news-details
അഭിമുഖം

അധ്യാപനത്തിന്‍റെ കല വഴിമാറുമ്പോള്‍

തിയേറ്ററിന്‍റെ സാധ്യതകളിലൂടെ അധ്യാപനത്തിന്‍റെയും അറിവിന്‍റെയും പുതുവഴിതേടുന്ന മനു ജോസ്.  തെളിമയുള്ള ചിന്തയും മൂര്‍ച്ചയുള്ള വാക്കും മനുവിന് മറ്റ് വിദ്യാഭ്യാസ ചിന്തകരില്‍ നിന്ന് തികച്ചും വ്യത്യസ്തനാകുന്നു. മനുവിന്‍റെ ആശയങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും മേഖലകളില്‍ നിന്നും അസ്സീസിക്കുവേണ്ടി ബാബു ചൊള്ളാനി നടത്തുന്ന യാത്രയാണ് അഭിമുഖം.

തയ്യാറാക്കിയത്: ബാബു ചൊള്ളാനി     

 

പതിനാറുപവന്‍റെ മാല ധരിച്ച് ഗാന്ധിയെക്കുറിച്ചും 'റിയല്‍ എസ്റ്റേറ്റും, പാറമടയും' ബിസിനസ്സുള്ള അധ്യാപകന്‍ പ്രകൃതിയുടെ സന്തുലിതാവസ്ഥയെക്കുറിച്ചുമൊക്കെ പറയുന്നതില്‍ വിദ്യാര്‍ത്ഥികള്‍ക്ക് എന്ത് മൂല്യബോധം ഉണ്ടാകാനാണ്. പഠനത്തില്‍ വേണ്ടുന്ന സാഹചര്യം ഒരുക്കിക്കൊടുക്കുന്ന 'ഫെസിലിറ്റേറ്റര്‍' ആയ ഇന്നത്തെ അധ്യാപകര്‍ അതുകൊണ്ടു തന്നെ 'ഗുരു'വാകുന്നത് തങ്ങളുടെ ജീവിതംകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍പില്‍ നില്‍ക്കുമ്പോഴാണ്. 

ഇടവപ്പാതിയുടെ കണ്ണു മറയ്ക്കുന്ന മഴനൂലിഴകളിലൂടെ ഞാനും എന്‍റെ സുഹൃത്ത് ഷിന്‍സും കാറിലിരുന്ന് പുറത്തേക്കു നോക്കി. എല്ലാ കവലകളിലും  പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരുടെ ഫ്ളക്സ് ബോര്‍ഡുകള്‍... എങ്ങും അഭിനന്ദന പ്രവാഹങ്ങളുടെ നിറക്കൂട്ടുകള്‍.. വിദ്യാഭ്യാസരംഗത്തെ വിപ്ലവകരമായ വിജയഭേരിയില്‍ ഞങ്ങള്‍ അഭിമാനത്തോടെ യാത്ര തുടര്‍ന്നു. മുളന്തുരുത്തിയുടെ അധികമാരും അറിയാത്ത ഒരു നാടക ശാലയിലേക്ക് ... 

'മീ ആന്‍ഡ് യൂ' തീയേറ്റര്‍ അക്കാഡമി.. 'തീയേറ്റര്‍ ശേഷികള്‍' ഒരു ബാധ പോലെ പറ്റിച്ചേര്‍ന്ന് തന്നില്‍ ഒരു 'മതം' ആയി രൂപാന്തരപ്പെട്ട മനുവെന്ന ഒരു പഴയകാല 'ഡും ഡും മാമന്‍റെ'(1) കഥകള്‍ കേള്‍ക്കാന്‍... ആ കഥയിലൂടെ കാര്യങ്ങള്‍ അറിയാന്‍... ആ കാര്യങ്ങള്‍ ഈ ലോകത്തോട് വിളിച്ചുപറയാന്‍. 'ആല' എന്നെഴുതിയ ദിശാസൂചികയ്ക്കടുത്ത് അദ്ദേഹം ഉണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ കറുത്ത ഫോര്‍ഡ് കാറിനു പിന്നാലെ ഇടവഴികള്‍ പിന്നിട്ട് ചെല്ലുമ്പോള്‍ തൃശൂര്‍ 'സ്കൂള്‍ ഓഫ് ഡ്രാമ' യുടെ പ്രതീതി ജനിപ്പിക്കുന്ന ഒരു തീയേറ്റര്‍. ഇരുട്ടിയിരുന്നെങ്കിലും പുറത്തുള്ള ഒരു ഓപ്പണ്‍ സ്റ്റേജ്, കയര്‍ കൊണ്ടുണ്ടാക്കിയ ഒരു വലയുടെ സാന്നിദ്ധ്യം, തൂക്കിയിട്ടിരിക്കുന്ന ബള്‍ബുകള്‍ എന്നിവയെല്ലാം ഒരു നാടകത്തിനു തയ്യാറായി നില്ക്കുന്നതു പോലെ തോന്നി. പുറത്ത് മഴയുടെ ശക്തി കുറഞ്ഞു വന്നു. ഞങ്ങള്‍ക്കിരിക്കാന്‍ കസേര തന്ന്, മുന്നിലെ അരമതിലില്‍ വെറുതെ ചാരി അദ്ദേഹം കഥ തുടങ്ങി:

അധികമാരും തിരഞ്ഞെടുക്കാത്ത 'തീയേറ്റര്‍ വര്‍ക്ഷോപ്പ്' കരിയറിലേക്ക്, കഥ പറച്ചിലിന്‍റെ സ്വതന്ത്രഭൂമിയിലേക്ക് സാറിനെ എത്തിച്ച സാഹചര്യങ്ങള്‍ എന്തെല്ലാമാണ്?

(ഒന്ന് ചമ്രം പടിഞ്ഞിരുന്ന് ചിരിച്ചു) നിങ്ങള്‍ക്ക് വിരോധമില്ലെങ്കില്‍ എന്നെ 'മനു' എന്നു മാത്രം വിളിക്കുക. സംബോധനകള്‍ എല്ലാം തന്നെ അധികാരത്തിന്‍റെ രാഷ്ട്രീയം ബോധപൂര്‍വ്വം അടിച്ചേല്‍പ്പിക്കുന്ന ഒന്നാണ്. ഞാന്‍ എല്ലാവരോടും (മുതിര്‍ന്നവരോടും കുട്ടികളോടും) എന്നെ ഇങ്ങനെ തന്നെ വിളിക്കാനാണ് പറയുന്നത്. കലയോടും സാഹിത്യത്തോടും അത്ര അകല്‍ച്ച ഇല്ലാത്ത ഒരു കുടുംബമായിരുന്നു എന്‍റേത്. അതുകൊണ്ട്തന്നെ എന്‍റെ അഭിനയ മോഹങ്ങളെ, സര്‍ഗ്ഗവാസനകളെ ഞാന്‍ ആവോളം താലോലിച്ചു. പൂനയില്‍ പോയി പഠിക്കണം എന്ന എന്‍റെ ആഗ്രഹത്തെ മുറിപ്പെടുത്താതെ തന്നെ തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ പഠിച്ചു കൂടെ (അന്ന് തൃശൂര്‍ പുതുക്കാട് ആണ് താമസം) എന്ന അപ്പന്‍റെ നിര്‍ദ്ദേശത്തിന് ഞാന്‍ വഴങ്ങി. എങ്കിലും 'സിനിമ അഭിനയം' തന്നെയായിരുന്നു മനസ്സില്‍. പക്ഷെ 'സ്കൂള്‍ ഓഫ് ഡ്രാമ' എനിക്ക് നല്‍കിയത് ഒരു മത(2)മായിരുന്നു. 'പുലി മനുഷ്യന്‍റെ ചോര കുടിച്ചാല്‍ പിന്നെ അതു മാത്രം മതി' എന്ന വന്യമായ ഒരു ആവേശവും അഭിനിവേശവും നാടകങ്ങളോട്  (നാടകം എന്നു പറയുന്നതിലും 'തീയേറ്റര്‍' എന്നു പറയുന്നതാവും കൂടുതല്‍ വ്യാപ്തി) എനിക്ക് തോന്നിത്തുടങ്ങി.

എന്തു ചെയ്താലും നാടകത്തിന്‍റെ ഒരു എനര്‍ജി എപ്പോഴും കൂടെ ഉണ്ടാവും. പിന്നീട് പോണ്ടിച്ചേരിയില്‍ എം. എ. (ആക്ടിങ്) ചെയ്ത് ഒരു വര്‍ഷത്തോളം നാടകങ്ങളില്‍ അഭിനയിച്ചു. സിനിമയുടെ അഭ്രപാളികള്‍ ഒന്നു രണ്ടു തവണ ആകര്‍ഷിച്ചെങ്കിലും എന്‍റെ ജീവിതം മറ്റൊരാളുടെ കൈയില്‍ കൊടുക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ തിരിഞ്ഞു നടന്നു. പിന്നീടാണ് 'ചിറകുകളില്‍' 'ഡും ഡും മാമനാ'യി ഏഷ്യാനെറ്റിലും 'മിഠായി വണ്ടിയായി' കൈരളിയിലുമൊക്കെ വന്നത്. ഇതില്‍ മലയാള ഭാഷ പഠിപ്പിക്കുന്നതിനുള്ള, 'കണ്‍വെന്‍ഷനല്‍ സ്കൂളിംഗ്' - ല്‍ നിന്നും വിഭിന്നമായ ഒന്നായിരുന്നു ചിറകുകള്‍. ഇതിനിടയില്‍ നീലഗിരിയിലെ ട്രൈബല്‍ വിഭാഗങ്ങളായ മുള്ളക്കുറുമ്പ, പണിയര്‍, കാട്ടുനായ്ക്കര്‍ ഇവരുടെ ഇടയില്‍ ജോലി(3) നോക്കവേ ഒരു 'കള്‍ച്ചറല്‍ ഡോക്യുമെന്‍റേഷന്‍റെ ഭാഗമായി ഇവരുടെ പാട്ടുകള്‍ ശേഖരിച്ച് 'പുത്തേരി' എന്ന പേരില്‍ ഒരു സി. ഡി. ഇറക്കി. ഗൂഡല്ലൂരില്‍ നിന്ന് തിരിച്ച് നാട്ടില്‍ വന്ന് ഇനി എന്ത് എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് (ഗള്‍ഫില്‍ പോകാനോ, ആരുടേയും കീഴില്‍ ജോലി ചെയ്യാനോ എനിക്കു താത്പര്യമില്ലായിരുന്നു) എഷ്യാനെറ്റിലെ രാധികാ മേനോന്‍ എന്നോട് കഥ പറച്ചിലിന്‍റെ സാധ്യതകളെക്കുറിച്ച് സംസാരിക്കുന്നതും എന്നെ പ്രോത്സാഹിപ്പിക്കുന്നതും. തുടര്‍ന്ന് കോഴിക്കോട് കടപ്പുറത്ത് 'തിരികല്ല്' എന്ന കടലില്‍ ഉപ്പുണ്ടായതിന്‍റെ കഥ പറഞ്ഞ് തുടങ്ങി. ഇന്നും ഉറ കെട്ടുപോകാതെ കഥപറച്ചില്‍ അനുസ്യൂതം തുടരുന്നു. ഒപ്പം  ഒ. സി. മാര്‍ട്ടിന്‍ എന്ന ചിത്രകാരനും തീയേറ്റര്‍ മ്യുസിഷനും ആയ ഉറ്റ ചങ്ങാതിയും. 

കലകളെല്ലാം തന്നെ ഒരു കഥനരീതിയാണ്. അതുകൊണ്ടുതന്നെ കഥപറച്ചില്‍ എന്ന ബോധനരീതിയെ എങ്ങനെ വിലയിരുത്തുന്നു?

'ഇന്‍റര്‍നാഷണല്‍ സ്റ്റോറി ടെല്ലിംഗ്' എന്നത് മറ്റു കഥ പറച്ചിലുകളില്‍ നിന്നും വിഭിന്നമാണ്. ഒന്ന് നിര്‍വചിക്കുകയാണെങ്കില്‍ "It is something interactive'.. ഇവിടെ കഥ പറയുന്നയാള്‍ കേള്‍ക്കുന്നവന്‍റെ അഭിപ്രായങ്ങളിലൂടെ തന്നെ സഞ്ചരിച്ച് ആ 'ബൈപാസി' ലൂടെ വീണ്ടും തന്‍റെ തന്നെ കഥയുടെ മെയിന്‍ റോഡിലെത്തുന്നു. അതുകൊണ്ടുതന്നെ ഇത്തരം കഥപറച്ചിലുകളില്‍ പാട്ടുണ്ട്, അഭിനയമുണ്ട്. അങ്ങനെ, കേള്‍ക്കുന്നവരെ ഇതിന്‍റെ ഭാഗമാക്കുന്നതിനുള്ള ഒരു സംവിധാനമികവുണ്ടാകണം. കാരണം ഒരിക്കലും ഇത് 'ലീനിയര്‍' അല്ല. കൂടാതെ കഥയുടെ മെസ്സേജ് (നന്മ - തിന്മ പോരാട്ടങ്ങള്‍) എന്ന കാര്യത്തേക്കാള്‍ അധികമായി സമൂഹത്തില്‍ നിന്ന് നഷ്ടപ്പെട്ടു പോയ ഇത്തരം ജനക്കൂട്ടങ്ങള്‍ (crowd) തരുന്ന അനുഭവം കുട്ടികള്‍ക്കു വീണ്ടുകിട്ടുന്നു. അപ്പന്‍റെയോ അധ്യാപകന്‍റെയോ പ്രായമുള്ളയാള്‍ കാണിക്കുന്ന രസകരമായ ഭാവാഭിനയങ്ങളും ഭാഷകളും അവരുടെ ബോധമണ്ഡലത്തിലെ ചില ധാരണകളെ ഇളക്കുന്നു. 

ഒരു തരം 'ഹയരാര്‍ക്കിക്കല്‍ സ്ട്രക്ച്ചര്‍' ഇല്ലാതാകുന്ന അനുഭവമാണോ?

Exactly; കുട്ടികളുടെ മുന്‍പില്‍ വലിപ്പ-ചെറുപ്പ സ്ഥാന-സംബോധനകളില്ലാതെ, 'സ്റ്റേജ്' എന്ന ഒരു  കണ്‍വെന്‍ഷണല്‍ platform ഇല്ലാതെ കഥ പറയുന്നു അവരില്‍ ഒരാളായി നിന്നുകൊണ്ട്. ഒരു സ്കൂളില്‍ മീറ്റിങ്ങ് നടന്നാല്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നായി മാറിയിരിക്കുന്നു സ്റ്റേജും മൈക്കും മേശയും കസേരയും. കുട്ടികള്‍ എന്നും ഇത്തരം വേദിയിലിരിക്കുന്നവരില്‍ നിന്നും വളരെ അകലെയാണ് മനസ്സു കൊണ്ടും ശരീരം കൊണ്ടും. അനാവശ്യമായി പടുത്തുയര്‍ത്തപ്പെടുന്ന 'ഉയര്‍ന്ന' അതിഥികളും 'താഴ്ന്ന' വിദ്യാര്‍ത്ഥിസമൂഹവും പഴയ 'കൊളോണിയലിസ'ത്തിന്‍റെ അനുരണനങ്ങള്‍ തന്നെയാണ്. ഇത്തരം വിപത്തുകള്‍ കഥ പറച്ചിലില്‍ അറിയാതെ പൊളിക്കപ്പെടുന്നു. അതായത് ജനാധിപത്യപരമായ സാമൂഹിക അവസ്ഥ പഠിപ്പിക്കുന്നവനും പഠിപ്പിക്കപ്പെടുന്നവനും തമ്മില്‍, സംസാരിക്കുന്നവനും കേള്‍ക്കുന്നവനും തമ്മില്‍, വില്‍ക്കുന്നവനും വാങ്ങുന്നവനും തമ്മില്‍ സംജാതമാകുന്നു.

എത്രയോ കഥകള്‍, വേദികള്‍, ജനപക്ഷങ്ങള്‍, കുട്ടികള്‍ എന്തു തോന്നുന്നു ഇതുവരെയുള്ള ജീവിതത്തെകുറിച്ച്?

ഇവിടെ എടുത്തു പറയേണ്ട ഒരു കാര്യം ഉണ്ട്. ഞാന്‍ കഥ പറയുന്നത് കുട്ടികള്‍ക്കു വേണ്ടിയല്ല. എനിക്കു വേണ്ടിയാണ്. ശ്രീനാരായണഗുരു സ്വാമികള്‍ പറയുന്നതു പോലെ, "അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന്ന് സുഖത്തിനായ് വരേണം". അതുകൊണ്ട് എന്‍റെ മനഃസംതൃപ്തിയാണ് എനിക്ക് പ്രധാനം. അതില്‍ നിന്ന് കുട്ടികള്‍ക്ക് ഗുണം കിട്ടുന്നുണ്ട് എങ്കില്‍ വളരെ നല്ലത്. ശരിക്കും എനിക്ക് മുതിര്‍ന്ന ഒരു "audience'ആയിരുന്നു താല്‍പര്യം. എന്നാല്‍ ഗൂഡല്ലൂരില്‍ ജോലി നോക്കുമ്പോള്‍ എന്‍റെ സുഹൃത്തുക്കള്‍ പറഞ്ഞു: "Children are a neglected community'. അവരെ ഒന്നു കോണ്‍സന്‍ട്രേറ്റ് ചെയ്യണമെന്ന്. എന്നിലെ ഞാന്‍ അനുഭവിക്കുന്ന സംതൃപ്തി അതുകൊണ്ട് തന്നെ കുട്ടികളിലേക്ക് പ്രവഹിക്കുന്നു. അത്രമാത്രം. 

ഇത് എനിക്കുവേണ്ടി ഞാന്‍ തിരഞ്ഞെടുത്ത എന്നെ കണ്ടെത്തുന്ന വഴിയാണ്. അതുകൊണ്ട് തന്നെ ഞാന്‍ വളരെ സംതൃപ്തി അനുഭവിക്കുന്നു. കഥ പറയുവാന്‍ വേണ്ടി കഥകള്‍ തിരയുമ്പോള്‍ ഞാനറിയാതെ പല കഥകളും എന്നെ തേടി വരുന്നതുപോലെ തോന്നിയിട്ടുണ്ട്. ഓരോ കഥകള്‍ക്കും പല "layers'  ഉണ്ട്. അത് കുട്ടികളുടെ മുന്‍പില്‍ ഉള്ളിയുടെ തൊണ്ട് പൊളിക്കുന്നതു പോലെ ചെയ്യുമ്പോള്‍ അവരുടെ കണ്ണുകളില്‍ തെളിയുന്ന 'ആഹാ' മൊമെന്‍റ് (നിമിഷം)അത് ക്രിയേറ്റ് ചെയ്യുന്നതിലാണ് വിജയം. 

'ചൈല്‍ഡ് സെന്‍റേഡ്' വിദ്യാഭ്യാസം നിലനില്ക്കുന്ന ഇന്നിന്‍റെ ക്ലാസ്മുറികളില്‍ ഇത്തരം 'ആഹാ' നിമിഷങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ടോ?

ഇവിടെ ഞാന്‍ മറ്റൊരു കാര്യം പറയാം. എന്‍റെ ഈ അക്കാഡമിക്ക് (തിയേറ്റര്‍) 'മീ ആന്‍ഡ് യു' എന്നാണ് ഞാന്‍ പേര് നല്കിയിരിക്കുന്നത്. എന്‍റെ സുഹൃത്ത് പറഞ്ഞു: ഇംഗ്ലീഷ് ഗ്രാമര്‍ അനുസരിച്ച് ഇതിലൊരു തെറ്റുണ്ട്. അതെനിക്കറിയാം. പക്ഷെ ബോധപൂര്‍വമാണ് ഞാന്‍ ഈ പേര് നല്‍കിയത്. ഞാന്‍ നേരത്തെ പറഞ്ഞതുപോലെ എനിക്ക് സന്തോഷം തരുന്ന, സംതൃപ്തി നല്കുന്ന ഒന്നു മാത്രമേ മറ്റൊരാള്‍ക്ക് നല്കാന്‍ സാധിക്കൂ. അതുകൊണ്ട് ഇന്നത്തെ വിദ്യാഭ്യാസ മേഖലയില്‍ (ഞാനൊരു വലിയ educationist ഒന്നുമല്ല കേട്ടോ) പ്രവര്‍ത്തിക്കുന്നവരുടെ ഉള്ളുകളില്‍ അത്ഭുതമുണ്ടോ എന്നറിയണം. അധ്യാപകര്‍ അവരെത്തന്നെ അറിയുന്നുണ്ടോ എന്നറിയണം. ഒരു കുട്ടിയുടെ ഉള്ളില്‍ അവന്‍റെ/ അവളുടെ 'സെല്‍ഫ്' അതു കണ്ടെത്തപ്പെടണം. ഉപരിപ്ലവമായ ഒരു തേച്ചുപിടിപ്പിക്കലല്ലല്ലൊ വിദ്യാഭ്യാസം.  അതിന് സ്വയാവബോധത്തിന്‍റെ അറകള്‍ അധ്യാപകര്‍ തുറക്കണം. 

മറ്റൊന്ന് കുട്ടികളില്‍ 'ആഹാ' മൊമെന്‍റുകള്‍ സൃഷ്ടിക്കപ്പെടുന്നത് ആഖ്യാനത്തിന്‍റെ "performance',', അതിലെ ക്രിയേറ്റിവിറ്റി - അത് പാട്ടാകാം, അഭിനയമാകാം, ശരീരം കൊണ്ടുള്ള എക്സ്പ്രഷന്‍സ് ആകാം. പക്ഷെ ഇന്നത്തെ അധ്യാപകര്‍ വളരെയേറെ വ്യക്തിപരമായ ഇന്‍സെക്യൂരിറ്റി അനുഭവിക്കുന്നവരാണ്. കൃത്യമായി പറഞ്ഞാല്‍ ഒരു 'ബോഡി ഷെയിം' അനുഭവിക്കുന്നവരാണ്. ഉദാഹരണത്തിന് സാരി ഉടുത്തുവരുന്ന ഒരു ടീച്ചര്‍ തന്‍റെ വയറ് കാണാതിരിക്കാന്‍ എത്രയോ തവണ സാരി വലിച്ചിടുന്നു. മറ്റു ചിലര്‍ വളരെ കഷ്ടപ്പെട്ട് എട്ടോ പത്തോ പിന്നുകള്‍ കുത്തി വരുന്നു. മുന്‍പിലിരിക്കുന്നവര്‍ വയറിന്‍റെ മേച്ചില്‍പ്പുറങ്ങള്‍ക്കപ്പുറം കാഴ്ചയുടെ അനുഭവമുള്ളവരാണ് എന്ന ബോധ്യമുണ്ടെങ്കില്‍ ഇത്തരത്തിലുള്ള Inhibitions നഷ്ടമാകുന്നതിനും  ശരീരഭാഷയിലൂടെ ക്ലാസ്സ് മുറികളില്‍ കൂടുതല്‍ സജീവമാകുന്നതിനും സാധിക്കുന്നു. വിദ്യാര്‍ത്ഥി സമൂഹം വളരെ എനെര്‍ജെറ്റിക്കാണ്. പാഠപുസ്തക വായനാനുഭവം മാത്രം നല്‍കുന്ന അലസമായ സാഹചര്യങ്ങളില്‍ ശരിക്കും കഥകളി പദങ്ങള്‍ക്ക് ചുവടുവയ്ക്കുന്നതുപോലെ അധ്യാപകര്‍ പെര്‍ഫോം ചെയ്യണം.  പണ്ടത്തെ മൂല്യബോധമുള്ള ആരും പറഞ്ഞാലും ഒന്നും സംഭവിക്കാത്ത 'നല്ല' അധ്യാപകരില്‍ നിന്നും ആര് എന്ത് പറഞ്ഞാലും എന്താകുമോ എന്ന് ഭയന്ന് ജീവിക്കുന്ന അധ്യാപകര്‍ക്ക് ഒരിക്കലും ഈ 'പെര്‍ഫോര്‍മന്‍സ്' ലെവല്‍ ഉപയോഗിക്കാന്‍ പറ്റാതെ വരുന്നു. അതുകൊണ്ട് തന്നെ ക്ലാസ് മുറികള്‍ ജയിലറകള്‍ ആകുന്നു, ബെല്ലടിക്കുന്നു, പുസ്തകമെടുക്കുന്നു, നിശ്ശബ്ദരാകുന്നു, റോള്‍ നമ്പര്‍ നല്‍കുന്നു, നിരയായി പോകുന്നു. 'ആഹാ' മൊമെന്‍റുകള്‍ക്ക് പകരം 'അയ്യോ' മൊമെന്‍റുകള്‍ സൃഷ്ടിക്കപ്പെടുന്നു. (ചുരുക്കം ചില വ്യത്യാസങ്ങളെ വിസ്മരിക്കുന്നില്ല).

പണ്ടുകാലങ്ങളെ അപേക്ഷിച്ച് ഹൈ-ടെക് ക്ലാസ്സ് മുറികളുള്ള ഇന്നത്തെ സംവിധാനത്തില്‍ ഇത്തരം പെര്‍ഫോമന്‍സിന് എന്തുമാത്രം സാധ്യതകളാണുള്ളത്? 

ഈ ഹൈടെക് സംവിധാനങ്ങളും മറ്റുമുണ്ടെങ്കിലും വിഷ്വല്‍ ഇന്‍റലിജെന്‍സും കൈനസ്തറ്റിക് ഇന്‍റലിജെന്‍സും തമ്മില്‍ ബന്ധിക്കപ്പെടാനാവാത്ത ക്ലാസ്സില്‍ എന്ത് ലേണിംഗ് ആണ് നടക്കുക. ഒരു കാര്യം മനസ്സിലാക്കേണ്ടത് ഇന്നുള്ള അറിവിന്‍റെ വിസ്ഫോടന യുഗത്തില്‍ ആര്‍ക്കും ആരേയും ഒന്നും 'പഠിപ്പിക്കാന്‍' (Teach) സാധിക്കില്ല. അതുകൊണ്ടാണ് ആധുനിക വിദ്യാഭ്യാസ സെനാരിയോയില്‍ ബോധപൂര്‍വം "Teacher' എന്നതിനു പകരം "Facilitator'  എന്ന് ഉപയോഗിക്കുന്നത്. ഗ്ലോബലൈസേഷനും തത്ഫലമായുണ്ടായ ഓപ്പണ്‍ മാര്‍ക്കറ്റ് എക്കോണമിയുമെല്ലാം ഇന്നത്തെ കരിക്കുലത്തില്‍ അഭൂതമായ മാറ്റം വരുത്തിയിട്ടുണ്ട്. പക്ഷെ പല അധ്യാപകരും അവരുടെ"potential' തിരിച്ചറിയാന്‍ സാധിക്കാതെ, തിരിച്ചറിഞ്ഞവര്‍ 'റിസ്ക്' എടുക്കാന്‍ തയ്യാറാകാതെ, മുന്‍പിലിരിക്കുന്ന കുട്ടിയുടെ "multiple intelligence'' എന്ന കാര്യം വിസ്മരിച്ച് A+ ലും പാഠം തീര്‍ക്കുന്നതിലും മുഴുകുന്നു. ചുരുക്കിപറഞ്ഞാല്‍ പെര്‍ഫോമന്‍സ് ലെവല്‍ അല്ല അധ്യാപകരുടെ കമ്മിറ്റ്മെന്‍റ് ലെവല്‍ ആണ് ആദ്യം ഉയരേണ്ടത് എന്നു തോന്നുന്നു.

21 -ാം നൂറ്റാണ്ടിലെ വിദ്യാര്‍ത്ഥി സമൂഹം, 20 -ാം നൂറ്റാണ്ടിലെ അധ്യാപകര്‍, 19 -ാം നൂറ്റാണ്ടിലെയും അതിനു പിന്നോട്ടുമുള്ള കരിക്കുലം. വല്ലാത്ത ഒരു പൊരുത്തക്കേടും അസ്വസ്ഥതയും നിലനില്ക്കുന്നില്ലേ? 

കുറച്ചു നാളുകള്‍ക്ക് മുമ്പ് അധ്യാപകനെ വിദ്യാര്‍ത്ഥി അടിച്ച സംഭവവുമായി ബന്ധപ്പെട്ട് വാട്ട്സാപ്പില്‍ വന്ന അധ്യാപകന്‍റെ സെന്‍റിമെന്‍റല്‍ വാക്കുകള്‍ ഉണ്ട്, 'ഒരു മകനേ പോലെ കരുതി സ്നേഹിച്ചിട്ടും....ഇനി നമ്മളൊക്കെ യാന്ത്രികമായി...' ഇതൊക്കെ ആരെക്കാണിക്കാനാണ്. പണ്ടു കാലങ്ങളില്‍ കണ്ണുരുട്ടിയും ചൂരല്‍ക്കഷായം കൊണ്ടും ധാര്‍മികതയും നന്നാക്കലും നടപ്പാക്കിയിരുന്ന പോലെ (അന്ന് അത് നന്മ തന്നെ) ഇന്ന് 'നന്നാക്കാന്‍' ശ്രമിക്കുന്നത് വിഡ്ഢിത്തമാണ്. ഇന്നത്തെ കുട്ടികളുടെ "concern'' ആയ sexuality, religion,, പ്രണയം, ജെന്‍ഡര്‍, വിശ്വാസം, അവിശ്വാസം, എതിര്‍പ്പ് ഇതിനെയൊന്നും അഡ്രസ് ചെയ്യാനുള്ള ഒരു മെറ്റീരിയലും വിദ്യാഭ്യാസത്തില്‍ എഴുതപ്പെടുന്ന കരിക്കുലങ്ങളിലോ ക്ലാസ്സ് മുറികളിലോ ഇല്ല എന്നതാണ് എന്‍റെ വിശ്വാസം.  

ഇത്തരം 'ലിബറല്‍' ചിന്താഗതികളോടെ വിദ്യാഭ്യാസത്തെ മാറ്റിയെടുക്കുന്നതില്‍ മതങ്ങള്‍ക്കും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും ഗവണ്മെന്‍റിനും ഒക്കെ എന്തു ചെയ്യാനാകും? 

മതത്തിലും, രാഷ്ട്രീയ സാംസ്കാരിക മണ്ഡലങ്ങളിലുമൊക്കെ ഒരു തരം പാട്രിയാര്‍ക്കല്‍ അധികാരഭാവം നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അത് അല്പം ബുദ്ധിമുട്ടാണ്. കാരണം മാറ്റങ്ങള്‍ കൊണ്ടു വരേണ്ട അധ്യാപക സംഘടനകളില്‍ പോലും ഈ അധികാരത്തിന്‍റെ കൈകോര്‍ക്കലുകള്‍ ഉണ്ട്. എന്‍റെ മകളുടെ സ്കൂളില്‍ ചെന്ന് പുറത്ത് അവളുമായി സംസാരിച്ചിരിക്കുമ്പോള്‍ ഒരാള്‍ അവളെ 'ഹായ് സീനാ' എന്ന് വിളിച്ചു, അവള്‍ തിരിച്ച് 'ഹായ് സിദ്ധ്' എന്നും. പിന്നീട് അതാരാണ് എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം അവളുടെ പ്രിന്‍സിപ്പാള്‍ മി. സിദ്ധാര്‍ത്ഥ് ആണെന്ന് അറിയാന്‍ കഴിഞ്ഞു (മകള്‍ പഠിച്ചത് സ്കൂള്‍ ബദല്‍ വിദ്യാഭ്യാസ ശൈലി അനുവര്‍ത്തിക്കുന്ന ജിദ്ദുകൃഷ്ണമൂര്‍ത്തി ഫൗണ്ടേഷന്‍റെ ഋഷി വാലി സ്കൂളാണ്). ഇപ്പോഴും നമ്മുടെയൊക്കെ സാമൂഹ്യ ചുറ്റുപാടുകളില്‍ ഗുരുശിഷ്യ ബന്ധം നൂറ്റാണ്ടുകള്‍ക്കപ്പുറമുള്ള ഭയഭക്തി ബഹുമാനത്തിന്‍റെ തലം വച്ചാണ് നിര്‍വചിക്കപ്പെടുന്നത്. മാറ്റത്തിന്‍റെ ശംഖൊലികള്‍ കേള്‍ക്കാന്‍ ആധുനിക സമൂഹം (ഏത് അധികാരത്തിന്‍റെ തൊങ്ങലുകള്‍ ഉണ്ടെങ്കിലും) തയ്യാറാവണം. ബഹുമാനം കാണിക്കാന്‍ 'സാറേ' എന്നു വിളിക്കുന്നതും എഴുന്നേറ്റ് മുണ്ട് അഴിച്ചിടുന്നതും വെറും പൊള്ളയായ 'കാണിക്കലുകള്‍' മാത്രമല്ലേ. ഉള്ളില്‍ ഇല്ലാത്തതിനെ ആഗ്രഹിക്കാതിരിക്കുന്നതല്ലേ നല്ലത്. മാത്രവുമല്ല സ്വാതന്ത്ര്യത്തോടെ ചോദ്യങ്ങള്‍ ചോദിക്കാനും സൗഹൃദപരമായ അന്തരീക്ഷം സൃഷ്ടിക്കാനും കുട്ടികള്‍ക്ക് സാധിക്കുമ്പോള്‍ അവര്‍ ഈ മേഖലയുടെ 'ഇര'കള്‍ എന്ന നിലയില്‍ നിന്നും 'വിഭവങ്ങള്‍' എന്ന നിലയിലേക്ക് മാറ്റപ്പെടും. പക്ഷെ, കുട്ടിയുടെ ഉള്ളിലുള്ള 'അഡള്‍റ്റ്' നെ ബഹുമാനിക്കാന്‍ ആ 'അഡള്‍റ്റ്'മായി സംവദിക്കുവാന്‍ സമൂഹം തയ്യാറാകണം. 

സൈക്കോളജിയില്‍ NLP തിയറിയുമായി ബന്ധപ്പെട്ട് 'പോസിറ്റീവ് ഇന്‍റന്‍ഷന്‍' എന്നൊരു കാര്യമുണ്ട്. അതു പറയുന്നത് ഒരു വ്യക്തി ചെയ്യുന്ന ഏതു കാര്യത്തിനും അവന് സംതൃപ്തി നല്കുന്ന ഒരു 'ഇന്‍റന്‍ഷന്‍' ഉണ്ടെന്നുള്ളതാണ്. പക്ഷെ അതിനുള്ള മാര്‍ഗ്ഗം തിരഞ്ഞെടുക്കുന്നതിലാണ് മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന്‍റെ സ്ഥാനം. ഉദാഹരണത്തിന് ഹിറ്റ്ലര്‍ ശുദ്ധമായ ആര്യവംശത്തെ സൃഷ്ടിച്ചെടുക്കുന്നതിന് (പോസിറ്റീവ് ഇന്‍റന്‍ഷന്‍) യൂദന്മാരെ കൊന്നൊടുക്കി. ഒരാള്‍ മറ്റൊരാളെ കൊന്നാലും, റേപ്പ് ചെയ്താലും അയാള്‍ക്ക് സന്തോഷം നല്കുന്ന ഒരു ഇന്‍റന്‍ഷന്‍ ഉണ്ടാകാം. പക്ഷെ മാര്‍ഗ്ഗങ്ങള്‍ തെറ്റിപ്പോകുന്നിടത്ത് മൂല്യച്യുതി സംഭവിക്കുന്നു. സ്വതന്ത്രമായ ഇടപെടലുകളിലൂടെ വ്യക്തമായ അനുഭവ സിദ്ധാന്തങ്ങളിലൂടെ നേരത്തെ സൂചിപ്പിച്ചതു പോലെ കുട്ടിക്കുള്ളിലെ 'അഡള്‍റ്റ്' നെ ബഹുമാനിച്ച് ചേര്‍ത്തുപിടിക്കുമ്പോഴാണ് മതവും രാഷ്ട്രീയവും ഗവണ്മെന്‍റും അധികാരത്തിന്‍റെ മഞ്ഞുമലകളെ അലിയിച്ചു കുട്ടിയിലേക്ക് വിദ്യയുടെ, മൂല്യത്തിന്‍റെ, നീതിബോധത്തിന്‍റെ വാഹകരാകുന്നത്. അല്ലാതെ ഓല പള്ളിക്കൂടങ്ങളിലെ മൂലയില്‍ വായിക്കപ്പെട്ടിരുന്ന 'കൊച്ചു' പുസ്തകങ്ങളിലെ രതിസുഖങ്ങളില്‍ നിന്നും പോണോഗ്രഫിയുടെ എക്സ്ട്രീം തലത്തില്‍ എത്തിനില്ക്കുന്ന വിദ്യാര്‍ത്ഥികളോട് 'ബയോളജി' പഠിപ്പിക്കുമ്പോള്‍ പേജുകള്‍ വായിച്ചു വിട്ടാല്‍ അവര്‍ പഠിപ്പ് അവസാനിപ്പിച്ച് 'പഠിപ്പിക്കാന്‍' തുടങ്ങും. 

ഇങ്ങനെ സംഘര്‍ഷഭരിതമായ ഇന്നത്തെ വിദ്യാലയങ്ങളില്‍ ശരിയായ ദിശാബോധത്തോടെ വിദ്യാഭ്യാസത്തെ നോക്കിക്കാണാന്‍ അധ്യാപകര്‍ എന്താണ് ചെയ്യേണ്ടത്?

ഞാന്‍ നേരത്തെ സൂചിപ്പിച്ചതുപോലെ അധ്യാപകര്‍ക്ക് ഒരു Introspection ആവശ്യമാണ്. തങ്ങളുടെ "potency' എന്താണെന്ന് തിരിച്ചറിഞ്ഞ് ഒരു സെല്‍ഫ് സാറ്റീസ്ഫാക്ഷന്‍റെ തലത്തില്‍ എത്തിയാല്‍ മാത്രമേ ഇന്നിന്‍റെ teaching learning process ല്‍ വിജയിക്കാന്‍ സാധിക്കൂ. കുട്ടികള്‍ക്ക് 'സെല്‍ഫ് - ഡിറക്ടഡ്' ലേണിംഗിനു വേണ്ടിയുള്ള സാധ്യതകളെ ഉള്‍ക്കൊള്ളിക്കണം. അവരുടെ ഏതു ചോദ്യങ്ങളേയും ഉള്‍ക്കൊള്ളുവാന്‍ പര്യാപ്തരാകണം. അതിനുള്ള അന്തരീക്ഷം സൃഷ്ടിക്കപ്പെടണം. കാരണം ഇന്ന് പഠിപ്പിക്കുന്ന 'ഗുരു' എന്ന വ്യവസ്ഥാപിത കാഴ്ചപ്പാടിന് സ്ഥാനമില്ല എന്ന ഒരു തിരിച്ചറിവ് ഉണ്ടാവണം. സ്വാതന്ത്ര്യത്തിന് വേണ്ടി അത്രമാത്രം കൊതിക്കുന്ന ഒരു വിദ്യാര്‍ത്ഥി സമൂഹത്തെയാണ് യൂണിഫോം ഉടുപ്പിച്ച്, ഐ.ഡി. കാര്‍ഡ് തൂക്കി ഈ നാലു ചുവരുകള്‍ക്കുള്ളില്‍ കാണുന്നത്. തങ്ങള്‍ക്ക് അറിവില്ലാത്ത കാര്യങ്ങള്‍ അറിയില്ല എന്നു പറയാനുള്ള ചങ്കൂറ്റം അധ്യാപകര്‍ക്ക് ഉണ്ടാവണം. ഇനി മൂല്യങ്ങളെക്കുറിച്ച് പറഞ്ഞാലോ അവിടെയുമുണ്ട് പ്രശ്നങ്ങള്‍.

പതിനാറുപവന്‍റെ മാല ധരിച്ച് ഗാന്ധിയെക്കുറിച്ചും 'റിയല്‍ എസ്റ്റേറ്റും, പാറമടയും' ബിസിനസ്സുള്ള അധ്യാപകന്‍ പ്രകൃതിയുടെ സന്തുലിതാവസ്ഥയെക്കുറിച്ചുമൊക്കെ പറയുന്നതില്‍ വിദ്യാര്‍ത്ഥികള്‍ക്ക് എന്ത് മൂല്യബോധം ഉണ്ടാകാനാണ്. പഠനത്തില്‍ വേണ്ടുന്ന സാഹചര്യം ഒരുക്കിക്കൊടുക്കുന്ന 'ഫെസിലിറ്റേറ്റര്‍' ആയ ഇന്നത്തെ അധ്യാപകര്‍ അതുകൊണ്ടു തന്നെ 'ഗുരു'വാകുന്നത് തങ്ങളുടെ ജീവിതംകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍പില്‍ നില്‍ക്കുമ്പോഴാണ്. 'കഥ പറച്ചില്‍' ബോധപൂര്‍വ്വം ഇല്ലാതാക്കപ്പെട്ട ചില 'കണ്‍വെന്‍ഷണലുകള്‍' പോലെ ക്ലാസ് മുറികളിലും സംഭവിക്കണം.

മാതാപിതാക്കള്‍ ഇന്ന് മിക്കവാറും നിസ്സഹായരാണ്. പേരന്‍റിംഗ് ഒരു പ്രയാസമായിത്തീര്‍ന്നിരിക്കുന്ന കാലഘട്ടമാണിപ്പോള്‍. ഇതിനെ എങ്ങനെ നോക്കിക്കാണുന്നു?

എന്‍റെ മകന്‍, അവനിപ്പോള്‍ അഞ്ചര വയസ്സുണ്ട്. He is such a brilliant boy.. എന്താണെന്നറിയുമോ, അവന് ചോദ്യങ്ങള്‍ ചോദിക്കാനുള്ള, അവന്‍റെ ആകാംക്ഷകള്‍ തൃപ്തിപ്പെടുത്താനുള്ള എല്ലാ സാഹചര്യവുമുണ്ട്. അവനെ വഴക്ക് പറയില്ല എന്നോ, അടിക്കില്ല എന്നോ അല്ല. മറിച്ച് ഒരു 'ആഹാ' മൊമെന്‍റ് അവന്‍റെ മുന്‍പില്‍ സൃഷ്ടിക്കപ്പെടുന്നു. നമ്മുടെയൊക്കെ വീടുകളിലും സ്കൂളുകളിലും ഡോണ്‍സ് (Don’ts) ഇപ്പോള്‍ ആധിപത്യം പുലര്‍ത്തുന്നു.  എന്നാല്‍ ഡൂസ് (Dos) എന്തെന്ന് പറഞ്ഞു കൊടുക്കുന്നില്ല. ഓരോ കുട്ടിയും ഓരോ Individual ആണ് എന്നുള്ളത് വിസ്മരിക്കപ്പെടുന്നു. മാതാപിതാക്കളുടെ (ചിലപ്പോള്‍ അധ്യാപകരുടെ) ഇഷ്ടങ്ങളും ആഗ്രഹങ്ങളും പ്രതിഫലിപ്പിക്കുന്ന 'കണ്ണാടി'കളാകാന്‍ കുട്ടികളെ ഉപയോഗിക്കുന്നു. എന്തു വൃത്തികെട്ട സംസ്കാരമാണിത്. അങ്ങനെ വരുമ്പോള്‍ ഒരു കുട്ടി പഠിക്കേണ്ടി വരുന്നത് മാതാപിതാക്കള്‍ക്ക് വേണ്ടിയാകുന്നു. അങ്ങനെയുണ്ടാകുന്ന പ്രഷര്‍, അതാണ് ചിലപ്പോള്‍ പരാജയ ഭീതിയില്‍ ആത്മഹത്യകളാകുന്നത്. അധ്യാപകരുടെ കാര്യത്തില്‍ പറഞ്ഞതുപോലെ കുടുംബങ്ങളിലും ഈ 'പാട്രിയാര്‍ക്കല്‍' അധികാരങ്ങളില്‍ നിന്നും പാറ്റേണല്‍ സൗഹൃദങ്ങളിലേക്ക് ഒരു മാറ്റം സംഭവിച്ചാല്‍ പേരന്‍റിംഗ് എളുപ്പമാകും. പിന്നെ ഒരു കാര്യം ചിന്തിക്കേണ്ടത് നമ്മള്‍ ഭയങ്കരമായി 'രീാുമൃശീി'െ ചെയ്യുന്നു. 'പണ്ട് ഇങ്ങനെയായിരുന്നു, അങ്ങനെയായിരുന്നു' എന്നൊക്കെ. ഇത്തരം വിലകുറഞ്ഞ താരതമ്യ പഠനങ്ങള്‍ ഇനിയെങ്കിലും നിറുത്തണം. സനാതന മൂല്യങ്ങള്‍ക്ക് മാറ്റമൊന്നുമില്ലെങ്കിലും കാഴ്ചപ്പാടുകളിലും ജീവിതരീതികളിലും, ബൗദ്ധികമായും ജീവശാസ്ത്രപരമായും വൈകാരികമായും ഇന്നത്തെ തലമുറയ്ക്ക് മാറ്റങ്ങളുണ്ട്. ആ മാറ്റങ്ങള്‍ മാതാപിതാക്കളും അധ്യാപകരും ഉള്‍ക്കൊള്ളണം.

കേരളത്തില്‍ (മറ്റിടങ്ങളിലുമൊക്കെ) ക്രൈസ്തവ സമൂഹം വിദ്യാഭ്യാസമേഖലയില്‍ കാല്‍വെയ്പ് നടത്തിയതുപോലെ മറ്റാരും നടത്തിയിട്ടില്ല എന്നത് നിസ്തര്‍ക്കമാണ്.  എന്നാല്‍ ഇന്ന് അങ്ങനെയല്ല. അതുകൊണ്ടുതന്നെ വിദ്യാഭ്യാസമേഖലയിലെ മാറ്റങ്ങള്‍ക്ക് മതാത്മക സമൂഹത്തിന് എന്ത് ചെയ്യാന്‍ പറ്റും?

വിശാലമായ കാഴ്ചപ്പാടുള്ള സമൂഹങ്ങള്‍ ഇന്ന് എന്തിനും ഏതിനും വേര്‍തിരിക്കപ്പെട്ട് നില്‍ക്കുന്ന കൊച്ചു കൊച്ചു കൂട്ടായ്മകളായി. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ വിഭാഗീയതയും വര്‍ഗ്ഗീയതയും സങ്കുചിതമായ നിലപാടുകളും മനുഷ്യനെ മതില്‍കെട്ടി തിരിച്ചിരിക്കുന്നു. ഓരോ കമ്മ്യൂണിറ്റി അവരവരുടെ സ്കൂളുകള്‍ സ്ഥാപിക്കുന്നു. അവരുടെ കുട്ടികള്‍ അവിടെത്തന്നെ പഠിക്കുവാന്‍ നിര്‍ബന്ധിതരാകുന്നു എന്നത് ഭീകരമായ അവസ്ഥയാണ്. ഒരു കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനത്തില്‍ പ്രവേശനോത്സവത്തിന് സ്വാഗതം പറഞ്ഞപ്പോള്‍ 'സരസ്വതീക്ഷേത്രമെന്ന്' സൂചിപ്പിച്ചതിനെതിരെ പ്രതികൂലമായ പ്രതികരണങ്ങള്‍ വന്നത് പുച്ഛത്തോടും ഭയത്തോടും കൂടെയാണ് ഞാന്‍ കാണുന്നത്. നിങ്ങള്‍ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ ഇന്ന് പൊതു ഇടങ്ങള്‍ വളരെ കുറവാണ്. കളിസ്ഥലങ്ങള്‍, അമ്പലപ്പറമ്പുകള്‍, പള്ളിപ്പറമ്പുകള്‍ എന്നിവയെല്ലാം പൊയ്പ്പോയിരിക്കുന്നു. ഗുജറാത്ത് കലാപത്തിന് മുന്‍പ് അവിടെയുണ്ടായിരുന്ന പൊതുസ്ഥലങ്ങള്‍ ഇല്ലാതാക്കി എന്ന് പറയപ്പെടുന്നുണ്ട്. കാരണം മനുഷ്യര്‍ തമ്മില്‍ കാണാതെ, ബന്ധപ്പെടാതെ വരുമ്പോഴാണ് ഒരുപക്ഷേ അവനെതിരെ വാളെടുക്കാന്‍ എനിക്ക് മടി വരാത്തത്. അതുകൊണ്ട് ഒരൊറ്റ ജനത, എന്ന വികാരം കൊടുക്കാന്‍ എല്ലാ മതാത്മക വിദ്യാഭ്യാസത്തിനും സാധിക്കണം. മാത്രവുമല്ല, വിദ്യാഭ്യാസമേഖലയെ ഇന്ന് കച്ചവടമേഖലയാക്കി മാറ്റിയതില്‍ ഒരു പ്രധാന പങ്ക് ഇത്തരം കമ്മ്യൂണിറ്റികള്‍ക്കുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഇത്തരം മലിനതകള്‍ക്ക് കുറെയൊക്കെ മാറ്റം സംഭവിക്കുമ്പോഴാണ്  മതാത്മകസമൂഹങ്ങളുടെ വിദ്യാഭ്യാസ നയങ്ങളുടെ അന്തസത്തയിലേക്ക് തിരിച്ചുപോകാന്‍ സാധിക്കുകയുള്ളൂ.

പ്രൊഫ. മുണ്ടശ്ശേരിയുടെ കാലഘട്ടം തുടങ്ങി പ്രൊഫ. സി. രവീന്ദ്രനാഥിന്‍റെ കാലംവരെ വിദ്യാഭ്യാസ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടായിരിക്കുന്നത് ഇടതുപക്ഷ രാഷ്ട്രീയ ഭരണകാലഘട്ടങ്ങളിലാണ്. ഇതിനെ എങ്ങനെ നോക്കിക്കാണുന്നു?

ഞാനൊരു ഇടതുപക്ഷ സഹയാത്രികനായതു കൊണ്ടല്ല, മറിച്ച് സാധാരണ ജനങ്ങളുടെ പക്ഷം നിന്നുകൊണ്ട് തങ്ങളുടെ തന്നെ നിലനില്പിന്‍റെ ഒരു ഭാഗമായി ഇതിനെ ഞാന്‍ കാണുന്നു. സി.ബി.എസ്.ഇ. പോലുള്ള പ്രൈവറ്റ് മാനേജ്മെന്‍റ് സ്കൂളുകളോടൊപ്പംതന്നെ കിടപിടിക്കാന്‍ പൊതു വിദ്യാലയങ്ങള്‍ (സാധാരണ ജനങ്ങള്‍) പ്രാപ്തമാകണം എന്ന ലക്ഷ്യത്തോടെയാണല്ലോ ഇപ്പോഴുള്ള ഹൈടെക് സംവിധാനങ്ങളൊക്കെ. (ജോലി പോകുന്നു, ഡിവിഷന്‍ പോകുന്നു എന്ന കാര്യം ഇവിടെ വിസ്മരിക്കുന്നില്ല)  കാലഘട്ടങ്ങളുടെ ആവശ്യം നിറവേറ്റപ്പെടുന്നു എന്നു മാത്രം. അതിനപ്പുറത്തേക്ക് ഇതില്‍ ഇടതുപക്ഷ സ്വാധീനം ഉണ്ടെന്നു തോന്നുന്നില്ല.

ഒരു ക്ലാസ്സിലെ ബുദ്ധിയുള്ള കുട്ടി ആര് എന്ന ചോദ്യത്തിന് 'എല്ലാ വിഷയത്തിലും ഉന്നത മാര്‍ക്ക് ലഭിച്ച ആള്‍' എന്ന ഉത്തരം ഇന്നും തുടരുന്നു. ഈയൊരവസ്ഥയ്ക്ക് മാറ്റം വരാന്‍ എന്തു ചെയ്യണം?

Theoretically അധ്യാപക സമൂഹത്തിനും അധികാരികള്‍ക്കും Multiple intelligence  എന്ന സത്യം അറിയാമെങ്കിലും പ്രായോഗിക തലത്തില്‍ അവര്‍ക്ക് approach ചെയ്യാന്‍ എളുപ്പമുള്ള മേഖലയില്‍ (പഠനം-പരീക്ഷ-മാര്‍ക്ക്) മാത്രം അവര്‍ ഒതുങ്ങി നില്ക്കുന്നു. പലതരത്തിലുള്ള ട്രെയിനിങ്ങും വര്‍ക്ഷോപ്പുകളും നല്‍കുന്നുണ്ടെങ്കിലും മറ്റ് ക്രിയേറ്റീവ് ഇന്‍റലിജന്‍സ് ഉള്ള കുട്ടികള്‍ neglect ചെയ്യപ്പെടുന്നു. അവരുടെ ഉള്ളിലെ വിഭവശേഷി ഉപയോഗിക്കപ്പെടുന്നില്ല. സ്കൂളുകളില്‍Art Education, Work experience പീരിയഡുകള്‍ നല്കി ടൈം ടേബിള്‍ ക്രമീകരിച്ചിട്ടുണ്ടെങ്കിലും അത് പഠിപ്പിക്കാന്‍ സ്പെഷ്യല്‍ അധ്യാപകരില്ല. അതുകൊണ്ട് A+ വാങ്ങുന്നവര്‍ മിടുക്കരാകും. ബാക്കിയുള്ളവര്‍ കലോല്‍സവങ്ങളില്‍ ഒതുങ്ങുന്നു. ഇതിന് മാറ്റം വരണമെങ്കില്‍ ഗവണ്‍മെന്‍റ് തലത്തില്‍ നിന്ന് നീക്കങ്ങള്‍ സംഭവിക്കണം. കാരണം നന്നായിട്ട് അഭിനയിക്കാന്‍ കഴിവുള്ളവന്‍ പഠിപ്പു കഴിഞ്ഞാല്‍ ജീവിക്കണമെങ്കില്‍ എന്തു ചെയ്യണം. Employment സാധ്യതകളെ മുന്നില്‍ക്കണ്ടുകൊണ്ട് കരിക്കുലത്തിലും അധ്യാപകരിലും മാറ്റം വരണം.

അങ്ങനെയെങ്കില്‍ Alternative Education പോലുള്ള മൂവ്മെന്‍റുകള്‍ ശക്തിപ്പെട്ടു വരുന്നതല്ലെ നല്ലത്?

അല്ല; ഒരിക്കലുമല്ല. പൊതുവിദ്യാഭ്യാസ മേഖലക്ക് പാരലല്‍ ആയിട്ട് തന്നെയാണ് അവ പോകേണ്ടത്. കാരണം Alternative Education ഒരിക്കലും പൊതു വിദ്യാഭ്യാസത്തിന് പകരമാകുന്നില്ലല്ലോ. മാത്രവുമല്ല ഇന്നത്തെ സാഹചര്യത്തില്‍ പൊതുസമൂഹത്തിലെ എല്ലാവര്‍ക്കും   Alternative Education ഒരിക്കലും Approachable അല്ല. എന്നിരുന്നാലും സമൂഹത്തിന്‍റെ ഒരു പൊതുബോധത്തിലേക്ക് ഇത്തരം വിദ്യാഭ്യാസത്തിന്‍റെ മേന്മകളെ ഉള്‍ക്കൊള്ളുന്നതും പ്രോത്സാഹിപ്പിക്കുന്നതും ഉചിതമാണ്.

ഇവിടെ പഠിച്ചിറങ്ങുന്ന വളരെ സ്കില്‍ഡ് ആയിട്ടുള്ള (അല്ലെങ്കില്‍ പോലും) യുവതീയുവാക്കള്‍ വിദേശങ്ങളിലേക്ക് ചേക്കേറുന്നു. 14 വയസ്സുവരെ വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ചുള്ള 'ഫ്രീ എജുക്കേഷന്‍' നു വേണ്ടി രാജ്യം ചെലവഴിക്കുന്ന ധനം ഒരു നാഷണല്‍ വേയ്സ്റ്റ് ആകുന്നുണ്ടോ? എന്തുകൊണ്ടാണ് ഇത്തരം മാനവശേഷി ഇവിടെ ഉപയോഗിക്കാന്‍ പറ്റാത്തത്?

വിദ്യാഭ്യാസത്തിലൂടെ യഥാര്‍ത്ഥത്തില്‍ നേടേണ്ട ഒരു പ്രധാനകാര്യം Empathy4 ആണ്. (ഇത് 9-ാമത്തെ  ഇന്‍റലിജന്‍സ് ആയി കണക്കാക്കുന്നു). ഇന്ന് എല്ലാ സ്കൂളുകളും ഭയങ്കരമായി ചാരിറ്റി പ്രോത്സാഹിപ്പിക്കുകയാണ്. വീട് പണിത് കൊടുക്കുന്നു, പുസ്തകങ്ങള്‍ കൊടുക്കുന്നു, അരി വിതരണം ചെയ്യുന്നു അങ്ങനെ പലതും. ഇതൊന്നും നല്ലതല്ല എന്നല്ല, മറിച്ച് ഇത് സമൂഹത്തിന് അത്ര ഭൂഷണമായി എനിക്ക് തോന്നുന്നില്ല. ഇവിടെ 'എംപതി' എന്നത് എംപവേര്‍മെന്‍റ് (empowerment) ആണ്. എന്തുകൊണ്ട് വീടില്ല, ഭക്ഷണമില്ല എന്ന് ചോദ്യങ്ങള്‍ ചോദിച്ച് അതിന്‍റെ കാരണങ്ങളെ യഥാര്‍ത്ഥത്തില്‍ ഇല്ലാതാക്കുന്നതിനാണ് 'എംബതി' കൊണ്ടുവരേണ്ടത്. ഈയൊരു കാര്യം പഠനകാലങ്ങളില്‍ കുട്ടിയില്‍ രൂഢമൂലമാകുമ്പോള്‍ കുടുംബത്തിന്‍റെ ബന്ധങ്ങളിലേക്ക്, സമൂഹത്തിന്‍റെ വിശാലതയിലേക്ക് തന്‍റെ തന്നെ രാജ്യത്തിന്‍റെ ധീരമായ ദേശീയ ബോധത്തിലേക്ക് അവന്‍/അവള്‍ ലയിക്കാന്‍ തുടങ്ങും.  ആഫ്രിക്കയില്‍ ജോലിചെയ്ത മഹാത്മാഗാന്ധി ഇന്‍ഡ്യയിലേക്ക് തിരിച്ചു വന്നത് Empthy യിലുടെEmpowerment  സാധ്യമാക്കുന്നതിനാണ്. ഇവിടെ മറ്റൊരു കാര്യം കൂടി പറയട്ടെ, Women Empowerment എന്നത് ഏറെക്കുറെ സാധ്യമായി നില്‍ക്കുന്ന ഇന്നത്തെ അവസ്ഥയില്‍ ഇനി വേണ്ടത് Men Empowerment  ആണ്. കാരണം ആണ്‍ മുന്നേറ്റങ്ങള്‍ ശിഥിലീകരിക്കപ്പെട്ടിരിക്കുന്നു. ഈ കാര്യങ്ങളിലെല്ലാം ശ്രദ്ധിക്കുമ്പോള്‍ വിദ്യാഭ്യാസ നയങ്ങള്‍ രാജ്യത്തിന് ഗുണകരമാകും. 

(പെട്ടെന്ന് നാലാമതൊരു കഥാപാത്രം ഞങ്ങളുടെ ഇടയിലേക്കു വന്നു. സ്വന്തമായ 'ഭൂമിയുടെ അവകാശികളിലൊന്നായ' ഒരു തേള്‍. മനു ഉടനെ അത്ര കട്ടിയില്ലാത്ത ഒരു ഡോര്‍മാറ്റ് എടുത്ത് അതിനെ സാവധാനം വേദനയേല്‍പ്പിക്കാതെ, പുറത്തേക്ക് മാറ്റുന്നു. മഴവെള്ളം വീണ ഇലകളുടെയിടയിലൂടെ അത് യാത്ര തുടര്‍ന്നു. ഒരു Empathetic response. മനുവിന് പകരം മറ്റൊരാളായിരുന്നുവെങ്കില്‍ അതിന്‍റെ 'കഥ' അവസാനിച്ചേനെ).

ഗുരുകുല വിദ്യാഭ്യാസകാലം മുതല്‍ ലോകത്തിന് മാതൃകയായി തീര്‍ന്ന ഭാരതസംസ്കാരത്തിന്‍റെ ആധുനിക വിദ്യാഭ്യാസത്തെ ഒന്ന് നിര്‍വ്വചിക്കാന്‍ പറ്റുമോ?

ഭയമില്ലാത്ത, സ്വാതന്ത്ര്യം നിറഞ്ഞ, ക്രിയാത്മകതകളെ പരിപോഷിപ്പിക്കുന്ന ഒരു സാഹചര്യം കുട്ടികള്‍ക്കുണ്ടാകണം. എന്നെ സംബന്ധിച്ചിടത്തോളം""Education is self directed learning'' ആണ്. അതു സാധ്യമാകണമെങ്കില്‍ അധ്യാപകര്‍ Profession എന്നതിനെ ഒരു Passion ആക്കണം. എന്തിന് പറയുന്നു? എന്തിന് പഠിപ്പിക്കുന്നു? എന്നതിന്‍റെ ഉത്തരം അധ്യാപകന്‍റെ ഉള്ളില്‍ തെളിയണം."whatever you resist will persist'എന്ന തത്വത്തെ മുന്‍നിറുത്തി ലഹരി, ലൈംഗികത തുടങ്ങിയ കാര്യങ്ങളില്‍ കുറേക്കൂടി വിശാലമായി ചിന്തിക്കണം. (ചിലപ്പോള്‍ ഇങ്ങനെ പറഞ്ഞാല്‍ ഞാന്‍ തല്ല് മേടിക്കും). കുട്ടികളുടെ ഉള്ളിലെ അത്ഭുതങ്ങളുടെ ചിപ്പി ഇനിയെങ്കിലും തുറക്കപ്പെടണം.

ലോകസാഹിത്യങ്ങളിലെ മനോഹരമായ ഒരു ശുഭാന്തനാടകംപോലെ അരങ്ങില്‍ നിന്നും മനസ്സ് നിറഞ്ഞ് ഞങ്ങള്‍ ഇറങ്ങി. മിത്തും, മിസ്റ്ററിയും, റിയാലിറ്റിയും ഒന്നിനൊന്ന് തകര്‍ത്താടിയ ഒരു കലയുടെ ആവിഷ്കാരം, അതായിരുന്നു രാത്രി 11.30 -ന് അവസാനിച്ച ആ സുദീര്‍ഘമായ സംഭാഷണം. 'പിന്നീടൊരിക്കല്‍ വീട്ടിലേക്കു ക്ഷണിക്കാം' എന്ന മനുവിന്‍റെ വാക്കുകള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ഞങ്ങള്‍ യാത്ര തിരിച്ചു. മഴയില്‍ കുതിര്‍ന്ന ഇരുട്ട് പുറത്തും മനു പകര്‍ന്നു തന്ന വെളിപാടുകളുടെ വെളിച്ചം അകത്തും. കുറേ ദൂരം പിന്നിട്ടപ്പോള്‍ അടയ്ക്കാന്‍ തുടങ്ങിയ ഒരു തട്ടുകടയില്‍ കട്ടന്‍കാപ്പി കുടിക്കാം എന്നു കരുതി ഇറങ്ങി. അധ്യാപനത്തില്‍ ഇതുവരെ പാലിക്കാന്‍ സാധിക്കാത്ത പുതിയ തലമുറയുടെ നിയമങ്ങളെ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. തിരിച്ച് കാറില്‍ കയറിയപ്പോള്‍ മഴവീണ്ടും ശക്തമായി. സ്റ്റാര്‍ട്ട് ചെയ്ത് ഹെഡ്ലൈറ്റ് ഇട്ടപ്പോള്‍ മുന്‍പില്‍ ഒരു വലിയ ഫ്ളക്സ് ബോര്‍ഡ്. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും A+ കിട്ടിയ വിദ്യാര്‍ത്ഥികളുടെ പേരും ഫോട്ടോയും വച്ച ഏതോ ഒരു സ്കൂളിന്‍റെ ഒന്ന്. അപമാനഭാരം കൊണ്ടും ലജ്ജകൊണ്ടും ഞാന്‍ തല കുനിച്ചു. എഫ്.എം.ല്‍ നിന്ന് 'ഉയിരിന്‍ നാഥനേ ... ഉലകിന്‍ ആദിയേ' എന്ന ഗാനം കേട്ടു തുടങ്ങിയിരിക്കുന്നു.



1. 1994 - ല്‍ ഏഷ്യാനെറ്റ് ചാനല്‍ തുടങ്ങിയതിനു ശേഷം കുട്ടികള്‍ക്കായുള്ള 'ചിറകുകള്‍' എന്ന പരിപാടിയില്‍ കഥ പറയാന്‍ വന്ന കഥാപാത്രം.
. ‘Theatre is my religion’ - Naseeruddin Shah
3. ആദിവാസി മുന്നേറ്റ സംഘത്തിലെ അംഗം
4. Theory of Multiple Intelligence - Howard Gardner 

You can share this post!

അടുത്ത രചന

മടിശ്ശീല കരുതാത്ത സഞ്ചാരത്തിന്‍റെ ഭൂപടങ്ങള്‍!

ടി.ജെ.
Related Posts