലുമുണ്ട്.
 
ഇതുവരെ നാം പരിഗണിച്ച വസ്തുതകളില്‍നിന്നും ഒരു കാര്യം വ്യക്തമാകുന്നു: സ്വന്തം കുഞ്ഞിനെ ബലിയര്‍പ്പിക്കാന്‍ തുനിയുന്ന അബ്രാഹമിന്‍റെ ധാര്‍മികതയെ സംബന്ധിച്ചും ആ ബലിക്കു നിര്‍ബന്ധിക്കുന്ന യഹോവായുടെ ദൈവസ്വഭാവത്തെ സംബന്ധിച്ചുമുള്ള സന്ദേഹങ്ങള്‍ പഴയനിയമ കാലത്തുതന്നെ നിലവിലുണ്ടായിരുന്നു.
 
പുതിയ നിയമത്തില്‍ അത്തരം സന്ദേഹങ്ങള്‍ക്ക് ഇടംകിട്ടാതെപോയി. "നമ്മുടെ പിതാവായ അബ്രാഹം നീതീകരിക്കപ്പെട്ടത് തന്‍റെ പുത്രനായ ഇസഹാക്കിനെ യാഗപീഠത്തിന്മേല്‍ ബലിയര്‍പ്പിച്ചതുവഴിയല്ലേ?" എന്ന് യാക്കോബ് (2:21) ചോദിക്കുമ്പോള്‍ ഇസഹാക്കിനെ ബലയര്‍പ്പിച്ചതില്‍ ഒരു കുഴപ്പവുമില്ലെന്ന് അദ്ദേഹത്തിന് ഉറച്ച ബോധ്യമുണ്ടെന്നു വ്യക്തം. ആ ബോധ്യത്തെ പിന്‍തുടര്‍ന്നാകണം ഇന്നും ദുഃഖവെള്ളിയാഴ്ചയിലെ നമ്മുടെ ആരാധനക്രമത്തില്‍ വായിക്കപ്പെടുന്ന പഴയനിയമഭാഗം ഇസഹാക്കിന്‍റെ ബലിയാണ്. യേശുവിന്‍റെ ബലിയര്‍പ്പണത്തെ ഇസഹാക്കിനെ ബലിയര്‍പ്പിച്ചതിനോടു താരതമ്യം ചെയ്യുന്നു എന്നു സാരം. പഴയനിയമകാലത്തുതന്നെ പ്രശ്നവല്‍ക്കരിക്കപ്പെട്ട ഒരു ബലിയര്‍പ്പണത്തെ ഒരു സന്ദേഹവും കൂടാതെ എടുത്തുപയോഗിച്ച് യേശുവിന്‍റെ ബലിയര്‍പ്പണത്തെ വ്യാഖ്യാനിക്കുന്നതു നിമിത്തം സൃഷ്ടിക്കപ്പെടുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്.
 
ഒന്നാമത്തെ പ്രശ്നം, പുത്രന്‍റെ മരണത്തിലൂടെയേ ദൈവ-മനുഷ്യ അനുരഞ്ജനം സാധ്യമാകൂ എന്നു വാശിപിടിക്കുന്ന ദൈവം എങ്ങനെ പിതാവാകും എന്നതാണ്. ഇറങ്ങിപ്പോയ ധൂര്‍ത്തപുത്രനുവേണ്ടി ഉറക്കമിളച്ചു കാത്തിരിക്കുന്ന ഒരപ്പനെക്കുറിച്ചു കഥ പറഞ്ഞ ക്രിസ്തുവിന്‍റെ മനസ്സില്‍ തന്‍റെ രക്തത്തിനുവേണ്ടി കാത്തിരിക്കുന്ന ഒരപ്പന്‍ദൈവത്തെക്കുറിച്ചുള്ള ധാരണയുണ്ടായിരുന്നു എന്നു വിചാരിക്കുന്നതില്‍ എന്തു യുക്തിയാണുള്ളത്? ഇസഹാക്കിനെ യാഗമൃഗമാക്കിയ ദൈവം അന്നു പ്രശ്നവല്‍ക്കരിക്കപ്പെട്ടെങ്കില്‍, ക്രിസ്തുവിനെ യാഗമൃഗമാക്കിയ പിതാവും പ്രശ്നവത്കരിക്കപ്പെടേണ്ടതല്ലേ?
 
രണ്ടാമത്തെ പ്രശ്നം യേശുവിന്‍റെ ദൗത്യത്തെ സംബന്ധിച്ചുള്ളതാണ്. പിതാവിന്‍റെ ഇഷ്ടം നിറവേറ്റലാണു തന്‍റെ ഭക്ഷണമെന്നാണ് യേശു പറഞ്ഞിട്ടുള്ളത്. പിതാവിന്‍റെ ഇഷ്ടം ഏതെന്നുള്ള അന്വേഷണവും ആ ഇഷ്ടം നിറവേറ്റലുമായിരുന്നല്ലോ യേശുവിന്‍റെ ജീവിതത്തിലുടനീളം നടന്നത്. അങ്ങനെയെങ്കില്‍, തന്‍റെ മരണം പിതാവിന്‍റെ ഇഷ്ടമാണെന്നു ഗ്രഹിച്ച യേശു ഏതു വിധേനയും കുരിശിലേക്ക് ഓടിച്ചെല്ലേണ്ടവനായിരുന്നു. എന്നാല്‍ ഏതു വിധേനയും കുരിശില്‍നിന്ന് ഓടിയകലാന്‍ ശ്രമിച്ച ഒരു യേശുവിനെയാണു നാം സുവിശേഷങ്ങളില്‍ കണ്ടുമുട്ടുന്നത്. "ജനം മുഴുവന്‍ നശിക്കാതിരിക്കാനായി അവര്‍ക്കുവേണ്ടി ഒരുവന്‍ മരിക്കുന്നതു യുക്തമാണെന്നു നിങ്ങള്‍ മനസ്സിലാക്കുന്നില്ലേ?" എന്നു പ്രധാനപുരോഹിതനായ കയ്യാഫാസ് ചോദിക്കുന്നുണ്ട്(യോഹ.11:50). ജനത്തിനുവേണ്ടി യേശു മരിക്കേണ്ടിയിരിക്കുന്നു എന്ന് അയാള്‍ പ്രവചിക്കുകയായിരുന്നു എന്നു യോഹന്നാന്‍ കൂട്ടിച്ചേര്‍ക്കുന്നു(11:51). ഈ വ്യാഖ്യാനം ശരിയാണെങ്കില്‍ തൊട്ടടുത്തു വരുന്ന വാക്യത്തില്‍ വൈരുദ്ധ്യമുണ്ട്. "അതുകൊണ്ട് യേശു പിന്നീടൊരിക്കലും യഹൂദരുടെ ഇടയില്‍ പരസ്യമായി സഞ്ചരിച്ചില്ല. അവന്‍ പോയി, മരുഭൂമിക്കടുത്ത് ... വസിച്ചു" (യോഹ. 11:54). ജനത്തിനുവേണ്ടി മരിക്കാന്‍ വന്നവന്‍, അതു പിതാവിന്‍റെ ഹിതമാണെന്നു തിരിച്ചറിഞ്ഞവന്‍ എന്തിനാണ് ഒളിച്ചോടുന്നത്?
 
നസ്രത്തിലെ കോപാക്രാന്തരായ ജനം യേശുവിനെ പട്ടണത്തില്‍നിന്നു പുറത്താക്കി, മലമുകളില്‍നിന്നു താഴേക്കു തള്ളിയിടാനായി കൊണ്ടുപോകുന്നുണ്ട്. തുടര്‍ന്നു നാം വായിക്കുന്നു: "എന്നാല്‍ അവന്‍ അവരുടെ ഇടയിലൂടെ നടന്ന് അവിടം വിട്ടുപോയി" (ലൂക്കാ 4:28-30). എങ്ങനെയും മരിക്കാന്‍ വന്നവനായിരുന്നില്ല അവന്‍; പിന്നെയോ അവസാനംവരെ മരണത്തെ അകറ്റിനിര്‍ത്താന്‍ ശ്രമിച്ചവനാണ് അവന്‍. 
 
മൂന്നാമത്തെ പ്രശ്നം സഹനത്തെ സംബന്ധിച്ചുള്ളതാണ്. യേശുവിന്‍റെ കുരിശുമരണത്തെ ആധാരമാക്കി 'സഹനത്തിലൂടെയാണ് രക്ഷ' എന്നൊരു ചിന്തയെ നാം വികസിപ്പിച്ചെടുത്തിട്ടുണ്ടല്ലോ. അങ്ങനെയെങ്കില്‍ വേദന തിന്നുന്ന അനേകം സഹജീവികളുടെ സഹനമില്ലാതാക്കാന്‍ യേശു എന്തിനാണ് അഹോരാത്രം അധ്വാനിച്ചത്? സഹനം പുണ്യമാണെങ്കില്‍ മനുഷ്യരെ സഹിക്കാനായി വിട്ടുകൊടുക്കുകയായിരുന്നില്ലേ ചെയ്യേണ്ടിയിരുന്നത്? ധനവാന്‍റെയും ലാസറിന്‍റെയും ഉപമയില്‍, ഇവ്വിധത്തില്‍ നോക്കുമ്പോള്‍, ധനവാന്‍ ചെയ്ത തെറ്റെന്താണ്? ലാസറിനെ കൂടുതല്‍ കൂടുതല്‍ സഹിക്കാന്‍ സഹായിക്കുന്ന ധനവാന്‍ സത്യത്തില്‍ ലാസറിനെ നിത്യജീവന് ഒരുക്കുകയാണെന്നു വരുന്നു! അപ്പോള്‍ അതു പുണ്യമാണല്ലോ. എങ്കില്‍പ്പിന്നെ എന്തിനാണ് ധനവാന്‍ ശിക്ഷിക്കപ്പെടുന്നത്? ഇതേ യുക്തിയുപയോഗിച്ചു ചിന്തിക്കുമ്പോള്‍ യൂദാസ് ചെയ്ത തെറ്റെന്താണ്? കുരിശുമരണത്തിലൂടെയേ ദൈവ-മനുഷ്യ അനുരഞ്ജനം സാധ്യമാകൂ എങ്കില്‍, യേശുവിനെ മരണത്തിലേക്കു വിട്ടുകൊടുത്ത യൂദാസ് സത്യത്തില്‍ വിശുദ്ധനല്ലേ? ഒന്നാലോചിച്ചു നോക്കൂ: നാം മുന്‍പേ കണ്ട യേശു പല തവണയാണു മരണത്തില്‍നിന്ന് ഓടിയകലുന്നത്. അതുകൊണ്ടുതന്നെ, യൂദാസ് ഇല്ലായിരുന്നെങ്കില്‍ യേശു തനിയേ ചെന്നു കുരിശില്‍ കയറുമായിരുന്നോ? അപ്പോള്‍ യൂദാസ് പിതാവിന്‍റെ ഹിതം ശരിക്കും മനസ്സിലാക്കിയവനായിരുന്നു എന്നു വരുന്നു!
 
പുത്രന്‍റെ ചോരയ്ക്കുവേണ്ടി കൊതിച്ച പിതാവിന്‍റെയും വല്ല വിധേനയും കുരിശില്‍ മരിക്കാന്‍ വന്ന പുത്രന്‍റെയും ചിത്രങ്ങള്‍ സൃഷ്ടിക്കുന്ന അസംബന്ധങ്ങള്‍ ചെറുതല്ല. ഇസഹാക്കിനെ ബലിയര്‍പ്പിച്ച രീതിയിലോ, ജെറുസലെം ദേവാലയത്തില്‍ ആടുകളെ ബലിയര്‍പ്പിച്ച രീതിയിലോ യേശുവിന്‍റെ ബലിയര്‍പ്പണത്തെ വ്യാഖ്യാനിക്കുന്നത് ഉത്തരമില്ലാത്ത അനേകം ചോദ്യങ്ങള്‍ക്കു വഴി തുറക്കും എന്ന് മുന്‍ പറഞ്ഞ കാര്യങ്ങളില്‍ നിന്നും വ്യക്തമാണല്ലോ. 
 
ഇനി നമുക്ക് യേശുവിന്‍റെ കുരിശുമരണത്തെക്കുറിച്ച് ചരിത്രപരമായി ചിന്തിക്കാം. മിശിഹായായിട്ട് യേശുവിനെ തിരിച്ചറിഞ്ഞ വളരെ കുറച്ചുപേരൊഴികെ ബാക്കിയെല്ലാവരും അവനില്‍ കണ്ടത് ഒരു പ്രവാചകനെയാണ്. അവന്‍റെ എടുപ്പും നടപ്പും പഠിപ്പിക്കലുമെല്ലാം അവരുടെയിടയിലുണ്ടായിരുന്ന ജെറമിയായുടെയോ, ഏലിയായുടെയോ, സ്നാപകയോഹന്നാന്‍റെയോ ഓര്‍മകള്‍ അവരിലുണര്‍ത്തി(മര്‍ക്കോ 8:27-28; മത്താ. 16: 13-14; ലൂക്കാ9: 18-19). ഓരോ പ്രവാചകനും അതാതു കാലത്തു സംഘര്‍ഷങ്ങള്‍ക്കു നിമിത്തമായവരാണ്. യേശുവിനെ സംബന്ധിച്ചും ഇതു ശരിയായിരുന്നല്ലോ. 'സംഘര്‍ഷത്തിന്‍റെ അടയാളം' എന്നാണ് വൃദ്ധനായ ശെമയോന്‍ അവനു കൊടുത്ത പേരുതന്നെ(ലൂക്കാ 2:34).
 
യേശുവിന്‍റെ ജീവിതത്തെ ഏറ്റവും വിശ്വസ്തതാപൂര്‍വ്വം അവതരിപ്പിക്കുന്ന മര്‍ക്കോസിന്‍റെ സുവിശേഷത്തിലെ ആദ്യതാളുകളില്‍തന്നെ സംഘര്‍ഷമുണ്ട്. ഉപവാസത്തെക്കുറിച്ചുള്ള തര്‍ക്കം (മര്‍ക്കോ. 2: 18-22), സാബത്താചരണത്തെക്കുറിച്ചുള്ള തര്‍ക്കം(മര്‍ക്കോ 2: 23-28), സാബത്തിന്‍റെ ലംഘനം(മര്‍ക്കോ.3: 1-6) തുടങ്ങിയവയൊക്കെ നാം അവിടെ കാണുന്നുണ്ട്. ഈ സംഘര്‍ഷങ്ങളുടെ പരിണതഫലം എന്താണെന്നുകൂടി മര്‍ക്കോസ് പറയുന്നുണ്ട്: യേശുവിന്‍റെ സ്വന്തക്കാര്‍ അവനു സുബോധം നഷ്ടപ്പെട്ടുവെന്നും അവന്‍റെ ശത്രുക്കള്‍ അവനു പിശാചുബാധയുണ്ടെന്നും കരുതുന്നു(മര്‍ക്കോ 3:21-22). ബന്ധുക്കളും ശത്രുക്കളും ഒരേപോലെ അവനെ അകറ്റുകയാണ്. സഹിക്കാനുള്ള കൊതികൊണ്ട് അവനു കിട്ടിയതല്ല സഹനം, പിന്നെയോ വ്യക്തമായ നിലപാടുകള്‍ക്കുള്ള വിലയായി കിട്ടിയതാണ്.
 
യേശു മരിച്ചേ മതിയാകൂ എന്ന് അവന്‍റെ ശത്രുക്കള്‍ തീരുമാനിച്ചുറപ്പിക്കുന്നത് ദേവാലയശുദ്ധീകരണത്തോടെയാണെന്നാണു സമാന്തരസുവിശേഷങ്ങള്‍ എല്ലാം പറയുന്നത്. ഈ സംഭവത്തിനു സമാന്തരമായ മറ്റൊന്നു നാം കാണുന്നത് ജെറമിയാ പ്രവാചകന്‍റെ ജീവിതത്തിലാണ്. ജറുസലെം ദേവാലയത്തിന്‍റെ അങ്കണത്തില്‍ നിന്നുകൊണ്ടു പ്രവാചകന്‍ പറയുന്നത് ഇങ്ങനെയാണ്: "കര്‍ത്താവിന്‍റെ ആലയം, കര്‍ത്താവിന്‍റെ ആലയം, കര്‍ത്താവിന്‍റെ ആലയം എന്ന പൊള്ളവാക്കുകളില്‍ ആശ്രയിക്കരുത്. നിങ്ങളുടെ മാര്‍ഗങ്ങളും പ്രവൃത്തികളും തിരുത്തിയാല്‍, അയല്‍ക്കാരനോടു യഥാര്‍ത്ഥമായ നീതി പുലര്‍ത്തിയാല്‍... ഈ ദേശത്തു വസിക്കാന്‍ ഞാന്‍ നിങ്ങളെ അനുവദിക്കും" (ജെറ. 7: 4-7). അല്ലെങ്കില്‍ ആ ദേവാലയം യഹോവ തകര്‍ക്കുമെന്നും ജെറമിയാ മുന്നറിയിപ്പു നല്‍കുന്നു(7:14). ഇത്തരം നിശിതവിമര്‍ശനം നടത്തേണ്ടി വന്നതിന്‍റെ പേരില്‍ അദ്ദേഹം അനുഭവിച്ച ആത്മസംഘര്‍ഷം ദൈവത്തിനെതിരായ ആക്രോശത്തില്‍നിന്നു വ്യക്തമാകുന്നുണ്ട്: "കര്‍ത്താവേ, അങ്ങ് എന്നെ വഞ്ചിച്ചിരിക്കുന്നു; ഞാന്‍ വഞ്ചിതനായി... ദിവസം മുഴുവന്‍ ഞാന്‍ പരിഹാസപാത്രമായി. എല്ലാവരും എന്നെ അപഹസിക്കുന്നു" (ജെറ. 20:7). "എന്‍റെ ദൈവമേ, എന്‍റെ ദൈവമേ എന്തുകൊണ്ടു നീ എന്നെ ഉപേക്ഷിച്ചു?" എന്ന യേശുവിന്‍റെ കുരിശിലെ അതേ ചോദ്യമാണ് പ്രവാചകന്‍ വേറെ വാക്കുകളില്‍ ചോദിക്കുന്നത്. പ്രവാചകന്‍റെ വാക്കുകളുടെ പരിണതഫലം എന്താണെന്നു ജെറ. 26: 11ല്‍ നാം വായിക്കുന്നു: "അപ്പോള്‍ പുരോഹിതന്മാര്‍... പ്രഭുക്കന്മാരോടും ജനത്തോടുമായി പറഞ്ഞു: ഇവന്‍ മരണത്തിന് അര്‍ഹനാണ്..." യേശുവിനു കുരിശുമരണം ഉറപ്പായതും അവന്‍റെ നിലപാടുകള്‍ ശിക്ഷിക്കപ്പെടേണ്ടതാണെന്ന് അന്നത്തെ പ്രമാണിത്തം വിധിച്ചതുകൊണ്ടാണല്ലോ. യേശു മുട്ടിന്മേല്‍ നിന്നു വാങ്ങിച്ചെടുത്തതല്ല കുരിശ്, ചിലര്‍ക്കുനേരെ കൈചൂണ്ടിയതുകൊണ്ട് അടിച്ചേല്‍പ്പിക്കപ്പെട്ടതാണ്. 
 
യേശു തന്‍റെ ജീവിതത്തെ എങ്ങനെ നോക്കിക്കണ്ടു എന്നതുകൂടി നമുക്ക് ഒന്നു പരിഗണിക്കാം. അന്ത്യാത്താഴവേളയില്‍, പാനപാത്രമെടുത്ത് അവന്‍ പറഞ്ഞത് ഇതാണ്: "ഇത് അനേകര്‍ക്കുവേണ്ടി ചിന്തപ്പെടുന്നതും ഉടമ്പടിയുടേതുമായ എന്‍റെ രക്തമാണ്"(മര്‍ക്കോ 14:24). 'രക്തം' എന്നതു ജീവനെക്കുറിക്കുന്ന പദമാണ്: "രക്തം ഭക്ഷിക്കരുത്; രക്തം ജീവനാണ്; മാംസത്തോടൊപ്പം ജീവനെയും നിങ്ങള്‍ ഭക്ഷിക്കരുത്" എന്ന് ഭക്ഷണത്തെക്കുറിച്ചുള്ള നിയമങ്ങള്‍ പറയുന്ന നിയമാവര്‍ത്തനം 12-ാം അധ്യായത്തില്‍ നാം വായിക്കുന്നു(12:23). അപ്പോള്‍ യേശു മുന്‍പറഞ്ഞതിന് അര്‍ത്ഥം തന്‍റെ ജീവന്‍ അനേകര്‍ക്കുവേണ്ടി അര്‍പ്പിക്കുന്നു എന്നാണല്ലോ. താന്‍ "പിതാവിനുവേണ്ടി ബലിയര്‍പ്പിക്കുന്നു" എന്നല്ല, "സഹജീവികള്‍ക്കുവേണ്ടി ബലിയര്‍പ്പിക്കുന്നു" എന്നാണ.് മറ്റൊരിടത്ത് യേശു വ്യക്തമാക്കുന്നത്: "ഞാന്‍ നല്ല ഇടയനാണ്. നല്ല ഇടയന്‍ ആടുകള്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നു" (യോഹ 10:11). യേശുവിന്‍റെ ജീവിതവും പ്രവര്‍ത്തനവും മുഴുവന്‍ ആടുകള്‍ക്കുവേണ്ടിയുള്ള സ്വയംദാനമായിരുന്നല്ലോ. 
 
യേശു എങ്ങനെയാണ് തന്‍റെ ക്രൂശിതമരണത്തിലേക്കു നടന്നു നീങ്ങിയത് എന്നു യോഹന്നാന്‍ വ്യക്തമാക്കുന്നുണ്ട്. അഞ്ചാം അധ്യായത്തില്‍ ബേത്സയ്ദായിലെ രോഗശാന്തി, ഒന്‍പതാം അധ്യായത്തില്‍ അന്ധനു സൗഖ്യം, പതിനൊന്നാം അധ്യായത്തില്‍ ലാസറിന് ഉയിര്‍പ്പ് എന്നീ അത്ഭുതങ്ങള്‍ നാം കാണുന്നു. ഓരോ അത്ഭുതത്തിനുശേഷവും യേശുവിന്‍റെ ശത്രുക്കള്‍ അവനെതിരെ തിരിയുന്നതായും ഗൂഢാലോചന നടത്തുന്നതായും നാം വായിക്കുന്നുണ്ട്. അതിനര്‍ത്ഥം അവന്‍റെ ബലിയര്‍പ്പണം ആടുകള്‍ക്കുവേണ്ടി നടത്തിയ ജീവത്യാഗമായിരുന്നു എന്നുതന്നെയല്ലേ? സഹജീവികള്‍ക്കുവേണ്ടി സ്വീകരിച്ച ഓരോ നിലപാടും അവനെ കുരിശിലേക്കു ഒരു ചുവടുകൂടെ അടുപ്പിച്ചുകൊണ്ടേയിരുന്നു. 
 
ഈയൊരു ജീവിതത്തെയും അതിന്‍റെ നിലപാടുകളെയും യേശു കണ്ടത് പിതാവിന്‍റെ ഹിതം നിറവേറ്റലായിട്ടുതന്നെയാണ്. പിതാവിന്‍റെ ഇഷ്ടമെന്നത് സഹജര്‍ക്കുവേണ്ടിയുള്ള ജീവിതമാണ്. ആ ജീവിതവും അതിന്‍റെയൊടുക്കമുള്ള മരണവും പിതാവിനുള്ള ബലിയര്‍പ്പണമായി നാം വ്യാഖ്യാനിച്ചെടുക്കുന്നതാണ്. ആ ബലിയര്‍പ്പണം പക്ഷേ പിതാവിനു പുത്രന്‍റെ രക്തം ആവശ്യമുള്ളതുകൊണ്ടല്ല, പിതാവിന്‍റെ ഇഷ്ടത്തിനു സ്വയം വിട്ടുകൊടുത്ത് വേദനിക്കുന്നവര്‍ക്കുവേണ്ടി തന്‍റെ ജീവിതത്തില്‍ യേശു നിലപാടുകള്‍ സ്വീകരിച്ചതുകൊണ്ട് കൊടുക്കേണ്ടിവന്ന വിലയാണ്. നാമേവരേയും പോലെ മരണത്തെ അകറ്റിനിര്‍ത്താന്‍ ആഗ്രഹിച്ചവനാണ് ക്രിസ്തു. "സഹനത്തിന്‍റെ പാനപാത്രം കുടിക്കുമോ?" എന്ന് സെബദീപുത്രന്മാരെ വെല്ലുവിളിച്ചവന്‍ തന്നെ "ആ പാനപാത്രം എന്നില്‍നിന്ന് എടുത്തുനീക്കേണമേ" എന്നു കേഴുന്നുണ്ട്. മരണത്തെ ഭയന്നുകൊണ്ടു തന്നെയാണ് യേശു ജീവിച്ചതും പ്രവര്‍ത്തിച്ചതും. ഒടുക്കം അവന്‍ മരണത്തില്‍നിന്ന് ഓടിയൊളിക്കാത്തത് ജീവനെക്കാള്‍ അധികമായി അവന്‍ പിതാവിന്‍റെ ആഗ്രഹത്തിനു വില കല്പിച്ചതുകൊണ്ടുമാണ്. അതുകൊണ്ടുതന്നെ കൊല്ലപ്പെടുമെന്നുറപ്പായിട്ടും അവന്‍ ധാര്‍ഷ്ട്യത്തിനു നേര്‍ക്കു കൈചൂണ്ടുന്നതില്‍ നിന്നു പിന്മാറുന്നില്ല. 
 
ചുരുക്കത്തില്‍, പിതാവിന്‍റെ ഹിതം പുത്രന്‍ പിതാവിനു തന്നെത്തന്നെ ആടിനെക്കണക്ക് ബലിയര്‍പ്പിക്കുക എന്നതല്ല, പിന്നെയോ പുത്രന്‍ സഹജര്‍ക്കുവേണ്ടി തന്‍റെ സ്വപ്നങ്ങളും വിയര്‍പ്പും ജീവിതവും ജീവനും ബലിയര്‍പ്പിക്കുക എന്നതാണ്. പുത്രന്‍ ആ ഹിതത്തിനു സ്വയം വിധേയപ്പെട്ടതുകൊണ്ട്, മരണമെന്ന ഭീഷണി മുന്നില്‍ നില്‍ക്കുമ്പോഴും, അവന്‍ ആ ദൗത്യത്തില്‍നിന്ന് കടുകിട വ്യതിചലിച്ചില്ല. ചരിത്രപരമായി നോക്കിയാല്‍ യേശു ബലിയര്‍പ്പിച്ചത് ആടുകള്‍ക്കുവേണ്ടിയാണ്, പിതാവ് രക്തദാഹിയായതുകൊണ്ടല്ല. അത് പിതാവിനുള്ള പുത്രന്‍റെ ബലിയര്‍പ്പണമാണ് എന്നത് വ്യാഖ്യാനമാണ്.
 
നമ്മുടെ വീട്ടില്‍ കറന്‍റു പോകുമ്പോള്‍, അയല്‍പക്കത്തെ വീട്ടിലും അതുപോയോ എന്നു നാം നോക്കിപ്പോകും. അവിടെയും കറന്‍റില്ലെങ്കില്‍ ഒരു മനഃസുഖമുണ്ട്. ഒരു കാലില്ലാത്തവന്‍ രണ്ടു കാലില്ലാത്തവനെ കാണുമ്പോള്‍ ഒരു ചെറിയ സന്തോഷം അനുഭവിക്കുന്നുണ്ട്. അതുപോലെ നമ്മുടെ സ്വകാര്യദുഃഖങ്ങളുമായി ഇരിക്കുന്ന നേരത്ത് ക്രൂശിതനെ കാണുമ്പോഴുള്ള ഒരു സുഖമല്ല നമുക്കു വേണ്ടത്. സ്വന്തം ദുഃഖങ്ങളില്‍ മുഴുകിയിരിക്കാനും അതിലെന്തോ പുണ്യം കാണാനുമുള്ള നമ്മുടെ വ്യഗ്രത നമ്മുടെ  സ്വാര്‍ത്ഥതയുടെതന്നെ മറ്റൊരു പതിപ്പാണോ? മരണത്തെ മുന്നില്‍ കാണുമ്പോഴും അപരനുവേണ്ടി ജീവിച്ച, അത്തരമൊരു ജീവിതത്തിനു വിലയായി കുരിശിലേറിയ ക്രിസ്തു നമ്മെ ക്ഷണിക്കുന്നത് സ്വകാര്യദുഃഖങ്ങളില്‍ മുഴുകിയിരിക്കാനല്ല, അപരന്‍റെ ദുഃഖങ്ങളിലേക്ക് മിഴികള്‍ തുറക്കാന്‍ തന്നെയാണ്.  
 
 
മരണത്തെ മുന്നില്‍ കാണുമ്പോഴും അപരനുവേണ്ടി ജീവിച്ച, അത്തരമൊരു ജീവിതത്തിനു വിലയായി കുരിശിലേറിയ ക്രിസ്തു നമ്മെ ക്ഷണിക്കുന്നത് സ്വകാര്യദുഃഖങ്ങളില്‍ മുഴുകിയിരിക്കാനല്ല, അപരന്‍റെ ദുഃഖങ്ങളിലേക്ക് മിഴികള്‍ തുറക്കാന്‍ തന്നെയാണ്.

You can share this post!

നമുക്ക് ചെറിയ തെളിവുകളെ ധ്യാനിക്കാം

ഷാജി കരിംപ്ലാനില്‍
അടുത്ത രചന

പ്രാര്‍ഥനയെക്കുറിച്ചുള്ള രണ്ടുപമകള്‍?

ഷാജി കരിംപ്ലാനില്‍
Related Posts