ഹൃദയത്തിലൊളിപ്പിച്ച സുഗന്ധവും
അഴിച്ചിട്ട മുടിയുമായി
ഇടവഴികളില്‍ ഞാന്‍ കാത്തുനിന്നു...
മുഖത്ത് വരുത്തിയ പുച്ഛവുമായി
കണ്‍കോണുകളിലൂടെ പലരുമെന്നെ നോക്കി
ഇരുളിന്‍റെ മറവിലൂടെന്നെ തേടിവന്നു
പണക്കിഴികളും പാരിതോഷികങ്ങളും നല്കി
ആരെങ്കിലും എന്‍റെ ഹൃദയഭരണി തുറക്കുമെന്നും
ആ സുഗന്ധത്തിലലിയുമെന്നും വെറുതെ ഞാന്‍ ആശിച്ചു.
അവനെ കണ്ടുമുട്ടുവോളം...
അവനെന്‍റെ കണ്ണുകളിലൂടെ ഹൃദയത്തിലേക്ക് നോക്കി
അഴുക്കുപുരണ്ട ശരീരത്തിനുള്ളിലെ
തുറക്കപ്പെടാത്ത ഹൃദയത്തിലേക്ക്
കലര്‍പ്പില്ലാത്ത കണ്ണീര്‍ തൈലത്താല്‍
കറയില്ലാത്ത പാദങ്ങള്‍ കഴുകി തുടച്ച്
ഞാനാ മുടി കെട്ടിവച്ചു...
വീണ്ടും ഞാനവനെ കാണുന്നത്
കൊലക്കളത്തിലേക്കുള്ള യാത്രയിലാണ്
അവനപ്പോഴും എന്‍റെ സുഗന്ധമുണ്ടായിരുന്നു
തോളില്‍ എന്‍റെ ഭൂതകാലവും...
അവന്‍റെ കണ്ണുകള്‍ അപ്പോഴും ശാന്തമായിരുന്നു
എന്‍റെ ഹൃദയംപോലെ.