മലാക്കി പ്രവാചകന്‍റെ പുസ്തകത്തില്‍ 3-ാമധ്യായത്തിലെ 3-ാം വാക്യത്തില്‍ സ്വര്‍ണ്ണത്തെ ശുദ്ധീകരിക്കുന്നതുപോലെ ദൈവം നമ്മെ ശുദ്ധീകരിക്കുമെന്ന് പറയുന്നു. മനോഹരമായ മഞ്ഞനിറം പ്രകാശിപ്പിക്കുന്ന സ്വര്‍ണ്ണം പ്രകൃതിയിലുണ്ട്. ചെറിയ അളവിലാണ് അതു കാണപ്പെടുന്നത്. മറ്റു ലോഹങ്ങളുമായി മിക്സ് ചെയ്താല്‍ സ്വര്‍ണ്ണം കൂടുതല്‍ കട്ടിയുള്ളതായി മാറും. മറ്റു ലോഹങ്ങളുടെ അളവു കുറയുമ്പോള്‍ സ്വര്‍ണ്ണം കൂടുതല്‍ തിളക്കമുള്ളതും മയവും ഉള്ളതായി മാറും. മനുഷ്യഹൃദയത്തോടു ലോകത്തിന്‍റെ മൂല്യങ്ങളും പാപവും ചേര്‍ക്കപ്പെടുമ്പോള്‍ അതു കൂടുതല്‍ കട്ടിയുള്ളതായി മാറും. പരമാവധി മാലിന്യങ്ങള്‍ ഹൃദയത്തില്‍ നിന്നും തുടച്ചുനീക്കുമ്പോള്‍ നമ്മുടെ ജീവിതം പ്രകാശം പരത്തുന്നതായി മാറും. ലോകത്തോടു കൂടുതല്‍ അടുക്കുംതോറും നമ്മിലെ ആത്മീയ പ്രകാശം മങ്ങിത്തുടങ്ങും. നമ്മില്‍ അടിഞ്ഞുകൂടിയിരിക്കുന്ന തിന്മയുടെ കണികകളെ തുടച്ചുമാറ്റും തോറും നാം പ്രകാശത്തിന്‍റെ മക്കളാകും. ഒരു ശുദ്ധീകരണ പ്രക്രിയയിലൂടെ മനുഷ്യരെല്ലാം കടന്നുപോകും. പൊള്ളലും വേദനയുമെല്ലാം ഇതിന്‍റെ ഭാഗങ്ങളാണ്. അവയിലൂടെ കടന്നുപോകാതെ നാം ശുദ്ധീകരിക്കപ്പെടുകയില്ല.
സ്വര്‍ണ്ണത്തിന്‍റെ മറ്റൊരു പ്രത്യേകയാണ് തുരുമ്പിനെ പ്രതിരോധിക്കാനുള്ള കഴിവ്. തുരുമ്പോ, മറ്റ് ഘടകങ്ങള്‍ക്കോ സ്വര്‍ണ്ണത്തെ തൊടാനാവില്ല. സ്വര്‍ണ്ണംപോലെ തിളങ്ങുന്ന ഓട്ടുപാത്രങ്ങളുണ്ട്. പക്ഷേ അവയില്‍ ക്ലാവു പിടിക്കും. ഒരു മനുഷ്യന്‍ യഥാര്‍ത്ഥ സ്വര്‍ണ്ണമാണോ, അതോ അതുപോലെ ഇരിക്കുന്നതാണോ എന്ന് കാലം തെളിയിക്കും. ലോകത്തിന്‍റെ മാലിന്യങ്ങള്‍ വേഗത്തില്‍ കടന്നു കൂടുന്ന മനുഷ്യരാണെങ്കില്‍ അവര്‍ യഥാര്‍ത്ഥ സ്വഭാവഗുണമുള്ളവരല്ല. ശരിക്കും ഉരുകി ശുദ്ധീകരിക്കപ്പെട്ട ജീവിതത്തില്‍ തിന്മയുടെ അംശങ്ങള്‍ക്ക് ഇടമില്ല. പുറംഘടകങ്ങള്‍ സ്വര്‍ണ്ണത്തില്‍ അധികമായി നിലനില്‍ക്കുമ്പോള്‍ അതിന്‍റെ കാഠിന്യം വര്‍ദ്ധിക്കുന്നു. മനുഷ്യജീവിതമെന്ന സ്വര്‍ണ്ണത്തില്‍ ലോകമൂല്യങ്ങള്‍ അമിതമായി സ്വാധീനിക്കുമ്പോള്‍ നമ്മള്‍ കഠിനഹൃദയരായിത്തീരും. കര്‍ത്താവിന്‍റെ മുമ്പിലിരുന്ന് ഓരോന്നോരോന്നായി നാം പിഴുതുകളയുമ്പോള്‍ തിളങ്ങുന്ന മാണിക്യങ്ങളായി നാം രൂപാന്തരപ്പെടും. സഭയിലെ സകല വിശുദ്ധരും ഇങ്ങനെ രൂപാന്തരപ്പെട്ടവരാണ്.
സ്വര്‍ണ്ണം അതിന്‍റെ ഏറ്റവും ശുദ്ധമായ രൂപത്തില്‍ വരുമ്പോള്‍ അതിന്‍റെ സുതാര്യത ശ്രദ്ധിക്കപ്പെടേണ്ടതാണ്. ഒരു ഗ്ലാസ്സിന്‍റെയുള്ളിലുള്ള ദ്രാവകത്തെ നമുക്കു കാണാനാവില്ല. ഏറ്റവും ശുദ്ധമായ സ്വര്‍ണ്ണംകൊണ്ട് ഒരു ഗ്ലാസ്സുണ്ടാക്കിയാല്‍ അതിന്‍റെയുള്ളില്‍ കിടക്കുന്നതെന്തെന്ന് നമുക്കു കാണാന്‍ കഴിയും. വെളിപാട് 21:21 ല്‍ പറയുന്നു. "ദൈവത്തിന്‍റെ നഗരം ഏറ്റവും ശുദ്ധിയുള്ള സ്വര്‍ണ്ണംപോലെ, സുതാര്യമായ ഗ്ലാസ്സുപോലെ കാണപ്പെടും". ഒരിക്കല്‍ ദൈവികാഗ്നിയാല്‍ ഞാന്‍ ശുദ്ധീകരിക്കപ്പെട്ടാല്‍ ഞാനും സുതാര്യമായ ഒരു ഗ്ലാസ്സുപോലെ ആയിത്തീരും. സുന്ദരമായ ഒരു ഗ്ലാസ്സ് അതില്‍തന്നെ സന്തോഷിക്കുന്നില്ല. അതിന്‍റെ സന്തോഷം അതുള്‍ക്കൊള്ളുന്ന ദ്രാവകത്തിലാണ്. ശുദ്ധിചെയ്യപ്പെട്ട മനുഷ്യാത്മാവിന്‍റെ സന്തോഷം അതുള്‍ക്കൊള്ളുന്ന ദൈവികപ്രകാശത്തിലാണ്. നമ്മള്‍ വിശുദ്ധീകരിക്കപ്പെടുമ്പോള്‍ ലോകം നമ്മിലുള്ള ക്രിസ്തുവിനെ കാണും. ഫ്രാന്‍സിസ് അസ്സീസിയില്‍, അല്‍ഫോന്‍സാമ്മയില്‍, മദര്‍ തെരേസായില്‍ ലോകം ക്രിസ്തുവിനെ കണ്ടു. അവരെല്ലാം കര്‍ത്താവിനെ വഹിച്ച ഗ്ലാസ്സുകളായിരുന്നു. എന്നില്‍ ക്രിസ്തുവിനെ കാണുവാന്‍ മറ്റുള്ളവര്‍ക്കു കഴിയുന്നില്ലെങ്കില്‍ എന്തോ കഠിനമായ തടസ്സങ്ങള്‍ എന്നിലുണ്ടെന്നാണ് സൂചന.
വേദനകളും, ദുരിതങ്ങളും, തകര്‍ച്ചകളുമെല്ലാം എന്‍റെ തീച്ചൂളകളാണ്. അതില്‍ നാം ശുദ്ധിചെയ്യപ്പെടുന്നു. വിലകുറഞ്ഞവയെ ഉരുക്കിക്കളഞ്ഞു വിലപ്പെട്ടവയെ സ്വീകരിക്കുന്നതില്‍ ഒരു പൊള്ളലുണ്ട്. ആ പൊള്ളുന്ന അനുഭവത്തിലൂടെ നമ്മള്‍ക്ക് യാത്ര ചെയ്യാതിരിക്കാനാവില്ല. നമ്മുടെ തീരുമാനത്തിനെതിരായി ദൈവം പ്രവര്‍ത്തിക്കുകയില്ല. "ആഗ്രഹിക്കുന്ന നന്മയല്ല, ഇച്ഛിക്കാത്ത തിന്മയാണ് ഞാന്‍ പ്രവര്‍ത്തിച്ചുപോകുന്നത്" എന്നുള്ള പൗലോസിന്‍റെ ആത്മരോദനം നാം ശ്രദ്ധിക്കേണ്ടതുണ്ട്. നിരന്തരമായ ശുദ്ധീകരണത്തിന്‍റെ അവസാനം പൗലോസ് പറഞ്ഞു "ഇനി ഞാനല്ല ക്രിസ്തുവാണ് എന്നില്‍ ജീവിക്കുന്നത്" (ഗലാത്തിയര്‍ 2:20). മത്തായി 5/8 ല്‍ ക്രിസ്തു പറയുന്നു "ഹൃദയശുദ്ധിയുളളവര്‍ ഭാഗ്യവാന്മാര്‍ അവര്‍ ദൈവത്തെ കാണും". "മറഞ്ഞിരിക്കുന്ന തെറ്റുകളില്‍ നിന്ന് എന്നെ വിശുദ്ധീകരിക്കണമേ" (സങ്കീ. 19:12) എന്ന ദാവീദിന്‍റെ പ്രാര്‍ത്ഥന നമ്മുടെ മുമ്പിലുണ്ട്. നമ്മള്‍ കണാതെ നമ്മുടെയുള്ളില്‍ മറഞ്ഞു കിടക്കുന്ന സകല പാപങ്ങളും ദൈവം കാണുന്നുണ്ട്. നമ്മള്‍ വെറുതെ തിരുസന്നിധിയിലിരുന്നു കൊടുത്താല്‍ അവ ഓരോന്നായി ദൈവം പിഴുതുമാറ്റും. സൂര്യപ്രകാശത്തില്‍ മഞ്ഞുരുകുന്നതുപോലെ നാം ഉരുകിത്തീരും. തിളക്കമുള്ള ആത്മീയ വ്യക്തിത്വങ്ങളായി നാം പ്രകാശിക്കും. തകര്‍ച്ചകള്‍ വരുമ്പോള്‍ നാം കോപിക്കരുത്. അവയെ നല്‍കുന്ന ദൈവത്തിന്‍റെ പദ്ധതികളെക്കുറിച്ച് ധ്യാനിക്കൂ. 1 പത്രോസ് 1/16 ല്‍ പറയുന്നു: "ഞാന്‍ പരിശുദ്ധനായതുകൊണ്ടു നിങ്ങളും പരിശുദ്ധനായിരിക്കുക" ദൈവീകമായ ശുദ്ധീകരണം നടക്കുമ്പോള്‍ നമ്മിലെ നന്മ കൂടുതല്‍ ബലപ്പെടും. നമ്മിലെ തിന്മ അലിഞ്ഞുപോകും. അവിടുത്തെ ശുദ്ധീകരണ പ്രക്രിയയെ ഞാന്‍ സ്വീകരിച്ചാല്‍ തിളക്കമുള്ള ഒരു സ്വര്‍ണ്ണപാത്രമായി ഞാന്‍ മാറും.
കഴിഞ്ഞ കാലങ്ങളില്‍ തകര്‍ച്ചകള്‍ വന്നപ്പോള്‍ നമ്മള്‍ അസ്വസ്ഥരായിട്ടുണ്ട്. തകര്‍ത്തതെന്തിന് എന്ന് ധ്യാനപൂര്‍വ്വം വിചിന്തനം നടത്താം. വ്യക്തികള്‍ വഴിയോ, രോഗങ്ങള്‍ വഴിയോ, മറ്റെന്തെങ്കിലും വിധത്തിലോ നമുക്ക് വന്ന നൊമ്പരങ്ങള്‍ നമ്മുടെ നന്മയ്ക്കും വിശുദ്ധീകരണത്തിനും വേണ്ടിയായിരുന്നു. ജെറമിയ 29/11 ല്‍ പറയുന്നു. "എനിക്കു നിന്നെക്കുറിച്ച് ഒരു പദ്ധതിയുണ്ട്. നിന്‍റെ ക്ഷേമത്തിനുവേണ്ടിയുള്ള പദ്ധതി" ഈ തിരിച്ചറിവിലും ബോധ്യത്തിലും നമുക്കു ജീവിക്കാം.