രാജസ്ഥാനിലെ ബിക്കാനീറില്‍ അത് മെയ് മാസത്തിലെ ഒരു ചൂടന്‍ ഞായറാഴ്ചയായിരുന്നു. കൃത്യമായിപ്പറഞ്ഞാല്‍ 2002 മെയ് 26. മധ്യവേനലവധിക്ക് സ്കൂളടച്ച സമയം. ഉച്ചയ്ക്ക് വീട്ടില്‍ കുറേ അതിഥികളുണ്ടായിരുന്നു. അച്ഛന്‍ സ്വീകരണമുറിയില്‍ അവരോട് വര്‍ത്തമാനം പറഞ്ഞിരിക്കുന്നു. ചേച്ചി അവര്‍ക്കുള്ള ചായയുണ്ടാക്കുന്നു. അമ്മയാകട്ടെ പുറത്ത് കൂളറില്‍ വെള്ളം നിറയ്ക്കുന്ന പണിയിലും. നിറപ്പകിട്ടുള്ള ഉടുപ്പൊക്കെയണിഞ്ഞ് വെറുതേ മുറ്റത്തേക്കിറങ്ങിയതായിരുന്നു പതിമൂന്നുകാരി മാളവിക. പെട്ടെന്നാണവള്‍ അത് ശ്രദ്ധിച്ചത് തന്‍റെ ജീന്‍സിന്‍റെ പോക്കറ്റിനൊരു കീറല്‍. അവള്‍ക്കാകെ സങ്കടമായി. ഫെവിക്കോളെടുത്ത് ഇതൊന്ന് ഒട്ടിക്കുകതന്നെ; അവള്‍ തീരുമാനിച്ചു. കീറിപ്പോയ തുണി പശതേച്ച് ചേര്‍ത്തുവച്ച് അമര്‍ത്തിയുറപ്പിക്കണം. അതിന് കനമുള്ള എന്തെങ്കിലും വേണമല്ലോ എന്നോര്‍ത്ത് സമീപത്തെ ഗ്യാരേജില്‍ അവള്‍ പരതാനാരംഭിച്ചു. വൈകാതെ തടിച്ചുരുണ്ട് ഭാരമുള്ള ഒരു ലോഹവസ്തു അവളുടെ കണ്ണില്‍പ്പെട്ടു. അതുമെടുത്ത് അവള്‍ തന്‍റെ മുറിയിലേക്ക് നടന്നു. മുറിയിലെത്തിയ അവള്‍ ജീന്‍സിന്‍റെ കീറിപ്പോയ അറ്റങ്ങള്‍ പശതേച്ച് മേശപ്പുറത്തുവച്ച് ഗ്യാരേജില്‍നിന്നു കിട്ടിയ സാധനം കൊണ്ട് അമര്‍ത്തിയുറപ്പിക്കാന്‍ തുടങ്ങി. കാതടപ്പിക്കുന്ന ഭീകരശബ്ദത്തോടെ അത് പൊട്ടിത്തെറിച്ചു. ശബ്ദം കേട്ട് ഓടിയെത്തിയ കുടുംബാംഗങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിത്തരിച്ചുപോയി. കൗമാരക്കാരിയായ മകളുടെ മുറിയില്‍ പൊട്ടിത്തെറിച്ചത് ഒരു ഗ്രനേഡാണെന്ന് പിന്നീടറിഞ്ഞു. അവര്‍ താമസിക്കുന്ന കോളനിക്കടുത്ത് സൈന്യത്തിന്‍റെ ഒരു ആയുധപ്പുര ഉണ്ടായിരുന്നത്രേ. കുറച്ചുകാലം മുമ്പ് അതിനു തീപിടിച്ചു. ഭീകരമായ സ്ഫോടനത്തെത്തുടര്‍ന്ന് ആയുധങ്ങള്‍ ചുറ്റുപാടും ചിതറിത്തെറിച്ചു. അങ്ങനെ തെറിച്ചുവീണ ഗ്രനേഡുകളിലൊന്നായിരുന്നു കഷ്ടകാലത്തിന് ആ പെണ്‍കുട്ടിയുടെ കയ്യില്‍ത്തടഞ്ഞത്.
സ്ഫോടനത്തിന്‍റെ ഞെട്ടലില്‍നിന്ന് അവളെ ഉണര്‍ത്തിയത് അമ്മയുടെ നെഞ്ചുപൊട്ടുന്ന നിലവിളി യായിരുന്നു. എന്‍റെ മോളുടെ കൈകള്‍...! അവള്‍ തന്‍റെ കൈകളിലേക്ക് നോക്കി. കൈപ്പത്തിയുടെ സ്ഥാനത്ത് അവയില്ല. ചുറ്റും രക്തക്കളം. പക്ഷേ അവള്‍ക്ക് വേദന തോന്നിയില്ല. ആകെയൊരു മരവിപ്പ്. ഞെട്ടലില്‍ നിന്നുണര്‍ന്ന അച്ഛനും കൂട്ടുകാരനും ചേര്‍ന്ന് അവളെ വാരിയെടുത്ത് ആശുപത്രിയിലേക്ക് പാഞ്ഞു. വണ്ടിയില്‍ വച്ചാണത് ശ്രദ്ധിച്ചത്. കാലുകളുടെ അവസ്ഥ... അല്‍പ്പം മാംസത്തില്‍ അറ്റുതൂങ്ങിക്കിടപ്പാണവ! അങ്കിള്‍, എന്‍റെ കാലൊന്ന് പിടിക്കാമോ... അതിപ്പൊ മുറിഞ്ഞു..." അവള്‍ അച്ഛന്‍റെ കൂട്ടുകാരനോട് പറഞ്ഞു. അയാള്‍ വിറയാര്‍ന്ന കൈകള്‍ കൊണ്ട് ഒരു തൂവാല അവയ്ക്കു ചുറ്റുമായി കെട്ടി.
നാലാമത്തെ ദിവസമായിരുന്നു വേദന അറിഞ്ഞുതുടങ്ങിയത്. മാളവിക ഓര്‍ക്കുന്നു -എന്തൊരു വേദനയായിരുന്നു അത്! ഹോ! ഓരോ അണുവിനെയും കീറിപ്പിളര്‍ക്കുന്ന സഹിക്കാനാവാത്ത കൊടിയ വേദന..! ആയിരക്കണക്കിനു ലോഹച്ചില്ലുകള്‍ തുളഞ്ഞുകയറിയിരുന്നു അവളുടെ കാലുകളില്‍. കാലില്‍ കയറിയ ചില്ലുകള്‍ മാറ്റി വൃത്തിയാക്കിയെടുക്കാന്‍ മാത്രം മൂന്നു മാസത്തോളമെടുത്തു. ഇക്കാലമത്രയും അണുബാ ധയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് മുറിവുകള്‍ തുറന്നുതന്നെ വയ്ക്കേണ്ടിവന്നു. എല്ലുകള്‍ക്ക് നിരവധി പൊട്ടലും ഗുരുതരമായ നാഡീക്ഷതവുമുണ്ടായി. ഒരു കാലിന് സംവേദനശേഷിയും നഷ്ടമായി. ചികിത്സാര്‍ത്ഥം അവര്‍ ജന്മനാടായ ചെന്നൈയിലേ ക്കെത്തി. 18 മാസങ്ങള്‍ നീണ്ട ചികിത്സയ്ക്കൊടുവില്‍ മാളവിക ക്രമേണ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തി.
തന്‍റെ വര്‍ണ്ണച്ചിറകുകളരിഞ്ഞ വിധിയെ അവള്‍ പഴിച്ചില്ല, ഇനിയെന്തെന്ന് കണ്ണീര്‍വാര്‍ത്തില്ല. അമ്മ ഹേമ കൃഷ്ണന്‍ അവളെ അതിനനു വദിച്ചില്ല എന്നതാണ് സത്യം. അവരൊരുമിച്ച് അതിജീവനത്തിന്‍റെ നിറമുള്ള സ്വപ്നങ്ങള്‍ നെയ്തു. ഉറക്കത്തില്‍ കാണുന്നതല്ല ഉറങ്ങാനനുവദിക്കാത്തതാണ് സ്വപ്നമെന്ന് ആ അമ്മ തന്‍റെ മകളെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. അമ്മയായിരുന്നു എല്ലാ അര്‍ത്ഥത്തിലും അവള്‍ക്ക് തുണ.
അറ്റുപോയ കൈപ്പത്തിക്കുമേല്‍ റബ്ബര്‍ബാന്‍ഡുകൊണ്ട് പേനവച്ചുകെട്ടി അവള്‍ അക്ഷരവഴിയില്‍ പതിയെ പിച്ചവച്ചുതുടങ്ങി. പത്താം ക്ലാസ് പരീക്ഷ പ്രൈവറ്റായാണെഴുതിയത്. അഞ്ഞൂറില്‍ 483 മാര്‍ക്ക് നേടിയ അവള്‍ക്കായിരുന്നു ആ ബാച്ചില്‍ ഒന്നാം റാങ്ക്. ഒരു ഭിന്നശേഷിക്കാരിയുടെ അസാമാന്യനേട്ടം പത്രമാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി. അന്നത്തെ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാം അവളെ രാഷ്ട്രപതിഭവനിലേക്ക് ക്ഷണിച്ചു. അവളുടെ സിരകളില്‍ അതിജീവനത്തിന്‍റെ ഊര്‍ജ്ജം നിറയുകയായി. പിന്നെയവള്‍ തിരിഞ്ഞുനോക്കിയിട്ടില്ല. വിജയത്തിന്‍റെ പടവുകള്‍ ഒന്നൊന്നായി അവള്‍ ചവിട്ടിക്കയറി. ഉപരിപഠനത്തിനായി ദില്ലിയിലെത്തിയ മാളവിക സെന്‍റ് സ്റ്റീഫന്‍സ് കോളേജില്‍നിന്ന് എക്കണോമിക്സില്‍ ബിരുദധാരിയായി. തുടര്‍ന്ന് ഡെല്‍ഹി സ്കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്കില്‍ നിന്ന് ബിരുദാനന്തര ബിരുദവും മദ്രാസ് സ്കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്കില്‍ നിന്ന് എം ഫിലും നേടി. 2012ലെ എറ്റവും മികച്ച എം ഫില്‍ തിസിസിനുള്ള പ്രത്യേക പുരസ്കാരവും അവള്‍ക്കായിരുന്നു. ഇക്കഴിഞ്ഞവര്‍ഷം Attitude of undergraduate students towards differently-abled individuals എന്ന വിഷയത്തില്‍ പി എച്ച് ഡി നേടിയ മാളവിക അങ്ങനെ ഡോ. മാളവിക അയ്യര്‍ ആയി.
2013ല്‍ ചെന്നൈയില്‍ നടന്ന TEDx Youth ല്‍ പ്രഭാഷണത്തിനായി മാളവിക ക്ഷണിക്കപ്പെട്ടു. പ്രചോദനാത്മക പ്രഭാഷക എന്ന നിലയില്‍ അവള്‍ക്ക് അതൊരു മികച്ച തുടക്കമായി. തുടര്‍ന്ന്, അമേരിക്ക, ഇന്തോനേഷ്യ, നോര്‍വെ, ദക്ഷിണാഫ്രിക്ക തുടങ്ങി നിരവധി രാജ്യങ്ങളിലെ ശ്രദ്ധേയമായ വേദികളില്‍ പ്രഭാഷകയെന്ന നിലയില്‍ അവള്‍ ജനസഹസ്രങ്ങളുടെ ആദരം നേടി. ഐക്യരാഷ്ട്രസഭ 2017 മാര്‍ച്ചില്‍ ന്യൂയോര്‍ക്കില്‍ നടന്ന ഒരു പ്രഭാഷണത്തിനായി മാളവികയെ ക്ഷണിച്ചു. മാളവികയുടെ അനുഭവത്തിന്‍റെ ചൂടും ചൂരുമുള്ള ആ പ്രഭാഷണത്തെ എഴുന്നേറ്റു നിന്നുള്ള കരഘോഷത്തോടെയാണ് യു എന്‍ അന്തര്‍ദ്ദേശീയ പ്രതിനിധികള്‍ വരവേറ്റത്. ഭിന്നശേഷിക്കാരോടുള്ള പൊതുസമൂഹത്തിന്‍റെ മനോഭാവത്തില്‍ സമൂലമായ മാറ്റമുണ്ടാകണമെന്ന് തന്‍റെ പ്രഭാഷണങ്ങളിലൂടെയും എഴുത്തുകളിലൂടെയും അവള്‍ ലോകത്തോട് ആവശ്യപ്പെടുന്നു. ഇന്ന്, ഐക്യരാഷ്ട്ര സംഘടനയുടെ ഇന്‍റര്‍ ഏജന്‍സി നെറ്റ് വര്‍ക് ഓണ്‍ യൂത്ത് ഡെവലപ്മെന്‍റിന്‍റെ പ്രവര്‍ത്തനങ്ങളിലും സജീവ പങ്കാളിയാണ് മാളവിക. ഇതിനൊക്കെപ്പുറമേ പാചകം, മോഡലിംഗ് തുടങ്ങി മാളവിക കൈവയ്ക്കാത്ത മേഖലകളില്ല.
മാസങ്ങളോളം കിടക്കയിലാണ്ടുപോയപ്പോള്‍ ഒന്നെണീറ്റു നടക്കുക എന്നതായിരുന്നു എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം. പിന്നീട്, പിച്ചവച്ചു നടക്കാറായപ്പോഴേക്കും അത് സ്റ്റെയര്‍കേസ് കയറാനായെങ്കില്‍ എന്നായി. മുകളിലെത്തിയപ്പോള്‍ ഇനി എങ്ങനെ കൈമുട്ടുകൊണ്ട് റിമോട്ട് പ്രവര്‍ത്തിപ്പിക്കാനാവും എന്നതായി ലക്ഷ്യം. നോക്കൂ... എന്‍റെ ചുറ്റുമുള്ള മനുഷ്യര്‍ എല്ലായ്പ്പോഴും മത്സരത്തിലാണ്. ജീവിതത്തിന്‍റെ സമസ്ത തലങ്ങളിലും ഒന്നാമതെത്താനുള്ള വലിയ മത്സരം. എന്നാല്‍ എനിക്കങ്ങനെ ഒരു ചിന്തയില്ല. കാരണം, ജീവിതത്തിന്‍റെ സമസ്തതലങ്ങളിലും ഞാന്‍ തോല്‍വി മുന്നില്‍ക്കണ്ടിട്ടുണ്ട്. ഓരോ പ്രതിസന്ധിയെയും അതിജീവിക്കാന്‍ പഠിച്ചിട്ടുമുണ്ട്. മാളവിക സ്വയം വിലയിരുത്തുന്നു.
ദേശീയവും അന്തര്‍ദ്ദേശീയവുമായ നിരവധി ബഹുമതികളും പുരസ്കാരങ്ങളും ഈ അസാമാന്യപ്രതിഭയെത്തേടിയെത്തിയിട്ടുണ്ട്. ഒടുവില്‍, 2018ല്‍ സ്ത്രീശാക്തീകരണരംഗത്തെ സവിശേഷമായ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യത്തെ ഒരു വനിതയ്ക്ക് ലഭിക്കാവുന്ന പരമോന്നത ബഹുമതിയായ നാരീശക്തി പുരസ്കാരത്തിന് മാളവിക അയ്യര്‍ അര്‍ഹയായി. ഇക്കഴിഞ്ഞ അന്തര്‍ദ്ദേശീയ വനിതാ ദിനത്തില്‍ ഇന്ത്യന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദില്‍നിന്ന് അവള്‍ അതേറ്റുവാങ്ങുമ്പോള്‍ കാലവും ചരിത്രവും ആ പോരാട്ടവീര്യത്തിനുമുന്നില്‍ ശിരസ്സുനമിക്കുകയായിരുന്നു.
2015ല്‍ കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് സംഘടിപ്പിച്ച ടെഡെക്സ് പ്രഭാഷണം മാളവിക ആരംഭിച്ചത് ഇങ്ങനെയാണ്...
Start Now
Start where you are
Start With fear
Start With pain
Start With doubt
Start With hands shaking
Start With voice trembling
But..Start.
Start with what you have
Start and never stop
Because you never know what you are made of until you are tested.