ഒരു പള്ളിപ്രസംഗം കേട്ടതിന്‍റെ പശ്ചാത്തലത്തിലാണ് ഈ കുറിപ്പെഴുതുന്നത്. സോഷ്യല്‍ മീഡിയ മനുഷ്യനെ എങ്ങനെയൊക്കെ ദൈവമാര്‍ഗ്ഗത്തില്‍ നിന്ന് തെറ്റിക്കുന്നു എന്നും ആയതിനാല്‍ നമ്മള്‍ സത്യവിശ്വാസികള്‍ ഇത്തരം സാത്താന്‍റെ മാധ്യമങ്ങളോട് അകലം സൂക്ഷിക്കേണ്ടതുണ്ട് എന്നുമായിരുന്നു പ്രഭാഷ ണത്തിന്‍റെ കാതല്‍. സമീപകാലത്തുതന്നെ ഏതാണ്ട് ഇതേ ഭയപ്പാട് പ്രകടിപ്പിക്കുന്ന ദീര്‍ഘമായ ലേഖനവും ഒരു ക്രിസ്തീയ മാസികയില്‍ കണ്ടതോര്‍ക്കുന്നു. സോഷ്യല്‍ മീഡിയ യുവാക്കളില്‍ നിരീശ്വരവാദം പടര്‍ത്തുന്നു എന്നായിരുന്നു ആ ലേഖിക യുടെ വേദന.
സത്യത്തില്‍ അത്ര കുഴപ്പം പിടിച്ചതാണോ ഈ സോഷ്യല്‍ മീഡിയ?
മലയാളത്തില്‍ ഈ നവമാധ്യമത്തിന്‍റെ ഏതാണ്ട് തുടക്കം മുതല്‍ സഹയാത്രിക നായ ഒരാളെന്ന നിലയില്‍ ഒന്ന് തിരിഞ്ഞുനോക്കുകയാണ്.
വിനോദവ്യവസായത്തിന്‍റെയും വിവരവിപ്ലവത്തിന്‍റെയും സ്വപ്ന സമാനമായ വാതായനങ്ങള്‍ തുറന്നുകൊണ്ടാണ് സോഷ്യല്‍ മീഡിയ മലയാളത്തില്‍ അവത രിച്ചത്. എങ്ങും വിനോദത്തിന്‍റെ 'അണ്‍ലിമിറ്റഡ്' സാധ്യതകള്‍. വിവരപ്പെരുമയുടെ ശ്വാസംമുട്ടിക്കുന്ന തള്ളിക്കയറ്റം. ഓരോ വ്യക്തിയും മാധ്യമമുതലാളിയാകുന്ന വിവരവിപ്ലവമാണ് നവലോകത്തിന്‍റെ സൈബര്‍ പരിസരങ്ങള്‍ നമുക്കു മുന്നില്‍ കാഴ്ച്ചവയ്ക്കുന്നത്. ആദ്യമൊക്കെ പുറം തിരിഞ്ഞു നിന്ന പരമ്പരാഗത പത്ര ടെലിവിഷന്‍ മാധ്യമങ്ങള്‍ അധികം വൈകാതെ ഈ പുതിയ ജനകീയ മാധ്യമത്തിന്‍റെ വലിയ സാധ്യത കണ്ടറിഞ്ഞ് കളം നിറഞ്ഞാടാന്‍ തുടങ്ങി. എല്ലാ ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും ഫെയ്സ്ബുക്കിലും യുട്യൂബിലുമൊക്കെ പേജുകളും സ്പോണ്‍സേഡ് ഫീഡുകളു മുണ്ടായി. മറ്റെല്ലാ മാധ്യമങ്ങളെയുംകാള്‍ ജനകീയ മാധ്യമമെന്ന നിലയില്‍ സോഷ്യല്‍ മീഡിയ ശക്തമായിക്കൊ ണ്ടിരിക്കുന്ന ഒരു കാലത്തിരുന്നാണ് ഈ തിരിഞ്ഞുനോട്ടം.
ചില ചിതറിയ ഓര്‍മ്മകളിലൂടെ സഞ്ചരിച്ച് ഈ ചെറുകുറിപ്പിന് വിരാമതി ലകമിടാമെന്നാണ് കരുതുന്നത്.
ചിലപ്പോഴെങ്കിലും, നമ്മുടെ പൊതു സമൂഹം പ്രകടിപ്പിക്കുന്നതിലുമൊക്കെ തീവ്രവും സത്യസന്ധവുമായി സ്നേഹവും കരുണയുമൊക്കെ പ്രകടിപ്പിക്കുന്ന മനുഷ്യരെ സൈബറിടങ്ങളില്‍ കണ്ടിട്ടുണ്ട്. ഓര്‍മ്മകളുടെ അങ്ങേയറ്റത്തുള്ളത് രമ്യ ആന്‍റണിയുടെ കഥയാണ്. മലയാളം കമ്പ്യൂട്ടിംഗിന്‍റെ ആദ്യകാല സഹയാത്രി കര്‍ക്ക് മറക്കാനാകില്ല കാലുകള്‍ തളര്‍ന്ന് കറുത്തുമെല്ലിച്ച ആ പെണ്‍കുട്ടിയെ. തിരുവനന്തപുരത്ത് പോളിയോ ഹോമിലായിരുന്നു അവളുടെ താമസം. 'ഓര്‍ക്കുട്ട്' എന്ന സോഷ്യല്‍നെറ്റ്വര്‍ക്കിംഗ് സൈറ്റ് ജനകീയമായ കാലം. തരക്കേടില്ലാതെ കവിതകളെഴുതുകയും അവ ഓര്‍ക്കൂട്ടിലൂടെ അവതരിപ്പിക്കുകയും ചെയ്തിരുന്നു, രമ്യ. വായില്‍ അര്‍ബ്ബുദം ബാധിച്ച് തിരുവനന്തപുരത്ത് റീജണല്‍ കാന്‍സര്‍ സെന്‍ററില്‍ ജീവിതത്തിനും മരണത്തിനുമിടയില്‍ കണ്ണുപൊത്തി ക്കളിക്കുമ്പോള്‍ വല്ലാതെ ക്ഷീണിതയും നിര്‍ദ്ധനയും ഏറെക്കുറെ അനാഥയുമായ രമ്യയ്ക്ക് അന്ന് താങ്ങും തണലുമായത് ഇന്‍റര്‍നെറ്റിലൂടെമാത്രം അവളെ വായിച്ച, പരിചയപ്പെട്ട ആഗോളമലയാളി സമൂഹമായിരുന്നു. രമ്യയുടെ ഭീമമായ ചികിത്സാച്ചെലവാകെ 'ബൂലോകം' ഏറ്റെടുത്തു. ചിലര്‍ ഊണുമുറക്കവുമുപേക്ഷിച്ച് കാന്‍സര്‍ വാര്‍ഡിന്‍റെ വരാന്തയില്‍ അവളുടെ ജീവനു കാവലിരുന്നു. അവര്‍ മുന്‍കൈയെടുത്ത് അവളുടെ കവിതകളുടെ പുസ്തകം പ്രസിദ്ധീകരിച്ചു. നടക്കാനാവാത്ത അവള്‍ക്ക് ഒരു ഇരുചക്രവാഹനം സമ്മാനിച്ചു. ഒടുവില്‍ 2010 ഓഗസ്റ്റ് 10 ന് രമ്യ ആന്‍റണി എന്ന 24കാരി മരണത്തിനു കീഴടങ്ങുമ്പോള്‍ മലയാളത്തിന്‍റെ സൈബര്‍സമൂഹമാകെ ആ വേദനയില്‍ കണ്ണീര്‍ വാര്‍ത്തു.
വിശ്വവിശാലവലയിലെ ഏറെക്കുറേ പരസ്പരം തൊട്ടറിയാത്ത സൗഹൃദങ്ങള്‍ക്കും ആഴവും പരപ്പുമുണ്ടാകാം എന്നതിന്‍റെ ആദ്യത്തെ നേര്‍ക്കാ ഴ്ച്ചയായിരുന്നു എനിക്കത്. പിന്നീട് പലരുടെ വേദനകളിലും ഏറിയും കുറഞ്ഞും നവകാലത്തിന്‍റെ വിര്‍ച്വല്‍ സമൂഹങ്ങള്‍ നിറഞ്ഞ സ്നേഹത്തോടെ, ഏറെ കനിവോടെ, ക്രിയാത്മക മായി ഇടപെടുന്നത് കണ്ടിട്ടുണ്ട്.
കേരളത്തെ മുക്കാലും മുക്കിയ പ്രളയകാലം മറക്കാറായില്ലല്ലോ. എത്ര തീവ്രവും ക്രിയാത്മകവും കാര്യക്ഷമവുമായ ഇടപെടലുകള്‍ക്കാണ് സോഷ്യല്‍ മീഡിയ വേദിയായത്. ഒറ്റപ്പെട്ടു പോയവരെ കരകയറ്റാനും ദുരിതാശ്വാസ ക്യാമ്പുകളിലകപ്പെട്ട വര്‍ക്ക് ഭക്ഷണവും മറ്റവശ്യ വസ്തുക്കളും ആവോളം ശേഖരിച്ച് എത്തിച്ചു നല്‍കാനുമൊക്കെ എത്രയെത്ര മനുഷ്യരാണ് ലോകത്തിന്‍റെ പല കോണുകളില്‍ ഉറക്കമൊഴിഞ്ഞിരുന്നത്. സോഷ്യല്‍ മീഡിയ കാമ്പെയ്നുകള്‍ വഴി എത്ര കോടികളാണ് ദുരിതാശ്വാസനിധിയിലേക്ക് ഒഴുകിയെത്തിയത്. ഈ നന്മകള്‍ കാണാതിരിക്കാമോ മറന്നുപോകാമോ?
എനിക്കും നിനക്കുമൊക്കെ പറയാനൊരു വേദിയും കുറെയേറെ കേള്‍വിക്കാരുമുണ്ടാകുന്നത് അത്ര ചെറിയകാര്യമല്ലെന്നുതന്നെ കരുതണം. അത്തരം വേദികളില്‍ ഉയരുന്ന ശബ്ദങ്ങള്‍ ഭൂരിപക്ഷവും ആരെക്കുറിച്ചുള്ളതാണെന്നും അവ ആരെ അഭിസംബോധന ചെയ്യുന്നുവെന്നതുമാണ് കാതലായ ചോദ്യം. പൊതുസമൂഹത്തിലെ ഉച്ചനീച ത്വങ്ങള്‍ സൈബറിടങ്ങളിലും വ്യവഹാരങ്ങളിലും അത്രകണ്ട് പ്രകടമല്ല എന്നുതന്നെ പറയാം. പൊതുസമൂഹത്തിലെയും സോഷ്യല്‍ മീഡിയയിലെ തന്നെയും സ്ത്രീവിരുദ്ധതയും, ജാതിക്കോയ്മയും, ലിംഗനീതി നിഷേധവുമൊക്കെ കൃത്യമായി കണ്ടറിയുകയും നിശിതഭാഷയില്‍ വിമര്‍ശിക്കുകയും പൊളിറ്റിക്കല്‍ കറക്റ്റ്നെസിനായി വാദിക്കുകയും ചെയ്യുന്ന ഉണര്‍ന്ന ചിന്തയുള്ള മനുഷ്യരാണ് ഇവിടെ സജീവമായി ഇടപെടുന്നവരില്‍ വലിയൊരു പങ്ക് എന്നത് കാണാതിരുന്നുകൂടാ.
രസകരമായ മറ്റൊന്ന്, ജാതിയുടെയും മതത്തിന്‍റെയുമൊക്കെ അതിര്‍വരമ്പുകള്‍ക്ക പ്പുറമുള്ള ഒരു തലത്തിലിരുന്ന് പരസ്പരം സംവദിക്കുവാനുള്ള ഒരു തുറവ് സൈബര്‍സമൂഹങ്ങളിലുണ്ടെന്നതാണ്. നിങ്ങള്‍ക്കവിടെ നിങ്ങളുടെ സ്വന്തം പേരിലോ വ്യാജനാമത്തിലോ ഒക്കെ അവതരിക്കാം. സ്വന്തം ലിംഗവും ജാതിയും മതവുമൊന്നും പറയാതിരിക്കാം. ഇണങ്ങിയും പിണങ്ങിയും ചര്‍ച്ച ചെയ്തും ഭള്ളുപറഞ്ഞുമൊക്കെ ആകാശത്തിനു മുകളിലും താഴെയുമുള്ള ഏതൊരു വിഷയത്തെയും സമീപിക്കാം.
സാമൂഹിക മാധ്യമവേദികളില്‍ അവിരാമം പ്രവഹിക്കുന്ന ആശയങ്ങളുടെ വിശ്വാസ്യതയും ആധികാരികതയും എന്തുമാത്രമെന്നത് തര്‍ക്കവിധേയമാണെന്നത് വിസ്മരിക്കുന്നില്ല. തികഞ്ഞ കച്ചവടതാല്പര്യത്തോടെ സമൂഹത്തില്‍ ശാസ്ത്രവിരുദ്ധതയും അനാവശ്യഭീതിയും വിതറി നേട്ടം കൊയ്യാനിറങ്ങുന്ന കുടിലബുദ്ധികളുടെ പ്രധാന ലാവണവും ഇതുതന്നെ. എങ്കിലും, ഇതിനൊക്കെയെതിരെയുള്ള തീവ്രമായ പ്രതിരോധ ബോധവല്‍ക്കരണ ശ്രമങ്ങളും ഇവിടെത്തന്നെയു ണ്ടെന്നത് ആശാവഹമാണ്.
ക്രിസ്ത്യാനിയുടെ മിഥ്യാഭിമാനത്തിനിട്ടും സോഷ്യല്‍ മീഡിയയില്‍ പരക്കെ കൊട്ടുകിട്ടുന്നുണ്ട്. ജാതീയമായ ഉച്ചനീചത്വങ്ങള്‍ ഹിന്ദുമതത്തില്‍ പ്രബലമാണെന്ന വാദത്തിന് ബദലായി അടുത്തിടെ ഫെയ്സ്ബുക്കില്‍ ആരോ ഷെയര്‍ ചെയ്ത ഒരു പട്ടിക നാമണിഞ്ഞിരിക്കുന്ന ക്രിസ്തുവിലുള്ള സമത്വത്തിന്‍റെ പൊയ്മുഖത്തേക്ക് കാര്‍ക്കിച്ചുതുപ്പുന്ന ഒന്നാണ്. കേരള ക്രൈസ്തവരിലെ അമ്പതില്‍പ്പരം വിഭാഗങ്ങളുടെ ഒരു പട്ടികയായിരുന്നു അത്. ഈ വിഭാഗങ്ങളിലെ അംഗങ്ങള്‍ തമ്മില്‍ വിവാഹം കഴിക്കുമോ എന്നായിരുന്നു ആ പട്ടികയ്ക്കടിയിലെ ഹൈലൈറ്റ് ചെയ്ത സിമ്പിള്‍ ചോദ്യം.
ഏറ്റവും ഒടുവിലെ ഒരനുഭവം കൂടി പറഞ്ഞു കൊണ്ട് നിര്‍ത്താം. ഇക്കഴിഞ്ഞ ഏപ്രില്‍ അഞ്ചിനാണ് ഒരു നേരനുഭവത്തിന്‍റെ വെളിച്ചത്തില്‍ സംസ്ഥാന ആരോഗ്യമന്ത്രിയെ ടാഗ് ചെയ്ത് ഫെയ്സ്ബുക്കില്‍ ഞാനാ പോസ്റ്റിട്ടത്.
ആ പോസ്റ്റ് ഇങ്ങനെയായിരുന്നു.
---
"യാദൃച്ഛികമായി പരിചയപ്പെട്ടതാണ് സാജിതയെ. നഗരത്തിലെ ഒരു ക്ലിനിക്കല്‍ ലാബിലെ ക്യൂവില്‍ കുറച്ചു നേരം ഒരുമിച്ചുണ്ടായിരുന്നു. കണ്ടാല്‍ ഒരു മുപ്പതുവയസ്സ് തോന്നിക്കും. വരണ്ടു വിണ്ട ചുണ്ടുകളും നിഴല്‍ വീണ കണ്ണുകളുമുള്ള, ഒറ്റനോട്ടത്തില്‍ത്തന്നെ കടുത്ത ക്ഷീണം സ്ഫുരിക്കുന്ന ആ മുഖം എന്തൊക്കെയോ പറയാതെ പറയുന്നുണ്ടായിരുന്നു.
"ടോക്കണെത്രയാ"ന്ന് ചോദിച്ച് പതിയെ ഒന്ന് പരിചയപ്പെടാന്‍ ശ്രമിച്ചു... എന്നോ എവിടെയോ നഷ്ടമായിപ്പോയ ശബ്ദം വീണ്ടെടുക്കുമ്പോലെ അവള്‍ മുരടനക്കി, അരണ്ട ശബ്ദത്തില്‍ ഒരു നമ്പര്‍ പറഞ്ഞു. എന്തേ പറ്റിയത് എന്ന് ചോദിച്ചപ്പോള്‍ വല്ലാത്തൊരു പുഞ്ചിരിയോടെ മിണ്ടിത്തുടങ്ങി...
--
ചുരുക്കിപ്പറയാം.
സാജിതയ്ക്ക് ബ്ലഡ് കാന്‍സറാണ്. CLL എന്ന് വിളിക്കുന്ന Chronic Lymphocytic Leukemiaപതിയെപ്പതിയെ പിടിമുറുക്കുന്ന ഇനം രക്താര്‍ബുദമാണത്രേ CLL. ആദ്യ സ്റ്റേജില്‍ത്തന്നെ രോഗം കണ്ടെത്തിയതാണ്. RCC ല്‍ ചികിത്സയും ആരംഭിച്ചു.
രോഗം തീവ്രമാകുന്ന മുറയ്ക്ക് കീമോതെറാപ്പി ചെയ്യേണ്ടതാണ്. കൃത്യമായി ചികിത്സിച്ചാല്‍ രോഗം മാറുന്നതുമാണ്.
പക്ഷേ, ദൗര്‍ഭാഗ്യമല്ലാതെ മറ്റെന്ത്?, കീമോതെറാപ്പിയുടെ മരുന്ന് കിട്ടാനില്ല. കമ്പനി ഉല്‍പ്പാദനം നിര്‍ത്തിയത്രേ.
മെയ് മാസത്തില്‍ കിട്ടിയേക്കും എന്നറിയുന്നു. ഉറപ്പില്ല. തല്‍ക്കാലം രോഗലക്ഷണങ്ങള്‍ക്കുള്ള ഗുളികകളെന്തൊക്കെയോ കഴിക്കുന്നുണ്ട്. ഇപ്പോള്‍ സാജിതയുടെ രക്തത്തിലെ ശ്വേതരക്താണുക്കള്‍ ഭ്രാന്തുപിടിച്ചപോലെ പെറ്റുപെരുകുകയാണ്. പ്ലേറ്റ്ലെറ്റ് കൗണ്ട് വല്ലാതെ താഴുന്നു.
"കണ്ടില്ലേ ചുണ്ടൊക്കെ വിണ്ടുപൊട്ടി. വയ്യ"
വൃദ്ധയായ അമ്മയാണ് ചികിത്സാവഴിയില്‍ അവള്‍ക്ക് കൂട്ട്. ഭര്‍ത്താവ് ഗള്‍ഫില്‍. എന്തോ ചെറിയ ജോലിയാവണം. രണ്ടു കുട്ടികളുണ്ട്. ഒരാള്‍ രണ്ടില്‍. മറ്റേയാള്‍ നഴ്സറിയില്‍.
"ഞാന്‍ പോയാല്‍...എന്‍റെ മക്കടെ കാര്യമോര്‍ക്കുമ്പഴാ.."
വരണ്ടുണങ്ങി വിണ്ടുകീറിയ ചുണ്ടിലെ പൊള്ളിക്കുന്ന മന്ദഹാസം മായാതെ അവള്‍ അകലേക്ക് നോക്കിയിരുന്നു.
ആശ്വാസവാക്കുകളൊന്നും പറയാനില്ലാതെ, ശബ്ദം പുറത്തുവരാതെ ഞാനും.
---
Chronic Lymphocytic Leukemia യുടെ ചികിത്സയ്ക്കുള്ള ആ കീമോതെറാപ്പി മരുന്നിന്‍റെ പേര് CLADRIBINE എന്നാണത്രേ.
തിരുവനന്തപുരം ആര്‍ സി സിയില്‍ നിരവധിപേര്‍ ഈ മരുന്ന് ലഭ്യമല്ലാത്തതിനാല്‍ ചികിത്സ നടക്കാതെ മരണം മുന്നില്‍ക്കണ്ട് നാളുകളെണ്ണുന്നു എന്നാണ് സാജിത പറഞ്ഞത്.
അപേക്ഷയാണ്.
കേട്ടത് ശരിയാണെങ്കില്‍, കേരളത്തിന്‍റെ ആരോഗ്യ മന്ത്രാലയം അടിയന്തരമായി ഇടപെടണം. ആര്‍ സി സിയില്‍ ഈ മരുന്ന് എത്രയും വേഗം ലഭ്യമാക്കണം.
---
മണിക്കൂറുകള്‍ക്കകം നൂറുകണക്കിന് ഷെയര്‍ ചെയ്യപ്പെട്ട ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മണിക്കൂറുകള്‍ക്കകം ആരോഗ്യമന്ത്രി നേരിട്ടിടപെടുകയായിരുന്നു. ആര്‍ സി സിയില്‍ ആ കീമോ തെറാപ്പി മരുന്ന് സൗജന്യമായി ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചതായി ഫെയ്സ്ബുക് പോസ്റ്റിലൂടെതന്നെ അവര്‍ പ്രഖ്യാപിച്ചു.
ഇതില്‍ യാതൊരുവിധ ആത്മപ്രശംസയുമില്ല. ഒരു സാധാരണക്കാരന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് അതുള്‍ക്കൊള്ളുന്ന പൂര്‍ണ്ണ ഗൗരവത്തോടെ സ്വീകരിക്കാനും പരസ്പരം കൈമാറി പരമാവധി പ്രചരിപ്പിക്കാനും സന്നദ്ധരായ ദേശത്തും വിദേശത്തുമുള്ള പല തലത്തിലുള്ള മനുഷ്യര്‍ മുതല്‍ പോസ്റ്റിന്‍റെ ഗൗരവം കണ്ടറിഞ്ഞ് ഇടപെടാനും പരിഹാരം കാണാനുമൊക്കെ സന്നദ്ധയായ നല്ല ഭരണാധികാരി വരെയുള്ളവരുടെ ഹൃദയത്തിലെ വറ്റാത്ത കനിവാണ് വിജയം സാധ്യമാക്കിയത്.
ഇങ്ങനെ ഒരുപാട് സാധ്യതകളുള്ള, (ഇടയ്ക്കെങ്കിലും) ഹൃദയപൂര്‍വ്വം ഉണര്‍ന്നിടപെടുന്ന ഒരു ജനകീയ മാധ്യമത്തെ അള്‍ത്താരയുടെ സുഖശീതളിമയിലിരുന്ന് സാത്താന്‍റേതെന്ന് നിര്‍ദ്ദയം അപഹസിക്കാനും കണ്ണടച്ചു തള്ളിപ്പറയാനും എങ്ങനെയാണ് നിങ്ങള്‍ക്ക് മനസ്സുവരുന്നത്?